Crime

സ്ത്രീകളെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നത് ഒരു അവകാശമായി കരുതുന്ന നാടാണ് ഇന്ത്യ. ഇതിന്റെ പേരില്‍ നടക്കുന്ന പലവിധ അക്രമങ്ങളെക്കുറിച്ച് ഇതിന് മുന്‍പും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നും വിദേശ മണ്ണിലേക്ക് ചേക്കേറിയിട്ടും ഈ സ്വഭാവത്തിന് മാറ്റം വരുത്തിയില്ലെങ്കില്‍ ശിക്ഷ ഉറപ്പാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. അഞ്ച് വര്‍ഷക്കാലത്തോളം ലണ്ടനില്‍ ഒരു സ്ത്രീയെ ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഇന്ത്യന്‍ വംശജനാണ് ആറ് വര്‍ഷത്തെ ജയില്‍ശിക്ഷ ഏറ്റുവാങ്ങിയത്.

ആയുധങ്ങള്‍ കൈവശം വെച്ച് ഭീഷണിപ്പെടുത്തുക, സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം, ഇരയെ സമീപിക്കരുതെന്ന ഉത്തരവ് ലംഘിക്കല്‍ എന്നീ കുറ്റങ്ങള്‍ സമ്മതിച്ചതോടെയാണ് ലണ്ടന്‍ ഐല്‍വര്‍ത്ത് ക്രൗണ്‍ കോടതി 35-കാരനായ സിര്‍താജ് ഭംഗലിന് ശിക്ഷ വിധിച്ചത്. ‘യാതൊരു കാരണവുമില്ലാതെയാണ് സിര്‍താജ് യുവതിയെ ശല്യം ചെയ്തിരുന്നത്. അഞ്ച് വര്‍ഷക്കാലം ഇത് നീണ്ടും. ജയിലില്‍ റിമാന്‍ഡില്‍ കിടക്കുമ്പോള്‍ പോലും വെറുതെവിട്ടില്ല. ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല. അന്വേഷണത്തെ പിന്തുണച്ച ഇരയ്ക്കും കുടുംബത്തിനും നന്ദി’, കേസ് അന്വേഷിച്ച മെട്രോപൊളിറ്റന്‍ പോലീസ് വെസ്റ്റ് ഏരിയ കമ്മാന്‍ഡ് യൂണിറ്റ് ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ നിക്കോള കെറി പറഞ്ഞു.

2013-ലാണ് സംഭവങ്ങളുടെ തുടക്കം. ഒരിക്കലും കണ്ടിട്ടില്ലാത്ത യുവതിയെ സോഷ്യല്‍ മീഡിയ വഴിയാണ് സിര്‍താജ് ബന്ധപ്പെടാന്‍ ശ്രമിച്ചത്. ഇയാളുടെ സന്ദേശങ്ങള്‍ ഭീഷണി രൂപത്തിലായതോടെ ഇര ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാല്‍ ശല്യം അവിടെയും തീര്‍ന്നില്ല. നേരിട്ട് ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ കത്തുകളും നിരന്തരം തേടിയെത്തി. 2016ന് ശേഷം ഫോണിലും, എസ്എംഎസിലുമായി ശല്യം. 2017ലാണ് ഇര സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുമ്പോഴും ഇയാള്‍ ഇവരെ വെറുതെവിട്ടില്ല.

ജയിലിലെ അനധികൃത മൊബൈല്‍ ഉപയോഗിച്ചായിരുന്നു ഭീഷണി. കേസ് നടക്കവെ 80 പേജുള്ള കത്തും ഇയാള്‍ അയച്ചു. യുവതിക്കും കുടുംബത്തിനും നേര്‍ക്ക് ആസിഡ് അക്രമണം നടത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടില്‍ നിന്നും ആസിഡിന് പുറമെ ആയുധങ്ങളും പിടിച്ചെടുത്തത്.

കാസര്‍കോട് ആറര വര്‍ഷം മുമ്പ് ഭര്‍ത്താവിനെ കൊന്ന് ഭാര്യയും കാമുകനും പുഴയിലെറിഞ്ഞ കേസില്‍ അജ്ഞാത മൃതദേഹം തെളിവായി. കാസര്‍കോട് മൊഗ്രാല്‍ പുത്തൂരില്‍ കൊല്ലപ്പെട്ട മുഹമ്മദ് കുഞ്ഞിയുടെ മൃതദേഹമാണ് പൊലീസ് തിരിച്ചറിഞ്ഞത്. 2012 ഏപ്രിലില്‍ ചന്ദ്രഗിരിപുഴയൊരത്ത് അടിഞ്ഞ അജ്ഞാത മൃതദേഹം മുഹമ്മദ് കുഞ്ഞിയുടേതാണെന്നുള്ള സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ജില്ലയില്‍ തെളിയാതെ കിടന്ന കേസുകളുടെ പുനരന്വേഷണത്തിന് എസ് പി നിയോഗിച്ച ഡിവൈഎസ്പി ജെയ്സണ്‍ എബ്രഹാമിന്‍റെ സ്ക്വാഡാണ് ആറരവര്‍ഷത്തിനുശേഷം ആസൂത്രിതമായി നടപ്പിലാക്കിയ കൊലക്കേസ് തെളിയിച്ചത്.

കേരള പൊലീസിന്റെ സമീപകാല ചരിത്രത്തിലെങ്ങും കേട്ടുകേള്‍വിയില്ലാത്ത വിധം സസ്പെന്‍സുകള്‍ നിറഞ്ഞതാണ് മുഹമ്മദ് കുഞ്ഞിയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം. 2012 മാര്‍ച്ചിലാണ് മുഹമ്മദ് കുഞ്ഞിയെ ഭാര്യ സക്കീന കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് മൃതദേഹം വീടിനു മുന്നിലൂടെ ഒഴുകുന്ന ചന്ദ്രഗിരിപ്പുഴയില്‍ എറിഞ്ഞു. ഡിസിഅര്‍ബി ഡിവൈഎസ്പി ജെയ്സണ്‍ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇത്രയും കാര്യങ്ങള്‍ കണ്ടെത്തി. എന്നാല്‍ ആറരവര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ പ്രതികളുടെ കുറ്റസമ്മതമൊഴിക്കപ്പുറമുള്ള തെളിവുകളെക്കുറിച്ച് വ്യക്തമാക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തതെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ശേഖരിക്കാന്‍ കഴിയുമെന്നും പൊലീസ് കരുതുന്നു. 2012 ഏപ്രില്‍ ഏഴിന് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ചന്ദ്രഗിരിപ്പുഴയുടെ ഒരു ഭാഗത്തു നിന്ന് പുരുഷന്റെ അജ്ഞാത മൃതദേഹം ലഭിച്ചിരുന്നു. അന്വേഷം നടത്തിയെങ്കിലും മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം കണ്ണൂര്‍ പയ്യമ്പലത്താണ് ഈ മൃതദേഹം സംസ്കരിച്ചു.

മുഹമ്മദ് കുഞ്ഞിയുടെ തിരോധാനം കൊലപാതകമാണെന്ന സുചന ലഭിച്ചതോടെ സംഭവസമയത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. ലഭിച്ച പട്ടികയില്‍ നിന്ന് ചന്ദ്രഗിരിപ്പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തെ കേന്ദ്രീകരിച്ചായി പിന്നീടുള്ള അന്വേഷണം. അഴുകിയ മൃതദേഹത്തില്‍ നിന്ന് ചുവന്ന നൂലുകെട്ടിയ ഒരു ഏലസ് ലഭിച്ചിരുന്നു. കൊല്ലപ്പെടുന്ന സമയത്ത് മുഹമ്മദ് കുഞ്ഞിയും ഇതുപോലൊരു ഏലസ് ധരിച്ചിരുന്നതായി സക്കീനയുടെ മൊഴിയില്‍ നിന്നു വ്യക്തമായി.

ഇതോടെ ഈ മൃതദേഹം മുഹമ്മദ് കുഞ്ഞിയുടേതാണെന്ന് പൊലീസ് ഏറെക്കുറെ ഉറപ്പിച്ചു. മൃതദേഹത്തിലുണ്ടായിരുന്ന ഏലസ് ഇപ്പോള്‍ കാഞ്ഞങ്ങാട് കോടതിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയശേഷം ഇതു സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ആവശ്യമെങ്കില്‍ കൂടുതല്‍ ശാസ്ത്രിയ പരിശോധനകളും നടത്തും. എന്നാല്‍ പലഘട്ടങ്ങളായി നടത്തിയ ചോദ്യം ചെയ്യലില്‍ ഒരിക്കല്‍ പോലും പതറാതെ പിടിച്ചു നിന്ന സക്കീനയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താലും രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോയെന്ന കാര്യത്തിലും പൊലീസിന് ആശങ്കയുണ്ട്.

സംഭവം നടന്ന വാടക ക്വാര്‍ട്ടേഴ്സിലെ മുറിയില്‍ ഫൊറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ രക്തത്തിന്റെ അംശം ലഭിച്ചതും അന്വേഷണസംഘത്തിന് ആത്മവിശ്വാസം പകരുന്നു. കുറ്റസമ്മതമൊഴിയും, സാഹചര്യതെളിവുകളും മാത്രം ആശ്രയിച്ച് തയാറാക്കുന്ന കുറ്റപത്രം കോടതിയില്‍ എത്തിയാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന കാര്യത്തില്‍ ആശങ്ക ഉയരുന്ന ഘട്ടത്തിലാണ് പഴുതടച്ചുള്ള അന്വേഷണം ശ്രദ്ധേയമാകുന്നത്. രണ്ടാം പ്രതിയും സക്കീനയുടെ കാമുകനുമായ ഉമ്മര്‍ ഒരു ഘട്ടത്തില്‍ പൊലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശമനുസരിച്ച് മുഹമ്മദ് കുഞ്ഞിയുടെ തിരോധാനം പുനരന്വേഷിക്കാന്‍ തീരുമാനിച്ച ശേഷ അന്വേഷണസംഘം ഉമ്മറിനെ ബന്ധപ്പെട്ടെങ്കിലും മുഹമ്മദ് കുഞ്ഞി ജീവിച്ചിരിക്കുന്നുണ്ടെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇയാള്‍ നടത്തിയത്. പൊലീസും ഈ നിലപാടുകള്‍ ശരിവയ്ക്കുന്നതായി നടിച്ചു.

മുഹമ്മദ് കുഞ്ഞിയുെട കൊലപാതകം സംബന്ധിച്ചുള്ള ഏകദേശചിത്രം ലഭിച്ച ശേഷമാണ് അന്വേഷണസംഘം സക്കീനയെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റസമ്മതം നടത്തുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനൊപ്പം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്. കൊലയ്ക്കുപയോഗിച്ച ഷാള്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനും അന്വേഷണസംഘം ആദ്യം ശ്രമിക്കുക. മുഹമ്മദ് കുഞ്ഞിയുടെ തിരോധാനം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ തുമ്പില്ലാതെ അവസാനിപ്പിച്ച കൂടുതല്‍ കേസുകള്‍ വിശദമായ അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ രണ്ടു തവണ അറസ്റ്റ് ചെയ്യപ്പെട്ട രാഹുലിനെതിരെ മീടു ആരോപണം ഉന്നയിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്. സുഹൃത്തും ആര്‍ട്ടിസ്റ്റുമായ സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഇഞ്ചിപ്പെണ്ണ് എന്ന സാമൂഹ്യപ്രവർത്തകയുടെ ഫെയ്സ്ബുക്ക് പേജിൽ വന്നിരിക്കുന്നത്.

