Crime

ഫ്രാൻസിലെ ലിയോൺ നഗരത്തിലെ പള്ളിയിൽ വെടിവയ്പ്പ്. ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ ശനിയാഴ്ച വൈകുന്നേരത്തോടെയുണ്ടായ വെടിവയ്പ്പിൽ വൈദികന് ഗുരുതര പരുക്കേറ്റു.

പള്ളി അടയ്ക്കുന്നതിനിടെ അജ്ഞാതനായ അക്രമി വൈദികന് നേരെ രണ്ട് തവണ നിറയൊഴിക്കുകയായിരുന്നു. അടിവയറിലാണ് വെടിയേറ്റത്. നിറയൊഴിച്ച ശേഷം അക്രമി ഓടി രക്ഷപെട്ടു.

കഴിഞ്ഞ ദിവസം നിസിലെ കത്തോലിക ബസലിക്കയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു. അക്രമസംഭവങ്ങളെത്തുടർന്നു രാജ്യത്തെ ആരാധനാലയങ്ങൾക്കു കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്

ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. തമിഴ്‌നാട് നാഗര്‍കോവിലില്‍ നവീന്‍ എന്ന 32കാരന്‍ ആണ് ആത്മഹത്യ ചെയ്തത്. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നേര്‍ച്ച നേര്‍ന്നിരുന്നു. അതു നിറവേറ്റുകയാണെന്ന് എഴുതിയ കുറിപ്പ് മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെടുത്തു.

കന്യാകുമാരി എല്ലുവിള സ്വദേശിയാണ് നവീന്‍. ഇന്നു രാവിലെയാണ് നാഗര്‍കോവില്‍ പുത്തേരിയെന്ന സ്ഥലത്തെ റെയില്‍വേ പാളത്തില്‍ ഛിന്നഭിന്നായ മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്നു തിരിച്ചറിയല്‍ രേഖകളും പാസ്‌പോര്‍ട്ടും ഒരു കുറിപ്പും കണ്ടെടുത്തു. ഇതില്‍ നിന്നാണു മരിച്ചത് മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജറായ നവീനാണെന്ന് തിരിച്ചറിഞ്ഞത്.

എന്‍ജിനിയറിങ് പഠനം കഴിഞ്ഞു കുറേ കാലം ജോലിക്കു ശ്രമിച്ചിരുന്നു. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു. ഈ നേര്‍ച്ച നിറവേറ്റുന്നുവെന്നാണ് മാതാപിതാക്കള്‍ക്കെഴുതിയ കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തു വന്നിറങ്ങിയ നവീന്‍ സുഹൃത്തുക്കളെ സന്ദര്‍ശിച്ചിരുന്നു. മൃതദേഹം പിന്നീട് നാഗര്‍കോവില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി

ഇന്‍ഫോ പാര്‍ക്കിലെ വഴിയരികില്‍ 64കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാലു പ്രതികള്‍ പിടിയില്‍. കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലം ആയുര്‍ സ്വദേശി ദിവാകരന്‍ നായരുടെ മൃതദേഹം കണ്ടെത്തിയത്. സഹോദരപുത്രന്റെ ഭാര്യാപിതാവ് കോട്ടയം പൊന്‍കുന്നം സ്വദേശി അനില്‍കുമാര്‍, ക്വൊട്ടേഷന്‍ സംഘാംഗങ്ങളായ രാജേഷ്, സഞ്ജയ്, കൊല്ലം സ്വദേശിനി ഷാനിഫ എന്നിവരാണ് അറസ്റ്റിലായത്.

