സഭാ നടപടികൾ വിഷമിപ്പിക്കുന്നെന്ന് കന്യാസ്ത്രീകൾ. സത്യത്തിനുവേണ്ടി നിൽക്കുന്നവരെ എന്തിനാണ് സഭ ക്രൂശിക്കുന്നത്. പ്രതികാരനടപടികൾ പ്രതീക്ഷിക്കുന്നുണ്ടെന്നും നടപടികൾ ഉണ്ടായാൽ പ്രതിഷേധിക്കുമോയെന്നു അപ്പോൾ തീരുമാനിക്കുമെന്നും സിസ്റ്റര്‍ അനുപമ കുറവിലങ്ങാട്ട് പറഞ്ഞു.
കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച പുരോഹിതനെതിരെ നടപടി സ്വീകരിച്ചു. യൂഹാനോന്‍ റമ്പാനെ യാക്കോബായ സഭ പൊതുപരിപാടികളില്‍ നിന്ന് വിലക്കി. വിലക്ക് ലംഘിച്ചാല്‍ അച്ചടക്കനടപടിയുണ്ടാകുമെന്ന് താക്കീതും നൽകി. പാത്രിയാര്‍ക്കീസ് ബാവയുടെ നിര്‍ദേശപ്രകാരമാണ് നടപടി. റമ്പാന്‍ന്മാര്‍ ദയറകളില്‍ പ്രാര്‍ഥിച്ചുകഴിയേണ്ടവരാണെന്ന് സഭാനേതൃത്വം അറിയിച്ചു.
കന്യാസ്ത്രീസമരത്തെ പിന്തുണച്ച മാനന്തവാടി രൂപതയിലെ സിസ്റ്റർ ലൂസി കളപ്പുരക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു. പ്രാര്‍ഥന, ആരാധന, കുര്‍ബാന എന്നീ ചുമതലകളില്‍ നിന്ന് വിലക്കി. സന്യാസി സമൂഹത്തിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് ഇടവക വികാരിയാണ് നടപടിയെടുത്തതെന്നാണ് രൂപതയുടെ വിശദീകരണം.
എഫ്.സി.സി സന്യാസസമൂഹത്തിന്റെ സെന്റ് മേരീസ് പ്രൊവിൻസ് അംഗമാണ് സിസ്റ്റർ ലൂസി കളപ്പുര. മാനന്തവാടി രൂപതയുടെ കീഴിലെ കാരക്കാട് മഠത്തിലായിരുന്നു പ്രവർത്തനം . കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തിയ സമരത്തിന് സിസ്റ്റർ ലൂസി സജീവപിന്തുണ നൽകിയിരുന്നു. സഭയെ വിമർശിച്ചു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുകയും പരസ്യ പ്രതികരണം നടത്തുകയും ചെയ്തിരുന്നു. വേദപഠനം, വിശുദ്ധകുർബാന പകർന്നു നൽകൽ ആരാധനാ പങ്കാളിത്തം എന്നിവയിൽ നിന്നും വിലക്കിയതായി മദർ സുപ്പീരിയർ ആണ് ഇന്ന് രാവിലെ സിസ്റ്ററിനെ അറിയിച്ചത്.
താൻ ചെയ്ത തെറ്റ് എന്താണെന്ന് അധികാരികൾ വ്യക്തമാക്കണമെന്ന് സിസ്റ്റർ ലൂസി പ്രതികരിച്ചു.
സിസ്റ്ററിനെതിരെ തങ്ങൾ യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് മാനന്തവാടി രൂപത അറിയിച്ചു. സന്യാസി സമൂഹത്തിന്റെ നിയമങ്ങൾക്കു വിരുദ്ധമായി നേരത്തെ തന്നെ സിസ്റ്റർ പ്രവർത്തിച്ചിരുന്നെന്നും ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു ഇടവക വികാരിയാണ് നടപടിയെടുത്തതെന്നുമാണ് രൂപതയുടെ വിശദീകരണം.
താൻ ബിജെപിയിൽ ചേർന്നെന്ന വാദം തെറ്റാണെന്ന് തുറന്ന് പറഞ്ഞുകൊണ്ട് ഫാദർ മാത്യു മണവത്ത് രംഗത്തെത്തിയപ്പോൾ തനിക്ക് ബിജെപിയുമായി അടുപ്പമുണ്ടെന്ന് വ്യക്തമാക്കി ഫാ. ഗീവർഗീസ് കിഴക്കേടത്ത്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളെ കൊന്നിട്ടുളള തികഞ്ഞ നിരീശ്വരവാദവും ഭൗതീകവാദവും ഉളള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വൈദികരുള്‍പ്പെടെയുളള ക്രിസ്ത്യാനിക്ക് ചേരാമെങ്കില്‍ മൃദുഹിന്ദുത്വം ആരോപിക്കപ്പെടുന്ന കോൺഗ്രസിൽ ചേരാമെങ്കില്‍ എന്തുകൊണ്ട് എനിക്ക് ബിജെപി ആയിക്കൂടായെന്നും വൈദികൻ ചോദിക്കുന്നത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവി ആണെന്ന് പറഞ്ഞാല്‍ തന്നെ പളളിയില്‍ നിന്ന് മഹറോന്‍ ചൊല്ലും ചത്താല്‍ കുഴിച്ചിടാന്‍ പോലും സെമിത്തേരിയിലിടം ഇല്ലാത്ത സ്ഥിതി ഇവിടെ ഉണ്ടായിരുന്നു. ഇന്ന് വൈദീകര്‍ പലരും രഹസ്യവും പരസ്യവുമായി കമ്മ്യൂണിസ്റ്റ് ആണ്. രാജ്യത്തെ വര്‍ഗീയ കൊലപാതങ്ങളുടെ കണക്ക് എടുത്താല്‍ സിക്ക് കലാപം അടക്കം കൊങ്ങിയും ചെയ്തിട്ടുണ്ട് വര്‍ഗീയത അല്ലാത്ത കൊലപാതകം കമ്മിയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോളത്തെ ട്രെന്‍റ് ഏതെങ്കിലും ദളിത് ,പശു, തുടങ്ങി വടക്കേണ്ഡ്യയിലെന്ത് കൊല നടന്നാലും അതെല്ലാം ബി ജെ പിയുടെ തലയില്‍ വക്കുകയെന്നാണ്. എനിക്ക് എന്‍റെ വിശ്വാസം കളയാതെ തന്നെ ബി ജെ പി ആകാം. അത് സഹിക്കാത്തവരുണ്ടങ്കില്‍ നാല് തെറി പറഞ്ഞ് അണ്‍ഫ്രെണ്ട് ചെയ്തോളൂ. എന്‍റെ തീരുമാനം ഉറച്ചത് തന്നെ ആണെന്ന് വൈദികന്‍ വിശദമാക്കുന്നു.
ബ്രിട്ടീഷുകാരുടെ കാലത്ത് കോണ്‍ഗ്രസില്‍ ചേരുന്നത് അപമാനവും രാജ്യത്തോട് ചെയ്യുന്ന ദ്രോഹവും ആണ് എന്ന് പഠിപ്പിച്ചിരുന്നൂ മുഹമ്മദാലി ജിന്ന. സായിപ്പ് രാജ്യം വിട്ടപ്പോള്‍ എല്ലാവര്‍ക്കും കോണ്‍ഗ്രസ് അഭിമാനം ആയി അതിലേയ്ക്ക് അധികാരം മോഹിച്ചൊഴുക്കായി. വൈദികൻ ഫേസ്ബുക്ക് കുറിപ്പൽ വ്യക്തമാക്കി.
നേരത്തെ ബിജെപിയില്‍ താന്‍ അംഗത്വമെടുത്തതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫാ. മാത്യു മണവത്ത് രംഗത്തെത്തിയിരുന്നു. ബിജെപി കേരളയെന്ന ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും വിവരം തെറ്റായിട്ടാണ് നല്‍കിയിരിക്കുന്നതെന്ന് ഫാ.മാത്യു മണവത്ത് ചൂണ്ടിക്കാണിച്ചിരുന്നു.
കോട്ടയം: കന്യാസ്ത്രീ പീഡനക്കേസിന്റെ തെളിവെടുപ്പ് ഇന്ന് ആരംഭിക്കും. പ്രതിയായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പീഡനം നടന്ന കുറവിലങ്ങാട് മഠത്തിലെത്തിച്ചായിരിക്കും തെളിവെടുപ്പ്. നിലവില്‍ പരാതിക്കാരി ഉള്‍പ്പെടെ മഠത്തില്‍ താമസിക്കുന്ന എല്ലാവരെയും മാറ്റിയ ശേഷമായിരിക്കും തെളിവെടുപ്പ്. മഠത്തിലെ 20ാം നമ്പര്‍ മുറിയില്‍ വെച്ചാണ് ഫ്രാങ്കോ പീഡനത്തിന് ഇരയാക്കിയതെന്ന് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നുണ്ട്. ഈ മുറിയിലായിരിക്കും തെളിവെടുപ്പ് നടക്കുക.
നാളെ ഉച്ചവരെയാണ് ഫ്രാങ്കോയെ പോലീസ് കസ്റ്റഡിയില്‍ തുടരാന്‍ കോടതി അനുവദിച്ചിരിക്കുന്നത്. അതിനാല്‍ എത്രയും വേഗത്തില്‍ തെളിവെടുപ്പ് നടത്താനായിരിക്കും പോലീസ് ശ്രമിക്കുക. കുറവിലങ്ങാട് മഠത്തിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്.
പീഡനം നടന്ന 2014 2016 കാലയളവില്‍ ബിഷപ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, ലാപ്‌ടോപ് എന്നിവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഫോണ്‍ ലഭിച്ചാല്‍ കൂടുതല്‍ ശാസ്ത്രീയ രേഖകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം നാളെ ഉച്ചയ്ക്ക് ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കേണ്ടി വരും. നാളെ ജാമ്യ ഹരജി കോടതി പരിഗണിക്കാനാണ് സാധ്യത. പോലീസ് ക്ലബില്‍ നിന്ന് ഫ്രാങ്കോയുമായി അന്വേഷണ സംഘം കുറവിലങ്ങാടേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തിനിടെ മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടു. വഞ്ചിയുടെ തൂണുതകര്‍ന്ന് മുതുകിന് സാരമായ പരുക്കേറ്റെന്ന് അഭിലാഷ് അടിയന്തരസന്ദേശമയച്ചു. ആധുനിക സംവിധാനങ്ങളൊന്നുമില്ലാതെ സാധാരണ പായ്‍വഞ്ചിയിലാണ് അഭിലാഷ് സഞ്ചരിക്കുന്നത്.
ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പരുക്കേറ്റ അഭിലാഷ് ടോമിയുടെ പുതിയ സന്ദേശമെത്തി, ഗുരുതര പരുക്കുണ്ടെന്നും സാറ്റലൈറ്റ് ഫോണ്‍ സജീവമാണെന്നും സന്ദേശം. കണ്ടെത്താന്‍ വിപുലമായ തിരച്ചില്‍. നാവികസേനയുടെ ഐഎന്‍എസ് സത്പുരയും തിരച്ചിലിന്
എഴുന്നേല്‍ക്കാന്‍ പ്രയാസമുള്ള അവസ്ഥയിലാണെന്നാണ് ഇന്നുരാവിലെ അയച്ച സന്ദേശത്തിലുമുള്ളത്. അഭിലാഷിനെ കണ്ടെത്താന്‍ ഗോള്‍ഡന്‍ ഗ്ലോബ് സംഘാടകരും ഓസ്ട്രേലിയന്‍ റെസ്ക്യൂ കോർഡിനേറ്റിംഗ് സെന്ററും വിപുലമായ തിരച്ചില്‍ നടത്തിവരികയാണ്. ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സത്പുര കപ്പലും രാവിലെ തിരച്ചിലിന് പുറപ്പെട്ടു. അഭിലാഷിന്റെ വഞ്ചിയിലുള്ള സാറ്റലൈറ്റ് ഫോണ്‍ സജീവമാക്കിയിട്ടുണ്ട്. ഇതുവഴി വഞ്ചി എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയും.
പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. പായ്‌വഞ്ചിയുടെ കഴ തകർന്നെന്നും മുതുകിന് പരുക്കേറ്റെന്നും സന്ദേശത്തിൽ പറയുന്നു. സാറ്റലൈറ്റ് ഫോൺ സജീവമാണെന്ന സന്ദേശം പിന്നാലെയെത്തി.
അഭിലാഷ് ടോമിയെ കണ്ടെത്തുന്നതിനായി ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഐഎൻഎസ് സത്പുര പുറപ്പെട്ടു. ഓസ്ട്രേലിയൻ റെസ്ക്യു കോർഡിനേറ്റിങ് സെന്ററിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടക്കുന്നത്. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തില്‍ പെട്ടത്.
ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്. അറ്റ്‌ലാന്റിക് സമുദ്രവും ഇന്ത്യന്‍ മഹാസമുദ്രവും സംഗമിക്കുന്ന പ്രതീക്ഷയുടെ മുനമ്പു പിന്നിട്ട് കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ പായ്വഞ്ചി ‘തുരിയ’, ഇന്ത്യന്‍ നാവികസേനയുടെ തട്ടകമായ ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയിരുന്നു. ഒറ്റയ്ക്ക്, ഒരിടത്തും നിര്‍ത്താതെ കടലിലൂടെ ലോകം ചുറ്റി തുടങ്ങിയിടത്തു തിരിച്ചെത്തുകയാണു ലക്ഷ്യം. മല്‍സരത്തില്‍ പങ്കെടുക്കുന്ന 18 പായ്‌വഞ്ചികളില്‍, ഫ്രാന്‍സില്‍നിന്നുള്ള വെറ്ററന്‍ നാവികന്‍ ജീന്‍ ലുക് വാന്‍ ഡെന്‍ ഹീഡാണ് ഒന്നാമത്. 50 വര്‍ഷം മുന്‍പത്തെ കടല്‍ പര്യവേക്ഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ചു സംഘടിപ്പിക്കുന്ന പ്രയാണത്തില്‍, ഏഴുപേര്‍ ഇടയ്ക്കു പിന്മാറിയതോടെ അഭിലാഷ് ഉള്‍പ്പെടെ 11 പേരാണു മല്‍സരരംഗത്തു ബാക്കി.
ഗോള്‍ഡന്‍ ഗ്ലോബ് റേസിലെ വേഗറെക്കോര്‍ഡിനും അഭിലാഷ് അര്‍ഹനായിരുന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 194 മൈല്‍ ദൂരം പിന്നിട്ടാണ് അഭിലാഷ് റെക്കോര്‍ഡിട്ടത്. ഇത്രയും വേഗം കൈവരിക്കുന്ന ആദ്യ നാവികനാണ് അഭിലാഷ്. കനത്ത ഒഴുക്കിനും അപകടകരമായ തിരമാലകള്‍ക്കും കുപ്രസിദ്ധമായ കേപ് ഓഫ് ഗുഡ് ഹോപ് പിന്നിട്ട അഭിലാഷ്, പായ് വഞ്ചിക്ക് ഇടയ്ക്കുണ്ടായ ചെറിയ തകരാര്‍ പരിഹരിച്ചുവരുന്നതായി സംഘാടകരെ റേഡിയോ മുഖാന്തരം അറിയിച്ചിരുന്നു. ഭക്ഷണമായി കരുതിയിരുന്ന പോപ് കോണ്‍ തീരുകയാണെന്നും വഞ്ചിയില്‍ പരിമിതമായി സൂക്ഷിച്ചിട്ടുള്ള മറ്റു ഭക്ഷണവസ്തുക്കള്‍ ഉപയോഗിച്ചുതുടങ്ങാതെ മാര്‍ഗമില്ലെന്നുമാണു സന്ദേശം.
കേരളത്തില്‍നിന്നുള്ള തടിയും വിദേശനിര്‍മിത പായകളും ഉപയോഗിച്ചു ഗോവയിലെ അക്വാറിസ് ഷിപ്യാഡിലാണു തുരിയ ‘പായ്‌വഞ്ചി’ നിര്‍മിച്ചത്. ഉപനിഷത്തില്‍നിന്നാണു ‘തുരിയ’ എന്ന പേരു കണ്ടെത്തിയത്. ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നിവ കഴിഞ്ഞുള്ള നാലാമത്തെ അവസ്ഥയാണു തുരീയം. മുനിമാരുടെ ബോധതലം – ഞാനെന്ന ഭാവം ഉപേക്ഷിക്കപ്പെട്ടു സമ്പൂര്‍ണ സമത കൈവരുന്ന അവസ്ഥയെന്നാണു ‘തുരിയ’ അര്‍ഥമാക്കുന്നത്.
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് മുന്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു പോലീസ് നടപടി. എന്നാല്‍ അറസ്റ്റിന് പിന്നാലെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ബിഷപ്പിനെ പ്രസ് ക്ലബിലേക്കും പിന്നീട് പതിനൊന്നുമണിയോടെ പാലാ കോടതിയില്‍ ഹാജരാക്കും. ഫ്രാങ്കോയ്ക്ക് വേണ്ടി ജാമ്യഹരജി സമര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയായതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്. അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോപിച്ചു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ ബിഷപ്പിനെ കസ്റ്റഡിയില്‍ നല്‍കേണ്ടതില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
മുന്‍കൂട്ടി തയ്യാറാക്കിയ 150 ചോദ്യങ്ങള്‍ക്കും അതിന്റെ അനുബന്ധ ചോദ്യങ്ങള്‍ക്കും ഫ്രാങ്കോയുടെ മറുപടി കേട്ടതിന് ശേഷമാണ് അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കൂടാതെ ഫ്രാങ്കോ ചോദ്യം ചെയ്യലിനോട് പ്രതികരിക്കുന്ന രീതിയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. നടി ആക്രമണ കേസില്‍ നടന്‍ ദിലീപിനെ സമാന രീതിയിലാണ് ചോദ്യം ചെയ്തത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ വലിയ സംഘം തന്നെ തൃപ്പൂണിത്തറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലുണ്ടായിരുന്നു.
മലപ്പുറം: മലപ്പുറത്ത് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് വാതകച്ചോര്‍ച്ച. പാണമ്പ്രയിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ മൂന്നരയോടെ പാണമ്പ്ര വളവില്‍ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നു. പിന്നാലെ ടാങ്കറില്‍ നിന്ന് വാതകച്ചോര്‍ച്ച ആരംഭിച്ചു. ഇതോടെ അരക്കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിച്ചു. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോകുയായിരുന്ന ടാങ്കറാണ് മറിഞ്ഞത്.
പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് വീടുകളില്‍ അടുപ്പുകള്‍ കത്തിക്കരുതെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് നടത്തിയാണ് ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
വാതകം ചോരുന്നതിനാല്‍ ദേശീയപാതയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കാക്കഞ്ചേരി, ചേലേമ്പ്ര എന്നിവടങ്ങളില്‍ വാഹനം തടഞ്ഞ് വഴിതിരിച്ചുവിടുകയാണ്. ഐഒസിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ വാതകചോര്‍ച്ച അടയ്ക്കാനായി മറ്റൊരു ടാങ്കറിലേക്ക് വാതകം മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി. ബിഷപ്പിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് സിബിസിഐ അധ്യക്ഷന്‍ വ്യക്തമാക്കി. തന്നെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്ക്കാലികമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഡല്‍ഹിയിലുള്ള വത്തിക്കാന്‍ സ്ഥാനപതി മുഖേന മാര്‍പാപ്പയ്ക്ക് കത്ത് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി കേരളത്തിലേക്ക് പോകുന്നതിനാല്‍ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. ഈ കത്ത് പരിഗണിച്ചാണ് മാര്‍പാപ്പയുടെ തീരുമാനം എന്നാണ് വിവരം. മുംബൈ അതിരൂപത മുന്‍ സഹായമെത്രാന്‍ ആഗ്നെലോ റൂഫിനൊ ഗ്രേഷ്യസിനാണ് ജലന്ധര്‍ രൂപതയുടെ പകരം ചുമതല നല്‍കിയിരിക്കുന്നത്.
ഇതിനിടെ കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമ തടസമില്ലെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലും ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമ തടസമില്ല. അന്വേഷണസംഘം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നോ നാളെയോ തീര്‍ച്ചയായും തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തില്‍ ഡ്യൂട്ടിയില്‍ നില്‍ക്കുന്ന ഒരു പൊലീസുകാരന്‍ പട്ടാപ്പകല്‍ വഴിയാത്രക്കാരായ സ്ത്രീകളോട് മോശമായ രീതിയില്‍ പെരുമാറുന്ന ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചൊവ്വാഴ്ച കൊച്ചി തേവര ലൂര്‍ദ് പളളിയുടെ മുന്നിലാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനികള്‍ അടക്കം നടന്ന് പോകുമ്പോള്‍ അവരുടെ ശരീരത്തില്‍ ബോധപൂര്‍വ്വം ഉരസ്സുന്നതും തൊടുന്നതും കൃത്യമായി കാണാം.
എന്നാൽ ഇത് കണ്ടുകൊണ്ടിരുന്ന ആരോ ഒരാള്‍ മറഞ്ഞ് നിന്ന് എടുത്ത വീഡിയോ ഇപ്പോള്‍ എഫ്ബിയില്‍ പ്രചരിക്കുകയാണ്. ഈ പോലീസുകാരന്‍ മനപൂര്‍വമല്ല യാത്രക്കാരെ കൈകൊണ്ട് തട്ടുന്നതെന്ന വാദവും ഉയരുന്നുണ്ട്. എന്നാല്‍ ചില ദൃശ്യങ്ങളില്‍ മനപൂര്‍വമുള്ള തോണ്ടലാണെന്ന് വ്യക്തമാണ്.
എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
എത്രയും വേഗം ഷെയര്‍ ചെയ്യൂ.. ഈ പോലീസുകാരന്റെ ഞരമ്പുരോഗം കാണുക. അധികൃതരെ എത്രയും വേഗം നടപടി എടുക്കൂ.. 18. 9. 2018ല്‍ കൊച്ചി തേവര ലൂര്‍ദ് പള്ളിയുടെ മുന്നില്‍ ആണ് ഈ സംഭവം. കോളേജ് കുട്ടികള്‍ അടക്കം, സ്ത്രീകളുടെയും കയ്യില്‍ തൊടുകയും, ഉരസ്സുകയുമാണ് ഇയാള്‍ ചെയ്യുന്നത്. ഇതുപോലുള്ള ഓഫീസര്‍ മാര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കണം. നമ്മുടെ നല്ലവരായ പോലീസ് ഉദ്യാഗസ്ഥന്മാരെ ഇവരെ പോലുള്ള ഓഫീസര്‍ മാരാണ് പറയിപ്പിക്കുന്നത്.
കൊച്ചി: കന്യാസ്ത്രീ പീഡനക്കേസിലെ പ്രതി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് തൃപ്പൂണിത്തറയില്‍. നേരത്തെ വൈക്കം ഡി.വൈ.എസ്.പിയുടെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യുയെന്നായിരുന്നു സൂചന. എന്നാല്‍ തൃപ്പൂണിത്തറയിലെ ആധുനിക സജ്ജീകരണങ്ങളുള്ള കേന്ദ്രത്തിലേക്ക് പിന്നീട് മാറ്റുകയായിരുന്നു. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോദ്യം ചെയ്യല്‍ കേന്ദ്രത്തിന് അകത്തേക്ക് പ്രവേശനം ഉണ്ടാകില്ലെന്നാണ് സൂചന.
ഇന്നലെ ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഐ.ജി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ പങ്കെടുക്കും. വിദഗ്ദ്ധരടങ്ങിയ സംഘമാണ് ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. രാവിലെ 10 മണിക്ക് തന്നെ തൃപ്പൂണിത്തറയിലെ കേന്ദ്രത്തിലെത്താനാണ് ബിഷപ്പിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. തെളിവുകളെ ശക്തിപ്പെടുത്തുന്ന മൊഴി ബിഷപ്പില്‍ നിന്ന് ലഭിച്ചാല്‍ നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കാനാണ് സാധ്യത.
ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് അറസ്റ്റുണ്ടാകില്ലെന്നാണ് സൂചന. ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞശേഷം അറസ്റ്റ് മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാല്‍, അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളുമായി ബിഷപ്പിന്റെ മൊഴികള്‍ പൊരുത്തപ്പെട്ടാല്‍ ബുധനാഴ്ച അറസ്റ്റുചെയ്യാന്‍ തടസ്സമുണ്ടാകില്ലെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.
കൊച്ചി: കന്യാസ്ത്രീ പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മുന്‍കൂര്‍ ജാമ്യത്തിന് ബിഷപ്പ് ഫ്രാങ്കോ ശ്രമിക്കുന്നത്. കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവിരോധമാണെന്ന ആരോപണമായിരിക്കും ഫ്രാങ്കോ ഉന്നയിക്കുക.
ഇവര്‍ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയാണെന്നും ഇതിനെത്തുടര്‍ന്ന് പല തവണ ഇവരെ താന്‍ ശാസിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. തനിക്കെതിരെയുള്ള പീഡനാരോപണം കള്ളക്കഥയാണെന്നും ഫ്രാങ്കോ ആരോപിക്കുന്നു. പരാതിയില്‍ തന്റെ അറസ്റ്റ് ഒഴിവാക്കണമെന്നായിരിക്കും ഫ്രാങ്കോ കോടതിയോട് ആവശ്യപ്പെടുക. ഇതു കൂടാതെ കന്യാസ്ത്രീക്കെതിരെ മറ്റൊരു പരാതി കൂടി നല്‍കിയേക്കുമെന്നും വിവരമുണ്ട്.
കന്യാസ്ത്രീയുടെ ആദ്യമൊഴിയില്‍ പീഡനത്തെക്കുറിച്ച് പറയുന്നില്ല. കന്യാസ്ത്രീയുടെ കുടുംബാംഗങ്ങള്‍ ത്‌ന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫ്രാങ്കോ കോടതിയില്‍ പറയും. മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കാതെ ചോദ്യം ചെയ്യലിന് ഹാജരാകരുതെന്ന് ബിഷപ്പിന് നിയമോപദേശം ലഭിച്ചുവെന്നാണ് വിവരം. നാളെ രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. അതിനുമുമ്പ് ജാമ്യ ഹര്‍ജിയില്‍ തീരുമാനമുണ്ടാകണമെന്ന് ഇന്ന് സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെടും.