Crime

വിവാഹ വാർഷികാഘോഷം കഴിഞ്ഞ് ഭാര്യയോടൊപ്പം ജോലി സ്ഥലത്തേക്ക് മടങ്ങവെ ഭർത്താവ് ട്രെയിനിൽ നിന്നു വീണു മരിച്ചു. പ്രിയതമൻ മരിച്ച വിവരം ഭാര്യ അറിയുന്നതാകാട്ടെ ട്രെയിൻ കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ. തൃശൂർ വെങ്കിടങ്ങ് തോയകാവ് കാസർകോട് ഇറച്ചേം വീട്ടിൽ ഇ.കെ.മുഹമ്മദലി(24) ആണ് മരിച്ചത്. മുംബൈയിലെ സ്വകാര്യ സ്ഥാപനത്തിൽ വെബ് ഡിസൈനറായ മുഹമ്മദലി ഭാര്യ മുംബൈ സ്വദേശിനി താഹിറയോടൊപ്പം തിങ്കളാഴ്ച രാത്രി തിരുവനന്തപുരം–നേത്രാവതി എക്സ്പ്രസിൽ എസ് 3 സ്ലീപർ കോച്ചിൽ യാത്ര ചെയ്യുന്നതിനിടെ കളനാട് തുരങ്കത്തിനടുത്താണ് അപകടം. സീറ്റിൽ നിന്നു കൈ കഴുകാനായി പോയതായിരുന്നു.

എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഭർത്താവ് തിരിച്ചുവരാത്തതിനാൽ മറ്റു കോച്ചുകളിൽ തിരിച്ചൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്നു കങ്കനാടി ജംക‍്ഷനിലെത്തിയപ്പോഴാണ് ട്രെയിനിൽ നിന്നു ഒരാൾ വീണ വിവരം സ്റ്റേഷനിൽ നിന്ന് അറിയുന്നത്. തുടർന്നു രാത്രിയോടെ താഹിറ ജനറൽ ആശുപത്രിയിലെത്തി മ‍ൃതദേഹം കണ്ടപ്പോഴാണ് മരിച്ചത് മുഹമ്മദലിയാണെന്ന് തിരിച്ചറിഞ്ഞത്. 2017 നവംബർ 26 നായിരുന്നു മുഹമ്മദലിയുടെയും താഹിറയുടെയും വിവാഹം കഴിഞ്ഞത്. ഇതു ആഘോഷിക്കാനാണ് ഇരുവരും ഒരു മാസം മുൻപാണ് തൃശൂരിലെത്തിയത്.

കാസർകോട് ജനറൽ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. മുംബൈയിൽ ട്രാവൽ ഏജൻസി നടത്തുന്ന അബ്ദുൽഖാദറിന്റെയും ഭാനുവിന്റെയും മകനാണ് മുഹമ്മദലി.സഹോദരങ്ങൾ.റിഹാൻ, യാസിൻ, ഷാനാസ്.

മംഗളൂരുവിൽ കാമുകനെ കെട്ടിയിട്ട ശേഷം യുവതിയെ പിടിച്ചുകൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്തു. ബണ്ട്വാൾ സ്വദേശിയായ യുവതിയെയാണു പനമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തോട്ടബങ്കര അലിവെ ബാഗിലു ബീച്ചിൽ 7 പേർ ചേർന്നു മാനഭംഗപ്പെടുത്തിയത്. സംഭവത്തിൽ 14, 17 വയസുള്ള 2 പേരടക്കം 6 പേരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 18ന് ഉച്ചകഴിഞ്ഞാണു സംഭവം. മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയും സഹപ്രവർത്തകനായ യുവാവും ബീച്ചിൽ എത്തിയപ്പോഴാണു മാനഭംഗപ്പെടുത്തിയത്. സംഭവത്തിനു ശേഷം കമിതാക്കൾ പരാതി നൽകാതെ വീട്ടിലേക്കു മടങ്ങി. ബീച്ചിൽ കൂട്ടമാനഭംഗം നടന്നെന്ന് അഭ്യൂഹം പരന്നതോടെ പനമ്പൂർ പൊലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ഇരയായ യുവതിയെ കണ്ടെത്തിയത്.
യുവതിയെ മംഗളൂരു വനിതാ പൊലീസ് സ്റ്റേഷനിലെത്തിച്ചു പരാതി രേഖപ്പെടുത്തി. തുടർന്ന് 6 പ്രതികളെ കസ്റ്റഡിയിൽ എടുത്തതോടെയാണു സംഭവം പുറത്തറിയുന്നത്.

മകളുടെ ദുരൂഹമരണത്തിൽ ഭർതൃവീട്ടുകാർക്കു പങ്കുണ്ടെന്നും കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനിൽ വിശ്വാസമില്ലെന്നും മാതാപിതാക്കൾ. മൂലംകുഴി പാറയ്ക്കൽ വീട്ടിൽ ഹൈജിനസ്, ഭാര്യ ലീലാമ്മ എന്നിവരാണു മകൾ അപർണ എന്ന ആൻലിയയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുന്നയിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് 28നു രാത്രിയാണ് ആൻലിയയുടെ മൃതദേഹം ജീർണിച്ച നിലയിൽ വടക്കേക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പെരിയാറിൽ നിന്നു കണ്ടെടുത്തത്. മകളുടെ ദുരൂഹമരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതു വരെ നിയമപരമായും ജനകീയമായും പോരാട്ടം നടത്തുമെന്നും ഇതിനു വേണ്ടി സൗദി അറേബ്യയിലെ ജോലി രാജിവച്ചതായും ഇരുവരും പറഞ്ഞു.

ഹൈജിനസിന്റെയും ലീലാമ്മയുടെയും ആരോപണങ്ങളിൽ നിന്ന്: ‘ഭർതൃവീട്ടുകാരിൽ നിന്ന് ആൻലിയ കൊടിയ മർദനത്തിനിരയായെന്നതിന് അവൾ നേരത്തെ കടവന്ത്ര പൊലീസിനു നൽകാൻ എഴുതിയ പരാതി, ഡയറിക്കുറിപ്പുകൾ, വരച്ച ചിത്രം, അവളെ കാണാതായ ഓഗസ്റ്റ് 25ന് സഹോദരന് അയച്ച വാട്സാപ് സന്ദേശം എന്നിവ ശക്തമായ തെളിവുകളാണ്. മർദനമേറ്റതിനു സാക്ഷിമൊഴികളുമുണ്ട്.

ഒന്നും പൊലീസ് പരിഗണിച്ചിട്ടില്ല. ആൻലിയ 25ന് ട്രെയിനിൽ ബെംഗളൂരുവിലേക്കു പോയെന്നാണു ഭർത്താവ് പറഞ്ഞത്. പക്ഷേ, അതേ ദിവസം തന്നെ അവളെ കാണാതായെന്നു പരാതി നൽകിയതു ദുരൂഹമാണ്. മകളുടെ മരണാനന്തര ചടങ്ങുകൾക്കൊന്നും ഭർത്താവോ ഭർതൃവീട്ടുകാരോ പങ്കെടുത്തിട്ടില്ല. ഭർത്താവിനെയോ വീട്ടുകാരെയോ ചോദ്യം ചെയ്യാൻ പൊലീസ് തയാറായിട്ടില്ലെന്നും അവർ പറഞ്ഞു.

ആൻഡമാനിലെ സെന്റിനൽ എന്നു കൊച്ചു ദീപിലേക്കാണ് ഇപ്പോൾ ലോകത്തിന്റെ കണ്ണ്. 27 കാരനായ യുഎസ് പൗരൻ ജോൺ അലൻ ചൗ എന്ന യുവാവിന്റെ മൃതദേഹം ആ ദ്വീപിലെ മണ്ണിൽ ജീർണിച്ചു കിടക്കുകയാണ്. ദ്വീപിലെ ഗോത്രവർഗക്കാരുടെ അമ്പേറ്റാണ് അലൻ കൊല്ലപ്പെടുന്നത്. എന്തു വില കൊടുത്തും മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. എന്നാൽ അതത്ര എളുപ്പമുള്ള ജോലിയല്ല.

ആൻഡമാൻ നിക്കോബാർ ഐലൻഡ് പൊലീസ് കഴിഞ്ഞ ദിവസം ദ്വീപ് തീരത്തിന്റെ 400 മീറ്റർ അടുത്ത് വരെയെത്തി. എന്നാൽ മുന്നോട്ടു അധികം പോകാനായില്ല. അമ്പും വില്ലുമേന്തി ഗോത്രവർഗക്കാരെ ബൈനോക്കുലറിലൂടെ വളരെ ദൂരെ നിന്നേ കാണാനായെന്ന് പൊലീസ് ചീഫ് ദിപേന്ദ്ര പഥക് വാർത്താ ഏജൻസികളോടു പറഞ്ഞു. അവർ തങ്ങളെ തുറിച്ചു നോക്കി നിന്നു. ഇനിയും അവിടെ തുടർന്നാൽ ഒരു പക്ഷെ അവർ ആക്രമിച്ചേക്കാം. അതോടെ പിൻവാങ്ങാൻ തീരുമാനിച്ചു– ദിപേന്ദ്ര പറഞ്ഞു.

മതപ്രചാരണത്തിനായാണ് അലൻ ദ്വീപിലെത്തിയത്. കൊലപ്പെട്ട ജോണ്‍ അലന്‍ ചോയുടെ മൃതദേഹം അടക്കം ചെയ്ത് സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇയാളെ ദ്വീപിലേക്ക് കടക്കാന്‍ സഹായിച്ച മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് സ്ഥലത്തെക്കുറിച്ച് ഏകദേശസൂചന ലഭിച്ചത്

ജോണിന്‍റെ മൃതദേഹം ആദിവാസികള്‍ വലിച്ചു കൊണ്ടു വരുന്നത് നേരിട്ടു കണ്ട മത്സ്യത്തൊഴിലാളികള്‍ ആ സ്ഥലം തിരിച്ചറിഞ്ഞിട്ടുണ്ട്. മരണം കൈകാര്യം ചെയ്യുന്നതിന് ഏതൊരു സാമൂഹിക വിഭാഗത്തിനും സ്വന്തമായ രീതികളും ആചാരങ്ങളുമുണ്ടാവും. നോര്‍ത്ത് സെന്‍റിനല്‍ ദ്വീപ് നിവാസികള്‍ ഒരു മൃതദേഹം അതും പുറത്ത് നിന്നും വരുന്ന ഒരാളുടെ മൃതദേഹം എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെക്കുറിച്ച് പഠിക്കാനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറയുന്നു.

കൊലപ്പെടുത്തിയവരുടെ മൃതദേഹം ആദ്യം കുഴിച്ചിടുന്ന നോര്‍ത്ത് സെന്‍റിനല്‍ ദ്വീപുകാര്‍ അല്‍പ ദിവസങ്ങള്‍ക്ക് ശേഷം അതു പുറത്തെടുക്കും എന്നാണ് ചില നരവംശവിദഗ്ദ്ധരുടെ അഭിപ്രായം. ഇങ്ങനെ പുറത്തെടുക്കുന്ന മൃതദേഹം മുളയില്‍ കുത്തി തീരത്ത് പ്രദര്‍ശിപ്പിക്കും. ദ്വീപിലേക്ക് അതിക്രമിച്ചു കയറുന്നവര്‍ക്കുള്ള മുന്നറിയിപ്പ് എന്ന തരത്തിലാണ് ഇങ്ങനെ ചെയ്യുന്നത്.

2006-ല്‍ ബോട്ട് തകര്‍ന്ന് ദ്വീപിലെത്തിയ രണ്ട് മത്സ്യത്തൊഴിലാളികളെ നോര്‍ത്ത് സെന്‍റിനല്‍ ദ്വീപുകാര്‍ വധിച്ചിരുന്നു. ഇവരുടെ മൃതദേഹം വീണ്ടെടുക്കാന്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ ശ്രമങ്ങള്‍ ഇവര്‍ തടയുകയും തിരച്ചിലിന് പോയ ഹെലികോപ്ടറിനും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും നേരെ അമ്പെയ്യുകയും ചെയ്തിരുന്നു. അന്ന് അതിസാഹസികമായി ദ്വീപിലിറങ്ങിയ കമാന്‍ഡന്‍റെ പ്രവീണ്‍ ഗൗറിന്‍റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാര്‍ഡ് സംഘം തീരത്ത് മത്സ്യത്തൊഴിലാളികളുടെ കുഴിമാടം കണ്ടെത്തുകയും അതിലൊന്ന് കുഴിച്ച് ഒരാളുടെ മൃതദേഹം വീണ്ടെടുക്കുകയും ചെയ്തിരുന്നു

അമ്മയുടെ മരണാനന്തര ചടങ്ങുകൾക്ക് അവധി നിഷേധിച്ചതിനു വോക്കി ടോക്കിയിലൂടെ പരാതി പറഞ്ഞ പൊലീസ് കോൺസ്റ്റബിളിനെ ഇരുചക്ര വാഹനത്തിൽ നിന്നു തള്ളി വീഴ്ത്തിയ ട്രാഫിക് എസ്ഐ സിസിടിവിയിൽ കുടുങ്ങി. വീഴ്ചയിൽ പരുക്കേറ്റ പൊലീസ് കോൺസ്റ്റബിൾ ധർമൻ ചികിൽസയിലാണ്. ചെന്നൈയിലെ തേനാംപെട്ട് സിവിരാമൻ റോഡിൽ നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ട്രാഫിക് എസ്ഐ രവിചന്ദ്രനെ റിസർവ് പൊലീസിലേക്കു മാറ്റി. സംഭത്തെക്കുറിച്ച് അന്വേഷണം നടത്താൻ സിറ്റി പൊലീസ് കമ്മിഷണർ എ.കെ.വിശ്വനാഥൻ നിർദേശം നൽകി. ഇതിനിടെ സംഭവത്തിൽ പരാതി നൽകാനെത്തിയ ധർമന്റെ ഭാര്യ അഭിരാമിയെ നാലു മണിക്കൂറോളം സ്റ്റേഷനിൽ കാത്തു നിർത്തിയതായും പരാതിയുണ്ട്.

സംഭവ സ്ഥലത്തിനു സമീപമുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളാണു പ്രചരിക്കുന്നത്. കഴിഞ്ഞ 21 നാണ് സംഭവം. ബൈക്കിൽ വന്ന ധർമനെ രവിചന്ദ്രൻ തള്ളിയിടുന്നത് വിഡിയോയിൽ വ്യക്തമാണ്. നിയന്ത്രണം തെറ്റി തെറിച്ചു വീണ ധർമൻ തലനാരിഴയ്ക്കാണ് എതിരെ വന്ന മിനിലോറിയുടെ അടിയിൽ നിന്നു രക്ഷപ്പെട്ടത്. തുടർന്നു നിർത്തിയിട്ട ജീപ്പിന് സമീപത്തേക്കു കൊണ്ടുവന്നതിനു ശേഷം മറ്റു പൊലീസുകാരുടെ സഹായത്തോടെ ധർമന്റെ വായിലേക്കു ദ്രാവകം ഒഴിച്ചു കൊടുക്കുന്നതും വിഡിയോയിൽ വ്യക്തമായി കാണാം. ധർമൻ മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നു വരുത്തി തീർക്കാൻ ചെയ്തതാണിതെന്നു സംശയമുണ്ട്.

ധർമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മദ്യപിച്ചു വാഹനമോടിച്ചു എന്നു രവിചന്ദ്രൻ എഴുതി വാങ്ങിയതായാണു ഭാര്യയുടെ പരാതിയിലും പറയുന്നത്. വോക്കി ടോക്കിയിൽ പരാതി പറഞ്ഞതിനും, മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും ധർമനെ ഇതേ ദിവസം സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു യഥാർഥ സംഭവം പുറത്തായത്. കഴിഞ്ഞ 6ന് അമ്മയുടെ മരണത്തെ തുടർന്ന് ധർമൻ ഒരാഴ്ച അവധിയെടുത്തിരുന്നു. തുടർന്നു 21ന് അമ്മയുടെ മരണാനന്തര ചടങ്ങുകൾക്കായി ധർമൻ വീണ്ടും അവധി ചോദിച്ചു. എന്നാൽ രവിചന്ദ്രൻ അവധി നൽകിയില്ല.

അമ്മയുടെ ശേഷക്രിയ ചെയ്യാൻപോലും അവധി നൽകുന്നില്ലെന്നു ധർമൻ വോക്കി ടോക്കിയിലൂടെ പരാതി പറഞ്ഞു. ഇതോടെ സംഭവം ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ ശ്രദ്ധയിൽപെട്ടു. ഇതാണ് രവിചന്ദ്രനെ ചൊടിപ്പിച്ചത്. ധർമൻ മദ്യലഹരിയിലാണു വോക്കി ടോക്കിയിൽ സംസാരിച്ചതെന്നാണ് ഉന്നതരുടെ ചോദ്യത്തിന് രവിചന്ദ്രൻ മറുപടി നൽകിയത്. ഇത് തെളിയിക്കുന്നതിനു വാഹനം തടഞ്ഞു നിർത്തി വായിൽ മദ്യമൊഴിച്ചു കസ്റ്റഡിയിലെടുക്കാനുള്ള ശ്രമമാണു സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പാളിയത്. കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്യുകയും, ദൃശ്യങ്ങൾ പുറത്തായിട്ടും ക്രൂരത കാട്ടിയ എസ്ഐയ്ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്.

പൊലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധമയി അവധി നൽകണമെന്നും, ജോലി സമ്മർദം കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും മദ്രാസ് ൈഹക്കോടതി നേരത്തെ സർക്കാരിനു നിർദേശം നൽകിയിരുന്നു. ജോലി സമ്മർദം ഉയർന്നതിനെ തുടർന്നു പൊലീസുകാർ തന്നെ പ്രതിഷേധിക്കാൻ ആരംഭിച്ചതോടെയാണിത്. മാസങ്ങൾക്കു മുൻപ് മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിക്കുന്നെന്ന് ആരോപിച്ചു മറീനയിലെ ഡിജിപി ഓഫിസിനു മുന്നിൽ പൊലീസുകാരൻ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചതും വാർത്തയായിരുന്നു

ഷിബു മാത്യൂ
കീത്തിലി. മലയാളി കുടുബങ്ങളെ മാത്രം ലക്ഷ്യം വെച്ചു കൊണ്ടുള്ള മോഷണങ്ങളുടെ പരമ്പര തുടരുകയാണ്. ഇന്നെലെ രാത്രി യോര്‍ക്ഷയറിലെ കീത്തിലിയില്‍ താമസിക്കുന്ന കോട്ടയം കോതനല്ലൂര്‍ സ്വദേശിയായ മലയാളിയുടെ വീട്ടില്‍ നിന്നും കവര്‍ന്നെടുത്തത് മുപ്പത് പവനോളും സ്വര്‍ണ്ണവും പണവും. വീട്ടില്‍ ആളില്ലാത്ത സമയം നോക്കി വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് അതിവിദഗ്ദമായി പൊളിച്ചുമാറ്റിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. വീടിനുള്ളിലെ അലമാരകളില്‍ സൂക്ഷിച്ചിരിക്കുന്ന തുണികളും മറ്റും വലിച്ചു വാരിയിട്ടു. വീടിന്റെ എല്ലാ ഭാഗവും മോഷ്ടാക്കള്‍ അരിച്ചുപെറുക്കി. സ്വര്‍ണ്ണം തപ്പിയതിന്റെ ഭാഗമായി സ്റ്റോറേജോടുകൂടിയ കട്ടിലുകള്‍ക്കും ടോയിലെറ്റിനുമൊക്കെ കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. സ്വര്‍ണ്ണവും പണവും മാത്രമേ മോഷ്ടാക്കള്‍ കവര്‍ന്നെടുത്തുള്ളൂ. വൈകുന്നേരം അഞ്ച് മണിയോടെ അടുത്ത സുഹൃത്തിന്റെ കുട്ടിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഈ മലയാളി കുടുംബം. പത്തു മണിയോടെ ഇവര്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നതായിട്ടാണ് കണ്ടത്. ഇതിനോകം കവര്‍ച്ചകഴിഞ്ഞ് മോഷ്ടാക്കള്‍ കടന്നു കളഞ്ഞിരുന്നു. വീടിനുള്ളില്‍ പ്രവേശിച്ച ഇവര്‍ തുണികളും മറ്റും വലിച്ചു വാരിയിട്ടിരിക്കുന്നതാണ് ആദ്യം കണ്ടത്. സ്വര്‍ണ്ണവും പണവും ഒഴിച്ച് വേറെ യാതൊന്നും മോഷ്ടാക്കള്‍ കവര്‍ന്നിട്ടില്ല. യോര്‍ക്ഷയര്‍ പൊലീസ് ഉടനെ സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി അന്വേഷണം ആരംഭിച്ചു. വിരല്‍ അടയാള വിദഗ്തര്‍ എത്തിയെങ്കിലും അന്വേഷണത്തിന് ആസ്പദമായ സൂചനകള്‍ ഒന്നും തന്നെ കിട്ടിയില്ല. മോഷ്ടാക്കള്‍ കൈയ്യൊറ ധരിച്ചിരുന്നതിനാല്‍ കാര്യമായ രേഖകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. സ്ഥിരം മോഷ്ടാക്കളാണ് ഈ മോഷണത്തിന്റെ പിന്നിലെന്നും സ്വര്‍ണ്ണവും പണവും മാത്രമാണ് അവരുടെ ലക്ഷ്യമെന്നുമാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ പതിമൂന്നു വര്‍ഷമായിട്ട് കീത്തിലിയില്‍ താമസ്സിക്കുന്നവരാണ് ഈ മലയാളി കുടുംബം. താല്ക്കാലികമായ ഒരു പൂട്ട് പോലീസ് രാത്രി തന്നെ ഏര്‍പ്പാടാക്കി കൊടുത്ത് വീട് സുരക്ഷിതമാക്കി.

മലയാളികളുടെ വീടിനെ മാത്രം ലക്ഷ്യം വെച്ചു കൊണ്ടുള്ള അഞ്ചാമത്തെ മോഷണമാണ് യോര്‍ക്ഷയറിലെ കീത്തിലിയില്‍ ഇന്നലെ വൈകിട്ട് നടന്നത്. പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതിനുമുമ്പ് നടന്ന മോഷണങ്ങള്‍ക്കും ഇതുവരെ യാതൊരു തുമ്പും ലഭിച്ചിട്ടില്ല.
നടന്ന മോഷണങ്ങളെല്ലാം സമാന സ്വഭാവങ്ങളുള്ളതാണ്. അവയൊക്കെ നടന്നതും ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ്. മലയാളികളുടെ ജീവിതരീതിയും കുടുംബ പശ്ചാത്തലവും പ്രാദേശീകര്‍ ഇതിനോടകം പഠിച്ചു കഴിഞ്ഞെന്ന് പോലീസ് അഭിപ്രായപ്പെട്ടു. വീക്കെന്റുകളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ കുടുംബസമേതമാണ് സാധാരണയായി മലയാളി കുടുംബങ്ങള്‍ പോകുന്നതും വളെ വൈകിയേ അവര്‍ തിരിച്ചെത്താറുള്ളൂ എന്നും കഴിഞ്ഞ കാലങ്ങളില്‍ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് സമീപവാസികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇന്ത്യാക്കാരുടെ വീടുകളില്‍ ധാരാളം സ്വര്‍ണ്ണമുണ്ട് എന്നൊരു സംസാരവും പൊതുവേ നിലനില്ക്കുന്നു. മോഷ്ടാക്കള്‍ ആദ്യം അവര്‍ പ്ലാന്‍ ചെയ്യുന്ന വീടുകള്‍ അവരുടെ നിരീക്ഷണത്തിലാക്കും. പിന്നീട് വീട്ടിലുള്ളവര്‍ ഒന്നായി വീടിനു പുറത്തേയ്ക്ക് പോകുമ്പോള്‍ മോഷ്ടാക്കളില്‍ ഒരുവന്‍ അവരെ പിന്‍തുടര്‍ന്ന് വിവരങ്ങള്‍ ബാക്കിയുള്ള മോഷ്ടാക്കള്‍ക്ക് കൈമാറും. കൃത്യമായ വിവരങ്ങള്‍ മോഷ്ടാക്കള്‍ക്ക് ലഭിക്കുന്നതുകൊണ്ട് ടെന്‍ഷനില്ലാതെ മോഷ്ടിക്കാന്‍ ധാരാളം സമയം മോഷ്ടാക്കള്‍ക്ക് കിട്ടാറുണ്ട്. മിക്കവാറും മോഷണങ്ങള്‍ ഇങ്ങനെ തന്നെയാണ് നടക്കുന്നതെന്ന് യോര്‍ക്ഷയര്‍ പോലീസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. മലയാളികളുടെ വീടുകളില്‍ അടുത്ത കാലങ്ങളിലായി മോഷണങ്ങളുടെ എണ്ണവും പെരുകിയിരിക്കുന്നു. ലെസ്റ്ററില്‍ നിരന്തരമായി നടക്കുന്ന മോഷണങ്ങള്‍ ഇതിന് തെളിവാണ്. ഇന്ത്യന്‍ വംശജരുടെ വീടുകളില്‍ നടക്കുന്ന മോഷണങ്ങള്‍ മറ്റുള്ള ഏഷ്യന്‍ രാജ്യങ്ങളിലുള്ളവരുടെ വീടുകളില്‍ നടക്കുന്നതിനേല്കാല്‍ വളരെ കൂടുതലണ്. അംഗസംഖ്യ കൂടുതലുള്ളതുകൊണ്ട് ഇവരുടെ വീടുകളില്‍ എപ്പോഴും ആളുണ്ടാവും. അതീവ ജാഗ്രത പാലിക്കാന്‍ പോലീസ് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടം ഉണ്ടായപ്പോള്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കര്‍ തന്നെയായിരുന്നു എന്ന് സാക്ഷി മൊഴികള്‍. രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തവരും സ്ഥലത്തുണ്ടായിരുന്നവരുമായിരുന്ന അഞ്ച് പേരാണ് മൊഴി നൽകിയത്

അപകടം നടന്നതിന് സമീപമുള്ള വീട്ടുകാരുടെയും പിന്നിൽ വന്ന വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയുടെയും മൊഴികളാണ് നിര്‍ണായകമായത്. ചില മൊഴികള്‍ കൂടി രേഖപ്പെടുത്തിയാല്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.

അതേസമയം ബാലഭാസ്ക്കറിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം അപകട സ്ഥലം സന്ദർശിച്ചു. വാഹനവും ഫൊറൻസിക് സംഘവും പരിശോധിച്ചു. പരിക്കുകളും അപകട നടന്ന രീതിയും പരിശോധിച്ച് ഫൊറൻസിക് സംഘം റിപ്പോർട്ട് നൽകും. രക്ഷാപ്രവർത്തിന് ആദ്യമെത്തിയ കെഎസ്ആർടിസി ഡ്രൈവറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു.

എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍റെ മൊഴി. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്കർ ആണ് കാർ ഓടിച്ചതെന്നായിരുന്നു ഡ്രൈവർ വിശദമാക്കിയത്. സെപ്തംബർ 25 നാണ് നാടിനെ കണ്ണീരിലാഴ്ത്തി ബാലഭാസ്കറും മകൾ തേജസ്വിനിയും കാറപകടത്തില്‍ മരിച്ചത്.

അതേസമയം ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു. അപകടത്തിൽ ദുരൂഹതയുണ്ടെന്നായിരുന്നു പിതാവിന്റെ പരാതി. മൊഴിയിലെ വൈരുധ്യങ്ങൾ ഉൾപ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്കറിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു.

പിതാവിന്‍റെ ആവശ്യം പരിഗണിച്ച് ബാലഭാസ്കറിന്‍റേയും മകളുടേയും മരണത്തിലേക്ക് നയിച്ച വാഹനാപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിരുന്നു. ലോക്കല്‍ പോലീസിനാണ് അന്വേഷണ ചുമതല. പൊലീസിന് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് ക്രൈംബ്രാഞ്ചിനോടും ഡിജിപി നിര്‍ദേശിച്ചിരുന്നു.

ഇരു കുടുംബങ്ങളേയും നാട്ടുകാരെയും പാടെ ആശങ്കയിലാഴ്ത്തിയ തിരോധാനത്തിന് ഒടുവിൽ ശുഭകരമായ വാർത്തയെത്തി.രണ്ട് വിദ്യാർത്ഥിനികളെയും പോലീസ് കണ്ടെത്തി.കണ്ണൂർ പാനൂരിൽ നിന്നും അഞ്ചു ദിവസങ്ങൾക്ക് മുൻപ് കാണാതായ സൈന, ദൃശ്യ എന്നിവരെ തിരൂരിലെ ലോഡ്ജിൽ വെച്ചാണ് കണ്ടെത്തിയത്. ഈ മാസം 19നാണ് ഇരുവരെയും കാണാതായത്. പെൺകുട്ടികളെ ഉടൻ നാട്ടിലെത്തിക്കും.

 

ഒരുമിച്ചു വീടുവിട്ട ശേഷം തിരൂരിലെ ഒരു ലോഡ്‌ജിൽ താമസിച്ചു വരികയായിരുന്നു ഇവർ. ഇവിടെ വെച്ച്  ജീവനക്കാർ ഇവരെ തിരിച്ചറിഞ്ഞതാണ് ഇരുവരെയും കണ്ടെത്താൻ സഹായകമായത്. നാടുവിട്ട അന്ന് നേരെ തിരൂരിൽ എത്തി മുറിയെടുത്തു താമസിക്കുകയായിരുന്നു ഇവർ. മാധ്യമങ്ങളിലെ വാർത്തകൾക്ക് പിന്നാലെ ആളുകൾ തിരിച്ചറിയുകയും, പോലീസ് തിരച്ചിൽ ശക്തമാക്കുകയും ചെയ്തതോടെ ഈ മുറി ഉപേക്ഷിച്ചു ഇന്ന് രാവിലെ ഒരു ഹോം സ്റ്റയിലേക്ക് മാറി.

 

ഇതിനോടകം ഇവിടെയെത്തിയ പാനൂർ പോലീസ് ഇരുവരെയും കണ്ടെത്തി. അനുനയിപ്പിച്ചു വീട്ടിലേക്ക് കൊണ്ടുവരാൻ ശ്രമം തുടങ്ങി. പത്താം ക്ലാസ് മുതൽ ഒരുമിച്ചു പഠിക്കുന്ന ഇരുവരും നിലവിൽ പാനൂരിൽ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് പഠിക്കുകയാണ്. തമ്മിൽ പിരിഞ്ഞിരിക്കാനാവാത്ത വിധം ഉറ്റ സുഹൃത്തുക്കളായ ഇവർ കൂട്ടത്തിൽ ദൃശ്യയുടെ വിവാഹം തീരുമാനിച്ചതോടെനാടുവിടാൻ തീരുമാനിക്കുകയായിരുന്നു.നിലവിൽ വീട്ടിലേക്ക് തിരികെപ്പോകാൻ ഇരുവരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനു ശേഷമാകും തുടർ നടപടികൾ.

 

ഒടുവില്‍ വിജയം സത്യത്തിനൊപ്പം തന്നെ നിന്നു. ആത്മാഭിമാനം രക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നു കൊച്ചിയിലെ ആ വീട്ടമ്മ. തന്റെ നഗ്നദൃശ്യം താന്‍ തന്നെ പ്രചരിപ്പിച്ചെന്നായിരുന്നു ഭര്‍ത്താവിന്റെ ആരോപണം. ഒടുവില്‍ ഫോറന്‍സിക് പരിശോധനയിലൂടെ അത് തെറ്റാണെന്ന് വീട്ടമ്മ തെളിയിച്ചു. രണ്ടരവര്‍ഷത്തിലധികമാണ് നിയമപോരാട്ടം നീണ്ടു നിന്നത്. തൊടുപുഴ സ്വദേശിനി ശോഭ സജുവിനായിരുന്നു ദുരനുഭവം ഉണ്ടായത്.

സ്വന്തം നഗ്‌നദൃശ്യങ്ങള്‍ ശോഭ തന്നെ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഭര്‍ത്താവ് ഉപേക്ഷിച്ചു പോവുകയായിരുന്നു. സംഭവത്തിന് ശേഷം മുഖം പോലും മറയ്ക്കാതെയായിരുന്നു ശോഭ മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ആ ധൈര്യമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. വാട്‌സാപ്പ് വഴി പ്രചരിച്ച നഗ്‌നദൃശ്യങ്ങള്‍ ശോഭയുടേത് അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക് സ്ഥിരീകരിച്ചു. സൈബര്‍ ഫോറന്‍സിക് കേസുകളില്‍ ഏത് അന്വേഷണ ഏജന്‍സിക്കും അന്തിമ വാക്കാണ് സിഡാക്കിന്റെത്. സംസ്ഥാന പോലീസിന്റെ ഫോറന്‍സിക് ലാബില്‍ രണ്ടുവട്ടം നടത്തിയ പരിശോധനയും ഫലം കണ്ടിരുന്നില്ല.

ശോഭയുടെ ഭര്‍ത്താവും അവരുടെ സ്ഥാപനത്തിലെ ജീവനക്കാരും ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന ഒരു നഗ്‌നദൃശ്യം തന്റെ ഭാര്യയുടേത് ആണെന്ന് ഭര്‍ത്തവ് വിശ്വസിച്ചു. ഒരു അന്വേഷണത്തിനും കാക്കാതെ വിവാഹമോചന ഹര്‍ജി നല്‍കി ഭര്‍ത്താവ്. ഒരു രാത്രി ശോഭ ശോഭ വീട്ടില്‍ നിന്ന് പുറത്തായി.  മൂന്നു കുട്ടികളുണ്ട്, അവരെയൊന്ന് കാണാന്‍ പോലും അന്ന് തൊട്ട് ഇന്നുവരെ കഴിഞ്ഞിട്ടില്ല. പോരാട്ടം ഇവിടെ തീരുന്നില്ല.-ശോഭ പറയുന്നു. എവിടെ നിന്നോ വന്ന ഒരു നഗ്‌നദൃശ്യം ശോഭയുടേത് എന്ന അടിക്കുറിപ്പോടെ പുറത്തുവിട്ടത് ആരാണ്? ആ ഉറവിടം കണ്ടെത്താതെ തന്റെ ദുരിതം തീരില്ലെന്ന് ശോഭ വിശ്വസിക്കുന്നു

കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായിട്ട് ആറ് ദിവസമായിട്ടും തുമ്പ് കിട്ടാതെ പൊലീസ്. തിങ്കളാഴ്ചയാണ് ദൃശ്യ (20), സയന (20) എന്നിവരെ കാണാതായത്. പതിവുപോലെ കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ രാത്രിയായിട്ടും കാണാത്തതോടെ രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനിഷനില്‍ പരാതി നല്‍കി. പൊലീസ് ഇവരുടെ മൊബൈല്‍ സിഗ്നല്‍ പിന്തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് അവസാന സിഗ്നലോടെ ഫോണ്‍ സ്വിച്ച് ഓഫ് ആയത്. പിന്നീട് ഇതുവരെ ഫോണ്‍ ഓണ്‍ ചെയ്തിട്ടില്ല.

മൈസൂര്‍, തളിപ്പറമ്പ്, എറണാകുളം, തിരുവനന്തപുരം ഇവിടങ്ങളില്‍ നിന്ന് ഇവരുടെ മുഖച്ഛായ ഉള്ളവരെ പലയിടത്തും കണ്ടതായി വിവരങ്ങളുണ്ട്. എന്നാല്‍, ഇവരാണെന്ന് ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. വേര്‍പിരിയാത്ത സുഹൃത്തുക്കളാണ് ഇരുവരുമെന്ന് സയനയുടെ മാതാപിതാക്കള്‍ പറയുന്നു. മണിക്കൂറുകളോളം ഇവര്‍ ഫോണില്‍ സംസാരിക്കുന്നത് വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ദൃശ്യയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചതായും വിവരമുണ്ട്. സയനയുടെ സ്‌കൂട്ടറിലാണ് ഇരുവരും പാനൂരില്‍ എത്തിയത്.

റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ സ്‌കൂട്ടി കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനികളുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തി. തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പാനൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് വിദ്യാര്‍ത്ഥിനികളാണ് ഇവര്‍.

കാണാതായ അന്ന് ഇരുവരും പാറാട് ട്രാവല്‍ ഏജന്‍സിയില്‍ തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ വിവരം ചോദിച്ചതായി വിവരമുണ്ട്. തിരുവനന്തപുരത്ത് നടത്തിയ അന്വേഷണത്തില്‍ പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

RECENT POSTS
Copyright © . All rights reserved