കണ്ണൂര്‍ കേളകത്ത് ഒരുവയസുള്ള കുഞ്ഞിന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. കണിച്ചാര്‍ ചെങ്ങോം കോളനിയില്‍ താമസിക്കുന്ന യുവതിയുടെ ഒരു വയസുള്ള പെണ്‍കുഞ്ഞിനെയാണ് രണ്ടാനച്ഛനായ രതീഷ് മര്‍ദിച്ചത്. തലയ്ക്കും മുഖത്തും പരിക്കേറ്റ കുഞ്ഞിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മനുഷ്യാവകാശ കമീഷനും ഇടപെട്ടു. വിശദമായ അന്വേഷണം നടത്താന്‍ കമീഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
ശനിയാഴ്ച വൈകീട്ടാണ് സംഭവം. കുട്ടിയെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് വിവരം പുറത്ത് അറിഞ്ഞത്.
ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ടിക്‌ടോക് താരം അറസ്റ്റില്‍. വടക്കാഞ്ചേരി കുമ്ബളങ്ങാട്ട് പള്ളിയത്ത് പറമ്ബില്‍ വിഘ്നേഷ് കൃഷ്ണ (19) ആണ് പോലീസ് പിടിയിലായത്.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നു യുവാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് നിന്ന് വിഘ്‌നേഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
എസ്‌ഐ ഉദയകുമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ടിക് ടോക്കില്‍ നിറഞ്ഞുനിന്നിരുന്ന പ്രതി ഇന്‍സ്റ്റാഗ്രാം റീലുകളിലും സജീവമായിരുന്നു. അറസ്റ്റ് ചെയ്‌ത പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ച മാര്‍ട്ടിന്‍ ജോസഫ് പിടിയില്‍. തൃശൂര്‍ കിരാലൂരിലെ ഒളിത്താവളത്തില്‍ നിന്ന് നാടകീയമായാണ് പൊലീസ് പിടികൂടിയത്. വിജനമായ പറമ്പുകളും പാടങ്ങളും കടന്ന് ഒളിച്ചോടിയ മാര്‍ട്ടിനെ കുടുക്കിയത് പൊലീസിന്റെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന കൂടിയായിരുന്നു. മാര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ഫ്ളാറ്റ് പീഢനക്കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് സ്വന്തം നാടായ തൃശൂരില്‍തന്നെയുണ്ടെന്ന് കൊച്ചി, തൃശൂര്‍ പൊലീസ് സംഘങ്ങള്‍ക്കു വിവരം കിട്ടിയിരുന്നു. ഇതു തിരിച്ചറിഞ്ഞ ഉടനെ, പൊലീസ് സംഘം ആദ്യം ചെയ്തത് മാര്‍ട്ടിന്റെ ഒളിയിടം കണ്ടെത്താന്‍ ഡ്രോണ്‍ പറത്തി പരിശോധന നടത്തലായിരുന്നു. സ്വന്തം വീട്ടിലോ ബന്ധുവീട്ടിലോ മാര്‍ട്ടിനെ കണ്ടവരില്ല. അതേസമയം, നാടിന്റെ ചില വിജനമായ ഇടങ്ങളില്‍ മാര്‍ട്ടിന്റെ സാന്നിധ്യം കണ്ടു. ഇതിനിടെ, മാര്‍ട്ടിന്‍ ഉപയോഗിച്ച ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പിന്‍തുടര്‍ന്നു. അതിരാവിലെ തുടങ്ങിയ തിരച്ചില്‍ രാത്രിയും തുടര്‍ന്നു.
ഇടവേളകള്‍ ഇല്ലാതെ പൊലീസ് നടത്തിയ പരിശോധന അവസാനം വിജയം കണ്ടത് രാത്രി എട്ടരയോടെയായിരുന്നു. കിരാലൂരിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തെ പൊന്തക്കാടുകള്‍ നിറഞ്ഞ പ്രദേശത്ത് മാര്‍ട്ടിനെ കണ്ടു. പിന്നാലെ, പൊലീസും നാട്ടുകാരും ഓടി. മാര്‍ട്ടിനാകട്ടെ ഓട്ടം നിര്‍ത്തിയില്ല. ഇതിനിടെ, നാട്ടുകാരും പൊലീസും എതിര്‍ വശത്ത് കൂടെ എത്തി. ചുറ്റുപാടും വളഞ്ഞെന്ന് മനസിലായതോടെ മാര്‍ട്ടിന്റെ ഓട്ടത്തിന് വേഗം കുറഞ്ഞു.
പിന്നാലെ, പൊലീസിന്റെ പിടിവീണു. പ്രതിയെ പിടിച്ച ഉടനെ നാട്ടുകാരാകട്ടെ കയ്യേറ്റം ചെയ്യാന്‍ തുനിഞ്ഞു. പെണ്‍കുട്ടിയെ ക്രൂരമായി പീഢിപ്പിച്ചതിലുള്ള നൊമ്പരമായിരുന്നു നാട്ടുകാരുടെ മനസില്‍. പൊലീസ് സമയോചിതമായി ഇടപ്പെട്ട് പ്രതിയെ വേഗം ജീപ്പില്‍ കയറ്റി നേരെ മെഡിക്കല്‍ കോളജ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. പ്രതിയെ പിടികൂടിയതിന്റെ നാടകീയത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വയനാടിനെ നടുക്കി മുഖംമൂടി സംഘത്തിന്റെ ആക്രമണം. അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ കുത്തേറ്റ് മരിച്ചു. പനമരം നെല്ലിയമ്പം കവാടത്ത് പത്മാലയത്തില്‍ കേശവന്‍ മാസ്റ്റര്‍, ഭാര്യ പത്മാവതി എന്നിവരാണ് അജ്ഞാത സംഘത്തിന്റെ മുഖംമൂടി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കേശവന്‍ മാസ്റ്റര്‍ സംഭവ സ്ഥലത്തും പത്മാവതി ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
റോഡില്‍ നിന്നും മാറി വിജനമായൊരു പ്രദേശത്തായിരുന്നു ഇവരുടെ വീട്. മുകള്‍ നിലയിലൂടെയാണ് പ്രതികള്‍ വീട്ടിലേക്ക് പ്രവേശിച്ചത് എന്നാണ് സൂചന. മുകള്‍ നിലയിലൂടെ വീട്ടിലേക്ക് പ്രവേശിച്ച് ഇരുട്ടാകുന്നത് വരെ വീടിന്റെ മുകളിലത്തെ നിലയില്‍ തന്നെ ഒളിച്ചിരിക്കുകയായിരുന്നു. രാത്രിയായതോടെ താഴെയിറങ്ങി ഇരുവരെയും അക്രമിക്കുകയായിരുന്നു. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. മോഷണ ശ്രമമാണെന്നാണ് സൂചന. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഘം ദമ്പതികളെ ആക്രമിച്ചത്. കേശവന്‍ നായര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചെങ്കിലും പത്മാവതി ഇന്ന് രാവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ശബ്ദം കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും സംഘം ഓടി രക്ഷിപ്പെട്ടിരുന്നു. നാട്ടുകാര്‍ തന്നെയാണ് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. കൊലപാതകികളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. എന്നാല്‍ പ്രതികളെ നേരിട്ട് കണ്ട ഇരുവരും മരണപ്പെട്ടതോടെ അന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്. അഞ്ചുകുന്ന് സ്‌കൂളിലെ കായികാധ്യാപകനായിരുന്നു മരണപ്പെട്ട കേശവന്‍ മാസ്റ്റര്‍.
മരണപ്പെട്ട ദമ്പതികളുടെ ബന്ധുവും അയല്‍വാസിയും പൊലീസുകാരനുമായ അജിത് എന്നയാളാണ് കരച്ചില്‍ കേട്ട് വീട്ടിലേക്ക് ആദ്യം ഓടിയെത്തിയത്. എന്നാല്‍ ഇയാള്‍ എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. ഈ സമയത്ത് കേശവന്‍ മാസ്റ്റര്‍ മരണപ്പെടുകയും ചെയ്തിരുന്നു. പിന്നീട് പത്മാവതിയമ്മ ഇയാളോട് പറഞ്ഞത് രണ്ട് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത് എന്നാണ്.
കേശവന്‍ മാസ്റ്റര്‍ക്ക് നെഞ്ചിനും വയറിലുമാണ് കുത്തേറ്റത്. പത്മാവതിക്ക് നെഞ്ചിനും കഴുത്തിനുമിടയിലാണ് ആഴത്തില്‍ കുത്തേറ്റിട്ടുള്ളത്. ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ ഇരുവരും രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത് എന്ന് അജിത് പറയുന്നു. ഇത് മാത്രമാണ് അക്രമികളെ കുറിച്ചുള്ള ഏക വിവരം. പിന്നീട് പത്മാവതിയമ്മ പറഞ്ഞ കാര്യങ്ങളെല്ലാം അവ്യക്തമായിരുന്നു എന്നാണ് അജിത് പറയുന്നത്.
ഇരുനില വീട്ടില്‍ വൃദ്ധ ദമ്പതികള്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ആളൊഴിഞ്ഞ വിജനമായൊരു പ്രദേശത്താണ് വീട്. മൂന്ന് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. ഇതില്‍ മഹേഷ് എന്ന മകന്‍ മാനന്തവാടിയിലും മുരളി എന്ന മകന്‍ കോഴിക്കോടും ഏക മകള്‍ മിനിജ ഭര്‍ത്താവിന്റെ വീട്ടിലുമാണ് താമസം. മോഷണ ശ്രമമാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത് എങ്കിലും വീട്ടില്‍ നിന്നും വിലപിടിപ്പുള്ളതൊന്നും കാണാതായിട്ടില്ല എന്നതും ദുരൂഹതയുണര്‍ത്തുന്നു.
കാനഡയിൽ ബസ് കയറ്റി ഒരു കുടുംബത്തിലെ നാലു പേരെ വധിച്ചെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. സൽമാൻ അഫ്സലും കുടുംബവുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത് 20–കാരനായ കാഡഡ സ്വദേശിയായ യുവാവാണ്. കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണം കടുത്ത വംശീയതയെന്നാണ് കണ്ടെത്തൽ. പിടികൂടുന്ന സമയത്ത് കയ്യിൽ സ്വസ്തിക അടയാളം പച്ചകുത്തിയിരുന്ന ഇയാൾ പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പാകിസ്താനിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ മുസ്‍ലിം കുടുംബത്തിന് നേരെയാണ് അതിക്രൂരമായ ആക്രമണം നടത്തിയത്. 46–കാരനായ സൽമാൻ അഫ്സൽ, ഭാര്യ 44–കാരിയായ മദിഹ, 15–കാരി മകൾ യമുന, 74–കാരിയായ അഫ്സലിന്റെ അമ്മ എന്നിവരാണ് മരിച്ചത്. അഫ്സലിന്റെ മകൻ ഫായെസ് പരുക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലാണ്.
നതാനിയൽ വെൾട്ട്മാൻ എന്ന ഒൻടാറിയോ സ്വദേശിയാണ് അറസ്റ്റിലായത്. നാലു പേര്‍ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുയും ചെയ്ത കുറ്റത്തിനാണ് അറസ്റ്റ്. ഇരകളുടെ മതവിശ്വാസമാണ് പകയ്ക്ക് കാരണമെന്നാണ് അന്വേഷണസംഘം പറയുന്നത്.
പകയും വിദ്വേഷവും കാരണം ഉണ്ടായ ഭീകരാക്രമണമാണിതെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൽ ട്രൂഡോ പറഞ്ഞത്. വംശീയതയും വിദ്വേഷവും നമ്മുടെ രാജ്യത്ത് നിലനിൽക്കില്ലെന്ന് കരുതുന്നവരോട് പറയാനുള്ളത് ഇതാണ്: ആശുപത്രിയിൽ കഴിയുന്ന ആ കുട്ടിയോട് ഈ ക്രൂരതയെക്കുറിച്ച് എങ്ങനെ വിവരിക്കും? അവരുടെ കുടുംബങ്ങളുടെ കണ്ണിൽ നോക്കി നമുക്ക് പറയാനാകുമോ ഇവിടെ ഇസ്ലാം വിരുദ്ധത എന്നത് വാസ്തവവിരുദ്ധമാണെന്ന്…? ട്രൂഡോ ചോദിക്കുന്നു.
കൊലയാളിയായ വെൾട്മാൻ വാഹനം ഇടിച്ച ശേഷം പുറത്തേക്കിറങ്ങിയത് അതി സന്തോഷവാനായാണ്. പൊലീസിനെ വിളിക്കാൻ അയാൾ തന്നെയാണ് അവിടെയുള്ളവരോട് ആവശ്യപ്പെട്ടത്. പൊലീസെത്തി അയാളെ വാഹനത്തിൽ നിന്ന് പുറത്തിറക്കിയപ്പോൾ അയാൾ പൊട്ടിച്ചിരിക്കുകയായിരുന്നു. ദൃക്സാക്ഷിയായ ടാക്സി ഡ്രൈവർ പറയുന്നു.
കൊച്ചിയിലെ ഫ്‌ളാറ്റ് പീഡനക്കേസിൽ പ്രതി മാർട്ടിൻ ജോസഫ് പൊലീസ് പിടിയിലായി. തൃശൂർ മുണ്ടൂരിനടുത്തുള്ള പ്രദേശത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രദേശ വാസികളുടെ അടക്കം സഹായത്തോടെയാണ് ഒളിവിൽ കഴിയുകയായിരുന്ന മാർട്ടിൻ ജോസഫിനെ കണ്ടെത്തിയത്.
മുണ്ടൂരിൽ നിന്ന് കഴിഞ്ഞ ദിവസം മാർട്ടിൻ ജോസഫിന്റെ സുഹൃത്തിനെ പൊലീസ് പിടികൂടിയിരുന്നു. ആ സമയത്ത് മാർട്ടിനും ഇതേ പരിസരത്തുണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുണ്ടൂർ മേഖല കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.
കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ലാറ്റിൽ വച്ച് കണ്ണൂർ സ്വദേശിനിയായ യുവതിക്കാണ് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗൺ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാർട്ടിനൊപ്പം യുവതി താമസിക്കാൻ തുടങ്ങിയത്. മാർട്ടിൻറെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിലായിരുന്നു താമസം.കഴിഞ്ഞ ഫെബ്രുവരി മുതൽ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി ല്ലപീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
കൊല്ലത്ത്, കാമുകന്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ കാരണം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത് കൊണ്ടാണെന്ന് പോലീസ്. കൊല്ലം ഇടമുളയ്ക്കല്‍ തുമ്പിക്കുന്നില്‍ ഷാന്‍ മന്‍സിലില്‍ ആതിര (28) ആണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന കാമുകന്‍ ഷാനവാസ് ചൊവ്വാഴ്ച വൈകിട്ടാണ് ആര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.
കൊല്ലപ്പെട്ട ആതിര ഇന്‍സ്റ്റഗ്രാമില്‍ അടിക്കടി വീഡിയോ ഷെയര്‍ ചെയ്തിരുന്നു. കാമുകനായ ഷാനവാസിന് ഇതില്‍ എതിര്‍പ്പുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഷാനവാസ് ആതിരയെ തീ കൊളുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
ഗുരുതരമായി പരുക്കേറ്റ ആതിര തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ആതിരയെ തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തിയ ഷാനവാസിന് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഷാനവാസും ചികിത്സയിലാണ്.
ആദ്യ വിവാഹബന്ധം ഉപേക്ഷിച്ച ശേഷം ആതിരയും ഷാനവാസും കഴിഞ്ഞ രണ്ടുവര്‍ഷമായി ഒന്നിച്ച് കഴിയുകയായിരുന്നു. നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. ആറുമാസം പ്രായമുള്ള കുഞ്ഞും ഇവര്‍ക്കുണ്ട്. രണ്ട് പേര്‍ക്കും ആദ്യവിവാഹത്തില്‍ രണ്ട് കുട്ടികളുമുണ്ട്.
പിറന്നാള്‍ വലിയ രീതിയില്‍ ആഘോഷിക്കാന്‍ തയ്യാറാകാത്തതിന്റെ പേരിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് ഡി.എം.കെ. നേതാവിന്റെ ഭാര്യ ജീവനൊടുക്കി.ഡി.എം.കെ. വക്താവ് തമിഴന്‍ പ്രസന്നയുടെ ഭാര്യ നാദിയയെ(35)യാണ് ജീവനൊടുക്കിയത്. വീട്ടിനുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ചയായിരുന്നു നാദിയയുടെ പിറന്നാള്‍. വലിയ ആഘോഷം നടത്തണമെന്നായിരുന്നു നാദിയയുടെ ആവശ്യമെങ്കിലും പ്രസന്ന അത് നിഷേധിക്കുകയായിരുന്നു. കോവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ വലിയ ആഘോഷം വേണ്ടെന്നായിരുന്നു പ്രസന്നയുടെ നിലപാട്. അടുത്ത വര്‍ഷം വലിയ രീതിയില്‍ ആഘോഷിക്കാമെന്ന് പറഞ്ഞെങ്കിലും നാദിയ അംഗീകരിച്ചില്ല.
തിങ്കളാഴ്ച രാത്രി ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പിന്നീട് മുറിയില്‍ കയറി നാദിയ വാതിലടച്ചു. ചൊവ്വാഴ്ച രാവിലെയായിട്ടും നാദിയയെ പുറത്തേക്ക് കണ്ടില്ല. ഇതോടെ വാതില്‍പൊളിച്ച് ഉള്ളില്‍ കയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം നാദിയയുടെ അച്ഛന്‍ രവിയുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത കൊടുങ്ങയ്യൂര്‍ പോലീസ് പ്രസന്നയെ ചോദ്യം ചെയ്തു. പ്രസന്ന പറഞ്ഞത് തന്നെയാണോ മരണ കാരണം എന്നാണ് പോലീസ് അന്വേഷിക്കുന്നത്. പ്രസന്ന പറയുന്ന കാരണം നുണയാണെന്നാണ് നാദിയയുടെ അച്ഛന്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ബെംഗളൂരു 25 ലക്ഷം രൂപ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ പത്തു വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ശികാരിപാളയ നിവാസി മുഹമ്മദ് അബ്ബാസിന്റെ മകൻ ആസിഫ് ആലം ആണ് കൊല്ലപ്പെട്ടത്. ഈ മാസം മൂന്നാം തീയതി ആണ് ആസിഫ്നെ ഹെബ്ബഗോ ഡിയിൽ നിന്നും കാണാതായത്. ആസിഫ് തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്നും 25 ലക്ഷം രൂപ മോചനദ്രവ്യം നൽകണമെന്നും ആവശ്യപ്പെട്ട് പിതാവ് മുഹമ്മദ് അബ്ബാസിന് അജ്ഞാതരുടെ ഫോൺ വിളി എത്തുന്നത്. ഇതേ തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം ബെംഗളൂരു ജിഗിനിയിലെ വിജനമായ സ്ഥലത്താണ് കണ്ടെത്തിയത്.പിടിക്കപ്പെടുമെന്ന് ഭയത്തിലാണ് കുട്ടിയെ കൊലപ്പെടുത്തി പ്രതികൾ കടന്നുകളഞ്ഞത് എന്ന് പോലീസ്.
കുട്ടിയുടെ സുഹൃത്ത് നൽകിയ സൂചനയെ തുടർന്ന് ചത്തീസ്ഗഡിൽ നിന്ന് മുഹമ്മദ് നൗഷാദ്, സിറാജ് എന്നീ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ മുഹമ്മദ് ജാവീദ് ഷെയ്ഖ് ഒളിവിലാണ്. ഇയാൾക്ക് മുംബൈയിലുള്ള കാമുകിയെ മൊത്ത് ജീവിക്കാൻ പണം കണ്ടെത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്ന് പിടിയിലായ പ്രതികൾ പോലീസിനോട് പറഞ്ഞത് . മുഖ്യപ്രതി മുഹമ്മദ് ജാവീദ് ഷെയ്ഖ് ബീഹാറിൽ നിന്ന് മൂന്നു വർഷം മുമ്പ് ജോലിതേടി ബാംഗ്ലൂരിൽ എത്തുന്നത് സിസിടിവി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വാലെന്‍സ് സിറ്റിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ബാരിക്കേഡില്‍ നിന്നും ഒരാള്‍ മാക്രോണിന്റെ മുഖത്തടിക്കുകയായിരുന്നു.
അടിയേറ്റ ഉടനെ പ്രസിഡന്റ് പിറകിലേക്ക് മാറുകയും സുരക്ഷാജീവനക്കാര്‍ ഉടന്‍ തന്നെ ഇദ്ദേഹത്തിന് രക്ഷാകവചം ഒരുക്കുകയും ചെയ്തു. പ്രസിഡന്റിന്റെ കൈപിടിച്ച് അഭിസംബോധന ചെയ്ത ശേഷം ഫ്രഞ്ച് ഭാഷയില്‍ എന്തോ പറഞ്ഞ് കൊണ്ടാണ് പ്രതി അടിക്കുന്നത്. ഇയാള്‍ അടിക്കുന്നതും അടിയേറ്റ് മാക്രോണ്‍ പിറകിലേക്ക് വീഴുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്‌പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് നിരവധി പേരാണ് മാക്രോണിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ജനാധിപത്യമെന്നാല്‍ ആരോഗ്യപരമായ ചര്‍ച്ചകളും സംവാദങ്ങളുമാണെന്നും ശാരീരികമായ ആക്രമണം അല്ലെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് തുറന്നടിച്ചു. രാഷ്ട്രീയപരമായ കാര്യങ്ങളില്‍ എത്ര തന്നെ എതിരഭിപ്രായം ഉണ്ടെങ്കിലും ഒരു ജനാധിപത്യരാജ്യത്ത് അവ ഒരിക്കലും ദേഹോപദ്രവത്തില്‍ കലാശിക്കരുതെന്ന് പല രാഷ്ട്രീയനേതാക്കളും അഭിപ്രായപ്പെട്ടു.
#Macron se fait gifler en direct de #Tain pic.twitter.com/tsXdByo22U
— ⚜️ (@AlexpLille) June 8, 2021