Kerala

പ്രളയജലത്തില്‍ കുടുങ്ങിയവരെ രക്ഷിച്ച മത്സ്യതൊളിലാളികള്‍ക്ക് കൊച്ചിന്‍ കോളേജ് അലൂമിനി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിരുവോണ ദിനത്തില്‍ സ്വീകരണം നല്‍കി. കുത്തിയൊലിച്ചു വരുന്ന പ്രളയജലത്തെയും കനത്ത മഴയെയും കൂരിരുട്ടിനെയും അവഗണിച്ച് പറവുര്‍ കോട്ടപ്പുറം ഗോതുരുത്ത് മേഖലകളില്‍ നിരവധി ജീവനുകള്‍ രക്ഷിച്ച മത്സ്യ തൊളിലാളികള്‍ക്കാണ് സ്വീകരണം നല്‍കിയിരിക്കുന്നത്. ആരുടെയും അപേക്ഷയ്ക്ക് കത്തു നില്‍ക്കാതെയാണ് ചേര്‍ത്തല അര്‍ത്തുങ്കല്‍ ഭാഗത്ത് നിന്നും ഉള്ള ഇവര്‍ പറവുര്‍ കോട്ടപ്പുറം ഗോതുരുത്ത് മേഖലകളില്‍ എത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്.

85 വള്ളങ്ങളിലായി എത്തിയ ഇവര്‍ 3682 പേരെയാണ് സുരക്ഷിതമായ സ്ഥാനങ്ങളിലെത്തിച്ചത്. തങ്ങള്‍ രക്ഷിച്ച ആളുകളെ കാണാന്‍ കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലിലെ ക്യാമ്പിലെത്തിയ സംഘത്തെ, അതേ ക്യാമ്പിലെ ആളുകള്‍ക്ക് കൊച്ചിന്‍ കോളേജ് അലൂമിനി അസോസിയേഷന്റെ ‘ബാക്ക് ടു ഹോം’ കിറ്റുകള്‍ നല്‍കാനെത്തിയ അലൂമിനി പ്രവര്‍ത്തകര്‍ ആദരിക്കുകയായിരുന്നു. സര്‍വ്വതും നഷ്ടപ്പെട്ട് ക്യാമ്പുകള്ളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ഒരാഴ്ചയോളം കഴിയാന്‍ ഉള്ള അരി, പലവ്യഞ്ജനങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവ അടങ്ങിയതാണ് ‘ബാക്ക് ടു ഹോം’ കിറ്റുകള്‍.

കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ അരിയും, പലവ്യഞ്ജനങ്ങളും സാധന സാമഗ്രികളും ഭക്ഷണ സാധനങ്ങളുമാണ് ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ ക്യാമ്പുകളിലായി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എത്തിച്ചത്. കൊച്ചിന്‍ കോളേജില്‍ ദിവസങ്ങളിലായി വളണ്ടിയര്‍മാര്‍ ഇതിന് വേണ്ടി അഹോരാത്രം സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജന.സെക്രട്ടറി ജാക്‌സന്‍ പൊള്ളയിലിനെയും ജില്ലാ പ്രസിഡന്റ് രാജു ആശ്രയത്തെയും രക്ഷാ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്ന ജില്ലാ സെക്രട്ടറി ആന്റണി കുരിശിങ്കലിനെയും അസോസിയേഷന്‍ ജന.സെക്രട്ടറി ടി.പി.സലിം കുമാര്‍ പൊന്നാടയിട്ട് ആദരിച്ചു. തുടര്‍ന്ന് മറ്റ് തൊഴിലാളികളെയും ആദരിച്ചു. സെക്രട്ടറിമാരായ അനിത തോമസ്, വി.കെ.സജീവ്, എന്നിവരും, കമ്മറ്റി അംഗങ്ങളായ പി.എസ് പ്രദിത്ത്, ജനീഷ് പിള്ള, ബാബു നവാസ്, വിനയ് ഗോപാല്‍, അലക്‌സാണ്ടര്‍ ഷാജു എന്നിവരും നേതൃത്വം നല്‍കി.

നാശം വിതച്ച മഹാ പ്രളയത്തില്‍ സംസ്ഥാനത്തെ 34,732 കിലോമീറ്റര്‍ റോഡും 218 പാലങ്ങളും തകര്‍ന്നു. ഇവ നന്നാക്കിയെക്കാന്‍ 5815 കോടി രൂപയോളം വേണ്ടി വരുമെന്നാണ് കണക്കുകള്‍ സൂചിപിക്കുന്നത്. തകര്‍ന്നവ പുനര്‍നിര്‍മ്മിച്ച് പരിപൂര്‍ണ പ്രവര്‍ത്തനയോഗ്യമാക്കാന്‍ കുറഞ്ഞത് ഒന്നര വര്‍ഷമെങ്കിലും വേണ്ടി വരും. പൊതു മരാമത്ത് വകുപ്പിന്റെ കണക്കുകൂട്ടലാണിത്.

അതേസമയം, ഇത്രയും വലിയ തുക കണ്ടെത്തുന്നത് സര്‍ക്കാരിന് കൂടുതല്‍ തലവേദനയാകും. നിലവിലുള്ള റോഡ് വികസന പദ്ധതിയെ ബാധിക്കാത്ത രീതിയില്‍ 5000 കോടി രൂപകണ്ടെത്തലാകും സര്‍ക്കാരിന് മുന്നിലുള്ള വലിയ വെല്ലുവിളി. അതേസമയം, പൂര്‍ണമായും തകര്‍ന്ന റോഡുകളും പാലങ്ങളും പെട്ടെന്ന് പുനര്‍നിര്‍മിച്ച് നല്‍കാന്‍ ആയിരം കോടി രൂപ ഇതിനോടകം തന്നെ അനുവദിച്ചിട്ടുണ്ട്

പത്തനംതിട്ട, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്. ചെറിയ റോഡുകള്‍ മുതല്‍ നാഷണല്‍ ഹൈവേകള്‍ വരെയാണ് പുനര്‍നിര്‍മ്മിക്കാനുള്ളത്. റോഡുകള്‍ക്ക് മാത്രം 4978 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടലുകള്‍. പാലങ്ങള്‍ നന്നാക്കാന്‍ 293 രൂപയുമാണ് ആവശ്യം. ഇതിന് പുറമെ തകര്‍ന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും പണം കണ്ടെത്തേണ്ടതുണ്ട്.

പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ സഹായിക്കാന്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെയും ഭാര്യ മെലിന്‍ഡയുടെയും മുന്നോട്ടുവന്നിരിക്കുന്നു. കുറെ നാളുകളായി ഇരുവരും കാരുണ്യ പ്രവർത്തികളിൽ സജീവമാണ്. ഇപ്പോഴിതാ കേരളത്തെ സഹായിക്കാനും ഇവർ മുന്നോട്ടുവന്നിരിക്കുന്നു. ലോക കോടീശ്വരൻ ബിൽഗേറ്റ്സിന്റെ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ വഴി നാലു കോടി രൂപയാണ് കേരളത്തിനു നൽകുന്നത്.

യുനിസെഫുമായി സഹകരിച്ചാണ് ഈ പണം കേരളത്തിൽ ചിലവഴിക്കുക. പ്രളയബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന എൻജിഒകളുമായി ചേർന്നു പ്രവർത്തിക്കും. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ മിക്ക പ്രവർത്തനങ്ങളും യുഎൻ വഴിയാണ്. പ്രളയബാധിത മേഖലകളിലെ ആരോഗ്യ പ്രശ്നങ്ങളെ നേരിടാനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക.

ലോകമെമ്പാടുമുള്ള പാവപ്പെട്ടവരുടെ ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുകയെന്നതാണ് ഈ സന്നദ്ധ സംഘടനയുടെ ലക്ഷ്യം. ലോകത്തെ സ്വകാര്യ സന്നദ്ധ സംഘടനകളില്‍ ഏറ്റവുമധികം ഫണ്ടുളള ഒന്നാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൌണ്ടേഷന്‍. തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് ബില്‍ ഗേറ്റ്‌സ്.

2010ലാണ് വാരണ്‍ ബഫറ്റും ബില്‌ഗേറ്റ്‌സും സമ്പത്തിന്റെ പകുതി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഗിവിങ് പ്ലെഡ്ജ് എന്ന സംഘടന ആരംഭിച്ചു. ആരൊക്കെയാണോ ഇതിൽ ചേരുന്നത് അവർ അവരുടെ പകുതി സമ്പാദ്യം ജീവകാരുണ്യം പ്രവർത്തനങ്ങൾക് കൊടുക്കണം എന്ന വ്യവസ്ഥയും ഇതിൽ വച്ചിരുന്നു . ആരോഗ്യമേഖലയില്‍ മികച്ച സേവനമാണ് ഇവരുടെ ഫൗണ്ടേഷൻ കാഴ്ച വെക്കുന്നത്. രാജ്യങ്ങളെയും സമ്പന്നരായ വ്യക്തികളെയും കൂടി തങ്ങളുടെ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ ഇവര്‍ ശ്രദ്ധിക്കാറുണ്ട്.

മലപ്പുറം: നാടിനെ നടുക്കിയ മേലാറ്റൂര്‍ കൊലപാതകത്തിന് പിന്നില്‍ പിതൃസഹോദരന്റെ പണത്തിനോടുള്ള ആര്‍ത്തിയെന്ന് തിരിച്ചറിഞ്ഞു. ഒന്‍പത്കാരനെ തട്ടിക്കൊണ്ട് പോയ ശേഷം കുട്ടിയുടെ പിതാവും തന്റെ സഹോദരനുമായ അബ്ദുല്‍സലാമിന്റെ കൈയ്യിലുള്ള മൂന്ന് കിലോ സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. എന്നാല്‍ അത്രയും സ്വര്‍ണമോ പണമോ സലാമിന്റെ കൈകളില്‍ ഉണ്ടായിരുന്നില്ല. സ്വര്‍ണം തട്ടിയെടുക്കാന്‍ കഴിയില്ലെന്ന് മനസിലായതോടെ കുറ്റകൃത്യം മറച്ചു പിടിക്കാന്‍ കുട്ടിയെ ആനക്കയം പാലത്തില്‍ നിന്ന് താഴെക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകം നടത്തുന്നതിന് മുന്‍പ് ഇയാള്‍ കുട്ടിയുമായി സിനിമാ തീയേറ്ററിലും ബിരിയാണി ഹട്ടിലുമൊക്കെ സന്ദര്‍ശനം നടത്തിയിരുന്നു. കുട്ടി തട്ടിക്കൊണ്ടു പോകല്‍ തിരിച്ചറിയാതിരിക്കാനാണ് സിനിമാ കാണിക്കാന്‍ കൊണ്ടുപോയതെന്നാണ് വിവരം. എടയാറ്റൂര്‍ മങ്കരത്തൊടി അബ്ദുല്‍സലാം ഹസീന ദമ്പതികളുടെ മകനും എടയാറ്റൂര്‍ ഡിഎന്‍എം എയുപി സ്‌കൂള്‍ വിദ്യാര്‍ഥിയുമായ മുഹമ്മദ് ഷഹിനെ ഈ മാസം പതിമൂന്നിനാണ് കാണാതാവുന്നത്. പിതൃസഹോദരന്‍ കൂടിയായ എടയാറ്റൂര്‍ മങ്കരത്തൊടി മുഹമ്മദാണ് ഷഹീനിനെ സ്‌കൂളില്‍ നിന്ന് ബൈക്കില്‍ കൊണ്ടുപോയത്. തുടര്‍ന്ന് പല സ്ഥലങ്ങളിലായി രാത്രി ഉള്‍പ്പെടെ കറങ്ങിയ ശേഷം കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

കുട്ടിയെ പുഴയില്‍ എറിഞ്ഞശേഷം മരണം ഉറപ്പാക്കിയിട്ടാണ് മടങ്ങിയതെന്ന് മുഹമ്മദ് പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. കുട്ടിയെ ബൈക്കില്‍ കയറ്റുകയാണെന്ന് ഭാവിച്ച് ഉയര്‍ത്തിയശേഷം ആനക്കയം പാലത്തില്‍നിന്ന് പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഷഹീനിന്റെ മൃതദേഹം ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

ആം ആദ്മി പാര്‍ട്ടി എം.പി ശ്രി സഞ്ജയ് സിംഗ് തന്റെ എം.പി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ പ്രളയ ദുരന്തത്തിനിരയായ എറണാകുളം ജില്ലയിലെ കുന്നുകര ഗ്രാമത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും. ഡല്‍ഹി സര്‍ക്കാരിന്റെ വിഹിതമായി 10 കോടി രൂപയും, കേരള ജനതയുടെ ദുരിതങ്ങള്‍ അവിടെയുള്ള ജനങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനായി പത്ര പരസ്യം നല്‍കുകയും അതുവഴി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ ആഹ്വാനവും ചെയ്തിരുന്നു.

എംഎല്‍എമാരും എംപിമാരും ഒരു മാസത്തെ ശമ്പളവും സര്‍ക്കാര്‍ ജീവനക്കാരോട് രണ്ടുദിവസത്തെ ശമ്പളവും സംഭാവന നല്‍കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള സോംനാഥ് ഭാരതി എംഎല്‍എ അടിയന്തര സാഹചര്യം കണക്കിലെടുത്ത് അവശ്യസാധനങ്ങള്‍ വിമാനമാര്‍ഗം തിരുവനന്തപുരത്ത് എത്തിക്കുകയും അത് ഏറ്റവും ദുരിതം അനുഭവിക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തിലെ നിവാസികള്‍ക്ക് കൈമാറുന്നതിനായി അവിടെ എത്തുകയും ചെയ്തിട്ടുണ്ട്.

ഡല്‍ഹി ജങ്ക്പുര മണ്ഡലത്തിലെ എംഎല്‍എ ശ്രീ പ്രവീണ്‍കുമാര്‍ എംഎല്‍എ ഫണ്ടില്‍നിന്നും ഒരു കോടി രൂപ നല്‍കിയിട്ടുണ്ട്. കൂടാതെ കേരളത്തിലെ ഒരു പ്രദേശം ദത്തെടുത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ എംപി ഫണ്ട് വിനിയോഗിക്കാനുള്ള സഞ്ജയ് സിംഗ് എംപിയുടെ തീരുമാനം. ഇതുവഴി കേരളത്തിലെ ഒരു മാതൃകാ ഗ്രാമമായി കുന്നുകര പ്രദേശത്തെ മാറ്റുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇന്ത്യാമഹാരാജ്യത്തെ എല്ലാ എം.പി മാരും എംഎല്‍എമാരും ഈ മാതൃക പിന്തുടരുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു.

മലയാളികളെ രൂക്ഷമായി അധിക്ഷേപിച്ച് അർണാബ് ഗോസ്വാമി. കഴിഞ്ഞ ദിവസം റിപ്പബ്ലിക്ക് ചാനലിൽ നടന്ന അന്തിച്ചർച്ചയിലാണ് മലയാളികളെ അധിക്ഷേപിച്ച് ചാനൽ ഉടമയും വാർത്താ അവതാരകനുമായ അർണാബ് രംഗത്ത് വന്നത്. ഇന്ത്യയിലെ ഏറ്റവും നാണമില്ലാത്ത വർഗ്ഗമാണ് മലയാളികൾ എന്നായിരുന്നു ചർച്ചയിൽ അർണാബിൻ്റെ പരാമർശം. സംഭവം പ്രചരിച്ചതോടെ മലയാളികൾ റിപ്പബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജിൽ പ്രതിഷേധമറിയിച്ചു തുടങ്ങിയിട്ടുണ്ട്.

‘ഫ്ലഡ്എയ്ഡ്ലൈ’ എന്ന വിഷയത്തിലായിരുന്നു റിപ്പബ്ലിക്ക് ടിവിയിലെ ചർച്ച. യുഎഇയിൽ നിന്നുള്ള ധനസഹായവും മറ്റുമായി ബന്ധപ്പെട്ട് മലയാളികൾ കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും അവർക്കതു കൊണ്ട് എന്താണ് ലഭിക്കുന്നതെന്നും അയാൾ ചോദിച്ചു. “ഈ വർഗം നാണം കെട്ടവരാണ്. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നാണം കെട്ട ഒരു കൂട്ടം ആളുകളാണിവർ. അവർ കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നു. അതുകൊണ്ട് അവർക്കെന്താണ് ലഭിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. സ്വന്തം രാജ്യത്തെ അപമാനിക്കുന്നതിന് അവർക്ക് പണം ലഭിക്കുന്നുണ്ടോ? ആരാണവർക്ക് പണം നൽകുന്നത്?”- ഇങ്ങനെയായിരുന്നു ചർച്ചയിൽ അർണാബിൻ്റെ പരാമർശം.

പ്രളയത്തിൽ മുങ്ങിയ വീടിനു സമീപം താമസിക്കുന്ന ബന്ധുക്കൾക്ക് ഭക്ഷണം നൽകി മടങ്ങുന്നതിനിടെ വള്ളം മറിഞ്ഞു കാണാതായ രണ്ടു യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വെളിയനാട് മുല്ലശേരിൽ ബാബുവിന്‍റെ മകൻ ബിബിൻ ബാബു(18)വിന്‍റെ മൃതദേഹമാണ് കാവാലത്തു നിന്നും കണ്ടെത്തിയത്. ചങ്ങനാശേരി എസ്ബി കോളജിലെ ബിരുദ വിദ്യാർഥിയായിരുന്നു ബിബിൻ.

വെളിയനാട് മുല്ലശേരിൽ മാത്യുവിന്‍റെ മകൻ ടിബി(26)ന് വേണ്ടി തെരച്ചിൽ തുടരുകയാണ്.  വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ബന്ധുക്കൾക്ക് ഭക്ഷണം നൽകി മടങ്ങുന്നതിനിടെ ബന്ധുക്കളായ മൂവർ സംഘം സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. ഇരുവർക്കും ഒപ്പമുണ്ടായിരുന്ന മുല്ലശേരിൽ ജിറ്റോ (32) നീന്തി രക്ഷപെട്ടിരുന്നു.

ചീരഞ്ചിറ ചന്പന്നൂർ ജോളി ജോസഫിന്‍റെ വീട്ടിലാണ് അപകടത്തിൽപെട്ടവർ ഉൾപ്പടെ മൂന്ന് കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. ജോളിയുടെ ഭാര്യ മോളിയുടെ സഹോദര·ാരുടെ മക്കളാണ് അപകടത്തിൽ പെട്ടത്. കാണാതായ ടിബിൻ ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

പ്രളയത്തിനിടെ മലപ്പുറം മേലാറ്റൂരിൽ ഒൻപതുവയസ്സുകാരനെ പുഴയില്‍ എറിഞ്ഞുകൊന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുട്ടിയുടെ പിതൃസഹോദരന്‍ മങ്കരത്തൊടി മുഹമ്മദ് ആണ് അറസ്റ്റിലായത്. കൊല സ്വർണം കൈക്കലാക്കാനാണെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും.

മലപ്പുറം എടയാറ്റൂരില്‍നിന്ന് ഈ മാസം പതിമൂന്നിനാണ് മുഹമ്മദ് ഷഹീനെ കാണാതായത്. കഴിഞ്ഞ ദിവസമാണ് ഷഹീനെ പുഴയില്‍തള്ളിയിട്ടുകൊന്നതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പിതൃസഹോദരന്‍ കസ്റ്റഡിയിലെടുത്തിരുന്നു.

കുട്ടിയുടെ പിതാവില്‍നിന്ന് പണം തട്ടാനാണ് തട്ടിക്കൊണ്ടുപോയതെന്നും ആനക്കയം പാലത്തിൽ കൊണ്ടുപോയി കുട്ടിയെ താഴേക്കിടുകയായിരുന്നു എന്നുമാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. ഷഹീനു വേണ്ടി ആനക്കയം പുഴയില്‍തിരച്ചിൽ തുടരുകയാണ്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനു കുട്ടിയെ തന്ത്രപൂർവം ആനക്കയത്തേക്ക് കൂട്ടിക്കൊണ്ടു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഷെഹീനെ കാണാനില്ലെന്ന വിവരം മാധ്യമങ്ങളിൽ വന്നതോടെ ഭയന്ന പ്രതി കുട്ടിയെ പുഴയിൽ തള്ളിയിട്ടു കൊല്ലുകയായിരുന്നു.

കാണാതായ സ്ഥലത്തുനിന്നും 16 കിലോമീറ്റർ മാറി തറവാടുവീടിനടുത്തു വെച്ചാണ് കുട്ടിയുടെ യൂണിഫോമും ബാഗും കണ്ടെത്തിയത്.

മഹാപ്രളയത്തിൽ ബുദ്ധിമുട്ടുന്ന കേരളത്തിന് സഹായവുമായി അമേരിക്കന്‍ ടെക് കമ്പനിയായ ആപ്പിൾ രംഗത്തെത്തി‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് ഏഴുകോടി രൂപയാണ് കമ്പനി സഹായം പ്രഖ്യാപിച്ചത്. ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന് പൂർണപിന്തുണയും ആപ്പിൾ പ്രഖ്യാപിച്ചു.

‘കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ വേദനയുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏഴ് കോടി രൂപ സംഭാവനയായി നൽകുന്നു. വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും സ്‌കൂളുകൾ പുനര്‍നിര്‍മ്മിക്കാനും ദുരിതത്തിലകപ്പെട്ടവരെ സഹായിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കുന്നു.’ ആപ്പിള്‍ പ്രസ്താവനയില്‍ പറയുന്നു.
അതുകൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനായി ഉപയോക്താക്കള്‍ക്കായി ഐ ട്യൂണ്‍സിലും ആപ് സ്റ്റോറിലും ഡൊണേഷന്‍ ബട്ടണുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. ഉപയോക്താക്കള്‍ക്ക് അഞ്ച് ഡോളര്‍ മുതല്‍ 200 ഡോളര്‍ വരെ ഡൊണേഷന്‍ ബട്ടണുകള്‍ വഴി സംഭാവന നല്‍കാം.

പ്രളയക്കാഴ്ചകളുടെ ദൃശ്യങ്ങൾ ഏറെ ഉലച്ചത് പ്രവാസികളെയായിരുന്നു. പ്രാർഥനകളും സഹായങ്ങളുമായി അവർ േകരളത്തിനൊപ്പം നിലകൊണ്ടു. സമൂഹമാധ്യമങ്ങളായിരുന്നു അവരുടെ കൺട്രോൾ റൂമുകൾ. ഫെയ്സ്ബുക്കില്‍ ഒരു ഫണ്ട് റൈസിങ്ങ് ക്യാംപെയിനിലൂടെ എട്ട് ദിവസത്തിനുള്ളില്‍ 10.5 കോടിയോളം രൂപയാണ് ഇവർ സ്വരൂപിച്ചത്.
അരുണ്‍ നെല്ല, അജോമോന്‍ എന്നിവരുടെ നേതൃത്വത്തിൽ ചിക്കാഗോയില്‍ നിന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് ഇൗ ഫണ്ട് സ്വരൂപിച്ചത്. ചിക്കാഗോയിൽ ഇൗ ചെറുപ്പക്കാരുടെ നീക്കത്തിന് സോഷ്യൽ ലോകത്ത് വലിയ കയ്യടി. പിന്നാലെ മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.ശിവശങ്കര്‍ ഐ.എ.എസ് ഇരുവരേയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തു.
കേരളത്തില്‍ വന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നമ്മുടെ നന്ദി സ്വീകരിക്കണമെന്നും അത് നമുക്ക് സന്തോഷമാകുമെന്നും കത്തില്‍ പറയുന്നു. അവരെത്തിയാല്‍ ഇവിടെയുള്ള സ്റ്റാര്‍ട്ട് അപ്പുകളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്നും കത്തില്‍ പറയുന്നുണ്ട്.
ഫണ്ട് റൈസിങ്ങ് ക്യാംപെയിൻ അവസാനിപ്പിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ച ശേഷം ക്യാംപെയിൻ ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണ്. മലയാളികളില്‍ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ നിന്നുമാണ് ഏറെയും സംഭാവന കിട്ടിയിരിക്കുന്നത്. ‘കേരള ഫ്ലഡ് റിലീഫ് ഫണ്ട് ഫ്രം യു.എസ്.എ’ എന്ന പേരിലാണത് നല്‍കുക.

RECENT POSTS
Copyright © . All rights reserved