Crime

യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലാണ് സംഭവം. പയ്യോളി തിക്കോടി കല്ലകത്ത് കടപ്പുറത്തിന് സമീപം കോട്ടവളപ്പില്‍ ഷംസീറിന്റെ ഭാര്യ തലശ്ശേരി സ്വദേശിനി ഹസ്‌ന ആണ് മരിച്ചത്.

മുപ്പത്തിനാല് വയസ്സായിരുന്നു. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും മക്കളും വീട്ടിലില്ലാത്ത സമയത്താണ് സംഭവമുണ്ടായത്. യുവതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.

പുറത്തുപോയ ഭര്‍ത്താവ് തിരിച്ചെത്തി വിളിച്ചെങ്കിലും അനക്കമുണ്ടായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പുറക് വശത്തെ വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്.ഏഴ് വര്‍ഷമായി വടകര സ്വദേശിയായ ഷംസീറും തലശ്ശേരി സ്വദേശിനിയായ ഹസ്‌നയും തിക്കോടിയിലാണ് താമസം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍ : ഹനാന്‍, ഫാത്തിമ .

ഹൈദരാബാദിൽ കാമുകിയുടെ മുൻകാമുകനെ യുവാവ് കഴുത്തു ഞരിച്ച് കൊലപ്പെടുത്തി യുവാവ്. പെൺകുട്ടിക്ക് മെസ്സേജ് അയച്ചെന്നും ഫോൺ വിളിച്ചെന്നും ആരോപിച്ചായിരുന്നു യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തിയത്. മൃതദേഹത്തിൽ നിന്നും തലയും വിരലുകളും മറ്റ് സ്വകാര്യ ഭാഗങ്ങളും പ്രതി അറുത്തുമാറ്റിയാതായി പോലീസ് അറിയിച്ചു.

ഹൈദരാബാദ് സ്വദേശിയായ നവീൻ ആണ് കൊല്ലപ്പെട്ടത്. പ്രതി കൃഷ്ണ പോലീസിന് മുന്നിൽ കീഴടങ്ങി. നവീനും കൃഷ്ണയും ദിൽസുഖ്‌നഗറിലെ ഒരു കോളജിൽ ഒന്നിച്ചു പഠിച്ചവരാണ്. ഇരുവരും ഒരു പെൺകുട്ടിയെ പ്രണയിച്ചിരുന്നു. ഇവർ പഠിച്ച അതേ കോളജിലാണ് പെൺകുട്ടിയും പഠിച്ചത്. എന്നാൽ നവീൻ ആദ്യം പ്രണയം തുറന്നു പറയുകയും പെൺകുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. രണ്ട് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു.

പിന്നീട് കൃഷ്ണ പ്രണയാഭ്യർത്ഥന നടത്തുകയും പെൺകുട്ടിയുമായി പ്രണയത്തിലാവുകയും ചെയ്തു. ബന്ധം വേർപെടുത്തിയിട്ടും നവീൻ പെൺകുട്ടിക്ക് മെസേജും കോളുകളും ചെയ്യുന്നത് കൃഷ്ണയെ പ്രകോപിപ്പിച്ചു. ഫെബ്രുവരി 17ന് അബ്ദുള്ളപൂരിൽ മദ്യപിക്കുന്നതിനിടെ നവീനും കൃഷ്ണയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് കൃഷ്ണ നവീനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപ്പെടുത്തിയ ശേഷം ശിരഛേദം ചെയ്യുകയും രഹസ്യഭാഗങ്ങളും ഹൃദയവും മുറിച്ചുമാറ്റുകയും ചെയ്തു. നവീന്റെ അറുത്തുമാറ്റിയ ശരീരത്തിന്റെ ചിത്രങ്ങൾ കൃഷ്ണ തന്റെ കാമുകിക്ക് വാട്സ്ആപ്പിൽ അയച്ചു നൽകി. പിന്നാലെ വിവരം പെൺകുട്ടി പോലീസിനെ അറിയിച്ചു. പിന്നീട് ഒളിവിൽ പോയ കൃഷ്ണ ഫെബ്രുവരി 24 ന് പൊലീസിന് മുന്നിൽ കീഴടങ്ങി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.

മല്ലപ്പള്ളിയിൽ ബൈക്കിൽ ചാരി നിന്നതിന് പ്ലസ്‌ടു വിദ്യാർത്ഥികളെ കുത്തി പരിക്കേൽപ്പിച്ചു. ബിഎസ്എൻഎൽ ജീവനക്കാരനായ തിരുവല്ല സ്വദേശി അഭിലാഷ് (38) ആണ് ആക്രമണം നടത്തിയത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്നു വൈശാഖ്,എൽബിൻ ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഇരുവരെയും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥികൾ അഭിലാഷിന്റെ ബൈക്കിൽ ചാരി നിന്നതാണ് പ്രകോപനത്തിന് കാരണമായത്. അഭിലാഷ് വിദ്യാർത്ഥികളെ ചോദ്യം ചെയ്യുകയും വിദ്യാർത്ഥികളുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. തുടർന്ന് ഓഫീസിലേക്ക് പോയ അഭിലാഷ് കൈയിൽ പേന കത്തിയുമായി തിരിച്ച് വരികയും നിന്റെയൊക്കെ അച്ഛൻ വാങ്ങി തന്നതാണോടാ എന്ന് ചോദിച്ച് വിദ്യാർത്ഥികളെ ആക്രമിക്കുകയുമായിരുന്നു. വൈശാഖിന്റെ നെഞ്ചിലും അഭിലാഷിന്റെ വയറിലുമാണ് കുത്തേറ്റത്.

കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ക്രൂരമര്‍ദ്ദനമേറ്റ വിഷ്ണുസുനില്‍ പന്തളം ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ തുടരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഷ്ണു ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ ചൊവാഴ്ചയാണ് മന്ത്രി പി.രാജീവിനെ കരിങ്കൊടികാട്ടാനെത്തിയ യൂത്ത് കോൺഗ്രസുകാരെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ വളഞ്ഞിട്ടു മർദിച്ചത്. പോലീസിനു പകരം ഡിവൈഎഫ്ക്കാര്‍ യൂത്ത് കോണ്‍ഗ്രസുകാരെ കൈകാര്യം ചെയ്യുകയും ചിന്നക്കടയില്‍ നിറഞ്ഞു നിന്ന പോലീസ് വ്യൂഹം ആക്രമണം നടക്കുന്നത് കയ്യുംകെട്ടി നോക്കി നിന്നതുമാണ്‌ സംഭവത്തെ വിവാദമാക്കി മാറ്റിയത്.

ഡിവൈഎഫ്ഐക്കാരുടെ ആക്രമണത്തില്‍ വിഷ്ണുവിനേറ്റ പരുക്കുകള്‍ ഗുരുതരമാണ്. മൂക്കിന്റെ പാലത്തിനു പൊട്ടലുണ്ട്. മുഖത്തെ എല്ലിലും പൊട്ടലുണ്ട്. മൂന്നു പൊട്ടലാണ് മുഖത്ത് ഉള്ളത്. ശരീരമാകമാനം ചതഞ്ഞ അവസ്ഥയിലാണ്. സര്‍ജറിയ്ക്ക് പോലും കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ്. മൂന്നു നാല് ദിവസം കൂടി കാത്ത് നിന്നാലേ സര്‍ജറി ആവശ്യമാണോ എന്ന് പറയാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സംഘടിതമായ ആക്രമണമാണ് വിഷ്ണുവിനു നേര്‍ക്ക് വന്നതെന്ന് ഈ പരിക്കുകള്‍ വിരല്‍ ചൂണ്ടുന്നു. ഫൈസൽ കുളപ്പാടം, അഞ്ചാലുംമൂട് ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ, കെ.എസ്‌.യു. ഇരവിപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് അജ്മൽ, ജില്ലാസെക്രട്ടറി ആഷിഖ് ബൈജു തുടങ്ങിയവർക്കും ഡിഫി ആക്രമണത്തില്‍ പരിക്കേറ്റു.

ചിന്താ ജെറോമിനെതിരേ പരാതി നൽകുമോയെന്നു ചോദിച്ച് മർദിച്ചെന്നാണ് വിഷ്ണുസുനിൽ പന്തളം പോലീസിനുനൽകിയ മൊഴിയിൽ പറയുന്നത്. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ശ്യാംമോഹൻ, ബ്ലോക്ക് പ്രസിഡന്റ് ബിലാൽ, വൈസ് പ്രസിഡന്റ് സനോഫർ എന്നിവർക്കെതിരേയാണ് പരാതി. തങ്ങൾക്കുനേരേ നടന്ന ആക്രമണം ചിന്താ ജെറോം നൽകിയ ക്വട്ടേഷൻ ആണെന്ന് മർദനമേറ്റ വിഷ്ണുസുനിൽ പന്തളം ആരോപിച്ചിട്ടുമുണ്ട്‌.

യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെയുള്ള പരാതികളുമായി വാര്‍ത്തയില്‍ ഇടം പിടിച്ച നേതാവാണ്‌ വിഷ്ണു. മന്ത്രി രാജീവിന്റെ പരിപാടി വിഷ്ണുവിനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള അവസരമാക്കി ഡിവൈഎഫ്ക്കാര്‍ മാറ്റുകയായിരുന്നു. ഇടിക്കട്ടയും കമ്പിവടിയും അടക്കമുള്ള ആയുധങ്ങളുമായാണ് ഇവര്‍ വന്നതെന്നാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നത്.

വിഷ്ണുവിനെ വളഞ്ഞിട്ട് ഇടിക്കട്ടകൊണ്ട് ഇടിച്ചപ്പോള്‍ തടസം പിടിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും കണക്കിന് കിട്ടി എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫൈസല്‍ കുളപ്പാടം ഇന്ത്യാ ടുഡേയോട് പറഞ്ഞത്. വധശ്രമമാണ് നടന്നത്. അതിനാല്‍ വധശ്രമത്തിനുള്ള വകുപ്പുകള്‍ കുറ്റപത്രത്തില്‍ ചേര്‍ക്കണം. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ രണ്ടാം പ്രതിയായ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പോലീസിന്റെ മുന്നില്‍ വന്നു നിന്നു. എന്നാല്‍ ഒരു നടപടിയും വന്നില്ല-ഫൈസല്‍ കുളപ്പാടം പറയുന്നു.

രജിസ്റ്റർ വിവാഹത്തിന് കാമുകൻ എത്തിയില്ല. മനോവിഷമം താങ്ങാനാവാതെ യുവതി ജീവനൊടുക്കി. കൊല്ലം തുടയന്നൂർ കാട്ടാമ്പള്ളി സ്വദേശിനി ധന്യ (23) ആണ് ജീവനൊടുക്കിയത്. ഒരു വർഷത്തോളമായി ധന്യയും നാട്ടുകാരനായ അഖിലും തമ്മിൽ പ്രണയത്തിലായിരുന്നു. ഫെബ്രുവരി പതിനാലാം തീയതി ധന്യയെ വീട്ടിൽ നിന്നും കാണാതാവുമായും തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണത്തിനിടെ ധന്യയെ അഖിലിനൊപ്പം കണ്ടെത്തിയിരുന്നു.

കസ്റ്റഡിയിലെടുത്തത് സ്റ്റേഷനിൽ ഹാജരാക്കിയപ്പോൾ യുവാവ് വിവാഹം കഴിക്കുമെന്ന് ധന്യയ്ക്ക് വാക്ക് നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഇട്ടിവ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയും ധന്യയും വീട്ടുകാരും എത്തുകയും ചെയ്തു. എന്നാൽ ഏറെ നേരം കാത്തിരുന്നിട്ടും അഖിൽ വിവാഹത്തിനെത്തിയില്ല. തുടർന്ന് വീട്ടുകാരും വിവാഹത്തിനെത്തിയ നാട്ടുകാരും തിരിച്ച് പോയി. എല്ലാവരുടെയും മുൻപിൽ നാണംകെട്ട ധന്യ കരഞ്ഞ് കൊണ്ടാണ് വീട്ടിലേക്ക് മടങ്ങിയത്.

അഖിൽ വഞ്ചിച്ചെന്ന് മനസിലാക്കിയ ധന്യ വ്യാഴാഴ്ച രാത്രി ജീവനൊടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ധന്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകൻ വഞ്ചിച്ചതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.

 

കോട്ടയത്ത് പോലീസുകാരനെ കാണാതായി. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ബഷീറിനെയാണ് ശനിയാഴ്ച്ച പുലർച്ചയോടെ കാണാതായത്. വാറണ്ട് പ്രതിയെ പിടികൂടുന്നതിനായി പോകാനിരിക്കെയാണ് പുലർച്ചെ അഞ്ച് മണിയോടെ ബഷീറിനെ കാണാതായത്. പോലീസ് ക്വട്ടേഴ്‌സിൽ താമസിച്ചിരുന്ന ബഷീറിന്റെ ഫോൺ ഉൾപ്പടെയുള്ളവ മുറിയിൽ നിന്നും പോലീസ് കണ്ടെത്തി.

അതേസമയം അമിത ജോലിഭാരം കാരണം മാറി നിൽക്കുന്നതാണെന്നാണ് വിവരം. കുറെ കാലങ്ങളായി മുങ്ങി നടക്കുന്ന വാറണ്ട് പ്രതികളെ പിടികൂടണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും കർശന നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വാറണ്ട് പ്രതിയെ പിടികൂടാൻ പോകുന്നതിന് മുൻപാണ് ബഷീറിനെ കാണാതായത്.

അൻപതോളം എൽവി വാറണ്ട് കേസുകൾ ബഷീറിന്റെ ചുമതലയിലുള്ളതായും ഇതിന്റെ മാനസിക സമ്മർദ്ദം താങ്ങാനാവാതെ മാറി നിൽക്കുന്നതാണോ എന്നും പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വളർത്ത് മീൻ ചത്ത വിഷമം താങ്ങാനാവാതെ പതിമൂന്നുകാരൻ ജീവനൊടുക്കി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചങ്ങരം കുളം പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന രവീന്ദ്രന്റെ മകൻ റോഷൻ (13) ആണ് തൂങ്ങി മരിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. വീടിന് മുകളിലെ കൂടുകളിലുള്ള പ്രാവിന് തീറ്റ കൊടുക്കുവാൻ പോയ റോഷനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ടെറസിന് മുകളിലെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം റോഷൻ ഓമനിച്ച് വളർത്തിയിരുന്ന മീൻ ചത്തിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു റോഷനെന്ന് വീട്ടുകാർ പറയുന്നു. അക്വറിയത്തിൽ മീൻ ചത്തത് കണ്ടത് മുതൽ റോഷൻ മാനസിക പ്രയാസം അനുഭവിച്ചിരുന്നു. കുറച്ച് കഴിയുമ്പോൾ മാറുമെന്നാണ് കരുതിയതെന്നും ബന്ധുക്കൾ പറയുന്നു. മൂക്കുതല ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് റോഷൻ.

പ്രാരംഭ ഓഹരി വില്‍പ്പനയില്‍ നിന്നും പെട്ടന്നുള്ള പിന്മാറ്റത്തിന് പിന്നാലെ ജോയ് ആലൂക്കാസിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയിഡ്. തൃശൂരിലെ ഹെഡ് ഓഫീസുകളില്‍ അടക്കമാണ് പരിശോധന നടന്നത്. ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ടായിരുന്നു ഇ ഡി റെയ്ഡ്. കൊച്ചിയില്‍ നിന്നുളള ഇ ഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഹവാല ഇടപാടിനെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഇഡി ഉദ്യോഗസ്ഥര്‍ ചില മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് വൈകിട്ടു വരെ നീണ്ടു. കേരളത്തില്‍ ജോയ് ആലുക്കാസിന്റെ തൃശൂരിലെ വീട്ടിലും റെയിഡ് നടത്തിയിരുന്നു. രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജോയ് ആലുക്കാസ് ഉള്‍പ്പെട്ട ഹവാല ഇടപാടിനെക്കുറിച്ച് സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പിടിച്ചെടുത്ത രേഖകളും ഉപകരണങ്ങളും പരിശോധിച്ചതിനു ശേഷമായിരിക്കും തുടര്‍ നടപടികളിലേക്കു കടക്കുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇ ഡി ഉദ്യോഗസ്ഥര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കമ്പനി തൃപ്തികരമായ മറുപടി നല്‍കിതായാണ് പുറത്തു വരുന്ന വിവരം.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തുവിട്ട ഇന്ത്യയിലെ ജ്വല്ലറി ഉടമകളുടെ അതിസമ്പന്ന പട്ടികയില്‍ ഒന്നാമത് ജോയ് ആലൂക്കാസ് എത്തിയിരുന്നു. 25,500 കോടി രൂപയാണ് ജോയ് ആലുക്കാസിന്റെ ആസ്തി.
സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലാണ് കമ്പനി ഐപിഒ പിന്‍വലിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അറിയിപ്പ് വന്നത്. ഐപിഒ പിന്‍വലിക്കാനുള്ള പ്രത്യേക കാരണങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിരുന്നില്ല. സാമ്പത്തിക മാന്ദ്യ സാധ്യത പരിഗണിച്ച് ഐപിഒയില്‍ നിന്ന് പിന്‍വാങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് തളളിയിരുന്നു.

ഐപിഒയിലൂടെ ഏകദേശം 2300 കോടി രൂപ സമാഹരിക്കാനായിരുന്നു ആലുക്കാസിന്റെ പദ്ധതി. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ മൊത്തം മൂല്യം 4.8 ബില്യണ്‍ ഡോളറായി ഉയരുമെന്നായിരുന്നു വിലയിരുത്തല്‍. രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലര്‍മാരില്‍ ഒന്നായ ജോയ് ആലുക്കാസിന് 68 നഗരങ്ങളില്‍ ഷോറൂമുകള്‍ ഉണ്ട്. 11 രാജ്യങ്ങളിലായി 130 ജൂവല്‍റി ഷോറൂമുകളാണ് കമ്പനിക്ക് കീഴിലുള്ളത്. എന്നാല്‍, ഇഡി റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാന്‍ ജോയ് ആലുക്കാസ് തയാറായിട്ടില്ല.

തൊടുപുഴ മലങ്കര ജലാശയത്തിലെ ദ്വീപിൽ കുട്ടവഞ്ചിയില്‍ കൊണ്ടുപോയി പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കായി പോലീസ്‌ അന്വേഷണം ഊർജ്ജിതമാക്കി. പ്രതിയെ അന്വേഷിക്കുന്നതിൻ്റെ ഭാഗമായി പൊലീസ് മലങ്കര ജലാശയത്തിലെ തുരുത്തില്‍ പരിശോധന നടത്തി. കേസിലെ പ്രതി മുട്ടം മാത്തപ്പാറ കോളനി താന്നിക്കാമറ്റത്തില്‍ ഉദയലാല്‍ ഘോഷിനായാണ്‌ മുട്ടം പോലീസ്‌ പരിശോധന നടത്തിയത്‌. ഇക്കഴിഞ്ഞ ജനുവരി 26നാണ്‌ ഉദയലാൽ പെൺകുട്ടിയെ തുരുത്തിൽ എത്തിച്ച് പീഡിപ്പിച്ചത്.

ഇടുക്കി സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. സമീപ ജില്ലയിലെ ട്രൈബല്‍ ഹോസ്‌റ്റലില്‍ നിന്നാണ്‌ പെൺകുട്ടി പഠിച്ചുകൊണ്ടിരിക്കുന്നത്. ഈ പെൺകുട്ടിയുടെ കുടുംബവുമായി പ്രതി ഉദയ ലാലിന്‌ മുന്‍ പരിചയമുണ്ടായിരുന്നു. ജനുവരി 26ന്‌ ഉച്ചയോടെ പെണ്‍കുട്ടിയും ബന്ധുക്കളും മലങ്കര ജലാശയം സന്ദര്‍ശിക്കുന്നതിനായി എത്തിയ സമയത്താണ് ഉദയലാൽ പെൺകുട്ടിയെ തുരുത്തിൽ എത്തിച്ച് പീഡിപ്പിച്ചത്.

പ്രതിക്ക് സ്വന്തമായി കുട്ടവഞ്ചിയുണ്ട്. ഇതിൽ രണ്ട്‌ കുട്ട വഞ്ചികളിലായി പ്രതിയും പെണ്‍കുട്ടിയും മറ്റ്‌ രണ്ടുകുട്ടികളും കൂടി ജലാശയത്തിന്‌ സമീപത്തെ തുരുത്തിലേക്ക്‌ പോകുകയായിരുന്നു. ഇതിനിടെ മറ്റ്‌ രണ്ട്‌ കുട്ടികളേയും പ്രതി തന്ത്രപൂര്‍വം തിരിച്ചയക്കുകയായിരുന്നു. ഇതിനുശേഷം പ്രതി പെൺകുട്ടിയുമായി തുരുത്തിലെ കുറ്റിക്കാട്ടിലേക്ക് പോയി. അവിടെ വച്ച് ലെെംഗിക പീഡനത്തിന് ഇരയാക്കുകയായരുന്നു എന്നാണ് വിവരം. ഭയന്നുപോയ പെണ്‍കുട്ടി ഈ വിവരം മറ്റാരോടും പറഞ്ഞിരുന്നില്ല.

എന്നാൽ അടുത്ത ദിവസം ഹോസ്‌റ്റലില്‍ എത്തിയ പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ വ്യതിയാനങ്ങൾ ഹോസ്റ്റൽ അധികൃതർ ശ്രദ്ധിക്കുകയായിരുന്നു. തുടർന്ന് അവർ പെണകുട്ടിയെ കൗൺസിലിംഗിന് വധേയയാക്കി. ഈ സമയത്താണ് പീഡനവിവരം പുറത്തു വരുന്നത്. ഇതിനുപിന്നാലെ അവർ സമീപ പോലീസ്‌ സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത ശേഷം പ്രതിയെ തിരക്കി പൊലീസ് മുട്ടം മാത്തപ്പാറയിലെത്തി. ഇതിനിടെ പൊലീസ് തന്നെ അന്വമഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി ഒളിവില്‍ പോകുകയായിരുന്നു.

ഇതിനുപിന്നാലെ സംഭവം നടന്ന പ്രദേശം ഉൾപ്പെടുന്ന മുട്ടം പോലീസ് സ്റ്റേഷനിൽ കേസ് കെെമാറി. ഇതിൻ്റെ ഭാഗമായാണ് മുട്ടം പൊലീസ്‌ പീഡനം നടന്ന സ്‌ഥലത്ത്‌ പരിശോധന നടത്തിയത്‌. ജലാശയത്തിന്‌ നടുവിലെ തുരുത്തിലെത്താന്‍ പോലീസ്‌ തൊടുപുഴ അഗ്‌നിരക്ഷാ സേനയുടെ സഹായവും തേടിയിരുന്നു. ഇതിനായെത്തിച്ച ഡിങ്കിയിലാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ തുരുത്തിലേക്കെത്തിയത്‌. പെണ്‍കുട്ടിയെ തുരുത്തിലെത്തിച്ച പ്രതിയുടെ ഉടമസ്‌ഥതയിലുള്ള കുട്ട വഞ്ചിയും പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം പ്രതിക്ക്‌ രണ്ട്‌ ഭാര്യമാരുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവർ ഇരുവരും ജോലി ആവശ്യത്തിനായി വിദേശത്താണെന്നും പോലീസ്‌ വ്യക്തമാക്കി. പ്രതിയുടെ ഒളിവിടത്തെക്കുറിച്ച്‌ സൂചന ലഭിച്ചതായി പോലീസ്‌ വ്യക്തമാക്കിയിട്ടുണ്ട്.

ഒളിച്ചോടാന്‍ നേരം കുഞ്ഞിനെ ഒപ്പം കൂട്ടാന്‍ കാമുകന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് നാലു വയസ്സുള്ള മകനെ അടിച്ചുകൊന്ന് യുവതി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസിലെ കുന്തഖാലി വില്ലേജിലാണ് ക്രൂരമായ സംഭവം ഉണ്ടായത്.

മഫൂസ എന്ന യുവതിയാണ് മകനെ കൊലപ്പെടുത്തിയത്. മഫൂസ എന്ന യുവതി അബ്ദുള്‍ ഹുസൈന്‍ ഷെയ്ഖുമായി പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് ഇരുവരും നാടുവിട്ട് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കുഞ്ഞിനെ ഒപ്പം കൂട്ടാന്‍ അബ്ദുള്‍ ഹുസൈന്‍ ഷെയ്ഖ് വിസമ്മതിക്കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് കുട്ടിയെ കൊല്ലാന്‍ മഫൂസ തീരുമാനിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടിയുടെ മൃതദേഹം പ്രദേശവാസികളാണ് കണ്ടെടുത്തത്. ക്രൂരമായി മര്‍ദ്ദനമേറ്റതിനാല്‍ കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു. നേരത്തേയും കുട്ടിയെ അബ്ദുള്‍ ഹുസൈന്‍ ഷെയ്ഖ് മര്‍ദ്ദിക്കാറുണ്ടെന്ന് കുട്ടിയുടെ അമ്മാവന്‍ അബു സിദ്ധീഖി പറയുന്നു.

കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണെന്ന് ബറൈയ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മസൂദ് ഹസന്‍ പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, മഫൂസയും അബ്ദുള്‍ ഹുസൈന്‍ ഷെയ്ഖും ഒളിവിലാണ്.

RECENT POSTS
Copyright © . All rights reserved