ഉപ്പുതറ: മധുവിധു യാത്രയ്ക്കായി ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ഹൈറേഞ്ചിലെത്തിയ യുവാവ് കാറപകടത്തിൽ മരിച്ചു. പത്തനംതിട്ട അടൂർ വടക്കടത്തുകാവ് അഭിഷേകം വീട്ടിൽ അഭിഷേക് എസ്. നായർ (28) ആണ് ചിന്നാർ പുഴയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്. ഭാര്യ കാവ്യ ഉൾപ്പെടെ നാലുപേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. സൗരവ് ഓടിച്ച കാർ മൂന്നാംമൈൽ ഇറക്കമിറങ്ങി നാലാംമൈൽ പാലത്തിലേക്ക് കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്റെ ഇടതുവശത്തെ തകർന്ന ക്രാഷ് ബാരിയറിലൂടെ പുഴയിലേക്ക് മറിയുകയായിരുന്നു.
അപകടസമയത്ത് പാലത്തിലെ തകർന്ന ഭാഗത്തുകൂടിയാണ് കാർ പുഴയിലേക്ക് പതിച്ചത്. ചില്ലുകൾ തകർത്ത് സൗരവും അഭിറാമും പുറത്തുകടന്നു. നാട്ടുകാരും ഉടൻ സ്ഥലത്തെത്തി കാവ്യയെ പുറത്തെടുത്തു. മുൻസീറ്റിലായിരുന്ന അഭിഷേകിനെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. റോഡിലെത്തിച്ച ശേഷം സി.പി.ആർ. നൽകിയെങ്കിലും ആംബുലൻസിൽ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സൗരവ്, അഭിറാം, അഫ്സൽ എന്നിവർക്കും കാവ്യയ്ക്കുമാണ് പരുക്കേറ്റത്. ഓഗസ്റ്റ് ഒൻപതിനായിരുന്നു അഭിഷേകിന്റെയും കാവ്യയുടെയും വിവാഹം. സുകുമാർ–ലക്ഷ്മി ദമ്പതികളുടെ മകനായ അഭിഷേക് നാട്ടിൽ ഹാർഡ്വെയർ വ്യാപാരം നടത്തിവരികയായിരുന്നു.
അഞ്ചുമാസം മുൻപ് ലോറിയിടിച്ച് തകർന്ന ക്രാഷ് ബാരിയർ അപകടസമയത്തും പുനഃസ്ഥാപിച്ചിരുന്നില്ലെന്നാണ് ആരോപണം. വേലി തകർത്തതിന് ലോറിയുടമയിൽനിന്ന് പൊതുമരാമത്ത് വകുപ്പ് 10,000 രൂപയും പൈപ്പ് തകർത്തതിന് വാട്ടർ അതോറിറ്റി 6,500 രൂപയും ഈടാക്കിയിരുന്നു. വാട്ടർ അതോറിറ്റി പൈപ്പ് പുനഃസ്ഥാപിച്ചെങ്കിലും ക്രാഷ് ബാരിയർ നന്നാക്കിയില്ലെന്നും അപകടസൂചന നൽകാനുള്ള നടപടികൾ പോലും സ്വീകരിച്ചില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. പാലത്തിന് വീതിക്കുറവുള്ളതും റോഡിലേക്ക് കടന്നുള്ള കൈയേറ്റങ്ങളും അപകടസാധ്യത വർധിപ്പിക്കുന്നതായി പരാതിയുണ്ട്. ഉപ്പുതറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.











Leave a Reply