യുവതിയെ കൊന്ന് മൃതദേഹം വെട്ടി നുറുക്കി നഗരത്തിൽ വിവിധയിടങ്ങളിൽ ഉപേക്ഷിച്ചു. മംഗളൂരു അത്താവറിൽ ഇലക്ട്രിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന കടയുടമ അത്താവർ അമർ ആൽവാ റോഡിലെ ശ്രീമതി ഷെട്ടി(35) ആണു കൊല്ലപ്പെട്ടത്. തലയും കുറച്ചു ശരീര ഭാഗങ്ങൾ കദ്രിയിലും മറ്റു ചില ശരീര ഭാഗങ്ങൾ നന്ദിഗുഡ ശ്മശാനത്തിനു സമീപവുമാണു കണ്ടെത്തിയത്. കാൽപാദങ്ങളും മറ്റും ഇനിയും കണ്ടെത്തിയിട്ടില്ല.
പൊളാളി മൊഗരു സ്വദേശിനിയാണ് ശ്രീമതി. തല ഒരു ഹെൽമറ്റിനകത്തും ശരീര ഭാഗങ്ങൾ ചാക്കിൽ കെട്ടിയുമാണ് കദ്രിയിൽ ഒരു കടയുടെ മുന്നിൽ തള്ളിയത്. കട തുറക്കാനെത്തിയ ഉടമ ചാക്ക് കണ്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണു സമീപത്ത് ഉപേക്ഷിച്ച ഹെൽമെറ്റിനകത്ത് യുവതിയുടെ തല കണ്ടെത്തിയത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പിന്നാലെ കോട്ടയത്ത് എന്‍സിപി നേതൃയോഗത്തില്‍ കയ്യാങ്കളി. ഉഴവൂര്‍ വിജയന്‍ വിഭാഗം നേതാക്കളെ യോഗത്തില്‍ നിന്ന് ഇറക്കിവിട്ടു. ജില്ലാ പ്രസിഡന്റിനെ മാറ്റിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൈയ്യാങ്കളിയിലെത്തിയത്. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളെ യോഗത്തില്‍ നിന്നും ഇറക്കി വിട്ടു.
എ കെ ശശീന്ദ്രൻ – തോമസ് ചാണ്ടി വിഭാഗം നേതാക്കളാണ് പരസ്പരം കൊമ്പ് കോർത്തത്. ജില്ലാ പ്രസിഡന്റായിരുന്ന ടി വി ബേബിയെ തൽസ്ഥാനത്തു നിന്നും മാറ്റിയതിനെതിരെ ശശീന്ദ്രൻ പക്ഷക്കാർ കൊണ്ട് വന്ന പ്രമേയമാണ് ഒടുവിൽ കയ്യാങ്കളിയിൽ വരെ എത്തിയത്. പാലാ സീറ്റ് മാണി സി കാപ്പന് നൽകുന്നതിനെതിരെ ടി വി ബേബി രംഗത്ത് വന്നിരുന്നു. ഇതേത്തുടർന്നാണ് ഇദ്ദേഹത്തെ നേതൃ സ്ഥാനത്ത് നിന്നും മാറ്റിയതെന്ന് ശശീന്ദ്രൻ വിഭാഗം ആരോപിച്ചു.
ജില്ലയില്‍നിന്നുള്ള ഒരു വിഭാഗം നേതാക്കളെ ഒഴിവാക്കിയതും തര്‍ക്കത്തിന് കാരണമായി. ജില്ലാ അധ്യക്ഷന്റെ താല്‍ക്കാലിക ചുമതലയുള്ളയാള്‍ അംഗങ്ങളെ പരിചയപ്പെടാന്‍ വേണ്ടി വിളിച്ചുചേര്‍ത്ത യോഗമാണെന്നാണ് തോമസ് ചാണ്ടി വിഭാഗം ചൂണ്ടിക്കാട്ടുന്നത്. തര്‍ക്കങ്ങളെ തുടര്‍ന്ന് യോഗം വേഗത്തില്‍ പിരിഞ്ഞു.
ഒട്ടാവ: യുവതിയോട് അപമര്യാദയായി പെരുമാറിയ മലയാളി വൈദികന്‍ കാനഡയില്‍ അറസ്റ്റില്‍. കാനഡയിലെ ലണ്ടന്‍ കിങ് എഡ്വേഡ് അവന്യുവിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ വൈദികന്‍ ടോബി ദേവസ്യ (33)യാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജൂണ്‍ 24നാണ് കേസ് കോടതിയിലെത്തുക. കഴിഞ്ഞ ഒരു വര്‍ഷമായി ലണ്ടന്‍ കിങ് എഡ്വേഡ് അവന്യുവിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ വൈദികനാണ് ഇദ്ദേഹം.
വൈദികനെതിരെ മുന്‍പ് ഇത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും നിലവിലെ പരാതിയുടെ അടിസ്ഥാനമെന്താണെന്ന് അറിയില്ലെന്നുമാണ് ഇടവക നിവാസികള്‍ പറയുന്നത്. പള്ളിയില്‍ വെച്ച് ഫാ. ടോബി ദേവസ്യ യുവതിയുമായി സംസാരിച്ചെന്നും, അവര്‍ തിരികെ പോകാന്‍ നേരത്തെ യുവതിയെ അപമര്യാദയായി സ്പര്‍ശിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. അഞ്ച് വര്‍ഷം മുന്‍പാണ് ടോബി പൗരോഹത്യ ജീവിതം ആരംഭിക്കുന്നത്. പരാതിയില്‍ വാസ്തവുമുള്ളതായി തെളിഞ്ഞാല്‍ സഭയും വികാരിക്കെതിരെ നടപടി സ്വീകരിച്ചേക്കും.
കേസിന്റെ വിശദവിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. പരാതിക്കാരി ആരാണെന്നും പുറത്തറിഞ്ഞിട്ടില്ല. വൈദികന്‍ അറസ്റ്റ് ചെയ്യപ്പെട്ട വിവരം കാനഡയിലെ മലയാളികളാണ് മാധ്യമങ്ങളെ അറിയിക്കുന്നത്. സംഭവത്തില്‍ സീറോ മലബാര്‍ സഭ നേരിട്ട് അന്വേഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഭാ പ്രതിനിധികള്‍ ഇതുവരെ വിഷയത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തിരഞ്ഞെടുപ്പ് അവലോകനമാണ് പ്രധാന അജണ്ട. കേരളാ കോൺഗ്രസ് എമ്മിലെ ഭിന്നതയും പോസ്റ്റൽ ബാലറ്റ് വിവാദവും കള്ളവോട്ടുമുൾപ്പെടെ യോഗത്തിൽ ചർച്ചയാകും.
വോട്ടർ പട്ടികയിലെ വെട്ടിമാറ്റൽ, പൊലീസിലെ പോസ്റ്റൽ വോട്ടിലെ തിരിമറി, കള്ളവോട്ട് തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങളും യോഗം ചർച്ച ചെയ്യും. ഇക്കാര്യങ്ങളിലൊക്കെ നിയമ പോരാട്ട സാധ്യതകൾ ഉൾപ്പെടെ ചർച്ച ചെയ്യും. രാവിലെ 11ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ആണ് യുഡിഎഫ് യോഗം ചേരുക.
യുഡിഎഫിന്റെ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള അവലോകന യോഗങ്ങൾ നേരത്തേ പൂർത്തിയായിരുന്നു. ചുരുങ്ങിയത് 16 സീറ്റുകൾ ലഭിക്കുമെന്നതാണ് മുന്നണി നേതൃത്തിന്റെ കണക്കു കൂട്ടൽ. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ സംസ്ഥാനതല അവലോകനം ഇന്നത്തെ യോഗത്തിലുണ്ടാകും. കെ.എം.മാണിയുടെ വിയോഗത്തിനു പിന്നാലെ കേരളാ കോൺഗ്രസ് എമ്മിൽ ഉടലെടുത്തിരിക്കുന്ന ഭിന്നതയും യോഗത്തിൽ ചർച്ചയായേക്കും.
മുസ്‌ലിം ലീഗ് പ്രവർത്തകരുടെ കള്ളവോട്ട് മുന്നണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ കൈക്കൊള്ളേണ്ട നിലപാടും യോഗത്തിൽ ധാരണയാകും. പോസ്റ്റൽ ബാലറ്റ് വിവാദവും ക്രൈംബ്രാഞ്ച് അന്വേഷണവും ഇടതുമുന്നണിക്കും സർക്കാരിനുമെതിരെ ആയുധമാക്കാനുള്ള ആലോചനയും യുഡിഎഫിനുണ്ട്.
കോട്ടയം: കെവിൻ വധക്കേസിൽ രണ്ടാംഘട്ട വിസ്താരം കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തിങ്കളാഴ്ച ആരംഭിക്കും. ഇനി തുടർച്ചയായി ജൂൺ അവസാനം വരെ വിചാരണ നടത്താനാണ് തീരുമാനം. കെവിന്റെ പിതാവ് ജോസഫ്, ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ടി.എം. ബിജു, സിപിഒ അജയകുമാര്‍ ഉള്‍പ്പെടെ എട്ട് പേരെ ഇന്ന് വിസ്തരിക്കും.
കേസിലെ നിര്‍ണായക സാക്ഷികളാണ് ബിജുവും അജയകുമാറും. ഒന്നാം പ്രതി സാനു ചാക്കോ സഞ്ചരിച്ച കാര്‍ പരിശോധിച്ചതും ഇവരുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതും 2000 രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചതും ബിജുവാണ്.
കെവിൻ കൊല്ലപ്പെട്ടശേഷം ഒളിവിൽപോയി താമസിച്ച കുമളിയിലെ ഹോംസ്റ്റേ നടത്തിപ്പുകാരനടക്കം ഒമ്പത് സാക്ഷികളും പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. താഴ്ന്ന ജാതിക്കാരനായതിനാലാണ് പിതാവ് ചാക്കോയും സഹോദരൻ ഷാനുവും ചേർന്ന് കെവിന്റെ ജീവനെടുത്തതെന്ന് ഭാര്യ നീനുവും നിർണായക മൊഴി നൽകി. മാതാപിതാക്കൾ ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് പറഞ്ഞ നീനു, മർദിച്ചതിന്റെയും പിതാവ് പൊള്ളലേൽപിച്ചതിന്റെയും പാടുകൾ കോടതിയിൽ കാണിച്ചു.
കെവിന്റെ മൃതദേഹം ഇൻക്വസ‌്റ്റ‌് നടത്തിയ പുനലൂർ തഹസിൽദാർ ജയൻ എം. ചെറിയാനും മൃതദേഹം പുറത്തെടുത്ത ഫയർഫോഴ‌്സ‌് ജീവനക്കാരൻ ഷിബുവും കെവിൻ സ്വയം മുങ്ങിമരിച്ചെന്ന പ്രതിഭാഗം വാദത്തെ ദുർബലപ്പെടുത്തുന്ന മൊഴികളാണ് നൽകിയത്. ആദ്യഘട്ട വിചാരണയിൽ 28ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ അബിൻ കൂറുമാറിയിരുന്നു. പത്ത് ദിവസത്തെ അവധിക്ക് ശേഷമാണ് വിചാരണ പുനരാരംഭിക്കുന്നത്
ഇടുക്കി ഉപ്പുതറയിൽ എട്ടു വയസുകാരിയെ ക്രൂരമായി മര്‍ദിച്ച അമ്മയുടെ കാമുകന്‍ അറസ്റ്റില്‍. കുട്ടിയുടെ പിതാവ് തളര്‍വാതം ബാധിച്ച് കിടപ്പിലാണ്. അനീഷുമായുള്ള ബന്ധം പിതാവിന്‍റെ മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതിനായിരുന്നു മര്‍ദനം.
പത്തേക്കർ, കുന്നേൽ, ശിവദാസിന്റെ മകൻ അനീഷ് ആണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവ് തളർവാദം വന്നു കിടപ്പിലാണ്. ഭാര്യയും എട്ടും, അഞ്ചും, രണ്ടും വയസുള്ള പെൺകുട്ടികൾ മറ്റൊരു വീട്ടിൽ അനീഷിനൊപ്പമാണ് താമസം. ഭാര്യയുമായി പിരിഞ്ഞു കഴിയുകയായിരുന്ന അനീഷ് കഴിഞ്ഞ ഒരു വർഷമായി യുവതിയുടെയും മക്കളുടെയും ഒപ്പമുണ്ട്.
അനീഷ് വീട്ടിൽ വരുന്നത് എട്ടുവയസുകാരിക്ക് ഇഷ്ടമല്ലായിരുന്നു. അമ്മയുടെ അനീഷുമൊത്തുള്ള ബന്ധത്തെപ്പറ്റി കുട്ടികളുടെ പിതാവിന്റെ മാതാപിതാക്കളോട് പറയും എന്ന് പറഞ്ഞായിരുന്നു മർദ്ദനം. അനീഷ് ചൂരൽ വടി കൊണ്ടാണ് കുട്ടിയെ മർദ്ദിച്ചത്. കുട്ടിയെ അനീഷ് മർദ്ദിക്കുന്നത് കണ്ടിട്ട് അമ്മ പ്രതികരിച്ചില്ലെന്നും പരാതിയുണ്ട്. മർദനം സഹിക്കാതെ വന്നപ്പോൾ കുട്ടി വല്യമ്മമാരെ വിവരം അറിയിച്ചു. കുട്ടിയുടെ പിതാവിന്റെ അമ്മയുടെ പരാതിയിൽ ആണ് പൊലീസിൽ കേസ് എടുത്തത്. കുട്ടിയുടെ മൊഴിയിലും, വൈദ്യ പരിശോധനയിലും മർദ്ദനമേറ്റിട്ടുള്ളതായി സ്ഥിരീകരിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സൗദിയിൽ ഉംറ നിർവഹിച്ചു മടങ്ങുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞു പെൺകുട്ടി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുൽ റസാഖിൻറെ മകൾ സനോബറാണ് മരിച്ചത്. ഇരുപതു വയസായിരുന്നു. ഗുരുതരമായി പരുക്കറ്റ ഇളയ മകൾ തമന്നയെ ജിദ്ദയിലെ നസീം കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമാമിലെ സ്വകാര്യ കമ്പനിയിലാണ് അബ്ദുൽ റസാഖ് ജോലി ചെയ്യുന്നത്. കുടുംബം അടുത്തിടെ സന്ദർശകവീസയിലെത്തിയതായിരുന്നു
പാലാ: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് അച്ഛനും മകനും മരിച്ചു. മറ്റത്തിപ്പാറ പുതിയമഠത്തിൽ ജെൻസ് (33), മകൻ അഗസ്റ്റോ (ഒരു വയസ്സ്) എന്നിവരാണു മരിച്ചത്. കടനാട് പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം നടന്നത്.
