കൊച്ചി നഗരസഭയുടെ പ്രവര്‍ത്തനത്തില്‍ വലിയ വീഴ്ചയുണ്ടായെന്ന ആക്ഷേപവുമാണ് മുന്‍ എം.എല്‍.എകൂടിയായ ഹൈബി ഈഡന്‍ എം.പി രംഗത്തെത്തിയത്. മഴയും വെള്ളക്കെട്ടുംമൂലം പോളിങ് ശതമാനത്തിലുണ്ടായിരുന്ന കുറവ് യു.ഡി.എഫിനെയാണ് ബാധിച്ചത്. നഗരത്തിലെ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ നിഷ്പക്ഷ വോട്ടുകള്‍ എതിരാക്കി. യു.ഡി.എഫിന്‍റെ കോട്ടയായ തേവരയടക്കം വലിയ വോട്ട് ചോര്‍ച്ചയുണ്ടായി.

ഒന്നര വര്‍ഷമായി ഒരു റോ‍ഡ് നന്നാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് കാഴ്ചപ്പാടില്ലാത്തതിന്‍റെ പ്രശ്നമാണ്. സര്‍ക്കാര്‍ പിന്തുണ കിട്ടാത്തതാണ് പ്രശ്നമെങ്കില്‍ അത് പൊതുജനത്തെ ബോധ്യപ്പെടുത്താനാകണം. നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പാര്‍ട്ടി വേദിയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും മേയറെ മാറ്റണോയെന്ന് പാര്‍ട്ടി തീരുമാനിക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു.

തകര്‍ന്നുകിടക്കുന്ന റോ‍ഡുകളുടെ കാര്യത്തിലടക്കം ഭരണവീഴ്ചയുണ്ടായിട്ടില്ലെന്നാണ് മേയറുടെ നിലപാട്. പാര്‍ട്ടി രാജി ആവശ്യപ്പെട്ടാല്‍ അത് മുന്‍ധാരണകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്നും മേയര്‍ വിശദീകരിക്കുന്നു.ഡി.സി.സി അധ്യക്ഷന്‍തന്നെ മല്‍സരിച്ച തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറയാന്‍ കാരണം നഗരസഭയ്ക്കെതിരായ ജനവികാരമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.