Kerala

വിമാനയാത്രയ്ക്കിടെ ആകാശത്ത് പിറന്ന മലയാളി യുവതിയുടെ കുഞ്ഞ് ഉടന്‍ കേരളത്തിലെത്തും. ഒക്ടോബര്‍ അഞ്ചിനാണ് ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളി യുവതിയായ മരിയ ഫിലിപ്പ് പ്രസവിച്ചത്.

കുഞ്ഞിന് ജര്‍മനിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടിയന്തര പാസ്പോര്‍ട്ട് അനുവദിച്ചു. യാത്രയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുട്ടിയും കുടുംബവും ഉടന്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് കേരളത്തിലേക്ക് പറക്കും.

ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തിലാണ് കുഞ്ഞ് പിറന്നത്. പുറപ്പെട്ട് അധികനേരം കഴിയുന്നതിന് മുന്‍പ് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരുടെയും നാല് നഴ്‌സുമാരുടെയും കാബിന്‍ ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിച്ചു. പിന്നീട് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കി യുവതിയേയും കുട്ടിയേയും ആശുപത്രിയിലേക്ക് മാറ്റി.

ഷോണ്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ജര്‍മനിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കുഞ്ഞിന് പാസ്പോര്‍ട്ടും പ്രത്യേക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അനുവദിച്ചു. ഷോണും അമ്മയും സുഖമായിരിക്കുന്നുവെന്ന് കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു.

തുടര്‍യാത്രയ്ക്കായി സജ്ജീകരണമൊരുക്കുന്നതില്‍ സന്തോഷമുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം കേരളത്തിലേക്ക് പറക്കുന്ന ഷോണിന് ആശംസകളെന്നും കോണ്‍സുലേറ്റ് ട്വീറ്റില്‍ കുറിച്ചു.

സംസ്ഥാനത്തെ കോവിഡ് മരണപ്പട്ടികയില്‍ ഏഴായിരത്തോളം മരണങ്ങള്‍ കൂടി ചേര്‍ക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജൂണ്‍ മാസത്തിലാണു മരണം ഓണ്‍ലൈനായി ആശുപത്രികള്‍ നേരിട്ട് അപ്‌ലോഡ് ചെയ്യാന്‍ തുടങ്ങിയത്. അതിന് മുൻപു രേഖകള്‍ ഇല്ലാതെയും മറ്റും ഔദ്യോഗിക മരണപ്പട്ടികയില്‍ ചേര്‍ക്കപ്പെടാതെ പോയ മരണങ്ങളാണിത്. ഇതുസംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ പരിശോധിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാനദണ്ഡങ്ങളനുസരിച്ച് കോവിഡ് മൂലമെന്ന് കണക്കാക്കപ്പെടേണ്ട മരണങ്ങള്‍ സംബന്ധിച്ച അപേക്ഷകള്‍ ഒക്‌ടോബര്‍ 10 മുതല്‍ സമര്‍പ്പിക്കാം. ആരോഗ്യവകുപ്പ് തയാറാക്കിയ പോര്‍ട്ടലിലൂടെയും നേരിട്ട് പിഎച്ച്‌സികള്‍ വഴിയും അപേക്ഷിക്കാം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍, കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചവരെയെല്ലാം പട്ടികയില്‍ ഉള്‍പ്പെടുത്തും. ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാം. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ പരിഹാരം കാണും. സമയബന്ധിതമായും സുതാര്യമായും പരാതികള്‍ തീര്‍പ്പാക്കും. സിറോ പ്രിവലന്‍സ് സര്‍വേയുടെ സമഗ്രമായ റിപ്പോര്‍ട്ട് ഉടൻ തയാറാകും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനാണു പഠനം നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയിൽ പ്രവാസി വ്യവസായികളിൽ എം.എ. യൂസഫലിയും രവി പിള്ളയും. വ്യക്തിഗത അടിസ്ഥാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി. അഞ്ചു ബില്യൺ ഡോളറോടെ (37,500 കോടി രൂപ) ഇന്ത്യയിൽ 38–ാം സ്ഥാനത്താണ് അദ്ദേഹം.

2.5 ബില്യൺ ഡോളറാണ് (18744 കോടിയിൽ അധികം രൂപ) ആർപി ഗ്രൂപ്പ് ഒാഫ് കമ്പനീസ് ചെയർമാനും എംഡിയുമായ രവി പിള്ളയുടെ ആസ്തി. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ 6 മലയാളികൾ ഇടം പിടിച്ചു. ആസ്തികൾ എല്ലാം കൂട്ടിയതിന്റെ അടിസ്ഥാനത്തിൽ മുത്തൂറ്റ് കുടുംബമാണ് പട്ടികയിൽ ഒന്നാമത്. 6.40 ബില്യൺ ഡോളറാണ് (48,000 കോടി രൂപ) കുടുംബത്തിന്റെ മൊത്തം ആസ്തി.

ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രനാഥും പത്നി ദിവ്യയും (30,300 കോടി രൂപ), എസ്. ഗോപാലകൃഷ്ണൻ (30,335 കോടി രൂപ), , എസ്. ഡി, ഷിബുലാൽ (16,125 കോടി രൂപ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ. മുകേഷ് അംബാനി (92.7 ബില്യൺ), ഗൗതം അദാനി (74 ബില്യൺ), ശിവ നാടാർ (31 ബില്യൺ), രാധാകൃഷ്ണാ ദമാനി (29.4 ബില്യൺ), സൈറസ് പൂനാവാല (19 ബില്യൺ) എന്നിവരാണ് ഇന്ത്യയിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ള അതിസമ്പന്നർ.

സിനിമയിൽ ഇനി സജീവമായി തുടരാനാണ് തീരുമാനമെന്ന് നടി മീര ജാസ്മിൻ. സത്യൻ അന്തിക്കാടുമായി വീണ്ടും ഒന്നിച്ച് പ്രവർത്തിക്കുന്നത് അനുഗ്രമായി കാണുന്നുവെന്നും രണ്ടാം വരവിൽ ഈ സിനിമ ഇതൊരു നല്ല തുടക്കമാകും എന്നു പ്രതീക്ഷിക്കുന്നുവെന്നും മീര ജാസ്മിൻ ദുബായിയിൽ പറഞ്ഞു. യുഎഇയുടെ ദീർഘകാലതാമസവീസയായ ഗോൾഡൻ വീസ സ്വീകരിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു താരം.

നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തുന്ന വേളയിലാണ് താരത്തിന് ഗോൾഡൻ വീസ ലഭിക്കുന്നത്. ഇത് തന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണെന്നും യുഎഇ ഗോൾഡൻ വിസ ലഭിച്ചതിൽ അഭിമാനമുണ്ടെന്നും നടി പറഞ്ഞു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് മീരാജാസ്മിന്‍ മലയാളത്തിൽ തിരിച്ചെത്തുന്നത്.

‘എന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ടുകൊണ്ടുപോകുന്നത്. കുറച്ച് നാളുകൾ സിനിമയിൽ നിന്നും മാറിനിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി തന്നെ ഇൻഡസ്ട്രിയിൽ ഉണ്ടാകും. സത്യൻ അങ്കിളിന്റെ കൂടെ വീണ്ടും പ്രവർത്തിക്കാനാകുന്നതിലും സന്തോഷമുണ്ട്. ഞങ്ങളൊന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിത്.’

‘ഇന്ന് സിനിമയ്ക്കായി ഒരുപാട് പ്ലാറ്റ്ഫോമുകൾ ഉണ്ട്. ബോളിവുഡ് പോലും മലയാള സിനിമയെ നോക്കി പഠിക്കുന്നു. ഇന്റലിജെന്റ് ആയിട്ടുള്ള പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. അതുകൊണ്ട് അവർക്കാണ് നന്ദി പറയേണ്ടത്.‌അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നീ സിനിമകളുമായി പുതിയ പ്രോജക്ടിനെ താരതമ്യപ്പെടുത്തരുത്. ഇതും ഒരു സത്യൻ അന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നതും. രണ്ടാം വരവിൽ ഇതൊരു നല്ല തുടക്കമാകട്ടെ എന്നു ഞാൻ വിചാരിക്കുന്നു. ഇതിൽ നിന്നും ഇനി നല്ല കഥാപാത്രങ്ങളും സിനിമയും തേടിയെത്തട്ടെ.’–മീര ജാസ്മിൻ പറഞ്ഞു.

2016ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മുഴുനീള വേഷത്തിൽ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2018ൽ റിലീസ് പൂമരം സിനിമയിൽ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.

ബിജെപി ദേശീയ-സംസ്ഥാന തലത്തിലെ പുനഃസംഘടനയുടെ പേരിൽ വലിയ പൊട്ടിത്തെറി. ദേശീയ നിർവാഹകസമിതിയിൽനിന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയതും പികെ കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവ് മാത്രമാക്കി ഒതുക്കിയതും സംസ്ഥാന നേതാക്കൾ ഇടപെട്ടുള്ള വെട്ടിനിരത്തലാണെന്നാണ് ആക്ഷേപം.

ദേശീയ സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷിനു താത്പര്യമുള്ളവരെയാണ് സംസ്ഥാന കാര്യാലയത്തിലേക്കുപോലും പരിഗണിച്ചതെന്ന് മറുപക്ഷം പറയുന്നു. നരേന്ദ്രമോഡി ഉൾപ്പെടെയുള്ള നേതാക്കളെക്കണ്ടിട്ടും സ്ഥാനം നഷ്ടപ്പെട്ട ശോഭാ സുരേന്ദ്രന്റെ നിലപാട് ഇതിൽ നിർണായകമാകും. വിമതശബ്ദങ്ങളെ ഒട്ടും കണക്കിലെടുക്കേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിനു ലഭിച്ച കേന്ദ്രനിർദേശം.

ഗ്രൂപ്പുകൾക്ക് അതീതനായ കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രി വി മുരളീധരനൊപ്പം നിർവാഹകസമിതിയിൽ പരിഗണിച്ചപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പാർട്ടിയിലെത്തിയ ഇ ശ്രീധരനൊപ്പമാണ് മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ പികെ കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവാക്കിയത്.

കെ സുരേന്ദ്രന് കീഴിൽ പാർട്ടി പുനഃസംഘടിപ്പിച്ചപ്പോൾ സംസ്ഥാന ഘടകത്തിൽ പികെ കൃഷ്ണദാസ് പക്ഷത്തിനു വലിയ തിരിച്ചടിയാണുണ്ടായത്. അഞ്ചു ജില്ലാപ്രസിഡന്റുമാർക്ക് സ്ഥാനം തെറിച്ചിരുന്നു. ഇതിനെ ചൊല്ലി വയനാട്ടിൽനിന്നാണ് ആദ്യ അപസ്വരം ഉയർന്നത്.

ജില്ലാ പ്രസിഡന്റായിരുന്ന സജി ശങ്കറിനെ മാറ്റിയതിൽ പ്രതിഷേധിച്ച് ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് കെബി മദൽലാൽ രാജിവെച്ച് പരസ്യപ്രതികരണത്തിനു തുടക്കമിട്ടു. സികെ ജാനുവുമായി ബന്ധപ്പെട്ട കോഴക്കേസിൽ നേതൃത്വത്തോട് യോജിക്കുന്ന നിലപാട് സ്വീകരിക്കാത്ത സജി ശങ്കറിനെ ഒതുക്കിയതാണെന്നാണ് ആക്ഷേപം.

അതേസമയം, മാസങ്ങൾക്കുമുമ്പ് പികെ കൃഷ്ണദാസിനെ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മീഷൻ ചെയർമാനാക്കിയത് തന്നെ മാറ്റി നിർത്തൽ ലക്ഷ്യമിട്ടാണ്. പുനഃസംഘടനയിൽ വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണനെ ജനറൽ സെക്രട്ടറിയാക്കുമെന്നാണ് കൃഷ്ണദാസ് പക്ഷം പ്രതീക്ഷിച്ചത്. രാധാകൃഷ്ണൻ കോർകമ്മിറ്റിയിൽ ഉൾപ്പെടുന്നു എന്ന കാരണത്താലാണ് ജനറൽ സെക്രട്ടറി സ്ഥാനം നിരസിച്ചത്.

ആശുപത്രിയിൽ നിന്നും മടങ്ങുന്ന വഴിയിൽ പാതയോരത്ത് കാർ നിർത്തി മരുന്നുവാങ്ങാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ചീറിപ്പാഞ്ഞെത്തിയ ബൈക്കിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം. കൊല്ലം നോർത്ത് വിളയിൽ വീട്ടിൽ ഡെന്നീസ് ഡാനിയൽ(45), ഭാര്യ നിർമല ഡെന്നീസ്(33) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ പഴവങ്ങാടിയിലാണ് അപകടമുണ്ടായത്.

അപകടം കണ്ടുനിന്നവർ ഉടൻതന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഡെന്നീസ് അർധരാത്രിയോടെ മരിച്ചു. ബുധനാഴ്ച പുലർച്ചെയോടെ നിർമലയും മരിച്ചു.

കോട്ടയ്ക്കകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഇവർ വീട്ടിലേക്കു മടങ്ങും വഴി മേലെ പഴവങ്ങാടിയിൽ കാർ നിർത്തി റോഡിനു കുറുകേ കടക്കുമ്പോഴായിരുന്നു അപകടം. പാഞ്ഞെത്തിയ രണ്ട് ബൈക്കുകളിൽ ഒരെണ്ണം രണ്ടുപേരെയും ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു.

അപകടം നടന്ന സ്ഥലത്ത് മറിഞ്ഞുകിടന്ന ഒരു ബൈക്ക് ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ബൈക്ക് മറിഞ്ഞുവീഴുന്നതായുള്ള സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ, ദമ്പതിമാരെ ഇടിക്കുന്നതിന്റെ ദൃശ്യം ലഭിച്ചിട്ടില്ല.

ബൈക്കിലുണ്ടായിരുന്ന രണ്ടു യുവാക്കൾക്കും പരിക്കുണ്ട്. അപകടത്തിനിടയാക്കിയത് ചീറിപ്പാഞ്ഞെത്തിയ മറ്റൊരു ബൈക്കാണെന്നാണ് ഇവർ പറയുന്നത്. കസ്റ്റഡിയിലെടുത്ത ബൈക്കാണോ അപകടമുണ്ടാക്കിയതെന്നറിയാൻ പോലീസ് ഫൊറൻസിക് പരിശോധന നടത്തും. രണ്ടാമത്തെ ബൈക്കിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഡെനീല, ഡയാൻ എന്നിവരാണ് മരിച്ച ദമ്പതിമാരുടെ മക്കൾ. സംസ്‌കാരം വെള്ളിയാഴ്ച നാലിന് നോർത്ത് മൈലക്കാട് സെന്റ് ജോസഫ് ദോവാലയ സെമിത്തേരിയിൽ.

വെപ്പുപല്ല് ഇളകിപ്പോയി അന്നനാളത്തില്‍ കുടുങ്ങിയ യുവാവ് മരിച്ചു. കനകമല പാപറമ്പില്‍ തോമസിന്റെ മകന്‍ ജസ്റ്റിന്‍ ആണ് മരിച്ചത്. 35 വയസായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സെപ്റ്റംബര്‍ 30-നായിരുന്നു സംഭവം.

വെള്ളം കുടിക്കുന്നതിനൊപ്പം വെപ്പുപല്ല് ഇളകി ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് പ്രാഥമികശുശ്രൂഷയ്ക്കുശേഷം എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍വെച്ച് തിങ്കളാഴ്ച ശസ്ത്രക്രിയയിലൂടെ പല്ല് പുറത്തെടുത്തു.

ശേഷമുണ്ടായ അണുബാധയാണ് മരണത്തിലേയ്ക്ക് വഴിവെച്ചത്. ചാലക്കുടി മാര്‍ക്കറ്റിലെ ഓട്ടോ ഡ്രൈവാണ് ജസ്റ്റിന്‍. അമ്മ: എല്‍സി തോമസ്, ഭാര്യ വിന്‍ഷി, മക്കള്‍: ജെസ്വിന്‍, ബിസ്വിന്‍, ജീവന്‍.

നെടുമ്പാശ്ശേരി: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവതിക്ക് എയർ ഇന്ത്യ വിമാനത്തിൽ സുഖപ്രസവം. ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്ന് കൊച്ചിക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പാണ് പ്രസവിച്ചത്. ഏഴുമാസം ഗർഭിണിയായ മരിയയ്ക്ക് വിമാനം ലണ്ടനിൽനിന്ന് പുറപ്പെട്ട് അധികം വൈകാതെ തന്നെ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും മെഡിക്കൽ സഹായം നൽകാനായി വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക്ഫുർട് വിമാനത്താവളത്തിലിറക്കി.

വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരുടെയും നാല് നഴ്‌സുമാരുടെയും കാബിൻ ജീവനക്കാരുടെയും സഹായത്തോടെയാണ് യുവതി പ്രസവിച്ചത്. വനിത പൈലറ്റായ ഷോമ സുർ ആണ് വിമാനം നിയന്ത്രിച്ചിരുന്നത്. യുവതിയുമായി അടിയന്തരമായി ഫ്രാങ്ക്ഫുർട് വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തെ കാത്ത് അടിയന്തര മെഡിക്കൽ സംവിധാനങ്ങളൊരുക്കിയിരുന്നു. വിമാനമിറങ്ങിയ ഉടൻ അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.

ഫ്രാങ്ക്ഫുർട്ടിൽനിന്ന് തിരികെ പറന്ന വിമാനം ആറ് മണിക്കൂർ വൈകി ബുധനാഴ്ച രാവിലെ 9.45ന് കൊച്ചിയിലിറങ്ങി. 210 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യുവതിയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി ധീരവും സമയോചിതവുമായ ഇടപെടൽ നടത്തിയ എയർ ഇന്ത്യ പൈലറ്റുമാരെയും ജീവനക്കാരെയും സിയാലിന്റെ നേതൃത്വത്തിൽ ആദരിച്ചു.

 

 

ക്വാറന്റീനിലിരിക്കെ അനുമതിയില്ലാതെ (മൂവിങ് പെർമിറ്റ്) പുറത്തുപോയ മലയാളിക്ക് 50,000 ദിർഹം (10 ലക്ഷം രൂപ) പിഴ. അബുദാബിയിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശിക്കാണ് ലക്ഷങ്ങൾ പിഴ ലഭിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ സ്മാർട് വച്ച് ധരിച്ച് ഹോം ക്വാറന്റീനിൽ ആയിരുന്നു. 4, 8 ദിവസങ്ങളിൽ വീട്ടിലെത്തി പിസിആർ ടെസ്റ്റ് എടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.

തുടർന്ന് ഒൻപതാം ദിവസം പിസിആർ ടെസ്റ്റ് എടുക്കാൻ പുറത്തുപോയതാണ് വിനയായത്. ഇതേസമയം ആരോഗ്യ വിഭാഗത്തിൽ നിന്ന് അനുമതി ലഭിച്ചതനുസരിച്ചാണു പോയതെന്ന് ഇദ്ദേഹം പറയുന്നു. തുടർന്ന് മഫ്റഖ് ആശുപത്രി, ഡ്രൈവ് ത്രൂ, മിനാ പോർട്ട് അസസ്മെന്റ് സെന്റർ എന്നിവിടങ്ങളിൽ എത്തിയെങ്കിലും അവിടെ പിസിആർ ടെസ്റ്റ് എടുക്കാനാവില്ലെന്ന് അറിയിച്ചതോടെ വീട്ടിൽ തിരിച്ചെത്തിയെന്ന് ഇദ്ദേഹം പറഞ്ഞു.

ക്വാറന്റീൻ കാലാവധി പൂർത്തിയാക്കി ട്രാക്കർ അഴിച്ചതിനുശേഷം 2 ദിവസങ്ങളിൽ നടത്തിയ 2 പിസിആർ ടെസ്റ്റുകളിലും നെഗറ്റീവായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം എസ്എംഎസ് സന്ദേശം വന്നപ്പോഴാണ് വൻതുക പിഴ ഒടുക്കിയ വിവരം അറിയുന്നത്.

യുഎഇയിലെ നിയമം അനുസരിച്ച് ക്വാറന്റീൻ കാലയളവിൽ (ഇപ്പോൾ 10 ദിവസം) പരിധി വിട്ട് പുറത്തുപോകാൻ പാടില്ല. അടിയന്തര ഘട്ടങ്ങളിൽ പുറത്തുപോകാൻ ആരോഗ്യ വിഭാഗത്തിൽ നിന്ന് മൂവിങ് പെർമിറ്റ് എടുക്കണം. നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹമാണ് പിഴ.

ക്വാറന്റീൻ സ്ഥലത്തുനിന്ന് പുറപ്പെടുന്ന സമയം മുതൽ തിരിച്ചെത്തുന്ന സമയം വരെ കണക്കാക്കി അത്രയും നേരത്തേക്കാണ് മൂവിങ് പെർമിറ്റ് എടുക്കേണ്ടത്. അനുമതി കംപ്യൂട്ടർ ഫയലിൽ രേഖപ്പെടുത്തി എന്ന് ഉറപ്പാക്കണം. അടിയന്തര ഘട്ടത്തിൽ ആശുപത്രിയിലേക്കു പോകേണ്ടിവന്നാൽ വീട്ടിൽനിന്ന് ഇറങ്ങിയ സമയം മുതൽ മൂവിങ് പെർമിറ്റിൽ രേഖപ്പെടുത്താൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടണം.

കൊല്ലം ആലപ്പാട് അഴീക്കലിനു തെക്കുപടിഞ്ഞാറ് കടലില്‍ മീന്‍പിടിത്തവലയില്‍ തിമിംഗലം കുടുങ്ങി. ആലപ്പാട്ട് നിന്ന് മീന്‍പിടിത്തത്തിനുപോയ ഓംകാരം ലൈലാന്‍ഡ് വള്ളത്തിന്റെ വലയിലാണ് തിമിംഗിലം ഇടിച്ചുകയറിയത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. 40 തൊഴിലാളികളുമായി പോയ വള്ളം കരയില്‍നിന്ന് എട്ട് നോട്ടിക്കല്‍ മൈലോളം അകലെ വെള്ളത്തില്‍ വലയിട്ടിരിക്കുകയായിരുന്നു. 71 അടി നീളമുള്ളതാണ് വള്ളം.

ഇതിനിടെയാണ് അമ്പതടിയോളം വരുന്ന തിമിംഗിലം വരുന്നതായി കണ്ടത്. ഇതോടെ വള്ളക്കാര്‍ അടുത്ത ചെറുവള്ളക്കാരുമായി ചേര്‍ന്ന് വടികൊണ്ട് വള്ളത്തിലും കടലിലും അടിച്ച് ശബ്ദമുണ്ടാക്കി തിമിംഗിലത്തെ തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ വലയിലേക്ക് തിമിംഗിലം ഇടിച്ചുകയറി. പരിഭ്രാന്തരായ മത്സ്യത്തൊഴിലാളികള്‍ തിമിംഗലത്തെ വലയില്‍ നിന്നും ഒഴിവാക്കാന്‍ ഏറെ പണിപ്പെട്ടു.

മൂന്നുമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തിമിംഗിലത്തിന് കടലിലേക്ക് കടക്കാനായത്. വല തകര്‍ത്താണ് തിമിംഗിലം രക്ഷപ്പെട്ടത്. ഇതോടെ വലയിലുണ്ടായിരുന്ന മത്സ്യം മുഴുവനും നഷ്ടപ്പെട്ടു. 25 ലക്ഷത്തോളം വിലവരുന്ന വലയുടെ ഏറിയഭാഗവും നശിച്ചു. മൂന്നുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

RECENT POSTS
Copyright © . All rights reserved