മുണ്ടക്കയം കോരുത്തോട് ഇരട്ടക്കുട്ടികളുടെ അമ്മയായ യുവതിയെ ദുരൂഹസാഹചര്യത്തില് കിണറ്റില് മരിച്ച നിലയില്‍ കണ്ടെത്തി. കോരുത്തോട് സ്വദേശിയായ ശ്യാമിന്റെ ഭാര്യ അഞ്ജലിയാണ് മരിച്ചത്. യുവതി കുടുംബമായി താമസിക്കുന്ന വീടിന് മുന്നിലെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രിയില് ഇരട്ടകുട്ടികളോടൊപ്പം ഉറങ്ങാന് കിടന്ന അഞ്ജലിയെ രാവിലെയാണ് കാണാതായതായി കുടുബം അറിഞ്ഞത്.തുടര്ന്ന് നടത്തിയ തിരച്ചിലില് വീടിന്റെ അടുക്കളഭാഗത്തോട് ചേര്ന്ന കിണറ്റിലാണ് രാവിലെ ഏഴുമണിയോടെ അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. കിണറ്റില് മലര്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ മുതല് അഞ്ജലിയെ കാണാത്തതിനെത്തുടര്ന്നാണ് ഭര്ത്താവ് വിവരം പഞ്ചായത്ത് മെമ്പറെയും നാട്ടുകാരെയും വിളിച്ചറിയിച്ചു. ഭര്ത്താവും നാട്ടുകാരും ചേര്ന്ന് നടത്തിയ തിരച്ചിലിലാണ് അഞ്ജലിയെ കിണറ്റില് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൈവരികളുള്ള കിണറായതുകൊണ്ട് തന്നെ അബദ്ധത്തില് കാല് വഴുതി വീണതല്ലെന്ന് ഉറപ്പായി. അഞ്ജലിയും കുടുംബവുമായും കാര്യമായ വഴക്കുകളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നതായി അറിയില്ലെന്നും നാട്ടുകാര് പറയുന്നു. പ്രാഥമിക നിഗമനത്തില്‍ മരണകാരണം ആത്മഹത്യയാണോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.ഫയര്ഫോഴ്സും പൊലീസുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.മുണ്ടക്കയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിച്ചു. ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമാര്ട്ടത്തിനായി മാറ്റി.
തൃശൂര് കുന്നംകുളം കിഴൂരില് മകള് അമ്മയ്ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തി. ചോഴിയാട്ടില് ചന്ദ്രന്റെ ഭാര്യ രുഗ്മിണിയാണ് (57) കൊല്ലപ്പെട്ടത്. സംഭവത്തില് മകള് ഇന്ദുലേഖയെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയായിരുന്നു മരണം സംഭവിച്ചത്.
അസുഖബാധിതയാണെന്ന് കാണിച്ച് ഇന്ദുലേഖ അമ്മയെ ആശുപത്രിയില് എത്തിച്ചിരുന്നു. തുടര്ന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല് കോളേജിലേക്ക് മാറ്റി എങ്കിലും രുഗ്മിണി മരണപ്പെടുകയായിരുന്നു.
പിന്നീട് നടത്തിയ പരിശോധനയിലാണ് വിഷം ഉള്ളില് ചെന്നതായി കണ്ടെത്തിയത്. ഇതോടെ മകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. വിഷം കൊടുത്തതായി ചോദ്യം ചെയ്യലില് ഇന്ദുലേഖ സമ്മതിച്ചു. സ്വത്ത് തര്ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് പറഞ്ഞു.
പേരക്കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിലെ കൂട്ടുപ്രതിയായ മുത്തശ്ശി അങ്കമാലി കോടിശേരി വീട്ടിൽ സിപ്സി(42) മരിച്ചനിലയിൽ. കൊച്ചി നഗരത്തിലെ ലോഡ്ജിൽ വെച്ചാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരുടെ കാമുകനും കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുമായ പള്ളുരുത്തി പള്ളിച്ചാൽ റോഡിൽ കല്ലേക്കാട് വീട്ടിൽ ജോൺ ബിനോയ് ഡിക്രൂസിനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സിപ്സിയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെ വിട്ടയച്ചു. അസ്വഭാവിക മരണത്തിന് സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എറണാകുളം നേവൽ ബേസിലെ താത്കാലിക ജീവനക്കാരനാണ് ബിനോയ്.
ഇന്നലെ പുലർച്ചെയാണ് സിപ്സിയെ ലോഡ്ജിലെ ഒന്നാം നിലയിലെ മുറിയിൽ മരിച്ചനിലയിൽ ജീവനക്കാർ കണ്ടെത്തിയത്. ഇവർ വിവരമറിച്ചതനുസരിച്ച് എറണാകുളം സെൻട്രൽ പോലീസ് പരിശോധന നടത്തി.
ദേഹത്ത് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. മൃതദേഹം കണ്ടെത്തുമ്പോൾ ജോൺ ബിനോയ് ഡിക്രൂസ് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ലോഡ്ജ് ജീവനക്കാർ മൊഴി നൽകി. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി വൈകിട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
മാർച്ച് ഒമ്പതിനാണ് സിപ്സിയുടെ മകന്റെ മകളായ ഒന്നരവയസുകാരി നോറ മരിയയെ കൊലപ്പെടുത്തിയ കേസിൽ നോർത്ത് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ലോഡ്ജിൽ താമസിക്കുന്നതിനിടെ പുലർച്ചെ കുട്ടിയെ ജോൺ ബക്കറ്റിൽ മുക്കി കൊല്ലുകയായിരുന്നു.
കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ഇരുവരും കൊച്ചിയിലെ ലോഡ്ജുകളിൽ താമസിച്ചുവരികയായിരുന്നു. കുട്ടിയുടെ പിതൃത്വം തന്നിൽ കെട്ടിയേൽപ്പിക്കാൻ സിപ്സി ശ്രമിച്ചതാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്നായിരുന്നു ഇയാളുടെ മൊഴി.
ആമ്പല്ലൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. അളകപ്പനഗർ എരിപ്പോട് സ്വദേശി രാധയെയാണ് വീട്ടുപറമ്പിലെ കിണറ്റിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൈകൾ കെട്ടിയിട്ട് വായിൽ തുണി തിരുകിയ നിലയിലുമായിരുന്നു മൃതദേഹം.
ബുധനാഴ്ച രാവിലെ മുതൽ രാധയെ കാണാനുണ്ടായിരുന്നില്ല. തുടർന്ന് വീട്ടിലും പരിസരത്തും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാധയും ഭർത്താവും മക്കളും അടക്കം ആറുപേരാണ് ആമ്പല്ലൂരിലെ വീട്ടിൽ താമസിക്കുന്നത്. കഴിഞ്ഞദിവസം അർധരാത്രി 12 മണിയോടെ വീട്ടിലെത്തിയ മകന് വാതിൽ തുറന്നുനൽകിയത് രാധയായിരുന്നു. പുലർച്ചെ രണ്ടുമണി വരെ രാധ മുറിയിലുണ്ടായിരുന്നതായി ഭർത്താവും മൊഴി നൽകിയിട്ടുണ്ട്.
പിന്നീട് രാധയ്ക്ക് എന്തുസംഭവിച്ചു എന്നതിലാണ് ദുരൂഹത നിലനിൽക്കുന്നത്. അതേസമയം, സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിൽ മറ്റുപരിക്കുകളോ മർദനമേറ്റതിന്റെ പാടുകളോ ഇല്ല.
മുൻപും സ്വയം കൈകൾ കെട്ടി ഇത്തരത്തിൽ ആത്മഹത്യചെയ്ത സംഭവങ്ങളുണ്ടെന്നും പോലീസ് പറയുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.
കുടുംബം സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു മൂന്നു വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു. 3 പേർക്കു പരുക്ക്. കാർ യാത്രക്കാരായ തിരുവനന്തപുരം പേട്ട തുലയിൽ വീട്ടിൽ കൃഷ്ണകുമാരി (85), ചെറുമകളുടെ മകൾ ജാനകി എന്നിവരാണു മരിച്ചത്. കൃഷ്ണകുമാരിയുടെ മകൻ റിട്ട. സബ് റജിസ്ട്രാർ ജയദേവൻ (61), ഭാര്യ ഷീബ (54), ഇവരുടെ മകൾ കൃഷ്ണഗാഥ (33) എന്നിവർക്കു സാരമായി പരുക്കേറ്റു.
