മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ അപകടമരണത്തിനു കാരണമായ ലോറി കണ്ടെത്തി. ഡ്രൈവര്‍ ജോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. മരണത്തില്‍ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ലോറിയേയും ഡ്രൈവറേയും ഈഞ്ചക്കലില്‍ നിന്നാണ് ഫോര്‍ട്ട് എ.സി പ്രതാപന്‍റെ നേതൃത്വത്തിലുള്ള സംഘം കസ്ററഡിയിലെടുത്തത്.
വെള്ളായണിയിലേക്ക് എം.സാന്‍റ് കയറ്റിപ്പോയ ലോറിയാണ് അപകടം ഉണ്ടാക്കിയത്. ജോയിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഭയം കാരണമാണ് വാഹനം നിര്‍ത്താതെ പോയതെന്നാണ് പൊലീസിനു നല്‍കിയമൊഴി. ഇയാളെകുറിച്ച് വിശദമായി അന്വേഷണം നടത്തുന്നുണ്ടെന്നു ഫോര്‍ട്ട് എ.സി പറഞ്ഞു
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തിരുവനന്തപുരം പ്രസ്ക്ലബില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. അതേസമയം സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു മുല്ലപ്പള്ളി രാമചന്ദ്രനും, പി.കെ.കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു. മരണം ഗൗരവമായി പരിശോധിക്കുമെന്നായിരുന്നു മന്ത്രി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടിസ് നൽകി. രവീന്ദ്രൻ വ്യാഴാഴ്ച ഹാജരാകണമെന്ന് നോട്ടിസിൽ പറയുന്നു.
ഇത് നാലാം തവണയാണ് ഇഡി നോട്ടിസ് നൽകുന്നത്. കെ–ഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് സ്വർണക്കടത്തു കേസിലെ പ്രതികളുടെ മൊഴിയുടെ പശ്ചാത്തലത്തിലാണ് രവീന്ദ്രന് ഇഡി നോട്ടിസ് നൽകിയത്. മുൻപു നോട്ടിസ് നൽകിയപ്പോഴെല്ലാം ചികിത്സ ആവശ്യങ്ങൾ പറഞ്ഞ് രവിന്ദ്രൻ ഒഴിഞ്ഞുമാറിയിരുന്നു.
പനച്ചിക്കാട് കാണാതായ അമ്മയുടെയും മകളുടെയും മൃതദേഹം വീടിന് സമീപത്തെ പാറക്കുളത്തില്‍ കണ്ടെത്തി. പനച്ചിക്കാട് പള്ളത്ര മാടപ്പള്ളി കരോട്ടുവീട്ടില്‍ വത്സമ്മ (59)യുടെയും മകള്‍ ധന്യ (37)യുടെയും മൃതദേഹങ്ങളാണ് പനച്ചിക്കാട്ട് പുലിയാട്ടുപാറക്കുളത്തില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് ഇവരെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ തെരച്ചില്‍ തുടരുന്നതിനിടയിലാണ് മൃതദേഹം സമീപത്തെ കുളത്തില്‍ നിന്ന് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നുള്ള കുടുംബ പ്രശ്‌നങ്ങളാണ് മരണ കാരണമെന്നാണ് സൂചന.
ചിങ്ങവനം പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി.
യുഎസിലെ ഇല്ലിനോയിയിൽ ഷിക്കാഗോ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനനിയന്ത്രണ വാഹനത്തിന്റെ അടിയില്‍പെട്ട് മലയാളി ജീവനക്കാരന്‍ മരിച്ചു. കൊല്ലം പത്തനാപുരം പാറപ്പാട്ട് കുടുംബാംഗമാണ് മരിച്ച ജിജോ ജോര്‍ജ്.
പൊലീസെത്തി ആശുപത്രിയിലെത്തിച്ചതിനുശേഷമാണ് മരണം. അപകടമരണമാണെന്ന് പൊലീസ് അറിയിച്ചു. ആനി ജോസ് ആണ് ഭാര്യ. ഒരു കുട്ടിയുണ്ട്. ആനി എട്ടുമാസം ഗര്‍ഭിണിയുമാണ്. ജിജോയുടെ പിതാവ് കുഞ്ഞുമോനും അമ്മ മോനിയും ഷിക്കോഗോയിലാണ് താമസം.
മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്‍റെ മരണത്തില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷണം തുടങ്ങി. ഫോര്‍ട്ട് എ.സിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കളും പ്രതിപക്ഷവും ആരോപിച്ചു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിലുണ്ടായ വാഹനാപകടത്തിലാണ് പ്രദീപ് മരിച്ചത്. പ്രദീപിന്റെ വാഹനവും പിന്നാലെ ഇടിച്ച വാഹനവും കടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു
മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കളും പ്രതിപക്ഷവും ആരോപിച്ചിരുന്നു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിലുണ്ടായ വാഹനാപകടത്തിലാണ് എസ്.വി. പ്രദീപ് മരിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയിരുന്നു.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. പ്രദീപ് സഞ്ചരിച്ച സ്കൂട്ടറില്‍ പിന്നാലെ വന്ന വാഹനം ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ പ്രദീപിനെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. സ്കൂട്ടറിന്‍റെ പിന്‍വശത്തെ ഹാന്‍ഡ് റസ്റ്റ് മാത്രമാണ് തകര്‍ന്നത്. ഇതാണ് മരണത്തിന്‍റെ ദുരൂഹത വര്‍ധിപ്പിക്കുന്നത്.
സമൂഹമാധ്യമങ്ങളിലടക്കം ഭീക്ഷണിയുണ്ടായിരുന്നതായി പ്രദീപിന്‍റെ അമ്മ ആരോപിച്ചു. മരണത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന പ്രസിഡന്‍റും ആവശ്യപ്പെട്ടു. മനോരമ ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന എസ്.വി. പ്രദീപ് ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ ഭാഗമായി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
തിരുവനന്തപുരം ∙ മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തു വച്ചാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ. വാഹനാപകടത്തിൽ ദുരൂഹതയുണ്ടെന്നു പ്രദീപിന്റെ കുടുംബം ആരോപിച്ചു. സമൂഹമാധ്യമങ്ങളിലടക്കം പ്രദീപിനു ഭീഷണി ഉണ്ടായിരുന്നതായി അമ്മ വസന്തകുമാരി പറഞ്ഞു.
ദുരൂഹത നീക്കണമെന്ന് ചെന്നിത്തല
മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ അപകടമരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രദീപ് സഞ്ചരിച്ച ഇരുചക്ര വാഹനത്തെ ഇടിച്ച വണ്ടി ഏതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും വസ്തുതകള്‍ പുറത്തു കൊണ്ടുവരണമെന്നും ചെന്നിത്തല പറഞ്ഞു.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്നു സൂചന. വട്ടയാൽ വട്ടത്തിൽ വീട്ടിൽ ക്ലീറ്റസിന്റെ ഭാര്യ ഫിലോമിനയുടെ (62) മരണത്തിലാണ് പൊലീസ് ദുരൂഹത സംശയിക്കുന്നത്. 5ന് തലയ്ക്കു പരുക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിയ ഫിലോമിന ഇന്നലെ രാവിലെയാണ് മരിച്ചത്.
കൊലപാതകം സംശയിക്കുന്നതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. അസ്വാഭാവിക മരണത്തിന് സൗത്ത് പൊലീസ് കേസെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം കോവിഡ് പരിശോധനയ്ക്കു ശേഷം പോസ്റ്റ്മോർട്ടം ചെയ്ത ശേഷം തുടരന്വേഷണം നടത്തുമെന്ന് സൗത്ത് സിഐ എം.കെ.രാജേഷ് പറഞ്ഞു. കഴിഞ്ഞ 5ന് വൈകിട്ട് വീട്ടിൽ നിന്നു തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയിലാണ് ഫിലോമിനയെ ജനറൽ ആശുപത്രിയിലും തുടർന്ന്, മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്.
ആശുപത്രിയിൽ എത്തിച്ചപ്പോൾ മുതൽ അബോധാവസ്ഥയിലായിരുന്നു. തലയിൽ ഭാരമുള്ള എന്തോ വീണ് മുറിവുണ്ടായി എന്നാണ് ബന്ധുക്കൾ ഡോക്ടറെ ധരിപ്പിച്ചത്. ഇക്കാര്യത്തിൽ സംശയമുണ്ടെന്ന് ഡോക്ടർ പൊലീസിനോടു പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തിൽ നിന്നു വാർഡിലേക്ക് മാറ്റിയെങ്കിലും നില വഷളായതിനെ തുടർന്ന് വീണ്ടും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ എട്ടേമുക്കാലോടെ മരിച്ചു. അടിയേറ്റതിനെ തുടർന്ന് തലയിൽ ആഴത്തിൽ ഉണ്ടായ മുറിവാണ് മരണകാരണമെന്നാണു സൂചന. നാട്ടുകാരിൽ ചിലർ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നതായി സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ കൊലപാതകമാണെന്നു സംശയിക്കുന്നതിനാലാണ് അന്വേഷണം ആവശ്യപ്പെട്ടത്. ഫിലോമിനയുടെ മക്കൾ: സ്വപ്ന, സീമ, സീന, സുനീഷ്. മരുമക്കൾ: സാലി, ബോസ്, സുനിയപ്പൻ, ഫ്രാൻസി.
അമ്മയെയും മൂന്നു കുട്ടികളെയും വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇവർ നാലുപേരെയും രണ്ടുമാസമായി കാണാനില്ലായിരുന്നു. താനെ ജില്ലയിലെ ഭിവാണ്ടിയിൽ നിന്നാണ് മഹാരാഷ്ട്രയെ ഞെട്ടിച്ച സംഭവം. 30 കാരിയായ രഞ്ജന ബംഗാരി, മക്കളായ ദർശന (12), രോഹിത് (9), രോഹിണി (6) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങളെല്ലാം അഴുകിയ നിലയിലായിരുന്നു.
അതേസമയം, സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവ് ശ്രീപാദിനും രണ്ടാംഭാര്യ സവിതയ്ക്കുമെതിരെ പീഡനത്തിനും അത്മഹത്യാ പ്രേരണാകുറ്റത്തിനും കേസെടുത്തതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ശ്രീപാദും സവിതയും കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ഇരുവരും മുംബൈ ജെജെ ആശുപത്രിയിൽ ചികിത്സയിലാണ്.
രഞ്നയെ അറിയിക്കാതെ ശ്രീപാദ് സവിതയെ വിവാഹം കഴിക്കുകയും വീട്ടിലേക്ക് കൊണ്ടുവരികയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരുവർഷമായി ശ്രീപാദും സവിതയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് രഞ്ജനയുടെ അടുത്ത ബന്ധു പറയുന്നു. ഈ ബന്ധത്തെ പറ്റി രഞ്ജന അറിഞ്ഞതോടെ ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. ഒക്ടോബർ 20ന് ശ്രീപാദുമായി വഴക്കിട്ട് മൂന്നു കുട്ടികളുമായി രഞ്ജന വീട്ടിൽ നിന്ന് പോവുകയായിരുന്നുവെന്ന് താനെ റൂറൽ എസ്.പി വിക്രം ദേഷ്മാനെ അറിയിച്ചു.
രഞ്ജനയെയും കുട്ടികളെയും കാണാതായതോടെ ശ്രീപാദും മറ്റു ഗ്രാമവാസികളും തെരച്ചിൽ നടത്തി. 24 മണിക്കൂർ തിരച്ചിൽ നടത്തിയശേഷവും ഇവരെ കണ്ടുപിടിക്കാൻ കഴിയാതെ വന്നതോടെ ശ്രീപാദ് പൊലീസിൽ പരാതി നൽകിയിരുന്നു.
തെരഞ്ഞെടുപ്പു ജോലി കഴിഞ്ഞ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ വീട്ടിലേക്കു മടങ്ങിയ വനിതാ പോളിങ് ഓഫിസറുടെ കാര്‍ റോഡരികിലെ കുഴിയിലേക്കു ചരിഞ്ഞു. കാര്‍ കരയ്ക്കു കയറ്റാന്‍ സഹായിച്ചവര്‍ തമ്മില്‍ വാക്കുതര്‍ക്കവും കൈയ്യാങ്കളിയുമായി. ഒടുവില്‍ പോലീസിനു നേരെയും മര്‍ദനം.
സിഎംഎസ് കോളജ് റോഡില്‍ ചാലുകുന്നിലാണു സംഭവം. സംഭവത്തില്‍ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. എംജി സര്‍വകലാശാലാ ഉദ്യോഗസ്ഥയും അതിരമ്പുഴ ബൂത്തിലെ പോളിങ് ഓഫിസറുമായിരുന്ന കാരാപ്പുഴ സ്വദേശിനിയുടെ കാറാണു ചാലുകുന്നില്‍ കുഴിയില്‍ വീണത്. റോഡരികിലെ വീടിനോടു ചേര്‍ന്ന മതിലില്‍ ഇടിച്ചാണു കാര്‍ നിന്നത്.
പിന്നാലെ മറ്റൊരു വാഹനത്തില്‍ എത്തിയവര്‍ ഇതു കണ്ടു സഹായിക്കാന്‍ ഇറങ്ങി. കാര്‍ തള്ളി മാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉടനെ സമീപത്തുള്ള നാട്ടുകാരില്‍ ചിലര്‍ കാര്‍ സ്റ്റാര്‍ട്ടാക്കി കുഴിയില്‍ നിന്നു മാറ്റി. ഈ സമയം കാറിന്റെ ടയര്‍ കുഴിയിലും റോഡിലും ഉരസി പൊട്ടി. ഇതോടെ ആദ്യത്തെ സംഘവും നാട്ടുകാരും തമ്മില്‍ തര്‍ക്കമായി.
തര്‍ക്കം അടിപിടിയിലായി. ഈ സമയം അതുവഴിയെത്തിയ വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എംജെ അരുണ്‍ സംഭവം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആദ്യസംഘത്തിലെ 3 പേര്‍ ചേര്‍ന്ന് അരുണിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും മര്‍ദിക്കുകയും ചെയ്തു.
ഇതു കണ്ട് ഓടിയെത്തി പിടിച്ചുമാറ്റാന്‍ ശ്രമിച്ച പോലീസ് ജീപ്പിന്റെ ഡ്രൈവര്‍ ജോണ്‍ തോമസിനെ അക്രമികള്‍ കൈക്കു കടിച്ചു പരുക്കേല്‍പിച്ചു. ഒടുവില്‍ അക്രമികളെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി പോലീസില്‍ ഏല്‍പിച്ചു.
ബാങ്ക് ജീവനക്കാരന്‍ അയ്മനം പാണ്ഡവം വൈശാഖം വീട്ടില്‍ ആനന്ദ് കൃഷ്ണ, ഇദ്ദേഹത്തിന്റെ സഹോദരനും മൊബൈല്‍ കോടതി ജീവനക്കാരനുമായ അരുണ്‍ കൃഷ്ണ, മുണ്ടക്കയം പഴയമണിക്കല്‍ ഹേമന്ത് ചന്ദ്ര എന്നിവരെയാണു സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
മദ്യപിച്ചു രാത്രി നഗരത്തില്‍ കറങ്ങാനിറങ്ങിയതാണ് ഇവരെന്നു പോലീസ് പറഞ്ഞു. പോലീസിന്റെ ജോലിക്കു തടസ്സം ഉണ്ടാക്കിയതിനും ആക്രമിച്ചതിനുമാണു ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.