Education

ഇടുക്കി: തെറ്റ് ആരു ചെയ്താലും അവരെ ഒരു പാഠം പഠിപ്പിക്കാനൊരുങ്ങി ഇടുക്കിക്കാരൻ പയ്യൻ. അതിപ്പോൾ ആരായിരുന്നാലും ഇടുക്കിക്കാർക്ക് അത് ഒരു തടസമല്ല. ഇന്റർനെറ്റ് ലോകത്തെ ഭീമനായ ഗൂഗിലിനെയാണ് ഇടുക്കിക്കാരൻ പയ്യൻ പഠിപ്പിച്ചത് എന്നുമാത്രം. ഗൂഗിളിന്റെ പിഴവ് ചൂണ്ടികാട്ടി ഐടി ലോകത്തെ പുതിയ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ് നെടുങ്കണ്ടം തേര്‍ഡ്ക്യാമ്പ് സ്വദേശിയായ 16 വയസുകാരന്‍. ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യക്കാരനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ തേര്‍ഡ്ക്യാമ്പ് കിഴക്കേ മുറി ജൂബിറ്റ് ജോണ്‍. ഗൂഗിളിന്റെ പിഴവ് ചൂണ്ടി കാട്ടുന്നതിന് നല്‍കുന്ന അംഗീകാരമാണിത്. കേരളത്തില്‍ നിന്ന് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇതുവരെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ജിമെയില്‍ സംവിധാനത്തിലെ ഒരു പിഴവിലൂടെ ആരുടെ അക്കൗണ്ടും ഹാക്ക് ചെയ്യപെടാമെന്ന് ജൂബിറ്റ് ഗൂഗിളിനെ അറിയിക്കുകയായിരുന്നു.

ഇത്തരത്തില്‍ മെയില്‍ ഹാക്ക് ചെയ്താല്‍ ജിമെയിലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫേസ് ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് ഐഡികള്‍, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഹാക്കര്‍മാര്‍ക്ക് ചോര്‍ത്തികൊണ്ടു പോകുവാന്‍ സാധിക്കുമായിരുന്നു. ഗൂഗിള്‍ അവകാശപെടുന്ന ഗൂഗിള്‍ സംവിധാനത്തിന്റെ സ്വകാര്യത ഇല്ലായ്മ ചെയ്യുവാന്‍ കഴിയുമെന്ന ജുബിറ്റിന്റെ കണ്ടെത്തല്‍ ഗൂഗിള്‍ അംഗീകരിക്കുകയും ഇതു പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഗൂഗിളിന്റെ വര്‍ണബിലിറ്റി റിവാര്‍ഡ് പ്രോഗ്രാമിലൂടെയാണ് ജുബിറ്റ് തെറ്റ് ചൂണ്ടികാട്ടിയത്.

ഗൂഗിളിന്റെ സേര്‍ച്ച് എന്‍ജിന്‍, ജിമെയില്‍, വിവിധ ആപ്പുകള്‍ തുടങ്ങിയവയുടെ പിഴവുകള്‍ ചൂണ്ടി കാട്ടുന്നതിനായി നടത്തുന്ന പ്രോഗ്രാമാണിത്. ഒരു പിഴവ് വിശദാംശങ്ങള്‍ സഹിതം ചൂണ്ടികാട്ടിയാല്‍ ഗൂഗിളിന്റെ വിദഗ്ദ്ധ ടീം പരിശോധിക്കുകയും ചൂണ്ടികാട്ടിയ വിവരങ്ങള്‍ കൃത്യവും പ്രാധാന്യം അര്‍ഹിക്കുന്നതുമാണെങ്കില്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. നൂറോളം പേജുകളുള്ള പട്ടികയില്‍ 49ാം പേജിലാണ് ജുബിറ്റിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജിമെയിലുമായി ബന്ധപെട്ട ഒരു ബഗാണ് ജൂബിറ്റ് റിപ്പോര്‍ട്ട് ചെയ്തത്. പിഴവ് പരിഹരിക്കാനുള്ള നടപടികളിലാണ് ഗൂഗിള്‍. കണ്ടെത്തലിന് റിവാര്‍ഡ് നല്‍കുമെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. പിഴവ് കണ്ടെത്തുന്നവര്‍ക്ക് 10000 മുതല്‍ 33000 ഡോളര്‍ വരെയാണ് റിവാര്‍ഡ് നല്‍കുക. ഇന്റര്‍നെറ്റ് രംഗത്തെ പ്രമുഖരായ ഫേസ്ബുക്ക്, യാഹൂ, െമെക്രോസോഫ്റ്റ് എന്നിവയ്‌ക്കെല്ലാം ഇത്തരത്തില്‍ ബഗ് ബൗണ്ടി പ്രോഗ്രാമുകള്‍ ഉണ്ട്.

