Crime

അഞ്ചലിൽ സ്വകാര്യബസ് ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കാര്‍ത്തിക ബസിന്റെ ഉടമ ഉല്ലാസാണു മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും സ്വകാര്യബസ് ഒാണേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

അഗസ്ത്യക്കോട് കാര്‍ത്തികയില്‍ ഉല്ലാസാണു മരിച്ചത്. നിർമ‍ാണം നടക്കുന്ന അഞ്ചൽ ബൈപ്പാസിലാണു കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൊബൈൽ ഫോണും വാച്ചും കത്തിക്കരിഞ്ഞ ഒരു ജോഡി ചെരുപ്പും മൃതദേഹത്തിനു സമീപത്തുനിന്നു ലഭിച്ചു. രാവിലെ നടക്കാനിറങ്ങിയവരാണു മൃതദേഹം കണ്ട് പൊലിസിനെ വിവരം അറിയിച്ചത്. സ്ഥലത്തുനിന്നു ലഭിച്ച മൊബൈൽ ഫോണ്‍ മുഖേന പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ഉല്ലാസാണെന്നു സ്ഥിരീകരിച്ചു.

അവിവാഹിതനായ ഉല്ലാസ് സഹോദരന്മാരോടൊപ്പം ചേര്‍ന്നു രണ്ടു സ്വകാര്യബസുകളും ഫാമും നടത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ ആത്മഹത്യയാണോ കൊലപാതകമാണോയെന്നു വ്യക്തമാകൂ. ലോക്ഡൗണിന്റേതായ സാമ്പത്തികപ്രശ്നങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നു. കൊല്ലത്ത് നിന്ന് വിരലടയാള വിദഗ്ധർ എത്തി മൃതദേഹം പരിശോധിച്ചു.

ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന പരിശോധനയിലാണ് കോട്ടയത്തെ ഗുണ്ടാ ക്രമത്തെ കുറിച്ച് പൊലീസിന് വ്യക്തത കൈവരുന്നത്. അക്രമം നടന്നത് അനാശാസ്യകേന്ദ്രത്തിൽ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്ഥലത്തുണ്ടായിരുന്ന അമീർ ഖാൻ, സാൻ ജോസഫ്, തിരുവനന്തപുരം സ്വദേശി ഷിനു, പൊൻകുന്നം സ്വദേശിനി ജ്യോതി എന്നിവർ സംഘം നടത്തിപ്പുകാർ ആണ് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്നുള്ള കൊട്ടേഷൻ സംഘം ആണ് അക്രമം നടത്തിയതെന്ന് പ്രാഥമിക വിലയിരുത്തലാണ് പോലീസിന് ഉള്ളത്. ജ്യോതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിരവധി പെൺകുട്ടികളുടെ ചിത്രം ലഭിച്ചിട്ടുണ്ട്. ഇടപാടുകാരുമായി ഉള്ള ചാറ്റും പൊലീസ് കണ്ടെത്തി. “പെൺകുട്ടികളുടെ ചിത്രം അയച്ച ശേഷം ഇഷ്ടമുള്ളവരെ തീരുമാനിച്ചാൽ ശരിയാക്കാം എന്ന് പറയുന്ന മറുപടിയാണ് ജ്യോതി നൽകിയത്.” നിരവധി ആളുകളുമായുള്ള ചാറ്റ് ഡിലീറ്റ് ചെയ്തതായും പൊലീസ് കണ്ടെത്തി.

സാമ്പത്തിക ഇടപാടിന്റെ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. കോട്ടയത്ത് വിവിധകേന്ദ്രങ്ങളിൽ ഇവർക്ക് താവളങ്ങൾ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. അക്രമത്തിന് ഹണിട്രാപ്പ് മായി ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ല എന്ന നിലപാടാണ് പരിക്കേറ്റ വരും രക്ഷപ്പെട്ട യുവതിയും പോലീസിനോട് പറഞ്ഞത്. അക്രമമുണ്ടായതിന് തൊട്ടുമുൻപ് സ്ഥലത്തെത്തിയ ഇന്നോവ കാർ ഉടമയെ കുറിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്. എന്നാൽ മദ്യപിച്ച് ബോധരഹിതനായ അതുകൊണ്ടാണ് സംഭവ സ്ഥലത്തിന് സമീപം കാർ പാർക്ക് ചെയ്ത് വണ്ടിയിൽ തന്നെ ഇരുന്നത് എന്നാണ് പോലീസ് പറയുന്നത്. ഇയാൾ ഹണി ട്രാപ്പിൽ ഇരയായ ആൾ ആണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ചൊവ്വാഴ്ച രാത്രി 9 മണിക്ക് ആണ് കോട്ടയം ചന്ത കവല ടിബി റോഡിലുള്ള വാടക വീട്ടിൽ അക്രമം നടന്നത്.അക്രമത്തിൽ ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫിനും അമീർ ഖാനും കാര്യമായി പരിക്കേറ്റിട്ടുണ്ട്. കാലും കയ്യും അറ്റുപോകുന്ന നിലയിലായിരുന്നു ഇവരുടെ അവസ്ഥ. എന്നിട്ടും പരാതി ഒന്നുമില്ല എന്നാണ് തുടക്കത്തിൽ ഇവർ പോലീസിനോട് പറഞ്ഞത്.

അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ശേഷവും പരാതിയില്ല എന്ന് പറഞ്ഞത് പോലീസ് ആദ്യം തന്നെ സംശയത്തോടെയാണ് കണ്ടത്. നഗരത്തിൽ പ്ലംബിംഗ് ഇലക്ട്രിക്കൽ വർക്കുകൾ ചെയ്യുന്നതിനാണ് വാടകയ്ക്ക് താമസിക്കുന്നത് എന്നാണ് യുവാക്കൾ പോലീസിന് നൽകിയ മൊഴി. ദിവസവേതനക്കാർ ആയിട്ടും ഭക്ഷണം വെക്കാനായി മാത്രം 25 കാരിയെ വീട്ടിൽ താമസിപ്പിച്ചു എന്ന മൊഴിയും പൊലീസ് വിശ്വസിച്ചിട്ടില്ല. പോലീസിന്റെ സംശയം ഇരട്ടിയാക്കുന്ന നടപടിയാണ് തുടക്കത്തിൽ തന്നെ പരാതിക്കാരിൽ നിന്നും ഉണ്ടായത്. സംഭവസ്ഥലത്തുനിന്ന് ഗർഭനിരോധന ഉറകൾ വൻതോതിൽ കണ്ടതോടെയാണ് അനാശാസ്യകേന്ദ്രം ആണെന്ന് സംശയം ഉയർന്നത്.

ക്യാമറയുടെ ട്രൈപ്പോഡ് മാത്രം സംഭവസ്ഥലത്തുനിന്ന് കിട്ടിയതോടെ ഹണിട്രാപ്പ് എന്ന സംശയവും ഉയർന്നു. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. നഗരത്തിലെ ക്രിമിനലുകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി ഇരിക്കുകയാണ്. വൈകാതെ സംഭവത്തിൽ അന്തിമമായ വ്യക്തത വരുത്താൻ ആകുമെന്ന് കോട്ടയം ഡിവൈഎസ്പി എം അനിൽകുമാർ പറഞ്ഞു.

 

കുളനടയില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. വാഹനം ഓടിച്ചിരുന്ന യുവാവിന് പരിക്കേറ്റു. തിരുവനന്തപുരം കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ സുമിത്ര പ്രവീണ്‍ ആണ് മരിച്ചത്. നെടുമങ്ങാട് തൊളിക്കോട് പുളിമൂട് എന്‍.എം മന്‍സിലില്‍ അന്‍സിലി(24)നക്കാണ് പരിക്കേറ്റത്.

വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കുളനട ടിബി ജംഗ്ഷനു സമീപമുള്ള പെട്രോള്‍ പമ്പിനു മുന്നില്‍ അപകടം നടന്നത്. ചെങ്ങന്നൂര്‍ ഭാഗത്തേക്കു പോയ ഇവരുടെ ബൈക്ക് പന്തളം ഭാഗത്തേക്കു വന്ന പിക്കപ്പ് വാനില്‍ ഇടിച്ചു കയറുകയായിരുന്നു.

വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണു മരിച്ച സുമിത്ര പ്രവീണ്‍. പരസ്പരം പ്രണയിക്കുന്ന ഇരുവരും ഒളിച്ചോടിയതാണെന്നാണു പ്രാഥമിക നിഗമനം. പരിക്കേറ്റ അന്‍സിലിനെ പന്തളം സി.എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

അമിതമായി മൊബൈല്‍ ഉപയോഗിച്ചതിന് അച്ഛന്‍ വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് ഒമ്പതാം ക്ലാസുകാരന്‍ ജീവനൊടുക്കി. കട്ടപ്പന സുവര്‍ണഗിരി കല്യാണത്തണ്ട് കറുകപ്പറമ്പില്‍ ബാബു (രവീന്ദ്രന്‍)- ശ്രീജ ദമ്പതികളുടെ മകന്‍ ഗര്‍ഷോം ആണ് മരിച്ചത്.

പതിനാല് വയസ്സായിരുന്നു. അമിതമായി മൊബൈല്‍ ഫോണില്‍ കളി തുടര്‍ന്ന ഗര്‍ഷോം മൊബൈല്‍ ഗെയിം കളിക്കാനായി കഴിഞ്ഞ ദിവസം 1500 രൂപയ്ക്ക് ഫോണ്‍ റീച്ചാര്‍ജ് ചെയ്തിരുന്നു. ഇത് അറിഞ്ഞതോടെ ചൊവ്വാഴ്ച്ച പിതാവ് ശകാരിച്ചിരുന്നു.

തുടര്‍ന്ന് ഇന്നലെ രാവിലെ ബാബുവും ശ്രീജയും ജോലിക്ക് പോയതിനു പിന്നാലെ ഗര്‍ഷോം മുറിയില്‍ കയറി കതകടച്ചിരുന്നു. അനിയത്തും വല്യമ്മയും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഏലക്കാട്ടില്‍ ജോലിക്കാരിയായ അമ്മ വിളിച്ചിട്ട് കിട്ടാതായതോടെ സമീപ വീട്ടിലെ പാസ്റ്ററെ വിളിച്ച് വിവരം അന്വേഷിച്ചു.

പാസ്റ്റര്‍ വന്നു നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ ഗര്‍ഷോമിനെ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കോവിഡ് ടെസ്റ്റിനും മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ്. സഹോദരി: ജിസിയ.

ഒരു മാസം മുൻപ് കാണാതായ കുടുംബത്തിലെ അ‍ഞ്ചുപേരെ കൃഷിയിടത്ത് കൊന്ന് കുഴിച്ചുമൂടിയ നിലയിൽ. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് നടുക്കുന്ന സംഭവം. കൃഷിയിടത്തിൽ പത്ത് അടി താഴ്ചയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 5 പേരെയും കഴുത്തുഞെരിച്ച് കൊന്ന ശേഷം കുഴി കുത്തി മൂടി എന്നാണ് നിഗമനം. മൃതദേങ്ങൾ എല്ലാം നഗ്നമാക്കിയ നിലയിലായിരുന്നു.

45 വയസുള്ള മമത ഇവരുടെ മക്കളായ 21 വയസുള്ള രൂപാലി, 14 വയസുള്ള ദിവ്യ. ഇവരുടെ ബന്ധുക്കളായ മറ്റ് രണ്ട് പെൺകുട്ടികൾ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മെയ് 13നാണ് ഇവരെ കാണാനില്ല എന്ന പരാതി പൊലീസിന് ലഭിച്ചത്. കൊല്ലപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളുമായി ബന്ധമുണ്ടായിരുന്ന സുരേന്ദ്ര രാജ്പുട് എന്ന യുവാവും ഇയാളുടെ സംഘവുമാണ് ഇവരെ െകാന്ന് കുഴിച്ചുമൂടിയതെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട കുടുംബം താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥൻ കൂടിയാണ് അറസ്റ്റിലായ യുവാവ്.

കൃഷിയിടത്തിൽ പത്തടി താഴ്ചയിൽ കുഴിയെടുത്ത്, സ്ത്രീകളുടെ മൃതദേഹങ്ങളിൽ നിന്നും വസ്ത്രങ്ങൾ മാറ്റിയ ശേഷം ഇത് കത്തിച്ചു കളഞ്ഞു. പിന്നീട് മൃതദേഹം വേഗം അഴുകാൻ ഉപ്പും യൂറിയയും വിതറിയ ശേഷം മണ്ണിട്ട് മൂടുകയായിരുന്നു. അഴുകി തുടങ്ങിയ മൃതദേഹങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിൽ ഇനിയും ആളുകളുണ്ടെന്നും െപാലീസ് വ്യക്തമാക്കുന്നു.കൊല്ലപ്പെട്ട രൂപാലിയും സുരേന്ദ്രയും തമ്മിലുള്ള പ്രണയ ബന്ധത്തിലെ പ്രശ്നങ്ങളാണ് കൂട്ടക്കൊലയിലേക്ക് വഴിവച്ചത്. സുരേന്ദ്ര മറ്റൊരു വിവാഹത്തിന് തയാറായതോടെ .യുവതി പ്രശ്നമുണ്ടാക്കിയെന്നും പൊലീസ് വ്യക്തമാക്കുന്നു. യുവതിയുടെ ഫോൺകോൾ പരിശോധിച്ചപ്പോഴാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്. ഇവരെ മാറി മാറി ചോദ്യം ചെയ്തതോടെ നടുക്കുന്ന കൊലപാതകവിവരം പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി കിരണ്‍ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ഇയാളെ വിസ്മയയുടെ നിലമേലുള്ള വീട്ടീലെത്തിച്ച് നടത്തുവാനിരുന്ന തെളിവെടുപ്പ് മാറ്റിവച്ചു.

തെളിവെടുപ്പിനായി കിരണിനെ വിസ്മയയുടെ വീട്ടില്‍ കൊണ്ടുവരുമെന്നറിഞ്ഞ് വനിതാ സംഘടനകള്‍ ചൂലുമായി വിസ്മയയുടെ വീട്ടിനു മുന്നില്‍ പ്രതിഷേധത്തിന് എത്തിയിരുന്നു. കനത്ത സുരക്ഷയും ഇവിടെ ഒരുക്കിയിരുന്നു. ഇതിനിടയിലാണ് പ്രതിയുടെ കൊവിഡ് പരിശോധനാ ഫലം വന്നത്.

ഇതോടെ നിരവധി അന്വേഷണ ഉദ്യേഗസ്ഥര്‍ക്കും നിരീക്ഷണത്തില്‍ പോകേണ്ടിവരും. അതേസമയം വിസ്മയയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. കഴിഞ്ഞ ദിവസം സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ച, വിസ്മയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് വിദ്ഗധരുടെയും ആന്തരിക രാസ പരിശോധനാ റിപ്പോര്‍ട്ടിനും വേണ്ടി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

ശുചിമുറിയിലെ ജനല്‍ക്കമ്പിയില്‍ വിസ്മയയെ തൂങ്ങി നിന്ന നിലയില്‍ കണ്ടെത്തിയത് കിരണ്‍ കുമാര്‍ മാത്രമാണ്. ജനല്‍ കമ്പിയില്‍ തൂങ്ങി നിന്ന വിസ്മയയെ ഒറ്റയ്ക്ക് കെട്ടഴിച്ച് താഴെയിറക്കി പ്രാഥമിക ശുശ്രൂശ നല്‍കിയെന്നാണ് കിരണിന്റെ മൊഴി. തൂങ്ങി നിന്ന വിസ്മയയെ കെട്ടഴിച്ച് താഴെ ഇറക്കിയതിന് ശേഷമാണ് തന്റെ മാതാപിതാക്കള്‍ എത്തിയതെന്നും കിരണ്‍ പറയുന്നു.

വിസ്മയ തൂങ്ങി മരിച്ചതാണെന്ന നിലപാടില്‍ തന്നെയാണ് കിരണ്‍. വിസ്മയ ജനല്‍ കമ്പിയില്‍ തൂങ്ങി നിന്നു വെന്നു കിരണ്‍ പറഞ്ഞ ശുചിമുറിയില്‍ വിസ്മയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ചീഫ് ഫൊറന്‍സിക് ഡയറക്ടര്‍ ഡോ ശശികലയും ഡോ സീനയും റൂറല്‍ എസ്പി കെ ബി രവിയും പരിശോധന നടത്തി.

കിരണിന്റെ വീട്ടില്‍ നടത്തിയ പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട് ചീഫ് ഫൊറന്‍സിക് ഡയറക്ടര്‍ അന്വേഷണസംഘത്തിനു കൈമാറും. ഇതിനുശേഷം മാത്രമേ ദുരൂഹമരണം സംബന്ധിച്ച് അന്തിമ വിലയിരുത്തലിലേക്ക് അന്വേഷണസംഘം എത്തൂ. കിരണിന്റെ മാതാപിതാക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

വിധവയായ മരുമകളെ ചങ്ങലയില്‍ കെട്ടി തെരുവിലിട്ട് മര്‍ദിച്ച് അറുപത്തി നാലുകാരന്‍. ബിജ്‌നോരിലെ ഹാല്‍ദൂരിലുള്ള ബ്രജേഷ് എന്ന അറുപത്തി നാലുകാരനാണ് വിധവയായ മരുമകളെ ചങ്ങലയില്‍ കെട്ടി തെരുവിലിട്ട് മര്‍ദിച്ചത്. ഇയാള്‍ മരുമകളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ചങ്ങലയില്‍ ബന്ധിച്ച യുവതിയെ തെരുവിലിട്ടു മര്‍ദിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ഇവരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വൃദ്ധന്‍ യുവതിയെ ആക്രമിക്കുമ്പോള്‍ തെരുവിലെ ആരും ഇടപെടാതിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

വീഡിയോ വൈറലായതോടെ ഇത് ശ്രദ്ധയില്‍പെട്ട പോലീസ് സ്വയം നടപടി എടുക്കുകയായിരുന്നു. യുവതിയെയും വൃദ്ധനെയും തിരിച്ചറിഞ്ഞ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്വത്തു തര്‍ക്കമാണ് അക്രമത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കുടുംബ സ്വത്ത് ഭാഗം വയ്ക്കുന്നതു സംബന്ധിച്ച ഭിന്നതയില്‍ ഇരുവരും തമ്മില്‍ തര്‍ക്കത്തിലെത്തുകയായിരുന്നു.

 

ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ തീകൊളുത്തി യാത്രക്കാരന്‍ ആത്മഹത്യ ചെയ്തു.ചെന്നൈ കോയമ്പേട് ഫ്ലൈ ഓവറില്‍ ഇന്ന‌ു രാവിലെയാണു ജനത്തെ പരിഭ്രാന്തരാക്കി അജ്ഞാതന്‍ മരിച്ചത്. ഹണ്‍ട്രഡ് ഫീറ്റ് റോഡിലേക്കുള്ള യാത്രക്കിടെ ഫ്ലൈ ഓവറിലെത്തിയപ്പോള്‍ യാത്രക്കാരന്‍ പിന്‍ ഡോറുകള്‍ ലോക്ക് ചെയ്തതിനു ശേഷം തീകൊളുത്തിയെന്നാണു പ്രാഥമിക നിഗമനം.പൊള്ളലേറ്റതോടെ ഡ്രൈവര്‍ ചാടി രക്ഷപെട്ടു.പൂര്‍ണമായി കത്തിയമര്‍ന്ന കാറിലെ യാത്രക്കാരനെ തിരിച്ചറിഞ്ഞില്ല.കാറിന് തീപിടിച്ചതോടെ ഫ്ലൈ ഓവറില്‍ അരമണിക്കൂറിലേറെ സമയം ഗതാഗതം തടസപെട്ടു.

കല്ലുവാതുക്കലില്‍ അമ്മ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസില്‍ അമ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. സൈബര്‍ സെല്ലുവഴി പോലീസ് ഫേസ്ബുക്കിനെ സമീപിച്ചു. എന്നാല്‍ ഫേസ്ബുക്കിന്റെ സേവനം ലഭിക്കാന്‍ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നാണു വിവരം.

അനന്ദു എന്ന പേരിലെ ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് രേഷ്മയ്ക്ക് മെസേജുകള്‍ എത്തിയിരുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്ത് പറഞ്ഞതു പ്രകാരമാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്ന രേഷ്മയുടെ മൊഴിയാണ് അന്വേഷണത്തിന് ആധാരം.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ഇത്തിക്കരയാറില്‍ ചാടി ആത്മഹത്യ ചെയ്ത യുവതികളില്‍ ഒരാള്‍ വ്യാജ ഐഡിയിലൂടെ രേഷ്മയെ കബളിപ്പിക്കാന്‍ ശ്രമിച്ചോയെന്നും പാരിപ്പള്ളി പോലീസ് അന്വേഷിക്കുന്നുണ്ട്. മരിച്ച ആര്യയുടെയും ഗ്രീഷ്മയുടെയും ഫോണ്‍ കോളുകളും ഫേസ്ബുക്ക് അക്കൗണ്ടും വിശദമായി പരിശോധിക്കും.

കാറിനുള്ളിൽ വെച്ച് പെൺകുട്ടിയെ ക്രൂരമായി യുവാവ് മർദിച്ചതായി പരാതി. നാട്ടുകാർ കാർ തടഞ്ഞാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ മുൻ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗത്തിന്റെ മകനും പാറ്റൂർ സ്വദേശിയുമായ അശോകിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.

മദ്യപിച്ച് അർധബോധാവസ്ഥയിലായിരുന്നു യുവാവ്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പിഎംജി ലോ കോളജ് ജംക്‌ഷനിലായിരുന്നു സംഭവം. കാറിനുള്ളിൽ നിന്നു പെൺകുട്ടിയുടെ നിലവിളി കേട്ടതോടെയാണ് നാട്ടുകാർ ശ്രദ്ധിച്ചത്. ജനറൽ ആശുപത്രിയിലേക്കുള്ള റോഡിലേക്ക് തിരിയുന്നതിനിടെ സ്കൂട്ടർ കുറുകെ നിർത്തി നാട്ടുകാരിലൊരാൾ കാർ തടഞ്ഞു.

കാർ നിർത്തിയതിന് ശേഷം യുവാവ് പെൺകുട്ടിയെ കാറിൽ നിന്നിറക്കി നാട്ടുകാരുടെ മുന്നിൽ വെച്ച് വീണ്ടും മർദിച്ചു. ഇതോടെ നാട്ടുകാരും യുവാവും തമ്മിലായി വാക്കേറ്റമായി. അഡ്വേക്കറ്റാണെന്നും മുൻ മന്ത്രിയുടെ സ്റ്റാഫിന്റെ മകനാണെന്നും ആക്രോശിച്ചശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു.

ഈ സമയം സ്കൂട്ടറിലെത്തിയ രണ്ടു യുവതികൾ സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. പൊലീസെത്തി യുവാവിനെയും പെൺകുട്ടിയെയും സ്റ്റേഷനിലേക്ക് മാറ്റി. ഐടി മേഖലയിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും. ഇവർ സുഹൃത്തുക്കളാണ്. ഇരുവരെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കി. പൊതു സ്ഥലത്തു ബഹളമുണ്ടാക്കൽ, സ്ത്രീകൾക്ക് മർദനം, മദ്യപിച്ചു വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം യുവാവിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved