ന്യൂഡൽഹി∙ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണം താൽക്കാലികമായി രൂപീകരിക്കുന്ന സമിതിക്കെന്ന് സുപ്രീംകോടതി. ഭരണകാര്യങ്ങളിലാണ് ഈ സമിതി തീരുമാനമെടുക്കുക. നടത്തിപ്പ് അവകാശങ്ങളിൽ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അധികാരം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. പുതിയ സമിതി വരുന്നതുവരെ ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതിക്ക് ഇടക്കാല ഭരണം തുടരാം.
പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതിയില്‍നിന്നുണ്ടായ വിധിയിൽ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. സന്തോഷം മാത്രം, ഒപ്പം നിന്നവരോടും പ്രാർഥിച്ചവരോടുമെല്ലാം നന്ദിയും അറിയിക്കുന്നെന്ന് രാജ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി പ്രതികരിച്ചു.
സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രതിനിധികൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ തീർപ്പ്. കവനന്റ് ഒപ്പുവച്ച ഭരണാധികാരി അന്തരിച്ചത് കുടുംബത്തിന്റെ ഭരണാവകാശത്തെ ബാധിക്കില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി നിർദേശിച്ചു.
തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ കാലശേഷം ക്ഷേത്രം സർക്കാരിൽ നിക്ഷിപ്തമാണെന്നും രാജകുടുംബത്തിലെ അനന്തരാവകാശിക്കു കൈമാറാൻ വ്യവസ്ഥയില്ലെന്നും അതിനാൽ സർക്കാർ ഏറ്റെടുക്കണമെന്നുമാണ് 2011 ജനുവരി 31ലെ വിധിയിൽ ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
2011 മേയ് 2ന് ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്റ്റേ ചെയ്തു. എന്നാൽ, ക്ഷേത്ര നിലവറകളിലെ വസ്തുക്കളുടെ കണക്കെടുപ്പിന് കോടതി നിർദേശിച്ചു. അമിക്കസ് ക്യൂറിയായിരുന്ന ഗോപാൽ സുബ്രഹ്മണ്യം, മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ് തുടങ്ങിയവർ ക്ഷേത്ര നടത്തിപ്പിനെയും വസ്തുവകകളുടെ സ്ഥിതിയെയും കുറിച്ചുൾപ്പെടെ കോടതിക്കു റിപ്പോർട്ട് നൽകി.
ഇതിനിടെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച സുപ്രീംകോടതി വിധി സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതി എന്താണോ പറയുന്നത് അത് നടപ്പിലാക്കാനാണു സർക്കാർ. വിധിക്കെതിരെ സർക്കാർ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി.
രാജവാഴ്ചയും പ്രിവി പഴ്സും ഇല്ലാതായെങ്കിലും വ്യക്തിപരമായി രാജാവിനുള്ള അവകാശങ്ങൾ ഇല്ലാതായിട്ടില്ലെന്നാണു രാജകുടുംബം വാദിച്ചത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം, പൊതു ക്ഷേത്രമാണെങ്കിലും പ്രതിഷ്ഠയ്ക്കാണ് സ്വത്തിൽ അവകാശമെന്നതിനാൽ ക്ഷേത്ര ഭരണം രാജകുടുംബത്തിന് അവകാശപ്പെട്ടതാണെന്നും അവർ വാദിക്കുന്നു.
എന്നാൽ, ക്ഷേത്ര നടത്തിപ്പിൽ ക്രമക്കേടുണ്ടെന്ന് അമിക്കസ് ക്യൂറിയും മുൻ സിഎജിയും കണ്ടെത്തിയിട്ടുണ്ടെന്നും ഗുരുവായൂർ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള ഭരണസംവിധാനം ആലോചിക്കാവുന്നതാണെന്നും സംസ്ഥാന സർക്കാർ വാദിച്ചു.
ബിജെപിയിൽ ചേരുമെന്ന വാർത്തകൾ തള്ളി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്ന വാർത്തകൾ തള്ളിയ അദ്ദേഹം താൻ ബിജെപിയിൽ ചേരുന്നില്ലെന്നും പ്രഖ്യാപിച്ചു. പുതിയ പാർട്ടിക്ക് രൂപം നൽകാനാണ് സച്ചിന്റെ തീരുമാനമെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചു. പ്രഗതിശീൽ കോൺഗ്രസ് എന്നായിരിക്കും പുതിയ പാർട്ടിയുടെ പേര്. സിഎൽപി യോഗത്തിന് ശേഷം പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
ജെപി നദ്ദയുമായി തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപിയിലേക്ക് പോകുന്നതുൾപ്പടെയുള്ള നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നേ നേരത്തേ സൂചനകൾ ഉണ്ടായിരുന്നു. സച്ചിനും ഗെഹ്‌ലോട്ടും തമ്മിൽ അനുരഞ്ജനത്തിന് സാധ്യത കാണുന്നില്ലെന്ന് ഒരു ബിജെപി നേതാവും പ്രസ്താവിച്ചിരുന്നു. ബിജെപിയിലേക്ക് പോകില്ലെന്ന് കോൺഗ്രസ് നേതൃത്വത്തെ പൈലറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിസ്ഥാനം നൽകുകയാണെങ്കിൽ പോകാൻ തയ്യാറായേക്കുമെന്നും മുഖ്യമന്ത്രി സ്ഥാനത്തിനുപകരം കേന്ദ്രമന്ത്രിസ്ഥാനം ബിജെപി ഓഫർ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
കൊച്ചിയിലെ ലുലു മാള്‍ താത്കാലികമായി അടച്ചു. കളമശ്ശേരി മുന്‍സിപ്പാലിറ്റി ഡിവിഷന്‍ നമ്പര്‍ 34 കണ്ടെയ്‌ന്മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ലുലുമാള്‍ അടച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതല്ലെന്ന് ലുലുമാള്‍ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ജില്ലയില്‍ 50 പേര്‍ക്കാണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 40 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്നാണ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം കൂടുതല്‍ ശക്തമാക്കിയത്.
ഞായറാഴ്ച തൃക്കാക്കര ഡിവിഷനിലെ 33 മഠത്തിപ്പറമ്പില്‍ ലെയിന്‍, കെന്നഡി മുക്ക്. ചേരാനെല്ലൂര്‍ വാര്‍ഡ് 9ലെ പള്ളി റോഡ് ഏരിയ. ചൂര്‍ണിക്കര വാര്‍ഡ് 15, ചെങ്ങമനാട് വാര്‍ഡ് 12 എന്നിവ കണ്ടെയ്‌ന്മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞദിവസം 435 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂര്‍, വയനാട് ജില്ലകളില്‍ 19 വീതം, കണ്ണൂര്‍ 17 , ഇടുക്കി 16 , കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണകള്ളക്കടത്തിന്റെ ഭാഗമായി സിനിമാ നടി റീമ കല്ലിങ്കലിനേയും ചോദ്യം ചെയ്യും. സ്വര്‍ണ്ണക്കടത്തിലെ കണ്ണി എന്നു സംശയിക്കുന്ന നിര്‍മ്മാതാവുമായുള്ള ഇടപാട് അറിയാനാണിത്. റീമ നായികയായി അഭിനയിച്ച തമിഴ് സിനിമയ്ക്ക് വേണ്ടി പണം മുടക്കിയത് ഇദ്ദേഹമായിരുന്നു
ദുബയില്‍ നിരവധി ഡാന്‍സ് ബാറുകളുള്ള മലയാളിയെ ചെന്നൈ വിമാനത്താവളത്തില്‍ സിബിഐ അറസ്റ്റ് ചെയ്തപ്പോള്‍ ആണ് സിനിമയുടെ മറിവില്‍ തട്ടിപ്പ് നടന്നിട്ടുള്ളതായി സൂചന കിട്ടിയത്. ബാര്‍ മുതലാളിയുടെ പങ്കാളിയാണ് നിര്‍മ്മാതാവ്.ഇയാളെ അടുത്തയിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പിടികൂടി.
സിനിമയ്ക്ക് പണം മുടക്കിയതിന്റെ രേഖകള്‍ കണ്ടെത്തി.സിനിമയുടെ ഷൂട്ടിംഗ് ദക്ഷിണാഫ്രിക്കയിലെ സീഷെല്‍സിലും നടന്നിരുന്നു. സ്വര്‍ണ്ണകള്ളക്കടത്തിന്റെ ആസ്ഥാനമായ ദക്ഷിണാഫ്രിക്കയില്‍ സിനിമ ചിത്രീകരിച്ചത് സംശയത്തോടെയാണ് കാണുന്നത്. എട്ടു നിലയില്‍ പൊട്ടിയ സിനിമയുടെ ചിത്രീകരണം മലേഷ്യയിലും ഉണ്ടായിരുന്നു.
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി വന്നതിന് പിന്നാലെ സന്തോഷം അറിയിച്ച് തിരുവിതാംകൂര്‍ രാജകുടുംബം. ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടുമെല്ലാം നന്ദിയറിയിക്കുന്നുവെന്ന് രാജകുടുംബാംഗങ്ങള്‍ പ്രതികരിച്ചു.
പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധിയില്‍ സന്തോഷം മാത്രം. ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നു – രാജ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി പറഞ്ഞു.
വിധിയുടെ വിശദാംശങ്ങള്‍ മുഴുവന്‍ അറിഞ്ഞിട്ടില്ല എന്നും നിയമ വിദഗ്ധരുമായി ഇപ്പോഴും ആശയ വിനിമയം നടത്തിവരികയാണെന്നും രാജകുടുംബം അറിയിച്ചു. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്നും വ്യക്തമാക്കി.
രാജാവിന്റെ മരണം ആചാരപരമായ കുടുംബത്തിന്റെ അവകാശം ഇല്ലാതാക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. അതേസമയം ക്ഷേത്രം പൊതുക്ഷേത്രമായി തുടരുമെന്നും എന്നാല്‍ അതിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏല്‍പ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. അതുവരെ ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താല്‍ക്കാലിക സമിതി തല്‍ക്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരുമെന്നും ഉത്തരവില്‍ പറയുന്നു.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നില്‍ സ്വര്‍ണക്കളളടത്ത് സംഘങ്ങളാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ബാലഭാസ്‌കറിന്റെ പിതാവും ഇത്തരം ഒരു സംശയം ഉന്നയിച്ചിരുന്നു.
ഇപ്പോള്‍ അതീവ ഗുരുതരമായ ഒരു ആരോപണം ആണ് മിമിക്രിതാരം കലാഭവന്‍ സോബി ഉന്നയിച്ചിരിക്കുന്നത്. ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുമ്പോള്‍, ഇപ്പോള്‍ പിടിയിലായ സരിത് സമീപത്ത് ഉണ്ടായിരുന്നു എന്നതാണത്.
ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍ പെട്ട സ്ഥലത്ത് നിന്ന് ഒരാള്‍ ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നതും കണ്ടുവെന്ന് മുമ്പ് സോബി മൊഴി നല്‍കിയിരുന്നു.
സരിത്ത് അപകട സ്ഥലത്ത്
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍ പെട്ട സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നു എന്നാണ് ഇപ്പോള്‍ കലാഭവന്‍ സോബി പറയുന്നത്. നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വര്‍ണം കടത്തിയ കേസിലെ പ്രധാന പ്രതിയായ സരിത് ഇപ്പോള്‍ കസ്റ്റംസിന്റെ പിടിയിലാണ്. എന്നാല്‍ ബാലഭാസ്‌കറിന്റെ കേസുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് സരിത്ത് മൊഴി നല്‍കിയിട്ടില്ല.
തിരിച്ചറിഞ്ഞത് ഇപ്പോള്‍
സരിത്തിന്റെ ചിത്രം മാധ്യമങ്ങളിലൂടെ കണ്ടപ്പോള്‍ ആണ് തിരിച്ചറിഞ്ഞത് എന്നാണ് സോബി പറയുന്നത്. മുമ്പ് ഡിആര്‍ഐയ്ക്ക് മൊഴി നല്‍കിയപ്പോള്‍ അവര്‍ ഒരുപാട് ചിത്രങ്ങള്‍ കാണിച്ചിരുന്നു എന്ന് സോബി പറഞ്ഞിരുന്നു. എന്നാല്‍ ആ ചിത്രങ്ങളിലെ ആരും അപകടസ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.
സൈലന്റ് ആയി നിന്ന ആള്‍
ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍ പെട്ട സ്ഥലത്ത് താന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ എട്ട് പേര്‍ തനിക്ക് നേരെ ആക്രോശിച്ച് വന്നിരുന്നു എന്നാണ് സോബി പറയുന്നത്. എന്നാല്‍ അക്കൂട്ടത്തില്‍ ഒരാള്‍ മാത്രം ഒന്നും മിണ്ടാതെ മാറി നിന്നിരുന്നു. അത് സരിത്ത് ആണ് എന്നാണ് സോബി ഇപ്പോള്‍ പറയുന്നത്.
കൂടുതല്‍ വെളിപ്പെടുത്തും
ബാലഭാസ്‌കറിന്റെ മരണത്തില്‍ താന്‍ നല്‍കിയ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് മുഖവിലയ്‌ക്കെടുത്തില്ലെന്ന ആക്ഷേപവും സോബി ഉന്നയിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്വേഷണ സംഘം വിവരങ്ങള്‍ ആരാഞ്ഞാല്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്നും സോബി പറയുന്നു.
ബാലുവിന്റെ സുഹൃത്തുക്കള്‍
ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും ട്രൂപ്പ് അംഗങ്ങളും ആയിരുന്ന വിഷ്ണുവും പ്രകാശന്‍ തമ്പിയും സ്വര്‍ണക്കടത്ത് കേസില്‍ കുടുങ്ങിയതോടെ ആണ് സംഭവം വിവാദമായത്. ബാലഭാസ്‌കറിന്റെ കാറിനെ അപകടത്തില്‍ പെടുത്തിയതാണോ എന്ന സംശയവും ഉയര്‍ന്നിരുന്നു. അതിനിടെ സോബിയുടെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ സംശയങ്ങള്‍ ഇരട്ടിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണം
എന്നാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. ഡിആര്‍ഐ നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണക്കടത്തില്‍ ബാലഭാസ്‌കറിന് ഒരു പങ്കുമില്ലെന്നാണ് കണ്ടെത്തിയത്. ബാലുവിന്റെ മരണശേഷമാണ് വിഷ്ണുവും പ്രകാശന്‍ തമ്പിയും സ്വര്‍ണക്കടത്ത് നടത്തിയത് എന്നും കണ്ടെത്തിയിരുന്നു.
സ്വര്‍ണക്കടത്ത് കേസിൽ സ്വപ്നയും സന്ദീപും 14 ദിവസം റിമാന്‍ഡില്‍. കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തത്. സ്വപ്നയെ തൃശൂര്‍ അമ്പിളിക്കല കോവിഡ് സെന്ററിലേക്ക് മാറ്റും. സന്ദീപിനെ അങ്കമാലി കറുകുറ്റിയിലെ കോവിഡ് സെന്ററിലേക്കും കൊണ്ടുപോകും. നാളെ കോവിഡ് പരിശോധനാഫലം ലഭിച്ചശേഷം തുടര്‍നടപടി.
എൻ.ഐ.എ പ്രത്യേക ജഡ്ജ് പി.കൃഷ്ണകുമാര്‍ കോടതിയിലെത്തിയിരുന്നു. പ്രധാന്യം കണക്കിലെടുത്ത് ഞായറാഴ്ച പ്രത്യേക സിറ്റിങ് ഒരുക്കിയത്. കനത്ത പൊലീസ് അകമ്പടിയിലായിരുന്നു കോടതിയിലേക്കുള്ള യാത്ര.
നേരത്തെ കൊച്ചിയിലെത്തിക്കുന്നതിന് മുമ്പ് ആലുവ ജില്ലാ ആശുപത്രിയില്‍ പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. വാളയാര്‍ ചെക്പോസ്റ്റ് വഴിയാണ് പ്രതികളെ കേരളത്തിലേക്ക് കൊണ്ടുവന്നത്. യാത്രയ്ക്കിടയില്‍ സ്വപ്നയെ കൊണ്ടുവന്ന എന്‍ഐഎ സംഘത്തിന്റെ വാഹനത്തിന്റെ ടയര്‍ പഞ്ചറായി. തുടര്‍ന്ന് സ്വപ്നയേയും സന്ദീപിന്റെ വാഹനത്തിലേക്ക് മാറ്റി. ദേശീയപാതയോരത്ത് പലയിടത്തും പ്രതികള്‍ക്കെതിരെ പ്രതിഷേധങ്ങളുണ്ടായി. എന്‍.ഐ.എ ഓഫിസ് വളപ്പില്‍ കടന്ന് പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് ലാത്തി വീശി.
സ്വപ്നയും സന്ദീപും പിടിയിലായത് ബെംഗലൂരുവില്‍ നിന്ന് വിദേശത്തേക്ക് കടക്കാന്‍ പദ്ധതി തയാറാക്കുന്നതിനിടെ. രണ്ടു ദിവസം മുമ്പ് താമസിച്ചിരുന്ന ഹോട്ടല്‍ മാറി കൊറമംഗലയിലെ പുതിയ ഹോട്ടലിലെത്തി റൂമെടുത്ത് അരമണിക്കൂര്‍ പിന്നിടും മുമ്പ് ഇരുവരും പിടിയിലായി. ഇവരില്‍ നിന്ന് പാസ്പോര്‍ട്ടും മൂന്നുമൊബൈല്‍ ഫോണുകളും രണ്ടരലക്ഷം രൂപയും എന്‍ഐഎ പിടിച്ചെടുത്തു. നൈറ്റ് കര്‍ഫ്യൂവും കര്‍ശനപരിശോധനയും പിന്നിട്ടാണ് പ്രതികള്‍ ബെംഗളൂരുവിലെത്തിയത്.
സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂർ, വയനാട് ജില്ലകളില്‍ 19 വീതം, കണ്ണൂര്‍ 17 , ഇടുക്കി 16 , കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്.
തൃശൂര്‍ ജില്ലയില്‍ ജൂലൈ 5ന് മരണമടഞ്ഞ വത്സല (63) ആലപ്പുഴ ജില്ലയില്‍ പുളിങ്കുന്നിൽ ജൂലൈ 7ന് മരണമടഞ്ഞ ബാബു (52) എന്നീ വ്യക്തികളുടെ പുനര്‍ പരിശോധനഫലം പോസിറ്റീവ് ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 206 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ 41 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 17 പേര്‍ക്കും, കോട്ടയം ജില്ലയിലെ 6 പേര്‍ക്കും, കൊല്ലം ജില്ലയിലെ 5 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 4 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ ജില്ലയിലെ നാലും, തിരുവനന്തപുരം ജില്ലയിലെ രണ്ടും, പത്തനംതിട്ട, കോട്ടയം, എറണാകുളം കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനും ഒരു സി.ഐ.എസ്.എഫ് ജവാനും രോഗബാധിതരായി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 132 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേരുടെയും (മലപ്പുറം 1, കാസര്‍ഗോഡ് 1, കോഴിക്കോട് 1), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 18 പേരുടെയും (എറണാകുളം 1), പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 5 പേരുടെയും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും (പത്തനംതിട്ട 1), ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 3743 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4097 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,81,784 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,77,794 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3990 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 633 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനയുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,478 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 3,47,529 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5944 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 76,075 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 72,070 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14, 15 കാളമുക്ക് മാര്‍ക്കറ്റ്), മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റി (1, 28 പേഴക്കാപ്പിള്ളി മാര്‍ക്കറ്റ്), കുമ്പളങ്ങി (5, 9), കളമശ്ശേരി മുന്‍സിപ്പാലിറ്റി (36), തിരുവാണിയൂര്‍ (6), രായമംഗലം (13, 14), കാവലങ്ങാട് (11), കാസര്‍ഗോഡ് ജില്ലയിലെ ബേളൂര്‍ (11), കല്ലാര്‍ (3), പനത്തടി (11), കയ്യൂര്‍-ചീമേനി (11), കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം (5), പായം (2), അഞ്ചരക്കണ്ടി (9), മങ്ങാട്ടിടം (17), പത്തനംതിട്ട ജില്ലയി കല്ലൂപ്പാറ (13), മലയാലപ്പുഴ (3, 11), കൊട്ടങ്ങല്‍ (2), പാലക്കാട് ജില്ലയിലെ നെല്ലായ (11), കൊല്ലങ്ങോട് (2), വല്ലാപ്പുഴ (5, 13, 16), കോഴിക്കോട് ജില്ലയിലെ നാദാപുരം (എല്ലാ വാര്‍ഡുകളും), തൂണേരി, തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ (5), ആതിരപ്പള്ളി (4), ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്ക് (താലൂക്ക് മുഴുവനും), രാമങ്കരി (9), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (എല്ലാ വാര്‍ഡുകളും), പൂത്താടി (4, 5), കോട്ടയം ജില്ലയിലെ അയ്മനം (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 7,10,13), മടിക്കൈ (2, 12), കാറഡുക്ക (4, 7, 10, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 222 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
ദുബായ് ∙ നയതന്ത്ര ബാഗേജിൽ ദുബായിൽ നിന്ന് കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയായിരുന്ന ഫാസിൽ ഫരീദിനെ തിരിച്ചറിഞ്ഞു. തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയാണ് ഇയാൾ. എൻഐഎ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ മൂന്നാം പ്രതിയാണ് ഫാസിൽ.
ദുബായിലെ ഖിസൈസിൽ ജിംനേഷ്യം, ആഡംബര വാഹന വർക് ഷോപ് അടക്കമുള്ള സ്ഥാപനങ്ങൾ സ്വന്തമായുള്ള ബിസിനസുകാരനായ ഫാസിൽ, ദുബായ് നഗരപ്രദേശമായ റാഷിദിയ്യയിലാണ് താമസിക്കുന്നത്. ദുബായിലെത്തുന്ന സിനിമക്കാരുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന പ്രതി കോഴിക്കോട്ടെ സ്വർണക്കടത്തുകാരുമായി ബന്ധം പുലർത്തുന്നില്ലെന്നാണ് ഇതുവരെയുള്ള വിവരം.
ഒരു ബോളിവുഡ് താരമാണ് ഫാസിലിന്റെ ജിംനേഷ്യം ഉദ്ഘാടനം ചെയ്തത്. നേരത്തെയും ഫാസിൽ ഫരീദ് ദുബായിൽ നിന്ന് സ്വർണക്കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്നാണു സൂചന. കുറഞ്ഞ തോതിൽ സ്വർണം കടത്തി തുടങ്ങിയ ഇയാൾ ഇതാദ്യമായാണ് ഇത്രയും വൻതോതിൽ സ്വർണം കടത്തുന്നതെന്ന് അന്വേഷണസംഘവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ വിലാസത്തിലാണ് നയതന്ത്ര ബാഗേജിൽ 30 കിലോ സ്വർണം കള്ളക്കടത്ത് നടത്തിയത്. ഇത്രയും വലിയ കള്ളക്കടത്ത് നടത്തിയത് ഇയാൾ ഒറ്റയ്ക്കായിരിക്കില്ലെന്നാണ് കരുതുന്നത്. ഒന്നാം പ്രതി സരിത്തിനെ കഴിഞ്ഞ ദിവസവും ഒളിവിൽ കഴിയുകയായിരുന്ന സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ശനിയാഴ്ചയും എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഫാസിൽ ഫരീദിനെ കൂടി പിടികൂടുന്നതോടെ കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‍ന സുരേഷും സന്ദീപും ബെംഗളൂരുവില്‍ എത്തിയത് കാറില്‍. രണ്ടുദിവസം മുമ്പാണ് ഇവര്‍ ബെംഗളൂരുവില്‍ എത്തിയത്. സന്ദീപാണ് കാറോടിച്ചിരുന്നത്. ഇവരുടെ കൂടെ സ്വപ്‍നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നതായാണ് വിവരം. പാസ്പോര്‍ട്ടുകളും മൊബൈലുകളും 2.5 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
ഇരുവരും പിടിയിലായത് നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെയാണെന്നാണ് പുറത്ത് വരുന്ന വിവരം.
ബംഗളൂരുവിലെത്തി നാഗാലാന്‍ഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോര്‍ട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ ഫോണ്‍വിളികള്‍ പാരയായപ്പോള്‍ സന്ദീപിനെയും സ്വപ്നയെയും ബംഗളൂരുവില്‍നിന്ന് തന്നെ എന്‍ഐഎ. സംഘം പിടികൂടുകയായിരുന്നു.
എസ് ക്രോസ് വാഹനത്തിലാണ് സ്വപ്നയും സന്ദീപും ബെംഗളൂരുവിലെത്തിയത്. ബുധനാഴ്ച ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ് പ്രതികള്‍ ആദ്യം മുറിയെടുത്തത്. എന്നാല്‍ ഇവിടെ തിരിച്ചറിയപ്പെടുമോ എന്ന സംശയത്തില്‍ കഴിഞ്ഞദിവസം കോറമംഗലയിലെ ഒക്ടേവ ഹോട്ടലിലേക്ക് മാറുകയായിരുന്നു.
രണ്ടിടത്തും ഓണ്‍ലൈനിലൂടെയാണ് മുറി ബുക്ക് ചെയ്തത്. ഒക്ടേവ ഹോട്ടലില്‍ വൈകിട്ട് ആറരയോടെയാണ് ഇരുവരും മുറിയെടുത്തത്. എന്നാല്‍ ചെക്ക്ഇന്‍ ചെയ്ത് അര മണിക്കൂറിനകം എന്‍ഐഎ സംഘം പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികളില്‍നിന്ന് പാസ്‌പോര്‍ട്ടും രണ്ട് ലക്ഷം രൂപയും എന്‍.ഐ.എ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് ഏഴ് മണിയോടെ പിടിയിലായ ഇരുവരെയും ഞായറാഴ്ച പുലര്‍ച്ചെ വരെ ചോദ്യംചെയ്തു. ഇതിനുശേഷം പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചെന്നാണ് വിവരം