തൂക്കുപാലം വിജയമാതാ പബ്ലിക് സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് ജുബിറ്റ് ജിമെയിലുമായി ബന്ധപെട്ട വര്‍ണബിലിറ്റി നിര്‍മിക്കുകയും പരീക്ഷിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കട്ടപ്പന സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. തൂക്കുപാലത്ത് കിഴക്കേമുറി ഏജന്‍സീസ് എന്ന സ്ഥാപനം നടത്തുന്ന സിബിയുടേയും ജെസിയുടേയും മകനാണ്. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ജെറിന്‍ ഏക സഹോദരനാണ്.

ലണ്ടന്‍: കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി എഴുത്തുപരീക്ഷകള്‍ നിര്‍ത്തലാക്കുന്നു. പേപ്പറും പേനയുമുപയോഗിച്ച് എഴുതുന്ന പരീക്ഷകള്‍ നിര്‍ത്തലാക്കാന്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന കാരണവും വിചിത്രമാണ്. വിദ്യാര്‍ത്ഥികളുടെ കയ്യക്ഷരം വായിക്കാന്‍ ബുദ്ധിമുട്ടാണെന്നതിനാലാണേ്രത പരീക്ഷകള്‍ തന്നെ ഉപേക്ഷിക്കുന്നത്. ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളും കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കുട്ടികള്‍ കയ്യക്ഷരത്തില്‍ കാര്യമായി ശ്രദ്ധിക്കുന്നില്ല. ഉത്തരപേപ്പറുകള്‍ വായിച്ചു മനസിലാക്കാന്‍ അധ്യാപകര്‍ ഏറെ ബുദ്ധിമുട്ടുകയാണത്രേ. അതുകൊണ്ട് പരീക്ഷകള്‍ ഇനി കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.

800 വര്‍ഷത്തോളം നീണ്ട എഴുത്തുപരീക്ഷാ സമ്പ്രദായത്തിനാണ് യൂണിവേഴ്‌സിറ്റി ഇതോടെ അന്ത്യം കുറിക്കുന്നത്. വിദ്യാര്‍ത്ഥിികളുടെ കയ്യക്ഷരം മോശമാകുന്നതിനെക്കുറിച്ച് അധ്യാപകരെന്ന നിലയില്‍ വര്‍ഷങ്ങങ്ങളായി തങ്ങള്‍ ചിന്തിക്കുന്നുണ്ടായിരുന്നുവെന്ന് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപികയായ ഡോ.സാറ പേഴ്‌സോള്‍ പറഞ്ഞു. ഉത്തരങ്ങള്‍ എഴുതിയിരിക്കുന്നത് വായിക്കാന്‍ അധ്യാപകര്‍ക്ക് കഴിയാതെ വരുന്നത് അധ്യാപകര്‍ക്ക് മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്കും ദോഷം ചെയ്യും.

തങ്ങള്‍ എഴുതിയ ഉത്തരങ്ങള്‍ വായിച്ചു കേള്‍പ്പിക്കാന്‍ സമ്മര്‍ അവധികള്‍ക്കിടയില്‍ യൂണിവേഴ്‌സിറ്റിയിലേക്ക് വിളിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണ്. ഡിജിറ്റല്‍ വിദ്യാഭ്യാസ നടത്തിന്റെ ഭാഗമായി വിഷയത്തില്‍ ഒരു അവലോകനം നടത്തി വരികയാണെന്ന് സര്‍വകലാശാല അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതിന്റെ ഭാഗമായി ഹിസ്റ്ററി ആന്‍ഡ് ക്ലാസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരങ്ങള്‍ ടൈപ്പ് ചെയ്തുകൊണ്ടുളള ഒരു പരീക്ഷ നടത്തിയിരുന്നു.

ലണ്ടന്‍: യൂണിവേഴ്‌സിറ്റി പഠനം ആവശ്യമില്ലായിരുന്നുവെന്ന് നാലിലൊന്ന് ബിരുദധാരികള്‍ അഭിപ്രായപ്പെടുന്നതായി പഠനം. വിദ്യാഭ്യാസത്തിനായി കൂടുതല്‍ പണം മുടക്കേണ്ടതായി വന്നുവെന്നും പഠനത്തിനായി തെരഞ്ഞെടുത്ത കോഴ്‌സും സ്ഥാപനവും തെറ്റായിരുന്നുവെന്നും ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെടുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇതിലൂടെ പണവും സമയവും നഷ്ടമായെന്ന് ഇവര്‍ പറയുന്നു. 2000 ബിരുദധാരികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ തങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന ജോലി അപ്രന്റീസ്ഷിപ്പിലൂടെയോ ട്രെയിനിയായോ നേടാവുന്നതായിരുന്നുവെന്നും ഇവര്‍ പറഞ്ഞുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.

എന്നാല്‍ രക്ഷിതാക്കളില്‍ നിന്ന് അകന്ന് നിന്നതിലൂടെ തങ്ങള്‍ക്ക് ലഭിച്ച സ്വാതന്ത്ര്യം പഠനകാലത്ത് കൂടുതല്‍ ആസ്വദിക്കാന്‍ കഴിഞ്ഞുവെന്ന് ഇവരില് 93 ശതമാനം പേര്‍ പറഞ്ഞു. തങ്ങള്‍ നേടിയ ഡിഗ്രിക്കനുസരിച്ചുള്ള ജോലിയല്ല ചെയ്യുന്നതെന്ന് പകുതിയോളം പേര്‍ വ്യക്തമാക്കുകയും ചെയ്തു. ആവശ്യത്തിന് വരുമാനം ലഭിക്കാത്തതും വിദ്യാഭ്യാസത്തിന് അനുസൃതമല്ലാത്തതുമായ ജോലി ചെയ്യുന്നതിലൂടെ 18,000 പൗണ്ടിലേറെ കടത്തിലാണ് ബിരുദധാരികളെന്നും വ്യക്തമായിട്ടുണ്ട്.

ക്യൂബ് ലേണിംഗിലെ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ജോ ക്രോസ്ലി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ജോലികള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന ധാരണയില്‍ ഉയര്‍ന്ന ഗ്രേഡുകള്‍ നേടാനാണ് പഠനകാലത്ത് വിദ്യാര്‍ത്ഥികള്‍ ശ്രമിക്കുന്നത്. എന്നാല്‍ പിന്നീട് ജോലികള്‍ ലഭിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ളവയല്ല അതെന്ന് വ്യക്തമാകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ലണ്ടന്‍: എ ലെവല്‍ പരീക്ഷയ്ക്കു മുന്നോടിയായി നടത്തിയ ഇന്റേണല്‍ പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡുകള്‍ ലഭിക്കാതിരുന്ന വിദ്യാര്‍ത്ഥികളെ ഗ്രാമര്‍ സ്‌കൂള്‍ അധികൃതര്‍ അനധികൃതമായി പുറത്താക്കിയെന്ന് ആരോപണം. ബ്രോംലിയിലെ ഓര്‍പിംഗ്ടണിലുള്ള സെന്റ് ഒലേവ്‌സ് ഗ്രാമര്‍ സ്‌കൂള്‍ ആണ് 16 വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. എ ഗ്രേഡുകള്‍ നേടാത്തതിനാലാണ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ ഈ വിധത്തില്‍ ശിക്ഷിച്ചതെന്നാണ് വിവരം. തന്റെ കുട്ടിയെ മാലിന്യം തള്ളുന്നതുപോലെയാണ് ഒഴിവാക്കയതെന്നായിരുന്നു ഒരു രക്ഷിതാവ് പ്രതികരിച്ചത്.

മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മോക്ക് പരീക്ഷയില്‍ ബി ഗ്രേഡെങ്കിലും ലഭിച്ചില്ലെങ്കില്‍ എ ലെവല്‍ പരീക്ഷയില്‍ പങ്കെടുപ്പിക്കില്ലെന്നാണ് സ്‌കൂള്‍ അറിയിക്കുന്നത്. സ്‌കൂളില്‍ തുടരുന്ന കാര്യം സ്വയം തീരുമാനിക്കാമെന്നും അല്ലാത്തവര്‍ നിബന്ധന അംഗീകരിച്ച് ഒപ്പിട്ടു നല്‍കണമെന്നും നോട്ടീസ് പറയുന്നു. നടപടിക്കെതിരെ ചില രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ബ്രോംലിയിലെ ലോക്കല്‍ അതോറിറ്റിക്കാണ് സ്‌കൂളിന്റെ നടത്തിപ്പ് ചുമതല. സെപ്റ്റംബര്‍ 20ന് കോടതി കേസില്‍ വാദം കേള്‍ക്കും.

എക്‌സാം ഫാക്ടറിയായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിനെതിരെ രക്ഷിതാക്കള്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തേക്കാള്‍ പരീക്ഷാഫലത്തിനും ലീഗ് ടേബിളിലെ സ്ഥാനത്തിനും മാത്രമാണ് സ്‌കൂള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ എ ലെവല്‍ മറ്റു സ്‌കൂളുകളില്‍ പൂര്‍ത്തിയാക്കാനാകുമോ എന്ന ആശങ്കയിലാണ്.

ചൊവ്വയുടെ ഉത്തരധ്രുവത്തില്‍ “ഐസ്‌”കൂന കണ്ടെത്തി. ഇതു കാര്‍ബണ്‍ ഡയോക്‌സൈഡ്‌ തണുത്തുറഞ്ഞതാണെന്നു നാസ അറിയിച്ചു. ഇവയുടെ ഭംഗിക്കു പിന്നിലെ രഹസ്യവും നാസ കണ്ടെത്തി.
സൂര്യപ്രകാശം തട്ടുമ്പോള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ്‌ വാതകരൂപം പ്രാപിക്കുന്നതാണു കാരണം. ഐസിനടിയിലുള്ള പ്രതലമാണു നിറങ്ങള്‍ക്കു പിന്നില്‍.
കഴിഞ്ഞ മേയ്‌ 21 നു നാസയുടെ പേടകം മാര്‍സ്‌ റിക്കണൈസന്‍സ്‌ ഓര്‍ബിറ്ററിലെ ക്യാമറയാണു ചിത്രം പകര്‍ത്തിയത്‌.

ലണ്ടന്‍: പരീക്ഷാ സമ്പ്രദായത്തില്‍ വരുത്തിയ മാറ്റം മൂലം ജിസിഎസ്ഇയില്‍ മികച്ച സ്‌കോര്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കാര്യമായ കുറവ്. ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങളിലാണ് ഇത്തവണ മാറ്റങ്ങള്‍ വരുത്തിയിരുന്നത്. കുറഞ്ഞത് സി അല്ലെങ്കില്‍ 9 ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ടില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രേഡ് നേടിയവര്‍ 66.1 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം 66.5 ശതമാനമായിരുന്നു നിരക്ക്. എന്നാല്‍ പരീക്ഷയില്‍ പങ്കെടുക്കുന്ന മുതിര്‍വരും പ്രായം കുറഞ്ഞവരുമായ വിദ്യാര്‍ത്ഥികളുടെ പ്രകടനം ദേശീയതലത്തിലുള്ള ചിത്രത്തെ മാറ്റിമറിക്കുന്നതാണെന്ന വിശദീകരണമാണ് പരീക്ഷാ ബോര്‍ഡ് നല്‍കുന്നത്.

ഹിസ്റ്ററി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശം റിസല്‍ട്ടാണ് ഈ വര്‍ഷം ഉണ്ടായത്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇത്തവണ പരീക്ഷയില്‍ പങ്കെടുത്തതും വിജയശതമാനത്തില്‍ ഇടിവുണ്ടാകാന്‍ കാരണമായെന്ന വിശദീകരണവും അധികൃതര്‍ നല്‍കുന്നു. ഇംഗ്ലീഷ് ലാംഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, കണക്ക് എന്നീ വിഷയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡായ 9 നേടിയവര്‍ ഇംഗ്ലണ്ടില്‍ മാത്രം 51,000 വിദ്യാര്‍ത്ഥികളുണ്ട്. പരീക്ഷ എഴുതിയവരില്‍ 3.5 ശതമാനത്തിനു മാത്രമാണ് കണക്കില്‍ 9 ഗ്രേഡ് ലഭിച്ചത്.

3.2 ശതമാനത്തിന് ഇംഗ്ലീഷ് ലിറ്ററേച്ചറിലും 2.2 ശതമാനത്തിന് ഇംഗ്ലീഷ് ലാംഗ്വേജിലും ഉയര്‍ന്ന ഗ്രേഡ് ലഭിച്ചു. എല്ലാ വിഷയങ്ങള്‍ക്കും 9 ഗ്രേഡ് ലഭിച്ചത് 2000 വിദ്യാര്‍ത്ഥികള്‍ക്കാണ്. മുന്‍ രീതിയിലെ എ സ്റ്റാര്‍ ഗ്രേഡിനേക്കാള്‍ ഉയര്‍ന്നചതാണ് പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഗ്രേഡ് 9. പുതിയ സമ്പ്രദായം കുട്ടികള്‍ക്കു മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

ലണ്ടന്‍: ജിസിഎസ്ഇ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. പുതുക്കിയ ഗ്രേഡിംഗ് സമ്പ്രദായം നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ ഫലപ്രഖ്യാപനമാണ് ഇത്. ഇംഗ്ലീഷിലും കണക്കിലുമാണ് പുതിയ ഗ്രേഡിംഗ് ഈ വര്‍ഷം നടപ്പാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ വിഷയങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ വിജയശതമാനം ഇക്കുറി പ്രതീക്ഷിക്കരുതെന്ന് ഹെഡ്ടീച്ചര്‍മാര്‍ പറയുന്നു. 30 വര്‍ഷം മുമ്പ് ഒ ലെവല്‍ എടുത്തു കളഞ്ഞുകൊണ്ട് ജിസിഎസ്ഇ നിലവില്‍ വന്നതിനു ശേഷം പരീക്ഷാ രീതികളില്‍ വരുത്തുന്ന കാതലായ മാറ്റമാണ് ഇത്.

9 മുതല്‍ 1 വരെയുള്ള ഗ്രേഡുകളാണ് ഈ സമ്പ്രദായത്തില്‍ നല്‍കുന്നത്. 2020ഓടെ മറ്റു വിഷയങ്ങളിലും ഈ രീതി ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മുന്‍ വിദ്യാഭ്യാസ സെക്രട്ടറി മൈക്കിള്‍ ഗോവ് ആണ് ഈ സമ്പ്രദായം മുന്നോട്ടു വെച്ചത്. ഫൈനല്‍ പരീക്ഷയുടെ മാര്‍ക്കിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയാണ് ഇത്. ഫൈനല്‍ ഗ്രേഡുകളില്‍ കോഴ്‌സ് വര്‍ക്കിന് ഈ സമ്പ്രദായം കാര്യമായ പ്രാധാന്യം നല്‍കുന്നില്ല.

എന്നാല്‍ ഈ രീതിക്കെതിരെ കാര്യമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എ സ്റ്റാര്‍ മുതല്‍ ജി വരെ നല്‍കിയിരുന്ന ഗ്രേഡിംഗ് രീതിയില്‍ നിന്ന് പെട്ടെന്നുള്ള മാറ്റം ഉള്‍ക്കൊള്ളാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സാധിച്ചിരുന്നില്ല. ഇത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പറഞ്ഞ് മനസിലാക്കാന്‍ സ്‌കൂള്‍ ലീഡര്‍മാര്‍ ഏറെ ബുദ്ധിമുട്ടുകയും ചെയ്തിരുന്നു.

ലണ്ടന്‍: ഈ വര്‍ഷം മുതല്‍ നടപ്പാക്കിയ ജിസിഎസ്ഇ പരീക്ഷാരീതിയിലെ പരിഷ്‌കാരം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്‌സ് ആണ് ഈ മുന്നറിയിപ്പ് നല്‍കിയത്. പുതിയ സമ്പ്രദായത്തില്‍ കുട്ടികള്‍ക്ക് പരീക്ഷയ്ക്കായി എട്ട് മണിക്കൂര്‍ അധികം ഇരിക്കേണ്ടതായി വരുന്നുണ്ടെന്ന് സ്‌കൂള്‍ ലീഡര്‍മാര്‍ വിലയിരുത്തുന്നു. പുതിയ രീതിയില്‍ നടന്ന ജിസിഎസ്ഇ പരീക്ഷയുടെ ഫലം ഇന്ന് പുറത്തുവരും.

പരീക്ഷാ സമ്പ്രദായത്തിലെ പരിഷ്‌കരണം കുട്ടികളില്‍ കൂടുതല്‍ സമ്മര്‍ദ്ദവും ആകാംക്ഷയും സൃഷ്ടിക്കുന്നുണ്ടെന്നാണ് സ്‌കൂള്‍ ലീഡര്‍മാര്‍ അറിയിക്കുന്നത്. ഇത് വരുന്ന വര്‍ഷങ്ങളില്‍ വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് എഎസ്‌സിഎല്‍ ജനറല്‍ സെക്രട്ടറി ജെഫ് ബാര്‍ട്ടന്‍ പറഞ്ഞു. കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന മാനസിക പ്രശ്‌നങ്ങള്‍ ഒന്നുകൂടി കൂട്ടാനേ ഈ പരിഷ്‌കരണം ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പേപ്പറുകള്‍ എഴുതാനുള്ള പുതിയ ജിസിഎസ്ഇ കുട്ടികളുടെ മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്നും ബാര്‍ട്ടന്‍ വ്യക്തമാക്കി.

ഇപ്പോള്‍ കണക്ക് ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്ക് മാത്രമാണ് പുതിയ ഗ്രേഡിംഗ് നടപ്പാക്കിയിരിക്കുന്നതെങ്കിലും 2020ഓടെ ഇത് എല്ലാ വിഷയങ്ങളിലും ബാധകമാക്കും. വാര്‍ഷിക പരീക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഉയര്‍ന്ന ഗ്രേഡുകള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും ബ്രിട്ടീഷ് സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ ലോക നിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെയും ഭാഗമായാണ് ഈ പരിഷ്‌കരണം കൊണ്ടുവന്നതെന്നാണ് വിശദീകരണം.

ലണ്ടന്‍: ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഫസ്റ്റ്ക്ലാസ് ഡിഗ്രി കരസ്ഥമാക്കി പുറത്തിറങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന. വിദ്യാര്‍ത്ഥികളില്‍ നാലിലൊരാള്‍ വീതം ഉയര്‍ന്ന ഓണേഴ്‌സ് ബിരുദങ്ങള്‍ കരസ്ഥമാക്കുന്നുണ്ട്. രാജ്യത്തെ മൂന്നിലൊന്ന് സര്‍വകലാശാലകളിലും വിദ്യാര്‍ത്ഥികള്‍ ഉന്നത ഗ്രേഡുകള്‍ നേടുന്നുണ്ട്. 2010 മുതല്‍ ട്യൂഷന്‍ ഫീസ് 9250 പൗണ്ട് ആയി വര്‍ദ്ധിപ്പിച്ചിട്ടും ഇതാണ് അവസ്ഥയെന്നാണ് പ്രസ് അസോസിയേഷന്‍ നടത്തിയ വിശകലനത്തില്‍ വ്യക്തമാകുന്നത്. ഗ്രേഡ് ഇന്‍ഫ്‌ളേഷന്‍ സംബന്ധിച്ചുള്ള സംവാദത്തിനും ഈ വിശകലനം തുടക്കമിട്ടിട്ടുണ്ട്.

ഗ്രേഡ് നിര്‍ണ്ണയ രീതികളില്‍ പുനഃപരിശോധന വേണമെന്ന ആവശ്യവും ഇതേത്തുടര്‍ന്ന് ഉയരുന്നുണ്ട്. നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന രീതിയാണ് ബ്രിട്ടീഷ് സര്‍വകലാശാലകള്‍ മിക്കവയും ഇപ്പോളും പിന്തുടരുന്നത്. പ്രവേശനത്തില്‍ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുന്നതിനാല്‍ മികച്ച വിദ്യാര്‍ത്ഥികളെ മാത്രം ലഭിക്കുന്നതും പഠന വിഭാഗങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതുമായിരിക്കാം കാരണങ്ങളൊന്നും എന്നാല്‍ ചില കാര്യങ്ങളില്‍ ഈ വര്‍ദ്ധനവ് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഹയര്‍ എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിയൂട്ട് ഡയറക്ടര്‍ നിക്ക് ഹില്‍മാന്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റി ലീഗ് ടേബിളുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തുടങ്ങിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉദാരമായി ഗ്രേഡുകള്‍ നല്‍കാന്‍ തുടങ്ങിയതും ഇതിന് കാരണമായിരിക്കാമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ്‌റ്റേണല്‍ എക്‌സാമിനര്‍മാരെ പുറത്തുനിന്ന് കൊണ്ടുവരുന്ന രീതിയും കുറ്റമറ്റതല്ലെന്ന അഭിപ്രായവും അദ്ദേഹം രേഖപ്പെടുത്തി.

 

ലണ്ടന്‍: ഉത്തരങ്ങളിലെ ചിഹ്നങ്ങള്‍ തെറ്റിയാലും മാര്‍ക്ക് നല്‍കില്ലെന്ന സാറ്റ് പരീക്ഷയിലെ നിബന്ധനക്കെതിരെ പരാതികള്‍. കോമകളുടെയും സെമികോളനുകളുടെയും രൂപവും വളവും വലിപ്പവും തെറ്റിയതിന്റെ പേരില്‍ തങ്ങലുടെ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് കുറച്ചുവെന്ന് ഒരു വിഭാഗം പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ പരാതിപ്പെട്ടു. സെമി കോളനുകള്‍ക്ക് വലിപ്പം കൂടിയെന്നും കൃത്യമായ സ്ഥലത്ത് ആയിരുന്നില്ല അവ ഇട്ടിരുന്നതെന്നും ആരോപിച്ചാണ് ഇവര്‍ക്ക് മാര്‍ക്ക് കുറച്ചതെന്നാണ് പരാതി.

10, 11 വയസ് വിഭാഗത്തിലുള്ള കുട്ടികള്‍ക്കായി നടത്തിയ കീ സ്റ്റേജ് 2 സാറ്റ് പരീക്ഷയിലാണ് കുട്ടികള്‍ക്ക് മാര്‍ക്ക് നല്‍കാതിരുന്നതെന്ന് അധ്യാപകര്‍ ആരോപിക്കുന്നു. #SATsshamblse എന്ന പേരില്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയ ക്യാംപെയിനും ആരംഭിച്ചു കഴിഞ്ഞു. ഈ വിധത്തിലുള്ള പിഴവുകള്‍ കടന്നുകൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ‘Jenna a very gifted singer won the talent competition that was held in the local theatre.’ എന്ന വാചകത്തില്‍ കൃത്യമായ ചിഹ്നങ്ങള്‍ ഇടാനായിരുന്നു ചോദ്യം. a very gifted singer എന്ന ഭാഗത്ത് ഇന്‍വേര്‍ട്ടഡ് കോമകള്‍ ഇട്ടവര്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു.

അതുപോലെ സെമികോളന്‍ ഇടാനുള്ള ഒരു ചോദ്യത്തിനും കുട്ടികള്‍ക്ക് മാര്‍ക്ക് നഷ്ടമായിട്ടുണ്ട്. സെമികോളന്‍ കൃത്യമായി നല്‍കിയവര്‍ക്കും മാര്‍ക്ക് നഷ്ടമായെന്ന് ചില അധ്യാപകര്‍ അഭിപ്രായപ്പെടുന്നു. സാങ്കേതികതയുടെ പേരില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നിഷേധിക്കുന്നതിനെതിരെയാണ് പ്രധാന വിമര്‍ശനം.

RECENT POSTS
Copyright © . All rights reserved