Kerala

സംവിധായകന്‍ പ്രിയനന്ദനനു നേരെ ആക്രമണം. തൃശൂര്‍ വല്ലച്ചിറയില്‍ വീടിനടുത്തുള്ള കടയിലേക്കു പോകുമ്പോഴായിരുന്നു തലയില്‍ ചാണക വെള്ളം ഒഴിച്ച് മര്‍ദ്ദിച്ചത്. ആക്രമിച്ച ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സരോവറിനെ മണിക്കൂറുകള്‍ക്കകം കൊടുങ്ങല്ലൂരില്‍ നിന്ന് പൊലീസ് പിടികൂടി.

രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപമുള്ള കടയില്‍ സാധാനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു പ്രിയനന്ദന്‍. കടയുടെ പരിസരത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം. തലയില്‍ ചാണകം വെള്ളം ഒഴിച്ചു. തലയിലും മുഖത്തും മര്‍ദ്ദിച്ചു. കണ്ടുനിന്ന നാട്ടുകാരും സുഹൃത്തുക്കളും ഓടി എത്തിയപ്പോഴേയ്ക്കും അക്രമി രക്ഷപെടുകയായിരുന്നു.

ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്റെ ഫെയ്സ്ബുക് പോസ്റ്റ് വിവാദമായിരുന്നു. ഭാഷ മോശമാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ അദ്ദേഹംതന്നെ ആ പോസ്റ്റ് നീക്കം ചെയ്തിരുന്നു. പക്ഷേ, ബി.ജെ.പി., ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ പ്രിയനന്ദനനു നേരെ പ്രതിഷേധവുമായി രംഗത്തെത്തി. വീട്ടിലേക്ക് മാര്‍ച്ച് ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം ഭീഷണി വ്യാപകമായിരുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെടില്ലെന്ന് പ്രിയനന്ദനന്‍ വ്യക്തമാക്കി. പ്രിയനന്ദനനു നേരെയുണ്ടായ അക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. ആവിഷ്ക്കാര സ്വാതന്ത്രത്തിനു നേരെയുണ്ടായ കടന്നാക്രമണമാണിതെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. അതേസമയം, പങ്കില്ലെന്ന് പറഞ്ഞ് ബി.ജെ.പി തടിയൂരി.

ര‍ഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ കേരളത്തിന് ഇന്നിങ്സ് തോല്‍വി‍.വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന സെമിപോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ വിദർഭയോട് ഇന്നിങ്സിനും 11 റൺസിനും കേരളം തോറ്റു.കഴിഞ്ഞ സീസണിൽ ക്വാർട്ടറിലായിരുന്നു തോൽവിയെങ്കിൽ ഇക്കുറിയത് സെമിയിലായി എന്നു മാത്രം. തോറ്റെങ്കിലും, ചരിത്രത്തിലാദ്യമായി സെമി കളിച്ചതിന്റെ ചാരിതാർഥ്യത്തോടെയാണ് കേരളത്തിന്റെ മടക്കം.

102 റണ്‍സ് ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങിയ കേരളത്തിന് 85 റണ്‍സെടുക്കുന്നതിനിെട ഒന്‍പത് വിക്കറ്റ് നഷ്ടമായിരുന്നു. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ഉമേഷ് യാദവും യഷ് താക്കൂറുമാണ് കേരളത്തെ തകര്‍ത്തത്. 17 റണ്‍സെടുത്ത സിജോമോനാണ് അവസാനം പുറത്തായത്. ഒന്നാമിന്നിങ്സില്‍ വിദര്‍ഭ 208 റണ്‍സ് നേടിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വന്‍ജയം പ്രവചിച്ച് എബിപി ന്യൂസ്- സീവോട്ടര്‍ സര്‍വ്വേ. കേരളത്തിലെ ആകെയുള്ള 20 സീറ്റുകളില്‍ 16-ലും യുഡിഎഫ് ജയിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. നാല് സീറ്റുകളില്‍ എല്‍‍ഡിഎഫ് ജയിക്കും. ശബരിമല വിഷയം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയ്ക്കും എന്‍ഡിഎയ്ക്കും ഇക്കുറിയും അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നും സര്‍വ്വേ പറയുന്നു.

നിലവില്‍ 12 സീറ്റുകള്‍ യുഡിഎഫും എട്ട് സീറ്റുകള്‍ എല്‍ഡിഎഫും ആണ് കൈവശം വച്ചിരിക്കുന്നത്. എല്‍ഡിഎഫിന്‍റെ എട്ട് സീറ്റില്‍ പകുതിയും യുഡിഎഫ് പിടിച്ചെടുക്കും എന്ന പ്രവചനാണ് നടത്തുന്നത്.
അതേസമയം തമിഴ്നാട്ടില്‍ ആകെയുള്ള 39 സീറ്റുകളും ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം തൂത്തുവാരുമെന്നാണ് സര്‍വ്വേ പ്രവചനം.

എറണാകുളം സ്വദേശിനിയായ നഴ്‌സ് ആന്‍ലിയ ഹൈജിനസിന്റെ മരണം സംബന്ധിച്ച് തനിക്കും കുടുംബത്തിനുമെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വിശദീകരണവുമായി ഭര്‍ത്താവ് ജസ്റ്റിന്‍ രംഗത്ത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറയുന്ന ഭാര്യാപിതാവ് വിവാഹത്തിന് മുന്‍പ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നാണ് തൃശൂര്‍ അന്നകര സ്വദേശിയുമായ ജസ്റ്റിന്‍ നവമാധ്യമത്തിലൂടെ വെളിപ്പെടുത്തുന്നത്. തനിക്കും കുടുംബത്തിനുമെതിരേ ആന്‍ലിയയുടെ പിതാവും ബന്ധുക്കളും ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണ്. ജസ്റ്റിന്റെ വിശദീകരണം 2016 ഡിസംബര്‍ ഇരുപത്താറിനാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. ഇപ്പോള്‍ ഒരു വയസുള്ള ആണ്‍കുട്ടിയും ഉണ്ട്. കുട്ടി ഇപ്പോള്‍ എന്റെ കൂടെ വീട്ടിലാണ്. ആന്‍ലിയയുടെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് എനിക്കെതിരെ ഉയര്‍ത്തുന്നത് തെറ്റായ ആരോപണങ്ങളാണ്.

മകളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദനയും അതുവഴി ഉണ്ടായ സമ്മര്‍ദ്ദവും കൊണ്ടാണ് അവര്‍ എന്നെ കുറ്റക്കാരനാക്കുന്നതെന്നാണ് ആദ്യം ഞാന്‍ വിചാരിച്ചിരുന്നത്. ആരോപണങ്ങള്‍ തുടരുകയും എനിക്കും എന്റെ കുടുംബത്തിനും ഇത് ഭാരമാവുകയും ചെയ്തതിനാലാണ് ഇങ്ങനെയൊരു വിശദീകരണത്തിന് ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നത്. കോടതി വഴി നീതി ലഭിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും. എന്നാല്‍ എനിക്കും കുഞ്ഞിനും വീട്ടുകാര്‍ക്കുമൊക്കെ ഇവിടെ ജീവിക്കണ്ടതല്ലേ. ആന്‍ലിയയുടെ സ്വര്‍ണം ചോദിച്ച് ഞാന്‍ പീഡിപ്പിച്ചു എന്നതാണ് പ്രധാന ആരോപണം. വിവാഹത്തിന് രണ്ട് ദിവസങ്ങള്‍ക്കുശേഷം ബാങ്കിലെ ലോക്കറില്‍ വച്ച സ്വര്‍ണം ഇതുവരെ അവിടെ നിന്ന് ഞാന്‍ എടുത്തിട്ടില്ല. ലോക്കറ് തുറന്നിട്ടുപോലുമില്ല എന്നതാണ് സത്യം.

ആന്‍ലിയയ്ക്ക് അലമാര വാങ്ങുന്നതിനായി അവളുടെ പപ്പ തന്ന 30,000 രൂപയാണ് ഞങ്ങള്‍ തമ്മില്‍ ആകെയുണ്ടായിട്ടുള്ള പണമിടപാട്. ഇതിനെല്ലാം വ്യക്തമായ തെളിവുകളും എന്റെ കൈവശമുണ്ട്. കാണാതായ ദിവസം ആന്‍ലിയ വിളിച്ച്, ഞാന്‍ പോവുകയാണ്, ഇനി അന്വേഷിക്കരുത്, കുഞ്ഞിനെ നോക്കണം എന്നെല്ലാം പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. തിരിച്ചുവിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. പിന്നീടാണ് പോലീസില്‍ പരാതി നല്‍കിയത്. പഠിക്കാനും പാട്ടുപാടാനുമൊക്കെ മിടുക്കിയായിരുന്ന ആന്‍ലിയയില്‍, വിവാഹത്തിന് കുറച്ച് നാളുകള്‍ക്കുശേഷം ചെറിയ മാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ദേഷ്യവും വാശിയുമൊക്കെ സ്വാഭാവിക മാറ്റമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഒരു വര്‍ഷം മുമ്പുതന്നെ ആന്‍ലിയയുടെ ചില ഡയറിക്കുറിപ്പുകള്‍ ഞാനും എന്റെ പപ്പയും കണ്ടിരുന്നു. അതില്‍ പലതും ആത്മഹത്യയെക്കുറിച്ചുള്ളതായിരുന്നു. അത് ആന്‍ലിയയുടെ പപ്പയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴും അതൊക്കെ അവളുടെ കുട്ടിക്കളിയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ഡയറി എഴുതുന്ന ആളാണെങ്കില്‍ വിവാഹത്തിനും മുന്പും എഴുതിക്കാണില്ലേ. അതൊന്നും പക്ഷേ അവര്‍ കാണിക്കുന്നുമില്ല. ഞാന്‍ ആന്‍ലിയയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്നാണ് അവരുടെ മറ്റൊരാരോപണം. എങ്കില്‍ ഇതെന്തുകൊണ്ട് ആന്‍ലിയ മരിക്കുന്നതിന് മുന്പ് അവര്‍ എന്നോട് ചോദിച്ചില്ല. എല്ലാ ആരോപണങ്ങളും ആന്‍ലിയ മരിച്ചതിനുശേഷമാണ് അവര്‍ ഉയര്‍ത്തുന്നത്. നാട്ടിലെ അവസ്ഥ മോശമാണെന്നും അതുകൊണ്ട് ആന്‍ലിയയുടെ ശവസംസ്‌കാരത്തിന് വരേണ്ടെന്നും അവരുടെ പള്ളിയിലെ വൈദികന്‍ അറിയിച്ചതുകൊണ്ടാണ് മരണാനന്തര ചടങ്ങില്‍ ഞാനും വീട്ടുകാരും പങ്കെടുക്കാതിരുന്നത്. ആന്‍ലിയയുടെ അപകടകരമായ ചിന്തകളും വിഷാദവുമെല്ലാം മാറാന്‍ വേണ്ടിയാണ് അവളെ ബംഗളൂരുവില്‍ എംഎസ് സി നഴ്‌സിംഗിന് അയച്ചത്. അല്ലാതെ അവളുടെ വീട്ടുകാര്‍ ആരോപിക്കുന്നതുപോലെ നിര്‍ബന്ധിച്ച് അയച്ചതല്ല.

മാതാപിതാക്കള്‍ വിദേശത്തായിരുന്നതിനാല്‍ അവരുടെ സ്‌നേഹവും വാത്സല്യവും ലഭിക്കാതെ വളര്‍ന്ന കുട്ടിയാണ് താനെന്നും ആ അവസ്ഥ നമ്മുടെ മോനുണ്ടാവരുതെന്നും ആന്‍ലിയ എപ്പോഴും പറഞ്ഞിരുന്നു. ആന്‍ലിയയ്ക്ക് ഇങ്ങനെയുള്ള സ്വഭാവം ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഡിവോഴ്‌സിന് ശ്രമിച്ചില്ല എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്. എനിക്ക് ആന്‍ലിയയെ അത്രയ്ക്ക് ഇഷ്ടമായിരുന്നെന്നും ഞങ്ങള്‍ക്ക് കുറേ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു എന്നതുമാണ് അതിന് ഉത്തരമായി എനിക്ക് പറയാനുള്ളത്. അതുകൊണ്ടാണ് ഡിവോഴ്‌സിന് ശ്രമിക്കാതെ അവളെ ചികിത്സിച്ച് ഭേദമാക്കാന്‍ ശ്രമിച്ചത്.

എന്തൊക്കെ സംഭവിച്ചാലും തന്റെ ഭാഗം ന്യായീകരിക്കാന്‍ മതിയായ തെളിവുകളുള്ളതിനാല്‍ പതറാതെ മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്ന് പറഞ്ഞാണ് ജസ്റ്റിന്‍ വിശദീകരണം അവസാനിപ്പിക്കുന്നത്. സ്വപ്നങ്ങളൊന്നും നടന്നില്ലെങ്കിലും വീട്ടില്‍ കാത്തിരിക്കുന്ന കുഞ്ഞിനുവേണ്ടി എല്ലാം ധൈര്യത്തോടെ തന്നെ നേരിടുമെന്നും കുഞ്ഞുങ്ങളെ തനിച്ചാക്കി ജോലി തേടി വിദേശത്തും മറ്റും പോകുന്നവര്‍ക്ക് ആന്‍ലിയയുടെ മാനസികാവസ്ഥയും അവളുടെ ജീവിതവും പാഠമാകണമെന്നും ജസ്റ്റിന്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

സംഭവത്തില്‍ ഒട്ടേറെ ആരോപണങ്ങളും ചര്‍ച്ചകളും സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നു വന്നതോടെയാണ് ജസ്റ്റിന്റെ വിശദീകരണം. കഴിഞ്ഞ ഓഗസ്റ്റ് 25 ന് തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കാണാതായ ആന്‍ലിയയുടെ മൃതദേഹം മൂന്ന് ദിവസങ്ങള്‍ക്കുശേഷം ആലുവയ്ക്കടുത്ത് പെരിയാറില്‍ കണ്ടെത്തുകയായിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസന്വേഷിക്കുന്ന തൃശൂര്‍ ലോക്കല്‍ പോലീസിന്റെ നടപടികള്‍ മന്ദഗതിയിലാണെന്നും ചൂണ്ടിക്കാട്ടി ഏറെക്കാലം ജിദ്ദയില്‍ പ്രവാസിയായിരുന്ന പിതാവ് ഫോര്‍ട്ട് കൊച്ചി നസ്രേത്ത് പാറയ്ക്കല്‍ ഹൈജിനസ് (അജി പാറയ്ക്കല്‍) മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തിൽ പൈലറ്റിന്റെ പിഴവുമൂലമുണ്ടായ കൂട്ടിയിടിസാധ്യത അവസാനനിമിഷം ഒഴിവായി. ഇന്നലെ പുലർച്ചെ 3.30നായിരുന്നു സംഭവം. ഷാർജയിൽ നിന്നുള്ള എയർ അറേബ്യയുടെ വിമാനം ലാൻഡിങ്ങിനായി ശ്രമിക്കവെ എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള നിർദേശം ശ്രദ്ധിക്കാതെ ദുബായിലേയ്ക്കുള്ള ഫ്ലൈ ദുബായ് വിമാനം ടാക്സി വേയിൽ നിന്ന് റൺവേയിലേയ്ക്കു പ്രവേശിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തിരിച്ചുപോകാൻ എയർ അറേബ്യ പൈലറ്റിനു നിർദേശം നൽകിയതോടെയാണ് അപകടം ഒഴിവായത്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാകാന്‍ നടന്‍ മോഹന്‍ലാല്‍ ശ്രമിക്കില്ലെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് താരത്തെ പരിഗണിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ താന്‍ മത്സരരംഗത്ത് ഇറങ്ങില്ലെന്ന് മോഹന്‍ലാല്‍ ബി.ജെ.പി കേന്ദ്രങ്ങളെ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അനൗദ്യോഗികമായി ബി.ജെ.പിയുമായി അടുത്ത് നില്‍ക്കുന്ന കേന്ദ്രങ്ങള്‍ ലാലിനെ രംഗത്തിറക്കണമെന്ന് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താരം ഇതുവരെ സമ്മതം അറിയിക്കാതിരുന്നതിനാല്‍ സ്ഥിരീകരണമുണ്ടായില്ല.

അതേസമയം തിരുവനന്തപുരത്ത് നടന്‍ സുരേഷ് ഗോപിയെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ രാജ്യസഭാംഗമായ സുരേഷ് ഗോപിക്ക് തിരുവനന്തപുരത്ത് വിജയസാധ്യതയുണ്ടെന്നാണ് ബി.ജെ.പിയിലെ ഒരുപക്ഷത്തിന്റെ വാദം. എന്നാല്‍ തന്നെ മത്സരിപ്പിക്കുമെന്ന കഥകളെപ്പറ്റി ഒന്നും അറിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. രാജ്യസഭാംഗമായി മൂന്നേകാല്‍ വര്‍ഷംകൂടി തുടരാനാവും. ആര്, എവിടെ മത്സരിക്കണമെന്നു തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. പാര്‍ട്ടി പ്രഖ്യാപിക്കുമ്പോഴേ എന്തു തീരുമാനവും ഞാന്‍ അറിയാവൂ. അതാണ് ശരിയും- സുരേഷ് ഗോപി പറഞ്ഞു.

രാഷ്ട്രീയ താത്പര്യങ്ങള്‍ ഇല്ലെന്നു നേരത്തേതന്നെ ലാല്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അവസാനശ്രമമെന്ന നിലയില്‍ പ്രധാനമന്ത്രി മുഖേന സമ്മര്‍ദം ചെലുത്തി മത്സരത്തിനിറക്കാന്‍ ബി.ജെ.പി ശ്രമങ്ങള്‍ നടത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. കേരളത്തില്‍ 18 സീറ്റില്‍ ബി.ജെ.പിക്ക് വിജയ സാധ്യതയുണ്ടെന്നാണ് കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ അവകാശവദം ഉന്നയിച്ചത്. അമിത് ഷാ, രവി ശങ്കര്‍ പ്രസാദ് ,നിര്‍മ്മല സീതാരാമന്‍ തുടങ്ങിയവര്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും. തെരഞ്ഞെടുപ്പിനായി പ്രാരംഭ നടപടികള്‍ ബി.ജെ.പി ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

നേഴ്‌സ്…

എല്ലാ ദിവസവും അപരിചിതരുടെ ജീവനുവേണ്ടി രാപകല്‍ ഭേദമില്ലാതെ ജോല്ലി ചെയ്യുന്നവര്‍. ഒരു ദിവസം പോലും നേരായ നേരത്ത് ആഹാരം കഴിക്കാതെ മറ്റുള്ളവരെ ആഹാരം കഴിപ്പിച്ചു, മരുന്ന് കൊടുക്കുന്നവര്‍ ….
കാണുന്ന എല്ലാ രോഗികളെയും ഒരു നിമിഷം സ്വന്തം മാതാപിതാക്കന്മാരയും സ്വന്തം കൂടപിറപ്പുകള്‍ ആയും കണ്ടുപോകുന്നവര്‍…..
ഒരു ദിവസത്തില്‍ ഒരു പ്രവിശ്യമെങ്കി ലും കൈകള്‍ക്ക് മുകളില്‍ ‘ചിറകുകളും, കാലുകള്‍ക്ക് താഴെ ചക്രങ്ങളും ഉണ്ടായിരുന്നെകില്‍ എന്ന് ആശിച്ചുപോകുന്നവര്‍….
അവധി ദിവസങ്ങളും ആഘോഷങ്ങളും മറന്നു പോകുന്നവര്‍
ലോകം മൊത്തം ഉറങ്ങുമ്പോള്‍ മറ്റുള്ളവർക്ക് വേണ്ടി ഉറക്കം കളയുന്നവർ…..
നിലച്ചു പോകുന്ന ജീവനുകള്‍ തിരിച്ചു കൊണ്ട് വരുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നവര്‍.. ജനനത്തിനും മരണത്തിനും സാക്ഷി ആകുന്നവര്‍
രോഗികളുടെയും ഡോക്ടര്‍മാരുടെയും അകാരണമായ ദേഷ്യത്തിന് എന്നും ഇരകളാകാൻ വിധിക്കപ്പെട്ടവർ..  ഡോക്ടര്‍ മാരുടെ പാകപിഴയ്ക്ക് രോഗികളുടെ ബന്ധുക്കളിൽനിന്നും ഉണ്ടാകുന്ന പരുഷമായ പെരുമാറ്റം നിശബ്ദ്തയോടെ സഹിക്കാൻ വിധിക്കപ്പെട്ടവർ.. ജോല്ലിക്ക് വളരെ നേരത്തെ വന്നു വളരെ വൈകി പോകുന്നവര്‍.. വളരെ ചുരുക്കം മാത്രം ‘നന്ദി’ എന്ന വാക്ക് കേള്‍ക്കേണ്ടി വരുന്നവര്‍

ഇതെല്ലാം കഴിഞ്ഞു സമൂഹത്തിലോട്ടു ഇറങ്ങുബോള്‍ …. എന്തൊക്കെ പറഞ്ഞാലും നീ ഒരു നേഴ്‌സ് അല്ലെ എന്ന പുച്ഛവും സഹിഷ്ണതയോടുകൂടി സഹിക്കുന്നവര്‍ നേഴ്‌സുമാർ.. ഒരിക്കല്‍ നിങ്ങളുടെ ജീവന് കൂട്ടിരിക്കാന്‍ ഒരു നേഴ്‌സ് മാത്രമേ കാണൂ. അവസാനം വൃത്തിയോടെ വെള്ളത്തുണിയില്‍ പൊതിഞ്ഞു കെട്ടാനും…

‘ദൈവത്തിന്റെ മാലാഖമാരെന്ന്’ ആത്മാർത്ഥതയില്ലാതെ വിളിപ്പേരിന് അർഹരായവർ… മുകളിൽ പറഞ്ഞത് സോഷ്യൽ മീഡിയിൽ തെളിഞ്ഞ ഒരു നേഴ്‌സിന്റെ പോസ്റ്റാണ്..

ഇനി കാര്യത്തിലേക്ക്

ബാംഗ്ലൂരിൽ നേഴ്‌സായിരുന്ന ആൻലിയ മരണപെട്ടതുമായി ബന്ധപ്പെട്ട് ഭർത്താവ് ജസ്റ്റിൻ കീഴടങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതികരണങ്ങൾ മലയാളിയുടെ മുൻവിധികളെ ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്നു..   അല്ലെങ്കിൽ സ്ത്രീ പുരുഷ സമത്വം എന്ന് വാ തോരാതെ പറയുമെങ്കിലും പ്രവർത്തികമാക്കാതെ മുഖം തിരിഞ്ഞു നിൽക്കുന്ന ഒരു കൂട്ടം.. അതല്ലേ ശരി?  ഇവിടെയാണ് ഒരു ഡോക്ടറുടെ ഫേസ്ബുക് പോസ്റ്റിനുള്ള പ്രസക്തി..

ഡോക്ടറുടെ ഫേസ്ബുക് പോസ്റ്റ്..

‘നഴ്‌സ് അല്ലേ’

‘അതും ബാംഗ്ലൂര്‍’

‘പോരാത്തതിന് സുന്ദരിയും’

‘അവിഹിതമെന്തെങ്കിലുമുണ്ടായി കാണും.അല്ലാതെ വെറുതെ ഒരാളെ കൊല്ലുവോ’

പല പൊതുബോധങ്ങളെയും ഒരുമിച്ചങ്ങ് ഊട്ടിയുറപ്പിച്ചുകൊണ്ട് ഇങ്ങനെ ഒരു കമന്റ് നഴ്‌സായ ഭാര്യ കൊല്ലപ്പെട്ടതിന്റെ പേരില്‍ ഭര്‍ത്താവ് അറസ്റ്റിലായ വാര്‍ത്തയ്ക്ക് താഴെ വരുന്നത് അത്ഭുതമായി തോന്നുന്നില്ല. ഒരു സ്ത്രീയെ കൊന്ന് തള്ളിയാലും മുഖത്ത് ആസിഡ് ഒഴിച്ചാലും ആ ക്രൂരതയെ ‘ന്യൂട്രല്‍’ കളിച്ച് നള്ളിഫൈ ചെയ്യാനുള്ള ശ്രമങ്ങള്‍ ഈ നാട്ടില്‍ ആദ്യത്തെ അല്ലല്ലോ.

ബാംഗ്ലൂര്‍ എന്ന് പറയുന്ന സ്ഥലം ‘അഴിഞ്ഞാട്ടക്കാരികളായ’ സ്ത്രീകള്‍ക്ക് ‘ആര്‍മ്മാദ്ദിക്കാനുള്ള’ സ്വര്‍ഗ്ഗമാണെന്ന പൊതു ബോധം ഒന്ന്.ബാംഗ്ലൂര്‍ പഠിച്ച പെണ്ണാണെന്ന ഒറ്റ കാരണം കൊണ്ട് കല്ല്യാണാലോചന മുടങ്ങി പോകുന്ന കേസുകളും ഈ നാട്ടില്‍ വിരളമല്ല.

നൈറ്റ് ഡ്യൂട്ടിറ്റുള്‍പ്പെടെ എടുക്കേണ്ടി വരുന്ന ‘നഴ്‌സുമാര്‍’ ‘അസമയത്ത്’ ജോലി ചെയ്യേണ്ടി വരുന്നവരായതിനാല്‍ അവിഹിതത്തിനുള്ള സാധ്യത കൂടുതലാണെന്ന പൊതുബോധം രണ്ട്.

ഒരാളെ കൊന്നാലും,ആസിഡ് ഒഴിച്ച് അപായപ്പെടുത്തിയാലും ഇരയ്‌ക്കൊപ്പം നില്‍ക്കാതെ വേട്ടക്കാരനൊപ്പം നില്‍ക്കണമെങ്കില്‍ വേട്ടക്കാരന് ഒരു പ്രിവിലേജ് വേണമെന്ന് ചുരുക്കം.
‘ആണാണെന്നുള്ള’ പ്രിവിലേജ്.
കിടു നാട്.കിടു മനുഷ്യര്‍!

[ot-video][/ot-video]

 

 

 

 

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തവേ ബിജെപിയ്ക്ക് ഏറെ പ്രതീക്ഷയുള്ള തിരുവനന്തപുരം മണ്ഡലത്തില്‍ ശ്രദ്ധവച്ച് ബിജെപി. ത്രിമൂര്‍ത്തികളില്‍ ആരെയെങ്കിലും രംഗത്തിറക്കാനാണ് ബിജെപി നോക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിനെ വിജയം നല്‍കി അനുഗ്രഹിച്ച മേഖലയില്‍ ബിജെപി കടുത്ത പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. മികച്ച സ്ഥാനാര്‍ത്ഥിയെ കിട്ടിയാല്‍ ഒരു ലക്ഷം വോട്ടിനെങ്കിലും ജയിക്കാമെന്നാണ് ബിജെപിയുടെ രഹസ്യമായ കണക്കു കൂട്ടല്‍. ഇവിടെ മത്സരിക്കാനായി പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്ന പേരുകള്‍ മിസോറം ഗവര്‍ണ്ണര്‍ കുമ്മനത്തിന്റേയും നടന്‍ സുരേഷ്‌ഗോപിയുടേതുമാണ്.

രണ്ടുതവണ വിജയിച്ചുകയറിയ ശശിതരൂര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിദ്ധ്യം വരുന്ന തിരുവനന്തപുരത്ത് വിജയിക്കാനോ ഏറ്റവും മികച്ച മത്സരം കൊടുക്കാനോ ശേഷിയുള്ള കരുത്തനായ സാരഥി എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. ഏറ്റവും അനുയോജ്യനായി പരിഗണിക്കന്നത് മൂന്‍ സംസ്ഥാന അദ്ധ്യക്ഷനും നിലവില്‍ മിസോറം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെയാണ്. കുമ്മനം ഇല്ലെങ്കില്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയെയാണ് പരിഗണിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന് പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികളില്‍ മുന്‍തൂക്കം രാജ്യസഭാംഗവും നടനുമായ സുരേഷ്‌ഗോപിക്കാണ്. പക്ഷേ കേന്ദ്രനേതൃത്വത്തിന്റെയാകും അന്തിമ തീരുമാനം.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരുമുണ്ട്. പക്ഷേ സുരേന്ദ്രന് തിരുവനന്തപുരത്ത് താല്‍പ്പര്യമില്ലെന്നാണ് വിവരം. കേരളത്തില്‍ തരംഗം സൃഷ്ടിക്കാന്‍ ശേഷിയുള്ള ദേശീയ നേതാക്കളാരെങ്കിലും മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഏറെയാണ്. ഇക്കാര്യത്തില്‍ മധുര സ്വദേശിയായ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ പേരു മുന്നോട്ടുവയ്ക്കുന്നു. അതേസമയം ഇവര്‍ രാജ്യസഭാംഗമാണെന്നതിനാലും പൊതുവെ ബിജെപിയ്ക്ക് കാര്യമായ വേരുകളില്ലാത്ത സംസ്ഥാനം എന്ന ചിന്തയിലും മത്സരിച്ചേക്കാന്‍ സാധ്യതയില്ല.

ഹൈന്ദവ വികാരം വോട്ടാക്കി മാറ്റുക എന്ന കാലപ്പഴക്കമുള്ള തന്ത്രം തന്നെയാണ് ബി.ജെ.പി ഇത്തവണയും പ്രയോഗിക്കുന്നത്. ശബരിമല വിഷയം ബോണസാകുമെന്നും അവര്‍ കരുതുന്നു. ശബരിമലഭക്തി വോട്ടര്‍മാര്‍ വിഷയമാക്കിയാല്‍ 2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശിതരൂരിന് കിട്ടിയ ഒരു ലക്ഷത്തിന്റെ ഭൂരിപക്ഷം സ്വന്തം അക്കൗണ്ടിലേക്ക് പോരുമെന്ന പ്രതീക്ഷയാണ് ബിജെപിയ്ക്ക്. കോണ്‍ഗ്രസിനൊപ്പം കൂടുതല്‍ തവണ നിന്ന മണ്ഡലം മറ്റുള്ളവരെയും അനുഗ്രഹിച്ചതിന്റെയും ചരിത്രമുണ്ട് താനും. ഒമ്പതു തവണ കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലം നാലു തവണ കമ്യൂണിസ്റ്റുകളെയും അനുകൂലിച്ചിട്ടുണ്ട്. മൂന്ന് തവണ സ്വതന്ത്രന്മാരെയും വിജയിപ്പിച്ചിട്ടുണ്ട്.

നിയമസഭയിലേക്ക് ഒ രാജഗോപാല്‍ വിജയിച്ചതും പ്രതീക്ഷയാണ്. ഇതിനൊപ്പം കഴിഞ്ഞ തവണ ലോകസഭയില്‍ മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് നേടി വിജയിച്ച ശശി തരൂരിന്റെ ഭൂരിപക്ഷം 15,000 മായി കുറഞ്ഞതും 2,80,000 വോട്ടുകള്‍ നേടി ഒ രാജഗോപാല്‍ രണ്ടാം സ്ഥാനത്ത് എത്തിയതും തിരുവനന്തപുരത്ത് ബിജെപിയ്ക്ക് പ്രതീക്ഷ കൂട്ടുന്നു. ശബരിമല കൂടി അനുഗ്രഹിച്ചാല്‍ ഇത്തവണ ഒരു ലക്ഷം വോട്ടുകള്‍ക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന അഭൂതപൂര്‍വമായ ആത്മവിശ്വാസമാണ് ജില്ലാ നേതൃത്വം പങ്കുവയ്ക്കുന്നത്. നാടാര്‍ ഭൂരിപക്ഷം വരുന്ന കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല പ്രദേശങ്ങളും ബിജെപിയ്ക്ക് ശക്തിയുള്ള നേമവും വട്ടിയൂര്‍കാവും ചേരുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയിക്കുമെന്നാണ് പ്രതീക്ഷ.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ തന്നെ രംഗത്തിറക്കി പരമാവധി സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യവുമായി ബിജെപി ഒരുക്കങ്ങള്‍ നടത്തുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബിജെപി നേതൃയോഗങ്ങള്‍ ഇന്ന് തൃശൂരില്‍ ചേരും. ആദ്യം കോര്‍കമ്മിറ്റിയും പിന്നീട് സംസ്ഥാന ഭാരവാഹികളുടെയും ലോക്‌സഭാ മണ്ഡലങ്ങളുടെ ഇന്‍ചാര്‍ജ്ജ്മാരുടെയും യോഗങ്ങളാണ് ചേരുന്നത്.

കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ് എന്നീ ജനറല്‍ സെക്രട്ടറിമാര്‍ മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളക്ക് മേലും മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ട്. പാര്‍ട്ടി ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന എ പ്ലസ് മണ്ഡലങ്ങളായ തിരുവനന്തപുരത്തും പത്തനംതിട്ടയിലും പ്രമുഖരുടെ നീണ്ടനിരയെയാണ് പരിഗണിക്കുന്നത്. ആറ്റിങ്ങലില്‍ ടിപി സെന്‍കുമാറിനെ ഉറപ്പിച്ചുകഴിഞ്ഞു. ശബരിമല കര്‍മ്മസമിതിയുമായും ആലോചിച്ചാകും ബിജെപി സാധ്യതാ പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കുക. എട്ട് സീറ്റ് ചോദിച്ച ബിഡിജെഎസിന് നാലു സീറ്റാകും നല്‍കുക. പിസി തോമസിന് കോട്ടയം കൊടുക്കും.

നീതിന്യായ രംഗത്തെ ഉന്നതനെതിരെ പോക്സോ കേസ്. മൂന്ന് വയസ്സുകാരിയായ ചെറുമകളെ പീഡിപ്പിച്ച കൊച്ചിയിലെ പ്രമുഖനായ നീതിന്യായ രംഗത്തെ വ്യക്തിക്കെതിരെയാണ് കേസ്.മൂന്നുവയസുള്ള കൊച്ചുമകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ പോക്സോ നിയമത്തിലെ 7, 8 വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത് – ക്രൈം നമ്ബര്‍ 41/2019.

കൊച്ചിയിലെ വസതിയില്‍ കഴിഞ്ഞ 14-നു രാത്രിയില്‍ മകന്റെ കുഞ്ഞിനെ ഉപദ്രവിച്ചെന്നാണു പരാതി. പ്രതിയുടെ പേരെഴുതേണ്ട കോളത്തില്‍ പേര് പരാമര്‍ശിച്ചിട്ടില്ല. ‘ഇരയുടെ മുത്തച്ഛന്‍ (59 വയസ്)’ എന്നു മാത്രമാണ് എഫ്.ഐ.ആറില്‍ പ്രതിയെക്കുറിച്ചുള്ള സൂചന. അന്വേഷണത്തില്‍ ‘ഇരയുടെ മുത്തച്ഛന്‍’ നീതിന്യായരംഗത്തെ ഒരു പ്രമുഖനാണെന്നു വ്യക്തമായി. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയുമായി മാതാപിതാക്കള്‍ കഴിഞ്ഞ 14-നു രാത്രി ചേരാനല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. അവിടെ കുട്ടിയെ ചികിത്സിച്ച ശിശുരോഗ വിദഗ്ധനാണു 16-നു ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്.

ഈ ഡോക്ടര്‍ ആവലാതിക്കാരനായി ചേരാനല്ലൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍, തുടരന്വേഷണത്തിനായി സംഭവസ്ഥലം അധികാരപരിധിയിലുള്ള എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലേക്കു കൈമാറി.അവിടെ സബ് ഇന്‍സ്പെക്ടര്‍ വിബിന്‍ ദാസ് അന്നുതന്നെ എഫ്.ഐ.ആര്‍. റീ രജിസ്റ്റര്‍ ചെയ്തു. തുടര്‍നടപടിയുടെ ഭാഗമായി എഫ്.ഐ.ആര്‍. കോടതിയിലേക്കും അയച്ചിട്ടുണ്ട്.

ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വ സാധ്യത തള്ളാതെ ഹൈക്കമാന്‍ഡ്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അതാത് ഘടകങ്ങളുടെ നിർദേശം പരിഗണിക്കാറുണ്ടെന്ന് കേരളത്തിന്റ ചുമതലയുളള എ.െഎ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്നിക്പറഞ്ഞു.

എന്നാൽ താനിപ്പോള്‍ എം.എല്‍.എയായതുകൊണ്ട് ലോകാസഭാ തിരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ലന്ന സൂചന ഉമ്മൻ ചാണ്ടി നല്‍കി‌യിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം പ്രതികരിക്കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം ന്യൂനപക്ഷ വോട്ടുകൾ തിരികെപിടിക്കാൻ ഉമ്മൻ ചാണ്ടി മത്സരിക്കണമെന്ന് പാർട്ടിയിൽ ആവശ്യം ഉയർന്നിരുന്നു.
ഏത് മണ്ഡലത്തില്‍ മല്‍സരിച്ചാലും ജയിക്കുന്ന ആളാണ് ഉമ്മന്‍ചാണ്ടിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ മല്‍സരരംഗത്തിറക്കുന്നതിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത് നിര്‍ണായക പോരാട്ടത്തില്‍ ഒരു സീറ്റ് സുനിശ്ചിതമാക്കാം എന്നതുതന്നെ. നിയമസഭ തിരഞ്ഞെടുപ്പിലൂടെ അകന്നുപോയ മതന്യൂനപക്ഷങ്ങളെ വീണ്ടും കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാം. തിരഞ്ഞെടുപ്പ് രംഗത്ത് പാര്‍ട്ടിക്ക് ഉണര്‍വും ആത്മവിശ്വാസവും വര്‍ധിക്കും.

എന്നാൽ പാര്‍ട്ടിതലത്തിലും പാര്‍ലമെന്ററി രംഗത്തും ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി ഒഴിഞ്ഞുകിട്ടാന്‍ ആഗ്രഹിക്കുന്നവരാണ് ‌തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.

RECENT POSTS
Copyright © . All rights reserved