മരിച്ചയാളെ തിരിച്ചറിഞ്ഞത് ജ്യോത്സ്യന്റെ സഹായത്താൽ – ഞായറാഴ്ചയാണ് ശരീരമാസകലം പരുക്കുകളുമായി ദിവാകരന്‍ നായരുടെ മൃതദേഹം വഴിയരികില്‍ കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍ കടലാസു കഷണത്തില്‍ കുറിച്ച കൊല്ലത്തെയൊരു ജ്യോത്സ്യന്റെ ഫോണ്‍നമ്പര്‍ കണ്ടെത്തി. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാലുള്ള ജയസാധ്യത അറിയുന്നതിനായി രണ്ടാഴ്ച മുമ്പ് എത്തിയ ദിവാകരന്‍ നായരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ആളെ തിരിച്ചറിഞ്ഞ ശേഷം മൊബൈല്‍ ടവറുകളും സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ക്യാമറകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

കൊലയ്ക്ക് കാരണം സഹോദരനുമായുള്ള സ്വത്തുതര്‍ക്കം – മരിച്ച ദിവാകരന്‍ നായരും സഹോദരന്‍ മധുവും തമ്മില്‍ ഒന്നരയേക്കറിലധികം വരുന്ന ഭൂമിയെച്ചൊല്ലി തര്‍ക്കം നില നിന്നിരുന്നു. കോടതിയില്‍ നിന്നും മധു അനുകൂലമായ വിധിയും സമ്പാദിച്ചു. എന്നാല്‍, വിധി നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടും വിജയിച്ചില്ല. തുടര്‍ന്നാണ് മധുവിന്റെ മകന്റെ ഭാര്യാപിതാവ് അനില്‍കുമാര്‍ വിഷയത്തില്‍ ഇടപെട്ടത്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കിടെ ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷവും ഉണ്ടായിരുന്നു. പൊന്‍കുന്നം സ്വദേശിയായ അനില്‍കുമാര്‍ ക്വൊട്ടേഷന്‍ സംഘാംഗങ്ങളായ രാജേഷിനും സഞ്ജയ്ക്കുമൊപ്പം ദിവാകരനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.

കൊച്ചിയിലെത്തിക്കാൻ ഹണിട്രാപ്പ് – നാല്‍പ്പതുകാരനായ രാജേഷ് കാമുകിയായ 55കാരി ഷാനിഫയെയാണ് ദിവാകരന്‍ നായരെ കൊല്ലത്തെത്തിക്കാന്‍ ഉപയോഗിച്ചത്. ഷാനിഫ ദിവാകരന്‍ നായരുമായി ഫോണിലൂടെ സംസാരിച്ച് അടുപ്പം സ്ഥാപിച്ച ശേഷം ആലുവയിൽ എത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കാക്കാനാട്ടുള്ള പ്ലോട്ട് സന്ദര്‍ശിക്കാനെന്ന പേരില്‍ കൊച്ചിയിൽ എത്തിയ ദിവാകരനെ ഷാനിഫയെ കാണാന്‍ ആലുവയിലേക്ക് പോകും വഴി പ്രതികള്‍ ഇന്നോവ കാറില്‍ കയറ്റുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം ശ്വാസം മുട്ടിച്ച് വഴിയരികില്‍ ഉപേക്ഷിച്ചു.

യാതൊരു തുമ്പുകളും ഇല്ലാതിരുന്ന കേസില്‍ സി.സി.ടിവി ദൃശ്യങ്ങളാണ് നിര്‍ണായകമായത്. ദിവാകരന്‍ നായര്‍ സഞ്ചരിച്ച ഓട്ടോറക്ഷയെ പിന്തുടരുന്ന ഇന്നോവ കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്ക് എത്തിച്ചത്. തൃക്കാക്കര എ.സി.പി കെ.എം ജിജിമോന്റെ മേല്‍നോട്ടത്തില്‍ നാലു ടീമുകളായി തിരിച്ചായിരുന്നു അന്വേഷണം.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ കാണാനെത്തിയ സഹോദരന്‍ ബിനോയ് കോടിയേരിയെ മടക്കി അയച്ചു. അഭിഭാഷകരുമൊത്ത് ബംഗളുരുവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി അരമണിക്കൂറിലധികം സമയം ചിലവഴിച്ചെങ്കിലും ഇ.ഡി ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. കസ്റ്റഡിയിലുള്ളയാളെ കാണിക്കാന്‍ നിയമപരമായി വ്യവസ്ഥയില്ലെന്നും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമ്പോള്‍ കണ്ട് സംസാരിക്കുന്നതിന് എതിര്‍പ്പില്ലെന്നും ഉദ്യോഗസ്ഥര്‍ തീര്‍ത്തുപറഞ്ഞതോടെ ബിനോയ് മടങ്ങി. തിരിച്ചിറങ്ങുന്നതിനിടെ ഒന്നും പറയാനില്ലെന്നായിരുന്നു അഭിഭാഷകരുടെ പ്രതികരണം. രാവിലെ ബിനോയ് കോടിയേരി ഇ.ഡി ഓഫീസിലെത്തി ബിനീഷിനുള്ള വസ്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കു ൈകമാറിയിരുന്നു.

