ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നേതാക്കള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി സി.പി.എം കേന്ദ്രകമ്മിറ്റി. നേതാക്കള്‍ക്ക് ധാര്‍ഷ്ട്യമാണെന്നും ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും കേന്ദ്ര കമ്മിറ്റി കുറ്റപ്പെടുത്തി. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പെരുമാറ്റം മോശമാണെന്നും അവലോകന റിപ്പോര്‍ട്ടില്‍ സിസി ചൂണ്ടിക്കാട്ടി.
ബി.ജെ.പിയും കോണ്‍ഗ്രസും സോഷ്യല്‍ മീഡിയയെ നന്നായി ഉപയോഗിച്ചപ്പോള്‍ സി.പി.എം നിലവാരം പുലര്‍ത്തിയില്ല. സോഷ്യല്‍ മീഡിയ ഇടപെടല്‍ രീതി പുനപരിശോധിക്കണമെന്നും സി.സി ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും അഴിമതി തിരിച്ചടിച്ചെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി.
ജനമനസ് മനസിലാക്കുന്നതില്‍ സി.പി.എമ്മിന് വീഴ്ച പറ്റിയെന്നും വോട്ടര്‍മാരുടെ മനോഭാവത്തിലെ മാറ്റങ്ങള്‍ ഒഴിവാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് മുന്‍മന്ത്രിയും പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ.ടി.എം. തോമസ് ഐസകും കുറ്റപ്പെടുത്തിയിരുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കോവളം വണ്ടിത്തടത്ത് ഗൃഹനാഥനെയും ഭാര്യാമാതാവിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകത്തിന് പിന്നാലെയുള്ള ആത്മഹത്യയെന്ന് നിഗമനം. 76-കാരിയായ ഭാര്യാമാതാവിനെ കൊലപ്പെടുത്തിയശേഷം ഗൃഹനാഥനായ സാബുലാല്‍ ജീവനൊടുക്കിയെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. സാബുലാലിന്റെ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം ഇരുനില കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സാബുലാല്‍(50) ഭാര്യാമാതാവ് സി.ശ്യാമള(76) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്യാമളയെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയശേഷം സാബുലാല്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.
അര്‍ബുദബാധിതയായി ചികിത്സയിലായിരുന്ന സാബുലാലിന്റെ ഭാര്യ റീന ജൂണ്‍ മൂന്നാം തീയതിയാണ് അന്തരിച്ചത്. ബുധനാഴ്ച ഭാര്യയുടെ വേര്‍പാടിന് ഒരുമാസം പൂര്‍ത്തിയാവുന്നദിവസമായിരുന്നു.
ഭാര്യയുടെ മരണം സാബുലാലിനെ മാനസികമായി തളര്‍ത്തിയിരുന്നതായും ഇദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തിന് മുന്‍പ് പുലര്‍ച്ചെ നാലുമണിയോടെ സാബുലാല്‍ ഭാര്യയുടെ ബന്ധുവായ വഞ്ചിയൂര്‍ സ്വദേശി ബിന്ദുവിന് എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് വാട്‌സാപ്പില്‍ അയച്ചിരുന്നു. ഭാര്യയുടെ വേര്‍പാട് തന്നെ തളര്‍ത്തി. ഇനി പിടിച്ച് നില്‍ക്കാനാവില്ല, അതിനാല്‍ അമ്മയെയും കൂടെ കൂട്ടുന്നു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. അടുത്ത സുഹ്യത്തായ ശ്രീകാന്തിനും ഇത് അയച്ചുകൊടുക്കണമെന്നും കുറിപ്പിലുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ബിന്ദു സാബുലാലിന്റെ വാട്‌സാപ്പ് സന്ദേശം കണ്ടത്. ഉടന്‍തന്നെ മൊബൈല്‍ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. പിന്നാലെ വീട്ടുജോലിക്കാരിയായ ബീനയെ വിളിച്ച് പെട്ടെന്ന് വീട്ടില്‍പോയി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ബീന സാബുലാലിന്റെ വീട്ടിലെത്തിയപ്പോള്‍ വാതിലുകള്‍ കുറ്റിയിടാതെ ചാരിവെച്ചനിലയിലായിരുന്നു. അകത്ത് കയറിയപ്പോഴാണ് താഴെത്ത കിടപ്പുമുറിയില്‍ ശ്യാമളയെ മരിച്ചനിലയില്‍ കണ്ടത്. കഴുത്തില്‍ കയര്‍ മുറുക്കിയനിലയിലായിരുന്നു മൃതദേഹം. മുകള്‍നിലയിലെ കിടപ്പുമുറിയില്‍ സാബുവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഉടന്‍തന്നെ ഇവര്‍ വീടിന് പുറത്തിറങ്ങി നാട്ടുകാരെ വിളിച്ചുകൂട്ടി. തുടര്‍ന്ന് കോവളം പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
കോവളം എസ്.എച്ച്. ഒ. സജീവ് ചെറിയാന്‍, എസ്.ഐ.മാരായ സുരഷ്‌കുമാര്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കോവളം പോലീസ് കേസെടുത്തിട്ടുണ്ട്.
സാബുലാല്‍-റീന ദമ്പതിമാര്‍ക്ക് കുട്ടികളില്ലായിരുന്നു. ഇന്റീരിയര്‍ ഡിസൈനറായിരുന്ന സാബുലാല്‍ ചിത്രകലാരംഗത്തും നാടകസംഘത്തിലും പ്രവര്‍ത്തിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുതിയ എസ്.എഫ്.ഐക്കാർക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അർഥവും അവരുടെ രാഷ്ട്രീയ ആശയത്തിന്റെ ആഴവുമറിയില്ലെന്നും ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല എസ്.എഫ്.ഐയുടേതെന്നും അദ്ദേഹം വിമർശിച്ചു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാകൃതമായ സംസ്കാരം എസ്.എഫ്.ഐയ്ക്ക് നിരക്കുന്നതല്ല. എസ്.എഫ്.ഐ. ശൈലി തിരുത്തിയേ തീരൂ. സംഘടനയിലുള്ളവർ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം. അവരെ ചരിത്രം പഠിപ്പിക്കണം. പഠിപ്പിച്ചില്ലെങ്കിൽ എസ്.എഫ്.ഐ. ഇടതുപക്ഷത്തിനു ബാധ്യതയായിമാറും. നേരായവഴിക്ക് നയിച്ച് ഇടതുപക്ഷത്തിന്റെ ശക്തിയാക്കി മാറ്റണം. അവരുടെ വഴി ഇതല്ലെന്ന് ബോധ്യമാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
കൊയിലാണ്ടി ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകനെയും എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം വലിയ വിവാദമാകുകയും സംഘടനയുടെ പ്രവർത്തനരീതിക്കെതിരേ വലിയ വിമർശനം ഉയരുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വത്തിന്‍റെ വിമർശനം.
ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ. ഹെല്‍പ്ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ കയ്യേറ്റംചെയ്തെന്നും മര്‍ദിച്ചെന്നുമാണ് പരാതി. അതേസമയം, പ്രിന്‍സിപ്പല്‍ എസ്.എഫ്.ഐ. ഏരിയ പ്രസിഡന്റായ അഭിനവിനെ മര്‍ദിച്ചെന്നാണ് എസ്.എഫ്.ഐക്കാരുടെ ആരോപണം.
വീട്ടമ്മയ്ക്ക് വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് ഇവരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത വാഴൂർ സ്വദേശിയായ ജോൺസൺ എം.ചാക്കോ (30) കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം മുട്ടമ്പലം സ്വദേശിയായ യുവാവിൽ നിന്നും യുവാവിന്റെ ഭാര്യക്ക് ന്യൂസിലൻഡിൽ നഴ്സിംഗ് ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി ഇയാളുടെ കയ്യിൽ നിന്നും ഏഴു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ന്യൂസിലൻഡിൽ എത്തിയ യുവതിക്ക് പറഞ്ഞ ജോലി കൊടുക്കാതെ പേപ്പർ കമ്പനിയിൽ ജോലി നൽകുകയായിരുന്നു. ഇവർ നൽകിയ വിസ പ്രകാരം യുവതിക്ക് മറ്റൊരു ജോലിയിൽ പ്രവേശിക്കുന്നതിനും സാധ്യമല്ലായിരുന്നു.
തുടർന്ന് യുവതി തിരികെ നാട്ടിൽ എത്തുകയും യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ നെൽസൺ സി.എസ്, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജേഷ്, അരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മാന്നാറിൽ 15 വർഷം മുൻപ് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചിട്ടതാണെന്ന സംശയത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന ചില വസ്തുക്കൾ കണ്ടെത്തി. മാന്നാറിലെ അനിലിന്റെ വീട്ടുവളപ്പിലാണ് പോലീസ് സംഘം സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന തുടരുന്നത്. അനിലിന്റെ ഭാര്യ കലയെയാണ് വീട്ടുവളപ്പിലെ ശൗചാലയത്തോട് ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതായി പോലീസിന് വിവരം ലഭിച്ചത്.
സെപ്റ്റിക് ടാങ്കിൽനിന്ന് മാലിന്യങ്ങൾ പുറത്തെടുത്ത് നടത്തിയ പരിശോധനയിൽ ലഭിച്ച ചില അവശിഷ്ടങ്ങൾ പ്രത്യേകം കുപ്പികളിലാക്കി മാറ്റിവെച്ചിട്ടുണ്ട്. ഇത് മൃതദേഹാവശിഷ്ടങ്ങൾ ആണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പോലീസിന്റെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ആദ്യം പരിശോധിച്ച സെപ്റ്റിക് ടാങ്കിനോട് ചേർന്നുള്ള മറ്റൊരു സെപ്റ്റിക് ടാങ്കിലും ഇപ്പോൾ തിരച്ചിൽ നടക്കുന്നുണ്ട്. ഈ ടാങ്കിനുള്ളിൽനിന്ന് തലമുടിക്ക് സമാനമായ വസ്തു കണ്ടെത്തിയിട്ടുണ്ട്. ലഭിച്ച എല്ലാ വസ്തുക്കളും ഫോറൻസിക് സംഘം പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കുകയാണ്.
15 വർഷം മുൻപാണ് കലയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവർ അനിലിന്റെ സുഹൃത്തുക്കളാണെന്നാണ് സൂചന. ഭാര്യയെ കാണാനില്ലെന്ന് അന്ന് അനിൽ പരാതി നൽകിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ വിവരങ്ങളൊന്നും ലഭിച്ചില്ല. കലയുടെ മാതാപിതാക്കൾ നേരത്തെ മരിച്ചതാണ്. ഭിന്നശേഷിക്കാരനായ ഒരാളടക്കം രണ്ടുസഹോദരന്മാരാണുള്ളത്. സാധാരണക്കാരായ ഇവരാരും പിന്നീട് പരാതിയുമായി പോയില്ല. ഇതിനിടെ അനിൽ വീണ്ടും വിവാഹിതനായി. കലയുമായുള്ള ബന്ധത്തിൽ അനിലിന് ഒരു മകനുണ്ട്. രണ്ടാമത്തെ വിവാഹത്തിൽ രണ്ടു മക്കളും. നാട്ടിൽ കെട്ടിട നിർമാണ കരാറുകാരനായിരുന്ന ഇയാൾ രണ്ടുമാസം മുമ്പാണ് ഇസ്രയേലിലേക്ക് ജോലിക്കായി പോയതെന്നാണ് വിവരം.
അടുത്തിടെ അമ്പലപ്പുഴ പോലീസിന് ലഭിച്ച ഒരു ഊമക്കത്തും അതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവുമാണ് കലയുടെ തിരോധാനത്തിൽ വഴിത്തിരിവായതെന്നാണ് സൂചന. കൃത്യത്തിൽ ഉൾപ്പെട്ട ഒരാൾ ഇയാളുടെ ഭാര്യയുമായി തർക്കമുണ്ടായപ്പോൾ കലയെ കൊലപ്പെടുത്തിയെന്നതിന്റെ സൂചന നൽകിയിരുന്നതായാണ് വിവരം.