ദിവസങ്ങള്‍ക്ക് മുൻപാണ് ജെന്‍സ് പുതിയ ഓട്ടോ വാങ്ങിയത്. ചെറുകിട കാര്‍ഷിക ജോലിക്കൊപ്പം വാഹനങ്ങള്‍ ഓടിക്കാനും മറ്റും പോകുമായിരുന്നു. 2 ദിവസമായി അഗസ്റ്റോയ്ക്ക് പനിയായിരുന്നതിനാല്‍ അടുത്തുള്ള ഹോമിയോ ആശുപത്രിയിലെത്തി മരുന്നു വാങ്ങാനായാണ് നാലുപേരും പുതിയ ഓട്ടോയില്‍ യാത്ര പുറപ്പെട്ടത്. ജെന്‍സ് അഗസ്റ്റിന്റെ പേരിലുള്ള ഓട്ടോയില്‍ നമ്പർ പോലും എഴുതിയിട്ടില്ല. ജോസ്മിയുടെ കൈയ്യിലായിരുന്നു കുഞ്ഞ്.
ഒരു കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ ലോറിയായിരുന്നു നിർത്തിയിട്ടിരുന്നത്. വല്യാത്ത് ഭാഗത്തുനിന്നും കൊല്ലപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ പെട്ടന്ന് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശബ്ദം കോട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപെട്ടവർക്ക് രക്ഷകരായത്. പിന്നാലെയെത്തിയ വാഹനങ്ങളിൽ പരുക്കേറ്റവരെ ആശുപത്രിലേക്ക് എത്തിച്ചു
ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിക്കും നേരെ താൻ മോശം പരാമർശം നടത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ സംബന്ധിച്ച വിവാദം വാർത്തകളിൽ നിറഞ്ഞുനിൽക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ഒരു പ്രധാനമന്ത്രിക്കും നേരെ ഞാൻ മോശം പരാമർശങ്ങൾ നടത്താറില്ല. ഇക്കാര്യത്തിൽ അവരുടെ രാഷ്ട്രീയ പാർട്ടി ഏത് എന്നത് എനിക്കു വിഷയമല്ല. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവ വെറും വ്യക്തികളല്ല, അവർ ഓരോ സ്ഥാപനങ്ങളാണ്- ബിഹാറിലെ റോഹ്താസിൽ തെരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കവെ രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ സ്ഥാപനങ്ങളുടെ കരുത്ത് വർധിപ്പിക്കുന്നതിനായി പ്രയത്നിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. ഈ സ്ഥാപനങ്ങൾ ദുർബലമായി തുടങ്ങിയാൽ ജനാധിപത്യം ദുർബലമാകും. ജനാധിപത്യം ദുർബലമായാൽ രാജ്യം വിഭജിക്കപ്പെടുന്നത് തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പാർട്ടികൾ രാജ്യത്തിന്റെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്ന് താൻ പറയില്ല. എല്ലാ പാർട്ടികളും എന്തെങ്കിലും സംഭാവനകൾ നൽകിയിട്ടുണ്ട്. അവരുടെ പ്രവർത്തന ശൈലികൾ മാത്രമാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
രാജീവ് ഗാന്ധി വിഷയത്തിൽ കോണ്‍ഗ്രസും ബിജെപിയും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ തുടരവെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പാർട്ടി നേതൃത്വത്തെ പരോക്ഷമായി തള്ളി രംഗത്തെത്തുന്നത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒന്നാം നന്പർ അഴിമതിക്കാരനായിരുന്നെന്നും നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിരാട് അവധി ആഘോഷിക്കാൻ ഉപയോഗിച്ചെന്നും മോദി ആരോപിച്ചിരുന്നു.