Kerala

തളിപ്പറമ്പ്: കണ്ണൂര്‍ കീഴാറ്റൂരില്‍ നെല്‍വയലുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വയല്‍ക്കിളി പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തിനിടെ സംഘര്‍ഷം. സമര സമിതിയുടെ പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വന്‍തോതില്‍ വയല്‍ നികത്തി ദേശീയപാതയ്ക്ക് ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ കര്‍ഷകരുടെ നേതൃത്വത്തില്‍ വയല്‍ക്കിളി കൂട്ടായ്മ സമരം തുടങ്ങിയിട്ട് നാളുകളായി. പദ്ധതി നടപ്പിലാക്കുന്നതിന് മുന്‍പ് കര്‍ഷകര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഗണിക്കുമെന്ന് നേരത്തെ സിപിഎം നേതാക്കള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഉറപ്പ് പാലിക്കപ്പെട്ടില്ല.

ഇന്ന് രാവിലെ റോഡ് നിര്‍മ്മാണം ആരംഭിക്കുന്നതിനാവശ്യമായ സന്നാഹങ്ങളുമായി കീഴാറ്റൂരിലെത്തിയ അധികൃതരെ കര്‍ഷകര്‍ തടഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സമര പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് സമരസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചത്. പോലീസിനൊപ്പം സമര സ്ഥലത്തെത്തിയ സിപിഎം പ്രവര്‍ത്തകരില്‍ ചിലര്‍ സമരപ്പന്തല്‍ കത്തിക്കുകയായിരുന്നു. സിപിഎം നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

പാര്‍ട്ടി നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് നിരവധി സിപിഎം പ്രവര്‍ത്തകരും സമരത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ സിപിഎം നടത്തിയ അതിക്രമത്തില്‍ വയല്‍ക്കിളി പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സ്ഥലം വിട്ടു നല്‍കാനുള്ള 58 പേരില്‍ 50 പേരും സമ്മത പത്രത്തില്‍ ഒപ്പിട്ടു നല്‍കിയതായി സിപിഎം അവകാശപ്പെടുന്നു. തുച്ഛമായ താങ്ങുവിലയുള്ള പ്രദേശങ്ങളിലെ സ്ഥലം മോഹവില നല്‍കി ഏറ്റെടുക്കുകയാണ് അധികൃതരെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ചെങ്ങന്നൂരില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎയുമായി സഹകരിക്കില്ലെന്നും തുഷാര്‍ പറഞ്ഞു. ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ലഭിക്കാതെ ബിജെപിയുമായി ഇനി സഹകരിക്കില്ലെന്നും എംപി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തുഷാര്‍ വ്യക്തമാക്കി.

എല്‍ഡിഎഫിലേക്ക് പോകണമെങ്കില്‍ ഒന്ന് മൂളിയാല്‍ മതി. മഅദ്‌നിയുമായി സഹകരിക്കാമെങ്കില്‍ എല്‍ഡിഎഫിന് ബിഡിജെഎസുമായും സഹകരിക്കാമെന്നും തുഷാര്‍ പറഞ്ഞു. ഒരു വിഭാഗം ബിജെപി നേതാക്കള്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണ്. ചില നേതാക്കള്‍ക്ക് വേണ്ടി തന്നെ ഉപയോഗിച്ചു. മറ്റുള്ളവരുടെ ശല്യം ഒഴിവാക്കാനാണ് ചില ആളുകള്‍ പാരവെച്ചത്.

ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ബിഡിജെഎസിന് ലഭിക്കരുതെന്ന് ഇവര്‍ക്ക് ആഗ്രഹമുണ്ടെന്നും അതിന്റെ ഫലമായാണ് താന്‍ എംപി സ്ഥാനം ചോദിച്ചുവെന്ന പ്രചാരണമെന്നും തുഷാര്‍ പറയുന്നു. താന്‍ പോയി എംപി സീറ്റ് ചോദിച്ചു എന്നു പറഞ്ഞാല്‍ സീറ്റ് മോഹികളായ ബിജെപി നേതാക്കള്‍ പിന്നോക്കം പോകുമല്ലോ. അതിനുവേണ്ടിയാണ് ഇത്തരം നീക്കങ്ങളെന്നും തുഷാര്‍ വ്യക്തമാക്കി.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. ആക്രമണത്തിനിടെ പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒഴികെയുള്ള തെളിവുകള്‍ പ്രതികള്‍ക്ക് കൈമാറാമെന്ന് കോടതി പറഞ്ഞു. നടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ നല്‍കാം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ദൃശ്യങ്ങള്‍ കൈമാറുന്ന കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.

കേസ് വിശദമായ വാദം കേള്‍ക്കുന്നതിനായി 28-ാം തിയതിയിലേക്ക് മാറ്റി. കഴിഞ്ഞ മാസമാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപ് കോടതിയെ സമീപിച്ചത്. സുപ്രധാനമായ പല രേഖകളും മൊഴികളും പൊലീസ് തന്നിട്ടില്ലെന്നും പൊലീസിന്റെ നടപടി ബോധപൂര്‍വമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു.

വിചാരണക്ക് പ്രത്യേക കോടതി അനുവദിക്കണമെന്ന് ആക്രമണത്തിന് ഇരയായ നടി ആവശ്യപ്പെട്ടു. വനിതാ ജഡ്ജിയെ വിചാരണയ്ക്കായി നിയമിക്കണമെന്നും രഹസ്യ വിചാരണ നടത്തണമെന്നും നടി നല്‍കിയ അപേക്ഷയില്‍ പറയുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തില്‍ പള്‍സര്‍ സുനിയും സംഘവും നടിയെ ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കാനിരിക്കെ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നു പോയ വേദനകളെയും കുറിച്ച് തുറന്നു പറയാനും പരാതി നല്‍കാനും തയ്യാറായ ഞങ്ങളുടെ സഹപ്രവര്‍ത്തക നീതി തേടി ഇന്ന് വിചാരണ കോടതിയുടെ മുന്നിലെത്തുകയാണ്. എന്തു തീരുമാനവും നീതി പൂര്‍വ്വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതി കിട്ടുമെന്നും പ്രത്യാശിക്കുന്നതായും സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നേരത്തെ വിചാരണ നടപടികള്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപ് നല്‍കി ഹര്‍ജി കോടതി തള്ളിയിരുന്നു.

ആരാണ് പ്രതിയെന്നും അവര്‍ക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ വ്യവസ്ഥയുമാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കേരളത്തെ നടുക്കിയ കേസിന്റെ വിചാരണാ നടപടികള്‍ ഇന്ന് ആരംഭിക്കും. വിചാരണ തുടങ്ങുന്ന സമയത്ത് എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി നിര്‍ദേശമുണ്ട്. എന്നാല്‍ അഭിഭാഷകര്‍ മുഖേന അവധി അപേക്ഷ നല്‍കാനുള്ള നീക്കം ദിലീപ് നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നടന്‍ ദിലീപ് ഉള്‍പ്പെടെ 12 പ്രതികളാണ് കേസിലുള്ളത്. ഇവരില്‍ പ്രധാന പ്രതികള്‍ ഇപ്പോഴും റിമാന്റില്‍ കഴിയുകയാണ്. കേസില്‍ രഹസ്യ വിചാരണ അനുവദിക്കുക, വനിതാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വിചാരണ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടിയുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരുന്നു. ഇത് കോടതി പരിഗണിക്കാനിരിക്കുകയാണ്. നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൈമാറണമെന്ന് ദിലീപിന്റെ ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്.

 

കൊച്ചി: സീറോ മലബാര്‍ സഭയിലെ വിവാദ ഭൂമിയിടപാടില്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ കാലതാമസം വന്നതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. പോലീസ് മേധാവി നേരിട്ടെത്തി കാരണങ്ങള്‍ ബോധിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ ഉത്തരവുണ്ടായിട്ടും എജിയുടെ ഉപദേശത്തിനായി കാത്തിരുന്നതിനുള്ള കാരണവും ഡിജിപി വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് കെമാല്‍ പാഷയുടെതാണ് നിര്‍ദേശം.

വിവാദ ഭൂമി ഇടപാട് നടത്തിയ ആലഞ്ചേരിക്കും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കുമെതിരെ പോലീസ് നടപടികള്‍ ആരംഭിക്കാന്‍ കോടതി നിര്‍ദേശിച്ച സമയത്തേക്കാള്‍ ആറ് ദിവസം വൈകിയിരുന്നു. ഈ കാലതാമസം ആരുടെ നിര്‍ദേശപ്രകാരമാണ് ഉണ്ടായിരിക്കുന്നതെന്ന് കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് കെമാല്‍ പാഷ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ നാളെ നേരിട്ട് ഹാജരായി വിശദികരണം നല്‍കണം. കേസ് നാളെ വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.

സഭ 27.15 കോടി രൂപ വില നിശ്ചയിച്ചിരുന്ന ഭൂമി വെറും 13.51 കോടി രൂപയ്ക്ക് വിറ്റുവെന്നാണ് ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കൂടാതെ ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംമ്പാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരിക്കുന്നത്. കുറ്റകരമായ ഗൂഢാലോചനക്ക് സെക്ഷന്‍ 120 ബി, വിശ്വാസവഞ്ചന, ചതി എന്നിവയ്ക്ക് ഐപിസി 406, 415 എന്നീ വകുപ്പുകളും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഉപ്പുതറ : സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരന് പ്രാഥമികചികിത്സ നല്‍കി ജീവന്‍ രക്ഷിച്ച മലയാളി നഴ്‌സുമാര്‍ക്ക് സൗദി സര്‍ക്കാരിന്റെ അംഗീകാരം.

ഉപ്പുതറ വാളികുളം കരോള്‍ ഫ്രാന്‍സിസിന്റെ ഭാര്യ എ.പി.ജോമോള്‍, എറണാകുളം സ്വദേശിനി നീനാ ജോസ് എന്നിവരെയാണ് സൗദി സര്‍ക്കാര്‍ പ്രശസ്തിപത്രം നല്‍കി അനുമോദിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ആറിന് കൊച്ചിയില്‍നിന്ന് ജിദ്ദയിലേക്കു പോയ സൗദി എയര്‍ലൈന്‍സിലെ യാത്രക്കാരന്‍ വാഴക്കാട് സ്വദേശി മുഹമ്മദിനാണ് (77) ദേഹാസ്വാസ്ഥ്യമുണ്ടായത്. വിവരം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇരുവരുംചേര്‍ന്നു പ്രാഥമികചികിത്സ നല്‍കി. തുടര്‍ന്ന് വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കി മുഹമ്മദിനെ ആശുപത്രിയിലാക്കി.

സൗദി കുന്‍ഷുദ ഗവ. ആശുപത്രിയിലെ നഴ്‌സുമാരാണ് ജോമോളും നീനാ ജോസും. അവധിക്കു വീട്ടിലെത്തി മടങ്ങുകയായിരുന്നു ഇരുവരും. മലയാളി നഴ്‌സുമാരുടെ സമയോചിതമായ ഇടപെടല്‍ കാരണം യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായ വിവരം എയര്‍ലൈന്‍സ് അധികൃതരാണ് സൗദി സര്‍ക്കാരിനെ അറിയിച്ചത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഷാമി അല്‍ അദിഖി ആശുപത്രിയിലെത്തി പ്രശസ്തിപത്രം നല്‍കി.

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്കുവശത്തായി ശ്രീലങ്കക്ക് പടിഞ്ഞാറ് രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രമര്‍ദ്ദമായി അറബിക്കടിലേക്ക് നീങ്ങുന്നു. തിരുവനന്തപുരത്തിന് 390 കിലോ മീറ്റര്‍ തെക്കുപടിഞ്ഞാറ് ഭാഗത്തായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. തിരുവനന്തപുരം ജില്ലയില്‍ ഇതിന്റെ ഭാഗമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍വരെ ആകാമെന്ന് മുന്നറിയിപ്പ് പറയുന്നു. മൂന്നു മീറ്റര്‍ ഉയരത്തില്‍ തിരമാല ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നു. കേരളത്തിലും തെക്കന്‍ തമിഴ്നാട്ടിലും ലക്ഷദ്വീപിലും കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. അടുത്ത 48 മണിക്കൂറില്‍ കേരള തീരത്ത് ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്നു. റവന്യൂ, ദുരന്ത നിവാരണ അതോറിറ്റി, കോസ്റ്റല്‍ പോലീസ് തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്‌

കൊച്ചി:  സുരക്ഷയൊരുക്കാനെത്തിയ പോലീസുകാരോട് അവജ്ഞതയോടെ പെരുമാറിയെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മ രാജേശ്വരിയ്‌ക്കെതിരെ പരാതി.

രാജേശ്വരി തികഞ്ഞ അവജ്ഞയോടെയാണ് പെരുമാറിയിരുന്നതെന്ന് ഇവര്‍ക്കുവേണ്ടി സുരക്ഷയൊരുക്കിയ വനിതാ പോലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

24 മണിക്കൂറും രണ്ടു വനിതാ പൊലീസുകാരുടെ സുരക്ഷയാണ് രാജേശ്വരിക്ക് ഏര്‍പ്പെടുത്തിയിരുന്നത്. വീട്ടിലും ആശുപത്രിയിലും മാത്രമല്ല രാജേശ്വരി പോകുന്നിടത്തെല്ലാം പൊലീസുകാരും കൂടെപ്പോകുമായിരുന്നു.

കോടനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് രാജേശ്വരിയുടെ വീട്. എങ്കിലും റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള വനിതാ പൊലീസുകാരെ മാറിമാറി ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു പതിവ്.

ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ രാജേശ്വരി കിടന്ന കട്ടിലിന്റെ ചുവട്ടില്‍ നിലത്താണ് പൊലീസുകാരെ കിടത്തിയിരുന്നത്. വിസമ്മതിച്ചാല്‍ മോശമായി പെരുമാറിയെന്നു പരാതി നല്‍കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസുകാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

ജിഷ കേസിലെ പ്രതിയെ കോടതി വധശിഷ വിധിച്ചു ജയിലില്‍ അടച്ചതിനാല്‍ രാജേശ്വരിക്കു നിലവില്‍ ഭീഷണിയില്ലെന്നും സുരക്ഷാ ജോലി ഒഴിവാക്കണമെന്നും വനിതാ പൊലീസുകാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ സുരക്ഷ പിന്‍വലിക്കുകയും ചെയ്തു.

കൊച്ചി: കേരള സമൂഹത്തെ ഒന്നാകെ ഞെട്ടിച്ച നടി ആക്രമണ കേസിന്റെ വിചാരണ നടപടികള്‍ നാളെ ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരിക്കും വിചാരണ ആരംഭിക്കുക. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പ്രതികളും വിചാരണ ആരംഭിക്കുന്ന ദിവസം ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിചാരണ ദിവസം ഹാജരാകാന്‍ നിര്‍ദേശിച്ചുകൊണ്ട് എല്ലാ പ്രതികള്‍ക്കും കോടതി സമന്‍സ് കൈമാറി. പ്രാരംഭ വിചാരണ നടപടിക്രമങ്ങളായിരിക്കും നാളെ നടക്കുക. പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുക തുടങ്ങിയ നടപടികള്‍ ആദ്യഘട്ടത്തില്‍ നടക്കും.

കേസിന്റെ വിചാരണ നടപടികള്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. വിചാരണ നടപടിക്രമങ്ങള്‍ നീട്ടിവെക്കാന്‍ കഴിയില്ലെന്ന് ദിലീപിന്റെ അഭിഭാഷകരെ കോടതി അറിയിച്ചു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍ കുമാര്‍ ഉള്‍പ്പെടെ ആറു പ്രതികള്‍ ഇപ്പോഴും റിമാന്റില്‍ തുടരുകയാണ്. എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ള ഏഴുപേര്‍ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

പ്രധാന പ്രതിയായ പള്‍സര്‍ സുനി ദിലീപിനെതിരെ പരസ്യ പ്രസ്താവനകള്‍ ഉന്നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇയാളുമായി ഇപ്പോള്‍ നേരിട്ട് കൂടിക്കാഴ്ച നടത്തേണ്ടെതില്ലെന്നാണ് ദിലീപിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങനെയാകുമ്പോള്‍ നാളെ ആരംഭിക്കുന്ന വിചാരണ വേളയില്‍ ദിലീപ് കോടതിയില്‍ ഹാജരാകാന്‍ സാധ്യതയില്ല. അഭിഭാഷകന്‍ മുഖേന അവധി അപേക്ഷ നല്‍കാനുള്ള ശ്രമത്തിലാണ് ദിലീപെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പോലീസ് ഹാജരാക്കിയിരിക്കുന്ന തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇപ്പോഴും കോടതിയുടെ പരിഗണയിലാണ്.

കൊച്ചി: കൊതുക് നിവാരണ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി കൊച്ചിയിലെ ജനങ്ങളെ പകര്‍ച്ചവ്യാധികളില്‍ നിന്നും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 14 ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 6 മണി വരെയും കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ ആം ആദ്മികള്‍ കൊതുക് വല കെട്ടി ധര്‍ണ്ണ നടത്തുന്നു. ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊച്ചി, ഇന്ന് കൊതുക് ശല്യം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന കേരളത്തിലെ ഒരേയൊരു പ്രദേശമാണ്. ഇക്കാരണത്താല്‍ നിസ്സഹായരായ ജനങ്ങള്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ ഒട്ടനവധിയാണ്.

അസഹ്യമായ വേനല്‍ ചൂട് അനുഭവപ്പെടുന്ന ഈ സമയത്തു കൊതുക് ശല്യം അധികരിച്ചപ്പോള്‍ സുഖനിദ്ര ലഭിക്കാതെ, പകല്‍ കാര്യക്ഷമമായ് ജോലി ചെയ്യുന്നതിനോ, യാത്ര ചെയ്യുന്നതിനോ മറ്റു കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനോ ആവാതെ ജനങ്ങള്‍ കഠിന ദുരിതമനുഭവിക്കുകയാണ്. കൊതുക് പരത്തുന്ന സാംക്രമിക രോഗങ്ങള്‍ ജനങ്ങളെ മരണത്തിലേക്ക് വരെ നയിക്കുന്നു. അശാസ്ത്രീയമായ കാനനിര്‍മാണവും കാനയുടെ കാര്യക്ഷമമായ ശുചീകരണമില്ലായ്മയും കാനകളില്‍ കൃത്യമായി മരുന്ന് തളിക്കാതെ മുക്കിലും മൂലയിലും വരെ മാലിന്യങ്ങള്‍ കുന്ന് കൂടി ജീവിതം ദുസ്സഹമാക്കി നാടാകെ വൃത്തിഹീനമായിരിക്കുന്നു.

പല പദ്ധതികള്‍ വഴി ഒട്ടേറെ പണം ആവശ്യത്തിനും അനാവശ്യത്തിനും ചെലവഴിച്ചിട്ടും കൊതുക് നിര്‍മാര്‍ജനം സാധ്യമാകാത്തത് ഉദ്യോഗസ്ഥരുടെ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്ന് ആം ആദ്മി പാര്‍ട്ടി പറയുന്നു. ബന്ധപെട്ട അധികാരികള്‍ സത്വര നടപടികള്‍ കൈകൊള്ളാത്തതും മേല്‍നോട്ടംകാര്യക്ഷമമായി നിര്‍വഹിക്കാത്തതും താല്പര്യക്കുറവും ജനങ്ങളെ കഷ്ടപെടുത്തുകയാണ്. മാലിന്യ നിര്‍മാജനത്തിനായി കോടികള്‍ ചെലവഴിച്ചു വാങ്ങിയ ഷാസികള്‍ വെയിലും മഴയും ഏറ്റു നശിച്ചു പോകുന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഈ വിഷയത്തില്‍ നടപടികളൊന്നും സ്വീകരിക്കാത്ത് കൊച്ചി കോര്‍പ്പറേഷനില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണ പക്ഷവും പ്രതിപക്ഷവും ജനങ്ങളോട് ചെയ്യുന്ന വഞ്ചന എടുത്തു കാട്ടുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

RECENT POSTS
Copyright © . All rights reserved