Kerala

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എറണാകുളത്ത് മതിൽ ഇടിഞ്ഞുവീണ് ഒരാൾ മരിക്കുകയും കണ്ണൂരിൽ ജീപ്പ് ഒഴുക്കിൽപെട്ട് ഒരാളെ കാണാതാവുകയും ചെയ്തു.
കൊല്ലത്ത് വള്ളം തകർന്നു കടലിൽ കാണാതായ 3 മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം അഞ്ചുതെങ്ങിൽ കണ്ടെത്തി.

കിടങ്ങൂരിൽ കാവാലിപ്പുഴ ഭാഗത്തു നിന്നു മീനച്ചിലാറ്റിൽ കാണാതായ ചേർപ്പുങ്കൽ കളപ്പുരയ്ക്കൽ മനേഷിന്റെ (32) മൃതദേഹം പുന്നത്തുറ പള്ളിക്കര കടവിൽ കണ്ടെത്തി. ഓട്ടോ ഡ്രൈവറായിരുന്നു. സംസ്കാരം നടത്തി. കളപ്പുരയ്ക്കൽ സെബാസ്റ്റ്യന്റെ മകനാണ്. മാതാവ്: ശാന്ത. സഹോദരങ്ങൾ: മനു, മ‍‍ഞ്ജു.

എറണാകുളം എടവനക്കാട്ട് മതിൽ ഇടിഞ്ഞു വീണ് തമിഴ്നാട് ഡിണ്ടിഗൽ ആന്തൂർ സ്വദേശി തങ്കവേലുവാണ് (32) മരിച്ചത്. ഒരാൾക്കു പരുക്കേറ്റു.കണ്ണൂരിൽ ഇരിട്ടി മുച്യാട് മണിക്കടവ് ചപ്പാത്ത് പാലത്തിൽ നിന്നു ജീപ്പ് മറിഞ്ഞ് കാരിത്തടത്തിൽ കുര്യന്റെ മകൻ ലിതീഷിനെയാണ് (30) കാണാതായത്. ജീപ്പും കണ്ടെത്താനായില്ല.

കടലിൽ കാണാതായ കന്യാകുമാരി കൊല്ലങ്കോട് നീരോടി തോണി തുറൈ വിളാകം ജോണിന്റെ മകൻ സഹായരാജിന്റെ (32) മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.ഒപ്പമുണ്ടായിരുന്ന രാജു, ജോൺ ബോസ്കോ എന്നിവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല

ലൈംഗിക പീഡനപരാതിക്കെതിരെ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. യുവതിയുടെ പരാതിയിൽ മുംബൈ പൊലീസെടുത്ത പരാതി റദ്ദാക്കണമെന്നാണ് ആവശ്യം. 17ന് നൽകിയ ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.

കേസിൽ ജാമ്യത്തിലുള്ള ബിനോയ് കോടിയേരി ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനിരിക്കുകയാണ്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനിലെത്തണമെന്ന് നിർദേശമുണ്ടായിരുന്നു. അവർ ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്കായി രക്തസാംപിൾ നൽകണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇതിൽനിന്ന് ബിനോയ് പിന്മാറി.

തുടർന്ന് ഇന്ന് തീർച്ചയായും രക്തസാംപിൾ നൽകണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബിനോയ് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹ വാഗ്ദാനം നൽകി ഒന്‍പതു വർഷം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് ബിഹാർ സ്വദേശിയായ യുവതി മുംബൈ പൊലീസിൽ പരാതി നൽകിയത്. ബന്ധത്തിൽ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയിൽ പറയുന്നു. 2009 മുതല്‍ 2015 വരെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ചു, വഞ്ചിച്ചു, ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങളാണ് യുവതി ആരോപിച്ചിരിക്കുന്നത്. അന്ധേരി ഓഷിവാര പൊലീസ് എഫ്ആര്‍ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.

എന്നാൽ തന്നെ ബ്ലാക്മെയിൽ ചെയ്യാനുള്ള ശ്രമമാണെന്ന് ബിനോയ് ആരോപിച്ചിരുന്നു. പരാതിക്കാരിയായ യുവതിയെ അറിയാമെന്നും ആരോപണം വസ്തുതാവിരുദ്ധമാണെന്നും ബിനോയ് പറഞ്ഞു.

അർത്തുങ്കൽ ആയിരംതൈ കടപ്പുറത്ത് പുലിമുട്ടിനു സമീപം ഭീമൻ കടലാനയുടെ ജഡം അടിഞ്ഞു. 10 മീറ്ററോളം നീളവും 5 ടണ്ണിൽ കൂടുതൽ ഭാരവുമുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 10 വയസ്സോളം പ്രായമുണ്ടാകും. ജഡത്തിന് രണ്ടാഴ്ചയിലധികം പഴക്കം ഉണ്ടാകുമെന്നും അധികൃതർ പറയുന്നു. കടൽ അടിത്തട്ട് ഇളകി മറിയുന്ന സമയമായതിനാൽ ജഡം തീരത്തേക്ക് അടിഞ്ഞതാകാമെന്ന് അധികൃതർ വിലയിരുത്തുന്നു. ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്.

അസഹ്യമായ ദുർഗന്ധവും ഉണ്ടായിരുന്നു.ചേർത്തല തെക്ക് പഞ്ചായത്ത് നേതൃത്വത്തിൽ തൊഴിലാളികളെ ഉപയോഗിച്ച് കടലാനയെ മുറിച്ച് കഷണങ്ങളാക്കി, മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വൈകിട്ടോടെ മറവു ചെയ്തു. 15,000 രൂപയിലധികം പഞ്ചായത്തിനു ചെലവായി. വനം, റവന്യു, പൊലീസ് വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.ആനത്തിമിംഗലം എന്നുകൂടി പേരുള്ള കടലാന, സസ്തനിയാണ്. തുമ്പിക്കൈ മാതൃകയിൽ മുഖവും ആനയ്ക്ക് സമാനമായ വലിപ്പവുമുണ്ട്. ഉൾക്കടലിൽ ജീവിക്കുന്ന ഇവയ്ക്കു മത്സ്യങ്ങളും കടൽപായലുകളുമാണ് ഭക്ഷണം.

സംസ്ഥാനത്ത് മഴ കനക്കുമ്പോൾ വിദ്യാർഥികളെ കബളിപ്പിക്കാൻ വ്യാജ വാർത്തകളും സജീവമായി കഴിഞ്ഞു. നാളെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു എന്നതരത്തിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ നാളെ ഒരു ജില്ലയിൽ മാത്രമാണ് പൂർണമായും അവധി നൽകിയിരിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ പൂര്‍ണമായും കോട്ടയം ജില്ലയില്‍ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂരില്‍ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്. എന്നാൽ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.

കോട്ടയം ജില്ലയില്‍ കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്, കുമരകം പഞ്ചായത്തുകളിലെയും പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുളള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയില്‍ പ്ലസ്ടു വരെ എല്ലാവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. കോളജുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.

അതേ സമയം ജില്ലാ കലക്ടർമാരുടെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ മഴകാരണം സ്കൂളിന് അവധി നൽകണമെന്ന് അപേക്ഷയുമായി വിദ്യാർഥികളും സജീവമാണ്.

 

മലപ്പുറം ∙ ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ‘ഗ്രേസ്–1’ എന്ന ഇറാനിയൻ കപ്പലിലും മൂന്നു മലയാളികൾ കുടുങ്ങിയിട്ടുണ്ടെന്നു സൂചന. ഇറാനിലെ ഗ്രേസ്–1 കമ്പനിയിൽ ജൂനിയർ ഓഫിസറായ വണ്ടൂർ സ്വദേശി കെ.കെ.അജ്മൽ (27) ആണ് ഒരാൾ. ഗുരുവായൂർ സ്വദേശി റെജിൻ, കാസർകോട് സ്വദേശി പ്രദീഷ് എന്നിവരാണ് കുടുങ്ങിയ മറ്റു രണ്ടുപേർ. എല്ലാവരും സുരക്ഷിതരാണെന്ന് അജ്മൽ ബന്ധുക്കളെ അറിയിച്ചു.

സിറിയയിലേക്ക് എണ്ണയുമായി പോകുമ്പോൾ, രണ്ടാഴ്ച മുൻപാണ് ജിബ്രാൾട്ടർ കടലിടുക്കിൽനിന്നു മാറി, ഗ്രേസ്1 ഇറാനിയൻ ടാങ്കർ, റോയൽ മറീനുകൾ പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനായിരുന്നു പിടിച്ചെടുക്കൽ എന്നാണ് വിശദീകരണം.

ഈ കപ്പൽ 30 ദിവസംകൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ഇറാൻ ബ്രിട്ടിഷ് എണ്ണക്കപ്പലായ ‘സ്റ്റെന ഇംപറോ’ പിടിച്ചെടുത്തത്. ഈ കപ്പലിൽ 18 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. അജ്മൽ ‘സ്റ്റെന ഇംപറോ’യിലെ ജീവനക്കാരണെന്നായിരുന്നു ആദ്യവിവരം.

എറാണാകുളം സ്വദേശികളായ മൂന്നു പേരാണ് ബ്രിട്ടിഷ് കപ്പലിൽ കുടുങ്ങിയിരിക്കുന്നതെന്നാണ് വിവരം. കപ്പലിന്റെ ക്യാപ്റ്റൻ ഫോർട്ട് കൊച്ചി സ്വദേശിയാണെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഈ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബന്ധം വിലക്കിയതിന്റെ പേരിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്നു കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. തേനി തേവാരം മേട്ടുപ്പെട്ടിയിൽ ചെല്ലത്തുരയാണ് (49) കൊല്ലപ്പെട്ടത്. ഭാര്യ ജലീന (42), പണ്ണപ്പുറം സ്വദേശി സുധാകർ (29) എന്നിവർ പിടിയിലായി. ഉറക്കത്തിലായിരുന്നപ്പോഴാണ് കൊല നടത്തിയതെന്നു ജലീന പൊലീസിനോടു പറഞ്ഞു.

17 വർഷം മുൻപ് പ്രണയ വിവാഹിതരായ ചെല്ലത്തുരയ്ക്കും ജലീനക്കും മക്കളില്ല. സുധാകറുമായി ജലീന അടുപ്പത്തിലായി. ഇതേച്ചൊല്ലി ചെല്ലത്തുര പിണങ്ങിയതോടെ ജലീന സ്വന്തം വീട്ടിലേക്കു പോയി. അടുത്തിടെയാണു കൂട്ടിക്കൊണ്ടുവന്നത്. തലചുറ്റി വീണു മരിച്ചുവെന്നാണ് ഇവർ ബന്ധുക്കളോടു പറഞ്ഞത്. സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കണ്ണീർപ്പെയ്ത്തിനു നടുവിലേക്ക് സന്തോഷക്കടലായി അവർ ഇരമ്പിയെത്തി. 4 നാൾ മുൻപു കടലിൽ കാണാതായ 4 മത്സ്യത്തൊഴിലാളികൾ സ്വന്തം പരിശ്രമത്താൽ ആശ്വാസതീരമണഞ്ഞതു അദ്ഭുതകരമായ രക്ഷപ്പെടലും അതിജീവനവുമായി. പുല്ലുവിള കൊച്ചുപള്ളി പള്ളികെട്ടിയ പുരയിടത്തിൽ യേശുദാസൻ (55), കൊച്ചുപള്ളി പുതിയതുറ പുരയിടത്തിൽ ആന്റണി (50), പുതിയതുറ കിണറുവിള പുരയിടത്തിൽ ലൂയിസ് (53), പുതിയതുറ നെടിയവിളാകം പുരയിടത്തിൽ ബെന്നി (33) എന്നിവരാണ് ഇന്നലെ ഉച്ചയോടെ സുരക്ഷിതരായി മടങ്ങിയെത്തിയത്. കേടായ എൻജിനുകളിലൊന്നു പ്രവർത്തനക്ഷമായതാണു രക്ഷയായത്.

ബുധനാഴ്ച ഉച്ചയ്ക്കു കടലിൽ പോയ ഇവർ ജോലി കഴിഞ്ഞു മടങ്ങുമ്പോൾ 2 ഔട്ട്ബോർഡ് എൻജിനുകളും കേടാവുകയായിരുന്നു. പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞ ഇവർ രൂക്ഷമായ കടൽക്ഷോഭത്തിനിടെ പലവട്ടം മരണത്തെ മുഖാമുഖം കണ്ടു. ‘ഒഴുക്കിൽ പെട്ടു വള്ളം കന്യാകുമാരി ഭാഗത്തേക്കു നീങ്ങി. രക്ഷയ്ക്കായി ഞങ്ങൾ നിലവിളിച്ചു. അതിനിടെ നങ്കൂരം പാരുകളിൽ വള്ളം നിന്നു. സമീപത്തു കൂടി കപ്പലുകൾ കടന്നുപോയപ്പോൾ സഹായത്തിനായി അലമുറയിട്ടു. ആരും ഗൗനിച്ചില്ല. ഒരു കൂറ്റൻ ചരക്കു കപ്പൽ വള്ളത്തിനു നേർക്കു വന്നപ്പോൾ പേടിച്ചു. ഭാഗ്യത്തിന് അതു ഗതിമാറി. പക്ഷേ ശക്തമായ തിരമാലകളിൽ വള്ളം പലപ്പോഴും തലകീഴായി മറിയാനാഞ്ഞു. പകുതിയോളം വെള്ളം കയറി.

കനത്ത കാറ്റിൽ വാരിയെല്ലിൽ വള്ളത്തിന്റെ അടിയേറ്റു ലൂയിസ് അതിനിടെ കടലിൽ മുങ്ങി. ഒരു വിധത്തിലാണു തിരികെ നീന്തിക്കയറിയത്. വാരിയെല്ലിനു ഗുരുതരമായ പരുക്കുണ്ട്. കൂട്ടത്തിൽ പ്രായം ചെന്ന യേശുദാസൻ ആകെ അവശനായി. ശ്വാസതടസ്സം നേരിട്ടു. രക്ഷാദൗത്യത്തിന്റെ സൂചനകളൊന്നുമില്ല. എങ്കിലും പ്രാർഥനയോടെ കാത്തു, കരയണയാൻ പറ്റുമെന്ന് ഉറച്ചു വിശ്വസിച്ചു. എൻജിൻ അറ്റകുറ്റപ്പണി അൽപം അറിയാവുന്നതു തുണച്ചു. ഇന്നലെ രാവിലെ ഏഴോടെ എൻജിൻ സ്റ്റാർട്ടായി.’– നാലു ദിവസങ്ങളുടെ ദുരിതാനുഭവം മടങ്ങിയെത്തിയവർ പങ്കുവച്ചു.

ഇതിനിടെ, തിരച്ചിൽ നടത്താൻ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയ്ക്കെതിരെ തീരവാസികൾ പ്രതിഷേധമുയർത്തി. കോസ്റ്റ് ഗാർഡ്-നാവിക സേനാ കപ്പലുകളുൾപ്പെടെയുള്ളവയുടെ തിരച്ചിലിലൊന്നും വള്ളത്തെ കണ്ടെത്താനായില്ലെന്നത് ആക്ഷേപത്തിനിടയാക്കി. ഇതുവഴി പോയ എല്ലാ കപ്പലുകൾക്കും സന്ദേശം കൈമാറിയെന്നുള്ള അധികൃതരുടെ വെളിപ്പെടുത്തലും പൊള്ളയാണെന്നു തെളിയിക്കുന്നതായി രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തൽ.

നാവികസേനയുടെ സഹായത്തിനായി 2 ദിവസമായി തീരദേശവാസികൾ അഭ്യർഥിക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെ സാന്ത്വനവുമായി ഇന്നലെ രാവിലെ ഇവിടെയെത്തി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായി അദ്ദേഹം ബന്ധപ്പെട്ടു. അതിനിടെ തീരത്തു നിന്നു 10 വള്ളങ്ങളിലായി മത്സ്യത്തൊഴിലാളികൾ തന്നെ തങ്ങളുടെ കൂടപ്പിറപ്പുകളെത്തേടി കടലിലിറങ്ങുകപോലും ചെയ്തു.

പത്തനംതിട്ട∙ കുപ്പിവെള്ളം ലിറ്ററിന് 11 രൂപയ്ക്ക് ഇനി റേഷൻ കടകളിലും ലഭിക്കും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. റേഷൻ കടകളുടെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായും റേഷൻ വ്യാപാരികൾക്കു വരുമാന വർധനയും ലക്ഷ്യമിട്ടാണ് റേഷൻ ഇതര സാധനങ്ങളും റേഷൻ കടകൾ വഴി വിതരണം െചയ്യുന്നത്. റേഷൻ കടകള്‍ വഴി മറ്റു സാധനങ്ങൾ വിൽക്കുന്നതിനുള്ള തടസം ഒഴിവാക്കിയാണു പുതിയ സർക്കാര്‍ ഉത്തരവ്. സപ്ലൈകോ ശബരി ബ്രാൻഡിന്റെ 23 സാധനങ്ങൾ ഉൾപ്പെടെ ഇനി ലഭിക്കും.

കുപ്പിവെള്ളത്തിന്റെ കാര്യത്തിൽ കൃത്യമായ നിബന്ധനയുണ്ട്. ബിഐഎസ് അംഗീകാരമുള്ള കുപ്പിവെള്ളം മാത്രമേ വിൽക്കാൻ പാടുള്ളു. 11 രൂപ എന്നതു വില വിവരപട്ടികയിൽ ഉൾപ്പെടുത്തണം. സപ്ലൈകോയുടെ ശബരി ഉൽപന്നങ്ങൾ അല്ലാതെ മറ്റൊന്നും വിൽക്കാനും പാടില്ല. വെളിച്ചെണ്ണ, തേയില, വാഷിങ് സോപ്പ്, പുട്ടുപൊടി, അപ്പം പൊടി, കായം, ഉപ്പ് പൊടി തുടങ്ങി 23 ശബരി ബ്രാൻഡുകളാണ് വിൽപനയ്ക്കു വരുന്നത്.

ഇതൊക്കെ എംആർപി വിലയെക്കാൾ താഴ്ന്ന വിലയ്ക്കു നൽകാനാകുമെന്നാണു സർക്കാർ വാദം. റേഷൻ കടകൾ ജിഎസ്ടിയുടെ പരിധിയിൽ വരാത്തതിനാലാണ് ഇത്തരത്തിൽ വില താഴ്ത്തി വിൽക്കാനാകുന്നതത്രെ. 14,336 റേഷൻ കടകളാണു കേരളത്തിലുള്ളത്. തൊട്ടടുത്ത മാവേലി സ്റ്റോറുകളിൽ നിന്ന് ശബരി സാധനങ്ങൾ വാങ്ങണമെന്നാണ് റേഷൻ കടകൾക്ക് നൽകിയ നിർദേശം.

എന്നാൽ തുവരപരിപ്പ്, കടല, പയർ, വൻപയർ, ചെറുപയർ, ഉഴുന്ന്, വറ്റൽ മുളക്, പഞ്ചസാര, മല്ലിപ്പൊടി തുടങ്ങി മാവേലി സ്റ്റോറുകൾ വഴി വിലകുറച്ച് നൽകുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ റേഷൻ കടകൾ വഴി ലഭ്യമാക്കിയാലെ ജനങ്ങൾക്ക് ഇൗ തീരുമാനംകൊണ്ടു ഗുണമുണ്ടാകുവെന്നാണു റേഷൻ കടക്കാരുടെ അഭിപ്രായം. റേഷൻകടകളെ വിലനിയന്ത്രണ വിൽപന കേന്ദ്രമാക്കുമെന്നായിരുന്നു ഇടതു മുന്നണിയുടെ പ്രകടന പത്രികയിലും വ്യക്തമാക്കിയിരുന്നത്. ഇൗ ലക്ഷ്യത്തിലെത്താൻ വില കുറച്ചു നിത്യോപയോഗ സാധനങ്ങൾ റേഷൻ കടകൾ വഴി ലഭ്യമാക്കണമെന്നതാണ് ഉയരുന്ന ആവശ്യം.

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സീറ്റിനെ ചൊല്ലി ബിഡിജെഎസിൽ ആശയക്കുഴപ്പം. അരൂരിന് പകരം കോന്നി സീറ്റ് ആവശ്യപ്പെടണമെന്ന നിലപാടിലാണ് ബിഡിജെഎസിലെ ഒരു വിഭാഗം നേതാക്കൾ. എന്നാൽ നേരത്തെ മത്സരിച്ച അരൂ‍ർ അല്ലാതെ മറ്റൊരു സീറ്റും ബിഡിജെഎസിന് നൽകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബിജെപി.

ബിഡിജെഎസിന് ഭേദപ്പെട്ട സംഘടനാസംവിധാനമുള്ള മണ്ഡലമാണ് അരൂർ. എന്നാൽ മണ്ഡലത്തിലെ നിലവിലെ സാഹചര്യങ്ങൾ പാർട്ടിക്ക് പ്രതികൂലമാണെന്നാണ് ബിഡിജെഎസിന്‍റെ വിലയിരുത്തല്‍. എസ്എൻഡിപിയുടെ പിന്തുണയില്ലാത്തതുതന്നെയാണ് പ്രധാന കാരണം. അങ്ങനെയെങ്കിൽ അരൂരിന് പകരം കോന്നി സീറ്റ് ആവശ്യപ്പെടണമെന്നാണ് സംസ്ഥാന കൗൺസിലിൽ വന്ന നിർദ്ദേശം. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് കോന്നി മണ്ഡലത്തിൽ കാര്യമായി വോട്ട് വ‍ർധിച്ചിരുന്നു. സാമുദായിക ഘടകങ്ങൾ അരൂരിനെക്കാൾ അനുകൂലം കോന്നിയിലാണെന്നും ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അടുത്ത ദിവസങ്ങളിൽ ബിജെപിയുമായുള്ള ഉഭയകക്ഷിചർച്ചകളിൽ സീറ്റ് സംബന്ധിച്ച അന്തിമധാരണയുണ്ടാകും. എന്നാൽ അരൂർ അല്ലാതെ മറ്റൊരു സീറ്റും ബിഡിജെഎസിന് നൽകാൻ ബിജെപി ഒരുക്കമല്ല. തുഷാർ തന്നെ മത്സരിക്കണമെന്ന ആവശ്യവും ബിജെപി നേതാക്കൾ മുന്നോട്ടുവച്ചിരുന്നു. വട്ടിയൂർക്കാവ് പോലെ മുതിർന്ന നേതാക്കളെ രംഗത്ത് ഇറക്കാൻ ബിജെപി ലക്ഷ്യമിടുന്ന മണ്ഡലം കൂടിയാണ് കോന്നി.

ചിറിപാഞ്ഞുവന്ന ബസില്‍ നിന്നും തലനാരിഴക്കാണ് കാര്‍ യാത്രികര്‍ രക്ഷപെട്ടത്. സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്നവരുടെ ജീവന് എത്രത്തോളം ഭീഷണിയുണ്ടെന്ന് വ്യക്തമാക്കും വിധമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ ഈ വീഡിയോ.

മരണം മുന്നില്‍ കണ്ട നിമിഷത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കാര്‍ യാത്രികരായ ഈ കുടുംബം.മലപ്പുറം തിരൂര്‍-താനൂര്‍ റോഡില്‍ കാര്‍ യാത്രികരായ കുടുംബം എതിര്‍ ദിശയില്‍ പാഞ്ഞുവന്ന ബസില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

അമിത വേഗത്തില്‍ വരികയായിരുന്ന ബസ് മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം തെറ്റുകയും ഉടന്‍ ബ്രേക്ക് പിടിക്കുകയും ചെയ്ത ബസ് എതിരെ വന്ന കാറിന് തൊട്ടുമുന്നില്‍ റോഡിന് വിലങ്ങനെ നിന്നു. കാറില്‍ ഇടിക്കാതിരുന്നത് തലനാരിഴക്ക് മാത്രമാണ്.

 

RECENT POSTS
Copyright © . All rights reserved