വയനാട് മേപ്പാടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് വ്‌ളോഗര്‍ സുജിത്ത് ഭക്തന്‍.
പ്രവര്‍ത്തനാനുമതി ഇല്ലാതെ മൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഈ റിസോര്‍ട്ടിന്റെ വീഡിയോ പ്രസിദ്ധീകരിച്ച തനിക്ക് നേരെ നടക്കുന്ന കുപ്രചരണങ്ങള്‍ ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ള ഒരു ആക്രമണമാണെന്ന് സുജിത്ത് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ റിസോര്‍ട്ടുകളും ടെന്റ് സ്റ്റേകളും തന്റെ അറിവില്‍ ആ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സുജിത്ത് ഭക്തന്‍ പറയുന്നു. ഇത്രയധികം കാലം പ്രവര്‍ത്തിച്ചിട്ടും ഇപ്പോള്‍ ഇങ്ങനെ ഒരു അത്യാഹിതം ഉണ്ടായപ്പോള്‍ അതിന് ലൈസന്‍സ് ഇല്ല, പ്രവര്‍ത്തനാനുമതി ഇല്ലാ എന്നൊക്കെ പറയുമ്പോള്‍ അതില്‍ നിന്ന് മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ലൈസന്‍സ് ഇല്ലാതെ അവര്‍ എങ്ങനെയാണ് മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചതെന്ന് സുജിത്ത് ചോദിക്കുന്നു.
ആരാണ് ഇവര്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്? എന്തുകൊണ്ട് ലൈസന്‍സ് ഇല്ലെങ്കില്‍ ആ സ്ഥാപനത്തിനെതിരെ നടപടി എടുത്തില്ല? ഫോറസ്റ്റിന് സമീപം എന്ന് പറയുന്ന ഈ സ്ഥലത്ത് എന്തുകൊണ്ട് ഫോറസ്റ്റ് അധികൃതര്‍ ഇത് കണ്ട് നടപടി എടുത്തില്ല? എന്തുകൊണ്ട് പോലീസ് ഇത്ര നാളായിട്ട് നടപടി എടുത്തില്ല? എന്തുകൊണ്ട് പഞ്ചായത്ത് അധികൃതര്‍ നടപടി എടുത്തില്ല?
അങ്ങനെയെങ്കില്‍ ഇത്രയും കാലം അവിടെ ജോലി ചെയ്ത എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണ്ടേ തുടങ്ങിയ ചോദ്യങ്ങളും സുജിത്ത് മുന്നോട്ടുവയ്ക്കുന്നു. ഇതൊന്നും പറയാതെ 3 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന്റെ വീഡിയോ പ്രസിദ്ധീകരിച്ച തനിക്കും മറ്റുള്ള വ്‌ലോഗേഴ്സിനുമെതിരെ സൈബര്‍ ആക്രമണം അഴിച്ചുവിടുകയാണുണ്ടായതെന്ന് സുജിത്ത് പറഞ്ഞു.
താന്‍ ചെയ്ത വീഡിയോ കണ്ടാണ് അവിടേക്ക് മരണപ്പെട്ട യുവതി പോയതെന്നും അതാണ് അവര്‍ ആനയുടെ ചവിട്ടേറ്റ് മരിക്കാന്‍ കാരണമെന്നുമാണ് സുജിത്തിനെതിരെ ഉയരുന്ന ആരോപണം.
കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ആനക്കോട്ടയുടെ വീഡിയോ ചെയ്തിരുന്നു, അത് കണ്ട് അവിടെ പോയ ഒരാളെ ആന ചവിട്ടി കൊന്നാല്‍ ഞാന്‍ ഉത്തരവാദി ആകുമോ? ക്രൂസ് കപ്പലിന്റെ വീഡിയോ ചെയ്തത് കണ്ട് കപ്പല്‍ യാത്രക്ക് പോയി കപ്പല്‍ മുങ്ങിയാല്‍ ഞാന്‍ കുറ്റക്കാരന്‍ ആകുമോ? എന്നും ആരോപണത്തില്‍ സുജിത്ത് ചോദിക്കുന്നു.
”കഴിഞ്ഞ ദിവസം വയനാട്ടിൽ എളിമ്പിലേരി എസ്റേറ്റിലുള്ള റെയിൻ ഫോറസ്റ്റ് എന്ന ടെന്റ് സ്റ്റേ നടത്തുന്ന സ്ഥലത്ത് അവിടെ താമസിച്ച ഒരു പെൺകുട്ടി കാട്ടാനയുടെ അക്രമത്തിൽ മരണപ്പെട്ടത് നമ്മളെ എല്ലാവരെയും ഞെട്ടിച്ച ഒരു കാര്യമാണല്ലോ. മരണപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഈ സ്ഥലത്ത് 2018 നവംബർ മാസത്തിൽ ഞാനും എന്റെ സുഹൃത്ത് ഹൈനസ് ഇക്കയും ചേർന്ന് സന്ദർശിച്ച് വീഡിയോ എടുക്കുകയും യൂടൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. പ്രസ്തുത വീഡിയോ കണ്ടിട്ട് ആയിരക്കണക്കിനാളുകൾ അവിടെ പോയി താമസിച്ചിട്ടുള്ളതുമാണ്. കല്യാണത്തിന് ശേഷം ശ്വേതയോടോപ്പവും ഞാൻ ഇവിടെ പോയിട്ടുള്ളതാണ്. യൂടൂബിൽ ഈ സ്ഥലത്തെക്കുറിച്ച് മറ്റ് പല വ്ലോഗർമാരും ചെയ്ത ധാരാളം വിഡിയോകളും ഉണ്ട്. ഞാനുൾപ്പെടെ പലരും പ്രസ്തുത അപകടത്തിന് ശേഷം അവരവരുടെ വിഡിയോകൾ പിൻവലിച്ചിട്ടുമുണ്ട്. അത് ഈ വിഷയത്തെക്കുറിച്ച് അനാവശ്യ ചർച്ചകൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ്. ഈ ടെന്റ് സ്റ്റേയുടെ പരിസരത്ത് തന്നെ മറ്റനേകം ടെന്റ് സ്റ്റേകളും റിസോർട്ടുകളും ഉണ്ട്. ഗൂഗിൾ മാപ്പിൽ നോക്കിയാൽ കാണാം.
കഴിഞ്ഞ മൂന്ന് വർഷത്തോളമായിട്ട് ഈ റിസോർട്ടുകളും ടെന്റ് സ്റ്റേകളും ഒക്കെ എന്റെ അറിവിൽ ആ സ്ഥലത്ത് പ്രവർത്തിക്കുന്നുണ്ട്. ഇത്രയധികം കാലം പ്രവർത്തിച്ചിട്ടും ഇപ്പോൾ ഇങ്ങനെ ഒരു അത്യാഹിതം ഉണ്ടായപ്പോൾ അതിന് ലൈസൻസ് ഇല്ല, പ്രവർത്തനാനുമതി ഇല്ലാ എന്നൊക്കെ പറയുമ്പോൾ എന്താണ് നമ്മൾ മനസ്സിലാക്കേണ്ടത്? ലൈസൻസ് ഇല്ലാതെ 3 വർഷം ഇവർ എങ്ങനെ പ്രവർത്തിച്ചു? ആരാണ് ഇവർക്ക് പ്രവർത്തനാനുമതി നൽകിയത്? എന്തുകൊണ്ട് ലൈസൻസ് ഇല്ലെങ്കിൽ ആ സ്ഥാപനത്തിനെതിരെ നടപടി എടുത്തില്ല? ഫോറസ്റ്റിന് സമീപം എന്ന് പറയുന്ന ഈ സ്ഥലത്ത് എന്തുകൊണ്ട് ഫോറസ്റ്റ് അധികൃതർ ഇത് കണ്ട് നടപടി എടുത്തില്ല? എന്തുകൊണ്ട് പോലീസ് ഇത്ര നാളായിട്ട് നടപടി എടുത്തില്ല? എന്തുകൊണ്ട് പഞ്ചായത്ത് അധികൃതർ നടപടി എടുത്തില്ല? അങ്ങനെയെങ്കിൽ ഇത്രയും കാലം അവിടെ ജോലി ചെയ്ത എല്ലാ സർക്കാർ വകുപ്പുകളിലെയും ജീവനക്കാർക്കെതിരെ നടപടി എടുക്കണ്ടേ? അതൊന്നും പറയാതെ 3 വർഷമായി പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന്റെ വീഡിയോ പ്രസിദ്ധീകരിച്ച എനിക്കും മറ്റുള്ള വ്ലോഗേഴ്‌സിനുമെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന കുപ്രചരണങ്ങൾ ടാർഗറ്റ് ചെയ്തുകൊണ്ടുള്ള ഒരു അറ്റാക്ക് മാത്രമാണെന്ന് ഞാൻ കരുതുന്നു.
ഇനി കാര്യത്തിലേക്ക് വരാം. കേരളത്തിൽ വയനാട്ടിലും ഇടുക്കിയിലുമായി പല സ്ഥലങ്ങളിൽ നൂറുകണക്കിന് ടെന്റ് ക്യാമ്പിംഗ് സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവർക്ക് ആർക്കും തന്നെ ടെന്റ് ക്യാംപിങ് എന്ന പേരിൽ ലൈസൻസ് കിട്ടില്ല. കാരണം നമ്മുടെ നിയമം അനുവദിക്കുന്നത് ഹോട്ടൽ, റിസോർട്ട്, സർവ്വീസ് അപ്പാർട്ട്മെന്റ്, ഹോം സ്റ്റേ എന്നീ കാറ്റഗറിയിലുള്ള ലൈസൻസ് ആണ്. ഇതിൽ ഏതെങ്കിലും ഒരു ലൈസൻസ് അല്ലെങ്കിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയൊക്കെയാണ് ഈ സ്ഥാപനങ്ങൾക്ക് ഉണ്ടാകുന്നത്. 500 രൂപ മുതലാണ് ഇത്തരത്തിലുള്ള ടെന്റ് സ്റ്റേകളിൽ താമസത്തിനായി ഈടാക്കുന്നത്. സൗകര്യങ്ങൾ കൂടുന്നതിനനുസരിച്ച് നിരക്കും കൂടും. വിദ്യാർത്ഥികളും സാധാരണക്കാരുമാണ് ഇതുപോലെയുള്ള സ്ഥലങ്ങൾ കൂടുതലായി തെരഞ്ഞെടുക്കുന്നത്. ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് ടെന്റ് ക്യാമ്പിംഗ് വളരെയധികം കൂടിവന്നപ്പോൾ ആയിരക്കണക്കിന് രൂപ വാങ്ങുന്ന റിസോർട്ടുകാർ പോലും പ്രതിസന്ധിയിലായി. ഫാമിലി ആയിട്ട് പോലും ആളുകൾ ടെന്റ് ക്യാമ്പിംഗ് എക്സ്പീരിയൻസ് തേടി പോയി തുടങ്ങി. മുക്കിന് മുക്കിന് കൂണുപോലെ ടെന്റ് ക്യാമ്പിംഗ് സൈറ്റുകൾ കേരളത്തിൽ പല സ്ഥലങ്ങളിലായി ഉയർന്നുവന്നു.
വയനാട്ടിലെ തന്നെ മറ്റൊരു ടെന്റ് ക്യാമ്പിംഗ് സൈറ്റിൽ പോയി വീഡിയോ എടുത്തിട്ടപ്പോൾ ഇവിടെ ഫാമിലി ആയിട്ട് വരരുത്, സുരക്ഷിതമല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ ഉണ്ടായ ഭീഷണി വരെ എന്റെ വിഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ട്. (സ്ക്രീൻഷോട്ട് നോക്കാം) ഞാൻ വീഡിയോ ചെയ്തിട്ടതുകൊണ്ടാണ് അവിടേക്ക് മരണപ്പെട്ട യുവതി പോയതെന്നും ഞാൻ കാരണമാണ് അവർ ആനയുടെ ചവിട്ടേറ്റ് മരിച്ചതെന്നുമാണ് എനിക്കെതിരെ ഇപ്പോൾ വന്നിരിക്കുന്ന ആരോപണം. അങ്ങനെയെങ്കിൽ ഞാൻ ഒന്ന് ചോദിച്ചോട്ടെ, കഴിഞ്ഞ ദിവസം ഞാൻ ഗുരുവായൂർ ആനക്കോട്ടയുടെ വീഡിയോ ചെയ്തിരുന്നു, അത് കണ്ട് അവിടെ പോയ ഒരാളെ ആന ചവിട്ടി കൊന്നാൽ ഞാൻ ഉത്തരവാദി ആകുമോ? ക്രൂസ് കപ്പലിന്റെ വീഡിയോ ചെയ്തത് കണ്ട് കപ്പൽ യാത്രക്ക് പോയി കപ്പൽ മുങ്ങിയാൽ ഞാൻ കുറ്റക്കാരൻ ആകുമോ? ഈ റിസോർട്ടുകളും മറ്റുമൊക്കെ പ്രമുഖ മാധ്യമങ്ങളിലും മാസികകളിലും വരെ പരസ്യം നൽകാറില്ല? ഞങ്ങൾ വ്ലോഗേഴ്സ് അവിടെ നിന്നുള്ള അനുഭവങ്ങളാണ് ഷെയർ ചെയ്യുന്നത്. അനധികൃതമെന്ന് തോന്നുന്ന പല സ്ഥലങ്ങളും വീഡിയോ ചെയ്യാൻ വിളിച്ചിട്ട് ചെയ്യാതെ ഇരുന്നിട്ടുണ്ട്. റെസ്റ്റോറന്റ് വീഡിയോ ചെയ്യാൻ പോയിട്ട് ഭക്ഷണ ഇഷ്ടപ്പെടാത്തത് കൊണ്ട് വീഡിയോ ചെയ്യാതെ വന്നിട്ടുണ്ട്. തട്ടേക്കാടുള്ള ഒരു റിസോർട്ടിന്റെ വീഡിയോ ചെയ്യാൻ പോയപ്പോൾ റിസോർട്ട് അധികാരികൾ തെറ്റിദ്ധരിപ്പിച്ച് വനത്തിലേക്ക് കൊണ്ടുപോയി ഉണ്ടായ പ്രശ്നത്തിലും തെറ്റ് തിരുത്തി വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
ബന്ദിപ്പൂരും മസിനഗുഡിയിലും മുതുമലയിലും ഒക്കെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് തന്നെ കാട്ടിനുള്ളിൽ താമസം ഒരുക്കിയിട്ടുണ്ട്. അതും വേണ്ടത്ര സുരക്ഷാ പോലും ഒരുക്കാതെ, ഞാൻ ഒരിക്കൽ പോയി താമസിച്ചപ്പോൾ രാത്രി ആനയിറങ്ങി മറ്റൊരാളുടെ വണ്ടി ഉൾപ്പെടെ നശിപ്പിച്ചത് കണ്ടിട്ടുണ്ട്, അതൊക്കെ വിഡിയോയിലും കാണിച്ചിട്ടുണ്ട്. പണം വാങ്ങിയാണ് പ്രൊമോഷൻസ് ചെയ്യാറുള്ളത്, അങ്ങോട്ട് കാശ് കൊടുത്ത് പോയി താമസിച്ചും വീഡിയോ ചെയ്യാറുണ്ട്. സൗജന്യമായി പോയി താമസിച്ച് ഭക്ഷണവും കഴിച്ച് വീഡിയോ ചെയ്യാറില്ല. പണം വാങ്ങിയോ വാങ്ങാതെയോ ചെയ്യുന്ന വിഡിയോകൾ സത്യസന്ധമായി തന്നെയാണ് ചെയ്യാറുള്ളത്. ഉള്ളത് ഉള്ളത് പോലെ തന്നെ പറയാറുണ്ട്. അതുകൊണ്ട് തന്നെ ശത്രുക്കളും ഏറെയുണ്ട്.
ക്യാമ്പിംഗ് സൈറ്റുകൾ നടത്തുന്ന ആളുകൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും ഉടൻ തന്നെ ഒരു മാർഗ്ഗനിർദ്ദേശം നൽകുകയും വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ ഉണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തുകയും ചെയ്യുമെന്നും പ്രതീക്ഷിക്കാം. അപകടം സംഭവിച്ച ക്യാമ്പിംഗ് സൈറ്റ് പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെയാണെങ്കിൽ (ഞാൻ അത് വിശ്വസിക്കുന്നില്ല) അത് ഇത്രയും കാലം പ്രവർത്തിക്കാൻ മൗനാനുമതി നൽകിയവർക്കെതിരെയും നടപടി എടുക്കുക. ദയവായി അനാവശ്യ വിവാദങ്ങളിലേക്ക് എന്നെ വലിച്ചിടാതിരിക്കുക. മരണപ്പെട്ട യുവതിക്ക് ആദരാഞ്ചലികൾ അർപ്പിക്കുന്നു. ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
വിശ്വസ്തതയോടെ നിങ്ങളുടെ സ്വന്തം സുജിത് ഭക്തൻ”
വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ ഏഴു വയസുകാരി പാമ്പ് കടിയേറ്റു മരിച്ചു. ശിവപുരം വെമ്പടിയിലെ ഹയ ഹയ (7)യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് ഹയയ്ക്കു പാമ്പ് കടിയേറ്റത്.
ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. ആസിഫിന്റെയും നീർവേലി കുനിയിൽ വീട്ടിൽ സഫീറയുടെയും മകളാണ്. മെരുവമ്പായി എംയുപി സ്കൂൾ രണ്ടാം തരം വിദ്യാർഥിനിയാണ്. ലുബ സഹറയാണ് ഹംദയുടെ സഹോദരി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.
കഴിഞ്ഞ വർഷങ്ങളിൽ കുട്ടികൾ പാമ്പുകടിയേറ്റു മരിക്കുന്ന നിരവധി സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തു. ബത്തേരി പുത്തൻകുന്ന് സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ഷഹല ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റു മരിച്ച സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. സ്കൂൾ, ആശുപത്രി അധികൃതരുടെ വീഴ്ച കാരണമാണ് ഷഹലയ്ക്കു പാമ്പുകടിയേറ്റതെന്ന് പിന്നീട് വ്യക്തമായിരുന്നു. ഷഹലയ്ക്കു പാമ്പു കടിയേറ്റിട്ടും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ അധ്യാപകർ കൂട്ടാക്കിയില്ലെന്നായിരുന്നു ആരോപണം. പിന്നീട് ഷഹലയുടെ പിതാവ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ വൈകിയതും മരണ കാരണമായി.
കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഗഡി റോഡിലുള്ള വീട്ടിൽ ഇന്ന് ഉച്ചയോടെയാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു ജയശ്രീയെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
വിഷാദരോഗത്തിന് അടിമയാണെന്നും ഈ നശിച്ച ലോകത്തു നിന്ന് യാത്ര പറയുകയാണെന്നും നടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഏറെ ചർച്ചയായിരുന്നു. ജൂലൈ 22നായിരുന്നു ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത് ചർച്ചയായതിന് പിന്നാലെ താരം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും താൻ സുരക്ഷിതയാണെന്ന് കുറിക്കുകയും ചെയ്തിരുന്നു.
ജൂലൈ 25ന് സോഷ്യൽമീഡിയയിൽ ലൈവിൽ വന്ന ജയശ്രീ താനിതെല്ലാം ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയല്ല, തനിക്ക് സാമ്പത്തിക പ്രശ്നങ്ങളില്ലെന്നും വ്യക്തമാക്കിയിരുന്നു. താൻ വിഷാദരോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ്. തന്റെ മരണം മാത്രമാണ് താൻ ഇപ്പോൾ പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു ലൈവിൽ പറഞ്ഞത്.
കന്നഡ ബിഗ് ബോസ് സീസൺ മൂന്ന് മത്സരാർത്ഥിയായിരുന്നു ജയശ്രീ. മോഡലിംഗ് രംഗത്തു നിന്നാണ് ജയശ്രീ സിനിമയിലേക്ക് എത്തുന്നത്. 2017 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ഉപ്പു ഹുലി ഖാരയാണ് ആദ്യ ചിത്രം.
തിരുവനന്തപുരം: വികാരിയെ പള്ളിമേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി . പാളയം സെന്റ്. ജോസഫ്സ് കത്തീഡ്രലിലെ സഹവികാരി ഫാദര്‍ ജോണ്‍സണ്‍ മുത്തപ്പനാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടത്തിലാണ് മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
പ്രമുഖ ദേവാലയമായ സെന്റ്. ജോസഫ്സ് കത്തീഡ്രലിലെ പള്ളിമേടയില്‍ ഫാദര്‍ ജോണ്‍സണ്‍ മുത്തപ്പനെ രാവിലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പള്ളിയിലെ സഹ വികാരിയായ ഫാദര്‍ ജോണ്‍സണ്‍ നഗരത്തിലെ വാന്റോസ് ജംഗ്ഷന് സമീപം രാവിലെ പ്രാര്‍ത്ഥന കര്‍മ്മങ്ങള്‍ക്ക് എത്തുമെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ സമയമായിട്ടും എത്താത്തതിനെ തുടര്‍ന്ന് പള്ളിമേടയില്‍ പരിശോധന നടത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. പൊഴിയൂര്‍ പുല്ലുകാട് സ്വദേശിയായ ജോണ്‍സണ് ഒരു വര്‍ഷം മുന്‍പാണ് വികാരി പട്ടം ലഭിച്ചത്.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റ്മോര്‍ട്ടത്തിലെ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് കരുതുന്നത്.
പെണ്‍മക്കളെ ക്രൂരമായി തലക്കടിച്ച് കൊന്ന് മാതാപിതാക്കള്‍. ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലാണ് സംഭവം. 22ഉം 27ഉം വയസ്സുള്ള പെണ്‍മക്കളെയാണ് മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്. അലേഖ്യ (27), സായ് ദിവ്യ (22) എന്നിവരെയാണ് കൊല്ലപ്പെട്ടത്. അന്ത വിശ്വാസികളായ കുടുംബം മക്കള്‍ പുനര്‍ജനിയ്ക്കുമെന്ന വിശ്വാസത്തിലാണ് സ്വന്തം മക്കളെ കൊലപ്പെടുത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അടുത്ത സൂര്യോദയത്തില്‍ മക്കള്‍ പുനര്‍ജനിക്കുമെന്നും കലിയുഗം അവസാനിക്കുകയും സത്‌യുഗം ആരംഭിക്കുമെന്നും മന്ത്രവാദി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ട് . ഞായറാഴ്ച രാത്രിയില്‍ അസ്വാഭാവികമായ ശബ്ദങ്ങള്‍ വീട്ടില്‍ നിന്നും വന്നതിനെത്തുടര്‍ന്നാണ് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുന്നത്.
ഇവരുടെ വീട്ടില്‍ പൂജാ ചടങ്ങുകള്‍ പതിവായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൊലപാതകം നടന്ന ദിവസവും ഇവിടെ പൂജ നടത്തിയിരുന്നു. പൂജയ്ക്ക് ശേഷം ഇളയ മകള്‍ സായ് വിദ്യയെ ഒരു ത്രിശൂലം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൂത്ത മകള്‍ അലേഖ്യയെയും കൊലപ്പെടുത്തി. വായില്‍ ഒരു ചെമ്പ് പാത്രം തിരുകി വച്ച ശേഷം വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബെല്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചാണ് അലേഖ്യയെ കൊലപ്പെടുത്തിയത്.
കൊലപാതകങ്ങള്‍ നടത്തിയ ശേഷം പിതാവ് തന്നെ ഒരു സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നുവെന്ന് ഡിഎസ്പി രവി മനോഹര ചരി അറിയിച്ചു. പുരുഷോത്തമിന്റെ കുടുംബം കടുത്ത അന്തവിശ്വാസികളായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ‘മക്കള്‍ വീണ്ടും ജീവിച്ച് വരുമെന്ന വിശ്വാസത്തിലാണ് അവര്‍ കൊല നടത്തിയതെന്നാണ് പ്രാഥമികമായി കരുതുന്നത്.
കുട്ടികളുടെ മാതാവ് പത്മജയാണ് കൊലപാതകങ്ങള്‍ നടത്തിയത്. പിതാവും ഈ സമയം അവര്‍ക്കൊപ്പമുണ്ടായിരുന്നു’-പൊലീസ് വ്യക്തമാക്കി. ഇവര്‍ മാനസിക പ്രശ്നങ്ങള്‍ ഉള്ളവരാണെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്. മരിച്ച ഇളയ പെണ്‍കുട്ടി മുംബൈയില്‍ എ.ആര്‍ റഹ്മാന്‍ മ്യൂസിക് സ്‌കൂളില്‍ പഠിക്കുകയായിരുന്നു. കൊലപാതകം നടത്തിയ അച്ഛന്‍ കോളജ് പ്രൊഫസറും അമ്മ സ്‌കൂള്‍ പ്രിന്‍സിപ്പലുമാണ്.
കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. കുട്ടിയുടെ മരണം പൊലീസ് മർദനത്തെ തുടർന്നാണെന്ന് ആക്ഷേപമുയർന്നു. കേസിലുൾപ്പെട്ട കുട്ടികളെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് നാട്ടുകാർ ആരോപിച്ചു. അവശനിലയിലായ കുട്ടികൾ വെള്ളി രാത്രി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയെന്നും കുട്ടികൾ മാനസിക സമ്മർദത്തിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. അതിനിടെ കുട്ടികളെ ഉപദ്രവിച്ചിട്ടില്ലെന്ന് കളമശേരി പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലായതോടെ വീട്ടുകാര്‍ക്കൊപ്പം വിട്ടുവെന്ന് പൊലീസ് വിശദീകരിച്ചു. കുട്ടികൾക്ക് കൗൺസിലിങിന് വേണ്ടി ചൈൽഡ് ലൈനിൽ ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറിയെന്നും ബന്ധുക്കൾ ആരോപിച്ചു.
കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ 17കാരനാണ് ആത്മഹത്യ ചെയ്തത്. ഏഴംഗ സംഘമാണ് 17കാരനെ മർദ്ദിച്ചത്. ഇവരിൽ മരിച്ച കുട്ടിയടക്കം ആറ് പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു. ഒരാളെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുള്ളൂ. മർദ്ദനമേറ്റ് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് കൂട്ടുകാരുടെ ക്രൂരതയെക്കുറിച്ച് തുറന്നു പറയാൻ പതിനേഴുകാരൻ തയ്യാറായത്. മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ആക്രമിച്ച കുട്ടികൾ തന്നെ വീഡിയോ ആയി പകർത്തുകയും പ്രചരിപ്പിക്കുകയുമായിരുന്നു.
സംഭവത്തിൽ ഉൾപ്പെട്ട ഏഴു പേരിൽ നാലു പേരെ കളമശ്ശേരി പൊലീസ് മാതാപിതാക്കൾക്കൊപ്പം വിളിച്ചു വരുത്തിയിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയച്ചു. ഇവരുടെ മൊഴിയിൽ നിന്നാണ് പതിനെട്ടു വയസ്സുകാരനായ അഖിൽ വർഗീസിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്നാണ് മർദ്ദനത്തിന് നേതൃത്വം കൊടുത്ത അഖിലിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഖിലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ബാക്കി ആറ് പേർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. മർദ്ദനമേറ്റ കുട്ടി ആലുവ ജില്ല ആശുപത്രിയിൽ തുടർ ചികിത്സ തേടി.
പ്രമുഖ ടിക് ടോക് താരം റാഫി ഷെയ്ഖിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ സ്വന്തം വസതിയിലാണ് റാഫിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റാഫിയുടെ മാതാപിതാക്കളില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്.
ടിക് ടോകിലും, ഇന്‍സ്റ്റഗ്രാമിലും ഉള്‍പ്പെടെ നിരവധി ആരാധകരുള്ള താരമാണ് റാഫി ഷെയ്ഖ്. എന്നാല്‍ റാഫി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇതുവരെ വ്യക്തമല്ല. റാഫിയുടെ സൂഹൃത്തുക്കളായ ചിലര്‍ ഉപദ്രവിച്ചിരുന്നു എന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്.
കുറച്ച് ദിവസം മുമ്പ് റാഫിയെ ചില സുഹൃത്തുക്കള്‍ തട്ടിക്കൊണ്ട് പോയതായും മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. മരിക്കുന്നതിന് മുമ്പ് കഫേ കോഫി ഡേയില്‍ ഒരു പെണ്‍കുട്ടിയെ കാണാന്‍ റാഫി പോയിരുന്നു. അതിന് ശേഷം നാരായണ റെഡി പേട്ടയില്‍ തന്റെ സുഹൃത്തുക്കളെ കാണാനും പോയി.
അവിടെ പോയി തിരികെ വന്നപ്പോള്‍ മര്‍ദ്ദനേറ്റ നിലയിലായിരുന്നു റാഫിയെന്നും മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. സുഹൃത്തുക്കള്‍ റാഫിയെ ഉപദ്രവിക്കുന്ന വീഡിയോ പകര്‍ത്തുകയും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു എന്നും മാതാപിതാക്കള്‍ പറയുന്നു.
ദൂരൂഹ സാഹചര്യത്തിലുള്ള മരണമായതിനാല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം പുരേഗമിക്കുകയാണ്. 2019ല്‍ നടന്ന ബൈക്ക് അപകടമാണ് റാഫി ഉള്‍പ്പെട്ടിരുന്ന മറ്റൊരു വിവാദ സംഭവം. റാഫിയും മറ്റൊരു ടിക് ടോക് താരമായ സോനിക കേതാവന്തും യാത്ര ചെയ്തിരുന്ന ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു.
അപകടത്തില്‍ സോനിക മരണപ്പെട്ടു. തുടര്‍ന്ന് ടിക് ടോകില്‍ വീഡിയോ പങ്കുവെക്കുന്നത് നിര്‍ത്തുകയാണെന്ന് റാഫി അറിയിച്ചിരുന്നു.
എറണാകുളം കളമശേരിയില്‍ ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചതിന്റെ പേരില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച കേസിലുള്‍പ്പെട്ട കുട്ടി ജീവനൊടുക്കി. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചാണ് പതിനേഴുകാരനെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ കുട്ടിക്കും മര്‍ദ്ദിച്ചവര്‍ക്കും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്.
നാല് പേരെയും സറ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമാണ് പതിനേഴുകാരന്‍ മര്‍ദനമേറ്റത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്നാരോപിച്ച് കുട്ടിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും മര്‍ദ്ദനമേറ്റ കുട്ടിയുടെ സഹോദരന്‍ അവ വീണ്ടെടുത്തു. ശരീരമാസകലം ക്ഷതമേറ്റ കുട്ടി മെഡിക്കള്‍ കോളജ് ആശുപത്രി വിട്ടെങ്കിലും പതിനേഴുകാരന് എഴുന്നേറ്റ് നടക്കാനാകാത്ത സ്ഥിതിയാണ്.
കാസർകോട് നഗരത്തിൽ മധ്യവയസ്കൻ മർദനമേറ്റ് മരിച്ചു. ചെമ്മനാട് സ്വദേശി റഫീഖാണ് മരിച്ചത്. 45 വയസായിരുന്നു. സ്ത്രീയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. പുതിയ ബസ് സ്റ്റാൻഡ് പരിസരം വരെ ഇയാൾ ഓടി എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ മർദനം തന്നെയാണോ മരണകാരണമെന്ന് പറയാനാകില്ലെന്ന് പൊലീസ് പറഞ്ഞു. കാസർകോട് ജനറൽ ആശുപത്രിയിലുള്ള മൃതദേഹം ഉടൻ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. ശല്യപ്പെടുത്തി എന്ന് പറയുന്ന യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്
മുന്‍ നിയമസഭാ സ്പീക്കര്‍ വിഎംസി ശിവകുമാറിന്റെ ഘാതകി ആര്‍ എഴിലരസി ബിജെപിയില്‍ ചേര്‍ന്നു. അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന എഴിലരസി പുതുച്ചേരി-തമിഴ്നാട് അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ വെച്ചാണ് പുതുച്ചേരി ബിജെപി അധ്യക്ഷന്‍ വി സാമിനാഥന്റെ സാന്നിധ്യത്തില്‍ വനിതാ ഗുണ്ടാ നേതാവ് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്.
ബിജെപിയില്‍ അംഗത്വം എടുക്കുന്നതിന് ആര്‍ക്കും തടസമില്ലെന്നും അംഗത്വമെടുക്കുന്നയാളുടെ പശ്ചാത്തലം പാര്‍ട്ടിയുടെ മുഖഛായയെ ബാധിക്കില്ലെന്നും സംഭവത്തില്‍ ബിജെപി നേതാക്കള്‍ വിശദീകരണവുമായി രംഗത്തെത്തി. മുന്‍ സ്പീക്കറെ അടക്കം മൂന്ന് പേരെ കൊന്നകേസിലെ പ്രതിയാണ് എഴിലരസി.
തട്ടികൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി 15 ഓളം കേസുകളും ഇവര്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. 2017 ലാണ് വിഎംസി ശിവകുമാറിനെ പട്ടാപ്പകല്‍ പെട്രോള്‍ ബോംബ് എറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടി കൊല്ലുകയായിരുന്നു. ഈ കേസിലെ മുഖ്യപ്രതിയാണ് എഴിലരസി. ഈ സാഹചര്യത്തിലാണ് ബിജെപി പാര്‍ട്ടി പ്രവേശനവും ചര്‍ച്ചയാകുന്നത്.
വി സ്വാമിനാഥന്റെ വാക്കുകള്‍;
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ മത്സരിച്ചിട്ടുണ്ട്. തനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹം തെരഞ്ഞെടുപ്പില്‍ വിജയക്കുകയും ഇപ്പോള്‍ സഭാംഗവുമാണ്. ഇതൊക്കെ ജനങ്ങളാണ് തീരുമാനിച്ചത്. അവര്‍ തീരുമാനിക്കട്ടെ.