ലഹരിമരുന്ന് ഇടപാടുകാരന്‍ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബെനാമിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അനൂപിന്റെ അക്കൗണ്ടുകള്‍ വഴി ബിനീഷ് കള്ളപ്പണം വെളിപ്പിച്ചു. ബംഗളൂരുവിലെ അനൂപിന്റെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് ബിനീഷാണെന്നും ഇ.ഡി കണ്ടെത്തി. ബിനീഷ് കോടിയേരി തന്റെ ബോസാണെന്ന് അനൂപ് മൊഴിനല്‍കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്ന വെളിപെടുത്തലാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് നടത്തിയിരിക്കുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടിലും അറസ്റ്റ് സംബന്ധിച്ചുള്ള വാര്‍ത്ത കുറിപ്പിലുമാണ് ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങള്‍ അക്കമിട്ടു നിരത്തുന്നത്. ഓഗസ്റ്റ് 22ന് ലഹരി ഗുളികളുമായി അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ് ബിനീഷിന്റെ ബെനാമിയാണ്. അനൂപിനെ വച്ചാണ് ബിനീഷ് ബംഗളുരുവിലെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത്. കേരളത്തിലിരുന്ന് വിവിധ അക്കൗണ്ടുകള്‍ നിന്ന് അനൂപിന്റെ അക്കൗണ്ടുകളിലേക്കു കണക്കില്‍പെടാത്ത പണം അയച്ചിട്ടുണ്ട്.ഇക്കാര്യം ബിനീഷ് സമ്മതിച്ചെന്നും ഇ.ഡി അവകാശപെടുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ മൂന്ന്, നാലു വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നുമുതല്‍ ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.

ഇരുവരും തമ്മിലുള്ള ഇടപാടുകള്‍ വൃക്തമായി വിശദീകരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തതെന്നാണ് ഇ.ഡിയുടെ വിശദീകരണം. കൂടാതെ നേരത്തെ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചു.

കമ്മനഹള്ളിയിലെ ഹോട്ടല്‍ അടക്കമുള്ളവ, ബെനാമി പേരിലുള്ളതാണെന്ന് അനൂപ് സമ്മതിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിനീഷ് കോടിയേരി ബോസാണെന്നും ബോസിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അനൂപിന്റെ മറ്റൊരു മൊഴി. അനൂപിന് പണം അയച്ചത് സമ്മതിക്കുന്ന ബിനീഷ് കള്ളപണത്തെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപെടുത്താന്‍ തയാറാകുന്നില്ല.അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്നും സിറ്റി സിവില്‍ ആന്‍്ഡ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബിനീഷിനെ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി രാത്രി വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്കു മാറ്റും.

 

മലിനജലം ഒഴിക്കിവിടുന്നത് ചോദ്യം ചെയ്തതിന് യുവതിയെ കുത്തി കൊലപ്പെടുത്തി അയൽവാസിയുടെ കണ്ണില്ലാത്ത ക്രൂരത. വീടിന് മുന്നിലൂടെ മലിന ജലം ഒഴുക്കുന്നത് ചോദ്യം ചെയ്ത ഉളിയക്കോവിൽ സ്വദേശി അഭിരാമിയെയാണ് അയൽവാസി ഉമേഷ് ബാബു കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലത്താണ് നാടിനെ നടുക്കിയസംഭവം അരങ്ങേറിയത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ഇയാൾ കൃത്യം നടത്തിയത്.

ആക്രമണത്തെത്തുടർന്ന് പരിക്കേറ്റ പ്രതിയെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ അമ്മ ലീനയ്ക്കും പരിക്കേറ്റു. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കൊലപാതകം.

