കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിനു ട്രെയിന്‍മാര്‍ഗം കുടിവെള്ളം എത്തിച്ചുനല്കാന് സന്നദ്ധതയറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടിയാണു ലഭിച്ചത്. അതേസമയം പിണറായി വിജയന് നന്ദിയറിയിച്ച് ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്. കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് കേരളത്തിന്റെ സഹായത്തോടെ വെള്ളമെത്തിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്നായിരുന്നു കേരളം അറിയിച്ചത്. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സര്‍ക്കാരിന്റെ സഹായ വാഗ്ദാനം.
വെള്ളം എത്തിച്ചു നല്‍കാമെന്ന കേരളത്തിന്റെ വാഗ്ദാനം ചര്‍ച്ച ചെയ്യുമെന്ന് തമിഴ്നാട് വ്യക്തമാക്കി. . കേരളത്തിന്റെ വാഗ്ദാനം തള്ളിയെന്ന പ്രചാരണം ശരിയല്ലെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി അറിയിച്ചു. ഇന്നു ചേരുന്ന യോഗം വാഗ്ദാനം സംബന്ധിച്ചു ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്കാനാണ് സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധതയറിയിച്ചത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇക്കാര്യം അറിയിച്ച് ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചിരുന്നു. ഇതിനെതിരേ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് തമിഴ്നാട് നിലപാട് മാറ്റിയത്.
തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സര്‍ക്കാരിന്റെ സഹായ വാഗ്ദാനം.
ആലപ്പുഴ വള്ളികുന്നത്ത് തീവെച്ചു കൊലപ്പെടുത്തിയ വനിതാ പൊലിസ് സൗമ്യയുടെ മൃതദേഹം സംസ്കരിച്ചു. വള്ളികുന്നം പൊലീസ് സ്റ്റേഷനിലും വീട്ടിലും പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കൊലപാതകത്തിനിടെ പൊള്ളലേറ്റ് മരിച്ച പ്രതി അജാസിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സൗമ്യയുടെ മ്യതദേഹം ഇന്നു രാവിലെ വിദേശത്തു നിന്നെത്തിയ ഭർത്താവും മറ്റു ബന്ധുക്കളും ചേർന്നു ഏറ്റുവാങ്ങി. തുടർന്ന് മൃതദേഹം വിലാപയാത്രയായി സൗമ്യ ജോലി ചെയ്തിരുന്ന വള്ളികുന്നം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ആലപ്പുഴ എസ് പി അടക്കമുള്ളവര്‍ അന്ത്യാഞ്ജലി അർപ്പിച്ചു.സൗമ്യയുടെ ഭർത്താവിന്റെ വള്ളികുന്നത്തെ വീട്ടിലും മൃതദേഹം പൊതുദർശനത്തിവെച്ചു. ഔദ്യോഗിക ബഹുമതികളോടെ വീട്ടു വളപ്പിൽ തന്നെയായിരുന്നു സംസ്കാരം.
കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമാണ് പൊലീസ് ഉദ്യോഗസ്ഥനായ അജാസ് അതിക്രൂരമായി സൗമ്യയെ കൊലപ്പെടുത്തിയത്. സ്കൂട്ടറിൽ വരികയായിരുന്ന സൗമ്യയെ അജാസ് കാറുകൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായ സൗമ്യ സൗഹൃദം നിരസിക്കുന്നുവെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് അജാസിന്റെ മരണ മൊഴി. ആലപ്പുഴ മെഡിക്കൽ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം അജാസിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കൊച്ചി വാഴക്കാലയിലെ വലിയപള്ളിയിലാണ് ഖബറടക്കും.
റേഡിയോ മാക്ഫാസ്റ്റ് സ്റ്റേഷൻ ഡയറക്ടർ പരിയാരം ഇല്ലത്തു വി. ജോർജ്ജ് മാത്യു(61)നിര്യാതനായി. സംസ്കാരം ഞായറാഴ്ച ( 23/06/2019) വൈകിട്ട് മൂന്നരയ്ക്ക് . കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറിയും മംഗളം ദിനപത്രം ലേഖകനുമായി പ്രവർത്തിച്ചു. ഭാര്യ: പുന്നവേലി കൂത്തുക്കല്ലേൽ ആൻസി. മക്കൾ: ക്രിസ് മാത്യു ജോർജ്( എഞ്ചിനീയർ ബാംഗളൂരു)റിച്ചു ഈപ്പൻ ജോർജ്( ടെക്നോപാർക്ക് തിരുവനന്തപുരം,) മരുമകൾ: ടീന( അസിസ്റ്റന്റ് പ്രൊഫസർ സെന്റ് ജോസഫ് കോളേജ് ബാംഗ്ലൂർ).
സെന്റ് ജോൺസ് ആംബുലൻസ് കേഡറ്റ് ആയ ക്ലാരിസ് പോൾ , സെന്റ് പോൾസ് കത്തീഡ്രലിലെ ഗാർഡ് ഓഫ് ഓണറിൽ പങ്കെടുക്കുവാൻ എത്തുന്നു. ഹെൽത്ത് ചാരിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 22ന് നടക്കുന്ന സെന്റ് ജോൺസ് ദിനാഘോഷത്തിൽ ക്ലാരിസ് പോൾ പ്രധാന പങ്കു വഹിക്കും. “ഇങ്ങനെയൊരു ദിനത്തിൽ ഗാർഡ് ഓഫ് ഓണറിൽ എന്റെ ഡിസ്ട്രിക്ടിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഞങ്ങളുടെ കേഡറ്റ് ഓഫ് ദി ഇയർ ടീമും ഓർഗനൈസേഷൻ വോളണ്ടിയേഴ്സും എല്ലാം ഇതിനായി ഒരുപാട് പ്രയത്നിച്ചു.” പാർക്സ്റ്റോൺ ഗ്രാമർ സ്കൂൾ അംഗം കൂടിയായ ക്ലാരിസ് ഇപ്രകാരം പറയുന്നു. ഇംഗ്ലണ്ടിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 ഡിസ്ട്രിക് കേഡറ്റുകളോടൊപ്പം ജൂൺ 22 ന് ലണ്ടൻ സിറ്റി മേയറെ സ്വീകരിക്കുന്ന ചടങ്ങിലും കത്തീഡ്രലിൽ നടക്കുന്ന ചാരിറ്റിയുടെ വാർഷിക ആഘോഷ പരിപാടിയിലും ക്ലാരിസും പങ്കെടുക്കും. ചാരിറ്റിയുടെ കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിനമാണ് സെന്റ് ജോൺസ് ദിനം. ഏകദേശം രണ്ടായിരത്തോളം വോളണ്ടിയേഴ്സും സ്റ്റാഫുകളും ആ ദിവസത്തെ ചടങ്ങിൽ പങ്കെടുക്കും.
തിരുവനന്തപുരം ∙ യുകെ-എന്‍എച്ച്എസ് ഫൗണ്ടേഷന് ട്രസ്റ്റിന് കീഴിലുള്ള ആശുപത്രികളില്‍ യോഗ്യരായ നഴ്സുമാര്‍ക്ക് നോര്‍ക്കയുടെ എക്സ്പ്രസ് റിക്രൂട്ട്മെന്റ് സേവനം മുഖാന്തിരം നിയമനം നല്‍കും. ഒരു വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള ബിഎസ്സി/ജിഎന്‍എം നഴ്സുമാരെയാണ് പരിഗണിക്കുന്നത്. നിലവില്‍ ഐഇഎല്‍റ്റിഎസ് (അക്കാദമിക്കില്‍) റൈറ്റിങ്ങില്‍ 6.5 ഉം മറ്റ് വിഭാഗങ്ങളില്‍ 7 സ്കോറിങ്ങും അല്ലെങ്കില്‍ ഒഇറ്റിബി ഗ്രേഡ് നേടിയവര്‍ക്കാണ് നിയമനം.
ഐഇഎല്‍റ്റിഎസില്‍ 6 സ്കോറിങ്ങുള്ളവര്‍ക്ക് മതിയായ യോഗ്യത നേടുന്നതിന് നിശ്ചിത ഫീസീടാക്കി പരിശീലനം നല്‍കും. മതിയായ സ്കോറിങ്ങ് ലഭിക്കുന്നവര്‍ക്ക് കോഴ്സ് ഫീസ് പൂര്‍ണ്ണമായും തിരികെ നല്‍കും. ഓണ്‍ലൈന്‍ അഭിമുഖത്തിലുടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന് നടത്തുന്ന സിബിറ്റി (Competency Based Test) യോഗ്യത നേടണം. പ്രസ്തുത യോഗ്യത നേടുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങളും, സഹായങ്ങളും നോര്‍ക്ക ലഭ്യമാക്കും. തുടര്‍ന്ന് യുകെയിലെ നഴ്സിംഗ് & മിഡ്വൈഫറി കൗണ്‍സില്‍ റജിസ്ട്രേഷന് ഉദ്ദ്യോഗാർഥികള് നിർവഹിക്കണം.
2019 ജൂണ്‍ 26, ജൂലൈ 10, 17, 24 തിയതികളില്‍ അഭിമുഖം നടക്കും. ആദ്യഘട്ടത്തില്‍ മൂന്നു വര്‍ഷത്തേക്കാണ് നിയമനം. തുടര്‍ന്നും ജോലി ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ക്ക് പ്രസ്തുത രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് കരാര്‍ പുതുക്കി ജോലിയില്‍ തുടരുവാന്‍ കഴിയും. ശമ്പളം പ്രതിവര്‍ഷം ബാന്‍ഡ് 4 ഗ്രേഡില്‍ 17,93,350 രൂപ വരെയും ബാന്‍ഡ് 5 ഗ്രേഡില്‍ 20,49,047 രൂപവരേയും ലഭിക്കും. താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയില്‍ തയാറാക്കിയ സിവി, പൂരിപ്പിച്ച എന്‍എച്ച്എസ് അപേക്ഷ, ആമുഖ കത്ത് മറ്റു അനുബന്ധരേഖകള്‍ എന്നിവ സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലൈ 20 ന് മുമ്പായി സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ടസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0471-2770544 ലും, ടോള്‍ ഫ്രീ നമ്പരായ 1800 425 3939, (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും) ലഭിക്കും.
മഹാരാഷ്ട്രയിലെ നാസിക്കില്‍ മലയാളിയായ ബാങ്ക് ജീവനക്കാരന് വെടിയേറ്റ് മരിച്ച് സംഭവത്തില്‍ രണ്ട് പേര് പിടിയില്‍. ഉത്തര്‍പ്രദേശില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ ട്രാന്‍സിറ്റ് കസ്റ്റഡിയില്‍ നാസിക്കില്‍ എത്തിക്കും. പ്രതികളുടെ സിസിടിവി ചിത്രങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നു. ആക്രമികള്‍ക്ക് പ്രാദേശിക സഹായമുണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
മോഷണ ശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മുത്തൂറ്റ് ഫിനാന്‍സ് സിസ്റ്റം അഡ്മിനിസ്ട്രേറ്ററായ സാജു സാമുവല്‍ കൊല്ലപ്പെട്ടത്. മുംബൈയിലെ റീജിയണല്‍ ഓഫീസില്‍ ജോലി ചെയ്തിരുന്ന സാജുവിനെ ചില സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ നാസിക്കിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതായിരുന്നു. ബാങ്കില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ, മുഖം മൂടി ധരിച്ച ആയുധധാരികളായ ഏഴംഗ സംഘം അതിക്രമിച്ച് കയറുകയായിരുന്നു. ബാങ്കിലേക്ക് കടന്നതും ജീവനക്കാരിലാരോ സുരക്ഷ അലാം അമര്‍ത്തി. തുടര്‍ന്ന് മോഷ്ടാക്കള്‍ ജീവനക്കാരില്‍ ചിലരെ മര്‍ദ്ദിച്ചു. ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് സാജുവിന് നേരെ വെടിയുതിര്‍ത്തത്. പരിക്കേറ്റ മറ്റൊരു മലയാളി കൈലാഷ് ജയന് ചികിത്സയിലാണ്. മോഷ്ടിച്ച ബൈക്കുകളുമായാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.
ഇടുക്കി പാഞ്ചാലിമേട്ടിലെ മതസൗഹാർദം ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ നാട് ഒറ്റക്കെട്ടായി രംഗത്ത്. റവന്യൂ ഭൂമിയിലാണോ, ദേവസ്വം ഭൂമിയിലാണോ കുരിശു സ്ഥാപിച്ചതെന്ന് വ്യക്തമാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. അതേ സമയം കുരിശ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നാമജപ പ്രതിഷേധം നടത്തി.
പാഞ്ചാലിമേട്ടിലെ സമാധാനവും മതസൗഹാർദ്ദവും തകർക്കാൻ പുറത്തുനിന്നുള്ളവർ ശ്രമിക്കുന്നെന്ന് കണയങ്കവയൽ കത്തോലിക്കാ പള്ളിയും, അമ്പല ഭാരവാഹികളും, പഞ്ചായത്തും ഒറ്റക്കെട്ടായി പരാതി ഉയർത്തിയിരുന്നു. ഇതിനിടെയാണ് ഹിന്ദു ഐക്യവേദി നേതാവ് കെ. പി ശശികലയും പ്രവർത്തകരും പ്രതിഷേധവുമായി എത്തിയത്.
രാവിലെ പതിനൊന്ന് മണിയോടെ പാഞ്ചാലിമേട്ടിൽ എത്തിയ ശശികലയും പ്രവർത്തകരും അമ്പലത്തിലേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്തു പൊലീസ് തടഞ്ഞു. പിന്നീട് ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാൽ എത്തി ചർച്ചക്കൊടുവിൽ പ്രവേശനം അനുവദിച്ചു. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറിയാണ് കുരിശ് സ്ഥാപിച്ചതെന്നാണ് ഇവരുടെ ആരോപണം.
ദുഃഖവെള്ളിയാഴ്ച കുരിശുമല കയറ്റത്തിന്റെ ഭാഗമായി കണയങ്കവയൽ പള്ളി പാഞ്ചാലിമേട്ടിൽ മൂന്ന് മരക്കുരിശുകൾ സ്ഥാപിച്ചതാണ് വിവാദമായത്. എന്നാൽ ജില്ലാ കലക്ടറുടെ നിർദേശം അനുസരിച്ചു പള്ളി തന്നെ കുരിശുകൾ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. പാഞ്ചാലിമേട് കുരിശുമല കയറ്റത്തിന് 50 വർഷത്തെ പഴക്കമുണ്ടെന്ന് കണയങ്കവയൽ പള്ളി പറയുന്നു. പഴയ കുരിശുകളും അമ്പലവും റവന്യൂഭൂമിയിലാണെങ്കിലും വിശ്വാസത്തിന്റെ കാര്യമായതിനാൽ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ പുഷ്പാകരനെ (34) സ്കൂട്ടറില്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും തുടര്‍ന്ന് തീ കൊളുത്തിയ കേസിലെ പ്രതി അജാസ് മരിച്ചു. ആക്രമണത്തെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് അജാസ് മരിച്ചത്. ജൂൺ 15 വെള്ളിയാഴ്ച്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. വള്ളികുന്നം തെക്കേമുറി ഉപ്പന്‍വിളയില്‍ സജീവിന്റെ ഭാര്യയാണു സൗമ്യ. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ കാക്കനാട് വാഴക്കാല സൗത്ത് നെയ്തേലില്‍ എന്‍.എ.അജാസ് (33) ആണു പ്രതി.
ഗുരുതരമായി പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 60 ശതമാനത്തോളം പൊള്ളലേറ്റ അജാസിന് ബോധം വിണ്ടു കിട്ടിയെങ്കിലും സംസാരിക്കാനും മറ്റും ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അടിവയറിനു താഴേക്ക് സാരമായി പൊള്ളലേറ്റിരുന്നു. വൃക്കയുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ശരിയായ നിലയിലുമല്ലായിരുന്നു.
അതേസമയം അജാസിന്റെ ലക്ഷ്യം സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുക എന്നതായിരുന്നു. സൗമ്യക്കൊപ്പം സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു. തീ കൊളുത്തിയശേഷം താന്‍ സൗമ്യയെ കയറിപ്പിടിക്കുകയായിരുന്നു. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ല. സൗമ്യയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ വിവാഹഅഭ്യര്‍ഥന നടത്തിയപ്പോള്‍ സൗമ്യ വിസമ്മതിച്ചുവെന്നും അജാസ് മജിസ്ട്രേറ്റിനു നല്കിയ മൊഴിയില്‍ പറയുന്നു.
പ്രതിയുടെ മൊഴി രേഖപ്പെടുത്താനായി മജിസ്ട്രേറ്റ് രണ്ടു തവണ മുൻപ് ആശുപത്രിയില്‍ എത്തിയിരുന്നു. ഞായറാഴ്ച രാത്രി വൈകി ബോധം പൂര്‍ണമായും തെളിഞ്ഞെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് മൊഴിയെടുക്കല്‍ നടന്നത്.
മാവേലിക്കരയില്‍ വള്ളികുന്നത്ത് വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയെ അതിക്രൂരമായി കൊന്നത് മറ്റാരുടെയും സഹായമില്ലാതെയാണെന്ന അജാസിന്റെ വാദം തള്ളി പോലീസ്. ഇതോടെ സൗമ്യയെ കൊലപ്പെടുത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന അജ്ഞാതനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. ചെങ്ങന്നൂര്‍ ഡിവൈ.എസ്പി. അനീഷ് വി. കോരയ്ക്കാണ് അന്വേഷണച്ചുമതല. പഴുതുകള്‍ അടച്ചുള്ള അന്വേഷണത്തിനാകും ശ്രമം. അജാസ് എത്തിയ കാറിനെ കേന്ദ്രീകരിച്ചാണ് ദുരൂഹതകള്‍. വണ്ടി ഓടിച്ചിരുന്നത് മറ്റൊരാളായിരുന്നു എന്നാണ് സംശയം. സ്കൂട്ടര്‍ ഇടിച്ചുവീഴ്ത്തിയതും ഈ ഡ്രൈവറായിരുന്നു. ഇതിന് പിന്നാലെ അജാസ് കാറില്‍ നിന്നിറങ്ങി ആക്രമിക്കുകയായിരുന്നുവെന്നാണ് നിഗമനം. അതുകൊണ്ടാണ് വിശദ അന്വേഷണം വേണ്ടി വരുന്നത്.
സൗമ്യ സഞ്ചരിച്ച സ്കൂട്ടര്‍ ഇടിച്ചിടാന്‍ അജാസ് ഉപയോഗിച്ച കാറില്‍ ഒരു നീലഷര്‍ട്ടുകാരനും ഉണ്ടായിരുന്നെന്ന് പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ പറഞ്ഞിരുന്നു. സൗമ്യയെ വെട്ടിയും തീവെച്ചും കൊല്ലുന്നത് കണ്ടുനിന്ന ഇയാള്‍ സംഭവശേഷം സ്ഥലം വിട്ടു. കൃത്യംനടന്ന സ്ഥലത്തേക്ക് അജാസ് എത്തിയ കാറിന്റെ ഡ്രൈവറുടെ ഭാഗത്തെ വാതില്‍ തുറക്കാന്‍ കഴിയാത്തവിധം മതിലിനോടു ചേര്‍ത്താണു നിര്‍ത്തിയിരുന്നത്. ഡ്രൈവിങ് സീറ്റില്‍നിന്ന് എതിര്‍വശത്തെ വാതില്‍വഴിയാണ് പ്രതി പുറത്തിറങ്ങിയതെങ്കില്‍ സൗമ്യയ്ക്ക് ഓടിരക്ഷപ്പെടാന്‍ ഏറെസമയം ലഭിക്കുമായിരുന്നു. അതായത് വണ്ടി ഓടിച്ചിരുന്നത് മറ്റൊരാളായിരുന്നു. സ്കൂട്ടര്‍ ഇടിച്ചുവീഴ്ത്തിയതും ഡ്രൈവറായിരുന്നു. ഇതിന് പിന്നാലെ അജാസ് കാറില്‍ നിന്നിറങ്ങി ആക്രമിക്കുകയായിരുന്നുവെന്നാണ് നിഗമനം.
ഞായറാഴ്ച രാത്രിയോടെ പൊലീസ് അജാസിന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. തനിക്ക് സൗമ്യയോട് ഇഷ്ടമായിരുന്നുവെന്നും വിവാഹാഭ്യര്‍ത്ഥന സൗമ്യ നിരസിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും അജാസ് മൊഴി നല്കി. പെട്രോള്‍ ഉപയോഗിച്ച് സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനിച്ചതെന്നും ഇത് പാളിപ്പോയെന്നും അജാസ് പൊലീസിനോട് പറഞ്ഞു. താന്‍ ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചതെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പ്രതി മൊഴി നല്‍കിയിരുന്നു. ‘കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഒറ്റയ്ക്കാണ്. മറ്റാര്‍ക്കും പങ്കില്ല. സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു കരുതിയത്. എന്നാല്‍ അതിന് സാധിച്ചില്ല. സൗമ്യയെ ഇഷ്ടമായിരുന്നു. പല തവണ വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടും സൗമ്യ നിരസിച്ചു. ഇതിനിടയിലാണ് കടം വാങ്ങിയ പണം സൗമ്യ തിരികെ തരാന്‍ നോക്കിയത്. എന്നാല്‍ അത് വേണ്ടെന്ന് പറഞ്ഞ് താന്‍ തിരികെ നല്‍കിയതായും അജാസ് മൊഴി നല്‍കിയിരുന്നു. ഇത് ശരിയല്ലെന്ന തരത്തിലാണ് രണ്ടാമനെ കുറിച്ചുള്ള ചര്‍ച്ച സജീവമാകുന്നത്. തനിക്ക് മരിച്ചാല്‍ മതിയെന്നാണ് പ്രതി ഐ.സി.യു.വില്‍വെച്ച് സഹപ്രവര്‍ത്തകരോടു പറഞ്ഞത്.
കാറോടിച്ചത് മറ്റൊരാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ സംശയം വ്യക്തമാക്കി സൗമ്യയുടെ ഭര്‍ത്തൃസഹോദരന്‍ ഷാജി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇത് തൊഴിലുറപ്പുകാരും വ്യക്തമാക്കിയതോടെയാണ് രണ്ടാമനിലേക്ക് അന്വേഷണം എത്തുന്നത്. ഇത് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകും. ഇത് കണ്ടെത്താന്‍ കൊലപാതകം നടത്താനായി അജാസ് എറണാകുളത്തുനിന്നു സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. മൊബൈല്‍ ഫോണിന്റെ കോള്‍ വിശദാംശങ്ങളും ശേഖരിക്കും. ഒരു പരിചയക്കാരന്റെ കാറിലാണ് അജാസ് വള്ളികുന്നത്തെത്തിയത്. എറണാകുളത്തു നിന്നു പെട്രോളും കൊടുവാളും വാങ്ങിയെന്നാണു വിവരം.വള്ളികുന്നത്ത് ഏതാനും മണിക്കൂര്‍ അജാസ് തങ്ങിയെന്നാണു പൊലീസിനു ലഭിച്ച വിവരം. ഇടയ്ക്കു മണപ്പള്ളി ജംക്ഷനില്‍ പോയി ഭക്ഷണം കഴിച്ചു.
സൗമ്യയെ ഇടിച്ചു വീഴ്ത്തിയതിനു പിന്നാലെ ഇരുവരും തമ്മില്‍ ഫോണ്‍ സന്ദേശങ്ങളെച്ചൊല്ലി തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായപ്പോള്‍ അജാസ് കാറില്‍നിന്ന് ആയുധം എടുക്കുന്നതു കണ്ടു സൗമ്യ അടുത്ത വീട്ടിലേക്ക് ഓടുകയായിരുന്നു. അപ്പോള്‍ അജാസ് പിന്നാലെയെത്തി വെട്ടിവീഴ്ത്തുകയും കുത്തുകയും ചെയ്ത ശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയെന്നാണു പൊലീസിനു ലഭിച്ച വിവരം. പ്രതി സഞ്ചരിച്ച കാറിന്റെ ഉടമ വള്ളികുന്നം പൊലീസില്‍ ഹാജരായി.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ അജാസിന് ന്യൂമോണിയ ബാധിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. നാഡിമിടിപ്പ് കുറഞ്ഞുവരുന്ന അജാസിന് ഇടയ്ക്കിടെ ബോധക്ഷയവും സംഭവിക്കുന്നുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അജാസ് നിലവിലുള്ളത്. മരുന്ന് നല്കി രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. വൃക്കകളുടെ പ്രവര്‍ത്തനം നേരത്തെ തന്നെ തകരാറിലായിരുന്നു. മൂത്ര തടസ്സവുമുണ്ട്. ആരോഗ്യ നില വഷളായി തുടരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം മജിസ്ട്രേട്ട് ആശുപത്രിയിലെത്തി അജാസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പകര്‍പ്പിനായി പൊലീസ് കോടതിയില്‍ അപേക്ഷ നല്കി.
അതിനിടെ അജാസ് ജോലിചെയ്തിരുന്ന ആലുവ ട്രാഫിക് സ്റ്റേഷനില്‍ എസ്പി. കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം മിന്നല്‍പരിശോധന നടത്തി. അജാസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉദ്യോഗസ്ഥരോട് നേരിട്ടു തിരക്കി. സൗമ്യവധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ചുമതലകള്‍ ചെങ്ങന്നൂര്‍ ഡിവൈ.എസ്പി.യുടെ പരിധിയിലെ എസ്ഐ. മാര്‍ക്കു വീതിച്ചുനല്‍കിയിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങള്‍, ഫോണ്‍വിവരങ്ങള്‍, സാക്ഷിമൊഴികള്‍ തുടങ്ങിയവ ശേഖരിക്കാനുള്ള ചുമതലയാണ് ഇങ്ങനെ നല്‍കിയിരിക്കുന്നത്.അതേ സമയം കേസിൽ പ്രതിയായ ആലുവ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായ അജാസിനെ സസ്പെൻഡ് ചെയ്തു. അജാസിനെതിരെ കൊലപാതകക്കുറ്റമടക്കമുള്ള എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് സസ്പെൻഡ് ചെയ്തതായി ഉത്തരവിറക്കിയത്.
മധ്യവയസ്ക്കയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടും പിടികൂടുന്നില്ലെന്ന് പരാതി. മലപ്പുറം തിരൂരില്‍ ഫെബ്രുവരി പത്താം തീയതിയാണ് യുവാവ് വീട്ടില്‍ കയറി മധ്യവയസ്ക്കയെ പീഡിപ്പിച്ചത്. വീട്ടമ്മയും ഭര്‍ത്താവും മാത്രമാണ് വീട്ടില്‍ ഉള്ളത്. ദിവസവും പത്രം വാങ്ങാനായി ഭര്‍ത്താവ് പുറത്തേക്ക് പോകും. ഈ സമയം മനസിലാക്കിയാണ് തിരൂര്‍ സൗത്ത് അന്നാര സ്വദേശി അര്ജ്ജുൻ ശങ്കര്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സംഘം ചെയ്തത്. സംഭവത്തില്‍ വീട്ടമ്മ തിരൂര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെയും പിടികൂടിയിട്ടില്ല.
പലവണ അര്ജ്ജുന് നാട്ടില്‍ വന്ന് പോയതായി നാട്ടുകാര്‍ക്ക് വിവരം ലഭിച്ചു. ഇക്കാര്യം പൊലീസിലറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരിയുടെ മരുമകള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നിരവധി തവണ പൊലസില്‍ സ്റ്റേഷന് കയറി ഇറങ്ങി. എന്നാല്‍ പ്രതിയെ പിടികൂടാന്‍ പൊലീസ് തയ്യാറായില്ല. അര്‍ജുനെ രക്ഷിക്കാനായി ആരോ ശ്രമിക്കുന്നുണ്ട്. പൊലീസിന് മേല്‍ സമ്മര്‍ദ്ദമുള്ളതുകൊണ്ടാണ് പ്രതിയെ പിടികൂടാത്തതെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു.
കേസ് അന്വേഷണം ആദ്യഘട്ടത്തില്‍ തന്നെ ഇഴയുന്നുവെന്ന് മനസിലാക്കിയതോടെയാണ് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കും പരാതി നല്‍കിയത്. പരാതി ലഭിച്ച ഇടനെ ആരോഗ്യമന്ത്രി പരാതിക്കാരിയെ നേരിട്ട് വിളിച്ച് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പറഞ്ഞിരുന്നു. 60 വയസുള്ള സ്ത്രീയായതിനാല്‍ മന്ത്രി ഇടപെട്ട് സാമൂഹ്യസുരക്ഷ വകുപ്പിന് കീഴില്‍ നിന്നുള്ള നിര്‍ഭയയില്‍ നിന്ന് പ്രത്യേക കൗണ്‍സിലിംഗും നല്‍കിയിരുന്നു. അന്വേഷണം ശക്തിപ്പെടുത്തണമെന്ന് മന്ത്രി നേരിട്ട് നിര്‍ദ്ദേശിച്ചു. എന്നിട്ടു പോലും പൊലീസ് പ്രതിയെ പിടികൂടാന്‍ ഉത്സാഹം കാണിച്ചില്ലെന്നും അവര്‍ ആരോപിച്ചു.
എന്നാല്‍ പ്രതിക്കായി അന്വേഷണം നടക്കുന്നുണ്ടെന്നാണ് തിരൂര്‍ എഎസ്ഐ പ്രമോദ് പ്രതികരിച്ചു. പലയിടത്തായി ഒളിവില്‍ താമസിക്കുകയാണ് പ്രതി. ഇപ്പോള്‍ ചാവക്കാട് ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഉടനെ അര്‍ജ്ജുനെ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്നും എഎസ്ഐ വ്യക്തമാക്കി.