ലക്നോ: ട്രെയിൻ യാത്രയ്ക്കിടെ ഉത്തർപ്രദേശിൽ ക്രൈസ്തവ യുവസന്യാസിനിമാർക്ക് നേരെ ബജ്റംഗ്ദൾ ആക്രമണം. മതംമാറ്റ നിരോധന നിയമം ദുരുപയോഗം ചെയ്ത് സന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കാനും ശ്രമമുണ്ടായി. സന്യസ്തവസ്ത്രം മാറിയാണ് ഹിന്ദുത്വ തീവ്രവാദികളിൽ നിന്നും രക്ഷപെട്ട് സന്യാസിനിമാർ സംസ്ഥാനം വിട്ടത്.
മാർച്ച് 19നായിരുന്നു സംഭവം. തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ (എസ്എച്ച്) ഡൽഹി പ്രൊവിൻസിലെ നാല് സന്യാസിനിമാരാണ് ആക്രമണത്തിന് ഇരയായത്. ഡൽഹിയിൽ നിന്നും ഒഡീഷയിലേക്കുള്ള യാത്രയ്ക്കിടെ യുപിയിലെ ത്സാൻസിയിൽ വച്ചായിരുന്നു ആക്രമണം.
ഒഡീഷയിൽ നിന്നുള്ള രണ്ടു യുവസന്യാസിനിമാരെ വീട്ടിലെത്തിക്കാനാണ് മലയാളി ഉൾപ്പടെ മറ്റ് രണ്ടു സന്യാസിനിമാർ കൂടെപോയത്. പോസ്റ്റുലന്റ്സ് ആയിരുന്നതിനാൽ രണ്ടു സന്യാസിനിമാർ സാധാരണ വേഷത്തിലും മറ്റ് രണ്ടു പേർ സന്യാസ വസ്ത്രവുമാണ് ധരിച്ചിരുന്നത്.
തേർഡ് എസി കമ്പാർട്ടുമെന്റിലായിരുന്നു സന്യാസിനിമാരുടെ യാത്ര. ത്സാൻസിയിൽ എത്തിയപ്പോൾ, തീർഥാടനം കഴിഞ്ഞെത്തിയ ഒരുകൂട്ടം ബജ്റംഗ്ദൾ പ്രവർത്തകർ, മതംമാറ്റാൻ രണ്ടു പെൺകുട്ടികളെ കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ആക്രമണത്തിന് മുതിർന്നത്. തങ്ങൾ ജന്മനാ ക്രൈസ്തവരാണെന്ന് വിശദീകരിച്ചിട്ടും അക്രമികൾ പിന്മാറാൻ തയാറായില്ലെന്ന് സന്യാസിനിമാർ പറഞ്ഞു.
പിന്നീട് അക്രമികൾ മതംമാറ്റാൻ ആളുകളെ കൊണ്ടുപോകുന്നു എന്ന തെറ്റായ വിവരം പോലീസിന് കൈമാറി. ത്സാൻസി റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസ് ട്രെയിനിനുള്ളിൽ പ്രവേശിച്ച് സന്യാസിനിമാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ വനിതാ പോലീസ് ഇല്ലാതെ പുറത്തിറങ്ങില്ലെന്ന് നിലപാടെടുത്ത സന്യാസിനിമാരെ പോലീസ് ബലംപ്രയോഗിച്ച് ട്രെയിനിൽ നിന്നും പുറത്തിറക്കുകയായിരുന്നു. ആധാർ ഉൾപ്പടെയുള്ള തിരിച്ചറിയൽ രേഖകളെല്ലാം കാണിച്ചെങ്കിലും അക്രമികൾക്കൊപ്പം കൂടി പോലീസും മോശമായി പെരുമാറുകയായിരുന്നുവെന്ന് സന്യാസിനിമാർ പറഞ്ഞു.
ട്രെയിനിൽ നിന്നും സന്യാസിനിമാർ പുറത്തിറങ്ങിയതിന് പിന്നാലെ മുദ്രാവാക്യം വിളികളുമായി 150 ഓളം ബജ്റംഗ്ദൾ പ്രവർത്തകർ സ്റ്റേഷനിൽ എത്തി. അവിടെ നിന്നും അക്രമികളുടെ ആർപ്പുവിളികളോടെയാണ് പോലീസ് ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയത്.
സന്യാസിനിമാരെ പോലീസ് കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് ഡൽഹിയിലെ സന്യാസിനിമാർ അഭിഭാഷകൻ കൂടിയായ വൈദികന്റെ സഹായത്തോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടാണ് യുവസന്യാസിനിമാരെ മോചിപ്പിച്ചത്.
രാത്രി 11 ഓടെയാണ് ഇവർക്ക് പോലീസ് സ്റ്റേഷൻ വിടാൻ കഴിഞ്ഞത്. പിന്നീട് ഇവരെ ത്സാൻസിയിലെ ബിഷപ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. ത്സാൻസിയിലെ വൈദികരുടെ സമയോചിതവും ബുദ്ധിപൂർവവുമായ ഇടപെടലിലൂടെയാണ് യുവസന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കുന്നതിൽ നിന്നും രക്ഷിക്കാനായത്.
കുറഞ്ഞ സമയത്തിനുള്ളിൽ 150 ഓളം ആളുകൾ സ്റ്റേഷനിൽ എത്തിയതിനു പിന്നിലും സന്യാസിനിമാരെ ആക്രമിച്ചതിന് പിന്നിലും വൻ ഗുഢാലോചനയുണ്ടെന്ന് സംശയിക്കപ്പെടുന്നു.
ബൈക്ക് മതിലിലേയ്ക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ പരിക്കേറ്റ യുവാവ് രക്തം വാര്‍ന്ന് മരിച്ചു. അപകടം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഇരുന്നതാണ് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. രണ്ട് യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. പൊടിയാട്ടുവിള വിഷ്ണുഭവനില്‍ ഗിരിജയുടെ ഏകമകന്‍ വിഷ്ണു(24)വാണു മരിച്ചത്.
ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് കിരണിനെ (21) കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി പുന്നക്കാട് അമ്പലത്തുംവിള റോഡില്‍ മുട്ടുകോണം ഭാഗത്തായിരുന്നു അപകടം.
ഇതുവഴി യാത്രക്കാര്‍ കുറവായതിനാല്‍ അപകടം നടന്ന വിവരം ഏറെ നേരം കഴിഞ്ഞാണ് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ്ണുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ കൊട്ടാരക്കര പോലീസ് കേസെടുത്തു.
മകളുടെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് പൊലീസ് ഉന്നതർക്ക് പരാതി നൽകി.വെഞ്ഞാറമൂട് പാലാംകോണം പൊന്നമ്പി തടത്തരികത്തു വീട്ടിൽ സി.ഷൈലജയാണ് മകൾ മീനു(21)വിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ പറയുന്നത്:അമ്മയും മകളും മാത്രമാണ് കുടുംബത്തിലുള്ളത്.തിരുവനന്തപുരം സ്വകാര്യ ഫിസിയോതെറപ്പി സ്ഥാപനത്തിലെ ജീവനക്കാരിയായ മീനുവിനെ ഫെബ്രുവരി 16ന് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.
സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് മീനുവിന്റെ മുറി പരിശോധിക്കുമ്പോൾ ഫോൺനമ്പറും പേരും എഴുതിയിരുന്ന ഒരു കുറിപ്പ് ലഭിച്ചു. ഈ നമ്പരിൽ ബന്ധുക്കൾ വിളച്ചപ്പോൾ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ചു. സംഭവ ദിവസത്തിന്റെ തലേന്ന് ജോലി കഴിഞ്ഞ് വെഞ്ഞാറമൂട്ടിലെത്തിയ പെൺകുട്ടി രാത്രി 9 വരെ വെള്ളാണിക്കൽ പാറമുകളിൽ സുഹൃത്തുമായി ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. മരണം സംബന്ധിച്ച വിവരങ്ങൾ സംഭവദിവസം രാവിലെ സുഹൃത്തിനെ പെൺകുട്ടി അറിയിച്ചിരുന്നുവെന്ന വിവരം ലഭിച്ചുവെന്നും പരാതിയിൽ പറയുന്നു.
മരണത്തിൽ വ്യക്തമായ സംശയം ഉയർന്നതിനാൽ വെഞ്ഞാറമൂട് സ്റ്റേഷനിൽ വിശദവിവരങ്ങൾ കാണിച്ച് പരാതി നൽകി.എന്നാൽ ബന്ധുക്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ പൊലീസ് തയാറായില്ലെന്നും സംഭവത്തിനു കാരണമായ വ്യക്തിയെന്നു സംശയിക്കുന്നയാളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും പരാതിയിൽ പറയുന്നു. തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിനു കാരണമായി മറ്റൊരാൾ ഉണ്ടെന്നും വെഞ്ഞാറമൂട് പൊലീസിൽ നിന്നു നീതി ലഭിക്കില്ലെന്നും സംഭവം മറ്റൊരു അന്വേഷണ സംഘത്തെക്കൊണ്ടു അന്വേഷിപ്പിച്ചു കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു
രാജസ്ഥാനിലെ ബിക്കാനീറിൽ കളിക്കുന്നതിനിടെ അഞ്ച് കുട്ടികൾ ധാന്യശേഖര സംഭരണിക്കുള്ളിൽ കുടുങ്ങി മരിച്ചു. ബിക്കാനീറിലെ ഹിമ്മതസാർ ഗ്രാമത്തിലാണ് സംഭവം. നാലിനും എട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
സേവരാം (4), രവിന (7), രാധ (5), പൂനം (8), മാലി എന്നീ കുട്ടികളാണ് മരിച്ചത്. ശ്യൂന്യമായി കിടന്നിരുന്ന വലിയ ധാന്യശേഖര സംഭരണിയിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ആകസ്മികമായി ഇതിന്റെ വാതിൽ അടയുകയായിരുന്നു.
കുട്ടികളെ വീട്ടിൽ കാണാത്തതിനെ തുടർന്ന് അമ്മ നടത്തിയ അന്വേഷണത്തിലാണ് ധാന്യശേഖര സംഭരണിക്കുള്ളിൽ കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കോവിഡ് കാലത്ത് നാട്ടുകാർക്ക് താങ്ങായ ഡോ. ആതിരയുടെ അകാല വിയോഗം കൂരാച്ചുണ്ടിെൻറ നൊമ്പരമായി.ആറുമാസത്തോളമാണ് കൂരാച്ചുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോ. ആതിര സേവനമനുഷ്ഠിച്ചത്. കോവിഡ് വ്യാപകമായ സമയത്ത് ഒ.പി സമയം വൈകീട്ട് ആറുവരെ ദീർഘിപ്പിച്ചപ്പോഴായിരുന്നു ഡോ. ആതിരയുടെ സേവനം ലഭിച്ചത്.പൊന്നോമനയെ ഒന്ന് കൊഞ്ചിക്കാൻ പോലും സാധിക്കാതെ അകാലത്തിൽ വിടവാങ്ങി. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്നു വീട്ടിലെത്തിയ യുവ ഡോക്ടറായ ആതിരയാണ് മരിച്ചത്.
റിട്ട. എസ്‌ഐ ചെറുവത്തൂർ കൊടക്കാട് ഓലാട്ടെ പുരുഷോത്തമന്റെ മകളാണ് ഡോ. ആതിര (26). കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ 12നാണ് ആതിര കുഞ്ഞിന് ജന്മം നൽകിയത്. വീട്ടിലെത്തിയ ശേഷം ആതിരയ്ക്കു കഴിഞ്ഞ ദിവസം ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. തുടർന്നു പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതിനിടെ, നിലഗുരുതരം ആയതിനെത്തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആതിരയുടെ ഭർത്താവ് പേരാമ്പ്ര സ്വദേശി ഡോ. അർജുന്റെ പരാതിയിൽ പരിയാരം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. അമ്മ: സുസ്മിത (ചിന്മയാ വിദ്യാലയ, പയ്യന്നൂർ). സഹോദരി: അനശ്വര.
മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച നിലയിൽ കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മനുഷ്ക് ഹിരണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ. പോലീസുകാരൻ ഉൾപ്പടെ രണ്ടു പേരെയാണ് മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്ക്വാഡ്(എടിഎസ്) പിടികൂടിയത്.
അറസ്റ്റിലായ പോലീസുകാരൻ വിനായക് ഷിൺഡെ നിലവിൽ സസ്പെൻഷനിലാണ്. നരേഷ് ഗോറെയാണ് അറസ്റ്റിലായ രണ്ടാമൻ. ഒരാളെ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇയാൾക്ക് അന്വേഷണം പുരോഗമിക്കുകയാണ്.
കൊലപാതക കേസ് കേന്ദ്രസർക്കാർ എൻഐഎക്ക് കൈമാറിയതിനു പിന്നാലെയാണ് അറസ്റ്റ്. അന്വേഷണം എൻഐഎക്ക് കൈമാറിയതായി മഹാരാഷ്ട്ര സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് എടിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
തൃശൂര്‍ കുട്ടനല്ലൂരില്‍ വനിതാ ഡോക്ടറെ അച്ഛൻ്റെ കൺമുന്നിൽ കുത്തിക്കൊന്ന കേസിൽ കൊലയാളിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. അറസ്റ്റിലായി എഴുപത്തിയഞ്ചാം ദിവസം കൊലയാളിക്ക് ഹൈക്കോടതി നൽകിയ ജാമ്യമാണ് സുപ്രീം കോടതി റദ്ദാക്കിയത്.
2020 സെപ്തംബർ 28നായിരുന്നു കൊലപാതകം. മൂവാറ്റുപുഴ സ്വദേശി സോന ജോസാണ് കൊല്ലപ്പെട്ടത്. പ്രതിയായ മഹേഷ് നേരത്തെ സോനയുടെ സുഹൃത്തായിരുന്നു. തൃശൂർ കുട്ടനെല്ലൂരിൽ ഡെൻറൽ ക്ലിനിക് തുടങ്ങിയപ്പോൾ ഇൻ്റീരിയർ ഡിസൈനിങ് നടത്തിയത് മഹേഷായിരുന്നു. ഇരുവരും തമ്മിലുണ്ടായ പണമിടപാടിൽ തർക്കം നിലനിന്നിരുന്നു. ഇതു സംബന്ധിച്ച് സോന ഒല്ലൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇത് ഒത്തുതീർപ്പാക്കാൻ മഹേഷും സുഹൃത്തുക്കളും ക്ലിനിക്കിൽ വന്നു. സോന യോടൊപ്പം അച്ഛനും സുഹൃത്തും ഉണ്ടായിരുന്നു. ചർച്ച നടക്കുന്നതിനിടെ മഹേഷ് കത്തിയെടുത്ത് സോനയെ കുത്തി.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. തൊണ്ണൂറു ദിവസം തികയും മുമ്പേ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. അപ്പോഴേയ്ക്കും പ്രതിയ്ക്ക് ഹൈക്കോടതി ജാമ്യം നൽകി. ഇതിനെതിരെ സോനയുടെ കുടുംബവും സംസ്ഥാന സർക്കാരും സുപ്രീം കോടതിയെ സമീപിച്ചു. അങ്ങനെയാണ് ജാമ്യം റദ്ദാക്കിയത്. ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റേതാണ് നടപടി. പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് നടപടി തുടങ്ങി. കേസിൽ വിചാരണ തൃശൂർ സെഷൻസ് കോടതിയിൽ തുടങ്ങും. കോഴിക്കോട് ബാറിലെ പ്രമുഖ ക്രിമിനൽ കേസ് അഭിഭാഷകൻ ടി.ഷാജിത്ത് ആണ് കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ.
പതിനാലു വയസ്സുകാരനായ ബാലൻ വെള്ളം കുടിക്കാൻ കയറിയതിന്റെ പേരിൽ ക്രൂരമർദ്ദനത്തിനിരയായ ഗാസിയാബാദ് ദാസ്നാ ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ കടുത്ത വർഗീയ പരാമർശങ്ങളോടെ വീണ്ടും രംഗത്ത്. ‘ എന്റെ അനുയായികളാണ് അത് ചെയ്തത്. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പത്രക്കാരോ സർക്കാരുദ്യോഗസ്ഥരോ ആരുമാകട്ടെ ഒരു മുസ്ലിമിനെ പ്രവേശിക്കാൻ അനുവദിക്കുന്നതല്ല ‘ എന്നാണ് ‘ദി ക്വിൻറ് ‘ ന് അനുവദിച്ച അഭിമുഖത്തിൽ യതി നരസിംഹാനന്ദ സരസ്വതി പറഞ്ഞത്. ഹിന്ദു സ്വാഭിമാൻ എന്ന സംഘടനയുടെ നേതാവും അഖില ഭാരതീയ സന്ത് പരിഷത്തിന്റെ പ്രസിഡന്റുമാണ് നരസിംഹനാന്ദ.
‘ഞാൻ അതിലേ നടന്നു പോകുമ്പോൾ വല്ലാതെ ദാഹിച്ചു. ടാപ്പ് കണ്ടപ്പോൾ കയറി വെള്ളം കുടിച്ചു മടങ്ങുകയായിരുന്നു. രണ്ടുപേർ വന്നു തടഞ്ഞിട്ട് എന്റെ പേരും പേരും പിതാവിന്റെ പേരും ചോദിച്ചു. അതിനു ശേഷം മർദ്ദിച്ചു. ഒരാൾ വീഡിയോ എടുക്കുന്നുണ്ടായിരുന്നു. അവിടെ മുസ്ലിങ്ങൾക്ക് പ്രവേശനമില്ല എന്ന ബോർഡുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. സ്വകാര്യഭാഗത്തു മർദ്ദനമേൽക്കുമ്പോൾ എന്നെ അവർ കൊല്ലുമെന്ന് പറയുന്നതു കേട്ടു. ഒരുവിധത്തിൽ ഞാൻ ഓടി രക്ഷപ്പെട്ടു. വഴിയിൽ രണ്ടു പൊലീസുകാരെ കണ്ടപ്പോൾ സഹായമം അഭ്യർത്ഥിച്ചിട്ടും അവർ ഇടപെട്ടില്ല. പൊലീസ് ചൗക്കിയിൽ പോകാൻ പറഞ്ഞു. ‘ മർദ്ദനത്തിനിരയായ ബാലൻ പറഞ്ഞു. അവന് വായിക്കാനറിയില്ല. അറിയുമായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു എന്നാണ് കുട്ടിയുടെ പിതാവിന്റെ പ്രതികരണം.
‘വെള്ളം കുടിക്കാൻ കയറിയ കുട്ടിയോട് മതം ചോദിച്ചതു തന്നെ തെറ്റാണ്. ഇങ്ങനെ കുറച്ചാളുകളേ ഉള്ളൂ. ഞങ്ങൾ ഇവിടെ ക്ഷേത്രപരിസരങ്ങളിൽ ഹിന്ദുമുസ്ലിം വ്യത്യാസമില്ലാതെ ഒരുമിച്ച് കളിച്ചു വളർന്നവരാണ്. ക്ഷേത്രത്തിലെ ബാബാ വളരെ സ്നേഹത്തോടെ ഞങ്ങളെ അവിടെ ഇരുത്തുകയുമെല്ലാം ചെയ്തിരുന്നു. അടുത്തകാലത്തു മാത്രമാണ് ഇങ്ങനെയൊക്കെ കാണുന്നത്’ ക്ഷേത്ര സമീപവാസിയായ ഫാറൂക്ക് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സംസാരിക്കാൻ ചെന്ന മാധ്യമ പ്രവർത്തകരോട് അവരുടെ കൂട്ടത്തിൽ മുസ്ലിം ആരെങ്കിലുമുണ്ടോ എന്ന് പലവട്ടം ചോദിച്ച് ഇല്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമാണ് പുരോഹിതൻ സംസാരിക്കാൻ തയ്യാറായത്. ഏതാനും കൊല്ലങ്ങളായി നരസിംഹാനന്ദിന്റെ വിദ്വേഷ പ്രചാരണം മൂലം തങ്ങൾ അപകടാവസ്ഥയെ അഭിമുഖീകരിക്കുകയാണെന്ന് പരിസരവാസികൾ പറഞ്ഞു. ഹിന്ദു ഏകതാ സംഘ് എന്ന ഓൺലൈൻ ഗ്രൂപ്പു വഴി വിദ്വേഷ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത് ഇദ്ദേഹത്തിന്റെ അടുത്ത അനുയായികളാണ്.
വര്‍ക്കല ഇടവയില്‍ ഫ്‌ലാറ്റിന് മുകളില്‍ നിന്നും കുഞ്ഞിനൊപ്പം താഴേക്ക് വീണ അമ്മ മരിച്ചു. ഇടവ പ്രസ് മുക്ക് സല്‍സബീല്‍ വീട്ടില്‍ നിമ(26)യാണ് മരിച്ചത്. ആറു മാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടവ സ്വദേശി അബു ഫസലിന്റെ ഭാര്യയാണ് നിമ.
ഇന്ന് രാവിലെ പതിനൊന്നരയോടെ നിമയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തില്‍ വച്ചായിരുന്നു സംഭവം. ഫ്‌ലാറ്റിന് മുകളില്‍ നില്‍ക്കവെ കയ്യില്‍നിന്ന് വഴുതിയ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെയാണ് യുവതി താഴേക്ക് വീണത്.
ഇടവ മദ്രസ മുക്കില്‍ നൂര്‍ജലാല്‍ റസിഡന്‍സിയുടെ മൂന്നാം നിലയില്‍ വാടകയ്ക്ക് താമസിക്കുകയാണ് നിമയും കുടുംബവും. കെട്ടിടത്തിന്റെ ടെറസില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടുനില്‍ക്കുകയായിരുന്നു നിമ. ഇതിനിടെ നിമയുടെ കയ്യില്‍നിന്ന് കുഞ്ഞ് വഴുതി താഴേക്ക് വീണു. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കെ നിമയും താഴേക്ക് വീഴുകയായിരുന്നു. ഇതാണ് സംഭവത്തെ കുറിച്ച് പ്രാഥമികമായി ലഭിക്കുന്ന വിവരം. വര്‍ക്കല മിഷന്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും നിമയുടെ ജീവന്‍ രക്ഷിക്കാനായില്ല.
നിമയ്ക്കും കുഞ്ഞിനുമൊപ്പം നിമയുടെ മാതാവ് സീനത്ത്, സഹോദരിമാരായ സുല്‍ത്താന, റിസ്വാന എന്നിവരാണ് ഇവിടെ താമസിക്കുന്നത്. സംഭവ സമയം ഇളയ സഹോദരി റിസ്വാന പഠിക്കാന്‍ പോയിരിക്കുകയായിരുന്നു. സീനത്തും സുല്‍ത്താനയും വീടിനകത്തും. നിമയുടെ പിതാവ് മുക്താര്‍ ഖത്തറിലും ഭര്‍ത്താവ് അബു ഫസല്‍ ദുബായിലുമാണ്.
കുഞ്ഞിന് എക്‌സറേ പരിശോധന നടത്തിയതില്‍ കുഴപ്പമൊന്നും ഇല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. നിമയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് അയിരൂര്‍ പൊലീസ് പറഞ്ഞു
വിദേശത്തേക്കു കടത്താൻ ശ്രമിച്ച 1.21 കിലോഗ്രാം ഹഷിഷുമായി യുവതി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി. തൃശൂർ വെങ്ങിണിശേരി താഴേക്കാട്ടിൽ രാമിയ (33) ആണ് പിടിയിലായത്. ഇന്നലെ രാവിലെ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റൈനിലേക്കു പോകാനെത്തിയതാണ് യുവതി.
സുരക്ഷാ പരിശോധനകളുടെ ഭാഗമായുള്ള ദേഹ പരിശോധനക്കിടെ അടിവസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഹഷിഷ് കണ്ടെത്തിയത്. 3 പാക്കറ്റുകളിലായാണ് ഇവ ഒളിപ്പിച്ചിരുന്നത്. ഒരു കോടിയോളം രൂപ വില വരുമിതിന്.
രാമിയയെയും ഹഷിഷും പിന്നീട് പൊലീസിനു കൈമാറി. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. കഴിഞ്ഞ ദിവസം വിമാനത്താവള പരിസരത്ത് പൊലീസ് നടത്തിയ പരിശോധനകളിൽ 4 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയിരുന്നു.