ചേർത്തല കടക്കരപ്പള്ളിയിൽ സഹോദരി ഭർത്താവിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമെന്ന് സംശയം. ഇവരുടെ സഹോദരി ഭര്‍ത്താവിനെ കാണാനില്ല. ചേര്‍ത്തലയ്ക്കടുത്ത് കടക്കരപ്പള്ളിയിലാണ് സംഭവം. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കടക്കരപ്പള്ളി പത്താം വാര്‍ഡില്‍ തളിശേരിത്തറ ഉല്ലാസിന്റെ മകള്‍ 25 വയസുള്ള ഹരികൃഷ്ണയേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വണ്ടാനം ആശുപത്രിയിലെ നഴ്‌സായിരുന്നു. സഹോദരി നീതു താമസിക്കുന്ന അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടുങ്കല്‍ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. നീതുവിന്റെ ഭര്‍ത്താവ് ഉണ്ണി എന്ന് വിളിക്കുന്ന രതീഷിനെ കാണാനില്ല.
എറണാകുളം മെഡിക്കല്‍ സെന്ററിലെ നഴ്‌സായ നീതുവിന് വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടിയായിരുന്നു. വണ്ടാനത്ത് നിന്നെത്തിയ ഹരികൃഷ്ണയുമായി രതീഷ് രാത്രി വീട്ടില്‍ എത്തിയിരുന്നുവെന്നാണ് സൂചന. രാവിലെ തങ്കി കവലയില്‍ സൈക്കിള്‍ വച്ച ശേഷം ബസിലാണ് വണ്ടാനത്തേയ്ക്ക് പോയത്. തിരികെ ഇവിടെ എത്തി സൈക്കിള്‍ എടുത്തില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരികൃഷ്ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷിനെ കാണാതാവുകയും ചെയ്തു.
കുട്ടികളെ നോക്കാനായി രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തി എന്നാണ് പ്രാഥമിക വിവരം. ഇരുവരെയും ഫോണിൽ കിട്ടാത്തതിനെ തുടർന്ന് ഹരികൃഷ്ണയുടെ വീട്ടുകാരും പോലീസും നടത്തിയ അന്വഷത്തിലാണ് മൃതദേഹം കണ്ടത്തിയത്. പട്ടണക്കാട് പോലീസ് അന്വേഷണം തുടങ്ങി.
ബലപ്രയോഗം നടന്നതായി സൂചനയുണ്ട്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി ജയദേവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേണം നടത്തി. ഫോറന്‍സിക് വിദഗ്്ധരും ഡോഗ് സ്്ക്വാഡും തെളിവുകള്‍ ശേഖരിച്ചു. മന്ത്രി പി പ്രസാദ്, മുന്‍ മന്ത്രി പി തിലോത്തമന്‍ തുടങ്ങിയവരും സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കൊല്ലം ശാസ്താംകോട്ടയില്‍ നവവധു തൂങ്ങി മരിച്ച നിലയില്‍. ശാസ്താംകോട്ട നെടിയവിള രാജേഷ് ഭവനില്‍ രാജേഷിന്റെ ഭാര്യ ധന്യാദാസ്(21) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീട്ടിന്റെ ജനലിലാണ് തൂങ്ങിയത്.
ഭര്‍തൃപീഡനമാരോപിച്ച് ധന്യയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് രാജേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു. പേരയം സ്വദേശിയാണ് ധന്യാദാസ്.
ജ്വല്ലറി ജീവനക്കാരിയായ ധന്യയും ടിപ്പര്‍ ലോറി ഡ്രൈവറായ രാജേഷുമായുള്ള വിവാഹം മൂന്ന് മാസം മുന്‍പാണ് നടന്നത്.
വിശദമായ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാലെ ആത്മഹത്യയാണോ കൊലപാതകമാണോ എന്നു പറയാന്‍ കഴിയൂ എന്ന് പോലിസ് അറിയിച്ചു.
നീലച്ചിത്ര നിർമാണക്കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തു. ഭർത്താവിന്റെ ഇത്തരം ബിസിനസിനെക്കുറിച്ച് അറിവുണ്ടായിരുന്നോ അതിൽ പങ്കുണ്ടോ എന്നാണു പ്രധാനമായും അന്വേഷിച്ചത്. ഇവരുടെ വസതിയിൽ റെയ്ഡ് നടത്തി.
ഇരുവരും ഡയറക്ടർമാരായ വിയാൻ ഇൻഡസ്ട്രീസ് ഓഫിസ് പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. കുന്ദ്രയുടെ പൊലീസ് കസ്റ്റഡി 27 വരെ നീട്ടി.
അതിനിടെ, ഈ വിഡിയോകൾ രാജ് കുന്ദ്ര അപ്‌ലോഡ് ചെയ്തിരുന്ന മൊബൈൽ ആപ്പിന് 20 ലക്ഷം ഉപയോക്താക്കൾ ഉണ്ടായിരുന്നതായി കണ്ടെത്തി. മറ്റു നീലച്ചിത്ര നിർമാതാക്കളിൽ നിന്നു വിഡിയോ വാങ്ങിയും ഇതിൽ അപ്‌ലോഡ് ചെയ്തിരുന്നു.
വാഹനാപകടത്തില്‍ മരിച്ച റമീസ് ഉപയോഗിച്ചത് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ബൈക്ക്. വ്യാഴാഴ്ചയാണ് റമീസിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്.
കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ റമീസ് അപകടത്തില്‍പ്പെട്ടത് ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റമീസിന്റെ വാഹനമിടിച്ചത് അര്‍ജുന്റെ തന്നെ കൂട്ടാളികളുടെ കാറുമായിട്ടാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ റമീസ് അമിത വേഗതയിലെത്തി കാറില്‍ ഇടിച്ചെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക മൊഴി. കാര്‍ തളാപ്പ് സ്വദേശി അശ്വിന്റെ ഉടമസ്ഥതയിലുള്ളതാണ്.
അശ്വിനും കുടുംബവുമാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. തനിക്ക് റമീസിനേയോ അര്‍ജുനേയോ പരിചയമില്ലെന്ന് അശ്വിന്‍ പറഞ്ഞു. രണ്ട് വാഹനങ്ങളും വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റമീസിന്റെ വാരിയെല്ലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് പുലര്‍ച്ചയോട് കൂടിയാണ് മരണം സംഭവിച്ചത്.
മാത്രമല്ല കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഹാജരാകാന്‍ കസ്റ്റംസ് റമീസിന് വ്യാഴാഴ്ച രേഖാമൂലം നോട്ടീസ് നല്‍കിയിരുന്നു.
രാമനാട്ടുകര വാഹനാപകടം നടന്ന ദിവസം അര്‍ജുന്‍ ആയങ്കിയുടെ കാറില്‍ റമീസുമുണ്ടായിരുന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്.
ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ട്രാൻസ്‌വുമൺ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളി ജിജുവിനേയും മരിച്ച നിലയിൽ കണ്ടെത്തി. അനന്യയുടെ സുഹൃത്തും പങ്കാളിയുമായ ജിജു ഗിരിജാ രാജിനെ കൊച്ചി പാലാരിവട്ടത്തെ സുഹൃത്തിന്റെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനന്യയുടെ മരണത്തോടെ ജിജു വലിയ മാനസിക വിഷമം നേരിട്ടിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. പോലീസിന്റെ പ്രാഥമിക നിഗമനത്തിലും മനോവിഷമമാണ് മരണത്തിന് കാരണമാണെന്നാണ് വിശദീകരിക്കുന്നത്.
കഴിഞ്ഞദിവസമാണ് അനന്യയെ കൊച്ചിയിലെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കഴുത്തിൽ കുരുക്ക് മുറുകിയുണ്ടായ പാട് ഒഴിച്ച് മറ്റ് പരിക്കുകൾ അനന്യയുടെ ദേഹത്ത് ഉണ്ടായിരുന്നില്ല. ഒരു വർഷം മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയിൽ വലിയ പിഴവുണ്ടായെന്ന് അനന്യ വെളിപ്പെടുത്തിയിരുന്നു. രക്തസ്രാവമടക്കം വലിയതോതിൽ ശാരീരിക പ്രശ്‌നങ്ങൾ നേരിടുന്നതും വെളിപ്പെടുത്തിയിരുന്നു.
അതേസമയം അനന്യയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം അനന്യയുടെ മൃതദേഹം പെരുമൺ മുണ്ടക്കൽ സെന്റ് ജോസഫ്‌സ് പള്ളിയിൽ സംസ്‌കരിച്ചു.
തിരുവനന്തപുരം സ്വദേശികളായ യുവദമ്പതികളെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നാലാഞ്ചിറ ഓൾഡ് പോസ്റ്റ് ഓഫിസ് ലെയിൻ മൈത്രിയിൽ അജയകുമാർ (34), ഭാര്യ തക്കല സ്വദേശി സുജ (30) എന്നിവരാണു ലോവർപരേൽ ഭാരത് ടെക്സ്റ്റൈൽ മിൽ ടവറിലെ ഫ്ലാറ്റിൽ മരിച്ചത്. രണ്ടു തവണ കോവിഡ് ബാധിച്ച അജയകുമാറിന് കാഴ്ച മങ്ങുകയും സുജയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും െചയ്തതിനെത്തുടർന്ന് നിരാശരായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
കഴിഞ്ഞ നവംബറിലായിരുന്നു വിവാഹം. അജയകുമാർ സോൻഡ എന്ന സ്വകാര്യസ്ഥാപനത്തിലും സുജ ബാങ്ക് ഓഫ് ഇന്ത്യയിലുമാണു ജോലി ചെയ്തിരുന്നത്. മുംബൈ നായർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഇവരുടെ മൃതദേഹങ്ങള്‍ മുംബൈയില്‍നിന്ന് വെള്ളിയാഴ്ച രാവിലെ 7.05 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്തു എത്തിക്കും. സുജയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം നോര്‍ക്കയുടെ ആംബുലന്‍സില്‍ സ്വദേശമായ കാരക്കോണത്ത് എത്തിക്കും. അജയകുമാറിന്റെ മൃതദേഹം തിരുവനന്തപുരം നാലഞ്ചിറയിലേക്കു കൊണ്ടുപോകും.
ഓണത്തിനു മകനും മരുമകളും വരാൻ കാത്തിരുന്നപ്പോൾ എത്തിയ മരണവാർത്തയുടെ ഞെട്ടലിലാണ് അജയകുമാറിന്റെ കുടുംബം. ദിവസവും ചെയ്യുന്നതുപോലെ ചൊവ്വാഴ്ച രാത്രിയും വീട്ടിലേക്കു വിളിച്ച അജയകുമാർ അച്ഛൻ മധുസൂദനൻപിള്ളയും അമ്മയുമായി സംസാരിച്ചു.
ഓണത്തിനു നാട്ടിലെത്താൻ ടിക്കറ്റ് എടുക്കുന്ന കാര്യവും പറഞ്ഞു. എന്തെങ്കിലും വിഷമമുള്ളതിന്റെ ലാഞ്ചന പോലും ഇല്ലാതിരുന്ന ആ സംസാരത്തിനു പിന്നാലെയാണ് വലിയ ഞെട്ടലായി മരണവിവരമെത്തിയതെന്നു ബന്ധുക്കൾ പറയുന്നു. റിട്ട. പിഡബ്ല്യുഡി ഉദ്യോഗസ്ഥനാണു മധുസൂദനൻ പിള്ള.
നീരവ് മോദിക്ക് ആത്മഹത്യാപ്രവണത ഉണ്ടെന്നും ഇന്ത്യയിലേക്ക് അയച്ചാല്‍ അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെ അത് ബാധിക്കുമെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. മുംബൈ ആര്‍തര്‍ ജയിലിലെ മോശം സാഹചര്യങ്ങളും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നീതിയുക്തമായ വിചാരണ ആയിരിക്കില്ല നടക്കുകയെന്നും അഭിഭാഷകര്‍ എഡ്വേര്‍ഡ് ഫിറ്റ്സ്ജെറാള്‍ഡ് വാദിച്ചു.
കോവിഡ് രോഗികളുള്ള ജയിലില്‍ എത്തിക്കുന്നത് തന്നെ മോശം കാര്യമാണ്. ജയിലില്‍ എങ്ങനെയുള്ള പരിഗണനയാണ് ലഭിക്കുന്നതെന്ന് അറിയില്ല. ഇന്ത്യയ്ക്ക് കൈമാറുന്നത് അടിച്ചമര്‍ത്തലാവുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ലണ്ടനിലെ വാന്റ്‌സ്വര്‍ത്ത് ജയിലില്‍ വിചാരണ തടവുകാരനാണ് ഇപ്പോൾ നീരവ് മോദി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജരേഖകള്‍ ചമച്ച് കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക സെസി സേവ്യറിന് കുരുക്കായത് പൊലീസിന്റെ അപ്രതീക്ഷിത നീക്കം. കോടതിയിൽ കീഴടങ്ങാനെത്തിയ സെസി സേവ്യർ വീണ്ടും മുങ്ങിയത് വിശ്വാസ വഞ്ചനക്കുറ്റം കൂടി ചേർത്ത് പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകിയതോടെയാണ്. പ്രതിക്കെതിരെ ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നോർത്ത് പൊലീസ് കേസെടുത്തിരുന്നത്. ഇത് ജാമ്യം ലഭിക്കുന്ന വകുപ്പുകളായിരുന്നു.
ഇതോടെ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രതി കോടതിയിലെത്തുകയും, നേരത്തേ നൽകിയ ജാമ്യാപേക്ഷ വേഗം പരിഗണിക്കാൻ അഭിഭാഷകൻ മുഖേന അപേക്ഷ നൽകുകയും ചെയ്തെങ്കിലും അൽപം കഴിഞ്ഞ പരിഗണിക്കാൻ മാറ്റി. ഇതിനിടെ വിശ്വാസ വഞ്ചനക്കുറ്റം കൂടി ചേർത്ത് കോടതിക്ക് പൊലീസ് റിപ്പോർട്ട് നൽകി. ജാമ്യം കിട്ടാത്തതും 7 വർഷം വരെ തടവു ലഭിക്കാവുന്നതുമായ ഈ വകുപ്പ് ഉൾപ്പെടുത്തിയതോടെ കേസ് ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ അധികാര പരിധിയിലായി.
ഇക്കാര്യം അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അബ്ദുൽ ഖാദർ കോടതിയുടെ ശ്രദ്ധയിൽപെടുത്തിയതോടെ അപേക്ഷ അവിടെ നൽകാൻ അഭിഭാഷകർക്കു നിർദേശം നൽകി. തുടർന്നു പുറത്തിറങ്ങിയ സെസി രക്ഷപ്പെടുകയായിരുന്നു. എൽഎൽബി ജയിക്കാതെ മറ്റൊരാളുടെ റോൾ നമ്പർ നൽകി 2019ൽ ബാർ അസോസിയേഷനിൽ അംഗത്വം നേടിയ സെസി, ഏപ്രിലിൽ നടന്ന ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നിർവാഹക സമിതി അംഗമായി.
പിന്നീട് ലൈബ്രേറിയനുമായി. അംഗത്വം നേടാൻ നൽകിയ രേഖകൾ, ലൈബ്രേറിയനായിരിക്കെ ഇവർ മാറ്റുകയോ നശിപ്പിക്കുകയോ ചെയ്തതായും പരാതിയുണ്ട്. ബാർ അസോസിയേഷൻ നിർവാഹക സമിതി യോഗം ചേർന്ന് ഇവരെ പുറത്താക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രതിക്കുവേണ്ടി അഡ്വ. ഫ്രാൻസിസ് മംഗലത്ത്, അഡ്വ. എസ്. ബിന്ദുരാജ് എന്നിവർ ഹാജരായി.
ആദ്യം ഉൾപ്പെടുത്തിയ വകുപ്പുകൾ കൂടാതെ ജാമ്യം ലഭിക്കാതിരിക്കാൻ പൊലീസ് അധിക വകുപ്പുകൾ ചുമത്തിയതിനാലാണ് ജാമ്യാപേക്ഷ പിൻവലിച്ച് സെസി തിരികെ പോയതെന്ന് അഭിഭാഷകരായ ഫ്രാൻസിസ് മംഗലത്തും എസ്.ബിന്ദുരാജും പറഞ്ഞു.ആദ്യ കുറ്റാരോപണ പ്രകാരം ഇന്ത്യയിലെ ഏതു കോടതിക്കും പ്രതിക്ക് ജാമ്യം നൽകാമെന്നിരിക്കെയാണ് കക്ഷി ഹാജരാകാൻ എത്തിയത്.
അധിക കുറ്റം ചുമത്തിയപ്പോൾ ജാമ്യം ലഭിക്കില്ലെന്നു സംശയിച്ച് തിരികെ പോയി. ഇനി ഹൈക്കോടതിയിലോ ജില്ലാ സെഷൻസ് കോടതിയിലോ മുൻകൂർ ജാമ്യത്തിനു ശ്രമിക്കും. പ്രതിക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകർക്കെതിരെ ബാർ അസോസിയേഷന് നടപടിയെടുക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി വിധിയുണ്ടെന്നും അവർ പറഞ്ഞു. പ്രതിക്കുവേണ്ടി ഹാജരാകുമ്പോൾ അസോസിയേഷന്റെ താൽപര്യം നോക്കേണ്ടതില്ലെന്നും പറഞ്ഞു.
അതേസനമയം, സെസി സേവ്യർ പ്രതിയായി ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ അസോസിയേഷൻ അംഗങ്ങളാരും കോടതിയിൽ ഹാജരാകരുതെന്നു നിർവാഹക സമിതി യോഗം തീരുമാനിച്ചു. ഇന്നലെ പ്രതിക്കുവേണ്ടി അംഗങ്ങളായ അഭിഭാഷകർ ഹാജരായതിനെ യോഗം അപലപിച്ചു. ഇവർക്കെതിരെ നടപടി ആലോചിക്കാൻ ഇന്നു 2.30ന് അസോസിയേഷൻ ജനറൽ ബോഡി ചേരും.
ഇടുക്കി കട്ടപ്പനയില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ 14 വയസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്ന പരിക്കാനിവിള സുരേഷിന്റെ മകള്‍ ശാലുവാണ് ജീവനൊടുക്കിയത്.
കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത ഒന്നും തോന്നിയില്ലന്ന് ബന്ധുക്കൾ പറഞ്ഞു. ഇവരുടെ ഏക മകളാണ് ശാലു. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശാലുവിനെ ബന്ധുക്കള്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
താലിബാൻ ഭീകരരും അഫ്ഗാൻ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ റോയിട്ടേഴ്സ് ഫോട്ടോജേണലിസ്റ്റും പുലിറ്റ്സര്‍ ജേതാവുമായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയായിരുന്നു. ഡാനിഷിനൊപ്പം മുതിർന്ന അഫ്ഗാൻ ഓഫീസറും കൊല്ലപ്പെട്ടിരുന്നു. കാണ്ഡഹാറിൽ വെച്ച് നടന്ന ഏറ്റുമുട്ടലിൽ മരിച്ച ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോൾ, താലിബാൻ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അഫ്ഗാന്‍ കമാന്‍ഡറായ ബിലാൽ അഹമ്മദ്.
ഇംഗ്ലീഷ് വാർത്താ ചാനലായ ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ബിലാൽ ഡാനിഷ് സിദ്ദിഖിയുടെ അന്ത്യ നിമിഷങ്ങൾ വിവരിച്ചത്. ഇന്ത്യക്കാരനാണെന്ന് വ്യക്തമായതോടെ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹത്തെ താലിബാൻ അവഹേളിച്ചെന്നാണ് ബിലാൽ അഹമ്മദ് പറയുന്നത്. ‘താലിബാൻ ഇന്ത്യക്കാരെ വെറുക്കുന്നു’ അതുകൊണ്ട് തന്നെ മൃതദേഹത്തോട് പോലും അനാദരവ് കാട്ടുകയായിരുന്നെന്നും കാമൻഡർ അഭിമുഖത്തിൽ പറഞ്ഞു. കാണ്ഡഹാര്‍ മേഖലയിലെ സ്പിന്‍ ബോല്‍ഡാക്കില്‍ വെച്ച് വെടിവെച്ചാണ് ഡാനിഷിനെയും ഒരു ഓഫീസറെയും കൊലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞതോടെ താലിബാൻ തലയിലൂടെ വാഹനം കയറ്റിയിറക്കിയെന്നും കമാൻഡർ ബിലാൽ അഹമ്മദ് പറഞ്ഞു. “ഇന്ത്യക്കാരനാണെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന്‍റെ തലയിലൂടെ വാഹനം കയറ്റിയിറക്കി. ഡാനിഷ് മരിച്ചെന്ന് അറിഞ്ഞതിന് ശേഷമായിരുന്നു അത്” അഫ്ഗാൻ കമാൻഡർ പറഞ്ഞതായി റിപ്പോർട്ട്.
ഇന്ത്യയോടും ഇന്ത്യക്കാരോടും ഉള്ള വിദ്വേഷം മൂലമാണ് താലിബാൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം വികൃതമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി താലിബാൻ രംഗത്തെത്തിയിരുന്നു. ഡാനിഷ് സിദ്ദിഖി എങ്ങനെ കൊല്ലപ്പെട്ടെന്നു അറിയില്ലെന്നും ഏറ്റുമുട്ടലിനിടെ അദ്ദേഹം അവിടെ ഉണ്ടായിരുന്നതായി അറിയില്ലായിരുന്നുവെന്നുമാണ് സംഭവത്തിന് പിന്നാലെ താലിബാൻ വക്താവ് പ്രതികരിച്ചത്.
ആരുടെ വെടിവെയ്പ്പിലാണ് ഡനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതെന്ന് അറിയില്ല. യുദ്ധമേഖലയിലെത്തുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരും തങ്ങളെ വിവരമറിയിക്കണമെന്നും അവരെ പ്രത്യേകം സംരക്ഷിക്കുമെന്നും താലിബാൻ വക്താവ് സബിയുള്ളാ മുജാഹിദ് വ്യക്തമാക്കി.
ടെലിവിഷൻ വാർത്താ ലേഖകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡാനിഷ് സിദ്ദിഖി പിന്നീട് ഫോട്ടോ ജേണലിസത്തിലേക്ക് മാറുകയായിരുന്നു. 2018 ൽ റോഹിംഗ്യൻ അഭയാർത്ഥികളുടെ പ്രതിസന്ധി കാണിച്ച ചിത്രം പകര്‍ത്തിയതിനാണ് പുലിറ്റ്‌സർ പുരസ്കാരം ഇദ്ദേഹത്തെ തേടിയെത്തിയത്. 2015ലെ നേപ്പാൾ ഭൂകമ്പം, റോഹിംഗ്യൻ അഭയാർഥികളുടെ ദുരിതം, ഡൽഹിയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം, ഇന്ത്യയിലെ കൊവിഡ് ദുരന്തം എന്നിവയുമായി ബന്ധപ്പെട്ട് സിദ്ദിഖ് പകർത്തിയ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു.