മുത്തശ്ശിയും രണ്ടു പേരക്കുട്ടികളും പാറക്കുളത്തിൽ മുങ്ങി മരിച്ചു. അടിമാലി പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ ചിറയപ്പമ്പിൽ വിനോയി- ജാസ്മിൻ ദമ്പതികളുടെ മക്കളായ അന്ന സാറാ (11), അമയ എൽസാ (ഏഴ്), ജാസ്മിന്റെ അമ്മ ഇണ്ടിക്കുഴിയിൽ പരേതനായ ജോസിന്റെ ഭാര്യ എൽസമ്മ (55) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
എൽസമ്മയും പേരക്കുട്ടികളും അയൽവാസിയായ കുമ്പളവയലിൽ അമ്മിണിയും സമീപത്തെ പാറക്കുളത്തിൽ തുണി അലക്കാൻ പോയതായിരുന്നു. തുണി അലക്കുകയായിരുന്ന എൽസമ്മയ്ക്ക് കുളത്തിൽനിന്ന് ബക്കറ്രിൽ വെള്ളം കോരിക്കൊടുക്കുന്നതിനിടെ അന്ന സാറ കാൽവഴുതി വീണു. കുട്ടിയെ രക്ഷിക്കാനായി ഉടൻ എൽസമ്മയും കുളത്തിലേക്ക് ചാടി. ഇവർ രണ്ടു പേരും മുങ്ങിത്താഴുന്നത് കണ്ട് അയൽവാസിയായ അമ്മിണി നാട്ടുകാരെ വിവരമറിയിക്കാൻ ഓടി.
അമയയും പിറകേ വന്നെന്നാണ് അമ്മിണി പറയുന്നത്. എന്നാൽ അമ്മിണിയറിയാതെ അമയ തിരിച്ചു കുളത്തിലേക്കു പോയിരുന്നു. കുളത്തിന്റെ കരയിലെത്തിയ അമയ മുത്തശ്ശിയെയും ചേച്ചിയെയും തിരഞ്ഞ് വെള്ളത്തിലേക്ക് ചാടിയെന്നാണ് നിഗമനം.
അമ്മിണി വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ കുളത്തിൽ നിന്ന് മൂന്നു പേരെയും മുങ്ങിയെടുത്ത് കരയ്ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. പണിക്കൻകുടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 5, 2 ക്ലാസുകളിലെ വിദ്യാർത്ഥിനികളാണ് മരിച്ച അന്ന സാറയും അമയ എൽസയും. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹത മരണപ്പെട്ട മോഹനൻ്റെ ബന്ധുക്കൾ രംഗത്തെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്‍, ഭാര്യ മിനി, മകന്‍ ആദര്‍ശ് എന്നിവരാണ് വീടിനുള്ളിൽ ജീവനൊടുക്കിയത്. രാവിലെ മോഹനൻ്റെ പലചരക്ക് കടയിലെത്തിയവരാണ് മോഹനൻ്റെ മരണവിവരം ആദ്യമറിഞ്ഞത്. ഇവർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി മുറി തുറന്നാണ് മൃതദേഹങ്ങൾ താഴെയിറക്കിയത്.
മോഹനനെയും മകൻ ആദര്‍ശിനെയും വീട്ടിലെ ഹാളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മിനിയുടെ മൃതദേഹം കിടപ്പുമുറിയിലായിരുന്നു തൂങ്ങി നിന്നത്. അതേസമയേ ഇവർ ജീവനൊടുക്കാനുള്ള കാരണം വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം മോഹനനും കുടുംബത്തിനുമുണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി മോഹനൻ്റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
വീടിനോട് ചേര്‍ന്നുതന്നെ പലചരക്ക് കട നടത്തുകയായിരുന്നു മോഹനന്‍. ഇദ്ദേഹത്തിന് സാമ്പത്തിക ബാധ്യതയുള്ളതായി അറിയില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ തന്നെ അതിൻ്റെ യാതൊരുവിധ സൂചനകളും മോഹനൻ നൽകിയിരുന്നുമില്ല. കഴിഞ്ഞ ദിവസം കടതുറന്നു പ്രവർത്തിച്ചിരുന്നു. ഇന്നു രാവിലെ സാധനങ്ങൾ വാങ്ങാനെത്തിയവരാണ് കൂട്ട ആത്മഹത്യയുടെ വിവരം ആദ്യമറിയുന്നത്. പതിവു സമയം കഴിഞ്ഞിട്ടും കടതുറക്കാത്തതിനെ തുടർന്ന് അവർ അന്വേഷണം നടത്തിയപ്പോഴാണ് മൂന്നു പേരും ആത്മഹത്യ ചെയ്തതായി മനസ്സിലായത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി കതക് ചവിട്ടിത്തുറന്നാണ് വീടിനകത്തു കയറിയത്.
നാട്ടിലെ ജനങ്ങളുമായി സഹകരണം പുലർത്തി വന്നിരുന്ന വ്യക്തിയാണ് മോഹനനെന്ന് നാട്ടുകാരും പറയുന്നു. പെട്ടെന്നുള്ള ആത്മഹത്യയ്ക്ക് എന്താണ് കാരണമെന്ന് മനസ്സിലാകുന്നില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക ബാധ്യതയുടേയോ മറ്റു പ്രശ്നങ്ങളുടേയോ കാര്യങ്ങൾ മോഹനന് ഉണ്ടെന്നു തോന്നുന്നില്ല. ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും ഇതുവരെ ആരുമായും പങ്കുവച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
മോഹനൻ്റെ മകൻ ആദർശ് കാറളം വിഎച്ച്എസ്ഇ സ്കൂൾ വിദ്യാർത്ഥിയാണ്. മോഹനൻ്റെ മുത്തമകളുടെ വിവാഹം കഴിഞ്ഞു. അവർ ഭർത്താവിനൊപ്പം വിദേശത്താണ് താമസം. മകളെ വിവരം അറിയിച്ചിട്ടുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കി. മരണത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണമുണ്ടാകണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിച്ചു.
ലൈഫ് മിഷന്‍ കള്ളപ്പണക്കേസില്‍ ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കോടതിയില്‍ ഹാജരാക്കണം. ഒരോ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിലും ശാരീരിക സ്ഥിതി പരിശോധിച്ച് ഇടവേള നല്‍കണമെന്നും കോടതി ഇഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇഡി തന്നെ 12 മണിക്കൂര്‍ നിരന്തരം ചോദ്യം ചെയ്‌തെന്നും ഇത് ശാരീരികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ്് കോടതിയുടെ നിര്‍ദേശം. ലൈഫ് മിഷന്‍ കരാറില്‍ മൂന്നുകോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാട് നടന്നെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ റിപ്പോര്‍ട്ട്.
ലൈഫ് മിഷന്‍ കരാറിന് മുന്‍കൈയ്യെടുത്ത എം ശിവശങ്കറിന് ഒരു കോടി രൂപയും മൊബൈല്‍ ഫോണും ലഭിച്ചതിന് തെളിവുണ്ടെന്ന് ഇഡിയുടെ അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിന് മുന്‍പ് തന്നെ മുന്‍കൂറായി കമ്മീഷന്‍ ഇടപാട് നടന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്. മൂന്ന് മില്യണ്‍ ദിര്‍ഹത്തിന് ആയിരുന്നു കമ്മീഷന്‍ ഇടപാട് ഉറപ്പിച്ചത്. യൂണിറ്റാക്കിന് തന്നെ കരാര്‍ ലഭിക്കാന്‍ മുഖ്യമന്ത്രിയെ കൊണ്ട് സമ്മതിപ്പിച്ചതിനാണ് ഒരു കോടി രൂപ എം ശിവശങ്കറിന് ലഭിച്ചതെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. കരാര്‍ ഉറപ്പിക്കുന്നതിന് മുന്‍പ് എം ശിവശങ്കറും സ്വപ്ന സുരേഷും നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ കോഴ ഇടപാടിനും കള്ളപ്പണക്കേസിനും തെളിവാണെന്ന് ഇഡി വിശദീകരിക്കുന്നു.
തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. ചൊവ്വാഴ്ചയും രാവിലെ 11 മണിമുതല്‍ കൊച്ചിയിലെ ഓഫീസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് രാത്രി 11.45ഓടെ കുറ്റസമ്മത മൊഴി പോലും ഇല്ലാതെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട കോഴ ഇടപാടില്‍ എം ശിവശങ്കറിന്റെ പങ്ക് തെളിഞ്ഞെന്നും നിര്‍ണായക തെളിവ് ലഭിച്ചെന്നുമാണ് ഇ.ഡി വാദം. കൂടാതെ കേസിലെ മറ്റ് പ്രതികളായ സ്വപ്‌ന സുരേഷ്, പി.എസ് സരിത്ത്, സന്ദീപ് നായര്‍, സന്തോഷ് ഈപ്പന്‍ എന്നിവരുടെ മൊഴികളും ഇ.ഡി വിശദമായി രേഖപ്പെടുത്തിയിരുന്നു. ആറ് കോടിയുടെ കോഴ ഇടപാട് നടന്നെന്നാണ് സ്വപ്‌നയുടെ ആരോപണം. ഇടപാട് ശരിവെക്കുന്ന മൊഴി തന്നെയാണ് ഭവന നിര്‍മാണ കരാറെടുത്ത യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നല്‍കിയത്. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കോഴ നല്‍കിയെന്നായിരുന്നു സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍.
സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്നയുടെ ലോക്കര്‍ ഇഡി കണ്ടുകെട്ടിയിരുന്നു. കരാർ ലഭിക്കാൻ ഇടനില നിന്ന സ്വപ്ന സുരേഷിന് 1 കോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു ഇഡി കണ്ടെത്തൽ. ഇതിലുള്ള ഒരു കോടിയോളമുള്ള തുക ശിവശങ്കറിന്റെതാണെന്ന് മുന്‍പ് ഇഡി വ്യക്തമാക്കിയിരുന്നു. ലൈഫ് മിഷന്‍ ഇടപാടിലാണോ അതോ സ്വര്‍ണ്ണക്കടത്ത് കേസിലുള്ള പണമാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ലൈഫ് മിഷനില്‍ കമ്മീഷനായി വന്ന തുകയാണ് ഇതെന്നാണ് സ്വപ്ന മൊഴി നല്‍കിയതെങ്കിലും ഇത് സ്വര്‍ണ്ണക്കടത്ത് കേസിലെ പണമാണ് എന്നാണ് മുന്‍പ് ഇഡി വ്യക്തമാക്കിയത്.
ലോക്കറിന്റെ കാര്യത്തില്‍ ശിവശങ്കറിന് എതിരെ ശക്തമായ മൊഴിയുമുണ്ട്. അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലന്‍ അയ്യര്‍ എന്‍ഫോഴ്സ്മെന്റിന് നല്‍കിയ മൊഴിയാണിത്. സ്വപ്നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ ആരംഭിക്കണമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടെന്നാണ് വേണുഗോപാലന്‍ അയ്യര്‍ മൊഴി നല്‍കിയത്. ഇത് ശിവശങ്കറിന് എതിരെയുള്ള ശക്തമായ മൊഴിയായി മാറിയിരുന്നു.
വൈദ്യ പരിശോധനകള്‍ക്ക് ശേഷം ശിവശങ്കറിനെ രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. ഇക്കഴിഞ്ഞ ജനുവരി 31ന് ആണ് ശിവശങ്കര്‍ കായിക, യുവജന, മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പോസ്റ്റില്‍ നിന്നും വിരമിച്ചത്. വിരമിക്കുന്ന ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിരമിക്കുന്ന ദിവസം ആണെന്ന് ചൂണ്ടിക്കാട്ടി ശിവശങ്കര്‍ അന്നേ ദിവസം ഹാജരാകാന്‍ കഴിയില്ലെന്ന് ഇഡിയെ അറിയിക്കുകയായിരുന്നു. ലൈഫ് മിഷൻ കോഴ ഇടപാടിൽ സിബിഐയും കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം നിലച്ചിരിക്കുകയാണ്.
വെള്ളറടയിൽ മന്ത്രവാദത്തിന്റെ മറവിൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പള്ളി ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തു. തേക്കുപാറ മൂങ്ങോട് ജുമാ മസ്ജിദിലെ ഇമാമായ വിതുര സ്വദേശി സജീർ മൗലവി (49) ആണ് അറസ്റ്റിലായത്. വീട്ടമ്മയ്ക്ക് സർപ്പ ശാപമുണ്ടെന്ന് വിശ്വസിപ്പിച്ച പ്രതി പൂജ ചെയ്യുന്നതിനായി വീട്ടിലേക്ക് വിളിച്ച് വരുത്തിയതിന് ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഈ മാസം നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹം കഴിഞ്ഞ് എട്ട് വർഷമായിട്ടും കുട്ടികളില്ലാത്ത വീട്ടമ്മയെ സർപ്പ ശാപം മൂലമാണ് കുട്ടികൾ ഉണ്ടാകാത്തതെന്ന് പ്രതി വിശ്വസിപ്പിച്ചു. തുടർന്ന് സർപ്പ ദോഷം മാറാൻ പൂജ ചെയ്യണമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തുകയും മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
മസ്ജിദിൽ അംഗമായ യുവതിയുടെ വീട്ടിൽ എത്താറുള്ള പ്രതി സർപ്പ ശാപം മാറിയാൽ കുട്ടികളുണ്ടാകുമെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇത് വിശ്വസിച്ച യുവതി പൂജയ്ക്കായി ബന്ധുക്കളോടൊപ്പം ഇമാമിന്റെ വീട്ടിലെത്തി. തുടർന്ന് യുവതിയെ ഇരുട്ടുള്ള മുറിയിൽ കയറ്റിയ ശേഷം ശരീരത്തിൽ കടന്ന് പിടിക്കുകയായിരുന്നു. ഇയാളിൽ നിന്നും രക്ഷപെട്ട് ഓടിയ യുവതി പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം ഇയാൾക്കെതിരെ നിരവധി പീഡന പരാതികൾ നിലവിലുള്ളതായി പോലീസ് പറയുന്നു.
വീട്ടുകാരറിയാതെ പ്രണയദിനം ആഘോഷിക്കാനായി ഗോവയിലെത്തിയ യുവാവും, യുവതിയും മുങ്ങി മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ വിഭു ശർമ്മ (27), സുഹൃത്ത് സുപ്രിയ ദുബെ (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ ഗോവ പാലോലം ബീച്ചിലാണ് അപകടം നടന്നത്.
അതേസമയം സുപ്രിയയുടെ മൃതദേഹം കരയ്ക്കടിഞ്ഞപ്പോഴാണ് കമിതാക്കൾ വെള്ളത്തിൽ മുങ്ങിയതായി ആളുകൾ അറിയുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ലൈഫ് ഗാർഡിന്റെ സഹായത്തോടെ തിരച്ചിൽ നടത്തുന്നതിനിടയിൽ വിഭു ശർമയുടെ മൃതദേഹവും കണ്ടെത്തി. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്ക് മുൻപ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
സുപ്രിയയും വിഭുവും പ്രണയദിനം ആഘോഷിക്കുന്നതിനായാണ് ഗോവയിലെത്തിയതെന്ന് പോലീസ് പറയുന്നു. ഇരുവരും ബന്ധുക്കളാണെങ്കിലും സുപ്രിയ ബെംഗളൂരുവിലും, വിഭു ഡെൽഹിയിലുമാണ് താമസിക്കുന്നത്. ഇരുവരും ഗോവയിൽ പോകുന്ന വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. എങ്ങനെയാണ് അപകടമുണ്ടായതെന്നടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.
മുഖ്യമന്ത്രിയുടെ സുരക്ഷാ നിയന്ത്രണത്തിനിടയില്‍ കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ പോലീസ് തിരിച്ചയച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
കോട്ടയം സ്വദേശി ശരത്തിനാണ് പോലീസില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായത്. ഞായറാഴ്ച വൈകിട്ട് മറ്റൂരിലായിരുന്നു സംഭവം. നെടുമ്പാശ്ശേരി വിമനത്താവളത്തില്‍ പോയി മടങ്ങുമ്പോഴാണ് കോട്ടയം സ്വദേശിയായ ശരത്തിന്റെ നാല് വയസ്സുള്ള കുഞ്ഞിന് പനി ശക്തമായത്. ഞായറാഴ്ച ആയതിനാല്‍ ഏറെ അന്വേഷിച്ചാണ് കാഞ്ഞൂരില്‍ കട കണ്ടുപിടിച്ചത്. മരുന്ന് വാങ്ങാന്‍ വാഹനം നിര്‍ത്താന്‍ നോക്കിയപ്പോള്‍ ആദ്യം പോലീസ് സമ്മതിച്ചില്ല. അതുവഴി മുഖ്യമന്ത്രി കടന്നുപോകുന്നു എന്നതായിരുന്നു കാരണം
പോലീസ് നിര്‍ദ്ദേശം പാലിച്ച് ഒരു കിലോമീറ്റര്‍ പോയിട്ടും കടയില്ലാതെ വന്നപ്പോഴാണ് തിരിച്ചെത്തി ഇതേ കടയില്‍ നിന്ന് മരുന്ന് വാങ്ങിയത്. ഇതോടെ നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ അടുത്തേക്കെത്തി തട്ടിക്കയറുകയായിരുന്നു. പോലീസ് അതിക്രമം ചോദ്യം ചെയ്ത മെഡിക്കല്‍ ഷോപ്പ് ഉടമയോട് കട പൂട്ടിക്കുമെന്നും എസ്‌ഐ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും മറുപടി കിട്ടിയില്ലെന്ന് ശരത് പറയുന്നു.
സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല അർജുൻ രംഗത്ത്. അർജുൻ ആയങ്കിയും കുടുബവും തന്നെ പീഡിപ്പിക്കുകയായണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി അർജുൻ ആയങ്കിയും കുടുംബവും ആയിരിക്കുമെന്നും അമല അർജുൻ ഫേസ്‌ബുക്ക് ലൈവിലൂടെ പറഞ്ഞു.
2019 ലാണ് അർജുൻ ആയങ്കിയെ പരിജയപെടുന്നതെന്നും ഒന്നര വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം ചെയ്തതെന്നും അമല അർജുൻ പറഞ്ഞു. എന്നാൽ വിവാഹത്തിന് മുൻപ് അർജുൻ ആയങ്കി തന്നെ കണ്ണൂരിൽ കൊണ്ടുവരികയും ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ താൻ ഗർഭിണിയാകുകയും നിർബന്ധിച്ച് ഗർഭം അലസിപ്പിക്കുകയും ചെയ്തതായി അമല അർജുൻ പറഞ്ഞു.
ആത്മാർത്ഥ പ്രണയമാണെന്ന് നടിച്ചാണ് തന്നെ വിവാഹം ചെയ്തത്. തന്റെ കയ്യിൽ നിന്നും ഒരുപാട് തവണ പണം വാങ്ങിയിട്ടുണ്ട്. തന്റെ സ്വർണാഭരണങ്ങളും പല ആവശ്യങ്ങൾക്കായി അയാൾ മേടിച്ച് പണയം വെച്ചെന്നും അമല പറഞ്ഞു. വേറൊരു യുവതിയുമായി ബന്ധമുണ്ടെന്നും തന്നെ ചതിക്കുകയായിരുന്നെന്നും ഒരു ദിവസം രാത്രി വീട്ടിൽ നിന്നും പോയി പിറ്റേ ദിവസം തിരിച്ച് വന്നപ്പോൾ അർജുൻ ആയങ്കിയുടെ കഴുത്തിൽ ഉമ്മ വെച്ച പാടുകൾ കണ്ടു. അത് ചോദിച്ചപ്പോൾ കുഴൽപണവുമായി ബന്ധപ്പെട്ട ആവിശ്യത്തിന് പോയതാണെന്ന് പറഞ്ഞു. അമല അർജുൻ പറയുന്നു.
അതേസമയം പ്രേമിക്കാത്ത ഒരുവളെ കല്യാണം കഴിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റെന്ന് അർജുൻ ആയങ്കി കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യ അമല അർജുന്റെ വെളിപ്പെടുത്തൽ.
കാമുകിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ബാബ ഹരിദാസ് നഗർ സ്വദേശി സാഹിൽ ഗെലോട്ട് (33) ആണ് അറസ്റ്റിലായത്. ഡൽഹി സ്വദേശിനിയായ നിക്കി യാദവ് (24) ആണ് കൊല്ലപ്പെട്ടത്. നിക്കി യാദവും സാഹിൽ ഗെലോട്ടും പ്രണയത്തിലായിരുന്നു. കൂടാതെ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.
അതേസമയം സാഹിൽ നിക്കി യാദവിനെ ഒഴിവാക്കി മറ്റൊരു യുവതിയെ വിവാഹം കഴിക്കാനുള്ള ശ്രമം നടത്തി വരികയായിരുന്നു. ഇത് മനസിലാക്കിയ നിക്കി യാദവ് മറ്റൊരാളെ വിവാഹം കഴിച്ചാൽ വെറുതെ വിടില്ലെന്ന് സഹിലിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ പ്രകോപിതനായ സാഹിൽ നിക്കിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഫെബ്രുവരി പത്താം തീയതി ഡൽഹിയിലെ ഐഎസ്ബിടിക്ക് സമീപത്ത് കാർ നോർത്തിയ ശേഷം നിക്കി യാദവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വീട്ടുകാരുടെ അറിവോടെ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. നിക്കിയുടെ മൃതദേഹം ധാബയിലുള്ള സഹിലിന്റെ വീട്ടിലെ ഫ്രിഡ്ജിൽ കഷ്ണങ്ങളാക്കി സൂക്ഷിക്കുകയായിരുന്നു. നിക്കിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറംലോകം അറിഞ്ഞത്. പോലീസ് അറസ്റ്റ് ചെയ്ത പ്രതി കുറ്റം സമ്മതിച്ചു. ഡൽഹിയിൽ കഴിഞ്ഞ വർഷം ശ്രദ്ധ എന്ന പെൺകുട്ടിയും സമാന രീതിയിൽ കൊല്ലപ്പെട്ടിരുന്നു.
മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിൽ ക്ഷേത്രം പൂജാരിയെ 45 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. തൃപ്പൂണിത്തുറ ഉദയംപേരൂർ മണകുന്നം സ്വദേശി പുരുഷോത്തമൻ (83) നെയാണ് എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ശിക്ഷിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പുരുഷോത്തമൻ മൂന്നര വയസുകാരിക്ക് മുന്തിരിയും കൽക്കണ്ടവും നൽകി പ്രലോഭിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് കടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
2019-2020 കാലയളവായിൽ പെൺകുട്ടി നിരവധി തവണ പീഡനത്തിന് ഇരയായി. കുട്ടി പറഞ്ഞ കാര്യങ്ങൾ മൊഴിയായി സ്വീകരിച്ച് ഉദയംപേരൂർ പോലീസ് കേസെടുക്കുകയായിരുന്നു. തടവ് ശിക്ഷയ്ക്ക് പുറമെ 80,000 രൂപ പിഴ നൽകാനും കോടതി വിധിയിൽ പറയുന്നു. കൊച്ചുമകളുടെ പ്രായം പോലും ഇല്ലാത്ത കുട്ടിയോട് ചെയ്ത ഹീനമായ പ്രവർത്തിക്ക് ഇയാൾ ഒരു ദയയും അര്ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.
സഹോദരിയുടെ മകളെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അമ്മാവൻ അറസ്റ്റിൽ. വർക്കല കല്ലമ്പലം സ്വദേശി ഇസ്മായിൽ (55) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിൽ പ്രവേശിപ്പിച്ചു. പിതാവിന്റെ കടയിലിരിക്കുകയായിരുന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സ്വത്ത് തർക്കമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് വിവരം.
കടയിൽ ഇരിക്കുകയായിരുന്ന യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പടർന്നതോടെ യുവതി നിലവിളിച്ച്കൊണ്ട് കടയിൽ നിന്നും പുറത്തേക്ക് ഓടുകയായിരുന്നു. തുടർന്ന് നിലത്ത് കിടന്ന് ഉരുണ്ടതോടെ തീ അണഞ്ഞെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. നാട്ടുകാർ ഇടപെട്ട് യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.
അതേസമയം വിഷം കഴിച്ച ശേഷമാണ് ഇസ്മായിൽ യുവതിയെ കൊലപ്പെടുത്താനെത്തിയത്. നാട്ടുകാർ തടഞ്ഞ് വെച്ച ഇസ്മയിലിനെ പോലീസ് എത്തി കസ്റ്റഡിയിലെടുത്തതിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.