കൃഷ്ണഗാഥയുടെയും ആർക്കിടെക്ട് ആയ ചാത്തന്നൂർ ചൂരപ്പൊയ്ക ഗംഗോത്രിയിൽ സുധീഷിന്റെയും ഏക മകളാണു ജാനകി. തിരുവനന്തപുരം വഴുതയ്ക്കാട് ഉദാരശിരോമണി റോഡിൽ ഈഗോ ഡിസൈൻസ് എന്ന സ്ഥാപന ഉടമയാണ് സുധീഷ്. നിസ്സാര പരുക്കേറ്റ ലോറി ഡ്രൈവർ തൃശൂർ ചേലക്കര സ്വദേശി സജിത്തിനു (28) പ്രഥമ ശുശ്രൂഷ നൽകി. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു ശക്തികുളങ്ങര പൊലീസ് കേസെടുത്തു.
ഇന്നലെ പുലർച്ചെ ഒരു മണിയോടെ ബൈപാസ് റോഡിൽ കാവനാട് മുക്കാട് പാലത്തിലാണ് അപകടം. ക്ഷേത്രദർശനം കഴിഞ്ഞു ഗുരുവായൂരിൽ നിന്നു മടങ്ങുകയായിരുന്നു കുടുംബം. സുധീഷും മാതാപിതാക്കളും മറ്റൊരു കാറിൽ ഇവർക്കു പിന്നിലായിരുന്നു.
ജയദേവനാണ് അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നത്. കാറിന്റെ മുൻവശം പൂർണമായി തകർന്നു. മുൻ സീറ്റിൽ കുടുങ്ങിയ കൃഷ്ണകുമാരിയെ അഗ്നിശമന സേന വാഹനം പൊളിച്ചു നീക്കിയാണു പുറത്തെടുത്തത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാനകി ഇന്നലെ രാവിലെ 7 നും മരിച്ചു. കൃഷ്ണകുമാരിയുടെ സംസ്കാരം ഇന്നു തിരുവനന്തപുരത്തു നടക്കും. ജാനകിയുടെ മൃതദേഹം സുധീഷിന്റെ ചാത്തന്നൂരിലെ കുടുംബ വീട്ടുവളപ്പിൽ സംസ്കരിക്കും.
അപകടത്തിൽ പരുക്കേറ്റ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകാതിരുന്ന നീണ്ടകര താലൂക്ക് ആശുപത്രി അധികൃതരുടെ നടപടി ഗുരുതര വീഴ്ചയായി. രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ ആശയക്കുഴപ്പവും യഥാസമയം വിദഗ്ധ ചികിത്സ ലഭ്യമാകുന്നതിനു തടസ്സമായി.അപകടം നടന്ന ഉടൻ ദൃക്സാക്ഷികളിൽ ചിലർ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. നിമിഷങ്ങൾക്കകം 2 കൺട്രോൾ റൂം വാഹനങ്ങൾ പാഞ്ഞെത്തുകയും ചെയ്തു. പിന്നാലെ അഗ്നിശമന സേനയും. അപകടം നടന്നയുടൻ, അതുവഴി കാറിൽ പോകുകയായിരുന്ന ഒരാൾ ഗുരുതരമായി പരുക്കേറ്റ 3 വയസ്സുകാരി ജാനകിയെ അവരെ വാഹനത്തിൽ നീണ്ടകര താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. അപകടത്തിൽപെട്ട മറ്റുള്ളവരെ ആശുപത്രികളിലേക്കു മാറ്റുന്നതിനിടെയാണു കുഞ്ഞ് എവിടെയാണെന്ന വിവരം അറിയാതെ രക്ഷാപ്രവർത്തകർ കുഴങ്ങിയത്.
ഈ സമയം ജാനകി നീണ്ടകര താലൂക്ക് ആശുപത്രിയിൽ മരണത്തോടു മല്ലിടുകയായിരുന്നു. കുഞ്ഞിനെ ഏത് ആശുപത്രിയിലേക്കാണു കൊണ്ടുപോയതെന്നു വിവരം തിരക്കാൻ പൊലീസ് ഉദ്യോഗസ്ഥർ വയർലെസിലൂടെ നിർദേശിക്കുന്നതു താലൂക്ക് ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ കേട്ടു. ഈ പൊലീസുകാരനാണു കുഞ്ഞിനെ അവിടെ എത്തിച്ച വിവരം കൈമാറുന്നത്. അപ്പോഴേക്കും അര മണിക്കൂറിലേറെ പിന്നിട്ടു. കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കു മറ്റേതെങ്കിലും ആശുപത്രിയിലേക്കു മാറ്റാൻ താലൂക്ക് ആശുപത്രി അധികൃതർ നിർദേശിച്ചു.
പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് വലിച്ചിഴച്ച് ട്രെയിനിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തി. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തിങ്കളാഴ്ച പുലർച്ചെ 4 മണിക്ക് മുംബൈയ്ക്ക് സമീപമുള്ള വസായ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഭർത്താവിനെ താനെയിൽ നിന്ന് അറസ്റ്റ് ചെയ്തു.
അവധ് എക്‌സ്‌പ്രസ് ട്രെയിൻ വരുന്നതുകണ്ട് പ്ലാറ്റ്ഫോം ബെഞ്ചിൽ ഉറങ്ങിക്കിടന്ന യുവതിയെ ഭർത്താവ് ഉണർത്തുന്നത് ദൃശ്യങ്ങളിൽ കാണാം. കുറച്ചുസമയം സംസാരിച്ചുനിന്ന ഭർത്താവ് ട്രെയിൻ അടുക്കുമ്പോൾ ഭാര്യയെ വലിച്ചിഴച്ച് ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. ശേഷം മറ്റൊരു ബെഞ്ചിൽ ഉറങ്ങിക്കിടന്ന 2 കുട്ടികളെയും കൊണ്ട് വേഗത്തിൽ അവിടെനിന്ന് പോകുന്നതും വിഡിയോയിലുണ്ട്.
ഞായറാഴ്ച ഉച്ച മുതൽ ഭാര്യയും ഭർത്താവും വസായ് സ്റ്റേഷിനുണ്ടായിരുന്നുവെന്നും സംഭവത്തിനു ശേഷം പ്രതി ദാദറിലേക്കും അവിടെ നിന്ന് കല്യാണിലേക്കും പോയതായി റെയിൽവേ പൊലീസ് അറിയിച്ചു. തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാത്രി താനെയിലെ ഭിവണ്ടി ടൗണിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
shocking video has emerged of a woman sleeping on the platform at Vasai railway station being pushed down by her husband. @saamTVnews @SaamanaOnline @ANI @AmhiDombivlikar @zee24taasnews @ pic.twitter.com/q0OrFTlePg
— .ℝ (@Rajmajiofficial) August 22, 2022
അബുദാബി ഇരട്ടക്കൊലപാതകത്തില്‍ മരിച്ച ഡെന്‍സിയുടേത് വാഹനാപകടമാണെന്നാണ് ആദ്യം വീട്ടുകാര്‍ അറിഞ്ഞത്. പിന്നീടു ഹൃദയാഘാതമാണെന്നും അറിയിച്ചു. അബുദാബിയിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സെന്റ് ജോസഫ്‌സ് പള്ളിയിലാണ് ഡെന്‍സിയുടെ സംസ്‌കാരം നടത്തിയത്. കുഴിമാടം നാളെ തുറന്ന് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇതിന് ഇരിങ്ങാലക്കുട ആര്‍ഡിഒ അനുമതി നല്‍കിയിട്ടുണ്ടായിരുന്നു.
നോര്‍ത്ത് ചാലക്കുടി വാളിയേങ്കല്‍ റോസിലിയുടെ മകളാണ് ഡെന്‍സി (38). മൂന്നു മക്കളുടെ അമ്മയായ ഇവര്‍ 2019 ഡിസംബറിലാണു ജോലി തേടി അബുദാബിയിലേക്കു പോയത്. മൂന്നു മാസം കഴിഞ്ഞായിരുന്നു മരണം സംഭവിച്ചത്. മകളുടേതു കൊലപാതകമാണെന്ന വിവരം ഏതാനും ദിവസം മുന്‍പു മാത്രമാണു കുടുംബാംഗങ്ങള്‍ അറിഞ്ഞതെന്നു പറയുമ്പോള്‍ അമ്മ റോസിലിക്കു കരച്ചിലടക്കാനാകുന്നില്ല. ജോലി ചെയ്തിരുന്ന കമ്പനിയിലെയാളാണ് കൊലപാതകമാണെന്ന വിവരം അറിയിച്ചത്. പിന്നീട് നിലമ്പൂരില്‍ നിന്നും ചാലക്കുടിയില്‍ നിന്നും പൊലീസെത്തി മൊഴിയെടുത്തു.
കേസ് അന്വേഷിക്കുന്ന നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ.എബ്രഹാം നല്‍കിയ അപേക്ഷ പ്രകാരമാണ് റീ പോസ്റ്റ്‌മോര്‍ട്ടത്തിന് അനുമതി കിട്ടിയത്. ഷൈബിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശി ഹാരിസിന്റെ സ്ഥാപനത്തിലാണ് ഡെന്‍സി ജോലി ചെയ്തിരുന്നത്. ഹാരിസിനെയും ഡെന്‍സിയെയും 2020 മാര്‍ച്ച് 5നാണ് അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തതെന്നായിരുന്നു അബുദാബി പൊലീസിന്റെ ആദ്യ നിഗമനത്തില്‍.
ഷാബാ ഷെരീഫ് വധക്കേസില്‍ അറസ്റ്റിലായ നൗഷാദ്, ചീര ഷഫീഖ്, പുതുക്കുളങ്ങര ഷബീബ് റഹ്മാന്‍, കുത്രാടന്‍ അജ്മല്‍, പൊരി ഷമീം എന്നിവരാണ് ഇരട്ടക്കൊല കേസിലെ തങ്ങളുടെ പങ്ക് സമ്മതിച്ചത്. നാട്ടിലിരുന്ന് ഷൈബിന്‍ നല്‍കിയ നിര്‍ദേശപ്രകാരമാണ് കൃത്യം നിര്‍വഹിച്ചതെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. ഒരാഴ്ചയ്ക്കു മുമ്പ് ഹാരിസിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.
പാരമ്പര്യ വൈദ്യന്‍ മൈസൂരുവിലെ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി നിലമ്പൂര്‍ കൈപ്പഞ്ചേരി ഷൈബിന്‍ അഷ്‌റഫാണു ഇരട്ടക്കൊലപാതകത്തിന്റെ സൂത്രധാരനെന്നു കൂട്ടുപ്രതികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണു റീ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെ തുടര്‍നടപടികള്‍ തീരുമാനിച്ചത്.
ദേശീയപാതയിൽ നെടുമ്പാശ്ശേരി ഭാഗത്ത് വച്ച് വാഹനാപകടത്തിൽ മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി മരണപ്പെട്ട കേസിൽ ലോറി ഡ്രൈവർ പിടിയിൽ. കർണാടക സ്വദേശി ഹനുമന്തപ്പ (28) യെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. വാഹനവും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 5ന് രാത്രിയായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിച്ചിരുന്ന മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശിയായ മുഹമ്മദ് ഹാഷിം എന്നയാളാണ് മരണമടഞ്ഞത്. നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് ഭാഗത്ത് വച്ച് വീണതിനെ തുടർന്ന് ഹാഷിം റോഡിന് എതിർ വശത്തേക്ക് ബൈക്കിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയായിരുന്നു. അപകടത്തിനുശേഷം വാഹനം നിർത്താതെ പോയി.
വാഹനം കണ്ടുപിടിക്കാൻ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറേയും വാഹനത്തേയും കസ്റ്റഡിയിലെടുത്തത്. മുന്നൂറ്റി അമ്പതോളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു. അഞ്ഞൂറില്‍പരം വാഹന ഉടമകളുടെ വിവരം ശേഖരിച്ചു. കർണ്ണാടകയിൽ നിന്നാണ് വാഹനം പിടികൂടിയത്. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് കെമിക്കൽ കൊണ്ടുപോകുന്ന വാഹനമായിരുന്നു. ആലുവ ഡി.വൈ.എസ്.പി. പി.കെ.ശിവൻകുട്ടി, ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ.മാരായ അനീഷ് കെ ദാസ്, വര്‍ഗീസ്, എ.എസ്.ഐ അഭിലാഷ്, പോലീസുകാരായ റോണി അഗസ്റ്റിൻ, കെ.ആർ.റെന്നി, എൻ.ജി.ജിസ്മോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഈ മാസം അഞ്ചിന് രാത്രിയാണ് ഹാഷിം റോഡിലെ ഭീമൻ കുഴിയിൽ വീണതിനെ തുടർന്നുള്ള അപകടത്തിൽ മരിച്ചത്. ഹാഷിമിനുണ്ടായ അപകടം വലിയ വിവാദമായി മാറുകയും വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും ചെയ്തിരുന്നു. അങ്കമാലി ടെൽക്ക് കവലയിലെ ‘ഹോട്ടൽ ബദ്രിയ’ ഉടമയായിരുന്നു ഹാഷിം. രാത്രി പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. മാർ അത്തനേഷ്യസ് സ്‌കൂളിന് സമീപത്തുള്ള കുത്തനെയുള്ള വളവിലെ കുഴിയിലാണ് ഹാഷിം വീണത്. റോഡിന് അപ്പുറത്തെ വശത്തേക്ക് തെറിച്ചുവീണപ്പോൾ അജ്ഞാത വാഹനം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. പിന്നീട് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിമരുന്നുമായി പിടിയിലായ പാലക്കാട് സ്വദേശി, വനിതകള്‍ നിയന്ത്രിക്കുന്ന രാജ്യാന്തര ലഹരിമാഫിയ സംഘത്തിലെ കണ്ണി. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെ ഇന്ത്യയില്‍ നിയന്ത്രിക്കുന്നത് ഡല്‍ഹിയില്‍ താമസമാക്കിയ വനിതയെന്നും വിവരം. രണ്ട് വര്‍ഷത്തിനിടെ സംഘം ഇന്ത്യയിലേക്ക് കടത്തിയത് ഇരുനൂറ് കോടിയിലേറെ വില വരുന്ന ലഹരിമരുന്നുകള്‍.
സിയാലിന്‍റെ അത്യാധുനിക സ്കാനിങ് യന്ത്രം ഞായറാഴ്ച ചികഞ്ഞെടുത്തത് ലോകമാകെ പടര്‍ന്ന് കിടക്കുന്ന ലഹരിറാക്കറ്റിന്‍റെ വേരുകളാണ്. മാരക മയക്കുമരുന്നായ മെഥാക്വിനോള്‍ രാജ്യങ്ങള്‍ താണ്ടി ഇന്ത്യയിലേക്ക് കൈമറിഞ്ഞെത്തുന്നത് ഒരു മലയാളിയുടെ കയ്യിലൂടെ. അന്താരാഷ്ട്ര വിപണിയില്‍ 36 കോടി രൂപ വിലയുള്ള 18കിലോ മെഥാക്വിനോളുമായാണ് പാലക്കാട് സ്വദേശി മുരളീധരന്‍ ഉണ്ണി പിടിയിലായത്.
സിംബാംബ് വെയിലെ ഹരാരയില്‍ നിന്ന് ശേഖരിച്ച ലഹരിമരുന്ന് ഖത്തര്‍ വഴി കൊച്ചിയിലെത്തി ഇവിടെ നിന്ന് ഡല്‍ഹിയില്‍ എത്തിക്കാനായിരുന്നു പദ്ധതി. രണ്ട് ബാഗുകള്‍ക്കടിയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്. കാരിയറായ മുരളീധരനില്‍ നിന്ന് ലഹരിമരുന്ന് കൈപ്പറ്റാന്‍ ഡല്‍ഹിയില്‍ കാത്തു നിന്ന നൈജീരിയന്‍ വനിത യുകാമ ഇമ്മാനുവേല ഒമിഡിനെ ചടുലമായ നീക്കത്തിലൂടെ കസ്റ്റംസ് പിടികൂടി. ഇവരില്‍ നിന്നാണ് ലഹരിക്കടത്ത് സംഘത്തിലെ തലൈവിയെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.
ലണ്ടനിലുള്ള ജെന്നിഫര്‍ എന്ന വനിതയാണ് ഇടപാടുകളത്രയും നിയന്ത്രിക്കുന്നത്. ഇവരുടെ കീഴില്‍ ഓരോ രാജ്യത്തും തലവന്‍മാര്‍. ഡല്‍ഹിയില്‍ സോഫിയ എന്ന പേരുള്ള സ്ത്രീയാണ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് സൂചന. നൈജീരിയന്‍ വനിതയെ അയച്ചതും സോഫിയയാണെന്നാണ് വിവരം. മുരളീധരനും നൈജീരിയന്‍ വനിത യുകാമ ഇമ്മാനുവേല ഉള്‍പ്പെടെയുള്ളവര്‍ കാരിയര്‍മാരാണ്. മുരളീധരന്‍ മൂന്ന് തവണ എത്തിച്ച ലഹരിമരുന്നും കൈമാറിയത് പിടിയിലായ യുകാമയ്ക്കാണ്. അതിന് മുന്‍പ് രണ്ട് തവണ കൈപ്പറ്റിയത് മറ്റൊരു യുവതി. ഇത്തവണത്തെ ഇടപാടില്‍ രണ്ട് ലക്ഷം രൂപയായിരുന്നു മുരളീധരന്‍ ഉണ്ണിക്കുള്ള പ്രതിഫലം. ഈ പണം നൈജിരിയന്‍ യുവതിയുടെ പക്കല്‍ നിന്ന് കണ്ടെത്തി. വാട്സപ്പിലൂടെയായിരുന്നു ഇരുവരുടെയും ആശയവിനിമയം.
രോഗിയുടെ ബന്ധുവിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജനെ വിജിലൻസ് സംഘം പിടികൂടി. ഹെർണിയ ഓപ്പറേഷനായി എത്തിയ രോഗിയുടെ ബന്ധുവിൽ നിന്നും 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ മുണ്ടക്കയം സ്വദേശി ഡോ.സുജിത് കുമാർ പിടിയിലായത്. വിജിലൻസ് എസ്പി വി ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഇദ്ദേഹത്തിന്റെ വസതിയ്ക്കു സമീപത്തെ കൺസൾട്ടിംങ് മുറിയിൽ നിന്നും വിജിലൻസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യദിനത്തിലാണ് ഹെർണിയ ഓപ്പറേഷനെ സംബന്ധിച്ച് അറിയാനായി മുണ്ടക്കയം സ്വദേശി ഡോക്ടറുടെ വീട്ടിൽ എത്തിയത്. ഇവിടെ വച്ച് 2000 രൂപ ഡോക്ടർ കൈക്കൂലിയായി കൈപ്പറ്റി.
തുടർന്ന് 20 ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയ നടത്തി. ഇതിനു ശേഷം ഡോക്ടർ നിരന്തരം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് രോഗിയുടെ മകൻ വിജിലൻസ് എസ്പി വിജി വിനോദ്കുമാറിന് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം ഇദ്ദേഹത്തെ നിരീക്ഷിച്ചു വരികയായിരുന്നു.
തുടർന്ന് വിജിലൻസ് റേഞ്ച് ഡിവൈഎസ്പി പി വി മനോജ്കുമാറും സംഘവും ചേർന്നാണ് ഡോക്ടറെ പിടികൂടിയത്. മുൻപും ഡോക്ടർക്കെതിരെ വ്യാപകമായ പരാതി ഉയർന്നിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.