Crime

കാണാതായ കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ വീടിന് മേല്‍ക്കൂരയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ പശ്ചിമ ബംഗാളില്‍ ബിര്‍ഭും ജില്ലയില്‍ സംഘര്‍ഷം. ശാന്തിനികേതനിലെ മോള്‍ഡംഗ ഗ്രാമത്തിലെ തളിപ്പാറ മേഖലയിലാണ് സംഭവം.

അഞ്ചു വയസുകാരനായ കുട്ടിയെയാണ് കാണാതായത്. പിന്നീട് രണ്ടു ദിവസത്തിന് ശേഷമാണ് അഞ്ച് വയസുള്ള ആണ്‍കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ കണ്ടെത്തിയത്.

കടയിലേക്ക് പോയ ശുഭം ഠാക്കൂറെന്ന അഞ്ചുവയസുകാരനെ ഞായറാഴ്ചയാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അയല്‍വാസിയുടെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയ വീട് കത്തിച്ചു.

നാളുകളായി കുട്ടിയുടെ ബന്ധുക്കളും അയല്‍വാസിയും തമ്മില്‍ തര്‍ക്കത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അയല്‍വാസിയായ റൂബി ബീവി എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമെ ദുരൂഹത അവസാനിപ്പിക്കാനാകൂ എന്ന് പോലീസ് പറഞ്ഞു.

അനധികൃത മദ്യ വില്‍പ്പന നടത്തിയിരുന്ന സ്ത്രീ യുവ കൗണ്‍സിലറെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി വാളിന് തലയറുത്ത് കൊന്നു. 30 വയസ് പ്രായമുള്ള ഡി എം കെ കൗണ്‍സിലറാണ് കൊല്ലപ്പെട്ടത്. കരിഞ്ചന്തയില്‍ നടത്തിയിരുന്ന മദ്യ വില്‍പ്പന പൊലീസിനെ അറിയിച്ച് തടഞ്ഞതിലെ പ്രതികാരം തീര്‍ക്കാനായിട്ടായിരുന്നു കൊലപാതകം. തമിഴ്‌നാട്ടില്‍ നടുവീരപ്പട്ടിയിലെ ജനപ്രതിനിധിയായ എം സി സതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലോകേശ്വരി എന്ന എസ്തര്‍ (45) എന്ന സ്ത്രീ തലയറുത്ത് കൊന്നത്. വാള്‍ കൊണ്ട് കഴുത്തറുത്ത് ക്രൂരമായി കൊല്ലുകയായിരുന്നു. കൊലപാതക ശേഷം പ്രതിയായ ലോകേശ്വരി ഒളിവില്‍ പോയി.

നടുവീരപ്പാട്ടിലെ എട്ടയപുരത്ത് മരിച്ച സതീഷ് വാര്‍ഡ് കൗണ്‍സിലറും സ്ഥലത്തെ ഡി എം കെ സെക്രട്ടറിയുമായിരുന്നു. സ്ഥലത്ത് അനധികൃതമായി മദ്യവില്‍പ്പന നടത്തിയിരുന്ന ലോകേശ്വരിയുമായി സതീഷ് പലപ്പോഴും തര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. അനധികൃതമായി മദ്യവില്‍പ്പന അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ പൊലീസില്‍ അറിയിക്കുമെന്നും സതീഷ് നേരത്തെ തന്നെ ഇവരോട് പറഞ്ഞിരുന്നു. എന്നാല്‍ ലോകേശ്വരി ഇതൊന്നും ചെവികൊണ്ടിരുന്നില്ല. ഒടുവില്‍ സതീഷ് പൊലീസില്‍ പരാതിപ്പെടുകയും അനധികൃത മദ്യ വില്‍പ്പന അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പൊലീസ് ഇടപെടല്‍ ശക്തമായതോടെ ലോകേശ്വരിയുടെ വീട്ടിലേക്ക് മദ്യം വാങ്ങാനെത്തുന്നത് എല്ലാവരും ഒഴിവാക്കുകയായിരുന്നു. ഇതോടെ ലോകേശ്വരിയുടെ വരുമാനം നിലച്ചു. ഇതാണ് സതീഷിനോട് കടുത്ത പ്രതികാരം തോന്നാന്‍ കാരണമായത്.

തിങ്കളാഴ്ച സതീഷിനെ വീട്ടിലേക്ക് ലോകേശ്വരി ക്ഷണിച്ചു. വാതില്‍ പൂട്ടിയ ശേഷം കയ്യില്‍ കരുതിയിരുന്ന വാള്‍ കൊണ്ട് സതീഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതക ശേഷം മൃതദേഹം വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞിട്ട് ഇവര്‍ വീട് പൂട്ടി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സോമംഗലം പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് മാറ്റിയിട്ടുണ്ട്. ഒളിവില്‍ പോയ ലോകേശ്വരിയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലോകേശ്വരി നേരത്തെ അനാശാസ്യക്കേസുകളിലും പ്രതിയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ബിരുദ വിദ്യാര്‍ത്ഥിന് ജീവനൊടുക്കി. കൊല്ലം ശൂരനാട് സൗത്ത് അജിഭവനില്‍ അഭിരാമിയാണ് തൂങ്ങിമരിച്ചത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് അഭിരാമി മരണം തിരഞ്ഞെടുത്തത്.

കേരള ബാങ്കിന്‍രെ പതാരം ബ്രാഞ്ചില്‍ നിന്നെടുത്ത നാലു ലക്ഷം രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഉച്ചയോടെ ബാങ്ക് അധികൃതരെത്തി നോട്ടീസ് പതിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളജിലെ രണ്ടാംവര്‍ഷം ബിരുദ വിദ്യാര്‍ഥിനിയാണ് മരിച്ച പെണ്‍കുട്ടി.

ജപ്തി നോട്ടീസിന്റെ വിവരമറിഞ്ഞ് വൈകിട്ട് നാലരയോടെയാണ് അഭിരാമി ആത്മഹത്യ ചെയ്തത്. ബാങ്ക് അധികൃതര്‍ എത്തിയപ്പോള്‍ സാവകാശം വേണമെന്ന് സമീപത്ത് താമസിക്കുന്നവര്‍ പറഞ്ഞിരുന്നുവെങ്കിലും ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിക്കുകയായിരുന്നു എന്നാണ് വിവരം.

ജപ്തി ബോര്‍ഡ് മകള്‍ക്ക് വലിയ മനോവേദനയുണ്ടാക്കിയെന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പിതാവ് അജികുമാര്‍. ബോര്‍ഡ് മറച്ചുവയ്ക്കണമെന്ന് മകള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അജികുമാര്‍ പ്രതികരിച്ചു.

ബാങ്കിനോട് സാവകാശം ചോദിച്ചെങ്കിലും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണ് അധികൃതരില്‍ നിന്ന് കിട്ടിയത്. ‘ജീവിക്കാനാ എല്ലാവരും മക്കള്‍ക്ക് വീടുണ്ടാക്കിക്കൊടുക്കുന്നത്. ഇത് നേരെ തിരിച്ചാ… എന്റെ മോള് ചാകാന്‍ വേണ്ടിയാണ് ഞാന്‍ ഈ വീട് വച്ചത്. എന്ത് ചെയ്യാനാ…സര്‍ക്കാരിന് വേണമെങ്കില്‍ വീട് കൊടുക്കാം. സര്‍ക്കാര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ.’- അജികുമാര്‍ പറയുന്നു.

കണ്ണൂരില്‍ സ്ത്രീകള്‍ മാത്രമുള്ള വീട് പൂട്ടി ബാങ്ക് അധികൃതര്‍ ജപ്തി നടപടിയിലേക്ക് കടന്നതും ഏറെ വിവാദമായിരുന്നു. കേരള ഗ്രാമീണ ബാങ്കായിരുന്നു കഴിഞ്ഞ ആഴ്ചയില്‍ സുഹറ എന്ന യുവതിയുടെ മകളേയും വൃദ്ധ മാതാവിനേയും ബലമായി പുറത്തിറക്കി വീട് ജപ്തി ചെയ്തത്. ഈ സംഭവം ഏറെ വിവാദമായതിന് പിന്നാലെയാണ് കൊല്ലത്തു നിന്നും ദാരുണ വാര്‍ത്തയെത്തിയിരിക്കുന്നത്.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പത്ത് വയസുകാരനോട് പിതാവിന്റെ സഹോദരന്റെ ക്രൂരത. പൊതുസ്ഥലത്തുവെച്ച് കുട്ടിയെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ചു. സംഭവത്തില്‍ പിതാവിന്റെ സഹോദരന്‍ മനു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

‘കുടിയെടാ, ആര് ചോദിക്കാനിരിക്കുന്നു, ബാക്കി അച്ചാച്ചന്‍ നോക്കിക്കോളും’, എന്ന് ഇയാള്‍ കുട്ടിയോട് പറയുന്നതും നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിക്കുന്നതിന്റെയും വീഡിയോ പ്രചരിച്ചിരുന്നു.

തിരുവോണനാളിലായിരുന്നു സംഭവം. ഇയാള്‍ കുട്ടിയെ ബിവറേജിലേക്ക് കൂട്ടിക്കൊണ്ടു പോയി മദ്യം വാങ്ങിവന്ന് പൊതുസ്ഥലത്തുവെച്ച് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയായിരുന്നു കുട്ടിയെ ഇയാള്‍ മദ്യം കുടിപ്പിച്ചത്.

ഇതിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് വിഷയം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് കുട്ടിയേയും രക്ഷിതാക്കളേയും നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയും മൊഴിയെടുക്കുകയുമായിരുന്നു.

തുടര്‍ന്ന് കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ മനുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ ബലം പ്രയോഗിച്ച് മദ്യം കുടിച്ചു, പൊതുസ്ഥലത്തുവെച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നിര്‍ബന്ധിച്ച് മദ്യംകുടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, 77 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചടയമംഗലത്ത് അക്കോണത്ത് ആണ് സംഭവം. അടൂർ പഴകുളം സ്വദേശിനിയായ 24കാരി ലക്ഷ്മിപിള്ളയാണ് മരിച്ചത്. വിദേശത്ത് നിന്നും ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ഭർത്താവാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് കിഷോർ കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുവൈറ്റിൽ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തിയ ശേഷം ലക്ഷ്മിയെ വിളിച്ചെങ്കിലും വീട് ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. തുടർന്ന് അടൂരിൽ നിന്ന് ലക്ഷ്മിയുടെ അമ്മയെ വിളിച്ചുവരുത്തി. ഇവരുടെ സാന്നിദ്ധ്യത്തിൽ ആണ് വാതിൽ ചവിട്ടിപൊളിച്ച് അകത്ത് കടന്നത്.

അകത്ത് കയറിയപ്പോൾ ആണ് മുറിക്കുള്ളിൽ ലക്ഷ്മിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം കോളേജിലേക്ക് മാറ്റി. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെയും വ്യക്തമല്ല. ഒരു വർഷം മുൻപാണ് കിഷോറും ലക്ഷ്മിയും തമ്മിലുള്ള വിവാഹം നടന്നത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ആരോഗ്യ വകുപ്പിനെതിരെ പരാതിയുമായി പേവിഷബാധയേറ്റ് മരണപ്പെട്ട പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി സ്വദേശി 13കാരിയായ അഭിരാമിയുടെ കുടുംബം. ചികിത്സിയില്‍ വീഴ്ച്ച വരുത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ ഡോക്ടറോ ജീവനക്കാരോ ആംബുലന്‍സ് ഡ്രൈവറോ ഉണ്ടായിരുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ അടക്കമുള്ളവരുടെ അനാസ്ഥ മൂലം മൂന്ന് മണിക്കൂര്‍ വൈകിയാണ് അഭിരാമിക്ക് പ്രാഥമിക ശുശ്രൂഷ ലഭിച്ചത്. മുറിവ് വൃത്തിയാക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.

മുറിവ് വൃത്തിയാക്കാന്‍ സോപ്പ് വാങ്ങിക്കാന്‍ മാതാപിതാക്കളെ ആശുപത്രിക്ക് പുറത്തേക്ക് വിട്ടു. മാതാപിതാക്കളെക്കൊണ്ട് മുറിവ് കഴുകിച്ചുവെന്നും പരാതിയില്‍ ചൂണ്ടികാട്ടി. കഴിഞ്ഞ മാസം 14 നാണ് അഭിരാമിക്ക് തെരുവ് നായയുടെ കടിയേറ്റത്. പ്രതിരോധ വാക്സിന്‍ എടുത്തിട്ടും അഭിരാമി മരണപ്പെടുകയായിരുന്നു.

പാല്‍ വാങ്ങാന്‍ പോകവേ പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് റോഡില്‍ വെച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേല്‍ക്കുന്നത്. കണ്ണിലും കാലിലും കൈയ്യിലുമായി ഏഴിടത്ത് കടിയേറ്റിരുന്നു.

വെമ്പായത്ത് കിണറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വേറ്റിനാട് സ്റ്റീഫന്റെ ഉമസ്ഥതയിലുള്ളതാണ് പുരയിടം. പൂർണമായും അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  കഴിഞ്ഞ മാസം 30ന് കാണാതായ അനുജയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടിനടുത്തുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ അന്നുതന്നെ വട്ടപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു .

നെടുമങ്ങാട് ‍ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ അനുജയെ കണ്ടെത്താൻ ഉളള അന്വേഷണവും നടന്നുവരികയായിരുന്നു . ഇതിനിടയിലാണ് ഇന്നലെ വൈകുന്നേരത്തോടെ വീടിനടുത്തുള്ള കിണറിൽ അനുജയുടെ മൃതദേഹം കണ്ടെത്തിയത് . തുടർന്ന് ഇന്ന് രാവിലെ പൊലീസും ഫയ‍ർഫോഴ്സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അനുജയ്ക്ക് നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ചും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു . കാണാതാകുന്നതിന് മുമ്പ് ചില‍ർക്ക് കൊടുക്കാനുള്ള പണവുമായി ബന്ധപ്പെട്ട ചില ഇടപാടുകൾ അനുജ നടത്തിയെന്ന് കണ്ടെത്തിയിരുന്നു .

വിവാഹ മോചിതയായിരുന്ന അനുജയുടെ പുനർവിവാഹം ഈ മാസം 3ന് നിശ്ചയിച്ചിരുന്നു പോസ്റ്റുമോർട്ടത്തിന് ശേഷമേ മറ്റ് കാര്യങ്ങൾ പറയാനാകു എന്ന് പൊലീസ് വ്യക്തമാക്കി . തുടർ അന്വേഷണവും പോസ്റ്റുമോ‍ർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും

പത്തനംതിട്ടയിൽ ഭാര്യയുടെ കൈകൾ വെട്ടിയ കേസ് ആസൂത്രിതമെന്ന് പൊലീസ്.
വിദ്യയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ സന്തോഷ് വടിവാളുമായാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ കയറിയത് അടുക്കള വഴി. വിദ്യ ട്യൂഷനെടുത്ത് വരുന്ന വഴി കൊല്ലാനായിരുന്നു ആദ്യ ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് വീട്ടിൽ കയറിയത്.

അഞ്ച് വയസുള്ള കുട്ടിയുടെ മുന്നിൽ വച്ചാണ് വിദ്യയെ വെട്ടിയത്. പ്രതി സന്തോഷ് സംശയ രോഗിയാണെന്ന് പൊലീസ് പറഞ്ഞു. മുൻപ് വിദ്യയുടെ വായ കുത്തി കീറിയതായി പ്രതി മൊഴി നൽകിയിട്ടുണ്ട്. കൊലപ്പെടുത്താൻ തന്നെയാണ് എത്തിയതെന്നും പൊലീസ് വിശദീകരിച്ചു.

അതേസമയം വിദ്യയുടെ ശസ്ത്രക്രിയ പൂർത്തിയായി. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ശസ്ത്രക്രിയ നടന്നത്. അറ്റുപോയ കൈകൾ തന്നിച്ചേർത്തു. യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിൽ അച്ഛൻ വിജയനും വെട്ടേറ്റിരുന്നു . കഴിഞ്ഞ കുറെ നാളുകളായി വിദ്യയും സന്തോഷും വേർപിരിഞ്ഞു കഴിയുകയാണ്. ഇവരുടെ വിവാഹ മോചന കേസ് കോടതിയുടെ പരിധിയിലാണ്. സംഭവത്തിൽ വധശ്രമം അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

പട്ടാപ്പകൽ നടുറോഡിൽ ഭാര്യയെ ദാരുണമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കി. ജാമ്യത്തിൽ ഇറങ്ങിയ ശേഷം കിണറ്റിൽ ചാടിയാണ് ജീവിതം അവസാനിപ്പിച്ചത്. കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് സെൽവരാജ് ആണ് മരിച്ചത്. 46 വയസായിരുന്നു.

കഴിഞ്ഞവർഷം ഓഗസ്റ്റ് 31നാണ് സെൽവരാജ് തന്റെ രണ്ടാം ഭാര്യയെ കൊലപെടുത്തിയത്.ശാസ്തവട്ടം ജംഗ്ഷനിൽ നടുറോഡിൽ സെൽവരാജിൻറെ ഭാര്യയായിരുന്ന 37കാരി പ്രഭയെ കഴുത്തറുത്ത് കൊലപെടുത്തുകയായിരുന്നു. ഈ കേസിൽ കഴിഞ്ഞ ദിവസമാണ് സെൽവരാജ് ജാമ്യത്തിൽ ഇറങ്ങിയത്.

വൈകീട്ടോടെ വീട്ടുവളപ്പിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. നേരത്തെ കുടുംബപ്രശ്‌നത്തെ തുടർന്ന് പ്രഭയും സെൽവരാജും പിരിഞ്ഞു താമസിക്കുകയിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സെൽവരാജ് അവിടെയെത്തുകയും ഇരുവരും സംസാരിച്ചു നടക്കുന്നതിനിടയിൽ കത്തി കൊണ്ട് കഴുത്തറുക്കുകയുമായിരുന്നു.

രക്തം വാർന്നാണ് പ്രഭ മരണത്തിന് കീഴടങ്ങിയത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. ഭാര്യയെ ഒപ്പം താമസിക്കാൻ വിളിച്ചിട്ടും വരാത്തതിലുള്ള വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. 10 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. സെൽവരാജിന്റെ രണ്ടാമത്തേയും പ്രഭയുടെ മൂന്നാമത്തെയും വിവാഹവുമായിരുന്നു.

കുടിശ്ശിക മുടങ്ങിയതിന്റെ പേരിൽ ഗർഭിണിയെ ക്രൂരമായി കൊലപ്പെടുത്തി ഫിനാൻസ് കമ്പനി ജീവനക്കാർ. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് ദാരുണമായ കൊലപാതകം നടന്നത്. മൂന്ന് മാസം ഗർഭിണിയായിരുന്ന യുവതിയെ ട്രാക്ടർ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തിയ ശേഷം ദേഹത്തു കൂടി കയറ്റി ഇറക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് സംഭവം.

വികലാംഗനായ കർഷകന്റെ മകളാണ് ഫിനാൻസ് കമ്പനി ജീവനക്കാരുടെ ക്രൂരതയിൽ പൊലിഞ്ഞത്. 2018ൽ മഹീന്ദ്ര ഫിനാൻസിൽ നിന്ന് മിഥ്‌ലേഷ് ഒരു ട്രാക്ടർ വാങ്ങി. ട്രാക്ടറിന്റെ ആകെ 6 ഗഡുക്കളാണ് അവശേഷിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ എത്തിയത്. ട്രാക്ടറിന്റെ കുടിശ്ശിക വാങ്ങാൻ ഫിനാൻസ് റിക്കവറി ഏജന്റുമാർ കഴിഞ്ഞ ദിവസം മിഥ്‌ലേഷിന്റെ വീട്ടിലെത്തി.

ട്രാക്ടർ വീണ്ടെടുക്കാൻ വീട്ടിലെത്തിയ ഉദ്യോഗസ്ഥനും കർഷകനും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ മകൾ ട്രാക്ടർ ചക്രത്തിനടിയിൽ പെട്ടു. തുടർന്ന് യുവതിയുടെ പുറത്തുകൂടി ട്രാക്ടർ കയറ്റി ഇരിക്കുകയായിരുന്നു. യുവതിയെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അതേസമയം, തങ്ങളെ അറിയിക്കാതെയാണ് കമ്പനി അധികൃതർ വീട്ടിലെത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ട്രാക്ടർ വീണ്ടെടുക്കുന്നതിനായി ഇരയുടെ വസതിയിലേക്ക് പോകുന്നതിന് മുമ്പ് കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നില്ലെന്ന് പോലീസും അറിയിച്ചു. സംഭവത്തിൽ സ്വകാര്യ ഫിനാൻസ് കമ്പനിയുടെ റിക്കവറി ഏജന്റും മാനേജരും ഉൾപ്പെടെ നാല് പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടെത്തു.

RECENT POSTS
Copyright © . All rights reserved