ഉമേഷ് ബാബുവിന്റെ വീട്ടിൽ നിന്നുളള മലിന ജലം അഭിരാമിയുടെ വീടിന് മുന്നിൽ കൂടി ഒഴുക്കുന്നുവെന്നതിനെ ചൊല്ലി നേരത്തേയും തർക്കമുണ്ടായിരുന്നു എന്നാണ് സൂച. ഇക്കാര്യത്തിലെ തർക്കം രൂക്ഷമായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

വിഷയത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് നേരത്തെ കേസ് എടുക്കുകയും ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ മലിനജലം ഒഴുക്കുന്നതിനെ ചൊല്ലി ഇന്നലെ വീണ്ടും വാക്കേറ്റമുണ്ടായി. ശേഷം രാത്രി വൈകി കത്തിയുമായി എത്തിയ ഉമേഷ് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപാതകം നടത്തുകയായിരുന്നു. കുത്തേറ്റ അഭിരാമി തത്ക്ഷണം മരിച്ചു. നാൽപത്തിരണ്ടുകാരനായ ഉമേഷ്, ഭാര്യ പ്രസന്ന, മകൾ സൗമ്യ എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനും ഹൈക്കോടതിയുടെ പരോക്ഷ വിമര്‍ശനം. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ച വിജയ് പി നായരെ കൈയ്യേറ്റെ ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരോക്ഷ വിമര്‍ശനം.

എന്തു സന്ദേശമാണ് നിങ്ങളുടെ പ്രവര്‍ത്തി സമൂഹത്തിന് നല്‍കുക എന്ന് കോടതി ചോദിച്ചു. നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലാത്തതിനാലാണോ നിയമം കയ്യിലെടുത്തത് എന്നും കോടതി ആരാഞ്ഞു. ഒരാളെ വീട്ടില്‍ക്കയറി പെരുമാറുകയും സാധനങ്ങള്‍ എടുത്തു കൊണ്ടുപോകുകയും ചെയ്യുന്നത് മോഷണമല്ലേ എന്നും കോടതി ചോദിച്ചു.

മാറ്റത്തിനുവേണ്ടി ഇറങ്ങുന്നവര്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാനും തയാറാവണം എന്നും കോടതി പറഞ്ഞു. എന്നാല്‍ തന്റെ പ്രവര്‍ത്തി സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. ഭാഗ്യലക്ഷ്മി, ദിയ സന, ലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാനിരിക്കെയാണ് വിജയ് പി നായര്‍ കോടതിയെ സമീപിച്ചത്.

തന്റെ ഭാഗം കൂടി കേട്ട ശേഷമേ വിധി പറയാവൂ എന്നായിരുന്നു വിജയ് പി നായരുടെ ആവശ്യം. തന്റെ അനുമതിയില്ലാതെ മുറിയില്‍ കയറി സാധനങ്ങള്‍ എടുത്തു കൊണ്ടു പോയതായും അടിച്ചതായും ശരീരത്ത് ചൊറിയണം ഇടുകയും ചെയ്തതായും വിജയ് പി നായര്‍ പറഞ്ഞു.

ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും മുന്‍കൂര്‍ജാമ്യം നല്‍കരുതെന്നും വിജയ് പി.നായര്‍ ആവശ്യപ്പെട്ടു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നു ആക്രമണമെന്ന വാദത്തെ ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. തെളിവു നശിപ്പിക്കാതിരിക്കാന്‍ പൊലീസില്‍ കൊടുക്കാനാണ് ലാപ്‌ടോപ്പും ഫോണും എടുത്തു കൊണ്ടു പോയതെന്ന് ഭാഗ്യലക്ഷ്മി കോടതിയെ അറിയിച്ചു.

തെളിവ് നശിപ്പിക്കാതിരിക്കാനാണ് എങ്കില്‍ എന്തിനാണ് തന്നെക്കൊണ്ട് വിഡിയോ ഡിലീറ്റ് ചെയ്യിച്ചത് എന്നായിരുന്നു വിജയ് ചോദിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസും കോടതിയെ അറിയിച്ചു. കേസില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി വച്ചിരിക്കുകയാണ്.

യെമന്‍ സ്വദേശിയായ സ്വർണ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ നാലുമലയാളികൾക്ക് വധശിക്ഷ. ഖത്തർ ക്രിമനൽ കോടതിയുടേതാണ് വിധി. കേസിൽ 27 മലയാളികളെയാണ് പ്രതിചേർത്തിരുന്നത്. കണ്ണൂർ സ്വദേശികളാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലുപേരും. മറ്റുപ്രതികൾക്ക് 5 വർഷം, 2 വർഷം, 6 മാസം വീതം ജയിൽശിക്ഷയും കോടതി വിധിച്ചു. ചിലരെ വെറുതേവിട്ടു.

കണ്ണൂർ സ്വദേശികളായ കെ.അഷ്ഫീർ, അനീസ്, റാഷിദ് കുനിയിൽ, ടി. ഷമ്മാസ് എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 2019 ജൂണിലാണു സംഭവം. ഉറങ്ങിക്കിടന്ന വ്യാപാരിയെ അഷ്ഫീറും കൂട്ടാളികളും ചേർന്നു കൊലപ്പെടുത്തിയെന്നും സ്വർണവും പണവും കവർന്നു നാട്ടിലേക്ക് അയച്ചെന്നുമാണു കേസ്.

പോക്‌സോ കേസിൽ പോലീസ് പിടികൂടിയ മുൻ ഇമാം ഷഫീഖ് അൽ ഖാസിമി നബിദിനാഘോഷത്തിന്റെ നേതൃത്വം ഏറ്റെടുത്ത സംഭവം വിവാദമാകുന്നു. ചൂനാട് മർകസുൽ ഖാദരിയ്യയുടെ പ്രിൻസിപ്പാൾ കൂടിയായി ഖാസിമി നിലവിൽ ജാമ്യത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഖാസിമിയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തത്.അതേസമയം, പരിശുദ്ധമായ ചടങ്ങിൽ ഒരു പീഡനക്കേസ് പ്രതിയായ ആളെ പങ്കെടുപ്പിക്കുന്നതിൽ ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ട്.

പേപ്പാറ വനത്തോട് ചേർന്ന ആളൊഴിഞ്ഞ റബർ തോട്ടത്തിൽ വെച്ച് 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇമാമിനെ തൊഴിലുറപ്പ് സ്ത്രീകൾ പിടികൂടിയതും പിന്നീട് തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിൽ അറസ്റ്റ് ചെയ്തതും. തമിഴ്‌നാട്ടിലെ മധുരയിലുള്ള ലോഡ്ജിൽ നിന്നാണ് പിന്നീട് ഇമാം ഖാസിമിയെ പിടികൂടിയത്.

കേസിൽ പെൺകുട്ടിയോ ബന്ധുക്കളെ പരാതി നൽകാത്തതിനാൽ സംഭവം നടന്ന ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് നടപടിയെടുത്തിരുന്നില്ല. അഞ്ച് ദിവസത്തെ കൗൺസലിങ്ങിനൊടുവിലാണു പീഡനവിവരം പെൺകുട്ടി സമ്മതിച്ചത്.

ഡോക്ടറെ പറ്റിച്ച് രണ്ടരക്കോടി രൂപ തട്ടിയ രണ്ടംഗ സംഘം അറസ്റ്റിൽ. അലാവുദ്ദീൻ്റെ അത്ഭുത വിളക്കാണ് തെറ്റിദ്ധരിപ്പിച്ച് സാദാ വിളക്ക് നൽകി കോടികൾ തട്ടിയ രണ്ട് പേരാണ് അറസ്റ്റിലായത്. പറ്റിക്കപ്പെട്ടു എന്ന് മനസ്സിലായ ഡോക്ടർ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാർ പിടിയിലായത്.

ഉത്തർ പ്രദേശിലെ ഖൈർ നഗറിലാണ് സംഭവം. ഡോ ലയീക് ഖാൻ ആണ് തട്ടിപ്പിനിരയായത്. മുൻപൊരിക്കൽ ചികിത്സിച്ചിട്ടുള്ള ഒരു യുവതിയിൽ നിന്നാണ് ഡോക്ടർ ഇസ്ലാമുദ്ദീൻ എന്ന് പേരുള്ള ഒരു മന്ത്രവാദിയെ പരിചയപ്പെടുന്നത്. തുടർന്ന് ഇസ്ലാമുദ്ദീനാണ് വിളക്കിനെപ്പറ്റി ഡോക്ടറോട് പറഞ്ഞത്. തനിക്ക് അത്ഭുത സിദ്ധികൾ ഉണ്ടെന്നും കയ്യിൽ അലാവുദ്ദീൻ്റെ അത്ഭുത വിളക്കുണ്ടെന്നും ഇയാൾ ഡോക്ടറെ പറഞ്ഞ് വിശ്വസിപ്പിച്ചു.

ഇയാൾക്കൊപ്പം മറ്റൊരാൾ കൂടി തട്ടിപ്പിനു കൂട്ടുനിന്നു. അത്ഭുതവിളക്കിന്റെ മുകളിൽ മൂന്നുവട്ടം ഉഴിയുമ്പോൾ അതിനുള്ളിൽ നിന്ന് പുറത്തുവരുന്ന ജിന്നിനോട് എന്ത് ആഗ്രഹം പറഞ്ഞാലും അത് തന്നെ സാധിച്ചു തരും എന്നും അവർ ഡോക്ടറോട് പറഞ്ഞിരുന്നു. രണ്ടരക്കോടി രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചിട്ട് വിളക്ക് നൽകി കാശുമായി അവർ പോയി.

ദിവസങ്ങൾക്കുള്ളിൽ പരാതിയുമായി ഡോക്ടർ മീററ്റ് പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇസ്ലാമുദ്ദീനും സഹായിയും കുടുങ്ങുകയായിരുന്നു. ഇസ്ലാമുദ്ദീനെ ഡോക്ടർക്ക് പരിചയപ്പെടുത്തിയ യുവതിയെയും പൊലീസ് തിരയുന്നുണ്ട്.

ഫ്രാൻസിലെ നൈസ് നഗരത്തിൽ പള‌ളിയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു വനിതയുമുണ്ടെന്നും നടന്നത് ഭീകരാക്രമണമാണെന്നും നൈസ് നഗര മേയർ ക്രിസ്‌റ്റ്യൻ എസ്ട്രോസി അറിയിച്ചു. നിരവധി പേർക്ക് പരുക്കേ‌റ്റിട്ടുണ്ട്. പ്രസിദ്ധമായ നോത്രെ ദാം പള‌ളിയുടെ സമീപത്താണ് ഒരാൾ കത്തി കൊണ്ട് ആക്രമം നടത്തിയത്. മരണപ്പെട്ട സ്‌ത്രീയുടെ കഴുത്തറുത്തെടുത്തെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ പിടികൂടിയെന്നും ആക്രമണത്തിന് കാരണമെന്തെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഫ്രഞ്ച് തീവ്രവാദ വിരുദ്ധ വിഭാഗം സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പാരീസിലെ ആക്രമണം പോലെ നൈസിലെ ആക്രമണത്തിനും മതപരമായ പശ്ചാത്തലമുണ്ടോ എന്ന് അന്വേഷിക്കുകയാണ്.

ദിവസങ്ങൾക്ക് മുൻപാണ് പാരീസിൽ പ്രവാചകന്റെ കാർട്ടൂൺ പ്രദർശിപ്പിച്ചതിന് സ്‌കൂൾ അദ്ധ്യാപകനായ സാമുവൽ പാ‌റ്റിയെ ഒരു ചെച്‌നിയൻ പൗരൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് അദ്ധ്യാപകന് പിന്തുണയുമായി രാജ്യമാകെ നിരവധി ജനങ്ങൾ രംഗത്തെത്തിയിരുന്നു. അദ്ധ്യാപകന്റെ മരണവുമായി ബന്ധപ്പെട്ട ഞെട്ടൽ മാറുംമുൻപാണ് ഫ്രാൻസിൽ അടുത്ത സംഭവമുണ്ടായിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved