ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ ഹീത്രോ വിമാനത്താവളത്തിൽ നിർമിക്കാൻ പദ്ധതിയിട്ടിരിക്കുന്ന മൂന്നാം റൺവേയുടെ നിർമാണം നാലു വർഷം വരെ വൈകിയേക്കുമെന്ന് വിമാനത്താവള അധികൃതർ. 3300 കോടി പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 2035ൽ പ്രവർത്തനം ആരംഭിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ആസൂത്രണ നടപടികളും വിവിധ അനുമതികളും ലളിതമാക്കാത്ത പക്ഷം ഈ സമയപരിധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കുക ബുദ്ധിമുട്ടാണെന്ന് ഹീത്രോ അധികൃതർ വ്യക്തമാക്കി. 2029ഓടെ ആസൂത്രണ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനുശേഷം പത്ത് വർഷത്തിനുള്ളിൽ റൺവേ പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതർ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവിൽ പ്രതിവർഷം 4.8 ലക്ഷം വിമാന സർവീസുകളാണ് ഹീത്രോയിൽ അനുവദിച്ചിട്ടുള്ളത്.മൂന്നാം റൺവേ യാഥാർഥ്യമായാൽ ഇത് 7.2 ലക്ഷമായി ഉയർത്താനാകും. പ്രതിദിനം ശരാശരി രണ്ടായിരത്തോളം വിമാന സർവീസുകൾ നടത്താൻ ഇതിലൂടെ സാധിക്കും. പദ്ധതി നടപ്പാകുന്നതോടെ ഏകദേശം 1.08 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം ലഭിക്കുമെന്നും ഹീത്രോ അധികൃതർ പറയുന്നു. പദ്ധതിക്കായി നൂറുകണക്കിന് വീടുകൾ പൊളിച്ചുനീക്കുകയും നദികളുടെ ഗതി മാറ്റുകയും എം25 ദേശീയപാതയിലെ 14, 15 ജങ്ഷനുകൾക്കിടയിലെ ഭാഗം പുതിയ റൺവേയ്ക്ക് അടിയിലൂടെ തുരങ്കത്തിലൂടെ തിരിച്ചുവിടുകയും വേണം.

പരിസ്ഥിതി പ്രവർത്തകരും പ്രദേശവാസികളുടെ സംഘടനകളും പദ്ധതിക്കെതിരെ രംഗത്തുണ്ട്. ശബ്ദമലിനീകരണം, വായുമലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ മൂന്നാം റൺവേ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ലണ്ടൻ മേയർ സാദിഖ് ഖാനും ആശങ്ക ഉയർത്തിയിട്ടുണ്ട്. വിമാന സർവീസുകളുടെ വിപുലീകരണം നടപ്പാക്കണമെങ്കിൽ കൂടുതൽ പരിസ്ഥിതി സൗഹൃദമായ വ്യോമയാനത്തിന് വിമാനക്കമ്പനികൾ പണം നൽകണമെന്ന നിലപാടാണ് സർക്കാരിന്റെ കാലാവസ്ഥാ ഉപദേശകർ കഴിഞ്ഞയാഴ്ച മുന്നോട്ടുവച്ചത്. മൂന്നാം റൺവേ സംബന്ധിച്ച ആസൂത്രണ ചട്ടക്കൂടിന്റെ കരട് ജൂണിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് അന്തിമമാക്കിയ ശേഷം പാർലമെന്റിന്റെ അംഗീകാരം ആവശ്യമാണ്.