തിരുവനന്തപുരം: ശബരിമലയില്‍ പോലീസ് നിര്‍ദേശങ്ങള്‍ അവഗണിച്ച് സന്ദര്‍ശനം നടത്താന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വലഞ്ഞ് കേരളം. ഹര്‍ത്താലിന് പിന്തുണയുമായി ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൂടി രംഗത്ത് വന്നതോടെ പല സ്ഥലങ്ങളിലും ബസ് സര്‍വ്വീസുകളും കടകളും പ്രവര്‍ത്തിക്കുന്നത് നിര്‍ബന്ധപൂര്‍വ്വം തടഞ്ഞു. പോലീസ് സംരക്ഷണം തന്നാലെ സര്‍വീസ് ആരംഭിക്കുവെന്ന് കെ.എസ്.ആര്‍.ടി.സി.അധികൃതര്‍ അറിയിച്ചു.
ബി.ജെ.പി പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പ്രകടനത്തോടെ ബസ് സര്‍വീസുകള്‍ ഏതാണ്ട് പൂര്‍ണമായും നിലച്ചിട്ടുണ്ട്. ശബരിമലയിലെ പ്രതിഷേധ പരിപാടികള്‍ വോട്ടാക്കി മാറ്റാനാണ് ആര്‍.എസ്.എസ് ബി.ജെ.പിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്തേക്കും പ്രതിഷേധ പരിപാടികള്‍ വ്യാപിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ പ്രതിഷേധങ്ങള്‍ക്കും പിന്തുണ നല്‍കാനാണ് ബി.ജെ.പിക്ക് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നാണ് സൂചന.
ശനിയാഴ്ച പുലര്‍ച്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാവിലെ ഓഫീസുകളിലേക്കും മറ്റും പുറപ്പെട്ട ഭൂരിപക്ഷം പേരും അറിഞ്ഞിരുന്നില്ല. ചികിത്സക്കും മറ്റും പോകുന്നവരെ ഹര്‍ത്താല്‍ വെട്ടിലാക്കിയിരിക്കുകയാണ്. ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധയിടങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്. നിര്‍ദേശം മറികടന്ന് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ശശികലയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ചതോടെയാണ് അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.
തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വിവിധ ജില്ലകളില്‍ ഇന്ന് നടത്താനിരുന്ന ജില്ലാ ശാസ്ത്രമേളകള്‍ മാറ്റിവെച്ചിട്ടുണ്ട്. വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവവും നാളത്തേക്ക് മാറ്റി. കേരള ഹിന്ദി പ്രചാരസഭ ഇന്ന് നടത്താനിരുന്ന സുഗമ പരീക്ഷ മാറ്റിവെച്ചു. തിരുവനന്തപുരത്ത് ജില്ലാകളക്ടറുടെ അദാലത്തും മാറ്റിവെച്ചിട്ടുണ്ട്.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ശബരിമലയില്‍ അറസ്റ്റില്‍. തിരിച്ചു പോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതോടെയാണ് നടപടി. മരക്കൂട്ടത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് മണിക്കൂര്‍ തടഞ്ഞുനിര്‍ത്തിയ ശേഷമായിരുന്നു അറസ്റ്റ്. പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി.സുധീര്‍ സന്നിധാനത്ത് അറസ്റ്റിലായി. പുലര്‍ച്ചെയാണ് സുധീറിനെ സന്നിധാനത്ത് നിന്ന് പൊലീസ് അറസ്റ്റുചെയ്തത്
പൊലീസ് നിയന്ത്രണങ്ങൾ ലംഘിക്കുമെന്ന് വെല്ലുവിളിച്ച് രാത്രി മല കയറിയ ശശികലയെ കരുതൽ തടങ്കലിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ആറ് മണിക്കൂറോളം മരക്കൂട്ടത്ത് തടഞ്ഞ് നിർത്തിയ ശേഷം ഇരുമുടിക്കെട്ടുമായാണ് അറസ്റ്റ് ചെയ്തത്.
ഇരുമുടിക്കെട്ടേന്തിയ കെ.പി. ശശികലയെ വനിത പൊലീസിന്റെ സഹായത്തോടെ പുലർച്ചെ ഒന്നരയോടെയാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിന്റെ ജീപ്പിൽ മരക്കൂട്ടത്ത് നിന്ന് മാറ്റുകയും ചെയ്തു.
ഇന്നലെ വൈകിട്ട് പമ്പയിൽ നിന്ന് മലകയറ്റം തുടങ്ങും മുൻപെ ശശികല പൊലീസിനെ വെല്ലുവിളിച്ചിരുന്നു. രാത്രി തങ്ങാനാവില്ലന്ന നിയന്ത്രണം ലഘിക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ . ഹിന്ദുഐക്യവേദിയും ശബരിമല കര്‍മസമിതിയുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതേസമയം, കര്‍ശന നിയന്ത്രണത്തിലും ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു. ഇന്നലെ മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി നട തുറന്നതുമുതല്‍ സന്നിധാനത്തേയ്ക്ക് ഭക്തരുടെ പ്രവാഹമാണ്. കനത്ത പൊലീസ് കാവലിലായ സന്നിധാനത്ത് ഇതുവരെ സ്ഥിതി ശാന്തമാണ്. പമ്പയില്‍നിന്ന് രാത്രിയില്‍ ഭക്തരെ സന്നിധാനത്തോയ്ക്ക് കയറ്റി വിട്ടിരുന്നില്ല. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് നിയന്ത്രണങ്ങളോടെ ഭക്തരെ കയറ്റിവിട്ടുതുടങ്ങിയത്.
അതേസമയം പമ്പയില്‍ ഹിന്ദുെഎക്യവേദി നേതാവ് സ്വാമി ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം സന്നിധാനത്തേക്ക് പോകാന്‍ അനുവദിച്ചു . ഭക്തര്‍ക്കല്ല ആക്ടിവിസ്റ്റുകള്‍ക്കാണ് പൊലീസ് സംരക്ഷണം നല്‍കുന്നതെന്ന് ഭാര്‍ഗവറാം ആരോപിച്ചു
ഇരുമുടികെട്ടുമായി മലചവിട്ടുന്ന ഭക്തരെ തടയുന്നത് ന്യായീകരിക്കാനാവില്ലെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന് പ്രതികരിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധമുണ്ട്. ഭക്തരുടെ വിശ്വാസം സംരക്ഷിക്കേണ്ടതാണെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പമ്പയില്‍ പറഞ്ഞു
ഹിന്ദു ഐക്യവേദി ശനിയാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ സംസ്ഥാനത്തു പ്രഖ്യാപിച്ച ഹർത്താൽ കാരണം മാറ്റിയ പരീക്ഷകളും പരിപാടികളും:
ശനിയാഴ്ചത്തെ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ നവംബർ 26 ലേക്ക് മാറ്റിയതായി ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
കണ്ണൂർ സർവകലാശാല ശനിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ ഹർത്താൽ കാരണം മാറ്റി.
വയനാട് ജില്ലാ സ്കൂൾ കലോൽസവം ഞായറാഴ്ചത്തേക്കു മാറ്റി.
കോട്ടയം ജില്ലാ സ്കൂൾ കലോത്സവ പരിപാടികൾ അതേ വേദികളിൽ അതേ സമയം തിങ്കളാഴ്ച നടത്തുന്നതായിരിക്കും എന്ന് ബഹു.ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
കേരള സർവകലാശാല വിദൂര വിദ്യാഭാസ വിഭാഗം ഇന്ന് നടത്താനിരുന്ന എല്ലാ സമ്പർക്ക ക്ലാസുകളും മാറ്റി വച്ചു.
തിരുവനന്തപുരം റവന്യു ജില്ലഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളകൾ തിങ്കളാഴ്ചത്തേക്കു മാറ്റിയതായി പൊതു വിദ്യാഭ്യാസ ഉപഡയക്ടർ അറിയിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ, എസ്ഐഇടി നേതൃത്വത്തില്‍ തൃശൂർ ഗുരുവായൂരിലെ ശ്രീകൃഷ്ണ കോളജ്, നാട്ടികയിലെ എസ്എൻ കോളജ്, തിരുവനന്തപുരത്തെ എംജി കോളജ് എന്നിവിടങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ത്രിദിന ശാസ്ത്ര ശില്പശാല 18,19,20 തീയതികളില്‍ നടത്തും.
വേഷവിധാനം കൊണ്ടും തന്റേതായ ശൈലി കൊണ്ടും മലയാള സിനിമയെ അത്ഭുതപ്പെടുത്തിയ നടൻ ജയൻ കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്ടര്‍ അപകടത്തിൽ മരണപ്പെട്ടു.ഇന്ന് ജയന്‍ മരിച്ചിട്ട് 38 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇന്നും സംശയത്തോടെ കാണുന്ന ജയന്റെ മരണത്തെ കുറിച്ച് അവസാന നിമിഷം കൂടെയുണ്ടായിരുന്ന സോമന്‍ അമ്പാട്ട് നേരത്തെ പറഞ്ഞ അഭിമുഖം ശ്രദ്ധേയമായിരിക്കുകയാണ്.
നാവിക സേനയിലെ മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസറായിരുന്നു ജയന്‍. 41-ാം വയസില്‍ പ്രശ്‌സതിയുടെ കൊടുമുടിയില്‍ ഇരിക്കുമ്പോഴായിരുന്നു ഹെലിക്കോപ്റ്റര്‍ അപകടത്തിലൂടെ മരണത്തിന് കീഴടങ്ങിയത്. ജയന്‍ ധൈര്യശാലിയായിരുന്നു. സിനിമയ്ക്ക് വേണ്ടി എന്ത് റിസ്‌ക് എടുക്കാനും അദ്ദേഹം തയ്യാര്‍.പ്രൊഡ്യൂസര്‍മാരൊന്നും പക്ഷെ റിസ്‌ക് എടുക്കാന്‍ തയ്യാറല്ലായിരുന്നു. കാരണം അന്ന് സിനിമ ഒരുപരിധി വരെ അദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് നിന്നിരുന്നത്. അത് കൊണ്ട് തന്നെ എല്ലാവിധ സുരക്ഷ സംവിധാനങ്ങളും അവിടെ ഒരുക്കിയിരുന്നു.
ബാലന്‍ കെ നായര്‍ അവതരിപ്പിച്ച വില്ലന്‍ ഹെലികോപ്റ്ററില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ജയന്റെ കഥാപാത്രം അയാളെ പിടിച്ച് കൊണ്ട് വരുന്ന രംഗമാണ്. അധികം ഉയരത്തിലല്ലായിരുന്നു ഹെലികോപ്റ്റര്‍. ബൈക്കില്‍ നിന്നും ഹെലികോപ്റ്ററിലേക്ക് കയറുന്ന രംഗമായിരുന്നു ചിത്രീകരിക്കുന്നത്. ഡ്യൂപ്പ് ആയിരുന്നു ആ രംഗം ചിത്രീകരിക്കേണ്ടിയിരുന്നതെങ്കിലും ജയന്‍ അതിന് കൂട്ടാക്കിയിരുന്നില്ല. ഹെലികോപ്റ്ററിലേക്ക് കയറിയ ജയന്‍ അതിന്റെ സ്റ്റാന്‍ഡില്‍ കാല്‍ ലോക്ക് ചെയ്ത് നിര്‍ത്തി.
നല്ല ഭാരമുള്ളയാളാണ് ജയന്‍. ബാലന്‍ കെ നായരുടെയും ജയന്റെയും പിന്നെ പൈലറ്റിന്റെയും ഭാരം ഒരു ഭാഗത്തേക്ക് വന്നു. അത് ഹെലികോപ്റ്ററിന്റെ ബാലന്‍സിനെ സാരമായി ബാധിച്ചു.പൈല്റ്റ് ഹെലികോപ്റ്റര്‍ മുകളിലേക്ക് കൊണ്ടുപോയി ബാലന്‍സ് ചെയ്യാന്‍ നോക്കി. പക്ഷെ സാധിച്ചില്ല. പിന്നെ ലാന്‍ഡ് ചെയ്യാന്‍ നോക്കി. പക്ഷെ ലാന്‍ഡിങ്ങിനിടെ ലീഫ് നിലത്ത് തട്ടി ഹെലികോപ്റ്റര്‍ പൂര്‍ണമായും ഇരുന്നു പോയി.
ജയന്റെ കാല് ലോക്ക് ആയതിനാല്‍ താഴേക്ക് ചാടാന്‍ പറ്റിയില്ല. തലയുടെ പിന്‍ഭാഗം നിലത്ത് തട്ടി. പൈലറ്റിന് കാര്യമായ പരിക്കൊന്നും അപകടത്തില്‍ പറ്റിയല്ല. ബാലന്‍ കെ നായരുടെ കാലിന് ഒടിവ് സംഭവിച്ചു. മൂവരെയും അവിടെ നിന്ന് മാറ്റിയപ്പോഴെക്കും ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചു.ഹോസ്പിറ്റലിലേക്ക് പോകും വഴി ശക്തമായ മഴ പരീക്ഷണമായെത്തി. കാറുകള്‍ക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥ. അത് കൊണ്ട് തക്ക സമയത്ത് എത്തിക്കാന്‍ പറ്റിയില്ല. തലയോട്ടിയില്‍ നല്ല പേലെ പരിക്ക് പറ്റിയിരുന്നു. രക്തം ഒരുപാട് വാര്‍ന്ന് പോയി.
കൃത്യസമയത്ത് എത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ജയന്‍ ഇന്നും ജീവിച്ചിരുപ്പുണ്ടായേനെ. ജയന്റെ മരണവുമായി ബന്ധപ്പെട്ട് ബാലന്‍ കെ നായരുടെ പേര് പലരും വലിച്ചിഴയ്ക്കുന്നുണ്ട്. അതില്‍ യാതൊരു കഴുമ്പുമില്ല. ബാലന്‍ കെ നായര്‍ അങ്ങനെ ചെയ്യില്ല. വളരെ നല് വ്യക്തിയാണദ്ദേഹം. അദ്ദേഹത്തിന് ജയനുമായി വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജയനോട് ആര്‍ക്കും വ്യക്തി വൈരാഗ്യം തോന്നില്ല.
കൊച്ചി: ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തി തൃപ്തി ദേശായിക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനായില്ല. വിമാനത്താവളത്തിനു മുന്നില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ തമ്പടിച്ചിരിക്കുകയാണ്. പുലര്‍ച്ചെ 4.45ന് വിമാനത്താവളത്തിലെത്തിയ തൃപ്തിയെയും സംഘത്തെയും പുറത്തേക്കു കൊണ്ടുപോകാന്‍ ടാക്‌സികളും തയ്യാറാകുന്നില്ല. അക്രമികള്‍ വാഹനം നശിപ്പിക്കുമെന്ന ആശങ്ക മൂലമാണ് ടാക്‌സി ഡ്രൈവര്‍മാര്‍ തയ്യാറാകാത്തത്. പുലര്‍ച്ചെ ഇന്‍ഡിഗോ വിമാനത്തിലാണ് പൂനെയില്‍ നിന്ന് ഇവര്‍ കൊച്ചിയിലെത്തിയത്. പോലീസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പോലീസ് നിര്‍ദേശിക്കുന്ന സ്ഥലത്ത് താമസിക്കാന്‍ തയ്യാറാണെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.
അതേ സമയം നിലയ്ക്കലെത്തിയാല്‍ സുരക്ഷ നല്‍കാന്‍ തയ്യാറാണെന്ന് പോലീസ് അറിയിച്ചു. ഇവരെ ഹോട്ടലിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. തൃപ്തി ദേശായി വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്നും ഉടന്‍ തിരിച്ച് പോകണമെന്നുമാണ് ഇവര്‍ പറയുന്നത്. കാര്‍ഗോ ടെര്‍മിനല്‍ വഴി തൃപ്തിയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവിടെയും ഉപരോധം നടത്തി.
പുലര്‍ച്ചെ കുറച്ചു പേര്‍ മാത്രമായിരുന്നു പ്രതിഷേധത്തിനെത്തിയത്. പിന്നീട് കൂടുതല്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ എത്തി. ശബരിമല ദര്‍ശനത്തിന് പ്രത്യേക സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പോലീസിനും കത്തയച്ചിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അന്തരീക്ഷ മലിനീകരണവും ഇന്ധനച്ചെലവും കുറയ്ക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ വൈദ്യുത ബസുകള്‍ ഇന്ന് നിരത്തിലിറങ്ങും. ശബരിമല സര്‍വീസിനായി എത്തിച്ച ബസുകള്‍ തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ 12മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഒാഫ് ചെയ്യും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വാണിജ്യ അടിസ്ഥാനത്തില്‍ വൈദ്യുത ബസുകള്‍ ഒാടിക്കുന്ന ആദ്യ സംസ്ഥാനം കേരളമാണ്.
സ്കാനിയ ബസുകള്‍ പോലെ വൈദ്യുത ബസുകളും പത്തുവര്‍ഷത്തേക്ക് വാടകയ്ക്കെടുത്താണ് ഒാടിക്കുന്നത്. ഡ്രൈവറും അറ്റകുറ്റപ്പണിയും കമ്പനി. കണ്ടക്ടറും ഇന്ധനവും കെ.എസ്.ആര്‍.ടി.സി വക.കിലോമീറ്ററിന് 43രൂപ 20 പൈസയാണ് വാടക. മണ്ഡലകാലത്ത് നിലയ്ക്കല്‍ പമ്പ റൂട്ടിലായിരിക്കും പത്തുബസുകളുടേയും ഒാട്ടം. അതിനുശേഷം തിരുവനന്തപുരം എറണാകുളം കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തും. 33 സീറ്റുള്ള ബസില്‍ നിലവിലെ എ.സി ബസിന്റ നിരക്കേ ഉള്ളു. ഒരു കിലോമീറ്റര്‍ ഒാടാന്‍ ഡീസല്‍ ബസുകള്‍ക്ക് 31 രൂപ വേണമെങ്കില്‍ നാലുരൂപയുടെ വൈദ്യുതിമതി ഇതിന്
വൈദ്യുതി ചാര്‍ജ് ചെയ്യുന്നതിന് നിലയ്ക്കലില്‍ ട്രാന്‍സ്ഫോര്‍മറും ചാര്‍ജിങ് സ്്റ്റേഷനും തയ്യാറാക്കിയിട്ടുണ്ട്. ഒരേസമയം അഞ്ചുബസുകള്‍ വരെ ഇവിടെ ചാര്‍ജ് ചെയ്യാം. ഒറ്റ ചാര്‍ജിങ്ങില്‍ 250 കിലോമീറ്റര്‍ വരെ ഒാടും. കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുത ബസുകള്‍ ഒാടിക്കുന്നുണ്ടെങ്കിലും റഗുലര്‍ സര്‍വീസാക്കിയിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ സുരക്ഷയൊരുക്കിയില്ലെങ്കിലും ശബരിമല ദര്‍ശനത്തിന് എത്തുമെന്ന് ഉറപ്പിച്ച് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശനിയാഴ്ച ദര്‍ശനം നടത്താന്‍ നാളെ കൊച്ചിയിലെത്തുന്ന തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കണ്ടെന്നാണ് പൊലീസ് തീരുമാനം. സന്നിധാനത്തെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കുമുള്ള പരിരക്ഷ തൃപ്തി ദേശായിക്കും നല്‍കും. സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി അയച്ച കത്തിന് പൊലീസ് മറുപടി നല്‍കില്ല.
എന്നാല്‍ സുരക്ഷയൊരുക്കിയില്ലെങ്കിലും ദര്‍ശനത്ത് ആറു സ്ത്രീകളുമൊത്ത് എത്തുമെന്ന നിലപാടിലാണ് തൃപ്തി ദേശായി. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും തൃപ്തി ദേശായി പറഞ്ഞു. സുരക്ഷ, താമസം, ഭക്ഷണം, യാത്ര തുടങ്ങിയവ സര്‍ക്കാര്‍ ഒരുക്കണമെന്നാണ് തൃപ്തി ദേശായിയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്തയച്ചിരുന്നു.
മഹാരാഷ്ട്ര അഹമ്മദ്‌നഗറിലെ ശനി ഷിഗ്ണാപുർ ക്ഷേത്രത്തിലെ സ്ത്രീപ്രവേശം, മുംബൈ ഹാജി അലി ദർഗ സ്ത്രീപ്രവേശം എന്നീ സമരങ്ങളിലൂടെയാണ് തൃപ്തി ശ്രദ്ധ നേടിയത്. ഇതിനിടെ, മണ്ഡല–മകരവിളക്കു കാലത്തു ശബരിമലയിൽ ദർശനത്തിനായി ഓൺലൈനിൽ റജിസ്റ്റർ ചെയ്ത യുവതികളുടെ എണ്ണം 800 ആയി. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേർ.
കൊച്ചി: ശബരിമല സന്ദര്‍ശിക്കാന്‍ പ്രത്യേക സുരക്ഷ നല്‍കണമെന്ന് അറിയിച്ച് സംസ്ഥാനത്തിന് ഭൂമാതാ ബ്രിഗേഡ് നേതാവും വനിതാവകാശ പ്രവര്‍ത്തകയുമായ തൃപ്തി ദേശായി അയച്ച കത്തിന് മറുപടി നല്‍കില്ലെന്ന് റിപ്പോര്‍ട്ട്. ശബരിമലയില്‍ എത്തുന്ന എല്ലാ യുവതികള്‍ക്കും ഒരുപോലെ സംരക്ഷണം നല്‍കാനാണ് പോലീസ് തീരുമാനം. അതിനാല്‍ തൃപ്തി ദേശായിക്ക് മാത്രമായി പ്രത്യേകം പരിഗണന നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. നവംബര്‍ 17 ശനിയാഴ്ച ആറു യുവതികള്‍ക്കൊപ്പം ശബരിമലയില്‍ എത്തുമെന്നാണ് തൃപ്തി ദേശായി അറിയിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തു നല്‍കിയിട്ടുണ്ട്. താന്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും തൃപ്തി വ്യക്തമാക്കി. ഈ മാസം 16നും 20നുമിടയില്‍ ശബരിമലയില്‍ എത്തുമെന്ന് തൃപ്തി നേരത്തേ പറഞ്ഞിരുന്നു. മണ്ഡലകാലത്തിന് നട തുറക്കുന്ന സമയത്തു തന്നെയാണ് തൃപ്തി എത്തുന്നത്. അതുകൊണ്ടുതന്നെ ശക്തമായ പ്രതിഷേധവും ഉണ്ടായേക്കുമെന്നാണ് സൂചന. ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ തൃപ്തി ദേശായിയെ തടയുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
മനിഷ രാഹുല്‍ തിലേക്കര്‍(42), മീനാക്ഷി രാമചന്ദ്ര ഷിന്ദേ (46), സ്വാതി കൃഷ്ണറാവു വട്ടംവാര്‍(44), സവിത ജഗന്നാഥ് റാവുത്ത്(29), സംഗീത ധൊണ്ടിറാം ടൊനാപേ(42), ലക്ഷ്മി ഭാനുദാസ് മൊഹിതേ(43) എന്നിവരാണ് തൃപ്തി ദേശായിയോടപ്പം മലകയറാനെത്തുക. മണ്ഡലകാലത്തിനു ശേഷമാണ് ശബരിമല വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് ലഭിച്ച ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നത്. എന്നാല്‍ അതുവരെ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി സ്റ്റേ ചെയ്തിട്ടില്ല. സംഘര്‍ഷമൊഴിവാക്കാന്‍ സമവായ ശ്രമങ്ങളുമായി നീങ്ങുന്നതിനിടെ തൃപ്തിയുടെ പ്രഖ്യാപനം സര്‍ക്കാരിന് തലവേദനയാകും.
ഇത് ജാതി, മത രാഷ്ട്രീയ വൈരങ്ങൾ മറന്ന് ഒരു ജനത ഒന്നിച്ചു നിന്ന കൂട്ടിൻറെ കഥ. നമ്മൾ പലതും മറന്നെങ്കില്‍ നമുക്കു വേണ്ടിയുള്ള ഓർമപ്പെടുത്തലാണ്. അതെ, നമ്മൾ ഇങ്ങനെയായിരുന്നു. അപരനു വേണ്ടി ഉയിരു കൊടുത്തു, അവരുടെ കണ്‍കോണിലെ നനവൊപ്പി, സ്നേഹത്തിൻറെ ചോറുരളകള്‍ വാരിക്കൊടുത്തു, ക്യാംപുകളിൽ അതിജീവനത്തിൻറെ മുദ്രാവാക്യങ്ങളുയർന്നു. ഉൾക്കരുത്തോടെ, ചങ്കുറപ്പോടെ നമ്മൾ ഒന്നായി.
നൂറ്റാണ്ടിലെ പ്രളയവും അതിജീവനവും ലോകത്തിനു മുന്നിലെത്തിച്ചു കേരള ഫ്‌ളഡ്‌സ്- ദി ഹ്യൂമന്‍ സ്റ്റോറി എന്ന ഡോക്യുമെൻരറിയിലൂടെ ഡിസ്കവറി ചാനൽ. ഡോക്യുമെൻററി നവംബർ 9ന് സംപ്രേഷണം ചെയ്തു.
പ്രളയകാലത്തെ ചില ഊഷ്മളകാഴ്ചകൾ ഒരിക്കൽ കൂടി ഡോക്യുമെൻററിയിലൂടെ കാണിച്ചുതരുന്നുണ്ട്. നേവി ഹെലികോപ്റ്ററിൽ നിറവയറുമായി ഉയർന്നു പൊങ്ങിയ ഗർഭിണിയായ സ്ത്രീ, അഭയം നല്‍കിയ പള്ളികൾ, അമ്പലങ്ങൾ, ഉയിരു പണയം വെച്ച് സാഹസിക രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾ, അതിജീവനഗാഥ വിളിച്ചോതിയ ചേക്കുട്ടിപ്പാവകൾ… അങ്ങനെ പലരെയും ഒരിക്കൽ കൂടി ലോകത്തെ കാട്ടിക്കൊടുക്കുന്നു ഡോക്യുമെൻററി.
തകര്‍ന്ന കേരളമല്ല, തിരിച്ചുകയറിയ കേരളത്തെയാണ് ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തുന്നതെന്നാണ് ചാനല്‍ വെസ് പ്രസിഡന്‌റും തലവനുമായ സുല്‍ഫിയ വാരിസ് പറഞ്ഞത്. ”കാലം മറന്നേക്കാവുന്ന ചില നന്‍മകളുണ്ട്. ആ നന്മകളെ ലോകം അറിയണം. ഒരുവലിയ തകര്‍ച്ചയില്‍ നിന്ന് കേരളം എങ്ങനെ അതിജീവിച്ചെന്നും ലോകം മനസ്സിലാക്കണം” സുല്‍ഫിയ പറഞ്ഞു.
ഓഗസ്റ്റ് 15ന് തുടങ്ങിയ മഹാമേരി കേരളത്തെ എത്തിച്ചത് നൂറ്റാണ്ടിലെ വെള്ളപ്പൊക്കത്തിലേക്കാണ്. 40000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് ഔദ്യോഗിക കണക്കുകള്‍. കാലം മറന്നേക്കാവുന്ന ചില നന്‍മകളുണ്ട്. ആ നന്മകളെ ലോകം അറിയണം. ഒരുവലിയ തകര്‍ച്ചയില്‍ നിന്ന് കേരളം എങ്ങനെ അതിജീവിച്ചെന്നും ലോകം മനസ്സിലാക്കണം സുല്‍ഫിയ പറഞ്ഞു.
കേരളത്തിന്റെ സൈന്യമായ കടലിന്റെ മക്കളേയും ജീവന്റെ കൈത്താങ്ങ് നല്‍കിയ സന്നദ്ധ പ്രവര്‍ക്കരേയും ഇതിൽ പരിചയപ്പെടുത്തും. ചുറ്റുപാടും വെള്ളം കയറിയപ്പോള്‍ തന്റെ ജീവനേയും തനിക്കുള്ളില്‍ ഉള്ള ജീവന്റെ തുടിപ്പിനേയും രക്ഷിച്ച സജിതാ ജബിലിനേയും ഡോക്യുമെന്ററിയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. ധനകാര്യമന്ത്രി തോമസ് ഐസക്കും ഡോക്യുമെൻററിയിൽ സംസാരിക്കുന്നുണ്ട്.
കശ്‍മീരിൽ വീരമൃത്യു വരിച്ച ലാന്‍സ് നായിക് കെ.എം. ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിലെത്തിച്ചു. ഇവിടെനിന്നും മൃതദേഹം സൈനിക അകമ്പടിയോടെ ഉദയംപേരൂരിലെ സ്വവസതിയായ യേശുഭവന്‍ വീട്ടിലേക്ക് കൊണ്ടുവരും.മൃതദേഹം ഏറ്റുവാങ്ങാന്‍ ജില്ലാ കളക്ടര്‍ ഉൾപ്പെടയുള്ളവർ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
കൃഷ്ണഘാട്ടി സെക്ടറിലുണ്ടായ പാക് ആക്രമണത്തിലാണ് ആന്റണി വീരമൃത്യുവരിച്ചത്.സംസ്കാരം വൈകിട്ട് 5.30ന് ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട മുരിയാട് എമ്ബറര്‍ ഇമ്മാനുവല്‍ പള്ളിയിൽ നടക്കും.
ഇന്ന് ശിശുദിനം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ 129 ആം ജന്മദിനമാണ് ഇന്ന്. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രിയുടെ ജന്മദിനം. ചാച്ചാജിയുടെ സ്മരണയില്‍ രാജ്യത്തെ കുട്ടികള്‍ ശിശുദിനം ആഘോഷിക്കുന്നു. കുട്ടികള്‍ സ്‌നേഹത്തോടെ ചാച്ചാജി എന്നു വിളിക്കുന്ന നെഹ്രു ലോകം മുഴുവന്‍ പ്രസിദ്ധി നേടിയിരുന്നു. കുട്ടികളോട് ഇടപഴുകാന്‍ ഒരുപാട് ഇഷ്ടമുള്ള വ്യക്തിയായിരുന്നു ചാച്ചാജി. പൂക്കളെയും പ്രകൃതിയെയും സ്നേഹിച്ചിരുന്ന നെഹ്രു ധരിക്കുന്ന വസ്ത്രത്തില്‍ റോസാ പൂവ് എന്നുമുണ്ടാകുമായിരുന്നു.
മാമ്മൂട് st ഷന്താൾസ് സ്കൂൾ ശിശുദിന ഘോഷയാത്ര
ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍ എന്ന ഉറച്ചവിശ്വാസമുള്ളയാളായിരുന്നു നെഹ്‌റു. അതുകൊണ്ടു തന്നെ കുട്ടികളുടെ ഭാവിക്കായി അദ്ദേഹം ഏറെ കരുതലോടെ പ്രവര്‍ത്തിച്ചു. അവരെ സ്‌നേഹിച്ചും കുട്ടികള്‍ക്കായി പദ്ധതികള്‍ തയ്യാറാക്കിയും അവരുടെ ഭാവി ലോകത്തിനു മുന്നില്‍ തുറന്നിട്ടു. വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ഒരുപോലെ നല്‍കാന്‍ ചാച്ചാജി ശ്രമിച്ചു. വിദ്യാഭ്യാസരംഗത്ത് അടിമുടി മാറ്റങ്ങള്‍ നെഹ്രുവിന്റെ കാലഘട്ടത്തില്‍ അവതരിപ്പിക്കപ്പെട്ടു.
മാമ്മൂട് st ഷന്താൾസ് സ്കൂൾ ശിശുദിന ഘോഷയാത്ര
ഉന്നതവിദ്യാഭ്യാസത്തിനായുള്ള നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമാക്കി. ഗ്രാമങ്ങള്‍തോറും ആയിരക്കണക്കിന് വിദ്യാലയങ്ങള്‍ നിര്‍മ്മിച്ചു. കുട്ടികള്‍ക്കായുള്ള പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നല്‍കുന്ന ഒരു പരിപാടിക്കും അദ്ദേഹത്തിന്റെ കാലത്ത് തുടക്കമിട്ടു.