‘അവളെപ്പോലെ നിന്നെയും കൊല്ലും’ എന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ. തുടർന്നാണ് ഇക്കാര്യങ്ങൾ സംബന്ധിച്ച് പോലീസിന് ഊമക്കത്ത് ലഭിച്ചതെന്ന് കരുതുന്നു. പിന്നാലെ പോലീസ് അന്വേഷണം നടത്തുകയും നാലുപേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇതിനുശേഷമാണ് മൃതദേഹം കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന തുടങ്ങിയത്.
വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത് വിവാഹ സൽക്കാരത്തിൽ നിന്ന്. വിവാഹത്തില്‍ വിതരണം ചെയ്ത വെല്‍ക്കം ഡ്രിങ്കില്‍ നിന്നാണ് രോഗം പടര്‍ന്നത് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ വ്യക്തമാക്കിയത്. വള്ളിക്കുന്ന 238 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു.
മെയ് 13ന് മൂന്നിയൂര്‍ പഞ്ചായത്തിലെ സ്മാര്‍ട്ട് ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ഇവിടെ നിന്ന് വെല്‍കം ഡ്രിങ്ക് കുടിച്ചവരിലാണ് ആദ്യം രോഗം കണ്ടെത്തിയത്. നിലവില്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ളതാണ് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ പറയുന്നത്.
ജില്ലയിലെ വള്ളിക്കുന്ന്, അത്താണിക്കല്‍, മൂന്നിയൂര്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. അത്താണിക്കലില്‍ മാത്രം 284 രോഗികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തില്‍ 459 പേര്‍ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതര്‍ അറിയിച്ചു.
ചേലേമ്പ്രയില്‍ 15 വയസുകാരി ഇന്നലെ രോഗം ബാധിച്ച് മരിച്ചിരുന്നു. ചേലൂപ്പാടം തറവാട് ബസ് സ്റ്റോപ്പിന് പിന്‍വശം സെന്‍ട്രിങ് കരാറുകാരന്‍ പുളിക്കല്‍ അബ്ദുല്‍ സലീം – ഖൈറുന്നീസ ദമ്പതിമാരുടെ മകള്‍ ദില്‍ഷ ഷെറിന്‍ (15) ആണ് മരിച്ചത്. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് സ്‌കൂളുകള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. വീടുകള്‍ കയറിയിറങ്ങിയുള്ള ബോധവല്‍ക്കരണവും ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ ഒഴിവുകള്‍. 34 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
യോഗ്യത: എസ്എസ്എല്‍സി/ തത്തുല്യ യോഗ്യത. ബിരുദം പാടില്ല. 1988 2നു 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. എസ്‌സി, എസ്ടി, ഒബിസി, വിമുക്ത ഭടന്മാര്‍, ഭിന്ന ശേഷിക്കാര്‍ എന്നിവര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിച്ചിട്ടുണ്ട്.
500 രൂപയാണ് അപേക്ഷ ഫീസ്.എസ്‌സി, എസ്ടി,തൊഴില്‍രഹിത ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഫീസില്ല.
ശമ്പളം: 23000- 50,200 രൂപ വരെ
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://hckrecruitment.keralacourts.in/hckrecruitment/
വെണ്‍പാലവട്ടത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് താഴെ വീണ അമ്മ മരിച്ചു. സാരമായി പരിക്കേറ്റ കുഞ്ഞും സഹോദരിയും ചികിത്സിയിലാണ്. കോവളം സ്വദേശിയായ സിമിയാണ് മരിച്ചത്. 35 വയസായിരുന്നു. സിമിയെ കൂടാതെ സിനി (32) ശിവന്യ (3) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ സിമിയുടെ നില അതീവഗുരുതരാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. മേല്‍പ്പാലത്തില്‍ നിന്നും ഇരുചക്രവാഹത്തിന്റെ നിയന്ത്രണം വിട്ടതോടെ മൂന്നും പേരും താഴോട്ട് വീഴുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിമി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
പേട്ട പൊലീസ് സ്ഥലത്തെത്തി. സര്‍വീസ് റോഡിലേക്ക് വീഴുകയായിരുന്നു. നേരത്തെ മഴ പെയ്തതിനാല്‍ ചക്രം തെന്നിമാറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന.
ഭരണവിരുദ്ധ വികാരത്തിന്റെ കാരണങ്ങൾ പഠിക്കാനൊരുങ്ങി സിപിഎം കേന്ദ്ര കമ്മിറ്റി. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായ വിഷയങ്ങൾ കേന്ദ്ര കമ്മിറ്റിയിൽ വിലയിരുത്തും. കോൺഗ്രസുമായി പല സംസ്ഥാനങ്ങളിലുമുള്ള സഖ്യം തുടരാനും കേന്ദ്ര കമ്മിറ്റിയോഗം പാർട്ടി നേതൃത്വത്തിന് അനുമതി നൽകി.
കേരളത്തിൽ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിക്ക് ഭരണവിരുദ്ധ വികാരം ഇടയാക്കിയില്ല എന്ന നിലപാടാണ് സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. എന്നാൽ തിരിച്ചടിക്ക് ഇത് ഇടയാക്കി എന്ന വികാരമാണ് കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നത്.
ഭരണവിരുദ്ധ വികാരം കാരണമായെങ്കിൽ അതും വിലയിരുത്തണം എന്നാണ് നിർദ്ദേശം. കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മാത്രമാണ് ഇതിന് ഇടയാക്കിയത് എന്ന വാദത്തോട് പല കേന്ദ്ര നേതാക്കൾക്കും യോജിപ്പില്ല.
സമുദായ സംഘടനകളുടെ നിലപാടിന് പ്രാധാന്യം നൽകി കേരളം തയ്യാറാക്കിയ അവലോകനവും കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. തിരുത്തലിനായി സംസ്ഥാനത്ത് ചേരുന്ന നേതൃയോഗങ്ങളിൽ കേന്ദ്ര നേതാക്കളും പങ്കെടുക്കും.
തിരുത്തലിന് വേണ്ട മാർഗ്ഗനിർദ്ദേശം കേന്ദ്രനേതൃത്വം തയ്യാറാക്കി നൽകും എന്നാണ് സൂചന. ഭരണവിരുദ്ധ വികാരം പ്രകടമായി എന്ന വാദം തള്ളാത്ത നിലപാടാണ് കെകെ ശൈലജ കേന്ദ്ര കമ്മിറ്റി യോഗത്തിൽ സ്വീകരിച്ചത്.
ദേശീയതലത്തിൽ കോൺഗ്രസുമായി ചേർന്ന് നിന്നത് കേരളത്തിൽ പാർട്ടിയെ ബാധിച്ചു എന്ന വാദം സംസ്ഥാന ഘടകം ഉയർത്തിയെങ്കിലും ഇതിന് അംഗീകാരം കിട്ടിയില്ല. എന്നാൽ, കേന്ദ്രനയത്തിന് സംസ്ഥാന ഘടകം എതിരു നിൽക്കുന്ന എന്ന മാധ്യമ വ്യാഖ്യാനം ശരിയല്ലെന്നായിരുന്നു കെ രാധാകൃഷ്ണന്റെ വിശദീകരണം.
കൂട്ടുകെട്ടിനെ ബംഗാൾ ഘടകം ചർച്ചയിൽ ശക്തമായി ന്യായീകരിച്ചു. എന്തായാലും പഴയതു പോലെ സംസ്ഥാന ഘടകം പറയുന്നത് അതേപടി അംഗീകരിച്ച് പോകില്ല എന്ന സന്ദേശമാണ് കേന്ദ്ര തലത്തിൽ നടന്ന ചർച്ചകൾ നൽകുന്നത്.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റായി രാജീവ് കൊച്ചുപറമ്പിൽ (പാലാ)ജനറൽ സെക്രട്ടറിയായി ഡോ. ജോസ്കുട്ടി ഒഴുകയിൽ (കോതമംഗലം), ട്രഷറർ ആയി അഡ്വ ടോണി പുഞ്ചക്കുന്നേൽ (തലശ്ശേരി) എന്നിവരെയും കൂടാതെ 51 അംഗ ഭരണസമിതിയെയും തിരഞ്ഞെടുത്തു.
പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ട രാജീവ് കൊച്ചുപറമ്പിൽ നിലവിൽ ഗ്ലോബൽ സമിതി ജനറൽ സെക്രട്ടറിയായും പാലാ രൂപത മുൻ പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചു. രാമപുരം മാർ ആഗസ്തീനോസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ആയ അദ്ദേഹം പാലാ രൂപത പാസ്റ്ററൽ കൗൺസിൽ അംഗമാണ്.
ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ജോസ്കുട്ടി ഒഴുകയിൽ ഗ്ലോബൽ സമിതി മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റും കോതമംഗലം രൂപതാംഗവും മൂവാറ്റുപുഴ നിർമല കോളേജ് മുൻ അസ്സോസിയേറ്റ് പ്രൊഫസറുമാണ്. ട്രഷററായി തിരഞ്ഞെടുത്ത അഡ്വ. ടോണി പുഞ്ചക്കുന്നേൽ മുൻ ജനറൽ സെക്രട്ടറിയും, തലശ്ശേരി അതിരൂപത മുൻ പ്രസിഡൻ്റും പയ്യന്നൂരിൽ അഭിഭാഷകനുമാണ്.
ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായി പ്രൊഫ. കെ എം ഫ്രാൻസിസ് (തൃശൂർ)രാജേഷ് ജോൺ (ചങ്ങനാശ്ശേരി)ബെന്നി ആൻ്റണി(എറണാകുളം) ട്രീസ ലിസ് സെബാസ്റ്യൻ (താമരശ്ശേരി)ജോർജ്കുട്ടി പുല്ലേപ്പള്ളിൽ (യു.എസ് എ)വർഗീസ് തമ്പി (ആഫ്രിക്ക), ഡേവിസ് ഇടക്കുളത്തൂർ, ജോസഫ് പാറേക്കാട്ട് (സിംഗപ്പൂർ) ബെന്നി പുളിക്കക്കര (യു എ ഇ) അഡ്വ.പി.റ്റി. ചാക്കോ(ഗുജറാത്ത്) തമ്പി എരുമേലിക്കര (കോട്ടയം) തോമസ് ആൻറണി(പാലക്കാട്) ഡോ. കെ.പിപി.സാജു (മാനന്തവാടി) ജോമി കൊച്ചുപറമ്പിൽ (കാഞ്ഞിരപ്പള്ളി)ജോബി ജോർജ് നീണ്ടുകുന്നേൽ(ഡൽഹി) ജോണിക്കുട്ടി തോമസ് (ഓസ്ട്രേലിയ)ജോളി ജോസഫ് (കാനഡ)ഡെന്നി കൈപ്പാനാനി (റിയാദ്), ബോബി തോമസ്( കുവൈറ്റ് ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ഗ്ലോബൽ സെക്രട്ടറിമാരായി പത്രോസ് വടക്കുംചേരി (ഇരിഞ്ഞാലക്കുട), ജോർജ്ജുകുട്ടി പുന്നക്കുഴിയിൽ (ഇടുക്കി) ടോമിച്ചൻ അയ്യരുകുളങ്ങര (ചങ്ങനാശ്ശേരി),പീയൂസ് പറേടം (തലശ്ശേരി-കാസർഗോഡ്)ഡെന്നി തെങ്ങുംപള്ളിൽ (പാലക്കാട്) ജേക്കബ് നിക്കോളാസ് (ചങ്ങനാശ്ശേരി)ഫിലിപ്പ് കൊട്ടോടി (കോട്ടയം- മലബാർ), അഡ്വ. ഷീജ സെബാസ്റ്റ്യൻ (തലശ്ശേരി) ആൻസമ്മ സാബു (പാലാ ) ജോയ്‌സ് മേരി ആന്റണി (കോതമംഗലം) എബ്രഹാം ജോൺ (ജർമ്മനി), രഞ്ജിത് ജോസഫ് (യു എ ഇ )സാജു പാലാട്ടി (ന്യൂസിലാൻഡ്)ലിവൻ വർഗീസ് (ഹോങ്കോങ്) റോണി ജോസ് (സൗത്ത് ആഫ്രിക്ക) ഷാജി ജേക്കബ് (നൈജീരിയ) നവീൻ വർഗീസ് (സാംബിയ) ബിനിൽ ജോർജ് (ജപ്പാൻ) മാർട്ടിൻ മുരിങ്ങവന (മസ്കറ്റ്) ചാൾസ് ആലുക്ക(ബഹറിൻ) ഷാജു ദേവസ്സി (ദുബായ്)സഞ്ജു ജോസഫ് (സിങ്കപ്പൂർ) ട്വിങ്കിൾ ഫ്രാൻസീസ് (പോർച്ചുഗൽ) റോസ് ജെയിംസ് (ബാംഗ്ലൂർ) ജേക്കബ് ചക്കാത്തറ(ഹൊസൂർ) രാജീവ് തോമസ് (കല്യാൺ) ജെയ്സൺ പട്ടേരിൽ (ബെൽത്തങ്ങാടി)ജെഗ്ഗി ജോസഫ്(ഷംസാബാദ്).
ലിസി കെ ഫെർണാണ്ടസ് (മീഡിയ)ഷിജി ജോൺസൺ, ചങ്ങനാശ്ശേരി (വിമൻ കോർഡിനേറ്റർ) സിജോ ഇലന്തൂർ, ഇടുക്കി (യൂത്ത് കോർഡിനേറ്റർ) അഡ്വ. മനു വരാപ്പള്ളിൽ, കോട്ടയം (മീഡിയ കോർഡിനേറ്റർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
കത്തോലിക്കാ കോൺഗ്രസിന്റെ 47 രാജ്യങ്ങളിലെ സമുദായ നേതാക്കളുടെ പ്രാതിനിധ്യം ഉൾപ്പെടുത്തിക്കൊണ്ടുള്ള 155 അംഗ ഗ്ലോബൽ വർക്കിംഗ് കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.
പുതിയ സമിതിയുടെ തിരഞ്ഞെടുപ്പിന് ഇലക്ഷൻ ബോർഡ് ചെയർമാൻ അഡ്വ ബോബി ജോർജ്, ഇലക്ഷൻ ബോർഡ് മെമ്പർമാറായ അഡ്വ ജോൺസൺ വീട്ടിയാങ്കൽ,അഡ്വ സോജൻ മൈക്കിൾ, ഡയറക്ടർ ഫാ. ഫിലിപ് കവിയിൽ, പ്രസിഡൻറ് അഡ്വ. ബിജു പറയന്നിലം എന്നിവർ നേതൃത്വം വഹിച്ചു.
പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പ് റിപ്പോർട്ട് സീറോ മലബാർ സഭ തലവൻ മാർ റാഫേൽ തട്ടിലിനും ബിഷപ്പ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിനും ഇലക്ഷൻ ബോർഡ് സമർപ്പിച്ചു.
നിയുക്ത ഭാരവാഹികളുടെയും കേന്ദ്ര വർക്കിംഗ് കമ്മറ്റി അംഗങ്ങളുടെയും, കേന്ദ്ര പ്രതിനിധിസമിതി അംഗങ്ങളുടെയും സത്യപ്രതിജ്ഞ 2024 ജൂലൈ 3 ന് ഉച്ച കഴിഞ്ഞു 2.30 ന് സീറോ മലബാർ സഭ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച് നടക്കും.