കണ്ണൂർ: നടൻ കുഞ്ചാക്കോ ബോബനുനേരേ വധഭീഷണിയും അസഭ്യവർഷവും. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ യുവാവിനെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ അഞ്ചിന് രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഷൂട്ടിംഗിനായി കണ്ണൂരിലേക്ക് വരുന്നതിനായി മാവേലി എക്സ്പ്രസ് കാത്തുനിൽക്കുന്നതിനിടെയാണ് യുവാവ് കുഞ്ചാക്കോ ബോബന്‍റെ സമീപത്തെത്തിയത്. ആദ്യം നടനുനേരേ അസഭ്യവർഷം നടത്തിയ ഇയാൾ കൈയിൽ സൂക്ഷിച്ച വാളുമായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
ശബ്ദംകേട്ട് മറ്റു യാത്രക്കാർ എത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് ട്രെയിനിൽ കണ്ണൂരിലെത്തിയ നടൻ പാലക്കാട് റെയിൽവേ പോലീസ് ഡിവിഷനിൽ ഫോണിലൂടെ പരാതി പറയുകയും ചെയ്തു. കണ്ണൂർ റെയിൽവേ എസ്ഐ സുരേന്ദ്രൻ കല്യാടൻ തളിപ്പറന്പിലെ ഹോട്ടലിൽ താമസിച്ചിരുന്ന നടന്‍റെ മൊഴി രേഖപ്പെടുത്തി.
റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യത്തിൽനിന്ന് എറണാകുളം റെയിൽവേ പോലീസ് അക്രമിയെ തിരിച്ചറിഞ്ഞു. തുടർന്ന് ഞായറാഴ്ച വൈകുന്നേരം ഇയാളെ കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് പാലാ മജിസ്ട്രേട്ട് കോടതി നീട്ടിയത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ബിഷപ്പിനെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കി. ഉടൻ തന്നെ ജഡ്ജി കേസ് വിളിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്ന് ജഡ്ജി ചോദിച്ചെങ്കിലും പരാതിയില്ലെന്നായിരുന്നു ഫ്രാങ്കോയുടെ മറുപടി. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്തതിനാൽ തന്നെ റിമാൻഡ് കാലാവധി നീട്ടുന്നതായി മജിസ്ട്രേട്ട് അറിയിക്കുകയായിരുന്നു. തുടർന്ന് ഫ്രാങ്കോയെ ജയിലിലേക്ക് മടക്കിക്കൊണ്ടുപോയി.
അതേസമയം, ബിഷപ്പ് തിങ്കളാഴ്ച ഹൈക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നൽകും. ഇതിനുള്ള തയ്യാറെടുപ്പുകൾ അഭിഭാഷകർ തുടങ്ങിയിട്ടുണ്ട്.
താനൂരിൽ മകൾക്കൊപ്പം ഉറങ്ങിക്കിടന്ന ഭർത്താവിനെ പ്രതി ആക്രമിക്കുമ്പോൾ തൊട്ടടുത്ത മുറിയിൽ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു ഭാര്യ സൗജത്ത്. തലയ്ക്കടിയേറ്റ സവാദിന്റെ നിലവിളികേട്ട് മകൾ ഉണർന്നതോടെ പ്രതി പുറത്തേക്ക് ഓടി. തുടർന്ന് മകളെ മറ്റൊരു മുറിയിലേക്കു മാറ്റിയശേഷമാണ് സൗജത്ത് കത്തികൊണ്ട് വെട്ടിയും വരഞ്ഞും സവാദിന്റെ മരണമുറപ്പാക്കിയത്. സംഭവശേഷം അലറിവിളിച്ച് വീടിനു പുറത്തിറങ്ങിയ സൗജത്ത് തന്നെയാണ് അയൽവാസികളെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് അന്നുതന്നെ ഇവരുടെ മൊഴിയെടുത്തിരുന്നു.
വീടിന്റെ പിൻവശത്തെ വാതിൽ തുറന്നിട്ടത് കുട്ടികൾക്കു മൂത്രമൊഴിക്കാൻ പോകാനാണെന്നാണ് പൊലീസിനോടു പറഞ്ഞത്. സൗജത്തിനെപ്പറ്റി നാട്ടുകാർ പരാതിപ്പെട്ടതോടെയാണ് ഫോൺ വിളികൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. പിതാവ് മരിക്കുകയും അമ്മ അറസ്റ്റിലാവുകയും ചെയ്തതോടെ ഇവരുടെ നാലു മക്കളുടെ ഭാവി പ്രതിസന്ധിയിലായി. വിവാഹിതനായ ബഷീറിനു മൂന്നു മക്കളുണ്ട്.
തലയ്ക്കടിച്ചും കഴുത്തറത്തുമാണ് കൊല നടത്തിയിരിക്കുന്നത്. താനൂർ അഞ്ചുടിയിൽ മത്സ്യത്തൊഴിലാളിയായ പൗറകത്ത് സവാദ് (40) കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ സൗജത്തി(27)നെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകൻ താനൂർ ഓമറ്റപ്പുഴ സ്വദേശി ബഷീർ(40) കൊലപാതകത്തിനുശേഷം ദുബായിലേക്കു കടന്നതായി പൊലീസ് പറഞ്ഞു. കൊലപാതകം നടത്താൻ ബഷീറിനെ സഹായിച്ച സുഹൃത്ത് സുഫിയാനെ (21) താനൂർ പൊലീസ് കാസർകോട്ടുനിന്നു പിടികൂടി
വീട്ടിനുള്ളിൽ മകൾക്കൊപ്പം ഉറങ്ങിക്കിടന്ന സവാദിനെ വ്യാഴാഴ്ച പുലർച്ചെയാണ് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. പ്രതി പോയശേഷം മരണം ഉറപ്പിക്കാൻ സവാദിന്റെ കഴുത്തിലും നെഞ്ചിലും കത്തികൊണ്ട് വെട്ടുകയും വരയുകയും ചെയ്തത് സൗജത്ത് ആണെന്നു പൊലീസ് പറഞ്ഞു. വീടിന്റെ പിൻവാതിൽ തുറന്നിട്ടതും ഇവരാണ്. സൗജത്തിന്റെ ഫോൺ കോളുകൾ പരിശോധിച്ച അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദാരുണ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്
കൊലപാതകം നടത്താൻ ദുബായിൽനിന്ന് മംഗലാപുരം വിമാനത്താവളം വഴി എത്തിയ ബഷീറിനെ അവിടെനിന്ന് സംഭവസ്ഥലത്തേക്കും തിരിച്ച് വിമാനത്താവളത്തിലേക്കും എത്തിച്ചത് സുഫിയാനാണ്. കൊലപാതകത്തിനുപയോഗിച്ച മരക്കഷണവും വെട്ടുകത്തിയും വീട്ടിൽനിന്നു കണ്ടെടുത്തു.
താനൂരില്‍ മത്സ്യതൊഴിലാളിയെ തലക്കടിച്ചും കഴുത്തറത്തും കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേര്‍ന്നാണെന്ന് പൊലീസ് കണ്ടെത്തല്‍. ഭര്‍ത്താവിനെ ഒഴിവാക്കി കാമുകന്‍റെ കൂടെ ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഭാര്യ സൗജത്ത് പൊലീസിനോട് സമ്മതിച്ചു. മുഖ്യപ്രതിയായ താനൂര്‍ തെയ്യാല സ്വദേശി അബ്ദുള്‍ ബഷീർ കൊലപാതത്തിന് ശേഷം വിദേശത്തേക്ക് കടന്നു.
ഇന്നലെ പുലര്‍ച്ചെയാണ് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ മത്സ്യത്തൊഴിലാളിയായ സവാദ് കൊല്ലപെട്ടത്. കൊലപാതകം അറിഞ്ഞിരുന്നില്ലെന്നാണ് വീട്ടിലുണ്ടായിരുന്ന ഭാര്യ സൗജത്ത് പൊലീസിനോട് പറഞ്ഞിരുന്നത്. ഇതില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ കുറ്റസമ്മതം നടത്തിയത്.
കാമുകൻ അബ്ദുള്‍ ബഷീറാണ് സവാദിനെ തലക്കടിച്ച് അബോധാവസ്ഥയിലാക്കിയതെന്ന് സൗജത്ത് പൊലീസിനോട് പറഞ്ഞു. കൂടെ കിടന്നുറങ്ങിയിരുന്ന മകള്‍ ശബ്ദം കേട്ട് നിലവിളിച്ചപ്പോള്‍ കുട്ടിയെ മുറിക്കുള്ളിലാക്കിയ അബ്ദുള്‍ ബഷീര്‍, കത്തിയെടുത്ത് കഴുത്തറത്ത് സവാദിന്‍റെ മരണം ഉറപ്പിച്ചു.
വിദേശത്തായിരുന്ന അബ്ദുള്‍ ബഷീറിനെ കൊലപാതകത്തിനായി മാത്രം രണ്ട് ദിവസത്തെ അവധിയില്‍ നാട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നും സൗജത്ത് പൊലീസിനോട് സമ്മതിച്ചു. അബ്ദുൾ ബഷീറുമായി സൗജത്തിന് ഏറെക്കാലമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും വീട്ടുകാർ ഇടപ്പെട്ട് പല തവണ സംസാരിച്ചിട്ടും പിൻമാറിയില്ലെന്നും സവാദിന്‍റെ ബന്ധുക്കൾ പറഞ്ഞു.
മംഗളുരു വിമാനത്താവളം വഴി കേരളത്തിലെത്തിയ അബ്ദുൾ ബഷീർ കൊലപാതത്തിന് ശേഷം അതേ വിമാനത്താവളം വഴി തിരിച്ച് വിദേശത്തേക്ക് തന്നെ കടന്നതായാണ് പൊലീസിന് കിട്ടിയ വിവരം. സൗജത്തിന്‍റെ കൊലപാതകത്തിന് വാഹനം വിട്ടുകൊടുത്ത അബ്ദുൾ ബഷീറിന്‍റെ സുഹൃത്ത് സൂഫിയാന്‍റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി.
നഗരത്തിൽ സ്ഥാപിച്ച കൂറ്റന്‍ പരസ്യ ബോര്‍ഡ് റോഡിലേക്ക് തകര്‍ന്നുവീണ് മൂന്ന് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗൾവാർ പെത്ത് മേഖലയിലെ ഷാഹിർ അമർ ഷെയ്ക്ക് ചൗക്ക് ജംഗ്ഷനില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം. അപകടത്തിൽ നിരവധി അഞ്ച് ഒാട്ടോ റിക്ഷയും നാല് ഇരു ചക്രവാഹനങ്ങളും തകര്‍ന്നു.
റെയില്‍വെയുടെ സ്ഥലത്ത് അലക്ഷ്യമായി സ്ഥാപിച്ചിരുന്ന 40 അടി ഉയരമുള്ള പരസ്യ ബോര്‍ഡാണ് തകർന്ന വീണത്. ഈ പരസ്യ ബോർഡ് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ റെയില്‍വേക്കും പുനൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും പരാതി നല്‍കിയതായി സമീപവാസികള്‍ പറഞ്ഞു. അഞ്ചു റോഡുകള്‍ ചേരുന്ന ജംഗ്ഷനില്‍ അപകടകരമായ സാഹചര്യത്തിലായിരുന്നു പരസ്യ ബോര്‍ഡ് സ്ഥാപിച്ചിരുന്നത്.
അപകടത്തിൽ മരിച്ച ഷംറാവു കസർ (70), ഷംറാവു ധോത്രി (48), ശിവജി പർദേശി (40) എന്നിവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപവീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
രാജ്യാന്തര പൊലീസ് ഏജന്‍സിയായ ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹോങ് വെയ് യെ കാണാനില്ല. പരാതിയില്‍ ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. ചൈനയിലേക്ക് യാത്രപോയ മെങിനെക്കുറിച്ച് കഴിഞ്ഞ ഏതാനും ദിവസമായി ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്.
സെപ്റ്റംബര്‍ 29 നാണ് മെങ് ഫ്രാന്‍സില്‍ നിന്ന് സ്വന്തം രാജ്യമായ ചൈനയിലേക്ക് പോയത്. പിന്നീട് മെങിനെക്കുറിച്ച് വിവരമൊന്നും ഇല്ലാതായതിനാല്‍ ഭാര്യ ഇന്റര്‍പോള്‍ തലസ്ഥാനം സ്ഥിതി ചെയ്യുന്ന ഫ്രാന്‍സിലെ ലിയോണ്‍സ് നഗരത്തിലെ പൊലീസിന് പരാതി നല്‍കുകയായിരുന്നു. ഫ്രഞ്ച് റേഡിയോ യൂറോപ്പ് 1 ആണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ടു ചെയ്തത്.
ചൈനയില്‍ പൊതു സുരക്ഷയുടെ ചുമതലയുള്ള ഉപമന്ത്രി സ്ഥാനമുള്‍പ്പടെയുള്ള ഉയര്‍ന്ന പദവികള്‍ വഹിച്ച വ്യക്തിയാണ് മെങ് ഹോങ്വെയ്. 2016ലാണ് അദ്ദേഹം ഇന്റര്‍പോള്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. ചൈന സ്വദേശിയായ മെങ് പ്രസിഡന്റ് ആകുന്നതിനെതിരെ വലത് രാഷ്ട്രീയമുള്ള രാജ്യങ്ങള്‍ രംഗത്തു വന്നിരുന്നു. ലോകത്തെ ഏറ്റവും ശക്തമായ സുരക്ഷാ ഏജന്‍സിയുടെ പ്രസിഡന്റിന്റെ തിരോധാനം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ചൈനീസ് ഭരണകൂടം മെങിന്റെ തിരോധാനത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
കൊടുംവനം.ഊട്ടി ചുരം റോഡിൽ ഗൂഡല്ലൂർ,മസിനഗുഡിയിൽ കല്ലടിച്ചുരത്തിന് സമീപമുള്ള കൊടുംവളവിൽ നിന്ന് 200 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞ കാറിൽ യാത്രക്കാരായുണ്ടായിരുന്നത് ഏഴുപേർ. ഹൃദയം ഒരുമിച്ച് കോർത്ത ഉറ്റസുഹൃത്തുക്കൾ. ഹിംസ്രജന്തുക്കളുള്ള കൊടുംവനത്തിൽ വാഹനം പതിയുമ്പോൾ റോഡ് വിജനമായിരുന്നു. ആരുമറിഞ്ഞില്ല വീഴ്ചയിൽ അഞ്ചുപേർ മരിച്ചത്. മാരകമായി മുറിവേറ്റ രണ്ടുപേർ കാറിനുള്ളിൽ ഡോർ തുറക്കാനാകാതെ കുടുങ്ങിക്കിടക്കുന്നു. രണ്ട് ദിവസം പുറം ലോകമറിയാതെപോയ ആ ദുരന്തത്തിന്റെ ദൃശ്യങ്ങൾ പറഞ്ഞറിയ്ക്കുന്നതിനേക്കാൾ ഭീകരമായിരുന്നു.
ചെന്നൈയിൽനിന്ന് 30ന് ഊട്ടിയിലെത്തി മുറിയെടുത്ത തമിഴ്നാട് സ്വദേശികളായ ഏഴംഗ സംഘം തിങ്കൾ രാവിലെ പത്തരയോടെയാണു കാറിൽ മസിനഗുഡിയിലേക്കു പുറപ്പെട്ടത്. ഉച്ചയോടെ മസിനഗുഡിക്കു സമീപം കല്ലട്ടിച്ചുരത്തിലെ 35ാം വളവിൽ എത്തിയതോടെ കൊടുവനത്തിലെ 200 അടി താഴ്ചയിൽ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറ്റു വാഹനങ്ങൾ റോഡിലില്ലാതിരുന്നതിനാൽ അപകടവിവരം ആരുമറിഞ്ഞില്ല.
ഹോട്ടൽമുറി വെക്കേറ്റ് ചെയ്യാതെ പോയ സംഘത്തെക്കുറിച്ച് 2 ദിവസം കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാതിരുന്നതോടെ ഹോട്ടൽ ഉടമകൾ പൊലീസിൽ പരാതി നൽക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ഇന്നലെ മൂന്നരയോടെ കൊക്കയിൽ വീണ നിലയിൽ കാർ കണ്ടെത്തുകയായിരുന്നു. ചെന്നൈ സ്വദേശികളായ ജയകുമാർ(31), അമർനാഥ്(33), രവിവർമ(35), ഇബ്രാഹിം(35), ജൂഡ്(30) എന്നിവർ തൽക്ഷണം മരിക്കുകയായിരുന്നു.
കൂട്ടുകാർ കൺമുന്നിൽ ഇഞ്ചിഞ്ചായി മരിക്കുമ്പോൾ നിസ്സഹായരായി ഗുരുതര പരുക്കുകളോടെ അരുൺ(35), രാമരാജേഷും(32) ഡോർ ലോക്കായി രണ്ടുദിവസം മൃതദേഹങ്ങൾക്കൊപ്പം കുടുങ്ങി. ഓരോരുത്തരായി മരിക്കുന്നതു കണ്ടുനിൽക്കാനേ അരുണിനും രാമരാജേഷിനും കഴിഞ്ഞുള്ളൂ. അരുണിന്റെ നെറ്റിയിലുണ്ടായ ആഴമേറിയ മുറിവിലേക്കു മൃതദേഹങ്ങളിൽനിന്നുള്ള പുഴുക്കൾ എത്തി.
രക്ഷാപ്രവർത്തനം വൈകിയിരുന്നെങ്കിൽ ഇവരുടെ ജീവനും അപകടത്തിലായേനെ. വാതിലുകൾ അടഞ്ഞനിലയിലായിരുന്ന കാർ വെട്ടിപ്പൊളിച്ച് ഏറെ പണിപ്പെട്ടാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചത്. അക്ഷരാർത്ഥത്തിൽ മോഹൻലാൽ ചിത്രം നീരാളിയുടെ കഥയെ അനുസ്മരിപ്പിക്കുന്ന അപകട ദുരന്തം. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് സംഘത്തിലുണ്ടായിരുന്നത്.
ചലച്ചിത്രനടന്‍ അയ്യപ്പന്‍കാവ് പണിക്കശ്ശേരി പിവി ഏണസ്റ്റിനെ ആലുവാപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി .73 വയസ്സായിരുന്നു ആദ്യമായി അദ്ദേഹം അഭിനയിച്ച നദി എന്ന സിനിമയുടെ ലൊക്കേഷനായ ആലുവാപ്പുഴയിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാന്‍സര്‍ ബാധിതനായിരുന്ന ഏണസ്റ്റ് അതു മൂലമുള്ള മനോവിഷമത്തില്‍ ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തിലാണ് പൊലീസ്.
രാവിലെ ആലുവാ മണപ്പുറത്തെത്തിയ ഏണസ്റ്റ് പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏണസ്റ്റിനെ കാണാനില്ലെന്ന വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംസ്‌കാരം ഇന്ന് സെമിത്തേരി മുക്കിലുള്ള സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി സെമിത്തേരിയില്‍.
കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കും. മണിയെക്കുറിച്ചുള്ള പുതിയ സിനിമയില്‍ മരണം സംബന്ധിച്ചുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നീക്കം. വിനയന്‍ ബുധനാഴ്ച തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ ഹാജരാകും.
അന്തരിച്ച നടൻ കലാഭവൻ മണിയുടെ ജീവിതവും മരണവും പ്രതിപാദിക്കുന്ന സിനിമയാണ് ചാലക്കുടിക്കാരൻ ചങ്ങാതി. വിനയനാണ് സംവിധാനം. മിമിക്രി കലാകാരനായ രാജാമണിയാണ് നായകനായി വേഷമിട്ടത്.
മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകൾ ഇനിയും നീങ്ങിയിട്ടില്ല. 2016 മാർച്ച് ആറിനായിരുന്നു മണിയുടെ മരണം. കൊലപാതകമെന്ന ആക്ഷേപം തുടക്കം മുതൽ തന്നെ ഉയർന്നിരുന്നുവെങ്കിലും പര്യാപ്തമായ തെളിവുകളൊന്നും പൊലീസിനു ലഭിച്ചിരുന്നില്ല. പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിച്ചുവെങ്കിലും പുരോഗതിയുണ്ടായില്ല. സംശയിക്കപ്പെടുന്നവരുടെ നുണപരിശോധനയുൾപ്പെടെ ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചു.
എന്നാൽ ആരോപിക്കുംവിധം മനഃപൂർവം അപായപ്പെടുത്താനുള്ള സാധ്യതകളിലേക്കു വിരൽചൂണ്ടുന്ന തെളിവുകൾ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ മറുപടി. സത്യം പുറത്തുകൊണ്ടുവരാൻ ഹൈക്കോടതി സിബിഐ അന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു.
വിഷമദ്യം അകത്തു ചെന്നുവെന്നു വ്യക്തമാക്കിയുള്ള രണ്ട് ലാബ് റിപ്പോർട്ടുകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തു വന്നതനുസരിച്ചു വീണ്ടും പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
കൊട്ടിയം പൊലീസ് പരിധിയിലെ ചെറിയേല ഭാഗത്ത് പ്രായപൂർത്തിയാകാത്ത രണ്ടുപേരെ ഉൾപ്പെട മൂന്ന് പെൺകുട്ടികളെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി. ഇന്നലെ അർദ്ധരാത്രിയോടെയാണ് പെൺകുട്ടികളെ രണ്ട് പേർ ഓട്ടോറിക്ഷയിൽ കടത്തി കൊണ്ടുപോയത്.രണ്ട് പേർ സഹോദരിമാരുടെ മക്കളും ഒരാൾ അവരുടെ അയൽവാസിയുമാണ്.
ഒരാൾ 19 വയസുകാരിയും മറ്റ് രണ്ട് പേർ പ്രായപൂർത്തിയാകാത്തവരുമാണ്. പരവൂർ കലയ്ക്കോട് സ്വദേശികളായ ദീപുവും ഉല്ലാസുംചേർന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് സംശയിക്കുന്നു.
ഇന്നലെ അർദ്ധരാത്രി ഒരു മണിക്കുശേഷം മുഖത്തലക്ഷേത്ര പരിസരത്ത് നിന്നാണ് പെൺകുട്ടികൾപോയത്. പൊലീസ് ആശയവിനിമയം നടത്തിയപ്പോൾ ഇന്ന് രാവിലെ പെൺകുട്ടികളിൽ ഒരാൾ ഫോണെടുത്ത് രഹസ്യമായി സംസാരിച്ചു. ദീപുവിന്റെ വീട്ടിലാണ് തങ്ങൾ ഉള്ളതെന്നും രക്ഷിക്കണമെന്നും പറഞ്ഞ പെൺകുട്ടിക്ക് സ്ഥലം കൃത്യമായി പറയാൻ കഴിഞ്ഞില്ല.
ദീപുവും ഉല്ലാസും ഉറക്കമായിരുന്നവേളയിലാണ് ഈ പെൺകുട്ടി പൊലീസുമായി സംസാരിച്ചത്. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. കൃത്യമായ ടവർ ലൊക്കേഷൻ വച്ച് പെൺകുട്ടികളെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.