രാഹുല്‍ ഈശ്വര്‍ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് പ്രധാനആരോപണം. വീട്ടിലെത്തിയപ്പോൾ ടിവിയില്‍ സോഫ്റ്റ് പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച രാഹുല്‍ കിടപ്പറയില്‍ വച്ച് തന്നെ കടന്ന് പിടിച്ച് ചുംബിച്ചുവെന്നും ഇൗ പോസ്റ്റിൽ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി അയച്ച വാട്സ്ആപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് ഇഞ്ചിപ്പെണ്ണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയായിരിക്കെ 2003-2004 കാലഘട്ടത്തിലാണ് സംഭവമെന്ന് വ്യക്തമാക്കുന്നു. സുഹൃത്തായിരുന്ന രാഹുല്‍ തന്നെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ അമ്മയുണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞായിരുന്നു അയാള്‍ ക്ഷണിച്ചത്. എന്നാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ടിവിയില്‍ അയാള്‍ സോഫ്റ്റ് പോണ്‍ സിനിമ പ്രദര്‍ശിപ്പിച്ചു. എന്ത് ചെയ്യണമെന്നറിയാതെ അസ്വസ്ഥയാകുകയായിരുന്നു താന്‍. പിന്നീട് അയാള്‍ തന്‍റെ കിടപ്പറ കാണിച്ചു തന്നു. അവിടെ വച്ച് തന്നെ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തു. ആദ്യം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആ വീട്ടില്‍ കുടുങ്ങിപ്പോയെന്ന് കരുതി. എന്നാല്‍ കുതറി മാറിയെങ്കിലും പല തവണ ഇത് തുടര്‍ന്നു. ഇതോടെ താന്‍ വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതയാകുകയായിരുന്നുവെന്നും പോസ്റ്റിൽ യുവതി വ്യക്തമാക്കുന്നു.

ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു എന്ന വിവാദ പ്രസ്താവനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉപാധികളോടെയാണ് കേസില്‍ രാഹുലിന് ജാമ്യം അനുവദിച്ചത്. അതിനിടെ രാഹുല്‍ താഴമണ്‍ കുടുംബാംഗമല്ലെന്ന് വ്യക്തമാക്കി തന്ത്രി കുടുംബം രാഹുലിനെ തള്ളിപ്പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ തന്ത്രി കുടുംബത്തിനെതിരെ രാഹുലും രംഗത്തെത്തിയിരുന്നു. എതിർസ്ഥാനത്ത് മുഖ്യമന്ത്രി നിൽക്കുന്നത് കൊണ്ടാണോ തന്ത്രി കുടുംബം ഭയക്കുന്നത് എന്നായിരുന്നു രാഹുലിന്റെ മറുപടി.

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങൾ കത്തിച്ചത് പെട്രോള്‍ ഒഴിച്ചെന്ന് ശാസ്ത്രീയപരിശോധനയില്‍ കണ്ടെത്തി. വിരലടയാളങ്ങളോ മറ്റു തെളിവുകളോ ലഭിച്ചിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് തീരുമാനം. സ്വാമി സന്ദീപാനന്ദഗിരിക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഡിജിപിയുടെ നിര്‍ദേശപ്രകാരം ഗണ്‍മാനെ അനുവദിച്ചു.

സന്ദീപാനന്ദ ഗിരിക്ക് മുന്‍പുണ്ടായ ഭീഷണികളേപ്പറ്റി സന്ദീപാനന്ദയില്‍ നിന്ന് പൊലീസ് ഇന്ന് വിശദമായ മൊഴിയെടുക്കും. പ്രദേശവാസികളെ ഉള്‍പ്പടെ ചോദ്യം ചെയ്യുന്നത് പൊലീസ് ആലോചിക്കുന്നുണ്ട്

വളരെയേറെ ആസൂത്രണത്തിന് ശേഷം നടപ്പാക്കിയ പദ്ധതിയാണ് ആശ്രമം ആക്രമണമെന്നാണ് പൊലീസ് കരുതുന്നത്. പ്രഥമദൃഷ്്ട്യ കണ്ടെത്താകുന്ന ഒരു തെളിവുകളും പൊലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല. അന്വേഷണം തുടങ്ങി 48 മണിക്കൂര്‍ പിന്നിടുമ്പോളും ആക്രമികളുടെ ഒരു ദൃശ്യങ്ങളോ മൊഴികളോ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല. മൊബൈല്‍ ടവറിന് കീഴില്‍ ആ സമയത്ത് ഉണ്ടായിരുന്ന എല്ലാവരുടെയും വിശദാശംങ്ങള്‍ പൊലീസ് ശേഖരിച്ചു.

