ദുരിതത്തില്‍പ്പെട്ടവര്‍ക്കു വേണ്ടി അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം വയനാട്ടിലെത്തിച്ചിരിക്കുന്നത്.ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അവശ്യവസ്തുക്കള്‍ ലഭ്യമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാം ഘട്ടമായി അന്‍പതിനായിരം കിലോ അരിയും ഭക്ഷ്യസാധനങ്ങളും വയനാട്ടില്‍ എത്തി.
രണ്ടാം ഘട്ടത്തില്‍ പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളും. അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളാണ് ഒരോ കുടുംബത്തിനുമുള്ള കിറ്റിലുള്ളത്. കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു.മൂന്നാം ഘട്ടത്തില്‍ ക്ലീനിങ് സാധനങ്ങള്‍ ജില്ലയിലെത്തും. അര്‍ഹരായ മുഴുവന്‍കുടുംബങ്ങള്‍ക്കും ബാത്ത്‌റൂം, ഫ്‌ലോര്‍ ക്ലീനിങ് വസ്തുക്കളടങ്ങിയ കിറ്റ് എത്തിക്കും.
വയനാട്ടിലെയും മലപ്പുറത്തെയും ദുരിതബാധിത മേഖലകളില്‍ രാഹുല്‍ ഗാന്ധി രണ്ടു ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. നിരവധി ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.ഈ മാസം അവസാനം രാഹുല്‍ ഗാന്ധി വീണ്ടും മണ്ഡലം സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് വണ്‍ വിട്ടയക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതിയുടെ ഉത്തരവ്. കപ്പല്‍ വിട്ടയക്കുന്നതിനെതിരെ അമേരിക്ക നല്‍കിയ ഉത്തരവ് കോടതി തള്ളി. കപ്പലിലുണ്ടായിരുന്ന മൂന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയും മോചിപ്പിച്ചു. വണ്ടൂര്‍ സ്വദേശി അജ്മല്‍, ഗുരുവായൂര്‍ സ്വദേശി പ്രജിത്ത്‍, കാസര്‍കോട് ബേക്കല്‍ സ്വദേശി റെജിന്‍ എന്നിവരാണ് മോചിതരായ മലയാളികള്‍.
ജൂലൈ നാലിന് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വെച്ച് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്റെ ഗ്രേസ് വണ്‍ കപ്പലാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് മോചിപ്പിക്കുന്നത്. കപ്പല്‍ വിട്ടയക്കാന്‍ ബ്രിട്ടന്‍ നേരത്തെ നീക്കം ആരംഭിച്ചിരുന്നു. ഇതിനെതിരെ അമേരിക്ക അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ അമേരിക്കയുടെ ആവശ്യം കോടതി തള്ളി.
കപ്പലിലെ 28 ജീവനക്കാരും കോടതി ഉത്തരവോടെ മോചിതരായി. ജീവനക്കാരില്‍ 24 പേര്‍ ഇന്ത്യക്കാരാണ്. ജീവനക്കാര്‍ക്കെതിരെ ജിബ്രാള്‍ട്ടര്‍ പൊലീസ് എടുത്ത ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി. ജീവനക്കാരില്‍ നിന്നും പിടിച്ചെടുത്ത സാധനങ്ങളെല്ലാം തിരികെ നല്‍കിയെന്ന് കപ്പലിലുള്ള മലപ്പുറം സ്വദേശി അജ്മല്‍ സ്വാദിഖ് പറഞ്ഞു. “എന്റെ മോചനത്തിന് നിയമസഹായം നൽികിയ എല്ലാവരോടും ഞാൻ നന്ദിയുള്ളവനുമാണ്.” ഗ്രേസ് 1 ടാങ്കറിന്റെ ഇന്ത്യൻ ക്യാപ്റ്റൻ പ്രസ്താവനയിൽ പറഞ്ഞു. മോചിതരായ മുഴുവന്‍ ഇന്ത്യക്കാരും ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു.
കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു. വരുന്ന ഒരാഴ്ച ശക്തമായ മഴ ഉണ്ടാകില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പ്രവചനം.ഒരാഴ്ച നീണ്ട തീരാ ദുരിതത്തിനുമേൽ കാർ മേഘം ഒഴിയുകയാണ്. കേരളത്തെ മുക്കിയ പ്രളയത്തിന് കൃത്യം ഒരുവർഷം തികയുന്ന ദിവസമാണ് ഇതെന്നും ഓർക്കാം. ആപേടി തത്‍ക്കാലം വേണ്ട. കേരളത്തിൻറെ മാനത്ത് നിന്ന് കാർമേഘങ്ങൾ ഒഴിയുന്നു എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിഗമനം.
ഇത് പത്തു ദിവസം വരെ നീളാനും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറന്‍കാറ്റിന്‍റെ ശക്തിയും കുറഞ്ഞിട്ടുണ്ട്.കടല്‍ പൊതുവെ ശാന്തമാണ്. ഇതേതുടര്‍ന്ന് മത്സ്യതൊഴിലാളികള്‍ക്കുള്ള എല്ലാ മുന്നറിയിപ്പുകളും പിന്‍വലിച്ചു. ഏഴാം തീയതി ആരംഭിച്ച മഴ ഒരാഴ്ചയാണ് കേരളത്തെ പ്രളയജലത്തില്‍ മുക്കിയത്. വടക്കന്‍ജില്ലകളെയും മധ്യകേരളത്തെയുമാണ് മഴ ഏറ്റവും പ്രതികൂലമായി ബാധിച്ചത്. ഇന്നലെ കേരളത്തിലെവിടെയും അതി തീവ്രമഴ ഉണ്ടായില്ല.
പാകിസ്ഥാൻറ് നുഴഞ്ഞു കയറ്റംപോലെ പ്രളയം നുഴഞ്ഞു കയറിയപ്പോൾ മനുഷ്യരുടെ ആരാധനാലയങ്ങൾ വെള്ളത്തിൽ ഒലിച്ചുപ്പോകുക മാത്രമല്ല മണ്ണിനടിയിലുമായി. സഹ്യപർവ്വതങ്ങളുടെ നിറപുഞ്ചിരിയുമായി നിന്ന ദൈവത്തിന്റ സ്വന്തം നാട്ടിൽ ചെകുത്താനായി ആകാശ മേഘങ്ങൾ ഇടിഞ്ഞു വീണ് ഭൂമി പിളർന്ന് പ്രളയമായത് മഴയെ മാത്രം കുറ്റപ്പെടുത്തി രക്ഷപ്പെട്ടാൽ മതിയോ? അതിൽ മനുഷ്യരുടെ അശുദ്ധി നിറഞ്ഞ ജീവിതവും പ്രകൃതിയോട് കാട്ടുന്ന പരാക്രമങ്ങളും പരമപ്രധാനമാണ്. ഏറ്റവും കൂടുതൽ ദൈവങ്ങളെ കണ്ടത് റോമൻ സാമ്പ്രാജ്യത്തിലാണ്. യൂറോപ്പിൽ പലയിടത്തും സിറിയയിലും അവരുടെ ദേവാലയങ്ങൾ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നത് ഞാൻ കണ്ടു. അത് പ്രളയത്തിൽ നശിച്ചതല്ല. ആ ദൈവങ്ങളിൽ പ്രധാനികളായിരുന്നു ജുപിറ്റർ, ജുനോ, സിയൂസ്, ഇസിസ്, ഡയാന, അദേന, മിത്രയിസം, സിബൽ, മെർക്കുറി, ടിയനോസിസ്, വീനസ് അങ്ങനെ ധാരാളം ദൈവങ്ങൾ. ആ കുട്ടത്തിൽ നായും പാമ്പും ചക്രവർത്തിമാരും രാജാക്കന്മാരും അവരുടെ ഭാര്യമാരും മക്കളും ദൈവങ്ങളായി. അധികാരത്തിലിരുന്നു അഹന്തയും അഹംങ്കാരവും ധൂർത്തും നടത്തിയ ചക്രവർത്തിമാർക്കൊപ്പം ദൈവങ്ങളെയും പ്രകൃതി മണ്ണിൽ കെട്ടിത്താഴ്ത്തിയെന്ന് പറഞ്ഞതാണ്. നൂറ്റാണ്ടുകളായി ഈ ദൈവങ്ങൾക്ക് മനുഷ്യ-മൃഗങ്ങളുടെ ചോരയും നീരും സുഗന്ധദ്രവ്യങ്ങളും ഇഷ്ടവിഭവങ്ങളായിരുന്നു. നമ്മുടെ ആൾദൈവങ്ങളെപ്പോലും ജനരക്ഷക്ക് ഇവിടെ കണ്ടില്ല. ശാസ്ത്ര -ഭരണവകുപ്പുകൾ എവിടെയായിരുന്നു? ആരാധകർക്ക് അവരോടൊന്നും യാതൊരു പ്രതിഷേധവുമില്ലേ?
പ്രകൃതിയുടെ നിശ്വാസമെന്തെന്നറിയാത്തവർ വികലമായ കാഴ്ചപ്പാടിലൂടെ ആധുനികസമൂഹത്തെ രക്ഷിക്കാനെന്ന ഭാവത്തിൽ വർഗ്ഗ സ്വാർത്ഥ താല്പര്യമനുസരിച്ചു് ഭൂമിയെ പിളർത്തുന്ന കാഴ്ചകൾ കേരളത്തിലെ കടലോര-മലയോര മേഖലകളിൽ കാണാറുണ്ട്. ഞെരിഞ്ഞമരുന്ന ഭൂമിയുടെ ഞരക്കം നുഴഞ്ഞുകയറുന്നവനറിയില്ല. ഖനനത്തിന്റ ആഴംപോലെ കള്ള പണത്തിന്റ ആഴവും കുടും. ഗ്രാമവാസികളിൽ ചിലർ പറയുന്നുണ്ട്. ഭൂമിക്കടിയിൽ നിന്നും മൂളലുണ്ട്, ഇളക്കമുണ്ട്. അധികാരത്തിലുള്ളവർക്ക് ധീരമായ ഒരു നിലപാടോ, കാഴ്ചപ്പാടോ ഇല്ലാത്തതിനാൽ ശാസ്ത്രജ്ഞർ കൊടുത്ത വിലയേറിയ ശാസ്ത്രീയ പഠന റിപ്പോർട്ടുകളേക്കാൾ അവർ വിലമതിച്ചത് വോട്ടുബാങ്ക് രാഷ്ട്രീയമാണ്. ഇവിടെയും ദൈവങ്ങളുടെ പങ്കുണ്ട്. അതൊക്കെ പൊടിപുരണ്ടിരിക്കുമ്പോഴാണ് ഭൂമിയും ആകാശവും മഴയും മിന്നലും ഒന്നടങ്കം ഉണർന്നെഴുന്നേറ്റ് മനുഷ്യരെ ആക്രമിച്ചു കിഴ്‌പ്പെടുത്തിയത്. പ്രളയപാച്ചിലിൽ ഭൂമി മലർന്നടിച്ചു. മണ്ണിൽ മനുഷ്യരും സർവ്വ ജീവജാലങ്ങളും പുഴുക്കളെപ്പോലെ ചത്തൊടുങ്ങി. എല്ലാം നഷ്ടപ്പെട്ട മനുഷ്യർ വാവിട്ടു കരഞ്ഞു. അവരുടെ ദീനരോദനങ്ങൾക്ക് കാരണക്കാർ അധികാര- ശാസ്ത്ര രംഗത്തുള്ളവർ പോറ്റിവളർത്തുന്ന സാമൂഹ്യവിരുദ്ധരായ പണച്ചാക്കുകളല്ലെന്ന് പറയാൻ എത്രപേർക്ക് സാധിക്കും. ഈ പാപഭാരത്തിൽ നിന്നും ഇവർക്ക് ഒഴിഞ്ഞു മാറാൻ സാധിക്കുമോ? ഒരു മുടക്കവുമില്ലാതെ എല്ലാ മാസവും ശമ്പളം പറ്റുന്ന ശാസ്ത്രലോകത്തോടും പല ചോദ്യങ്ങളുണ്ട്. ഉത്തരം പറയാൻ ഈ രണ്ടു കൂട്ടരും ബാധ്യസ്ഥരാണ്. മനുഷ്യ ജന്മങ്ങൾ പാഴാക്കിയ, സാമ്പത്തിനുവേണ്ടി എന്തും ചെയ്യുന്നവർ നേരിടുന്ന ചോദ്യങ്ങൾ ആഴത്തിൽ മുറിവേല്പിക്കുന്നതാണ്. എല്ലാം പ്രകൃതിയുടെ തലയിൽ കെട്ടിവെച്ചു് ഈ വിലാപയാത്രയിൽ പങ്കെടുത്താൽ മാത്രം മതിയോ? നമ്മുടെ സൂക്ഷ്മനിരീക്ഷണ പ്രക്രിയയിൽ വന്ന പാളിച്ചകൾക്ക് ആരാണുത്തരവാദി? വെറും പ്രതിഷേധങ്ങൾ കൊണ്ട് തൃപ്‌തിപ്പെടാവുന്നതാണോ ബലികഴിച്ച ജീവനും ജീവിതങ്ങളും? ഇങ്ങനെയാണോ പുരോഗതി തഴച്ചു വളരേണ്ടത്? പുനരധിവാസമെന്ന പേരിൽ ധനസഹായം ചെയ്ത് വിശുദ്ധന്മാരായാൽ കൈയിൽ പുരണ്ട ചോരക്കറ മാറിപോകുമോ? എത്രയെത്ര കുടുംബങ്ങൾ താറുമാറായി. ഓരോ കുടുംബത്തിന്റ സംരക്ഷണം സർക്കാർ ഏറ്റെടുക്കേണ്ടതല്ലേ? ജീവൻ നഷ്ടപ്പെട്ടവർക്ക് ഒരു കോടിയെങ്കിലും കൊടുക്കേണ്ടതല്ലേ? കോടതികൾപോലും ശിക്ഷ വിധിക്കുമ്പോൾ സാഹചര്യ തെളിവുകൾ നോക്കാറുണ്ട്. പൊലീസ് തെളിവുകൾ നശിപ്പിക്കുമ്പോലെ ഇവിടെ തെളിവുകൾ നശിപ്പിക്കാൻ സാധിക്കില്ല. മണ്ണിലും മരച്ചുവട്ടിലും വള്ളികുടിലുകളിലും ജലതീരങ്ങളിലും അതൊരു തുറന്ന പുസ്തകമാണ്. ഇതുപോലുള്ള ദുരന്തമുഖത്തു ആരും രാഷ്ട്രീയം കളിക്കരുത്. ഇവിടെ കുറ്റവും ശിക്ഷയും നടപ്പാക്കുകയാണ് വേണ്ടത്. എത്രയോ നാളുകളായി മഴയെ, ഉരുള്പൊട്ടലിനെ പഴിചാരി ഈ രംഗത്തുള്ളവർ രക്ഷപ്പെടുന്നു. ഇനിയെങ്കിലും ഈ രാഷ്ട്രീയക്കളി അവസാനിപ്പിക്കണം. ഇതിലെ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ആർജ്ജവമുണ്ടോ?
സുനാമിയടക്കം 2018 ലെ മഹാപ്രളയത്തിൽ നിന്നും ഭരണാധികാരികൾ, ജിയോളജി വകുപ്പ്, ഇറിഗേഷൻ, കാലാവസ്ഥ നീരിക്ഷണ കേന്ദ്രം, ദുരന്ത നിവാരണ വകുപ്പ്, വാട്ടർ അതോറിറ്റി, ചുഴലിക്കാറ്റ് കേന്ദ്രം, ഭൂമി നീരിക്ഷണ കേന്ദ്രം, ഡാം വകുപ്പ്, വൈദുതി തുടങ്ങി എത്രയോ വകുപ്പുകൾ. വകുപ്പുകൾക്കൊന്നും യാതൊരു പഞ്ഞവുമില്ല. പഠിക്കുന്ന വിദ്യാർത്ഥികൾ പഠിച്ചിട്ടാണ് പരീക്ഷയെഴുതുന്നത്. ഈ വകുപ്പുകൾ കഴിഞ്ഞ സുനാമിയിൽ നിന്നും പ്രളയത്തിൽ നിന്നെങ്കിലും കുറെ പഠിക്കേണ്ടതല്ലേ? എന്ത് പഠിച്ചു? അതിലൂടെ ജനത്തിന് എന്ത് നേട്ടമുണ്ടായി? എന്തെങ്കിലും പഠിച്ചിരുന്നെങ്കിൽ നൂറിലധികം ജീവൻ കൊല്ലപ്പെടുകയോ ഇത്രമാത്രം നാശനഷ്ടങ്ങൾ സംഭവിക്കില്ലായിരുന്നു. ഇവർ മാത്രമല്ല ഓരോ പഞ്ചായത്തുകളും, മുനിസിപ്പാലിറ്റികളും ഈ ദുരന്തങ്ങൾക്ക് ഉത്തരം പറയേണ്ടവരാണ്. ഇപ്പോളവർ മുതലക്കണ്ണീരൊപ്പുന്നു. സ്വന്തം ഭൂമിയുടെ സ്വഭാവമറിയാത്തവരാണോ ഗ്രാമപഞ്ചായത്തു ഭരിക്കുന്നത്? പാവങ്ങളുടെ നികുതിപണംകൊണ്ടു ജീവിക്കുന്ന ഈ വകുപ്പുകളെല്ലാം ഒരു നാടിന്റ തറവാടാണ്. ആ തറവാട്ടിലെ നായകൻ വഴിതെറ്റി ജീവിച്ചാൽ മനുഷ്യനു മാത്രമല്ല മണ്ണിനും നാശമുണ്ടാകും. സുഖലോലുപതയുടെ മടിത്തട്ടിൽ തണുത്ത മുറിയിലെ ചാരുകസേരിയിലിരുന്നവർ നാടിന്റ ദുരന്തം ടീവിയിൽ കണ്ടു രസിച്ചാൽ മതിയോ? കാട്ടിലെ മരം തേവരുടെ ആന, പാവം ജനങ്ങളും വിവിധ സേനകളും മണ്ണിനടിയിൽപ്പോയവരെ പുറത്തെടുക്കാൻ കഷ്ടപ്പെടുന്നു. ഈ വകുപ്പുകളിൽപ്പെട്ട എത്രപേർ പ്രളയബാധിത ദുരന്തമുഖത്തുണ്ടായിരുന്നു.ജനസേവകർ ദുരന്തഭൂമിയിൽ പ്രാണത്യാഗം ചെയ്യാൻ മനസ്സുള്ളവരാകണം. അത് രാജ്യത്തിന്റ അതിരുകൾ കാക്കുന്ന പട്ടാളക്കാരും ചെയ്യുന്നു. നിര്ഭാഗ്യവശാൽ രാജ്യത്തിനായി അവരുടെ ജീവനും നഷ്ടപ്പെടാറുണ്ട്. ഇവിടെ നിരപരാധികൾ കൊല്ലപ്പെട്ടുകൊണ്ടരിക്കുന്നു. അതിനെത്തുടർന്ന് മാധ്യമങ്ങളുടെ മുന്നിൽ കുറെ ദുരന്തമുഖ വർണ്ണനകൾ നടത്തി സംതൃപ്തിയടയുന്നു. അവിടെയും കൊടികളുടെ നിറം നോക്കി കൊടി ഉയരത്തിൽ കെട്ടണോ അതോ താഴ്ത്തികേട്ടണോയെന്ന് തിരുമാനിക്കുന്നത് വാർത്തകൾ വളച്ചൊടിക്കുന്ന മാധ്യമങ്ങളാണ്. ഇതുവരെ നമ്മുടെ ഭൂമിക്ക് ഒരു ശാസ്ത്രീയ നിർമ്മാണ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ? ഒരു പഞ്ചായത്തിലെങ്കിലും അവരുടെ ഭൂമിയുടെ ഭൂമി ശാസ്ത്ര കോഡുകളോ, മാപ്പ് തുടങ്ങി എന്തെങ്കിലും രേഖകൾ കിട്ടുമോ? വില്ലേജ് ഓഫീസിൽ പറഞ്ഞുവിടരുത്. ലോകമെങ്ങും കലാവസ്ഥക്കനുസരിച്ചു മാറ്റങ്ങൾ വരുത്തുമ്പോൾ നമ്മുടെ നഗര-ഗ്രാമ തദ്ദേശീയ ഭരണത്തിലുള്ളവർക്ക് കെട്ടിട നിർമ്മിതിയെപ്പറ്റി, ഭുമിയെപ്പറ്റി ഒരു ബോധവത്കരണ ക്ലാസ്സയെങ്കിലും എടുക്കാനുള്ള യോഗ്യതയുണ്ടോ? കൊടിയുടെ നിറം നോക്കി പ്രതിഷ്ഠിച്ചാൽ പോരാ പ്രവർത്തിക്കാൻ പ്രാപ്തിയുണ്ടാകണം. അവർ കടലിരമ്പിയാലും പ്രളയമൊഴുകിയാലും പകച്ചുപോകുന്നവരല്ല. ഇവരെ പരിസ്ഥിതി ജാഗ്രതയില്ലാത്തവരായി മാറ്റിയതിൽ ആരാണുത്തരവാദി? ഇനിയെങ്കിലും ഈ കൂട്ടരേ കുന്നിടിച്ചു പണമുണ്ടാക്കുന്നതിൽ നിന്നകറ്റി ഭൂമി ശാസ്ത്രം പഠിപ്പിക്കേണ്ടതല്ലേ?
ശാസ്ത്രജ്ഞർ മുന്നോട്ട് വെക്കുന്ന ശാസ്ത്ര പഠന റിപ്പോർട്ടുകൾ കളക്ടർ അടക്കം ജനപ്രതിനിധി സഭകൾ പോലും തുറന്ന് നോക്കാറില്ലെന്നുള്ള പരാതികളുയരുന്നു. മാധവ് ഗാഡ്‌ഗിൽ റിപ്പോർട്ട്, കസ്തുരി രംഗംൻ റിപ്പോർട്ടുകൾ അതിനുദാഹരങ്ങളാണ്. അരക്കിട്ടുറപ്പിച്ചതുപോലെ അധികാരത്തിലിരിക്കുന്നവർ മടിയിലിരുത്തി താലോലിക്കുന്നത് മുതലാളിമാരാകുമ്പോൾ പ്രകൃതിയെ ഒരു വില്പനച്ചരക്കാക്കി ജീവിക്കുന്നവർക്ക് ശാസ്ത്ര പഠനങ്ങൾ ക്വാറി മുതലാളിമാർക്കും, റിസോർട്ട് മുതലാളിമാർക്കും അനധികൃത കൈയേറ്റക്കാർക്കും അനുവദിച്ചുകൊടുക്കാൻ സാധിക്കില്ല. അധികാരം പോയാലും അവരുടെ മണിത്തിണ്ണയിലെ മനോഹരമായ മട്ടുപ്പാവിൽ ഇരിക്കേണ്ടവരാണ്. മാധ്യമങ്ങൾ കുറച്ചുനാളുകൾ അതിട്ട് അലക്കുമെങ്കിലും ലജ്ജിക്കേണ്ടതില്ല. അടുത്ത തലമുറക്കുള്ള സമ്പാദ്യമാണ് ലഭിച്ചത്. അതിന്റ പ്രത്യാഘതങ്ങളാണ് ഇപ്പോൾ പാവങ്ങൾ അനുഭവിക്കുന്നത്. ഇതിന്റ തുടക്കം പഞ്ചായത്തുകളാണ്. മടിശ്ശില നോക്കി എന്തിനും ലൈസൻസ് കൊടുക്കുന്ന പ്രവണത. ഒരു ഭൂമി ഉരുള്പൊട്ടലിന് സാധ്യതയുണ്ടോ, അവിടെ ക്വാറികൾ, കെട്ടിടങ്ങൾ, പഞ്ച നക്ഷത്ര ഹോട്ടലുകൾ, കൃഷി നടത്താൻ സാധിക്കുമോ തുടങ്ങി ഒരു ശാസ്ത്രീയ പരിശോധനയും നടത്താതെ അനുവദിക്കുന്നു. ആ ഭാഗത്തു ദുരന്തമുണ്ടാകുമ്പോൾ പുരപ്പുറത്തു കയറി രക്ഷാപ്രവർത്തനത്തിന് ജനങ്ങളെ വിളിക്കുന്ന കാഴ്ചകൾ കാണുമ്പൊൾ ഒരു മരവിപ്പാണ് തോന്നുക. ആദ്യം ജയിലഴികൾ എണ്ണേണ്ടത് ഇവരല്ലേ? കാര്യക്ഷമമായി ഇടപെടാതെ നിർമ്മാണത്തിന് അനുമതി കൊടുത്തിട്ട് ഞാനൊന്നുമറിഞ്ഞില്ലേയെന്ന ഭാവത്തിൽ മാധ്യമങ്ങളുടെ മുന്നിൽ ധർമ്മസങ്കടങ്ങൾ നിരത്തുന്നവർ. റോമിലെ രക്തപ്പുഴയൊഴുക്കിയ കൊളീസിയത്തെക്കാൾ, ഇറ്റലിയിലെ പോംപെയി അഗ്നിപർവ്വത പാതാളക്കുഴികളേക്കാൾ എത്രയോ ആഴത്തിലാണ് ഭൂമിയെ പിളർത്തി പാറകൾ പൊട്ടിച്ചെടുക്കുന്നത്. ഭൂമിയെ കിറിമുറിക്കുന്നതിൽ യാതൊരു ശാസ്ത്രീയ പഠനങ്ങളും നടത്തുന്നില്ല. ഇവർ വികസിത രാജ്യങ്ങളിലോ, ജപ്പാനിലോ, നെതെർലാൻന്റിലോ പോയി കുറെ പഠനങ്ങൾ നടത്തുന്നത് നല്ലതാണ്. ഇവിടെയുള്ള ശാസ്ത്രജ്ഞമാർ മുന്നോട്ട് വെക്കുന്ന യാഥാർഥ്യങ്ങളെ തള്ളിക്കളയാൻ ഒരു ഭരണാധിപനും തയ്യാറാകില്ല. കാരണം ശാസ്ത്രം കണ്ടെത്തുന്ന കണ്ടെത്തലുകളെ അപഗ്രഥിക്കാൻ ഭരണാധിപനറിയില്ല. അവരെ ചെണ്ടകൊട്ടാൻ ശ്രമിച്ചാൽ ആ കസേരയിൽ അധികനാൾ ഇരിക്കില്ല. എന്തുകൊണ്ടെന്നാൽ ശാസ്ത്ര -സാഹിത്യ രംഗത്തുള്ളവർ ആരെന്നുള്ള തിരിച്ചറിവ് അവർക്കുണ്ട്. ഇവരൊന്നും രാഷ്ട്രീയപാർട്ടികളുടെ വാലാട്ടികളല്ല. ഇന്ത്യയിൽ ഈ ചെണ്ടകൊട്ട് ശാസ്തജ്ഞന്മാരിൽ നടത്തുന്നത് അല്ലെങ്കിൽ ജ്ഞാനികളിൽ നടത്തുന്നത് അറിവില്ലായ്‌മ മാത്രമല്ല അർഹതയില്ലാത്തവർ അധികാരത്തിൽ വരുന്നതുകൊണ്ടാണ്. ഇവിടെ അപമാനിക്കപ്പെടുന്നത് ഇന്ത്യൻ ജനാധിപത്യം കൂടിയാണ്. ഫലപ്രദമായ ഇടപെടലുകൾ ഇനിയും നടത്തിയില്ലെങ്കിൽ ശാസ്ത്രലോകത്തെ തളച്ചിടാൻ ശ്രമിച്ചാൽ ഇനിയും ദുരന്തങ്ങൾ കൂടുക തന്നെ ചെയ്യും.
ഭരണ രംഗത്തുള്ളവർ അനുമതി കൊടുത്തു് മലകൾ ഇടിച്ചു നിരത്തുമ്പോൾ, ക്വാറികൾ വരുമ്പോൾ, വനമേഖലയിലെ വന്മരങ്ങൾ വെട്ടി നശ്ശിപ്പിക്കുമ്പോൾ, നിലം നികത്തുമ്പോൾ, കണ്ടൽക്കാടുകൾ നശിപ്പിക്കുമ്പോൾ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധമുയർത്താറുണ്ട്. അതൊന്നും ഭരണത്തിലുള്ളവർ മുഖവിലക്ക് എടുക്കാറില്ല. ആഗോളതലത്തിൽ വന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങളും ഒരു ഘടകമാണ്. പെട്രോൾ, പ്ലാസ്റ്റിക് മുതലായവയുടെ ഉപയോഗം കുറയ്ക്കണമെന്ന് ശാസ്ത്രജ്ഞർ പറയുന്നത് വെറുതെയല്ല. അതുകൊണ്ട് ഈ ദുരിതത്തിന് മനുഷ്യനിർമ്മിതി ഇല്ലെന്നു പറയാൻ സാധിക്കില്ല. തീവ്ര മഴയുണ്ടായാൽ വെള്ളപൊക്കം, മണ്ണിടിച്ചിലുണ്ടാകുമെന്ന് ശാസ്ത്രജ്ജർ പറയാതെ തന്നെ പലർക്കുമറിയാം. എന്നാൽ പരിസ്ഥിതി ലോല മേഖലകളിൽ ക്വാറി വന്നാൽ സാധാരണക്കാരന് അതിലൊളിഞ്ഞിരിക്കുന്ന അപകടമറിയില്ല. ഈ വൻകിട മുതലാളിമാരും കുറെ മതദൈവങ്ങളും മാധവ് ഗാഡ്‌ഗിൽ റിപ്പോർട്ട് സർക്കാരിന് നൽകിയപ്പോൾ അദ്ദേഹത്തെ ശവം തീനിയെന്ന് വിളിച്ചധിക്ഷേപിച്ചു. ആ കുട്ടത്തിൽ ചിലരുടെ ശവമഞ്ചവും ചുമന്നു. രാഷ്ട്രീയപാർട്ടികൾ അവർക്ക് ഓശാന പാടി. ആ ശാസ്ത്രഞ്ജന്റെ റിപ്പോർട്ട് നടപ്പാക്കാനോ, ജനങ്ങളിലെത്തിക്കാനോ ആരും ശ്രമിച്ചില്ല. കുറഞ്ഞ പക്ഷം ജനങ്ങൾക്കിടയിൽ കുറെ ബോധവല്കരണമെങ്കിലും നടത്തമായിരുന്നു. അതിനാൽ ശവം തീനിയെന്നു വിളിച്ചവരും അവർക്ക് കൂട്ടുനിന്ന ഭരണകൂടങ്ങളും ഈ ശവപ്പറമ്പുണ്ടാക്കുന്നതിൽ വലിയ പങ്ക് വഹിച്ചവരാണ്. അതിന്റ ഉത്തരവാദിത്വത്തിൽ നിന്നും ആർക്കും ഒഴിഞ്ഞു നില്ക്കാൻ സാധിക്കില്ല. പശ്ചിമഘട്ട റിപ്പോർട്ട് അട്ടിമറിച്ചവരുടെ പേരിൽ ഒഴുക്കിൽപ്പെട്ട ഓടംപോലെയൊഴുകുന്ന രാഷ്ട്രീയ പാർട്ടികൾ എന്ത് നടപടിയാണ് സ്വീകരിക്കുന്നത്? അവരുടെ നിലപാടുകൾ എന്താണ്?
ഇപ്പോൾ നമ്മുടെ മുഖ്യമന്ത്രി തന്നെ പറയുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം അയക്കരുതെന്നുള്ള നുണപ്രചാര വേലകൾ നടത്തുന്നു. ദുരിതത്തിൽ നിന്നും കരകയറണമെങ്കിൽ കൈകോർക്കാതെ കൈ മലർത്തിയിട്ട് കാര്യമില്ല. അതിൽ പങ്കാളികളാകുകയാണ് വേണ്ടത്. കൊതുകുതിയാൽ വിളക്ക് കെടില്ല എന്നത് ഈ കൂട്ടർ ഓർക്കണം. മനുഷ്യ ഹൃദയങ്ങളെ വൃണപ്പെടുത്തുന്ന കാര്യങ്ങൾ കണ്ടാൽ ശരംപോലെ മനുഷ്യത്വമുള്ളവർ ആക്രോശിക്കും. ചോദ്യം ചെയ്യും. എന്നാൽ സോഷ്യൽ മീഡിയയെന്ന വായു സേന വന്നതോടെ കണ്ണാടിക്കൂട്ടിലിരുന്ന് കല്ലെറിയുമ്പോലെ എന്തും ആരെപ്പറ്റിയും എഴുതിവിടാം. യൂട്യൂബിൽ വിഡിയോ ഇറക്കാം. എന്നിട്ട് അത് കണ്ട് രസിക്കാം. ഈ പണി ചെയ്യുന്നതിൽ ഒരു പാർട്ടിക്കാരനും അവരുടെ മാധ്യമങ്ങളും ഒട്ടും പിന്നിലല്ല. കിട്ടുന്ന അവസരങ്ങൾ അവരും ചെണ്ടകൊട്ടാറുണ്ട്. ചില മാധ്യമങ്ങൾക്ക് പണം കൊടുത്താൽ എന്തും എഴുതി വിടും. ഞാനും അതിന് ഇരയായിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്ന പണം സർക്കാർ ധൂർത്തടിക്കുവെന്ന് ചിലർ കരുതുന്നുവെങ്കിൽ അതിന്റ കാരണങ്ങൾ അവർക്കും പറയാനുണ്ട്. സുനാമിയടക്കം 2018 ൽ കിട്ടിയ പണം ദുരിതമേഖലകളിൽ ചിലവാക്കിയോ? ഇപ്പോഴു൦ പണം കിട്ടാത്തവരും, വിടില്ലാത്തവരും ദുരിതാശ്വാസ ക്യാംപുകളിൽ പാർക്കുന്നവരുമില്ലേ? സർക്കാർ പുതിയ തസ്‌തികകൾ നിർമ്മിച്ച് ഈ പണം ധൂർത്തടിക്കയാണോ? സുനാമി ഫണ്ട്, ആദിവാസി ഫണ്ട് ഇങ്ങനെ പല പേരുകളിൽ കാലാകാലങ്ങളിലായി കോടാനുകോടികൾ ധൂർത്തടിച്ച, അട്ടിമറിച്ചവരെ നല്ല കണക്കന്മാരായി എല്ലാവരും കാണണമെന്ന് വാശിപിടിച്ചിട്ട് കാര്യമില്ല. എല്ലാവരും ആഗ്രഹിക്കുന്നത് എല്ലാം സുതാര്യമായി നടക്കണമെന്നാണ്. അഴിമതി നിറഞ്ഞ ഈ ജനാധിപത്യ ഭരണത്തിൽ ഈ സുതാര്യത നടക്കുമോ?
മലയാളിക്ക് പരമ്പരാഗതമായി കിട്ടിയ അനുഗ്രഹമാണല്ലോ അസ്സുയ, പരദൂഷണം തുടങ്ങിയ നല്ല ശീലങ്ങൾ. ഇതൊക്കെ സർക്കാർ കണക്ക് കൃത്യമായി രേഖപ്പെടുത്തുന്നതുപോലെ നുണപ്രചാരണ കണക്കു പുസ്തകത്തിൽ എഴുതിച്ചേർക്കുന്നതാണ് നല്ലത്. അതിനപ്പുറം മതസഹിഷ്ണതയും സ്‌നേഹവും നിലനിൽക്കുന്ന ഒരു നാട്ടിൽ ദൈവ-രാഷ്ട്രീയത്തെക്കാൾ മനുഷ്യർ പരസ്പര സഹകരണത്തിൽ ജീവിക്കയാണ് വേണ്ടത്. ഈ പണം അനർഹരായവർക്ക് ദുർവിനിയോഗം ചെയ്യുന്നുവെങ്കിൽ രേഖമൂലം ചോദിക്കാനുള്ള അവകാശം എല്ലാ പൗരനുമുണ്ട്. സാധാരണ കമ്പനികൾപോലും അവരുടെ ബാലൻസ് ഷീറ്റ് വളരെ കൃത്യമായി വരവ് ചിലവിനത്തിൽ രേഖപ്പെടുത്താറുണ്ട്. എത്ര ഓഡിറ്റ് നടത്തിയാലും അതിന്റ അടിയൊഴുക്കുകൾ ആർക്കും കണ്ടെത്താൻ സാധിക്കില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പുന്നതിനും ആ പ്രളയഭൂമികയിൽ കഷ്ടപ്പെടുന്ന സന്നദ്ധപ്രവർത്തകർക്കൊപ്പം നമുക്കും കഴിയുന്ന വിധം പങ്കാളിയാകാം. മണ്ണിൻറ് തൊലിപ്പുറ ചികിത്സ മാറ്റി മഹത്തായൊരു ഹരിതകേരള വിപ്ലവത്തിന് ഒരുങ്ങുകയാണ് വേണ്ടത് ഇല്ലെങ്കിൽ പ്രളയം അതിന്റ കൊയ്ത്തു തുടരുക തന്നെ ചെയ്യും.
പ്രളയജലം ഇറങ്ങിക്കഴിഞ്ഞാൽ അതിജീവനത്തോടൊപ്പം ആരോഗ്യത്തെക്കുറിച്ചും ചിന്തിക്കണം. ചെളിവെള്ളം കയറിയിറങ്ങിയ വീടുകളും ജലസ്രോതസ്സുകളും, ചീഞ്ഞളിഞ്ഞ മൃഗാവശിഷ്ടങ്ങളും സൃഷ്ടിക്കുന്ന ഭീഷണി വലുതാണ്. ശുദ്ധജലദൗർലഭ്യം കൂടിയാകുമ്പോൾ രോഗങ്ങളും അണുബാധകളും നിരന്തരം അലട്ടാം. രണ്ടു വിഭാഗം രോഗങ്ങളാണ് വെള്ളപ്പൊക്കത്തെ തുടർന്നു വരിക. ചെളിവെള്ളവുമായി സമ്പർക്കത്തിലൂടെ ഉടൻ പകരുന്ന പകർച്ചവ്യാധികൾ, എലിപ്പനി ഉദാഹരണം. ജലജന്യരോഗങ്ങളും കൊതുകുകടി വഴിപകരുന്ന രോഗങ്ങളും. കോളറ, വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, മഞ്ഞപ്പിത്തം എന്നിവ വൃത്തിയില്ലാത്ത ജലത്തിലൂടെ പകരുന്നു. ഇതിൽതന്നെ മഞ്ഞപ്പിത്തത്തെ സൂക്ഷിക്കണം. രോഗാണു ഉള്ളിലെത്തി ഒരു മാസം കഴിഞ്ഞാകും ലക്ഷണങ്ങൾ പ്രകടമാകുന്നത്.
ഡെങ്കിപ്പനി മാരകമാകാതിരിക്കാൻ
ഡെങ്കി, മലമ്പനി, ചിക്കൻഗുനിയ പോലുള്ള കൊതുകുജന്യ പനികൾ നമ്മുടെ പരിസരത്തുതന്നെയുണ്ട്. പ്രളയപ്പാച്ചിലിൽ കൊതുകിന്റെ താവളങ്ങൾ നശിച്ചെങ്കിലും വെള്ളമിറങ്ങുന്നതോടെ സ്ഥിതി മാറും. പ്രളയം പല പ്രദേശങ്ങളുടെയും സ്വാഭാവിക പ്രകൃതത്തെ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. കൊതുകുവലകളും ലേപനങ്ങളും കൊതുകുതിരികളും പരിസരശുചീകരണവും വഴി കൊതുകുകടിയേൽക്കാതെ ശ്രദ്ധിക്കണം. ഈ സമയത്തു വരുന്ന ഏതു പനിയും സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണണം.
തിളപ്പിച്ച വെള്ളം മാത്രം
വെള്ളം കയറിയിറങ്ങിയില്ലെങ്കിലും കിണറ്റിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യണം. കിണർ ഉറവകളിലേക്ക് കക്കൂസ് മാലിന്യങ്ങൾ ഒലിച്ചിറങ്ങി ഇ കൊളി പോലുള്ള അണുക്കളാൽ മലിനപ്പെടാനിടയുണ്ട്. ക്ലോറിനേറ്റ് ചെയ്താലും വെള്ളം തിളപ്പിച്ചേ കുടിക്കാവൂ. പ്രളയസമയത്ത് രാസമാലിന്യങ്ങള്‍ കലർന്നിരിക്കാൻ സാധ്യതയുള്ള പ്രദേശത്തുള്ളവർ കുറച്ചു നാളത്തേക്കെങ്കിലും കുപ്പിവെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്.
∙പല്ലു തേയ്ക്കാൻ തിളപ്പിച്ചാറിച്ച വെള്ളമാണ് കൂടുതൽ നല്ലത്. ഫ്രീസറിൽ ഐസ് ഉണ്ടാക്കാനും തിളപ്പിച്ചാറിച്ച വെള്ളം മാത്രം ഉപയോഗിക്കുക.
∙ക്ലോറിനേറ്റ് ചെയ്ത വെള്ളമാണെങ്കിലും കുളിക്കുന്ന സമയത്ത് വായിലും കണ്ണിലും പോകാതെ ശ്രദ്ധിക്കുക. ചില രോഗാണുക്കൾ ക്ലോറിനേഷൻ വഴി നശിക്കില്ല.
ഇടയ്ക്കിടെ കൈകഴുകാം
∙സർവരോഗ പ്രതിരോധമാർഗമാണ് കൈകഴുകൽ. രോഗമകറ്റാനുള്ള കൈകഴുകൽ ഭക്ഷണത്തിനു മുൻപോ ശുചി മുറിയിൽ പോയശേഷം മാത്രമോ അല്ല വേണ്ടത്.
∙ഭക്ഷണം പാകം ചെയ്യും മുൻപും കുഞ്ഞുങ്ങൾക്ക് വാരിക്കൊടുക്കുന്നതിനു മുൻപും.
∙മൂക്കു ചീറ്റുകയോ തുമ്മുകയോ ചെയ്തശേഷം.
∙മുറിവിൽ സ്പർശിച്ച ശേഷം.
∙മലവിസർജനശേഷം കുഞ്ഞുങ്ങളെ വൃത്തിയാക്കിക്കഴിഞ്ഞ്.
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും ആരോപണവുമായി സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. കഴിഞ്ഞ ദിവസം പത്രത്തില്‍ വന്ന വാര്‍ത്ത ഷെയര്‍ ചെയ്താണ് രാമകൃഷ്ണന്‍ ആരോപണം ഉന്നയിക്കുന്നത്. മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു രാമകൃഷ്ണന്റെ കുറിപ്പ്.
ഇന്നലെത്തെ പോസ്റ്റില്‍ മണി ചേട്ടന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടപ്പോഴാണ് കുറേ ആളുകള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായത്. ലിവര്‍ സിറോസിസ് എന്ന അസുഖം ഉണ്ടെങ്കിലും മരണത്തിന്റെ ആധിക്യം വര്‍ദ്ധിപ്പിച്ചത് ക്ലോര്‍ പൈറി പോസ് ,മീഥൈയ്ല്‍ ആല്‍ക്കഹോല്‍ എന്നീ വിഷാംശങ്ങള്‍ ആണെന്ന ഈ റിപ്പോര്‍ട്ട് പലരുടെയും ശ്രദ്ധയില്‍ പെടുന്നത് ഇപ്പോഴാണ്. മണി ചേട്ടന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ വിളിച്ച് ഇന്നലെ കുറേ നേരം സംസാരിച്ചു.സമൂഹമാധ്യമങ്ങളില്‍ വന്ന തെറ്റായ വാര്‍ത്തകള്‍ ആ സുഹൃത്തിലും ഈ വാര്‍ത്തയെ വേണ്ടത്ര വിശ്വാസത്തിലെടുത്തില്ലത്രെ! ഇപ്പോഴാണ് കാര്യങ്ങള്‍ ക്ലിയറായത് എന്ന് പറഞ്ഞു..
മണി ചേട്ടന്റെ വിയോഗത്തിനു ശേഷം അവസാന നാളുകളില്‍ കൂടെയുണ്ടായിരുന്ന ഒരൊറ്റ സുഹൃത്തുക്കള്‍ പോലും ഈ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഒന്ന് വായിച്ചു നോക്കാന്‍ മനസ്സു കാണിച്ചില്ല. ഞങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടവര്‍ ഞങ്ങളെ മാറ്റിനിര്‍ത്തി. മണി ചേട്ടനുള്ളപ്പോള്‍ പത്ര, വാര്‍ത്താ മാധ്യമങ്ങളില്‍ മുഖം കാണിക്കാന്‍ വേണ്ടി തിക്കി തിരക്കി നടന്ന പല ആളുകളും ഇന്ന് ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല. വാര്‍ത്താപ്രാധാന്യത്തിനു വേണ്ടി മണി ചേട്ടന്റെ പേരില്‍ പല കാട്ടിക്കൂട്ടലുകളും ഇക്കൂട്ടര്‍ നടത്തുന്നുണ്ട്.ഒരു വാര്‍ത്താ ചാനലില്‍ എന്നും ഞങ്ങളുടെ കുടുംബത്തിനെതിരെ സംസാരിക്കുന്ന ഒരു വ്യക്തിയുമായി നേരിട്ട് സംസാരിക്കാന്‍ അവസരം കിട്ടി. … അയാളെ ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ അപമാനിച്ചു എന്നാണ് അയാള്‍ പറഞ്ഞത്. … അപ്പോള്‍ അയാളോടു മറുപടിയായി ചോദിച്ചു. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ എനിക്കെതിരെയും ഞങ്ങളുടെ കുടുംബത്തിനെതിരെയും ഒരു മാസത്തെ പരിപാടിയില്‍ നിങ്ങള്‍ സജീവ സാന്നിദ്ധ്യമായിരുന്നല്ലോ?.
ഒരു സഹോദരന്റെ വേര്‍പാടിലെ ദൂരഹത അന്വേഷിക്കണമെന്ന് പറഞ്ഞതിന് സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ആസ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമിന്റെ പുറകില്‍ പ്രവര്‍ത്തിച്ചത് ആരുടെ ബുദ്ധിയാണ് ???…… ഇന്ന് ആ പ്രൊഡ്യൂസറെ ചാനല്‍പുറത്താക്കി എന്നാണ് വാര്‍ത്ത..!!!..ഇത്തരക്കാര്‍ക്കു വേണ്ടി ഈ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇവിടെ വീണ്ടും പോസ്റ്റ് ചെയ്യുന്നു ….. നിങ്ങള്‍ എല്ലാം മണി ചേട്ടന്റെ കൂടെയുണ്ടായിരുന്നപ്പോളും സന്തോഷിച്ചു… ഇപ്പോഴും നിങ്ങളുടെ സന്തോഷങ്ങള്‍ക്ക് ഒരു കുറവും ഇല്ല….. നഷ്ടപെട്ടത് ഞങ്ങളുടെ ഗൃഹനാഥനെയാണ്. … ആ വേദന ഞങ്ങള്‍ക്കെ ഉണ്ടാവൂ,…. കേസ് അന്വേഷിക്കണമെന്ന് പറഞ്ഞവരുടെ നെഞ്ചത്തേക്ക് കേറാതെ ഈ റിപ്പോര്‍ട്ട് ഇതുവരെ കണ്ടിട്ടില്ലെങ്കില്‍ ഒന്ന് വായിച്ചു നോക്കു ….. സുഖലോലുപരായി … നടക്കുമ്പോള്‍ ഓര്‍ക്കുക നിങ്ങള്‍ എങ്ങനെ നിങ്ങളായെന്ന്.,….. ഇപ്പോഴുള്ള ബന്ധങ്ങളും ബന്ധനങ്ങളും ഉണ്ടാക്കി തന്നത് മണി ചേട്ടനാണെന്ന് ഓര്‍ക്കുക.
മണിച്ചേട്ടന്റെ മരണത്തിലെ ദുരുഹത പോലെയാണ് മാതൃഭൂമി പത്രത്തിലെ 9ാം മത്തെ പേജില്‍ വന്ന ഈ വാര്‍ത്ത ‘ മുബൈയില്‍ ദൃശ്യം മോഡല്‍ കൊലപാതകം’ എന്ന വലിയ തലക്കെട്ടോടെയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് വായിച്ചപ്പോള്‍ സമാനമായ സ്വഭാവമാണ് മണി ചേട്ടന്റെ മരണത്തിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. മണി ചേട്ടന്റെ പോസ്റ്റ്‌മോര്‍ട്ടറിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന Cause to death ഇപ്രകാരമാണ്. മിഥൈയില്‍ ആല്‍ക്കഹോല്‍ ,ക്ലോര്‍ പൈറി ഫോസ് എന്നീ വിഷാംശങ്ങള്‍ മരണത്തിന്റെ ആധിക്യം വര്‍ദ്ധിപ്പിച്ചു എന്നാണ്.
അമൃത ലാബിലെ റിപ്പോര്‍ട്ടില്‍ ക്ലോര്‍ പൈറി ഫോസ് കണ്ടെത്തിയിട്ടില്ലായിരുന്നു. മീഥെയില്‍ ആള്‍ക്കഹോള്‍ ക്രമാതീതമായ അളവില്‍ ഉണ്ടെന്നതായിരുന്നു അമ്യത ലാബിലെ പരിശോധന ഫലം.അതു കൊണ്ട് തന്നെ ക്ലോര്‍ പൈറി ഫോസിനുള്ള മറുമരുന്ന് (ആന്റി ഡോസ് )മണി ചേട്ടന് നല്‍കിയിട്ടില്ല. മരണാനന്തരം പോസ്റ്റ് മാര്‍ട്ട റിപ്പോര്‍ട്ടിനായി അയച്ചുകൊടുത്ത കാക്കനാട് ലാബിന്റെ റിപ്പോര്‍ട്ടിലാണ് മീഥൈല്‍ ആല്‍ക്കഹോളിനൊപ്പം, ക്ലോര്‍ പൈറി ഫോസിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ കാക്കനാട്ടെ ലാബ് ഇതിന്റെ അളവ് രേഖപ്പെടുത്തിയിട്ടില്ല എന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ കാക്കനാട്ടെ ലാബിന്റെ റിസള്‍ട്ടിനെ തള്ളുകയായിരുന്നു. ഇനി ഈ പത്രത്തില്‍ വന്ന വാര്‍ത്ത നിങ്ങള്‍ ഒന്ന് വായിച്ചു നോക്കു. പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടില്‍ പറയാത്ത ഒരു കാര്യമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കേസ് തെളിയിക്കണം എന്ന് വച്ചാല്‍ ഏത് പോലീസ് വിചാരിച്ചാല്‍ സാധിക്കും. വേണ്ട എന്ന് വച്ചാല്‍ എഴുതി തള്ളാനും കഴിയും.മണി ചേട്ടന്റെ പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത്രയ്ക്കും വ്യക്തത ഉണ്ടായിട്ടും ആദ്യം നടത്തിയ പോലീസ് / ക്രൈംബ്രാഞ്ച് അന്വേഷണം ഒരുത്തരം തരാതെ അവസാനിപ്പിച്ചു. ഇപ്പോള്‍ കേസ് സി.ബി.ഐ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. മേല്‍ പറഞ്ഞ വസ്തുതകള്‍ സി.ബി.ഐക്ക് വ്യക്തമായ ഒരു ഉത്തരം തരാന്‍ കഴിയട്ടെ.
ഐ ലവ് കേരള, കേരള ഈസ് ദ ബെസ്റ്റ് സിറ്റിസണ്‍ ഇന്‍ ഇന്ത്യ, ഐ ലവ് മൈ ഇന്ത്യ’… ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ അരോളി ഗവ. സ്‌കൂളിലെ ഒരു ബ്ലാക്ക് ബോര്‍ഡില്‍ കുറിച്ച വാക്കുകാളാണിവ.
ഇവിടെ ബംഗാള്‍, ഒഡിഷ, അസം, ബിഹാര്‍, രാജസ്ഥാന്‍ സ്വദേശികളായ 109 പേരാണ് ഉണ്ടായിരുന്നത്. നാലു ദിവസം ദുരിതാശ്വാസ ക്യാമ്ബില്‍ കഴിഞ്ഞ അവരുടെ നന്ദിയാണ് ബോര്‍ഡില്‍ കുറിച്ചിട്ട ഈ വാക്കുകള്‍. മന്ത്രി ഇ.പി ജയരാജനാണ് ഫേയ്‌സ്ബുക്കിലൂടെ ഈ വാക്കുകള്‍ കേരളത്തിലെ ജനങ്ങള്‍ക്കായി പങ്കുവെച്ചത്.
ഫേയ്‌സ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം
വെളുത്ത അക്ഷരങ്ങളാല്‍ കറുത്ത ബോര്‍ഡില്‍ നിറഞ്ഞമനസോടെ അവരെഴുതി…..
‘ഐ ലവ് കേരള…’
‘കേരള ഈസ് ദ ബെസ്റ്റ് സിറ്റിസണ്‍ ഇന്‍ ഇന്ത്യ..’
‘ഐ ലവ് മൈ ഇന്ത്യ..’
ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ അരോളി ഗവ: സ്‌കൂളിലെ ഒരു ബ്ലാക്ക് ബോര്‍ഡില്‍ കുറിച്ചിട്ട വാക്കുകളാണിത്. ഇവിടെ ബംഗാള്‍, ഒഡിഷ, അസം, ബിഹാര്‍, രാജസ്ഥാന്‍ സ്വദേശികളായ 109 പേരാണ് ഉണ്ടായിരുന്നത്. പ്രളയം അവര്‍ക്ക് ഒരു പുതിയ കാര്യമല്ല.എന്നാല്‍ ഇത്തരം ക്യാമ്പുകള്‍ അവര്‍ക്ക് പുതിയ അനുഭവമായിരുന്നു. പായ, ഭക്ഷണം, വസ്ത്രം, ഡോക്ടര്‍മാരുടെ സേവനം, പിന്നെ ഒട്ടും പരിചയമില്ലാത്തവരുടെ കരുതലും സ്‌നേഹവും. അധ്യാപകര്‍, യുവജന പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരില്‍ നിന്നും ലഭിച്ച സേവനം അവര്‍ക്ക് വിലമതിക്കാനാകാത്തതാണ്. നാല് ദിവസത്തെ ദുരിതാശ്വാസക്യാമ്പില്‍ നിന്നും പടിയിറങ്ങുമ്പോള്‍ അവരുടെ നന്ദിയാണ് ബോര്‍ഡില്‍ കുറിച്ചിട്ട വാക്കുകള്‍.’
വത്തിക്കാൻ സിറ്റി: കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും മഴക്കെടുതികളിൽ നിരവധി ജീവനുകൾ പൊലിഞ്ഞതിൽ അതീവദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. കേരളം, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കദുരിതം നേരിടുന്നവർക്കായി അദ്ദേഹം പ്രാർഥനകൾ നേർന്നു.
മാർപാപ്പയുടെ അനുശോചന സന്ദേശം ഉൾപ്പെടുന്ന ടെലിഗ്രാം വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ ഇന്ത്യയിലെ ബന്ധപ്പെട്ട അധികൃതർക്ക് അയയ്ച്ചു.
അടുത്ത ദിവസങ്ങളിലെ മൺസൂൺ മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ നിരവധി ജീവനുകൾ പൊലിഞ്ഞതിൽ താൻ അതീവദുഃഖിതനാണെന്ന് മാർപാപ്പ അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി പ്രാർഥിച്ച അദ്ദേഹം ദുരന്തത്തെ നേരിടാനുള്ള ശക്തി രാജ്യത്തിനുണ്ടാകട്ടെയെന്നും കൂട്ടിച്ചേർത്തു.
എടക്കര: കവളപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ സൗകര്യം ഒരുക്കി പോത്തുകൽ ജംഇയ്യത്തുൽ മുജാഹിദീൻ മഹല്ല് കമ്മിറ്റി. പ്രദേശത്ത് ഉരുൾപൊട്ടലിൽ 30 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഈ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം ചെയ്യാനുള്ള ബുദ്ധിമുട്ട് മനസിലാക്കിയ അധികൃതർ പറ്റിയ ഇടം അന്വേഷിക്കുന്നതിനിടയിലാണു മോസ്ക് ഭാരവാഹികളുമായി സംസാരിച്ചത്.
ആവശ്യം കേട്ടയുടനെതന്നെ പോസ്റ്റ്മോർട്ടം നടപടികൾക്കായി പള്ളിയിൽ സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തു. സ്ത്രീകൾ നമസ്കരിക്കാൻ ഉപയോഗിക്കുന്ന ഭാഗവും അതിനോട് ചേർന്ന് അംഗശുദ്ധി വരുത്തുന്ന ഇടവും വിട്ടുനൽകി. മോസ്കിനു കീഴിലെ മദ്രസയിൽനിന്നുള്ള ബെഞ്ചും ഡെസ്കുകളും മൃതദേഹം കഴുകാൻ ഉപയോഗിക്കുന്ന മേശയുമെല്ലാം നൽകി. അഞ്ച് പോസ്റ്റ്മോർട്ടം മേശകളാണ് മദ്രസയുടെ ഡെസ്കുകൾ ചേർത്തുവച്ച് തയാറാക്കിയിരിക്കുന്നത്.
കട്ടപ്പന: ദുരൂഹ സാഹചര്യത്തില്‍ ഓട്ടോറിക്ഷ കത്തി ഡ്രൈവര്‍ മരിച്ചു. വെള്ളയാംകുടി ഞാലിപറമ്പില്‍ ഫ്രാന്‍സിസ് (റെജി-50) ആണ് മരിച്ചത്. കട്ടപ്പന എകെജി പടിയില്‍ ഇന്നലെ വൈകിട്ട് ആറരയോടെയാണു സംഭവം. എകെജി പടിക്കു സമീപത്തെ വളവില്‍ ഓട്ടോറിക്ഷ കത്തുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ ഫ്രാന്‍സിസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഓട്ടോറിക്ഷയ്ക്കു തീപിടിക്കുകയായിരുന്നോയെന്നു പരിശോധിക്കുന്നുണ്ട്. കട്ടപ്പന പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍.