Crime

കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി ഫ്‌ലാറ്റില്‍ ഒളിപ്പിച്ച കേസിലെ പ്രതി അര്‍ഷാദിനെ തെളിവെടുപ്പിനായി കൊച്ചിയില്‍ എത്തിക്കുന്നത് വൈകും. മഞ്ചേശ്വരം ലഹരി മരുന്ന് കേസില്‍ അര്‍ഷാദിന്റെ കോടതി നടപടി പൂര്‍ത്തിയാകത്തതാണ് കാരണം. പ്രതിയെ കോടതിയില്‍ ഹാജരാക്കാത്തതിനാല്‍ കൊച്ചി പോലീസിന് പ്രൊഡക്ഷന്‍ വാറണ്ട് അപേക്ഷ ഇതുവരെ നല്‍കാന്‍ ആയിട്ടില്ല. കേസിലെ പ്രതി അര്‍ഷാദിനെ ഇന്നലെ മഞ്ചേശ്വരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.

അറസ്റ്റ് ചെയ്യുന്‌പോള്‍ ഇയാളില്‍ നിന്ന് അതിതീവ്ര ലഹരിമരുന്നായ എം ഡി എം എയും ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു. ലഹരിമരുന്ന് കൈവശം വച്ച കേസില്‍ അര്‍ഷാദിനെയും സുഹൃത്ത് അശ്വന്തിനെയും ഇന്ന് കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയേക്കും. തുടര്‍ന്ന് കോടതി അനുമതിയോടെയാകും കൊലക്കേസിലെ തുടരന്വേഷണത്തിന് അര്‍ഷാദിനെ കൊച്ചിയില്‍ എത്തിക്കുക. കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം കാസര്‍കോട് എത്തിയിട്ടുണ്ട്.

കേസിലെ പ്രതി അര്‍ഷാദിനെ ഇന്നലെ മഞ്ചേശ്വരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്യുന്‌പോള്‍ ഇയാളില്‍ നിന്ന് എം ഡി എം എയും ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു. തുടര്‍ന്ന് കോടതി അനുമതിയോടെയാകും കൊലക്കേസിലെ തുടരന്വേഷണത്തിന് അര്‍ഷാദിനെ കൊച്ചിയില്‍ എത്തിക്കുക. കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം കാസര്‍കോട് എത്തിയിട്ടുണ്ട്. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷമേ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് വ്യക്തമാകൂ എന്ന് കൊച്ചി പൊലീസ് അറിയിച്ചു

ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ഫ്‌ലാറ്റില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ സജീവ് കൃഷ്ണ (22) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്‍ഫോപാര്‍ക്കിനു സമീപം ഇടച്ചിറ വല്യാട്ട് അമ്പലത്തിനടുത്തെ ഒക്സോണിയ ഫ്‌ലാറ്റിലെ 16-ാം നിലയിലാണ് സംഭവം. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പയ്യോളി സ്വദേശി അര്‍ഷാദിനെ കാണാനില്ലെന്ന് പോലീസ് പറഞ്ഞു.

ഫ്‌ളാറ്റില്‍ സജീവും അര്‍ഷാദും അടക്കം അഞ്ചുപേരാണ് താമസിച്ചിരുന്നത്. മറ്റു മൂന്നുപേര്‍ ടൂര്‍ പോയി തിങ്കളാഴ്ചയാണ് തിരിച്ചുവന്നത്. ബെല്ലടിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് സജീവിനെ വിളിച്ചെങ്കിലും എടുത്തില്ല. അര്‍ഷാദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ കട്ട് ചെയ്ത ശേഷം സ്ഥലത്തില്ല എന്ന സന്ദേശമയയ്ക്കുകയായിരുന്നത്രെ. ഇതേത്തുടര്‍ന്ന് മൂവരും സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. പിന്നീട് അര്‍ഷാദിന്റെയും സജീവിന്റെയും ഫോണുകള്‍ സ്വിച്ച് ഓഫായി.

സംശയം തോന്നിയതോടെ ചൊവ്വാഴ്ച ഉച്ചയോടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മൂവരും ഫ്‌ലാറ്റിനകത്ത് പ്രവേശിച്ചു. മുറിയില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സജീവിന്റെ മൃതദേഹം കവറും ബെഡ്ഷീറ്റും ഉപയോഗിച്ച് പൊതിഞ്ഞ നിലയില്‍ കണ്ടത്. ബാല്‍ക്കണിയില്‍ ഫ്‌ലാറ്റിലെ പൈപ്പ് ഡക്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കഴുത്തിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. മുറിയിലെ രക്തക്കറ കഴുകിക്കളഞ്ഞ ലക്ഷണമുണ്ട്. ഒപ്പം താമസിച്ചിരുന്ന യുവാക്കളെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇന്‍ഫോപാര്‍ക്കിനു സമീപത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായിരുന്നു മരിച്ച സജീവ്. അമ്മ: ജിഷ. സഹോദരന്‍: രാജീവ്. അര്‍ഷാദിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

രാജസ്ഥാനിലെ അധ്യാപകന്റെ മർദനമേറ്റ് ദലിത് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എംഎൽഎ രാജിവച്ചു. അത്രു മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ പനചന്ദ് മേഘ്വാൾ ആണ് രാജിവച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കൈമാറി.

സ്‌കൂളിൽ ഉയർന്ന ജാതിക്കാർക്കു വേണ്ടി കുടിവെള്ളം സൂക്ഷിച്ച പാത്രത്തിൽ തൊട്ടെന്ന് ആരോപിച്ച് അധ്യാപകൻ ക്രൂരമായി മർദിച്ചാണ് ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥി ഇന്ദ്രകുമാർ മേഘ്വാൾ (9) മരിച്ചത്. അധ്യാപകൻ ചായിൽ സിങ്ങിനെ (40) കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദാരുണ സംഭവത്തിൽ താൻ അതീവ ദുഃഖിതനാണെന്ന് എംഎൽഎ രാജിക്ക് പിന്നാലെ പ്രതികരിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കു ശേഷവും ദലിതർ ആക്രമിക്കപ്പെടുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. മരിച്ച കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി പോരാടുമെന്നും അദ്ദേഹം അറിയിച്ചു.

‘സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കിപ്പുറം ദലിതരെ ചൂഷണത്തിന് ഇരയാകുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇന്നും ദലിത് സമൂഹത്തിന് അവരുടെ അടിസ്ഥാന അവകാശങ്ങൾക്കായി പോരാടേണ്ട സ്ഥിതിയാണ്. ജലോറിലെ നിരപരാധിയായ കുട്ടിയുടെ മരണത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. ഈ അടിച്ചമർത്തൽ തടയാൻ എനിക്ക് കഴിയുന്നില്ല,അതിനാൽ ഞാൻ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നു.’ -എംഎൽഎ പനചന്ദ് മുഖ്യമന്ത്രിക്ക് അയച്ച രാജിക്കത്തിൽ പറഞ്ഞു.

കഴിഞ്ഞ മാസം 20ന് അധ്യാപകൻ മർദ്ദിച്ചതിനെ തുടർന്ന് മുഖത്തും ചെവിയിലും മർദനമേറ്റു ബാലൻ അബോധാവസ്ഥയിലായിരുന്നു. ഉദയ്പുരിലെ ആശുപത്രിയിൽ ഒരാഴ്ച ചികിത്സയ്ക്കുശേഷം അഹമ്മദാബാദിലേക്കു കൊണ്ടുപോയെങ്കിലും അവിടെ ചികിത്സയിലിരിക്കെ ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.

കേശവദാസപുരത്ത് കൊലപ്പെട്ട വീട്ടമ്മ മനോരമയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടിട്ടില്ല. ആഭരണങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ കണ്ടെത്തി. വീടിന്റെ അടുക്കളയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു 8 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നത്. മനോരമയുടെ ബന്ധുകള്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്.

സ്വര്‍ണാഭരണം മോഷ്ടിച്ചിട്ടില്ലെന്ന് പ്രതി ആദം അലി ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. മനോരമ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ് വീട്ടില്‍ എത്തിയതെന്നും വീടിന്റെ പിന്‍വശത്ത് വെച്ച് കൊലപാതകം നടത്തിയതെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി.

ഇതേ തുടര്‍ന്നാണ് ബന്ധുകള്‍ വീട്ടില്‍ പരിശോധന നടത്തിയത്. ഗുളികയും സ്വര്‍ണവും ഒരു ബാഗില്‍ അടുക്കളയില്‍ മനോരമ സുരക്ഷിതമായി വച്ചിരുന്നതായി പോലീസ് അറിയിച്ചു.

ചെമ്പരത്തി ചെടിയില്‍ നിന്ന് പൂ പറിക്കുകയായിരുന്ന മനോരമായെ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ കുത്തിയ ശേഷം സാരി കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നും ആദം അലി പോലീസിനോട് പറഞ്ഞു. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചില്ലെന്നായിരുന്നു പ്രതി ആദം അലിയുടെ മൊഴി. ഇതിന് പിന്നാലെയാണ് ബന്ധുകള്‍ മനോരമയുടെ വീട്ടില്‍ പരിശോധന നടത്തിയത്.

മോഷണശ്രമത്തിന്റെ ഭാഗമായിട്ടാണ് അന്യസംസ്ഥാന തൊഴിലാളി ആദം അലി മനോരമയെ കൊലപ്പെടുത്തിയതെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാനാണ് ആദം അലി വീട്ടമ്മയെ ആക്രമിച്ചത്. എന്നാല്‍ ഈ സമയത്ത് സ്വര്‍ണാഭരണങ്ങള്‍ ധരിച്ചിരുന്നില്ലാത്തതിനാലാണ് ഇവ കവരാന്‍ ആദം അലിക്ക് സാധിക്കാതെ പോയതെന്നാണ് പോലീസ് വിലയിരുത്തുന്നത്.

നേരത്തെ വീട്ടില്‍ നിന്ന് 50,000 രൂപയും നഷ്ടപ്പെട്ടിരുന്നുവെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇത് പിന്നീട് വീട്ടില്‍ നിന്ന് തന്നെ കണ്ടെത്തി. മോഷണശ്രമത്തിനാണ് കൊലപാതകം പ്രതി നടത്തിയതെങ്കിലും ഉദ്ദേശലക്ഷ്യം കൈവരിക്കാന്‍ സാധിച്ചില്ലെന്നാണ് പോലീസ് ഇപ്പോള്‍ വിശദീകരിക്കുന്നത്.

കൊച്ചിയിൽ യുവാവിനെ കൊന്ന് ഫ്ലാറ്റിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.  ഫ്ലാറ്റിലെ ഡക്റ്റിനുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. സംഭവത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഇൻഫോപാർക്കിന് സമീപത്തെ ഫ്ലാറ്റിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇൻഫോപാർക്ക് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്.  ഫ്ലാറ്റിലെ ഡക്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റ് മൂന്ന് പേർ കൂടെ ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നു.

കഴിഞ്ഞദിവസവും കൊച്ചിയിൽ കൊലപാതകം അരങ്ങേറിയിരുന്നു. സൗത്ത് കളത്തിപ്പറമ്പ് റോഡിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കൊല്ലപ്പെട്ടത്. നെഞ്ചിൽ കുത്തേറ്റ ശ്യാം സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ട്രാൻസ്ജെൻഡറിനെ സമീപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറഞ്ഞത്. കൊല്ലപ്പെട്ട ശ്യാമിൻ്റെ സുഹൃത്ത അരുണിനും കുത്തേറ്റിരുന്നു.

തൃശൂര്‍ പുന്നയൂര്‍കുളത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത് പിതാവിന്റെ സുഹൃത്തുക്കൾ.  രണ്ടു മാസം മുൻപായിരുന്നു സംഭവം. കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിലാണ് കുട്ടി അധ്യാപകരോട് കാര്യങ്ങൾ വെളിപ്പെടുത്തിയത്.

സംഭവം അമ്മയോട് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇവർ പൊലീസിൽ പരാതിപ്പെടുകയോ മറ്റു നടപടികളുമായി മുന്നോട്ട് പോവുകയോ ചെയ്തിരുന്നില്ല. എന്നാല്‍ അച്ഛന്റെ സുഹൃത്തുക്കൾ ചേർന്ന് തന്നെ കൂട്ട ബലാത്സംഗം ചെയ്തെന്ന് കുട്ടി സ്കൂളില്‍ നടന്ന കൗൺസിലിങ്ങിൽ പറയുകയായിരുന്നു.

പിതാവിന്‌റെ സുഹൃത്തുക്കൾ കഞ്ചാവ് ഇടപാടുമായി ഇടയ്ക്കിടെ പെൺകുട്ടിയുടെ വീട്ടിൽ വരാറുണ്ടായിരന്നതായി പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഒരാളാണ് അറസ്റ്റിലായിട്ടുണ്ട്. രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്. പെൺകുട്ടിയെ ഇവർ നിരന്തരം ശല്യപ്പെടുത്തിയിരുന്നതും കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയപ്പോള്‍ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു എന്നാണ് വിവരം.

അതേസമയം സംഭവം മറച്ചുവെക്കാനുള്ള ശ്രമമാണ് വീട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പൊലീസ് പറയുന്നു. ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്‍സണ്‍ മാവുങ്കലും പൊലീസും തമ്മില്‍ ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍ ജെയ്‌സണ്‍. ഡിഐജിയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു. മോന്‍സന്റെ വീട്ടില്‍ തേങ്ങയും മീനും കൊണ്ടുവന്നത് ഡിഐജിയുടെ വാഹനത്തിലാണ്. മോന്‍സന്റെ സഹോദരിയുടെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്നാണ് ഇവ കൊണ്ടുവന്നത്. മദ്യക്കുപ്പി നല്‍കാനും ഈ വാഹനം ഉപയോഗിച്ചിരുന്നു. ഇത് സംബന്ധിച്ച തെളിവുകള്‍ ക്രൈബ്രാഞ്ചിന് നല്‍കിയെന്നും ജെയ്‌സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

അനിത പുല്ലയിലിന്റെ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയത് വാഹനത്തില്‍ സൈറണ്‍ മുഴക്കിയാണെന്നും ഡ്രൈവര്‍ വെളിപ്പെടുത്തി. ഐ ജി ലക്ഷ്മണയ്ക്ക് എതിരെയും വെളിപ്പെടുത്തലുണ്ട്. കോവിഡ് കാലത്ത് ഐജിയുടെ സീലും ഒപ്പും അടങ്ങിയ യാത്രാ പാസ് ഉപയോഗിച്ചിരുന്നു. മോന്‍സണിന്റെ കൂട്ടുകാര്‍ക്കായി ഐജി വ്യാപകമായി വാഹന പാസുകള്‍ നല്‍കി. മോന്‍സന്റെ കലൂരിലെ വീട്ടില്‍ നിന്ന് ഐ ജി യുടെ പേരില്‍ ആണ് പാസ് നല്‍കിയത്. ഇത് സംബന്ധിച്ച വാട്‌സ് ആപ്പ ചാറ്റും ഫോണ്‍ സംഭാഷണവും പുറത്തു വന്നു.

അതേസമയം മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കികൊണ്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നല്‍കിയത്.

ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതി. തെളിവുകള്‍ പലതും അട്ടിമറിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസില്‍ പ്രതികളാണെന്നും പരാതിയില്‍ പറയുന്നു. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണം എന്നാവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചക്കുശേഷം പരിഗണിക്കും. നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പങ്കില്ലെന്നും ചില ഉദ്യോഗസ്ഥര്‍ മോന്‍സനില്‍ നിന്ന് പണം വാങ്ങിയത് കടമായിട്ടാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

ബഹ്റൈനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 48 പേര്‍ അറസ്റ്റിലായി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ഇത്രയും പേര്‍ അറസ്റ്റിലായതെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

അറസ്റ്റിലായവരില്‍ ഒന്‍പത് പേര്‍ പുരുഷന്മാരും 39 പേര്‍ സ്‍ത്രീകളുമാണ്. അറസ്റ്റിലായ പുരുഷന്മാരെല്ലാം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും സ്‍ത്രീകളില്‍ വിവിധ രാജ്യക്കാരുണ്ടെന്നും മാത്രമാണ് അധികൃതര്‍ അറിയിച്ചത്. അറസ്റ്റിലായവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ബഹ്റൈനിലെ ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സിന് കീഴിലുള്ള പബ്ലിക് മൊറാലിറ്റി ഡയറക്ടറേറ്റാണ് നടപടി സ്വീകരിച്ചത്.

അറസ്റ്റിലായ ഒരു സംഘത്തിന്റെ പക്കല്‍ നിന്ന് വലിയ അളവില്‍ മദ്യ ശേഖരവും കണ്ടെടുത്തു. പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നുള്ള ഉത്തരവ് പ്രകാരം ഒരു കെട്ടിടം അടച്ചുപൂട്ടുകയും ചെയ്‍തതായി ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. അറസ്റ്റിലായവര്‍ക്കെതിരായ കേസുകള്‍ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ 11 കുറ്റവാളികളെയും വിട്ടയച്ചു. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പ്രതികളെയാണ് വിട്ടയച്ചത്. 11 കുറ്റവാളികളും ഗോദ്ര ജയിലില്‍ നിന്ന് പുറത്തിറങ്ങി. ശിക്ഷ ഇളവ് ചെയ്തുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. 2008ലാണ് കേസില്‍ 11 പേരും കുറ്റവാളികളെന്ന് മുംബൈ കോടതി വിധിച്ചത്.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചു. കൂട്ടബലാത്സംഗത്തിനും ബില്‍ക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവെച്ചു.

15 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പ്രതികളിലൊരാള്‍ ജയില്‍ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചതായി പാനലിന്റെ തലവനായ പഞ്ച്മഹല്‍സ് കളക്ടര്‍ സുജല്‍ മയ്ത്ര പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു കമ്മറ്റി രൂപീകരിക്കുകയും 11 പ്രതികളെയും വിട്ടയക്കാന്‍ ഏകകണ്ഠമായി തീരുമാനിക്കുകയുമായിരുന്നു. ഈ ശുപാര്‍ശ സര്‍ക്കാറിന് അയച്ചിരുന്നു. ഇന്നലെയാണ് മുഴുവനാളുകളെയും വിട്ടയക്കാനുള്ള ഉത്തരവ് ലഭിച്ചത്- മയ്ത്ര പറഞ്ഞു.

ഗുജറാത്ത് കലാപത്തിനിടെ 2002 മാര്‍ച്ച് മൂന്നിനായിരുന്നു ബില്‍ക്കീസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ അക്രമികള്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇവരുടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.

തുടര്‍ന്ന് ബില്‍ക്കീസ് ബാനു നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്ന് അവര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു.

തിരുവല്ലയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഓക്സിജന്‍ കിട്ടാതെ രോഗി മരണപ്പെട്ടതായി പരാതി. പടിഞ്ഞാറെ വെണ്‍പാല സ്വദേശി രാജനാണ് മരിച്ചത്. സംഭവത്തില്‍ രാജന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.

രാജന്റെ മരണത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും തിരുവല്ല താലൂക്ക് ആശുപത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉന്നയിച്ചിരിക്കുന്നത്. താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സിലായിരുന്നു രാജനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. രാജന് കടുത്ത ശ്വാസം മുട്ടലുണ്ടായിരുന്നതിനാല്‍ അത്യാഹിത വിഭാഗത്തില്‍ നിന്ന് ഓക്സിജന്‍ നല്‍കിയിരുന്നതായി മകന്‍ ഗിരീഷ് പറയുന്നു.

“മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ ആംബുലന്‍സ് ഡ്രൈവറും ആശുപത്രി ജീവനക്കാരനും ചേര്‍ന്ന് ഓക്സിജന്‍ സിലിണ്ടര്‍ മാറ്റി. എന്നാല്‍ ആംബുലന്‍സ് മൂന്ന് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഓക്സിജന്‍ തീര്‍ന്നു. അച്ഛന്‍ അവശനാകുന്നത് കണ്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു,” ഡ്രൈവര്‍ ഇതിന് തയാറായില്ല, ഗിരീഷ് കൂട്ടിച്ചേര്‍ത്തു.

“ഡ്രൈവര്‍ പറയുന്നത് കേള്‍ക്കാതെ നേരെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്നു. എന്റെ മടിയില്‍ കിടന്നാണ് അച്ഛന്‍ മരിച്ചത്,” ഗിരീഷ് പറഞ്ഞു. ആശുപത്രിയിലെത്തിയതും ഡ്രൈവര്‍ കടന്നു കളഞ്ഞെന്നും ഗിരീഷ് ആരോപിക്കുന്നു. രാജന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ താലൂക്ക് ആശുപത്രി അധികൃതരും ആംബുലന്‍സ് ഡ്രൈവറും തള്ളി.

രാജന്റെ ബന്ധുക്കളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെല്‍സണ്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. “ആശുപത്രിയിലെത്തിക്കുമ്പോള്‍ രാജന്റെ ഓക്സിജന്‍ ലെവല്‍ 38 ശതമാനമായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന രാജനെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് വണ്ടാനത്തേക്ക് റഫര്‍ ചെയ്തത്,” ബിജു പറഞ്ഞു.

“ബി ടൈപ്പ് ഫുൾ സിലിണ്ടർ ഓക്സിജൻ സൗകര്യം നൽകിയാണ് മെഡിക്കൽ കോളജിലേക്ക് അയച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി 20 മിനിറ്റിന് ശേഷമാണ് മരിച്ചത്,” ബിജു കൂട്ടിച്ചേര്‍ത്തു. ഓക്സിജന്‍ കിട്ടാതെയല്ല രോഗി മരിച്ചതെന്നും ആംബുലന്‍സിലെ ഓക്സിജന്‍ തീര്‍ന്നിട്ടില്ലെന്നും ഡ്രൈവര്‍ ബിജോയ് അവകാശപ്പെട്ടു.

Copyright © . All rights reserved