ജില്ലയില്‍ നാല് പേര്‍ക്ക് ഇന്ന് സൂര്യാഘാതമേറ്റു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ യുഡിഎഫ് പ്രവര്‍ത്തകനും ശുചീകരണ തൊഴിലാളിയുമെല്ലാം സൂര്യാഘാതമേറ്റവരില്‍ ഉള്‍പ്പെടുന്നു.
കോട്ടയം നഗരത്തിലെ ശുചീകരണ തൊഴിലാളിയായ ശേഖരനും ഉദയനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ യു.ഡി.എഫ് പ്രവർത്തകൻ അരുണിനുമാണ് സൂര്യാഘാതത്താൽ പൊള്ളലേറ്റു. ഏറ്റുമാനൂരിൽ രണ്ട് പേർക്കാണ് സൂര്യഘാതത്തിൽ പൊള്ളലേറ്റത്.
പട്ടിത്താനം സ്വദേശി തങ്കച്ചൻ, കുറുമുള്ളൂർ സ്വദേശി സജി എന്നിവർക്കാണ് പൊള്ളലേറ്റത്.
അതിനിടെ പത്തനംതിട്ട കോഴഞ്ചേരിയിൽ കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണ് ഹോട്ടൽ തൊഴിലാളി മരിച്ചത് സൂര്യാഘാതത്തെ തുടർന്നാണെന്ന് തെളിഞ്ഞു. പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മാരമണിന് സമീപം ഒരു ഹോട്ടലിലെ ജീവനക്കാരനായ ഷാജഹാനാണ് കുഴഞ്ഞ് വീണ് മരിച്ചത്. ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തി.
ഇതോടെ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ പൊള്ളലേറ്റവരുടെ എണ്ണം 36 ആയെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. ജില്ലയിലെ എല്ലാ താലൂക്കുകളിലും സൂര്യാഘാതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 11 മുതൽ 3വരെയുള്ള സമയത്ത് വെയിൽ കൊള്ളുന്ന ജോലി ഒഴിവാക്കണമെന്ന നിർദേശം പാലിക്കപ്പെടുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ജില്ലയിൽ 39 ഡിഗ്രിവരെ പകൽ ചൂട് അനുഭവപ്പെടുന്നുണ്ട്. നദികളിലെ ജലനിരപ്പ് വലിയ തോതിൽ കുറഞ്ഞു.വേനൽ മഴ പരക്കെ ലഭിച്ചെങ്കിലും ചൂടിന് ശമനം ഉണ്ടായിട്ടില്ല.
വീടിന്‍റെ ടെറസിൽ ഉണക്കാൻ വച്ച നാളികേരം ശക്തമായ ചൂടിൽ കത്തിക്കരിഞ്ഞു. കരുമത്ര ആമലത്ത് കൃഷ്ണകുമാർ കഴിഞ്ഞ ദിവസം രാവിലെ ഉണക്കാന്‍ വച്ച നാളികേരമാണ് വൈകുന്നേരമായപ്പോഴേക്ക് കത്തിക്കരിഞ്ഞത്.
സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് ഇപ്പോഴും തുടരുന്നു. വയനാട്, ഇടുക്കി ഒഴികെയുളള 12 ജില്ലകളിലും മൂന്ന് ദിവസത്തേക്ക് കൂടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനില ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നിറിയിപ്പ്.
ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരുമെന്നും കാലാവസ്ഥാ വിദഗ്ദധര്‍ അറിയിച്ചു. മറ്റ് എട്ട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. എല്‍നീനോ പ്രതിഭാസത്തിന്‍റെ സ്വാധീനം തുടരുന്നതിനാല്‍ വേനല്‍മഴയ്ക്ക് സാധ്യത കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ 11 മണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.
ആരോഗ്യ വകുപ്പിന്‍റെ ജാഗ്രത നിര്‍ദേശങ്ങള്‍
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സൂര്യഘാതം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഒരിക്കല്‍ കൂടി ജാഗ്രത നിര്‍ദേശം പുറപ്പെടുവിക്കുന്നത്.
സൂര്യാഘാതവും ആരോഗ്യ പ്രശ്‌നങ്ങളും
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്‍റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേതുടര്‍ന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. ഇങ്ങനെയുണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
സൂര്യാഘാതം/താപശരീരശോഷണം ഉണ്ടാകുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍
സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാല്‍ വെയിലുളള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേയ്ക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ഫാന്‍, എ സി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കണം. ഫലങ്ങളും സലാഡുകളും കഴിക്കുക. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തണം. മുതിര്‍ന്ന പൗരന്മാര്‍ (65 വയസിനു മുകളില്‍), കുഞ്ഞുങ്ങള്‍ (4 വയസ്സിനു താഴെയുള്ളവര്‍), ഗുരുതരമായ രോഗം ഉളളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പ്രതിരോധ മാര്‍ഗങ്ങള്‍
വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചയ്ക്ക് 11 മണി മുതല്‍ മൂന്ന് മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. വെയിലത്ത് സഞ്ചരിക്കുമ്പോള്‍ കുടയോ മറ്റോ ചൂടുക. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്‍റെ വാതിലുകളും ജനലുകളും തുറന്നിടുക. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.
സൂര്യതാപം കൊണ്ടുള്ള മറ്റ് ചില പ്രശ്‌നങ്ങള്‍
കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യതാപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊളളലും ഉണ്ടാകുകയും ചെയ്യാം. ഇവര്‍ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂടു കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.
ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെളളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുളള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതുമാണ്. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്നതിനെയാണ് ഹീറ്റ് റാഷ് എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.
അപകട സാധ്യത കൂടിയവര്‍
പ്രായമായവര്‍, ശിശുക്കള്‍, കുട്ടികള്‍, പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം ഉള്ളവര്‍ എന്നിവര്‍ക്ക് ചെറിയ രീതിയില്‍ സൂര്യാഘാതമേറ്റാല്‍ പോലും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാം. വെയിലത്ത് പണി എടുക്കുന്നവര്‍, വെളളം കുറച്ച് കുടിക്കുന്നവര്‍, പോഷകാഹാര കുറവ് ഉളളവര്‍, തെരുവുകളിലും തുറസായ സ്ഥലങ്ങളിലും താത്ക്കാലിക പാര്‍പ്പിടങ്ങളിലും താമസിക്കുന്നവര്‍, കൂടുതല്‍ സമയവും പുറത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍, മദ്യപാനികള്‍ എന്നിവരും അപകട സാധ്യത കൂടിയവരില്‍ ഉള്‍പ്പെടുന്നു. സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്.
സൂര്യാഘാതം മൂലം കുഴഞ്ഞുവീണാല്‍ അവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കേണ്ടതാണ്.
കേരളത്തിലെ ചൂട് അതികഠിനമാകുന്നു. സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് മുകളില്‍ മാര്‍ച്ച് 21-ന് പ്രവേശിച്ചുകഴിഞ്ഞു. വിഷുവോടെ ഇത് കേരളത്തിന്റെ നേരെ മുകളിലെത്തും. അതിനാല്‍ വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അനുഭവപ്പെടുക വലിയ താപനിലയെന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണം. കേരളത്തിലെ പല ജില്ലകള്‍ക്കും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ താപനില ശരാശരിയില്‍ നിന്ന് 3 ഡിഗ്രിവരെ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടെ എല്‍നിനോ പ്രതിഭാസത്തിനുള്ള സാധ്യത 70 ശതമാനമായി ഉയര്‍ന്നതും കേരളത്തെ വരള്‍ച്ചയിലേക്കാണ് കൊണ്ടുപോകുന്നത്.
25, 26 തീയതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മൂന്നുമുതല്‍ നാലുവരെ ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ രണ്ടുമുതല്‍ മൂന്നുവരെ ഡിഗ്രി താപനില കൂടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പെത്തിയിട്ടുണ്ട്.
കാറ്റ് മുകളിലേക്കാണെങ്കില്‍ അന്തരീക്ഷം പൊതുവേ തണുക്കാറുണ്ട്. എന്നാല്‍ നിലവില്‍ കാറ്റ് താഴേക്കായത് ചൂടുവര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. മേഘങ്ങള്‍ പൊതുവേ സംസ്ഥാനത്ത് വളരെ കുറവാണ്. അതിനാല്‍ സൂര്യനില്‍നിന്നുള്ള പ്രകാശം പ്രതിഫലിപ്പിക്കുന്നില്ല. തെളിഞ്ഞ ആകാശത്തില്‍ സൂര്യനില്‍ പ്രകാശം നേരിട്ടടിക്കുന്നതിനാലാണ് വലിയ ചൂട് അനുഭവപ്പെടുന്നത്.
കേരളത്തിൽ പ്രായ പൂർത്തിയാവാത്ത അമ്മമാരുടെ എണ്ണത്തിൽ വർധനയെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ നിലവാരം ഉൾപ്പെടെ ഉയർന്ന് നിൽക്കുന്ന കേരളത്തിൽ 19 വയസ്സിന് താഴെയുള്ള 22,552 അമ്മമാര്‍ ഉണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്ത് വിട്ട സ്റ്റേറ്റ് ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് റിപ്പോർട്ട് 2019 ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2017 ലെ വിവരങ്ങൾ പ്രകാരമാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
ഇതുപ്രകാരം 2017ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത പ്രസവങ്ങളില്‍ 4.48 ശതമാനം 15 നും 19 നും ഇടയിലുള്ള പെണ്‍കുട്ടികളാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. നഗര പ്രദേശങ്ങളിൽ 16,639 പ്രസവങ്ങളും, ഗ്രാമങ്ങളിൽ 5,913 പ്രസവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഗ്രാമ പ്രദേശങ്ങളിലെ കണക്കുകള്‍ പ്രകാരം രണ്ടാം പ്രസവത്തിനെത്തിയ 137 പേര്‍ 19 വയസിൽ താഴെയുള്ളവരാണ്. ഇതിന് പുറമെ 48 പേർ മൂന്നാം പ്രസവത്തിനും, 37 പേർ നാലാമത്തെ പ്രസവത്തിനുമാണ് എത്തിയതെന്നും കണക്കുകളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ തയ്യാറാക്കി റിപ്പോർട്ട് പറയുന്നു.
നഗര പ്രദേങ്ങളിലും ഈ കണക്കുകളിൽ വലിയ മാറ്റമില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 16,639 പേരിൽ 298 പേരാണ് 19 വയസിനിടെ രണ്ടാം പ്രസവത്തിന് എത്തിയിട്ടുള്ളത്. 21 പേർ മുന്നാമത്തെ കുഞ്ഞിന് ജൻമം നൽകിയെന്നും റിപ്പോർട്ട് പറയുന്നു. റിപ്പോർട്ട് ചെയ്തിട്ടുള്ള 22,552 പേരിൽ 11 അമ്മമാർ 15 വയസിൽ താഴെയുള്ളവരാണെന്നുമാണ് വിവരം.
അതേസമയം, മതപരമായ കണക്കുകൾ പ്രകാരം മുസ്ലീം വിഭാഗങ്ങളിലാണ് 15-19നും പ്രായത്തിനിടയിലുള്ള അമ്മമാർ കുടുതലുള്ളതെന്നും പറയുന്നു. 17,082 പേരാണ് ഈ പ്രായ പരിധിയിൽ പെടുന്നവരുള്ളത്. ഹിന്ദു വിഭാഗത്തിൽ ഇത് 4734 എണ്ണവും ക്രിസ്ത്യൻ വിഭാഗത്തിൽ 702 ഉം പേർ ഉൾപ്പെടുന്നു.
ഇത്തരത്തിൽ ചെറിയ പ്രായത്തിൽ തന്നെ അമ്മമാരായവരിൽ 17,202 പേർ പത്താം ക്ലാസിനും ബിരുദത്തിനും ഇടയിൽ വിദ്യാഭ്യാസം നേടിയവരാണ്. എന്നാൽ 86 പേർ നിരക്ഷരരും, 91 പേർ പ്രാഥമിക വിദ്യാഭ്യാസത്തിൽ ചുവടെയുള്ളവരുമാണെന്നും വ്യക്തമാക്കുമ്പോൾ 3,420 പേർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താൻ തയ്യാറായില്ലെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
ലണ്ടന്‍: ‘റൗണ്ട്എബൗട്ട്’ ചലഞ്ച് വലിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. കുട്ടികള്‍ക്കിടയില്‍ മാത്രമല്ല കൗമാര പ്രായക്കാര്‍ക്കിടയിലും ‘റൗണ്ട്എബൗട്ട്’ ചലഞ്ച് ഇന്ന് വലിയ പ്രചാരം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം ലഭിക്കുന്ന ചലഞ്ചിന് എന്നാല്‍ മറ്റൊരു വശം കൂടിയുണ്ടെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കുട്ടികള്‍ ഇത്തരം അപകടകരമായ ചലഞ്ചുകള്‍ ഏറ്റെടുക്കുന്നത് മാതാപിതാക്കള്‍ ഇടപെട്ട് തടയണമെന്നും ഇവയുണ്ടാക്കുന്ന ഗുരുതര പ്രശ്‌നങ്ങളെപ്പറ്റി അവരെ ബോധവല്‍ക്കരിക്കണമെന്നും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചലഞ്ചിന് ശേഷം കുട്ടികള്‍ക്ക് ചിലപ്പോള്‍ സ്‌ട്രോക്ക് വരാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കളിസ്ഥലത്തെ കുട്ടികള്‍ കളിക്കാന്‍ (കറങ്ങിത്തിരിയുന്ന മനുഷ്യ നിയന്ത്രിത ചെറുയന്ത്രം) ഉപയോഗിക്കുന്ന റൗണ്ട്എബൗട്ടുകള്‍ വെച്ചാണ് ചലഞ്ച്. ഏറ്റവും വേഗത്തില്‍ ഇതിലിരുന്ന കറങ്ങുകയെന്നതാണ് ചലഞ്ച്. കേട്ടാല്‍ തമാശയായും രസകരമായി തോന്നുമെങ്കിലും ചലഞ്ചില്‍ പങ്കെടുത്തവര്‍ പുറത്തുവിടുന്ന ദൃശ്യങ്ങള്‍ കണ്ടാല്‍ വിഷയത്തിന്റെ ഗൗരവം മനസിലാവും. ഇത്തരം അപകടകരമായ ചലഞ്ചുകള്‍ പല രാജ്യത്തും നിരോധിച്ചിട്ടുണ്ട്. യൂ ടൂബ്, ഫെയിസ്ബുക്ക്, സ്‌നാപ് ചാറ്റ് തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഇവ പ്രചരിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. റൗണ്ട്എബൗട്ട് വേഗതയില്‍ കറക്കുന്നത് എല്ലാ സമയങ്ങളിലും മനുഷ്യരല്ല. വേഗത കൂടാന്‍ വേണ്ടി ചിലര്‍ ബൈക്കുകല്‍ വരെ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
റൗണ്ട്എബൗട്ടില്‍ കറങ്ങുന്നത് തലച്ചോറിലേക്ക് അമിത വേഗത്തില്‍ രക്തമെത്തുകയും ഇത് സ്‌ട്രോക്കിലേക്ക് വഴിതെളിയുകയും ചെയ്യുമെന്ന് വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. സാധാരണഗതിയില്‍ ഒരു മനുഷ്യന്‍ കറങ്ങാന്‍ സാധ്യതയുള്ള വേഗതയിലല്ല ചലഞ്ച് ചെയ്യുന്നവര്‍ കറങ്ങാന്‍ ശ്രമിക്കുന്നത്. തലയ്ക്ക് മാരകമായ പരിക്കേല്‍ക്കുക കൂടാതെ, നേത്രപടലത്തിന് കേടുപാട് സംഭവിക്കാനും ഈ ചലഞ്ച് കാരണമാകും. ചലഞ്ച് ചെയ്തയാള്‍ക്ക് ഭാവിയില്‍ കടുത്ത തലവേദന അനുഭവപ്പെടാനും അത് പിന്നീട് മറ്റേതെങ്കിലും രോഗമായി മാറാനും സാധ്യതയുണ്ട്. രാജ്യത്തുടനീളം ചലഞ്ച് ഏറ്റെടുത്ത് പരിക്കേറ്റ കുട്ടികളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ലിങ്കണ്‍ഷെയര്‍ സ്വദേശിയായ ഒരു ആണ്‍കുട്ടിക്ക് ചലഞ്ചിനിടെ ഗുരുതരമായി പരിക്കേറ്റിരുന്നു. അതീവ ജാഗ്രത പുലര്‍ത്തിയാല്‍ മാത്രമെ കുട്ടികളെ ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷിക്കാനാവൂ.
ലണ്ടന്‍: തൊഴിലെടുക്കുന്ന അമ്മമാരുടെ കുട്ടികള്‍ക്ക് താരതമ്യേന ശരീരം ഭാരം കൂടി വരുന്നതായി ഗവേഷണം. യു.കെയില്‍ സമീപകാലത്ത് പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് പുതിയ ഗവേഷണഫലവും പുറത്തുവന്നിരിക്കുന്നത്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജാണ് ഗവേഷണം നടത്തിയിരിക്കുന്നത്. ജോലിയെടുക്കുന്ന മാതാപിതാക്കള്‍ മക്കളുടെ ആരോഗ്യ പരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഗവേഷണ റിപ്പോര്‍ട്ട്. തൊഴിലെടുക്കുന്ന അമ്മമാരുള്ള കുട്ടികളുടെ ശരീരഭാരം താരതമ്യേന കൂടുതലാണെന്നും ഇവരുടെ ഡയറ്റ് വളരെയധികം അശ്രദ്ധയോടെ ക്രമീകരിക്കപ്പെട്ടതാണെന്നും പഠനത്തില്‍ വ്യക്തമായതായി പ്രൊഫസര്‍ എംല ഫിറ്റ്‌സിമന്‍സ് ചൂണ്ടിക്കാണിച്ചു.
തൊഴിലെടുക്കുന്ന ‘സിംഗിള്‍ മദറുള്ള’ (Single Mother) കുടുംബങ്ങളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായും കണ്ടുവരുന്നതെന്ന് ഗവേഷകര്‍ പറയുന്നു. അതേസമയം അച്ഛനും അമ്മയും കൂടെയുള്ള കുട്ടികളിലും അമിതഭാരമുണ്ടാക്കുന്ന തരത്തിലുള്ള ഡയറ്റുകള്‍ കണ്ടുവരുന്നുണ്ട്. ഇത്തരം കുട്ടികള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും താരതമ്യേന കുറഞ്ഞ നിരക്കില്‍ മാത്രമാണെന്ന് പഠനം വ്യക്തമാക്കുന്നു. തൊഴിലെടുക്കുന്ന അമ്മമാരുടെ കൂടെ ജിവിക്കുന്ന കുട്ടികളില്‍ 29ശതമാനം പേര്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരോ അല്ലെങ്കില്‍ കഴിക്കുന്നവരോ അല്ലെന്ന് പഠനം വ്യക്തമാക്കുന്നു. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ഇത് സ്‌കൂളിലെ കുട്ടികളുടെ പ്രകടനത്തെ വരെ ബാധിക്കാന്‍ സാധ്യതയുള്ളതായിട്ടാണ് വിദഗ്ദ്ധരുടെ നിഗമനം.
പാര്‍ട് ടൈം, ഫുള്‍ ടൈം ജോലികള്‍ ചെയ്യുന്ന അമ്മമാരുടെ കുട്ടികള്‍ക്ക് ഈ പ്രശ്‌നങ്ങള്‍ ഏതാണ്ട് സമാന അളവിലാണ്. കൃത്യമായ കണക്കുകള്‍ നോക്കിയാല്‍ ഫുള്‍ടൈം തൊഴിലെടുക്കുന്ന അമ്മമാരുടെ കുട്ടികള്‍ക്കാണ് കൂടുതലായി ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടുവരുന്നത്. യു.കെയില്‍ സമീപകാലത്ത് പൊണ്ണത്തടിയന്മാരായ കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായത് ആശങ്കയുണ്ടാക്കുന്ന സംഭവവികാസമാണ്. തൊഴിലെടുക്കുന്ന അമ്മമാരുടെ മക്കളില്‍ ഏതാണ്ട് 19 ശതമാനം പേരും 3 മണിക്കൂറില്‍ കൂടുതല്‍ സമയം ടെലിവിഷന് മുന്നില്‍ ചെലവഴിക്കുന്നവരാണ്. കുട്ടികള്‍ക്ക് അനുവദിനീയമായതിലും കൂടുതല്‍ ഷുഗര്‍ ഇവര്‍ കഴിക്കുന്നതായും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.
ടോക്കിയോ: ലോകത്തെ ഏറ്റവും പ്രായമുളള വനിതയെന്ന ഗിന്നസ് റെക്കോര്‍ഡ് 116കാരിയായ ജാപ്പനീസ് വൃദ്ധയ്ക്ക്. 1903 ജനുവരി 2നാണ് കൈന്‍ ടനാക്ക ജപ്പാനില്‍ ജനിച്ചത്. അന്ന് തന്നെയാണ് റൈറ്റ് സഹോദരന്മാര്‍ ആദ്യമായി വിമാനം പറത്തിയതും. ജപ്പാനിലെ ഫുക്കുവോക്കയില്‍ ടനാക്ക താമസിക്കുന്ന നഴ്സിങ് ഹോമില്‍ ആഘോഷങ്ങള്‍ നടന്നു.
മേയറായ സൊയിച്ചിറോ തകാഷിമ അടക്കമുളളവര്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തി. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം തോന്നിയ നിമിഷം ഏതാണെന്ന ചോദ്യത്തിന് ‘ഇപ്പോള്‍’ എന്നായിരുന്നു കൈന്‍ മറുപടി പറഞ്ഞത്. 1922ല്‍ വിവാഹിതയായ കൈന്‍ നാല് മക്കള്‍ക്കാണ് ജന്മം നല്‍കിയത്. ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തിരുന്നു. എന്നും രാവിലെ 6 മണിക്ക് ഉണരുന്ന കൈനിന് കണക്ക് പഠിക്കാനാണ് ഏറെ ഇഷ്ടം.
കനെ തനാക്കയ്ക്ക് മുമ്പ് ലോകത്തിലെ ഏറ്റവും പ്രായമുള്ള വനിത എന്ന ഖ്യാതി സ്വന്തമാക്കിയത് ചിയോ മിയാക്കോ എന്ന സ്ത്രീയാണ്.117 വയസ്സായിരുന്ന ഈ മുത്തശ്ശി 2003 ജൂണിലാണ് മരിക്കുന്നത്.
ആഗോള പകര്‍ച്ചവ്യാധിയായ എയ്ഡ്‌സ് ഉണ്ടായതിന് ശേഷം ലോകത്ത് രണ്ടാം തവണ ഒരു എച്ച്‌ഐവി ബാധിച്ചയാളെ സുഖപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുന്നു.
ആദ്യമായി രോഗശാന്തി പ്രാപിച്ച രോഗിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന് പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടുമൊരു ശുഭ വാര്‍ത്ത. ഗവേഷകരുടെ ഏറെ നാളത്തെ ശ്രമങ്ങളുടെ ഫലമായാണിത് സാധ്യമായിരിക്കുന്നത്. എച്ച്‌ഐവി അണുബാധയ്ക്ക് പരിഹാരം കണ്ടെത്താന്‍ സാധ്യമാണെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. നേച്വര്‍ എന്നജേര്‍ണലില്‍ ഉടന്‍ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും.
മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെയാണ് ചിക്തിസ നടത്തിയത്. രണ്ടു കേസുകളിലും ഒരേതരത്തിലാണ് ചികിത്സ നടന്നത്.
കോശങ്ങള്‍ മാറ്റിവച്ചപ്പോള്‍ ഇവ എച്ച്‌ഐവി വൈറസുകളെ പ്രതിരോധിക്കുന്നതായി തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ ഏറെ സമയം വേണ്ടി വരുന്ന ചികിത്സയാണിത്. അതിനാലാണ് ആദ്യ രോഗിയില്‍ നിന്നും രണ്ടാമത്തെ രോഗിയിലേക്ക് പന്ത്രണ്ട് വര്‍ഷത്തിന്റെ സമയം വേണ്ടി വന്നത്.
ഇരുവര്‍ക്കും ക്യാന്‍സറും എയ്ഡ്‌സും ഉണ്ടായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചു വരാനാകില്ലെന്ന് വിചാരിച്ചിരുന്നതാണ്, ഇത് വിശ്വസിക്കാൻ പോലുമാകുന്നില്ല എന്നാണ് രോഗം ഭേദമായ ആൾ പറയുന്നത്.
തിമോത്തി റേ ബ്രൗണ്‍
മജ്ജമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ എച്ച്ഐവി ബാധയില്‍ നിന്ന് മുക്തനാകുന്നത്. ലണ്ടനില്‍ ഡോക്ടർ രവിന്ദ്ര ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ചികിത്സിച്ചത്. ഇപ്പോള്‍ എച്ച്ഐവി വൈറസുകള്‍ പൂര്‍ണ്ണമായും ഇയാളില്‍ നിന്ന് അകന്നുവെന്നാണ് ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കിയിരിക്കുന്നത്.
സമാനമായ രീതിയില്‍ 2007ലാണ് ആദ്യമായി രോഗമുക്തി കൈവരിക്കുന്നത്. ബെര്‍ലിന്‍ സ്വദേശിയായ തിമോത്തി റേ ബ്രൗണ്‍ എന്ന ആള്‍ക്കാണ് മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയയിലൂടെ എയ്ഡ്സ് രോഗം പൂര്‍ണ്ണമായും ഭേദപ്പെട്ടത്. എയ്ഡ്‌സിനൊപ്പം അദ്ദേഹത്തിന് രക്താര്‍ബുദവും ഉണ്ടായിരുന്നു. അദ്ദേഹം ഇപ്പോഴും ആരോഗ്യത്തോടെ ജീവിച്ചിരിപ്പുണ്ട്.
നിവിൽ മുന്നിലുള്ള രണ്ട് ഉദാഹരണങ്ങളും കൂടുതൽ സാധ്യതകളിലേക്ക് വെളിച്ചം വീശുന്നതാണെന്നും എയ്ഡ്‌സ് പൂർണ്ണമായി ചികിൽസിച്ച് മാറ്റാം എന്നത് വെറുമൊരു സ്വപ്നം മാത്രമല്ലെന്ന് ആളുകളെ ബോധ്യപ്പെടുത്താനായെന്നും നെതർലാൻഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ ഡോക്ടർ ആന്മരിയ വെൻസിങ് പറയുന്നു
തുടർ പഠനങ്ങൾ നടത്തി എച്ച്ഐവി വൈറസുകളെ പ്രതിരോധിക്കുന്ന കോശങ്ങൾ ഫലപ്രദമായി എങ്ങനെ എയ്ഡ്‌സ് രോഗികളുടെ ശരീരത്തിൽ പ്രവേശിപ്പിക്കും എന്ന് കണ്ടെത്തുകയാണ് വൈദ്യശാസ്ത്ര ലോകത്തിനു മുന്നിലുള്ള പുതിയ വെല്ലുവിളി.
അമിത രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് സ്മൃതിനാശം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം. അള്‍ഷൈമേഴ്‌സ് സാധ്യത അഞ്ച് മടങ്ങ് കുറയ്ക്കാന്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിലൂടെ സാധിക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്. 9000 പേരില്‍ നടത്തിയ പഠനത്തിലാണ് വളരെ സുപ്രധാനമായ ഈ കണ്ടെത്തല്‍ ശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നത്. ഡിമെന്‍ഷ്യയിലേക്ക് നയിക്കുന്ന മൈല്‍ഡ് കോഗ്നിറ്റീവ് ഇംപെയര്‍മെന്റ് (എംസിഐ) സാധ്യത ഇല്ലാതാക്കാനുള്ള ഇടപെടല്‍ നടത്താനാവുമെന്ന് ഇതാദ്യമായാണ് കണ്ടെത്തുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം 140 എന്നത് 120 ആയി കുറച്ചവരില്‍ എംസിഐ സാധ്യത 19 ശതമാനം കുറവായെന്ന് പഠനത്തില്‍ നിരീക്ഷിക്കപ്പെട്ടു.
ഇവരുടെ മസ്തിഷ്‌കത്തിന്റെ സ്‌കാന്‍ പരിശോധനകളില്‍ തകരാറുകളുടെ ലക്ഷണം കുറവായിരുന്നുവെന്നും വ്യക്തമായി. ഹൈപ്പര്‍ ടെന്‍ഷന്‍, അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ നിരക്ക് 140 എംഎംജിഎച്ചില്‍ നിന്ന് 130 എംഎംജിഎച്ചായി അമേരിക്കന്‍ അധികൃതര്‍ കഴിഞ്ഞ വര്‍ഷം കുറച്ചിരുന്നു. അമിത രക്തസമ്മര്‍ദ്ദത്തിന് കൂടുതലാളുകള്‍ ചികിത്സ തേടുന്നതിനു വേണ്ടിയാണ് നിരക്കില്‍ കുറവു വരുത്തിയത്. അടുത്ത വര്‍ഷം യുകെയിലും ഇതേ മാനദണ്ഡം നടപ്പിലാക്കുമോ എന്ന കാര്യം ഇംഗ്ലണ്ടിന്റെ ഹെല്‍ത്ത് വാച്ച്‌ഡോഗായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ കെയര്‍ എക്‌സലന്‍സ് പ്രഖ്യാപിക്കും.
മാറ്റം വരുത്തുകയാണെങ്കില്‍ പ്രായപൂര്‍ത്തിയായവരില്‍ പകുതിയോളം പേര്‍ ചികിത്സ തേടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 50 വയസിനു മേല്‍ പ്രായമുള്ള പകുതിയോളം പേര്‍ക്കും 65 വയസിനു മേല്‍ പ്രായമുള്ള 75 ശതമാനം പേര്‍ക്കും 80 വയസിനു മുകളിലുള്ള ആറില്‍ ഒരാള്‍ക്ക് വീതവും അമിത രക്തസമ്മര്‍ദ്ദം അല്‍ഷൈമേഴ്‌സിന് കാരണമാകുമെന്നാണ് നിഗമനം.
ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും കുട്ടികളെ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ നിന്ന് മാറ്റണമെന്ന് നിര്‍ദേശം. രക്ഷിതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളിലാണ് ഈ പരാമര്‍ശമുള്ളത്. ഡെയിലി സ്‌ക്രീന്‍ ടൈമില്‍ സുരക്ഷിതമായ പരിധി എന്നൊന്ന് ഇല്ലെന്ന് റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പറയുന്നു. പ്രായത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് നിയന്ത്രണങ്ങള്‍ സ്‌നേഹപൂര്‍വം ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്യാന്‍ കഴിയുന്നത്. ഉറക്കം, വ്യായാമം, പരസ്പരമുള്ള ഇടപഴകല്‍ തുടങ്ങിയവ ഇല്ലാതാക്കുന്ന വിധത്തില്‍ സ്മാര്‍ട്ട്‌ഫോണുകളും വീഡിയോ ഗെയിമുകളും ഇടപെടാന്‍ തുടങ്ങിയാല്‍ അതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്നും നിര്‍ദേശം പറയുന്നു.
ടാബ്ലെറ്റുകളിലും ഫോണുകളിലും കുട്ടികള്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്നും വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നു. സ്‌ക്രീന്‍ ടൈം ആരോഗ്യത്തെ ബാധിക്കുന്നതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്ന് അവകാശപ്പെടുന്ന പഠനം ബിഎംജെ ഓപ്പണില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനൊപ്പമാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറത്തു വന്നിരിക്കുന്നത്. വിഷാദരോഗ ലക്ഷണങ്ങളും കൂടിയ സ്‌ക്രീന്‍ ടൈമും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഫോണില്‍ സമയം ചെലവഴിക്കുന്നതിലൂടെ ഉറക്കം നഷ്ടമാകുന്നതു തന്നെയാണ് സ്‌ക്രീന്‍ ടൈമം ആരോഗ്യത്തെ ബാധിക്കുന്നു എന്ന വാദത്തില്‍ ആദ്യ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.
സ്‌ക്രീനുകളിലെ നീല പ്രകാശം ഉറക്കം ഇല്ലാതാക്കുന്നുവെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മെലാറ്റോനിന്‍ എന്ന ഹോര്‍മോണ്‍ ഉറക്കവുമായി അടുത്ത ബന്ധമുള്ളതാണ്. സ്‌ക്രീനുകള്‍ ഈ ഹോര്‍മോണ്‍ പുറത്തുവരുന്നതിനെ തടയുന്നു. അമിത ശരീരഭാരവും സ്‌ക്രീന്‍ ടൈമും തമ്മില്‍ ബന്ധമുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. സ്‌ക്രീനുകളില്‍ ചെലവഴിക്കുന്ന സമയം കുട്ടികള്‍ സ്‌നാക്‌സ് കൂടുതല്‍ കഴിക്കുന്നുണ്ടെന്നും വിലയിരുത്തലുണ്ട്.
രാജ്യത്ത് നിപ വൈറസ് ഭീഷണിയുണ്ടെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളില്‍ 19 ശതമാനത്തിലും നിപ വൈറസ് സാന്നിധ്യം ഉണ്ടെന്ന് ആരോഗ്യ ഗവേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
ഇന്ത്യയിലെയും ബംഗ്ലാദേശിലെയും നിപ വൈറസ് ബാധയ്ക്ക് സാധ്യതയുളള മേഖലകളില്‍ 25 ദശലക്ഷം പേര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലെയും വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യം വീണ്ടും വലിയ തോതില്‍ പടരാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
ഈ മേഖലയിലുളളവര്‍ പക്ഷികള്‍ കഴിച്ച് ബാക്കിവെച്ച പഴങ്ങള്‍ കഴിക്കരുതെന്നും ജാഗ്രതാ നിര്‍ദേശം നല്കുന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഫൊര്‍ മെഡിക്കല്‍ റിസെര്‍ച്ചും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പുതിയ മുന്നറിയിപ്പുളളത്.
ഈ വര്‍ഷം മെയ്-ജൂണ്‍ മാസങ്ങളില്‍ കേരളത്തിലുണ്ടായ നിപ വൈറസ് ബാധയില്‍ 17 പേരാണ് മരിച്ചത്.