മാതാപിതാക്കള്‍ തന്റെ കുഞ്ഞിനെ തട്ടിയെടുത്ത് കടത്തിക്കൊണ്ടുപോയെന്ന എസ്എഫ്‌ഐ മുന്‍ നേതാവ് അനുപമയുടെ പരാതിയിൽ വനിതാ കമ്മീഷന്‍ കേസെടുത്തു. വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി അടിയന്തര റിപ്പോര്‍ട്ട് തേടി.
കുഞ്ഞിനെ അമ്മയുടെ അച്ഛനും അമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് എടുത്തുകൊണ്ടുപോയെന്നായിരുന്നു തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ അനുപമ പരാതി ഉന്നയിച്ചിരുന്നത്. വനിതാ കമ്മീഷന്‍റെ അടുത്ത മാസം നടക്കുന്ന സിറ്റിങ്ങില്‍ പരാതിക്കാരിയായ അനുപമയേയും ഭര്‍ത്താവ് അജിത്തിനേയും വിളിച്ചുവരുത്തുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു.
ഈ വർഷം ഏപ്രിലിൽ പൊലീസിൽ പരാതി നൽകിയിരുന്നതായി അനുപമ അറിയിച്ചിരുന്നു. എന്നാൽ ആറ് മാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. പരാതിയിൽ അനുപമയുടെ പിതാവ് ജയചന്ദ്രനടക്കം ആറുപേർക്കെതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്തത്.
സിപിഎം നേതാവായ പിതാവിന്റെ രാഷ്ട്രീയ സ്വാധീനത്താല്‍ കേസ് അന്വേഷണം തടസപ്പെടുത്തുന്നതായി അനുപമ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് പ്രസവിച്ച തന്റെ കുഞ്ഞിനെ മൂന്ന് ദിവസത്തിനു ശേഷം പിതാവ് എടുത്തുകൊണ്ടുപോയെന്നാണ് അനുപമ പരാതിപ്പെട്ടത്. ശിശുക്ഷേമ സമിതി വഴി ഈ കുട്ടിയെ ആന്ധ്രാ സ്വദേശികളായ ദമ്പതിമാർക്ക് ദത്തെടുക്കാൻ നൽകിയെന്ന് സംശയിക്കുന്നതായും അനുപമ പറഞ്ഞിരുന്നു.
അജിത്തുമായുള്ള ബന്ധം ഇഷ്ടമല്ലാത്തതിനാലാണ് മാതാപിതാക്കൾ തന്റെ കുഞ്ഞിനെ തന്നിൽ നിന്ന് മാറ്റിയതെന്നും അനുപമ പറയുന്നു.
ഹോട്ടൽ ഉടമ സരിൻ മോഹൻ ആത്മഹത്യ ചെയ്തത് സ്വകാര്യ പണമിടപാടുകാരുടെ ഭീഷണി മൂലമാണെന്ന് ഭാര്യ രാധു. കോവിഡ് മൂലമുണ്ടായ കടക്കെണിയെ തുടർന്ന് ആത്മഹത്യ ചെയ്യുന്നതായും തന്റെ മരണത്തിന് സർക്കാരാണ് ഉത്തരവാദിയെന്നും സമൂഹമാധ്യമത്തിൽ കുറിപ്പിട്ട ശേഷമാണ് കോട്ടയം കുറിച്ചി ഔട്ട്പോസ്റ്റിലെ വിനായക ഹോട്ടലിന്റെ ഉടമ സരിൻ മോഹൻ (42) ജീവനൊടുക്കിയത്.
ചൊവ്വാഴ്ച രാവിലെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ‘മരിക്കുന്നതിന്റെ തലേദിവസവും പലിശക്കാർ വന്നു ഭീഷണിപ്പെടുത്തി. മൂന്നു മാസമായി പണം അടയ്ക്കാൻ കഴിഞ്ഞില്ല. തലേന്ന് പലിശക്കാർ വീട്ടിലെത്തി 50,000 രൂപ ആവശ്യപ്പെട്ടു. അതു കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. സരിന്റെ സുഹൃത്ത് സ്വർണം പണയംവച്ച് ഉച്ചയോടെ പണം നൽകാമെന്ന് പറഞ്ഞിരുന്നു. കുറച്ച് സമയം നീട്ടി ചോദിച്ചെങ്കിലും പലിശക്കാർ സമ്മതിച്ചില്ല’– രാധു പറഞ്ഞു.
അനിത പുല്ലയലിനെ കുരുക്കി മോന്‍സന്റെ ഫോണ്‍ സംഭാഷണം പുറത്ത്. അനിതയുടെ അനിയത്തിയുടെ കല്യാണം നടത്തിയത് താനാണെന്ന് പുറത്തുവന്ന സംഭാഷണത്തില്‍ മോന്‍സന്‍ പറയുന്നു. 18ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. ഒരുമാസത്തിനകം പണം തിരികെ നല്‍കുമെന്നും അനിത പറഞ്ഞിരുന്നു. ഇത് തിരിച്ച് ചോദിച്ചതിന് പിന്നാലെയാണ് അനിത തന്നോട് പിണങ്ങിയതെന്നും മോന്‍സന്‍ പറയുന്നു. അറസ്റ്റിലാകുന്നതിന് മുന്‍പ് പരാതിക്കാരുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം
അനിതയുടെ അനിയത്തിയുടെ കല്യാണത്തിന് 18 ലക്ഷം രൂപ മുടക്കിയിരുന്നു. അന്ന് തന്റെ കൈവശം പണം ഉണ്ടായിരുന്നു. അതാണ് താന്‍ നല്‍കിയത്. തനിക്ക് ബുദ്ധിമുട്ട് വന്നപ്പോള്‍ പണം തിരികെ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് അനിത തനിക്കെതിരെ രംഗത്തുവന്നതെന്ന് മോന്‍സന്‍ പുറത്തുവന്ന സംഭാഷണത്തില്‍ പറയുന്നു.
മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി അനിത പുല്ലയിലിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വീഡിയോ കോള്‍ വഴിയാണ് ഇറ്റലിയിലുള്ള അനിതയുടെ മൊഴി രേഖപ്പെടുത്തിയത്. അനിതയുടെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോന്‍സന്റെ പല ഇടപാടും അനിത അറിഞ്ഞുകൊണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.
മോന്‍സന്റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് സുഹൃത്തായ അനിത പുല്ലയിലിന് എല്ലാമറിയാമായിരുന്നുവെന്ന് മുന്‍ ഡ്രൈവര്‍ അജി വെളിപ്പെടുത്തിയിരുന്നു. മോന്‍സന്റെ മ്യൂസിയം അനിത ഓഫീസ് ആയി ഉപയോഗിച്ചതായും വിദേശമലയാളികളായ ഉന്നതരെ മോന്‍സന് പരിചയപ്പെടുത്തിയത് അനിതയാണെന്നും അജി മൊഴി നല്‍കിയിരുന്നു. 2019 മെയ്മാസം അനിത പ്രവാസിമലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ക്കൊപ്പം മോന്‍സന്റെ വീട്ടില്‍ എത്തിയിരുന്നു. ഒരാഴ്ച കലൂരിലെ വീട്ടില്‍ താമസിച്ച അനിതയോട് അന്നത്തെ മാനേജര്‍ തട്ടിപ്പിനെക്കുറിച്ച് എല്ലാം പറഞ്ഞതായാണ് അജി വെളിപ്പെടുത്തുന്നത്.
എന്നാല്‍ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിട്ടും അനിത പുല്ലയില്‍ ഇതുവരെ എവിടെയും പരാതി നല്‍കിയിട്ടില്ല. മോന്‍സന്റെ തട്ടിപ്പ് മനസ്സിലായിട്ടും അനിത സൗഹൃദം തുടര്‍ന്നിരുന്നു. ഈ കാലയളവിലാണ് അനിത മുന്‍ ഡിജിപിയെ മ്യൂസിയത്തിന്റെ പൊലിമ വിവരിച്ച് കലൂരിലെ സന്ദര്‍ശനത്തിന് ക്ഷണിച്ചത്. ഇടുക്കിയിലെ രാജകുമാരി എസ്റ്റേറ്റില്‍ മോന്‍സന്റെ പിറന്നാള്‍ ആഘോഷത്തില്‍ അനിത സജീവമായിരുന്നു. മോന്‍സനുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷം മോന്‍സന്റെ അടുത്ത സുഹൃത്തായ ഐജി ലക്ഷണണയുമായി അനിത നടത്തിയ ചാറ്റും പുറത്ത് വന്നിരുന്നു. മോന്‍സനെ സൂക്ഷിക്കണമെന്ന് ലോക്‌നാഥ് ബഹ്‌റ തന്നോട് പറഞ്ഞിരുന്നതായും അനിത പുല്ലയില്‍ ഐജി ലക്ഷമണയോട് സംസാരിക്കുന്നുണ്ട്.
യുവതിയായ വനിതാ ഡോക്ടറെ നടുറോഡിൽ നട്ടുച്ചയ്ക്ക് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താനുള്ള പരിചിതനായ യുവാവിന്റെ ശ്രമം നാട്ടുകാർ തടഞ്ഞു. ഉദിയൻകുളങ്ങരയ്ക്കു സമീപം കോളജ് റോഡിൽ ആണ് സാക്ഷികളായവരെ നടുക്കിയ നാടകീയ സംഭവം നടന്നത്. റോഡരിൽ കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങിയ യുവതിയെ പിന്നിൽ നിന്ന് പാഞ്ഞെത്തിയ യുവാവ് എടുത്തുയർത്തി എതിർവശത്തുള്ള കടയുടെ പടിയിലേക്ക് തള്ളി വീഴ്ത്തി കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ വലിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും യുവാവ് കഴുത്തിലെ പിടിത്തം വിട്ടില്ല.
കണ്ണുകൾ തുറിച്ച് ശ്വാസം നിലച്ച് നില ഗുരുതരമായതോടെ സ്ത്രീകൾ അടക്കം കൂടുതൽ പേരെത്തി യുവതിയെ മോചിപ്പിച്ചു യുവാവിന്റെ കൈകാലുകൾ കെട്ടിയിട്ടു. ‘യുവാവ് ഗുളിക കഴിച്ചെന്നും ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്നും ’ ഇതിനിടെ യുവതി വിളിച്ച് പറയുന്നുണ്ടായിരുന്നു. പാറശാല പൊലീസെത്തി യുവാവിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. തേങ്ങാപട്ടണം സ്വദേശിയായ ഡോക്ടർ സമീപത്തെ ചികിത്സാ കേന്ദ്രത്തിൽ ജോലി ചെയ്യുകയാണ്.
യുവതിക്ക് പരിചയമുള്ള ആളാണ് അക്രമം നടത്തിയ കോട്ടുകാൽ സ്വദേശിയായ യുവാവ് എന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിന് അൽപം മുൻപ് ഇരുവരും കാറിൽ ഇരുന്ന് സംസാരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ഭിന്നതയെത്തുടർന്ന്, യുവതി കാറുമായി പോകാൻ ശ്രമിക്കവേ യുവാവ് അക്രമത്തിന് ശ്രമിച്ചെന്നാണ് സൂചന. യുവാവിന് മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തിയാണെന്നും പരാതി നൽകാൻ താൽപര്യം ഇല്ലെന്നുമാണ് യുവതിയുടെ നിലപാട്. പൊലീസ് കേസ് എടുത്തിട്ടില്ല.
അഫ്ഗാനിസ്ഥാനില്‍ (Afghanistan) വനിതാ ജൂനിയര്‍ ദേശീയ വോളിബോള്‍ ടീമിലെ താരത്തെ താലിബാന്‍ (Taliban) കഴുത്തറുത്ത് കൊന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ പേര്‍ഷ്യന്‍ ഇന്‍ഡിപ്പെന്‍ഡന്റാണ് വാർത്ത പുറത്തുവിട്ടത്. പേർഷ്യൻ ഇൻഡിപെൻഡന്റിന് നൽകിയ അഭിമുഖത്തിൽ ടീമിന്റെ പരിശീലകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മഹ്ജബിന്‍ ഹക്കീമി (Mahjabin Hakimi) എന്ന യുവതാരമാണ് താലിബാന്റെ കൊടുംക്രൂരതയ്ക്ക് ഇരയായത്. ഈ മാസം ആദ്യമായിരുന്നു സംഭവം. കൊലപാതക വിവരം പുറത്തുപറയരുതെന്ന് താരത്തിന്റെ കുടുംബത്തെ താലിബാൻ ഭീഷണിപ്പെടുത്തിയെന്നും പരിശീലകൻ വ്യക്തമാക്കി.
ഏതാനും ദിവസങ്ങൾക്ക് മുൻപ് കഴുത്തറുത്ത് കൊല്ലപ്പെട്ട മഹ്ജബിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകൻ ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.
1978-ലാണ് അഫ്ഗാനിസ്ഥാൻ ദേശീയ വനിതാ വോളിബോള്‍ ടീം (Women’s National Volleyball Team) നിലവില്‍ വന്നത്. അഷറഫ് ഗനി (Ashraf Ghani) അധികാരത്തിലിരിക്കെ കാബൂള്‍ (Kabul) മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബ്ബിലെ മികച്ച താരമായിരുന്നു മഹ്ജബിന്‍. താലിബാന്‍ അഫ്ഗാനിസ്ഥാൻ കയ്യേറിയതോടെ വോളിബോള്‍ താരങ്ങള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു എങ്കിലും രണ്ട് താരങ്ങള്‍ക്ക് മാത്രമെ രാജ്യം വിടാന്‍ സാധിച്ചിരുന്നുള്ളു. അവശേഷിച്ചിരുന്ന താരങ്ങള്‍ ഒളിവിലായിരുന്നുവെന്നും പരിശീലകന്‍ പറഞ്ഞു. താരങ്ങള്‍ ആഭ്യന്തര, വിദേശ ടൂര്‍ണമെന്റുകളില്‍ മത്സരിച്ചതും ചാനല്‍ പരിപാടികളില്‍ പങ്കെടുത്തതുമാണ് താലിബാനെ ചൊടിപ്പിച്ചതെന്നും ഇതിന് പിന്നാലെയാണ് മഹ്ജബിന്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിൽ ഭരണം പിടിച്ചതിന് ശേഷം സ്ത്രീ വിഭാഗത്തെ അടിച്ചമർത്തുകയാണ് താലിബാൻ. പൊതു ഇടങ്ങളിൽ നിന്ന് അവരെ പൂർണമായി വിലക്കുകയും, പഠിക്കാനും ജോലി ചെയ്യാനും അവർക്കുണ്ടായിരുന്ന സ്വാതന്ത്ര്യം വിലക്കുകയും ചെയ്തു. കായിക ഇനങ്ങളിൽ ഫുട്ബോൾ, ക്രിക്കറ്റ്, എന്നിങ്ങനെയുള്ള കളികളിൽ നിന്നെല്ലാം സ്ത്രീകളെ വിലക്കുകയും ചെയ്തു. ഇതിന് പുറമെ, ഐപിഎൽ സംപ്രേക്ഷണത്തിനും താലിബാൻ രാജ്യത്ത് വിലക്ക് കൊണ്ടുവന്നു. മതവിരുദ്ധമായ ഘടകങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഐപിഎൽ സംപ്രേക്ഷണത്തിന് താലിബാൻ വിലക്കേർപ്പെടുത്തിയത്. ഐപിഎല്ലിനിടെ വനിതകൾ നൃത്തം ചെയ്യുന്നതും പൊതു സ്ഥലമായ സ്റ്റേഡിയങ്ങളിൽ മുടി മറയ്ക്കുന്നില്ലെന്നത് ഉൾപ്പെടെയുള്ള മത വിരുദ്ധമായ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് താലിബാൻ ടൂർണമെന്റ് സംപ്രേക്ഷണത്തിന് വിലക്ക് കൊണ്ടുവന്നത്.
Mahjabin Hakimi, a member of the Afghan women’s national volleyball team who played in the youth age group, was slaughtered by the Taliban in Kabul. She was beheaded.
@EUinAfghanistan @unwomenafghan https://t.co/wit0XFoUaQ
— Sahraa Karimi/ صحرا كريمي (@sahraakarimi) October 19, 2021
വളര്‍ത്തുനായയെ ക്രൂരമായി ഓട്ടോറിക്ഷ കയറ്റി കൊന്നയാള്‍ അറസ്റ്റില്‍. സന്തോഷ് കുമാറിനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഈമാസം പതിമൂന്നാം തീയതി കോഴിക്കോട് നഗരത്തിനടുത്തുള്ള പറയഞ്ചേരി എന്ന സ്ഥലത്തെ ബസ് സ്റ്റോപ്പിനു പിന്നിലുള്ള വഴിയില്‍ വച്ച് രാവിലെ 9.20 ന് നായയെ ഇടിച്ചിട്ടതിന് ശേഷം ഓട്ടോറിക്ഷ ദേഹത്തൂടെ കയറ്റുകയായിരുന്നു. നായ വണ്ടിക്കടിയില്‍ നിന്ന് രക്ഷപെട്ട് ഓടിയെങ്കിലും 25 മിനിറ്റിന് ശേഷം ചത്തു.
ജാക്കി എന്ന് പേരുള്ള നായ പറയഞ്ചേരി സ്വദേശിയായ മറ്റൊരു സന്തോഷിന്റേതാണ്. ഓട്ടോറിക്ഷയേയും ഡ്രൈവര്‍ സന്തോഷ്‌കുമാറിനെയും പോലീസ് കസ്റ്റഡിയിലെടുത്തത് സിസിടിവി ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ക്രൂരതക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യു കെയിൽ നിശാ ക്ലബുകളിൽ സ്ത്രീകൾക്ക് നേരെ സിറിഞ്ച് സൂചി കൊണ്ടുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടിൽ പൊലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ. ഈ സംഭവത്തിൽ ഉടൻതന്നെ ശക്തമായ അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ഹോം അഫയേഴ്സ് കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. വളരെയധികം നിസ്സഹായയും, ദുർബലയായുമാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് നോട്ടിങ്ഹാം ക്ലബ്ബിൽ നിന്നും ഈ ദുരനുഭവം നേരിട്ട വിദ്യാർത്ഥിനി പറഞ്ഞു. നിശാ ക്ലബുകളിൽ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് ഒരു ലക്ഷത്തോളം പേർ ഒപ്പുവെച്ച പെറ്റീഷനും അധികൃതരുടെ പക്കൽ ലഭിച്ചിട്ടുണ്ട്. വളരെ ഭീതിജനകമായ സംഭവങ്ങളാണ് നടക്കുന്നതെന്നും, ശക്തമായ അന്വേഷണം വേണമെന്നും ലേബർ പാർട്ടിയും ആവശ്യപ്പെട്ടു. നിശാക്ലബുകൾ ബഹിഷ്കരിക്കാനായി മുപ്പതോളം യൂണിവേഴ്സിറ്റികളിൽ നിന്നായി നിരവധി പേർ ഓൺലൈൻ ക്യാമ്പയിനും നടത്തുന്നുണ്ട്.
യൂണിവേഴ്സിറ്റി ഓഫ് നോട്ടിങ്ഹാമിലെ വിദ്യാർത്ഥിനിയായ സാറ ബക്കിളിനു സെപ്റ്റംബർ 28 നാണ് നോട്ടിങ്ഹാമിലെ തന്നെ നിശാക്ലബ്ബിൽ നിന്നും ഈ ദുരനുഭവം സംഭവിച്ചത്. തുടർന്ന് തനിക്ക് കുറച്ചുദിവസത്തേക്ക് ശാരീരിക അസ്വസ്ഥതകളും ഉണ്ടായിരുന്നുവെന്ന് ഇവർ മാധ്യമങ്ങളോട് പറഞ്ഞു. കുറേ മണിക്കൂറുകൾ തനിക്ക് എന്താണ് സംഭവിച്ചതെന്ന് പോലും ഓർത്തെടുക്കാൻ ആകാത്ത സാഹചര്യമായിരുന്നു എന്നും അവർ പറഞ്ഞു. കൂടുതലും വിദ്യാർഥികൾക്ക് നേരെ ആണ് ഇത്തരം ആക്രമണങ്ങൾ സംഭവിക്കുന്നത്. ആക്രമണങ്ങൾ നടക്കുന്നതിൽ ആശങ്കയുണ്ടെന്ന് യൂണിവേഴ്സിറ്റി ഓഫ് നോട്ടിങ്ഹാമും അറിയിച്ചു. എഡിൻബർഗ്, ഡണ്ടീ, ഗ്ലാസ്ഗോ തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പോലീസ് വിഭാഗത്തിന്റെയും ഭാഗത്തുനിന്ന് ശക്തമായ സഹകരണം ഉണ്ടാകണമെന്ന് നാഷണൽ പോലീസ് ചീഫ്സ് കൗൺസിൽ മേധാവി സാറാ ക്രൂ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഉടൻ തന്നെ റിപ്പോർട്ട് നൽകണമെന്ന് ആഭ്യന്തരവകുപ്പും അറിയിച്ചിട്ടുണ്ട്.
ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആഡംബര കപ്പലിലെ ലഹരിക്കേസില്‍ അറസ്റ്റിലായ ആര്യന് ഇതോടെ മുംബൈ ആര്‍തര്‍റോഡ് ജയിലില്‍ ഇനിയും തുടരേണ്ടിവരും. ആര്യന് ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി.
ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടു. ആദ്യം ഒക്ടോബര്‍ നാല് വരേയും പിന്നീട് ഏഴാം തീയതിവരേയും ആര്യന്റെ കസ്റ്റഡി നീട്ടി.
ആര്യന് ഒപ്പം കേസില്‍ പ്രതികളായ ഏഴ് പേരെയും കസ്റ്റഡിയില്‍ വിട്ടിരുന്നു. ഏഴാം തീയതി വീണ്ടും ആര്യനെ എന്‍.സി.ബി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. തൊട്ടടുത്ത ദിവസം ആര്യന്‍ വീണ്ടും ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. എന്‍.സി.ബി കസ്റ്റഡിയില്‍ നിന്ന് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കാണ് ഇത്തവണ ആര്യനേയും ഒപ്പമുള്ള പ്രതികളേയും അയച്ചത്.
മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍ കഴിയുന്നത്. ജാമ്യം നിഷേധിച്ച കോടതി വിധിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ പറഞ്ഞു. കേസ് 13ന് പരിഗണിക്കാന്‍ 11ന് ലിസ്റ്റ് ചെയ്തുവെങ്കിലും ഒക്ടോബര്‍ 13ന് ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഒക്ടോബര്‍ 20ലേക്ക് മാറ്റിയിരുന്നു. ആര്യന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് എന്‍.സി.ബി സംഘം വാദിക്കുന്നത്.
ഭാര്യയുമായി വഴക്കിട്ട് യുവാവ് സ്വന്തം വീടിന് തീയിട്ടു. പിന്നാലെ ഉണ്ടായ പൊട്ടിത്തെറിയിൽ കത്തിയമർന്നത് പത്ത് വീടുകൾ. മഹാരാഷ്ട്രയിലെ സതാര ജില്ലയിലാണ് സംഭവം. യുവാവിന്റെ എടുത്തുചാട്ടം കാരണമാണ് 10 വീടുകൾ അഗ്‌നിക്കിരയായത്.
സതാരയിലെ പഠാൻ താലൂക്കിലെ മജ്‌ഗോൺ ഗ്രാമത്തിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. വീടിന് തീയിട്ട സഞ്ജയ് പാട്ടീലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഭാര്യ പല്ലവിയുമായി വഴക്കിട്ടതിന് ശേഷമാണ് സ്വന്തം വീടിന് തീയിട്ടത്.
അഗ്നിബാധയെ തുടർന്ന് വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്തു. പൊട്ടിത്തെറിയിൽ അയൽപക്കത്തെ വീടുകളിലേക്ക് തീപടർന്നു. ഗ്രാമീണർ തീയണക്കാൻ ശ്രമം നടത്തിയെങ്കിലും വീടുകൾ കത്തിയമർന്നു.
സഞ്ജയ്‌യെ തീപിടിത്തത്തിൽ നിന്ന് നാട്ടുകാർ രക്ഷിച്ചെങ്കിലും ക്രൂരമായ മർദ്ദനത്തിനിരയാക്കിയ ശേഷമാണ് പോലീസിന് കൈമാറിയത്. നിസാരപരിക്കേറ്റ പല്ലവിയെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ സഞ്ജയ്‌യെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഗാര്‍ഹിക പീഡനക്കേസില്‍ ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ മൈക്കല്‍ സ്ലേറ്ററെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തെത്തുടര്‍ന്നാണ് അറസ്‌റ്റെന്ന് വെളിപ്പെടുത്തിയ പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിഡ്‌നിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ലഹരി മരുന്നിന്റെ അടിമയായ സ്ലേറ്റര്‍ ഭാര്യയുമായി വഴക്കിട്ടതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓസ്‌ട്രേലിയയിലെ ടിവി അവതാരകയായ ജോ ആണ് ഭാര്യ. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.
ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്രതാപകാലത്ത് ദേശീയ ടീമില്‍ സ്ഥിരസാന്നിധ്യമായിരുന്നു ഓപ്പണിങ് ബാറ്ററായ സ്ലേറ്റര്‍. 1993 മുതല്‍ 2001 വരെയുള്ള കാലയളവില്‍ ഓസീസിനായി 74 ടെസ്റ്റുകളും 42 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. വിരമിച്ച ശേഷം കമന്റേറ്ററുടെ റോളില്‍ കളിക്കളങ്ങളില്‍ സജീവമായിരുന്നു.
ഈ വര്‍ഷം മെയില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണെതിരെ കടുത്ത വിമര്‍ശനവുമായി സ്ലേറ്റര്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ കൈകളില്‍ ചോരക്കറയുണ്ടെന്നായിരുന്നു സ്ലേറ്റിന്റെ പരാമര്‍ശം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയിലുള്ള ഓസ്‌ട്രേലിയക്കാര്‍ക്ക് നാട്ടില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു വിമര്‍ശനം. ആ സമയത്ത് ഐപിഎല്ലുമായി ബന്ധപ്പെട്ട് ഇന്ത്യയിലായിരുന്നു സ്ലേറ്റര്‍.