ദമ്പതികളെ കുത്തി പരുക്കേല്‍പിച്ച ശേഷം തീകൊളുത്തിയ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. മുന്നൂര്‍പ്പിള്ളി മാരേക്കാടന്‍ പരേതനായ ശിവദാസന്റെയും രമണിയുടെയും മകന്‍ നിഷില്‍ (31) ആണ് മരിച്ചത്. പാലിശേരി താന്നിച്ചിറ കനാല്‍ബണ്ടിനു സമീപം വാഴക്കാല ഡൈമിസ് (34), ഭാര്യ ഫിഫി (28) എന്നിവര്‍ക്കാണു കുത്തേറ്റത്.
ദമ്പതികളുടെ വീടിന്റെ ടൈല്‍ ജോലികളുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലപാതകശ്രമത്തിലെത്തിയത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോയ ഡൈമിസും ഫിഫിയും ഇന്നലെ രണ്ടിനു വീട്ടില്‍ തിരികെയെത്തിയപ്പോഴാണു സംഭവം.
ദമ്പതികളുടെ വീടിന്റെ ഗൃഹപ്രവേശം നടന്നതു 10 മാസം മുന്‍പായിരുന്നു. വീടിന്റെ ടൈല്‍ ജോലികള്‍ ചെയ്തതിലെ തര്‍ക്കവുമായി ബന്ധപ്പെട്ടു നിഷിലിന് എതിരെ ദമ്പതിമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ടൈല്‍ ജോലികള്‍ തീര്‍ന്നപ്പോള്‍ 30,000 രൂപ കൂടി ലഭിക്കാനുണ്ടെന്നായിരുന്നു നിഷിലിന്റെ വാദം. ടൈലിട്ട ഭാഗം അളന്നപ്പോള്‍ അത്രയും നല്‍കാനില്ലെന്നു ഡൈമിസ് പറഞ്ഞതാണു തര്‍ക്കത്തിന് ഇടയാക്കിയത്. ഒരു പ്രാവശ്യം ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി പ്രശ്‌നം പരിഹരിച്ചു വിട്ടതാണെന്നു പൊലീസ് അറിയിച്ചു.
അടുത്തിടെ ഇവര്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഒരാഴ്ച മുന്‍പു ഡൈമിസ് നിഷിലിനെതിരെ വീണ്ടും പൊലീസിനെ സമീപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നിഷിലിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും ഹാജരായില്ലെന്നും പൊലീസ് അറിയിച്ചു.
കുത്തേറ്റവര്‍ പറയുന്നത് ഇങ്ങനെയാണ്: വീടിന്റെ താഴെ ഭാഗത്തു നിഷില്‍ നേരത്തെ തന്നെ എത്തി ഒളിച്ചിരിക്കുകയായിരുന്നു. നായയ്ക്കു ചോറു നല്‍കാനായി പോകവേ ഫിഫിയെ നിഷില്‍ ആക്രമിച്ചു. ഫിഫി ബഹളം വച്ചു വീടിന്റെ മുന്‍വശത്തേക്ക് ഓടി. പിന്നാലെ ഓടിയെത്തിയ നിഷിലിന്റെ ആക്രമണം തടയുന്നതിനിടെ ഡൈമിസിനും കുത്തേറ്റു. നിഷില്‍ കത്തിയും ഇന്ധനവും കരുതിയാണു വീട്ടിലെത്തി ഒളിച്ചിരുന്നതെന്നും കുത്തേറ്റവര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
ബഹളം കേട്ടു നാട്ടുകാര്‍ എത്തുമ്പോള്‍ ദമ്പതിമാര്‍ കുത്തേറ്റ നിലയില്‍ വീടിന്റെ സിറ്റൗട്ടിലും ദേഹത്താകെ തീയുമായി നിഷില്‍ മുറ്റത്തും കിടക്കുന്നതാണു കണ്ടത്. വെള്ളമൊഴിച്ചു നിഷിലിന്റെ ദേഹത്തെ തീകെടുത്തി. നാട്ടുകാര്‍ ദമ്പതികളെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലും നിഷിലിനെ അങ്കമാലിയിലെ ആശുപത്രിയിലും എത്തിച്ചു.
നിഷിലിനെ അങ്കമാലിയില്‍ നിന്നു തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകുന്ന വഴിയാണു മരിച്ചത്. നിഷില്‍ അവിവാഹിതനാണ്. സഹോദരി: നിമ.
പ്രശസ്ത തമിഴ് സീരിയല്‍ താരം വിജെ ചിത്രയെ ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടലിലെത്തിയ ചിത്രയെ ഇന്ന് പുലര്‍ച്ചയോടെയാണ് താരത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതിശ്രുത വരന്‍ ഹേമന്ദ് ഉള്‍പ്പടെയുള്ളവരെ പോലീസ് ചോദ്യം ചെയ്തു. തമിഴിലെ ജനപ്രിയ സീരിയില്‍ പാണ്ഡ്യന്‍ സ്റ്റോഴ്‌സിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് പുലര്‍ച്ചെ ഒരു മണിയോടെയാണ് ചിത്ര ഹോട്ടലില്‍ മടങ്ങിയെത്തിയത്. പ്രതിശ്രുത വരനും ബിസിനസ്സുകാരനുമായ ഹേമന്തിനൊപ്പം നസ്‌റത്ത്‌പേട്ടൈയിലുള്ള ഹോട്ടലിലായിരുന്നു താമസം. കുറച്ചു മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.
കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നി ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് റൂം തുറന്നപ്പോള്‍ കണ്ടത് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന ചിത്രയെയാണ്. ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഫോട്ടോകള്‍ തൊട്ടുമുന്‍പ് വരെ ഇന്‍സ്റ്റഗ്രാമില്‍ ചിത്ര പങ്കുവച്ചിരുന്നു.
ലൊക്കേഷനില്‍ പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്ന് ചിത്രയുടെ സുഹ്യത്തുക്കളും ചൂണ്ടിക്കാട്ടി. ലൊക്കേഷനില്‍ നിന്ന് സന്തോഷത്തോടെ മടങ്ങിയ ചിത്ര മണിക്കുറുകള്‍ക്കകം ആത്മഹത്യ ചെയ്തുവെന്ന തങ്ങളില്‍ ഞെട്ടലുളവാക്കിയെന്നും അണിയറ പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു. ഹേമന്ദുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
രാവിലെ എഴുന്നേൽക്കാൻ താമസിച്ചതിനു പതിനേഴുകാരിയായ മകളെ വാക്കത്തി കൊണ്ടു വെട്ടിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ മകളുടെ തലയ്ക്കു സാരമായി പരുക്കേൽക്കുകയും കൈവിരൽ മുറിഞ്ഞു തൂങ്ങുകയും ചെയ്തു. കറുകച്ചാൽ പച്ചിലമാക്കൽ മാവേലിത്താഴെയിൽ രഘു (48) ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. മകൾ എഴുന്നേൽക്കാൻ താമസിച്ചെന്നു പറഞ്ഞു രഘു വാക്കത്തിയുമായി മുറിയിലെത്തിയ ശേഷം വഴക്കുണ്ടാക്കുകയും തലയ്ക്കു വെട്ടുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തലയിൽ നിന്നു രക്തം വാർന്നൊഴുകിയതിനെത്തുടർന്നു നിലവിളിച്ചപ്പോൾ ഇയാൾ വീണ്ടും വെട്ടി. വെട്ടു തടയുന്നതിനിടയിൽ മകളുടെ വലതുകയ്യിലെ മോതിരവിരൽ മുറിഞ്ഞുതൂങ്ങി.
സംഭവസമയത്ത് ഇരുവരും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. രഘുവിന്റെ ഭാര്യ വീട്ടിൽ ഇല്ലായിരുന്നു. സംഭവത്തെ തുടർന്നു സമീപത്തെ വീട്ടിൽ അഭയം തേടിയ പെൺകുട്ടിയെ നാട്ടുകാർ ചേർന്നാണു കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ രഘുവിനെ റിമാൻഡ് ചെയ്തു.
യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് തൂങ്ങി മരിച്ച നിലയിൽ. ആശാൻപറമ്പിൽ ടി.ബിജുവാണ് (42) മരിച്ചത്. മുൻപ് ഒരുമിച്ചു താമസിച്ചിരുന്ന ജെസിയെ (39) ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ 3ന് ആണ് സംഭവം. ജെസിയുടെ വീട്ടിലെത്തിയ ബിജു ഏണി ഉപയോഗിച്ച് വീടിനു മുകളിൽ കയറി ഓടിളക്കി മുറിക്കുള്ളിൽ ഇറങ്ങിയ ശേഷം വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു.
ബഹളംകേട്ട് നാട്ടുകാർ എത്തിയതോടെ ഇയാൾ കടന്നുകളഞ്ഞു. കോന്നി പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തുത്തതിനിടെയാണ് ബിജുവിനെ വീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.പീഡനക്കേസിൽ റിമാൻഡിലായിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയതാണെന്നു പൊലീസ് പറഞ്ഞു.
സര്‍ക്കാര്‍ ഓഫീസില്‍ ശുചിമുറിയില്ലാത്തതിനെ തുടര്‍ന്ന് പ്രാഥമിക ആവശ്യത്തിനായി പുറത്തിറങ്ങിയ ഭിന്നശേഷിക്കാരി സെപ്റ്റിക് ടാങ്കില്‍ വീണ് ദാരുണാന്ത്യം. തമിഴ്‌നാട്ടിലാണ് വേദനാജനകമായ സംഭവം. കാഞ്ചിപുരം അസിരിനഗര്‍ നിവാസി ശരണ്യ ആണ് മരിച്ചത്.
24 വയസ്സായിരുന്നു. കലകത്തൂര്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ ജൂനിയര്‍ അസിസ്റ്റന്റാണ് ഭിന്നശേഷിക്കാരിയായ ശരണ്യ. ഓഫീസില്‍ ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തതിനാല്‍ സമീപത്തെ ഒരു കെട്ടിടത്തിലെ ശുചിമുറി സംവിധാനമാണ് ഉപയോഗപ്പെടുത്തിയിരുന്നത്.
അവിടെ വച്ചാണ് അപകടം സംഭവിച്ചത്. ശുചിമുറിയില്‍ പോകാനിറങ്ങിയതായിരുന്നു ശരണ്യ എന്നാല്‍ കനത്തമഴ പെയ്തതിനാല്‍ പ്രദേശമാകെ വെള്ളം കെട്ടിയ നിലയിലായിരുന്നു. ടോയ്‌ലറ്റിന് മുന്നിലായാണ് സെപ്റ്റിക് ടാങ്ക്. വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
കാല് വച്ച ശരണ്യ, മുകളിലെ കോണ്‍ക്രീറ്റ് തകര്‍ന്ന് എട്ടടി താഴ്ചയുള്ള സെപ്റ്റിങ്ക് ടാങ്കിലേക്ക് വീഴുകയായിരുന്നു. ടോയ്‌ലറ്റില്‍ പോകാനിറങ്ങിയ ശരണ്യയെ ഏറെ നേരമായി കാണാതെ സംശയം തോന്നിയ സഹപ്രവര്‍ത്തകര്‍ തിരക്കിയിറങ്ങിയപ്പോഴാണ് സെപ്റ്റിങ്ക് ടാങ്കില്‍ നിന്നും യുവതിയെ കണ്ടെത്തുന്നത്. സംഭവം രാജ്യത്തെ ഒന്നടഹ്കം നടുക്കിയിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയും നടനുമായ ദിലീപ് തടസ്സഹര്‍ജിയുമായി സുപ്രീംകോടതിയിൽ. വിചാരണക്കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
വിചാരണ നടപടികള്‍ സ്റ്റേചെയ്യണമെന്ന് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേസിലെ നാലാം പ്രതിയായ വി.പി. വിജീഷും തടസഹർജി ഫയൽ ചെയ്തിട്ടുണ്ട്. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുൾ റോഹ്തഗി ഹാജരാകും.
സംസ്ഥാന സർക്കാരിന്റെ ഹർജി ക്രിസ്മസ് അവധിക്ക് മുൻപ് പരിഗണിച്ചേക്കുമെന്നാണ് സൂചന. വിചാരണക്കോടതി ജഡ്ജിയെ മാറ്റില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിൽ വിചാരണ നടപടികൾ ബുധനാഴ്ചത്തേക്കു മാറ്റിയിരിക്കുകയാണ്.
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയിൽ സിബിഐ അന്വേഷണം തുടങ്ങി. പോളിസി രേഖകളിലെ ബാലഭാസ്കറിന്റെ കൈയ്യൊപ്പ് വ്യാജമാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ഇൻഷുറൻസ് കമ്പനി ജീവനക്കാരെ സിബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. നേരത്തെ ബന്ധുക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്‍ഷുറന്‍സ് പോളിസിയുടെ വിവരങ്ങള്‍ കമ്പനിയില്‍ നിന്നും ശേഖരിക്കുകയും ചെയ്തിരുന്നു.
ബാലഭാസ്കര്‍ മരിക്കുന്നതിന് മുമ്പാണ് 82 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കവറേജുള്ള പോളിസി ബാലഭാസ്കറിന്റെ പേരില്‍ എടുക്കുന്നത്. പോളിസി രേഖകളില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി വിഷ്ണുവിന്റെ മൊബൈല്‍ നമ്പരും ഇമെയില്‍ വിലാസവുമാണ് രേഖപ്പെടുത്തിയിരുക്കുന്നത്.
പ്രണയിച്ച് വിവാഹം കഴിച്ചതിന് പിന്നാലെ വധ ശ്രമം നടത്തിയ സംഭവത്തില്‍ ബന്ധുക്കള്‍ക്കെതിരെ പരാതിയുമായി പെണ്‍കുട്ടി രംഗത്തെത്തി. കോഴിക്കോട് ജില്ലയിലാണ് സംഭവം. ആക്രമണ ഉണ്ടായപ്പോള്‍ തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പോലീസ് നടപടി എടുത്തില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു.
ഫര്‍ഹാന എന്ന പെണ്‍കുട്ടിയാണ് ബന്ധുക്കള്‍ക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയത്. സ്വാലിഹ് എന്ന യുവാവുമായുള്ള വിവാഹത്തിന് തന്റെ വാപ്പയ്ക്കും ഉമ്മയ്ക്കും സമ്മതമായിരുന്നുവെന്നുവെന്നും ഫര്‍ഹാന വ്യക്തമാക്കി. പെണ്‍കുട്ടിയുടെ അമ്മാവന്മാരാണ് ഇന്നലെ ദമ്പതികള്‍ക്കെതിരെ വധശ്രമം നടത്തിയത്.
ബന്ധുക്കളില്‍ നിന്നും ആക്രമണം ഉണ്ടായപ്പോള്‍ തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടപടി എടുത്തില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു. ജീവിക്കാന്‍ ഭയം തോന്നിയതിനാലാണ് പോലീസിനെ സമീപിച്ചതെന്ന് ഫര്‍ഹാന പറഞ്ഞു.
പ്രതികള്‍ നവ വരനായ സ്വാലിഹിനെ കൊല്ലും എന്ന് ഭീഷണി മുഴക്കിയിരുന്നുവെന്നും ഫര്‍ഹാന വെളിപ്പെടുത്തി. പ്രതികള്‍ സ്വാധീനമുള്ളവരാണ്. അവര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സമാധാനത്തോടെ ജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലന്നും സ്വാലിഹ് പറഞ്ഞു.
യുവതിയെയും 3 മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലാണ് സംഭവം. എടവനക്കാട് കൂട്ടുങ്കല്‍ച്ചിറ മുണ്ടേങ്ങാട്ട് സനലിന്റെ ഭാര്യ വിനീത (25), മക്കളായ സവിനയ് (4), ശ്രാവണ്‍ (2), ശ്രേയ (4മാസം) എന്നിവരാണു മരിച്ചത്.
കടപ്പുറത്തോടു ചേര്‍ന്നു തന്നെയാണു കൂട്ടമരണം നടന്ന വീട്. അയല്‍വാസികളാണു മരണവിവരം പൊലീസില്‍ വിവരമറിയിച്ചത്. വിനീതയുടെ ഭര്‍ത്താവ് സനല്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ രാത്രി വീട്ടിലുണ്ടായിരുന്നു. കുട്ടികള്‍ക്കു വിഷം നല്‍കിയ ശേഷം വിനീത ജീവനൊടുക്കുകയായിരുന്നുവെന്നാണു നിഗമനം.
വീടിന്റെ ഹാളില്‍ ഉറങ്ങിയിരുന്ന താന്‍ രാവിലെ മത്സ്യബന്ധനത്തിനു പോകാന്‍ വസ്ത്രം മാറുന്നതിനു മുറിയിലെത്തിയപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടതെന്നു സനല്‍ പൊലീസിനോടു പറഞ്ഞു. കുട്ടികള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലും വിനീത സമീപത്തു തന്നെ തൂങ്ങിയ നിലയിലുമായിരുന്നു.
വിനീത എഴുതിയതെന്നു കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് വീടിനുള്ളില്‍ നിന്നു കണ്ടെടുത്തു. സംഭവത്തില്‍ ദുരൂഹതകളില്ലെന്നും കുടുംബപ്രശ്‌നങ്ങളാണു പ്രേരണയായതെന്നാണു സൂചനയെന്നും പൊലീസ് പറഞ്ഞു. വിഷം കഴിച്ചാണ് മരണമെന്ന് പോലീസ് പറയുന്നു.
എന്നാല്‍ ഫൊറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ വിഷത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നു പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ എറണാകുളം ഗവ.മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടക്കും.
കൊച്ചി ഞാറയ്ക്കലിൽ അമ്മയുടെയും മൂന്നു മക്കളുടെയും മരണത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഭർത്താവിനോടുള്ള സംശയമാണ് കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.
ഞാറയ്ക്കൽ എടവനക്കാട് അമ്മയും പിഞ്ചുകുട്ടികളും മരിച്ച സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. കുട്ടികളുടെ അമ്മയായ 25 കാരി വിനീത എഴുതിയ ഡയറിക്കുറിപ്പ് ആണ് കണ്ടെത്തിയത്. ഭർത്താവിനോടുള്ള സംശയം മൂലമുണ്ടായ കുടുംബ കലഹമാണ് മരണകാരണമെന്നാണ് കുറിപ്പിലൂടെ വ്യക്തമാകുന്നത്.
മത്സ്യത്തൊഴിലാളിയാണ് മരിച്ച വിനീതയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. മൂന്ന് മക്കളുണ്ട്. ഭർത്താവിന് അന്യ സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് വിനീത ഈ കടുംകൈ ചെയ്തത്. നാലും മൂന്നും മൂന്ന് മാസവും മാത്രം പ്രായമായ പിഞ്ചു കുഞ്ഞുങ്ങൾക്ക് വിഷം നൽകിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. മരണത്തിന് കാരണക്കാരിയെന്ന് ആരോപിക്കുന്ന സ്ത്രീയുടെ പേരും കുറിപ്പിലുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
ഭോപ്പാൽ: മധ്യപ്രദേശിലെ രത്ലത്തിൽ സൈക്കോ കില്ലർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊലയാളിയെ ഏറ്റുമുട്ടലിൽ പോലീസ് വധിച്ചു. ഗുജറാത്തിലെ ദാഹോദ് സ്വദേശിയായ ദിലീപ് ദേവൽ ആണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ അഞ്ച് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി ദേവലിനെതിരെ ആറ് കൊലക്കേസുകളാണുള്ളത്. രത്ലത്തിൽ ദേവലും സംഘവും ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയിരുന്നു.
നവംബർ 25 ന് ദിപാവലി ദിവസം പടക്കംപൊട്ടിച്ച് ആളുകൾ ആഘോഷിക്കുന്ന സമയമാണ് ദേവൽ കൊലയ്ക്ക് ഉപയോഗിച്ചത്. അടുത്തിടെ കുറച്ച് സ്ഥലം വിറ്റതായും വീട്ടിൽ പണം സൂക്ഷിച്ചിരിക്കാമെന്നും അറിഞ്ഞതിനെത്തുടർന്ന് രത്ലത്തിലെ കുടുംബത്തെ കൊള്ളയടിക്കാൻ ദേവാൽ തീരുമാനിക്കുകയായിരുന്നു. പ്രായമായവർ താമസിക്കുന്ന വീടുകളാണ് ഇയാൾ കവർച്ച നടത്താൻ തെരഞ്ഞെടുക്കുന്നത്. സാക്ഷികൾ അവശേഷിക്കാതിരിക്കാൻ വീട്ടുകാരെ കൊലപ്പെടുത്തുകയും ചെയ്യും. ജൂണിൽ ഒരു സ്ത്രീയെയും ഇയാൾ കൊലപ്പെടുത്തിയിരുന്നു. ദേവലിന്റെ കൂട്ടാളികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.