Crime

മുംബൈയിലെ ബാന്ദ്രയില്‍ കാര്‍ അപകടത്തില്‍പ്പെട്ടവരെ ആംബുലന്‍സിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ മറ്റൊരു കാറിടിച്ചുകയറി അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നേരത്തെ നടന്ന അപകടത്തില്‍പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സും മറ്റ് മൂന്ന് കാറുകളും റോഡില്‍ നിര്‍ത്തിയിട്ടിരുന്നു. ഇതിന്റെ ഇടയിലേക്കാണ് അമിതവേഗത്തില്‍ വന്ന മറ്റൊരു കാര്‍ ഇടിച്ചുകയറിയത്. അഞ്ച് പേരും തല്‍ക്ഷണം മരിച്ചു.

ബാന്ദ്ര- വോര്‍ലി പാതയില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചാണ് ആദ്യത്തെ അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സ് സ്ഥലത്തെത്തി. പരിക്കേറ്റവരെ കയറ്റി ആംബുലന്‍സ് പുറപ്പെടാനിരിക്കെയാണ് അമിതവേഗതയില്‍ വന്ന മറ്റൊരു കാര്‍ ഇവിടേക്ക് ഇടിച്ചുകയറിയത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.

 

ഗാംബിയയിൽ 66 കുട്ടികൾ മരിച്ചതിനെ തുടർന്ന് ഇന്ത്യൻ ഫാർമ കമ്പനിയായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് നിർമ്മിച്ച നാല് കഫ് സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ നാല് കഫ് സിറപ്പുകൾ ഗാംബിയയിലെ കുട്ടികളിൽ ഗുരുതരമായ വൃക്ക തകരാറുകൾക്ക് ഇടയാക്കിയതായും ഇത് മൂലം 66 കുട്ടികൾ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടന മുന്നറിയിപ്പിൽ പറയുന്നു.

‘ഗാംബിയയിൽ കണ്ടെത്തിയ നാല് മലിനമായ മരുന്നുകൾക്ക് എതിരെ ലോകാരോഗ്യ സംഘടന ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവ ഗുരുതരമായ വൃക്ക തകരാറുകൾക്കും കുട്ടികൾക്കിടയിൽ 66 മരണങ്ങൾക്കും കാരണമായി. ഈ യുവജനങ്ങളുടെ നഷ്ടം അവരുടെ കുടുംബങ്ങൾക്ക് ഹൃദയഭേദകമാണ്,’ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ ഉദ്ധരിച്ച് ആഗോള ആരോഗ്യ സംഘടന വ്യക്തമാക്കി.

‘ഇന്ത്യയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് നിർമ്മിക്കുന്ന ചുമ, ജലദോഷ സിറപ്പുകളാണ് നാല് മരുന്നുകളും. ലോകാരോഗ്യ സംഘടന ഇന്ത്യയിലെ കമ്പനിയുമായും റെഗുലേറ്ററി അധികാരികളുമായും കൂടുതൽ അന്വേഷണം നടത്തിവരികയാണ്,’ ആഗോള ആരോഗ്യ സംഘടന അറിയിച്ചു. അതേസമയം സംഭവത്തോട് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് പ്രതികരിച്ചിട്ടില്ല.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സ്കൂളിൽ നിന്നുള്ള അവധിക്കാല വിനോദയാത്രയ്ക്കിടെ ഫ്രഞ്ച് തടാകത്തിൽ 2015 ജൂലൈയിൽ മുങ്ങി മരിച്ച ജെസ്സിക്ക ലോസണിന്റെ മരണത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് വിചാരണ നേരിടുന്ന മൂന്ന് അധ്യാപകരുടെ വാദം ഫ്രഞ്ച് കോടതി കേട്ടു. അന്നത്തെ യാത്രയുടെ നേതൃത്വം വഹിച്ചിരുന്ന സ്റ്റീവൻ ലെയ്ൻ, ചാന്റൽ ലൂയിസ്, ഡെയ്‌സി സ്റ്റാതേഴ്‌സ് എന്നിവരാണ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് വിചാരണ നേരിടുന്നത്. ഹള്ളിനടുത്തുള്ള വില്ലർബിയിലെ വോൾഫ്രെട്ടൺ സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്ന ജെസ്സിക്ക ലിമോജസ് നഗരത്തിനടുത്തുള്ള തടാകത്തിൽ ഒരു പൊണ്ടൂൺ മറിഞ്ഞതിനെ തുടർന്ന് മരണപ്പെട്ടത്. പോണ്ടൂൺ വളരെ സുരക്ഷിതമാണെന്നാണ് താൻ കരുതിയതെന്ന് ലേയ്ൻ കോടതിയിൽ പറഞ്ഞു. ഫ്രഞ്ച് പട്ടണമായ ടുലെയിലെ പാലൈസ് ഡി ജസ്റ്റിസിലാണ് ഇവരുടെ വിചാരണ നടന്നത്. സ്‌കൂളിൽ നിന്നോ അധ്യാപകരിൽ നിന്നോ യാതൊരു പിന്തുണയും ലഭിച്ചിട്ടില്ലെന്നും, വിചാരണ വേളയിൽ അധ്യാപകർക്ക് ബഹുമാനവും സത്യസന്ധതയും ഉണ്ടായിരിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്ന് കുട്ടിയുടെ അമ്മ ബ്രെൻഡ ലോസൺ കോടതിയിൽ വ്യക്തമാക്കി. മകളുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ യഥാർത്ഥ അവസ്ഥ വിചാരണയ്ക്കിടെ മാത്രമാണ് തനിക്ക് മനസ്സിലായതെന്നും ഏഴ് വർഷമായി സ്‌കൂളോ അധ്യാപകരോ തനിക്ക് ഒരു വിശദീകരണം പോലും നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു.

മൂന്ന് അധ്യാപകർക്കും ലൈഫ് ഗാർഡ് ലിയോ ലെമയറിനും മൂന്ന് വർഷത്തെ തടവ് ശിക്ഷയാണ് താൻ ശുപാർശ ചെയ്യുന്നതെന്ന് തന്റെ പ്രസ്താവനയിൽ പ്രോസിക്യൂട്ടർ മിറിയം സോറിയ ടുള്ളിലെ അധികാരപരിധി തലവനായ മേരി-സോഫി വാഗെറ്റിനോട് അറിയിച്ചു. ജെസീക്കയുടെ മരണത്തിൽ പങ്കുവഹിച്ചതിന് ലിജിനിയാക് പട്ടണത്തിലെ പ്രാദേശിക അധികാരികൾക്ക് 45,000 യൂറോ പിഴ ചുമത്തണമെന്നും പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു.
കുട്ടികളെ നിരീക്ഷിക്കുന്നതിനുള്ള അശ്രദ്ധമൂലം നീന്തലിനിടെ ജെസീക്ക എവിടെയാണെന്ന് അധ്യാപികമാർക്കൊന്നും തന്നെ കാണാനായില്ലെന്നും സോറിയ പറഞ്ഞു. 2015 ജൂലൈ 21 ന് ഫ്രാൻസിലേക്കുള്ള അഞ്ച് ദിവസത്തെ സ്കൂൾ യാത്രയ്ക്കിടെ തടാകത്തിൽ മുങ്ങിമരിക്കുമ്പോൾ ഹളിലെ വോൾഫ്രെട്ടൺ സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു അന്ന് 12 വയസ്സുള്ള ജെസീക്ക ലോസൺ.  അധ്യാപകർക്ക് ആവശ്യമായ ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂട്ടർ കോടതിയിൽ അവസാനമായി ആവശ്യപ്പെട്ടത്.

വേര്‍പിരിഞ്ഞ് താമസിക്കുന്ന നഴ്‌സായ ഭാര്യയെ ആശുപത്രി വളപ്പില്‍ വെച്ച് കുത്തികൊലപ്പെടുത്തി ഭര്‍ത്താവ്. നാട്ടുകാരുടെ മുന്നിലിട്ടാണ് കോയമ്പത്തൂര്‍ പിഎന്‍ പാളയത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന ശിവനന്ദ കോളനിയിലെ വി നാന്‍സി(32)യെ ഭര്‍ത്താവ് വിനോദ്(37) കൊലപ്പെടുത്തിയത്.

കേസില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതായി റേസ് കോഴ്സ് പോലീസ് അറിയിച്ചു. ദാമ്പത്യപ്രശ്നങ്ങള്‍ കാരണം കഴിഞ്ഞ രണ്ടുവര്‍ഷമായി നാന്‍സിയും ഭര്‍ത്താവ് വിനോദും വേര്‍പിരിഞ്ഞാണ് താമസം. ഇതിനിടെ മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വിനോദ് ഭാര്യയെ കൊലപ്പെടുത്തിയത്. വിനോദ് നഗരത്തില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ജോലിചെയ്യുകയാണ്.

തിങ്കളാഴ്ചയാണ് വൈകിട്ടോടെ വിനോദ് ഭാര്യ ജോലിചെയ്യുന്ന ആശുപത്രിയിലെത്തിയത്. ഇവിടെവെച്ച് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയുമായി വഴക്കിടുകയായിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാതെയിരുന്ന നാന്‍സിയെ വിനോദ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

കഴുത്തില്‍ കുത്തുകയായിരുന്നു എന്നും സംഭവസ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചെന്നും പോലീസ് പറഞ്ഞു. യുവതിയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിനോദിനെ ആശുപത്രിയിലെ സുരക്ഷാജീവനക്കാര്‍ പിടികൂടി പോലീസിന് കൈമാറി.

പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് വന്‍തോതില്‍ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍. വിജിന്‍ വര്‍ഗീസ് എന്നയാളാണ് ഡിആര്‍ഐയുടെ പിടിയിലായത്.

സെപ്റ്റംബര്‍ 30ന് 1470 കോടി രൂപയുടെ ലഹരി മരുന്നുമായി ട്രക്ക് പിടികൂടുകയായിരുന്നു. ഇറക്കുമതി ചെയ്ത ഓറഞ്ചുകള്‍ എന്നായിരുന്നു രേഖകളില്‍ കാണിച്ചിരുന്നത്. എന്നാല്‍ 198 കിലോ മെത്തും 9 കിലോ കൊക്കെയ്‌നുമാണ് പിടികൂടിയത്.

 

വിജിന്‍ ഉടമയായ കമ്പനിയുടെ പേരിലാണ് ഇതെത്തിയത്. വിജിന്റെ കൂട്ടാളി മന്‍സൂര്‍ തച്ചാംപറമ്പിനായി ഡിആര്‍ഐ തെരച്ചില്‍ നടത്തുകയാണ്. മോര്‍ ഫ്രഷ് എക്‌സ്‌പോര്‍ട്ട് ഉടമയാണ് മന്‍സൂര്‍ തച്ചാംപറമ്പ്. ലഹരിക്കടത്തില്‍ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മന്‍സൂറിനുമെന്ന തരത്തിലാണ് ഡീലെന്ന് ഡിആര്‍ഐ വ്യക്തമാക്കി.

അതേസമയം, മാസ്‌ക് ഇറക്കുമതിയും ഇതിന് മുന്‍പ് സ്ഥാപനം നടത്തിയിരുന്നു. ഇതിന്റെ മറവിലും ലഹരിക്കടത്ത് നടന്നോയെന്ന് പരിശോധിക്കുകയാണ് അധികൃതര്‍.

കൊച്ചുതോവാള കൊച്ചുപുരയ്ക്കല്‍ താഴത്ത് കെ.പി ജോര്‍ജിന്റെ ഭാര്യ ചിന്നമ്മ കൊലക്കേസില്‍ സംശയ നിഴലില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് ജോര്‍ജും മരിച്ചു. ഒന്നര വര്‍ഷമായിട്ടും പ്രതിയെ കണ്ടെത്താനാകാതെ അന്വേഷണം ഇഴഞ്ഞു നീങ്ങവേ സംശയ നിഴലില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് ജോര്‍ജും മരിച്ചതോടെ തുടരന്വേഷണം വഴിമുട്ടി. ചിന്നമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ അതേ വീട്ടിലാണ് ജോര്‍ജിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 2021 ഏപ്രില്‍ എട്ടിനായിരുന്നു ചിന്നമ്മയുടെ കൊലപാതകം.

സംഭവ ദിവസം ജോര്‍ജും ചിന്നമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ തൃശൂരിലെ ബന്ധുവീട്ടിലേക്ക് പോകാന്‍ ഇവര്‍ തീരുമാനിച്ചിരുന്നു. വീടിന്റെ മുകള്‍ നിലയിലെ മുറിയിലാണ് ജോര്‍ജ് കിടന്നിരുന്നത്. പുലര്‍ച്ചെ എഴുന്നേറ്റ് താഴത്തെ നിലയില്‍ എത്തിയപ്പോഴാണ് കട്ടിലിനു താഴെ കിടക്കുന്ന ചിന്നമ്മയെ കണ്ടതെന്നാണ് ജോര്‍ജ് പൊലീസിനു നല്‍കിയ മൊഴി. എടുത്ത് കട്ടിലില്‍ കിടത്തിയശേഷം മറ്റുള്ളവരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ശ്വാസംമുട്ടിച്ചുള്ള കൊലപാതകമാണെന്ന് തെളിഞ്ഞത്. ആശുപത്രി അധികൃതര്‍ ചിന്നമ്മ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയപ്പോഴാണ് ചിലത് കാണാതായതായി ശ്രദ്ധയില്‍പ്പെട്ടത്. മാല, വള, മോതിരം എന്നിവ ഉള്‍പ്പെടെ 4 പവന്റെ സ്വര്‍ണാഭരണങ്ങളാണ് കാണാതായത്. എന്നാല്‍, ജോര്‍ജ് കിടന്നിരുന്ന മുറിയില്‍ സൂക്ഷിച്ചിരുന്ന 20 പവനോളം സ്വര്‍ണാഭരണങ്ങളും ഒരുലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടിട്ടില്ലെന്നും പൊലീസ് കണ്ടെത്തി.

മോഷ്ടാവാണ് കൊല നടത്തിയതെങ്കില്‍ അവയും കവരാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 7 മാസം കഴിഞ്ഞിട്ടും ലോക്കല്‍ പൊലീസ് അന്വേഷണത്തില്‍ പുരോഗതി ഇല്ലാതെ വന്നതോടെ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരം ആരംഭിച്ചു. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് കേസന്വേഷണം കൈമാറി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനകളിലും കാര്യമായ തെളിവുകള്‍ ലഭിക്കാതെ വന്നതോടെ ഭര്‍ത്താവ് സംശയ നിഴലിലായി.

എന്നാല്‍ പലതവണ ചോദ്യം ചെയ്തിട്ടും പ്രയോജനം ഉണ്ടായില്ല. ഒടുവില്‍ ജോര്‍ജിന്റെ അനുമതിയോടെ നുണപരിശോധനയ്ക്ക് വിധേയമാക്കിയിട്ടും കാര്യമായ തെളിവൊന്നും ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. സംശയനിഴലിലുള്ള എല്ലാവരെയും നിരീക്ഷിച്ചുകൊണ്ടുള്ള അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തി വരുന്നതെങ്കിലും ജോര്‍ജിന്റെ മരണം തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണ്.

തിരുവനന്തപുരം മടവൂരില്‍ ദമ്പതികളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ശശിധരനും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പ്രഭാകരക്കുറുപ്പ് ഭാര്യ വിമലാദേവി എന്നിവരെയാണ് ശശിധരന്‍ കൊലപ്പെടുത്തിയത്. ശശിധരന്‍ നായരെ നാട്ടുകാരാണു പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

85 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 11.30 മണിയോടെയാണ് ദമ്പതികള്‍ ആക്രമണത്തിന് ഇരയായത്. ഭര്‍ത്താവ് സംഭവ സ്ഥലത്തും ഭാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. 27 വര്‍ഷം മുന്‍പു നടന്ന സംഭവമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ശശിധരന്റെ മകന് പ്രഭാകരക്കുറുപ്പ് ഗള്‍ഫില്‍ ജോലി വാങ്ങി നല്‍കിയിരുന്നു. നല്ല ജോലിയും ശമ്പളവും ഇല്ലെന്ന് വീട്ടില്‍ ഒട്ടേറെത്തവണ പരാതിപ്പെട്ടിരുന്ന മകന്‍ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെ മകളും ആത്മഹത്യ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകങ്ങള്‍ക്കു കാരണമെന്നാണ് പൊലീസ് നിഗമനം.

പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആയിരുന്നതിനാല്‍ മൊഴിയെടുക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഉണ്ടയാ അക്രമ സംഭവങ്ങളില്‍ കൂടുതല്‍ അറസ്റ്റ്. കരവാളൂര്‍ മാവിളയില്‍ കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിഞ്ഞ സംഭവത്തിലാണ് പുനലൂര്‍ പോലീസ് ഒരാളെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ കാര്യറ ആലുവിളവീട്ടില്‍ അബ്ദുല്‍ ബാസിത് എന്ന ബാസിത് ആല്‍വി(25)യാണ് അറസ്റ്റിലായത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും ഹര്‍ത്താല്‍ ദിനത്തില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം സ്‌കൂട്ടറിലെത്തി കെഎസ്ആര്‍ടിസി ബസിന് കല്ലെറിയുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. ഇതോടെ ഹര്‍ത്താല്‍ ദിനത്തില്‍ പുനലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞ സംഭവത്തിലെ നാലുപേരും അറസ്റ്റിലായി.

പുനലൂര്‍ കാര്യറ ദാറുസലാമില്‍ മുഹമ്മദ് ആരിഫ് (21), കോക്കാട് തലച്ചിറ കിഴക്ക് റെഫാജ് മന്‍സിലില്‍ സെയ്ഫുദീന്‍ (25), കോക്കാട് തലച്ചിറ അനീഷ് മന്‍സിലില്‍ അനീഷ് (31) എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. ഇവര്‍ കെഎസ്ആര്‍ടിസിക്ക് കല്ലെറിയാനായി എത്തിയപ്പോള്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവരുടെ കല്ലേറില്‍ ബസ്സിന്റെയും ലോറിയുടെയും മുന്നിലെ ചില്ലുതകരുകയും ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി പി രാഗേഷി(47)ന് കണ്ണിനു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആദ്യം പിടിയിലായത് അനീഷാണ്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. എണ്‍പതോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.

ഈ കല്ലേറില്‍ കെഎസ്ആര്‍ടിസിക്ക് മൂന്നുലക്ഷത്തിന്റെയും ലോറികള്‍ക്ക് ഒന്നരലക്ഷത്തിന്റെയും നഷ്ടമുണ്ടായി. ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ കൊട്ടാരക്കരയില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്ത ശേഷം രണ്ടു ബൈക്കുകളിലായി പുനലൂരിലെത്തിയ ഇവര്‍ വാഹനങ്ങള്‍ക്കു കല്ലെറിയുകയായിരുന്നു.

പുനലൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ്‌കുമാര്‍, എസ്‌ഐ മാരായ ഹരീഷ്, ജിസ് മാത്യു, സിപിഒ മാരായ അജീഷ്, സിയാദ്, ദീപക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

സ്‌കൂളില്‍ വച്ച് സഹപാഠി നല്‍കിയ ശീതളപാനീയം കുടിച്ച 6ാം ക്ലാസ് വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍. കന്യാകുമാരി സ്വദേശിയായ 11 കാരന്റെ ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റു. കുട്ടിയുടെ ഇരു വൃക്കകളുടെയും പ്രവര്‍ത്തനവും നിലച്ചു. ആസിഡ് കുട്ടിയുടെ ഉള്ളില്‍ ചെന്നതായി പരിശോധനയില്‍ വ്യക്തമായി. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കന്യാകുമാരി ജില്ലയിലെ കളിയിക്കാവിള മെതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനിലിന്റെയും സോഫിയയുടെയും മകന്‍ അശ്വിന്‍ (11) ആണ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കൊല്ലങ്കോടിനു സമീപം അതംകോട് മായാകൃഷ്ണസ്വാമി വിദ്യാലയത്തില്‍ കഴിഞ്ഞ മാസം 24ന് ആണ് സംഭവം.

പരീക്ഷ എഴുതിയ ശേഷം ശുചിമുറിയില്‍ പോയി മടങ്ങുമ്പോള്‍ ഒരു വിദ്യാര്‍ഥി തനിക്കു ശീതളപാനീയം നല്‍കിയെന്നാണു കുട്ടി വീട്ടില്‍ പറഞ്ഞത്. രുചി വ്യത്യാസം തോന്നിയതിനാല്‍ കുറച്ചു മാത്രമേ കുടിച്ചുള്ളൂവെന്നും പറഞ്ഞിരുന്നു. പിറ്റേന്നു പനിയെത്തുടര്‍ന്നു സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. 2 ദിവസം കഴിഞ്ഞപ്പോള്‍ കടുത്ത വയറുവേദന, ഛര്‍ദി, ശ്വാസംമുട്ടല്‍ തുടങ്ങിയവ അനുഭവപ്പെടുകയും കുട്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

അശ്വിന്റെ ഇരുവൃക്കകളും പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്നു ഡയാലിസിസ് നടത്തി. പരിശോധനയില്‍ ആസിഡ് ഉള്ളില്‍ ചെന്നതു കണ്ടെത്തി. അന്നനാളം, കുടല്‍ തുടങ്ങിയ ആന്തരികാവയവങ്ങളില്‍ പൊള്ളലേറ്റിട്ടുണ്ട്.അശ്വിന്റെ ക്ലാസില്‍ പഠിക്കുന്ന ആരുമല്ല പാനീയം നല്‍കിയതെന്നു ബന്ധുക്കള്‍ പറഞ്ഞു. അതേ സ്‌കൂളിലെ തന്നെ വിദ്യാര്‍ഥിയാണെന്നും അശ്വിനു തിരിച്ചറിയാന്‍ സാധിക്കുമെന്നും അവര്‍ അറിയിച്ചു.

അശ്വിന്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. മനുഷ്യജീവന്‍ അപകടത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷപദാര്‍ഥം നല്‍കിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 328ാം വകുപ്പാണ് തമിഴ്‌നാട് പോലീസ് ചുമത്തിയിരിക്കുന്നത്.10 വര്‍ഷം വരെ കഠിനതടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. സ്‌കൂളിലെ സിസിടിവി പ്രവര്‍ത്തനരഹിതമായതിനാല്‍ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നില്ല.

കോട്ടയം ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കലവൂര്‍ ഐടിസി കോളനിയില്‍ നിന്നാണ് പ്രതി മുത്തുകുമാറിനെ ആലപ്പുഴ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ചങ്ങനാശ്ശേരി പോലീസിന് കൈമാറി.

കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത.പുതുപ്പള്ളി സ്വദേശികളായ രണ്ടുപേര്‍ക്കു വേണ്ടിയാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.കേസിലെ മുഖ്യപ്രതിയായ മുത്തു കുമാറിന് ഇവര്‍ രണ്ടുപേരുടെയും സഹായം കിട്ടിയിട്ടുണ്ടെന്നാണ് പോലീസ് അനുമാനം.കൃത്യത്തിന് ശേഷം ഒളിവില്‍ പോയ രണ്ടുപേരെ കുറിച്ചും സൂചന കിട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ആലപ്പുഴ ആര്യാട് സ്വദേശിയായ ബിന്ദു കുമാറിനെ ചങ്ങനാശ്ശേരി പൂവത്തുള്ള വാടക വീട്ടിലാണ് സുഹൃത്തായ മുത്തു കുമാറിന്റെ നേതൃത്വത്തില്‍ കൊന്ന് കുഴിച്ചിട്ടത്.മുന്‍ വൈരാഗ്യത്തെ തുടര്‍ന്നുള്ള ആസൂത്രിത കൊലപാതകം എന്നാണ് മുത്തുകുമാര്‍ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.വാരിയെല്ല് തകരും വിധം ഉണ്ടായ ക്രൂര മര്‍ദ്ദനം ആണ് ബിന്ദുമോന്റെ മരണകാരണമെന്ന് പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും തെളിഞ്ഞിരുന്നു

RECENT POSTS
Copyright © . All rights reserved