പുറമേ നിന്നുള്ളവരുടെ സാന്നിധ്യം ആ പ്രദേശത്തുണ്ടായിരുന്നോ എന്നാതാണ് പരിശോധിക്കുന്നത്. സംശയമുള്ളവരുടെ വിവരങ്ങളും നേരത്തേ സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഭീഷണിപ്പെടുത്തിയവരുടെ വിവരങ്ങളും സന്ദീപാനന്ദ പൊലീസിനും കൈമാറും. സന്ദീപാനന്ദയുടെ വിശദമായ മൊഴി എടുത്തശേഷമാകും അന്വേഷണത്തില്‍ സ്വീകരിക്കേണ്ട പുതിയ മാര്‍ഗങ്ങള്‍ തീരുമാനിക്കുക. സി.സി.ട.വി ദൃശ്യങ്ങള്‍ ഒരു തവണ പരിശോധിച്ചെങ്കിലും ഒരു തവണ കൂടി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം

വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി വിശ്രമജീവിതം നയിച്ചു വരികയായിരുന്ന നേവി ഉദ്യോഗസ്ഥന്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. ചിങ്ങോലി പ്രസാദത്തില്‍ പ്രസന്ന കുറുപ്പിന്റെ മകന്‍ പ്രസാദി (33) നെയാണ് സുഹൃത്ത് ഉണ്ണികൃഷ്ണന്റെ കൊച്ചു മണ്ണാറശ്ശാല പടീറ്റതില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരു അപകടംമൂലം അംഗവൈകല്യം ഉണ്ടായതിനെ തുടര്‍ന്ന് പ്രസാദ് വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി വിശ്രമജീവിതം നയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. ഭാര്യ രശ്മി ചിങ്ങോലിയിലെ സ്വകാര്യ ആയുര്‍വ്വേദ ആശുപത്രിയിലെ ഡോക്ടറാണ്.

ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്ത കേസില്‍ അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. കൊച്ചി സിറ്റി പോലീസ് തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

ശബരിമലയില്‍ യുവതി പ്രവേശനമുണ്ടായാല്‍ കൈമുറിച്ച് ചോര വീഴ്ത്തി നടയടയ്ക്കാന്‍ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലില്‍ രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നു.

കൊച്ചി സ്വദേശി പ്രമോദ് നല്‍കിയ പരാതിയിലാണ് നിയമ നടപടി.രാഹുല്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും ഗൂഢാലോചനയുടെ ചെറിയൊരു അംശം മാത്രമാണ് പുറത്തുവന്നതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

എറണാകുളത്ത് പത്രസമ്മേളനത്തിലാണ് രാഹുല്‍ വിവാദപരമായ പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടെ നിലപാടില്‍ നിന്ന് രാഹുല്‍ പിന്മാറിയിരുന്നു. രക്ത ചൊരിച്ചിലിന് തയ്യാറായി ചിലര്‍ ശബരിമലയിലുണ്ടായിരുന്നുവെന്നും എന്നാല്‍ താന്‍ അവരോട് ഗാന്ധിമാര്‍ഗ്ഗം ഉപദേശിച്ചെന്നുമാണ് രാഹുല്‍ പിന്നീട് നിലപാടു മാറ്റിയത് .

കാസർകോട് മാനസികാസ്വാസ്ഥ്യമുള്ള ഗൃഹനാഥനെ സുഹൃത്തിന്റെ പ്രേരണയാൽ കിടപ്പുമുറിയിൽ ഭാര്യ കഴുത്തു ഞെരിച്ചു കൊന്നതാണെന്നു തെളിഞ്ഞത് ആറര വർഷത്തിനു ശേഷം. കൊലയ്ക്കു ശേഷം ചന്ദ്രഗിരിപ്പുഴയിൽ മകന്റെ സഹായത്തോടെ ഒഴുക്കിയ മൃതദേഹം കണ്ടെത്താനായിട്ടില്ല. മൊഗ്രാൽ പുത്തൂർ ബെള്ളൂർ തൗഫീഖ് മൻസിലിലെ മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യ സക്കീന(36), സുഹൃത്ത് ബോവിക്കാനം മുളിയാർ സ്വദേശി ഉമ്മർ(41) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമ്മർ മുമ്പ് മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പെൺവാണിഭക്കേസിലും പ്രതിയാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൃതദേഹം പുഴയിലൊഴുക്കാൻ സഹായിച്ച മകനു പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കോടതിയിൽ ഹാജരാക്കി.

മുഹമ്മദ് കുഞ്ഞിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുവായ ഷാഫി 2012 ഓഗസ്റ്റിലാണ് കാസര്‍കോട് പൊലീസിനെ സമീപിക്കുന്നത്. അന്വേഷണം ആരംഭിച്ചിങ്കിലും കാര്യമായ പുരോഗതിയുണ്ടാക്കാന്‍ പൊലീസിനായില്ല. തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. മുഹമ്മദ് കുഞ്ഞിയുടെ തിരോധാനത്തില്‍ തെളിവുണ്ടാക്കാന്‍ എസ്ഐടിക്കും സാധിക്കാതായതോടെ അന്വേഷണം ഡിസിആര്‍ബി ഡിവൈഎസ്പിക്ക് കൈമാറി.

എന്നാല്‍ ഒരു തുമ്പും ലഭിക്കാത്തത് മുഹമ്മദ് കുഞ്ഞിയുടെ തിരോധാനത്തിന്റെ ചുരുളഴിക്കാന്‍ തടസമായി. അഞ്ചുവര്‍ഷത്തിലധിമായി തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകള്‍ അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് രണ്ടുമാസം മുമ്പാണ് ഡിസിഅര്‍ബിക്ക് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് ഡിവൈഎസ്പി ജെയ്സണ്‍ എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സ്വത്തും, പണവും തട്ടിയെടുക്കാന്‍ കാമുകനായ ബോവിക്കാനം സ്വദേശി ഉമ്മറിന്റെ പദ്ധതിയനുസരിച്ച് ഭാര്യ സക്കീന ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തി. 2012 മാര്‍ച്ചിലാണ് കൃത്യം നടത്തിയത്. അന്ന് പത്തുവയസുള്ള മകന്റെ സഹായത്തോടെ മൃതദേഹം ചന്ദ്രഗിരിപ്പുഴയില്‍ ഏറിയുകയായിരുന്നു.

കൊല്ലപ്പെട്ട മുഹമ്മദ് കുഞ്ഞി ഇടയ്ക്കിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഇതില്‍ സക്കീന അസ്വസ്ഥയായിരുന്നു. സ്വത്ത് തട്ടിയെടുക്കുന്നതിനായി മുഹമ്മദ് കുഞ്ഞിയെ ബന്ധുക്കളില്‍ നിന്ന് അകറ്റുകയാണ് സക്കീന ആദ്യം ചെയ്തത്. തുടര്‍ന്ന് സ്ഥലം വില്‍പനയ്ക്കിടെ പരിചയപ്പെട്ട ഉമ്മറിന്റെ നിര്‍ദ്ദേശമനുസരിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തി. കൊലയ്ക്കുശേഷം ഒരുദിവസം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചിരുന്നു. ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതോടെയാണ് മകന്റെ സഹായത്തോടെ സക്കീന മൃതദേഹം പുഴയില്‍ എറിഞ്ഞത്.പലഘട്ടത്തിലായി പൊലീസിന് നല്‍കിയ മൊഴിയിലെ വൈരുധ്യവും, താമസിച്ച സ്ഥലങ്ങളില്‍ ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞ കള്ളകഥകളും, വ്യാജവിലാസങ്ങള്‍ നല്‍കി വീടുകള്‍ മാറിമാറി താമസിച്ചതുമെല്ലാം സക്കീനയെ കുടുക്കാന്‍ കാരണമായി.

മുഹമ്മദ് കുഞ്ഞിയുടെ മരണശേഷം തനിച്ച് താമസിക്കുന്ന സക്കീനയ്ക്ക് നിരവധി പുരുഷന്മാരുമായി ബന്ധമുണ്ടെന്നുള്ള സൂചനകളും അന്വേഷണസംഘത്തിന്റെ ജോലി എളുപ്പമാക്കി.
പലവിധം ബേവിഞ്ച സ്റ്റാർ നഗറിൽ സക്കീനയും മുഹമ്മദ് കുഞ്ഞിയും രണ്ടു മക്കളുമൊത്തു വാടകയ്ക്കു താമസിക്കുമ്പോഴാണു സംഭവം. കൊലയ്ക്കു ശേഷം ഭർത്താവിനെ കുറിച്ച‌് ഒട്ടേറെ നുണകൾ പറഞ്ഞാണു സക്കീന അയൽക്കാരെയും ബന്ധുക്കളെയും കബളിപ്പിച്ചത്. തുടർന്നു പല വാടകവീടുകളിൽ മാറി താമസിച്ചു. നിർധന കുടുംബാംഗമായിരുന്നു സക്കീന. വിവാഹ സമയത്തു തന്നെ മുഹമ്മദ് കുഞ്ഞിക്ക് ചെറിയ തോതിൽ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു
ഇയാൾ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയും തേടിയിരുന്നു. വസ്തു ഇടപാടുകൾ നടത്താൻ ഉമ്മറാണ് ഇവരെ സഹായിച്ചിരുന്നത്. മൂന്നിടത്തെ വസ്തുവകകൾ വിറ്റുകിട്ടിയ തുക മുഹമ്മദ് കുഞ്ഞിയെ കബളിപ്പിച്ച് ഉമ്മർ തട്ടിയെടുത്തെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകളിൽ ഉമ്മർ കാണിച്ച അമിതാവേശം പൊലീസിന് ഇയാളുടെ അടുത്തേക്കെത്താനുള്ള വഴി തുറന്നു.

കൊലപാതകം, പ്രേരണാക്കുറ്റം, തെ‌ളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണു പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആദ്യം കാസർകോട് എസ്ഐ അന്വേഷിച്ച കേസ് പിന്നീട് കോടതി നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിച്ചു. 2014 ഏപ്രിൽ മുതൽ ജില്ല ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈെസ്പിമാർ കേസിന്റെ ചുമതലയേറ്റെടുത്തു. സക്കീനയുടെയും ഉമ്മറിന്റെയും മൊലികളിലെ വൈരുധ്യം പൊലീസ് ആദ്യം തന്നെ ശ്രദ്ധിച്ചിരുന്നു.

കേസില്‍ രണ്ടാം പ്രതിയായ ഉമ്മര്‍ പെണ്‍വാണിഭം, മോഷണം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാനസിക അസ്വാസ്ഥ്യമുള്ള മുഹമ്മദ് കുഞ്ഞിയുമായി ഉമ്മര്‍ അടുത്തത് സ്വത്ത് കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. മുഹമ്മദ് കുഞ്ഞിയുടെ പേരിലുണ്ടായിരുന്ന വിവിധ സ്ഥലങ്ങള്‍ വിറ്റ പണം ഉമ്മര്‍ തട്ടിയെടുക്കുകയായിരുന്നു. ഡിവൈഎസ്പിക്കൊപ്പം എസ്.ഐമാരായ‌ പി.വി.ശിവദാസന്‍, ഷെയ്ഖ് അബ്ദുള്‍ റസാഖ്, പി.വി ശശികുമാര്‍ എന്നിവരും ഈ കൊലപാതകക്കേസിലെ സസ്പെന്‍സ് പൊളിച്ച അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ രണ്ടു പ്രതികളെയും കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയാകാത്ത മൂന്നാം പ്രതിയെ ജുവനൈല്‍ കോടതിയിലാണ് ‌ഹാജരാക്കിയത്.

സന്ദീപാനന്ദഗിരിയെ ആശ്രമത്തിലിട്ടു ചുട്ടുകൊല്ലാനാണ് അക്രമി സംഘം എത്തിയതെന്നും അദ്ദേഹം രക്ഷപെടാന്‍ കാരണക്കാരനായത് മാര്‍ ക്രിസോസ്റ്റം തിരുമേനിയാണെന്നും ധനമന്ത്രി തോമസ് ഐസക്കിന്റെ വെളിപ്പെടുത്തല്‍. ഒരുവിധത്തിലും സ്വാമിയോട് സംവദിച്ച് ജയിക്കാനാവില്ലെന്നു ബോദ്ധ്യമായപ്പോള്‍ ആശ്രമത്തെ അരക്കില്ലമാക്കി സ്വാമിയെ നിശബ്ദനാക്കാമെന്നായിരുന്നു അക്രമം ആസൂത്രണം ചെയ്തവരുടെ ലക്ഷ്യം. കാറുകള്‍ രണ്ടും പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തീ ആളിപ്പടരുമ്പോള്‍ തടി കൊണ്ടു നിര്‍മ്മിച്ച മുകളിലത്തെ നില പൂര്‍ണമായും കത്തുമെന്നും സ്വാമി രക്ഷപെടില്ലെന്നും ക്രിമിനലുകള്‍ കരുതി. മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ക്ഷണം സ്വീകരിച്ച് ഒരു മതമൈത്രീ സംഗമത്തില്‍ പങ്കെടുക്കാനായി പോകാന്‍ നേരത്തെ എഴുന്നേറ്റതുകൊണ്ടു മാത്രമാണ് സ്വാമി ഇപ്പോള്‍ ജീവനോടെയിരിക്കുന്നത്. ഇല്ലെങ്കില്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവര്‍ക്ക് സംഘപരിവാര്‍ വിധിച്ച വധശിക്ഷയുടെ ആദ്യ ഇര സ്വാമി സന്ദീപാനന്ദഗിരിയാകുമായിരുന്നനെന്നും മന്ത്രി ഫെയിസ്ബുക്കില്‍ കുറിച്ചു.

Image may contain: 5 people, people standing

സംഘര്‍ഷം സൃഷ്ടിക്കാന്‍ നടന്ന തുടര്‍ച്ചയായ ശ്രമങ്ങള്‍ ഇന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ആശ്രമത്തില്‍ റീത്തു കൊണ്ടു വെച്ച് പ്രകോപനമുണ്ടാക്കി. അതിനും മുമ്പ് ആശ്രമത്തിനുള്ളില്‍ ആര്‍എസ്എസ് ശാഖ നടത്താന്‍ സമ്മതിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം എത്തിയിരുന്നു. ശാഖ നടത്താന്‍ അനുവദിക്കില്ലെന്നും വേണമെങ്കില്‍ ലൈബ്രറി ഉപയോഗിക്കാമെന്നും എത്രപേര്‍ക്കു വേണമെങ്കിലും വന്നിരുന്നു പുസ്തകം വായിക്കാമെന്നും സ്വാമി അവര്‍ക്കു മുന്നില്‍ നിര്‍ദ്ദേശം വെച്ചു.

കുറുവടിയും വടിവാളും തെറിവിളിയുമായി നടക്കുന്നവര്‍ക്കെന്തു പുസ്തകം? എന്തു വായന? ആ സംസ്‌ക്കാരമുണ്ടായിരുന്നെങ്കില്‍ ഇവര്‍ക്ക് ഈ സംഘടനയില്‍ തുടരാനാകുമോ?

സന്ദീപാനന്ദഗിരിയ്‌ക്കെതിരെ നടന്ന വധശ്രമം യഥാര്‍ത്ഥത്തില്‍ സുപ്രിംകോടതിയ്ക്കുള്ള മുന്നറിയിപ്പാണ്.

കോടതിയില്‍ തോറ്റാല്‍ കലാപം എന്നാണ് പരമോന്നത കോടതിയോടുള്ള വെല്ലുവിളി. കോടതിയില്‍ കേസു തോറ്റവരാണ് അക്രമം നടത്തുന്നതും ആസൂത്രണം ചെയ്യുന്നതും. ഈ വിധിയെ അനുകൂലിച്ച് അഭിപ്രായം പറയുന്നവരില്‍ കൊലപ്പെടുത്തേണ്ടവരുടെയും അക്രമിക്കേണ്ടവരുടെയും ഹിറ്റ്‌ലിസ്റ്റ് സംഘപരിവാര്‍ തയ്യാറാക്കിയെന്നു വേണം അനുമാനിക്കേണ്ടത്. ഇതാണോ ചില സംഘപരിവാര്‍ നേതാക്കള്‍ ചാനലില്‍ പ്രഖ്യാപിച്ച ആര്‍എസ്എസിന്റെ ലുക്ക് ഔട്ട് നോട്ടീസ്? ഈ ഓലപ്പാമ്പു കണ്ട് ആരു ഭയന്നുപോകുമെന്നാണ് ഇവര്‍ ധരിച്ചുവെച്ചിരിക്കുന്നത്?

ഈ ഭീഷണിയ്ക്കു മുന്നിലൊന്നും ആരും കീഴടങ്ങാന്‍ പോകുന്നില്ല. അക്രമം ഭീരുവിന്റെ ആയുധമാണ്. ആശയപരമായ തങ്ങള്‍ കീഴടങ്ങിക്കഴിഞ്ഞുവെന്നാണ് ഈ അക്രമത്തിലുടെ സംഘപരിവാര്‍ ഏറ്റു പറയുന്നത്. വിയോജനങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയപരമായ തലത്തില്‍ നേരിടാന്‍ ഇനിയൊടവും അവരുടെ കൈയില്‍ ബാക്കിയില്ല. സംഘടിതമായ നുണപ്രചരണത്തിനും ചാനല്‍ മുറിയില്‍ നേതാക്കള്‍ മുഴക്കിയ ഭീഷണിയ്ക്കും ഭക്തജനങ്ങളും വിശ്വാസികളും പുല്ലുവിലപോലും കൊടുക്കുന്നില്ല എന്നവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി അവസാന ആയുധമായി അക്രമങ്ങളും കൊലപാതകങ്ങളും മാത്രമേ അവരുടെ കൈവശമുള്ളൂ.

നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അതിശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ആര്‍എസ്എസ് നശിപ്പിച്ച ആശ്രമം പഴയതിനേക്കാള്‍ പ്രൌഢിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കും എന്നുറപ്പു വരുത്താന്‍ മതനിരപേക്ഷ മനസുകള്‍ കേരളത്തില്‍ ഒന്നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്പലം അശുദ്ധമാക്കാനും മടിക്കില്ലെന്ന് പരസ്യപ്രഖ്യാപനം നടത്തിയ ആള്‍ സ്വൈരവിഹാരം നടത്തുമ്പോള്‍, ഇന്ത്യയുടെ പരമോന്നത കോടതിയുടെ വിധിയെ അനുകൂലിച്ച വ്യക്തിയെ കൊലപ്പെടുത്താന്‍ നടത്തിയ ശ്രമം സമൂഹം തിരിച്ചറിയും. ഈ അക്രമം ആസൂത്രണം ചെയ്തവര്‍ എത്ര ഉന്നതരായാലും കണക്കു പറയിപ്പിക്കും.

എന്തു തെറ്റാണ് സന്ദീപാനന്ദഗിരി ചെയ്തത്? ഹിന്ദു ധര്‍മ്മശാസ്ത്രത്തിലെ പാണ്ഡിത്യത്തിന്റെ പിന്‍ബലത്തിലാണ് അദ്ദേഹം വാദമുഖങ്ങളുന്നയിക്കുന്നത്. അറിവും ചിന്തയുമാണ് അദ്ദേഹത്തിന്റെ ആയുധങ്ങള്‍. വടിവാളും തെറിവിളിയുമായി നടക്കുന്നവര്‍ക്ക് അദ്ദേഹത്തോട് ആശയപരമായി ഏറ്റുമുട്ടി ജയിക്കാനാവില്ല. അതുകൊണ്ടാണ് ഇരുട്ടില്‍ പതുങ്ങിയെത്തി ആശ്രമവും കാറും കത്തിച്ചു കടന്നു കളഞ്ഞത്.

ഭരണഘടനയും അതിന്റെ മൂല്യങ്ങളുമൊന്നും സംഘപരിവാറിനു മനസിലാകുന്ന കാര്യങ്ങളല്ല. കൈയറപ്പു മാറിയ ഏതാനും ക്രിമിനലുകളെ കയറൂരിവിട്ട് ഭരണഘടനയ്ക്കുമേല്‍ അധികാരസ്ഥാപനമായി വാഴാമെന്നാണ് സംഘപരിവാറിന്റെ മോഹം. ചരിത്രവും ആചാരങ്ങളും നീതിശാസ്ത്രങ്ങളും വ്യാഖ്യാനിച്ച് ഒരു കാഷായ വസ്ത്രധാരി ഇന്ത്യന്‍ ഭരണഘടനയ്ക്കു പിന്തുണ നല്‍കുമ്പോള്‍ അക്കൂട്ടരുടെ അസഹിഷ്ണുത പരകോടിയിലെത്തുക സ്വാഭാവികം.

സന്ദീപാനന്ദഗിരി പങ്കെടുത്ത എല്ലാ ചാനല്‍ ചര്‍ച്ചകളിലും സംഘപരിവാര്‍ വാദങ്ങള്‍ തകര്‍ന്നു തരിപ്പണമാവുകയായിരുന്നു. വായനയുടെയും ചിന്തയുടെയും പാണ്ഡിത്യത്തിന്റെയും പിന്‍ബലമുള്ള അദ്ദേഹത്തിന്റെ വാദങ്ങളോട് സംവദിച്ചു ജയിക്കാന്‍ കുറുവടിയും വടിവാളും തെറിവിളിയും ആയുധമാക്കിയ ക്രിമിനലുകള്‍ക്ക് എങ്ങനെ കഴിയും?

ഇത് വ്യത്യസ്ത സംസ്‌ക്കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ്. സൌമ്യമായി, സമചിത്തതയോടെ, ആരോടും തികഞ്ഞ പ്രതിപക്ഷ ബഹുമാനം നിലനിര്‍ത്തി സംവദിക്കുന്ന സ്വാമിയും വേണ്ടിവന്നാല്‍ അമ്പലം മനഃപ്പൂര്‍വം അശുദ്ധമാക്കുമെന്നു ഭീഷണി മുഴക്കുന്ന ക്രിമിനലുകളും തമ്മില്‍ ഒരു താരതമ്യവുമില്ല.

ഈ അക്രമം സര്‍ക്കാര്‍ കൈയും കെട്ടി നോക്കിനില്‍ക്കുന്ന പ്രശ്‌നമല്ല. അക്രമികളോട് ഒരു ദയയുമില്ല. ശബരിമലയിലെ അക്രമങ്ങളോട് കാണിച്ച സംയമനം കേരളമാകെ കാട്ടുമെന്ന പ്രതീക്ഷ ക്രിമിനല്‍ പരിവാറിനു വേണ്ട. സന്ദീപാനന്ദഗിരിയ്ക്കു നേരെ നടന്ന അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും നിയമത്തിനു മുന്നിലെത്തും.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്ത്യശാസനവുമായി പൊലീസ്. പൊലീസ് ആവശ്യപ്പെട്ടിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലാപ്ടോപ് ഹാജരാക്കിയില്ല. കന്യാസ്ത്രീക്കെതിരെ ബിഷപ്പ് അന്വേഷണം ഉത്തരവിട്ടിരുന്നു. ഉത്തരവ് വ്യാജമാണെന്നും ഇത് തെളിയിക്കാനാണ് ലാപ്ടോപ് ആവശ്യപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.

കന്യാസ്ത്രീയുടെ പരാതി ഈ ഉത്തരവിന്‍റെ പകയെന്നാണ് ബിഷപ്പിന്‍റെ വാദം. ഇന്നും ലാപ്ടോപ്പ് നൽകാന്‍ ബിഷപ്പ് തയ്യാറായില്ല. അഞ്ചാംതിയതിക്കകം ലാപ്ടോപ്പ് നല്‍കണമെന്ന് പൊലീസ് അന്ത്യശാസനം നൽകിയിരിക്കുന്നത്.

പാലിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

201‌6ൽ ബന്ധുവായ സ്ത്രീ കന്യാസ്ത്രീക്കെതിരെ പരാതി നൽകിയെന്നും ഇതേത്തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു ബിഷപ്പിന്റെ വാദം. ഉത്തരവിന്റെ പകർപ്പും ബിഷപ്പ് ഹാജരാക്കിയിരുന്നു. എന്നാൽ അന്വേഷണത്തിൽ കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നൽകിയതിന് ശേഷമാണ് ഈ ഉത്തരവിട്ടത് എന്ന് അന്വേഷണസംഘം കണ്ടെത്തി.

ബിഷപ്പ് ആരോപണം നിഷേധിച്ച സാഹചര്യത്തിലാണ് ഇത് തെളിയിക്കാൻ ലാപ്ടോപ്പ് നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.

24 ദിവസത്തെ റിമാൻഡ് തടവിന് ശേഷമാണ് ബിഷപ്പ് ജാമ്യത്തിലിറങ്ങിയത്. കേരളത്തിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം.

ഗുഡ്ഗാവ് : കടം വാങ്ങിയ പണം തിരികെ ചോദിച്ച ബിസിനസ് പങ്കാളിയെ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തി. പോലീസ് പിടിക്കാതിരിക്കാന്‍ കുറ്റക്യത്യത്തില്‍ പങ്കാളിയായ ഭാര്യയേയും പിന്നീട് ഇയാള്‍ കൊന്നു. ഏതാണ്ട് 10 ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭാര്യയെ അജ്ഞാതര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി ഗുഡ്ഗാവ് സ്വദേശി ഹര്‍നേക് സിംഗ് പോലീസിനെ അറിയിക്കുന്നത്. വീട്ടിലെത്തിയ അജ്ഞാത സംഘം തന്നെയും ഭാര്യയെയും ആക്രമിച്ചെന്നും ഭാര്യ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇയാള്‍ പോലീസിനെ അറിയിച്ചത്. എന്നാല്‍ ഫോറന്‍സിക് വിദഗ്ദ്ധരുള്‍പ്പെടുന്ന സംഘം നടത്തിയ പരിശോധനയില്‍ മറ്റാരും സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്ന് ബോധ്യമായി.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരമായ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. തന്റെ ബിസിനസ് പങ്കാളിയായ ജസ്‌കരണ്‍ സിംഗിന്റെ കൊലപാതകം കേസില്‍ പിടിക്കപ്പെടാതിരിക്കാനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഹര്‍നേക് സിംഗ് മൊഴി നല്‍കി. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഹര്‍നേക് സിങ്ങ് കൊല്ലപ്പെട്ട ജസ്‌കരണ്‍ സിങ്ങില്‍ നിന്നും 40 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഹര്‍നേക് ഒഴിഞ്ഞുമാറി. ഒക്ടോബര്‍ 14ന് ജസ്‌കരണ്‍ ഹര്‍നേകിനെ വീട്ടില്‍ ചെന്നു കണ്ടു. വാക്കു തര്‍ക്കത്തിനിടെ ഹര്‍നേകും ഭാര്യയും സുഹൃത്തും ചേര്‍ന്ന് ജസ്‌ക്കരനെ കൊന്ന് 25 കഷ്ണങ്ങളാക്കി. പിന്നീട് മൃതദേഹം ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ചു.

പോലീസ് പിടിയിലാകും മുന്‍പ് ആത്മഹത്യ ചെയ്യാമെന്നായിരുന്നു ഭാര്യയെ ഇയാള്‍ ചട്ടംകെട്ടിയിരുന്നത്. എന്നാല്‍ പിന്നീട് ഇതിന് ഭാര്യ തയ്യാറാകാതിരുന്നതോടെ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അജ്ഞാതരുടെ ആക്രമണമുണ്ടായതായി പോലീസിനെ അറിയിക്കുന്നതിന് മുന്‍പ് ഇയാള്‍ സ്വന്തം ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved