ബാലഭാസ്കറിന്റെ അപ്രതീക്ഷിത മരണം മലയാള സംഗീത ലോകത്ത് ഉണ്ടാക്കിയത് വലിയ ആഘാതമാണ് . ഇന്നും ആ മരണത്തിൽ ഒട്ടേറെ അഭ്യൂഹങ്ങൾ ആണ് നടക്കുന്നത് . എന്നാൽ അതിനുമപ്പുറം നാടകീയ സംഭവങ്ങളാണ് നടന്നതെന്ന് വെളിപ്പെടുത്തുകയാണ് ബാലഭാസ്കറിന്റെ ‘അമ്മ ശാന്തകുമാരി. ബാലഭാസ്‌കര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ അച്ഛനെയും മറ്റ് ബന്ധുക്കളെയും ആശുപത്രിയില്‍ നിന്ന് ഇറക്കിവിടാന്‍ വരെ ശ്രമം നടന്നിരുന്നതായി അമ്മ ശാന്തകുമാരി.ബന്ധുക്കളുടെ സാന്നിധ്യം സുഹൃത്തുക്കളായ തമ്പിക്കും വിഷ്ണുവിനും പൂന്തോട്ടത്തെ കുടുംബത്തിനും മറ്റ് ചിലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ശാന്തകുമാരി പറയുന്നു. എല്ലാവരും നിന്നാല്‍ മുറിക്ക് നല്ല വാടക കൊടുക്കേണ്ടി വരുമെന്നും വേറെ എവിടെയെങ്കിലും പോകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ബാലുവിന്റെ മാനേജര്‍മാരിലൊരാള്‍ അച്ഛനോട് വന്ന് പറയുകയായിരുന്നു. ഇതൊക്കെ എങ്ങിനെ പറയാന്‍ തോന്നിയെന്നും ശാന്തകുമാരി ചോദിക്കുന്നു. ബാലുവിന്റെ ജീവന് വേണ്ടി പ്രാര്‍ത്ഥനയോടെ കഴിയുമ്പോള്‍ ഞങ്ങളെ ഒഴിവാക്കി ആ പണം കൂടി തങ്ങളുടെ പോക്കറ്റിലാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഒരു പക്ഷേ അധിക സാമ്പത്തിക ബാധ്യതയാകുമോയെന്നും അവര്‍ ഭയന്നിട്ടുണ്ടാകണം. ആശുപത്രി ചെലവിനുള്ള തുക ഞങ്ങള്‍ കൊടുക്കാന്‍ തയ്യാറായിരുന്നു. ബന്ധുക്കള്‍ ഉപയോഗിക്കുന്ന മുറിയുടെ വാടകയും നല്‍കുമായിരുന്നുവെന്നും ശാന്തകുമാരി വിശദീകരിക്കുന്നു.

ഐസിയുവില്‍ ആര്‍ക്കും എപ്പോഴും കയറിയിറങ്ങാവുന്ന സ്ഥിതിയായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയായിട്ടും ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. ബന്ധുക്കള്‍ ബഹളം വെച്ചപ്പോള്‍ മാത്രമാണ് നിയന്ത്രണമുണ്ടായത്. എന്നാല്‍ ബാലുവിന്റെ ഭാര്യ ലക്ഷ്മിയെ കാണാന്‍ ബന്ധുക്കളെ അനുവദിക്കാതെ തമ്പിയും പൂന്തോട്ടത്തെ ഡോക്ടറുടെ ഭാര്യയും കാവല്‍ നില്‍ക്കുകയായിരുന്നു. അത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബാലുവിന്റ കുഞ്ഞ് തേജസ്വി ബാലയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അതിലും ചിലര്‍ തര്‍ക്കിച്ചു. ബാലുവിനെ കാണിക്കാന്‍ പറ്റിയ അവസ്ഥയായിരുന്നില്ല. അതിനാലാണ് ഡോക്ടര്‍മാരുടെ തീരുമാനം ഞങ്ങള്‍ എതിര്‍ക്കാതിരുന്നത്. അവനിലൂടെയുള്ള ആദായത്തിലായിരുന്നു എല്ലാവര്‍ക്കും താല്‍പ്പര്യം.

അച്ഛനും അമ്മയും പണക്കൊതിയന്‍മാരായിരുന്നുവെന്നാണ് ആശുപത്രിയില്‍ വെച്ച് പ്രചരിപ്പിച്ചത്. പൂന്തോട്ടത്തെ ഡോക്ടറും ഭാര്യയുമായുള്ള ബന്ധം വന്നതോടെ അവര്‍ക്കാണ് സാമ്പത്തിക ലാഭമുണ്ടായത്. ബാലു വീട്ടുകാരുമായി ഒരുമിച്ചാല്‍ സഹായങ്ങള്‍ നില്‍ക്കുമോയെന്ന് അവര്‍ ഭയപ്പെട്ടിരുന്നു.ബാലഭാസ്‌കറിന് അമ്മ ഇല്ലായിരുന്നുവെന്നും അവനെ ഉപേക്ഷിച്ചതാണെന്നുമൊക്കെയാണ് പറയുന്നത്. അത് കേള്‍ക്കുമ്പോള്‍ നെഞ്ച് പിടയുകയാണ്. അമ്മയെന്ന നിലയില്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. അവന്റെ മരണത്തോടെ എനിക്കാണ് തീരാനാഷ്ടമുണ്ടായത്.ബാലുവിന്റെ സമ്പാദ്യം തട്ടിയെടുക്കുകയായിരുന്നു പൂന്തോട്ടത്തുകാരുടെ ലക്ഷ്യം അതിനുവേണ്ടി തമ്പിയെയും വിഷ്ണുവിനെയും കൂട്ടുപിടിച്ചെന്നും ശാന്തകുമാരി പറയുന്നു.

ബാലുവിന്റെ കൈ പിടിച്ചുവന്ന് ലക്ഷ്മി അച്ഛനോട് വിവാഹക്കാര്യം പറയുകയായിരുന്നു. അവനെ പിന്‍തിരിപ്പിക്കാന്‍ പലരും പറഞ്ഞുനോക്കി. പക്ഷേ അവന്‍ ചെവിക്കൊണ്ടില്ല. തിടുക്കപ്പെട്ട് വിവാഹത്തിന് വേണ്ടതൊക്കെ സുഹൃത്തുക്കളാണ് ചെയ്തുകൊടുത്തത്. വിവാഹശേഷം മൂന്ന് മാസത്തെ സമാധാന ജീവിതമേ ബാലുവിനുണ്ടായിരുന്നുള്ളൂ. അത് കഴിഞ്ഞ് പ്രശ്‌നങ്ങള്‍ തുടങ്ങി. ബാലുവിനെ ഒരുഘട്ടത്തില്‍ മനോരാഗിയാക്കാനും ശ്രമം നടന്നു. ബാലു ഭ്രാന്ത് കാണിക്കുന്നുവെന്നാണ് ഒരിക്കല്‍ ലക്ഷ്മി ഫോണ്‍ വിളിച്ചുപറഞ്ഞത്. അച്ഛന്‍ ചെന്നുനോക്കിയപ്പോള്‍ ബാലു ദേഷ്യത്തിലായിരുന്നു. ദേഷ്യം വന്നാല്‍ ബാലു മൊബൈല്‍ വരെ എറിഞ്ഞ് പൊട്ടിക്കും. അവനെ ഡോക്ടറെ കാണിക്കണമെന്ന് ലക്ഷ്മി പറഞ്ഞു. അങ്ങനെ ന്യൂറോളജിസ്റ്റിനെ കാണിച്ചു. ബാലുവിന് മനോരോഗമില്ലെന്നാണ് അവരെല്ലാം പറഞ്ഞത്. എന്നാല്‍ ഡിമാന്‍ഡിംഗ് ആയൊരു ഭാര്യയാണ് തനിക്കുള്ളതെന്ന് ബാലു ഡോക്ടര്‍മാരോടൊക്കെ പറഞ്ഞിരുന്നു. അത് സഹിക്കാനാകുന്നില്ലെന്നും പറഞ്ഞിരുന്നുവെന്നും അമ്മ വെളിപ്പെടുത്തുന്നു.

ജീവനുതുല്യം സ്‌നേഹിച്ചിരുന്ന മ്യൂസിക് ബാന്‍ഡായ കണ്‍ഫ്യൂഷന്‍ പൊളിഞ്ഞത് അവനെ മാനസികമായി തളര്‍ത്തിയിരുന്നു. സുഹൃത്തുക്കള്‍ എന്തുകൊണ്ടോ പിണങ്ങിപ്പോവുകയായിരുന്നു. അതിന്റെ കാരണം ഇന്നുമറിയില്ല. ബാന്‍ഡ് പൊളിഞ്ഞത് തളര്‍ത്തുന്നുവെന്ന് അവന്‍ ഡോക്ടറോട് പറഞ്ഞിരുന്നു. ദേഷ്യം വരുമ്പോള്‍ കഴിക്കാന്‍ അവന് ചില മരുന്നുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പകരം അവര്‍ മനോരോഗത്തിനുള്ള മരുന്നാണോ നല്‍കിയതെന്ന് സംശയമുണ്ട്. ബാലുവിന്റെ തലച്ചോറിലെ മ്യൂസിക്കിന്റെ ഭാഗം വളരെ ആക്ടീവ് ആണെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. ഈ പരിശോധനകള്‍ക്കെല്ലാം അവനെ കൊണ്ടുപോയത് അച്ഛനാണ്. പിന്നെങ്ങനെയാണ് ഞങ്ങള്‍ അവനെ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിക്കുന്നതെന്നും ശാന്തകുമാരി ചോദിക്കുന്നു. ഒരു ചാനലിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് .