India

കൊല്ലത്ത് നേപ്പാള്‍ സ്വദേശിനിയുടെ ഒന്നര വയസുകാരിയായ മകളെ ബിഹാര്‍ സ്വദേശിയായ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു. പെരുമ്പിഴ വഞ്ചിമുക്കില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരന്‍ ആണ് പിടിയിലായത്. കുട്ടി ഗുരുതരാവസ്ഥയിലാണ്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായതായി കണ്ടെത്തി.

ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ കുണ്ടറ പോലിസ് പോക്‌സോ ചുമത്തി ഇയാളെ അറസ്റ്റുചെയ്തു. സംഭവത്തില്‍ കുട്ടിയുടെ അമ്മയക്കും പങ്കുണ്ടോയെന്ന് പോലിസ് അന്വേഷിച്ചുവരുന്നു.

നേപ്പാള്‍ സ്വദേശിനിയും മകളും രണ്ട് മാസങ്ങള്‍ക്കുമുന്‍പാണ് ഇയാള്‍ക്കൊപ്പം താമസം തുടങ്ങിയത്. സ്ഥാപനത്തിന്റെ പറമ്പില്‍ ആളൊഴിഞ്ഞ ഭാഗത്ത് മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് സാരമായ പരിക്കുള്ളതിനാല്‍ കൊലപ്പെടുത്താനുള്ള ശ്രമവും നടന്നതായി പോലിസ് സംശയിക്കുന്നു.

വധശിക്ഷ നടപ്പിലാക്കാൻ മൂന്നു ദിവസം മാത്രം ബാക്കി നിൽക്കെ ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യം നടന്ന ദിവസം താൻ നഗരത്തിൽ ഉണ്ടായിരുന്നില്ലെന്നും മരണ വാറന്റ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതി മുകേഷ് കുമാർ സിങ് കോടതിയെ സമീപിച്ചത്. ഇയാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി കോടതി വിധി ഉടൻ പ്രഖ്യാപിച്ചേക്കും.

രാജസ്ഥാനിൽനിന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും കുറ്റകൃത്യം നടന്ന 2012 ഡിസംബർ ഏഴിനാണ് തന്നെ ഡൽഹിയിലേക്ക് കൊണ്ടുവന്നതെന്നുമാണ് അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണയ്ക്കു മുന്നിൽ സമർപ്പിച്ച ഹർജിയിൽ അവകാശപ്പെട്ടിരിക്കുന്നത്. തിഹാർ ജയിലിനകത്തു വച്ച് തന്നെ ക്രൂരമായി മർദിച്ചുവെന്നും ഹർജിയിൽ പറയുന്നു. പ്രതിയുടെ ഹർജിയിൽ പറയുന്ന കാര്യങ്ങൾ കളളമാണെന്നും വധശിക്ഷ വൈകിപ്പിക്കാനുളള തന്ത്രമാണെന്നുമാണ് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചത്.

ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതികളെ മാർച്ച് 20 ന് പുലർച്ചെ 5.30 ന് തൂക്കിലേറ്റാനാണ് മരണ വാറന്റ് പുറപ്പെടുവിച്ചിട്ടുളളത്. പ്രതികളെ തൂക്കിലേറ്റാൻ പുറപ്പെടുവിക്കുന്ന നാലാമത്തെ മരണ വാറന്റാണിത്. നേരത്തെ പുറപ്പെടുവിച്ച മൂന്നു മരണ വാറന്റുകളും പ്രതികൾ നിയമപരമായ മാർഗം ഉപയോഗിച്ചതിനാൽ നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല.

2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍വച്ച് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗിക അതിക്രമത്തിനിരയായി അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍നിന്ന് പുറത്തേക്കെറിയുകയായിരുന്നു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.

അതേസമയം, മറ്റു പ്രതികളായ വിനയ് ശർമ, പവൻ കുമാർ ഗുപ്ത, അക്ഷയ് കുമാർ സിങ് എന്നിവർ രാജ്യാന്തര കോടതിയെ സമീപിച്ചിരിക്കുകയാണ്. മരണവാറന്റ് നിയമവിരുദ്ധമാണെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകൻ എപി സിങ് മുഖേന പ്രതികൾ ഹർജിയുമായി കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം: കൊറോണ വെെറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയുമായി കേരളം. കോവിഡ്-19 നിയന്ത്രണവിധേയമാക്കാൻ വെെകിയാൽ കേരളത്തിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ നടക്കേണ്ട
ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിച്ചേക്കും.

കുട്ടനാട്, ചവറ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്. കൊറോണ മൂലമുള്ള സംസ്ഥാനത്തെ അസാധാരണ സാഹചര്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനെ ധരിപ്പിക്കുമെന്ന് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളുമായി ആലോചിച്ച ശേഷം കമ്മീഷനാകും അന്തിമ തീരുമാനമെടുക്കുകയെന്നും ടിക്കാറാം മീണ വ്യക്തമാക്കി. കുട്ടനാട് എന്‍സിപിയുടെ തോമസ് ചാണ്ടിയും ചവറയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായ വിജയന്‍ പിള്ളയും മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഒരു മണ്ഡലത്തില്‍ ഏതെങ്കിലും സാഹചര്യത്തില്‍ ജനപ്രതിനിധി ഇല്ലാതാകുമ്പോള്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ചട്ട പ്രകാരം ജൂണ്‍ 19 നു മുന്‍പ് നടത്തണ്ടേതാണ്. ഇതിനിടയിലാണ് ചവറ നിയമസഭാ മണ്ഡലത്തില്‍ ഒഴിവു വന്നത്. രണ്ടു മണ്ഡലങ്ങളിലും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു ആലോചന.

അതിനിടയിലാണ് കൊറോണ വെെറസ് ബാധ സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിച്ചത്. കൊറോണ മൂലം സംസ്ഥാനത്തെ സാമ്പത്തികാവസ്ഥ ദയനീയ സ്ഥിതിയിലായെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനിടയിൽ ഒരു ഉപതിരഞ്ഞെടുപ്പ് കൂടി സംസ്ഥാനത്ത് നടത്തിയാൽ അത് ഭാരിച്ച ചെലവാകും.

കേരളത്തിൽ മൂന്ന് പേർക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ കൊറോണ വെെറസ് ബാധിതരുടെ എണ്ണം 27 ആയി. 24 പേരാണ് ഇപ്പോൾ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. രോഗബാധിതരായ മൂന്ന് പേർ നേരത്തെ സുഖപ്പെട്ടിരുന്നു. മലപ്പുറത്ത് രണ്ട് പേർക്കും കാസർകോട് ഒരാൾക്കുമാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്.

ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. ശുചിത്വം പാലിക്കുക. ആളുകൾ കൂടുന്ന പരിപാടികൾ പൂർണ്ണമായും ഒഴിവാക്കുക. പൊതു ഇടങ്ങളിൽ സാനിറ്റെെസർ സ്ഥാപിക്കണം. പൊതു സ്ഥലങ്ങളിൽ സോപ്പ് ഉപയോഗിച്ച് കെെ കഴുകാനുള്ള സൗകര്യം ഒരുക്കണം. കൊറോണ ഭീതിയെ തുടർന്ന് വ്യാപാര മേഖല നിർജീവമാണ്. പലരും കടകൾ തുറക്കുന്നില്ല. ഇത് അത്യന്തം ഗൗരവമുള്ള കാര്യമാണ്.

കെഎസ്ആർടിസിക്ക് കോടികളാണ് ഒരു ദിവസം നഷ്‌ടം. ദിവസം രണ്ടരക്കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ട്.

സാമ്പത്തിക രംഗം കൂടുതൽ മോശമാക്കും ഇത്. അതുകൊണ്ട് സാമൂഹ്യജീവിതം നിശ്ചലമാകുന്ന അവസ്ഥയുണ്ടാകരുത്. എല്ലാവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വകാര്യ ബസുകൾക്ക് നികുതി അടയ്‌ക്കാൻ കൂടുതൽ സമയം നൽകുന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന തീര്‍ത്ഥാടകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന 850 പേരുടെ ഇന്ത്യന്‍ സംഘത്തില്‍ 254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇവരുടെയെല്ലാം ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവാണ്. രോഗം സ്ഥിരീകരിച്ചവര്‍ എല്ലാവരും കശ്മീരിലെ കാര്‍ഗില്‍ സ്വദേശികളാണ്.

ഇറാനില്‍ നിന്നുള്ള 234 പേര്‍ അടങ്ങിയ സംഘം ഇന്നലെ രണ്ട് എയര്‍ ഇന്ത്യാ ഫ്ലൈറ്റിലായി എത്തിചേര്‍ന്നിരുന്നു. ഇവരെ കോവിഡ് സ്ക്രീനിംങ്ങിനായി ജെയ്സാല്‍മീറിലെ മിലിറ്ററി ഐസോലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച 44 പേരെയും ചൊവ്വാഴ്ച 58 പേരെയും ഇറാനില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 6000ത്തോളം പേര്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നു. ഇതില്‍ കാശ്മീരില്‍ നിന്നുള്ള തീര്‍ത്ഥാടകരും വിദ്യാര്‍ത്ഥികളുമായി 1100 പേര്‍ ഉണ്ട്. കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും ഇറാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

വാട്‌സ് ആപ്പിലൂടെ 56 കാരിയോട് നിരന്തരമായി പ്രണയാഭ്യര്‍ത്ഥന, നാലുവര്‍ഷത്തോളം അശ്‌ളീല ചുവയുള്ള മൂന്നൂറോളം മെസേജുകള്‍. ഒടുവില്‍ 26 കാരനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അമ്മേയെന്ന് വിളിപ്പിച്ച ശേഷം സിഐയുടെ വക ചൂരല്‍ കഷായം. കനാലിലുടെ ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം പുറത്തെടുക്കാന്‍ 2000 രൂപ പ്രതിഫലം ആവശ്യപ്പെട്ടപ്പോള്‍ യൂണിഫോം അഴിച്ചുവച്ച്‌ കൈലിമുണ്ടുടുത്ത് കനാലിലേക്കിറങ്ങിയ പത്തനാപുരം സിഐ അന്‍വറാണ് വീണ്ടും കൈയടി നേടുന്നത്. കഴിഞ്ഞ ദിവസമാണ് വീട്ടമ്മ സ്‌റ്റേഷനില്‍ പരാതിയുമായി എത്തുന്നത്.

മൊബൈലില്‍ അശ്ലീല ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും വരുന്നുവെന്നായിരുന്നു പരാതി. സിഐ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇഷ്ടമാണെന്നും കണ്ടാല്‍ പ്രായം തോന്നില്ലെന്നും തുടങ്ങി അശ്‌ളീല സന്ദേശങ്ങള്‍ നിരവധി. പരാതിക്കാരിയുടെ ഫോണില്‍ നിന്ന് വനിതാ പൊലീസിനെ കൊണ്ട് വിളിപ്പിച്ചു. ഒന്ന് കാണണമെന്ന് പറഞ്ഞപ്പോള്‍, ദാ എത്തിയെന്നായിരുന്നു മറുപടി. വഴിയില്‍ കാത്തുനിന്ന പൊലീസ് അരമണിക്കൂറിനുള്ളില്‍ പിടികൂടി സ്‌റ്റേഷനിലെത്തിച്ചു. എന്നാല്‍ പയ്യനെ കണ്ടപ്പോള്‍ പരാതിക്കാരിയും പൊലീസും ഞെട്ടി. അമ്മയുടെ ബ്ലൗസും മറ്റും തയ്പ്പിക്കാന്‍ സ്ഥിരമായി പരാതിക്കാരിയുടെ കടയിലെത്തുന്ന നാട്ടിലെ അറിയപ്പെടുന്ന കുടുംബത്തിലെ പയ്യന്‍. സിഐ വിരട്ടിയതോടെ കേസെടുക്കരുതെന്നും വിദേശത്ത് ജോലി ശരിയായെന്നും പറഞ്ഞ് യുവാവ് കരച്ചിലായി. ഇതോടെ വീട്ടമ്മയുടെയും മനസലിഞ്ഞു.

കേസൊന്നും വേണ്ടെന്ന് അവര്‍ പറയുകയായിരുന്നു. ഇതോടെ, പരാതിക്കാരിയെ അമ്മേ എന്നു വിളിച്ച്‌ ഏത്തമിടാന്‍ സിഐ നിര്‍ദേശിച്ചു. കേള്‍ക്കാത്ത താമസം യുവാവ് താണുകുമ്ബിട്ട് പലവട്ടം അമ്മേ എന്നുവിളിച്ചു മാപ്പ് പറഞ്ഞു.ഇനി ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതിനൊപ്പം ചൂരലിന് നാല് പെടയും കൊടുത്തു. തുടര്‍ന്ന് രണ്ടുപേരുടെ ജാമ്യത്തില്‍ വിട്ടയച്ചു.

ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ട അധ്യാപകന്‍ രജിത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് രജിത്തിന് പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. കൊറോണ ജാഗ്രത മറികടന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ രജിത്തിനെ സ്വീകരിക്കാന്‍ വന്‍ ജനത്തിരക്കാണ് കഴിഞ്ഞദിവസം ഉണ്ടായത്.

കേസില്‍ ഒന്നാം പ്രതിയാണ് രജിത് കുമാര്‍. തനിക്ക് സ്വീകരണം ഒരുക്കണമെന്ന് രജിത് കുമാര്‍ തന്റെ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ കൂട്ടമായി എത്തിയത്. നിരവധി പേര്‍ മുദ്രാവാക്യവുമായി വിമാനത്താവളത്തില്‍ തടിച്ചുകൂടുകയായിരുന്നു.

കേസില്‍ പതിനാറുപേലെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, രജിത്തിന്റെ കണ്ടെത്താനായിട്ടില്ലായിരുന്നു. ഒടുവില്‍ ആറ്റിങ്ങല്‍ വീട്ടില്‍ നിന്നാണ് പൊക്കിയത്. കേസില്‍ തിരിച്ചറിഞ്ഞ 50ഓളം പേരോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു

കോവിഡ് ഭീതിക്കിടെ ഇന്ത്യൻ വംശജന് നേരെ ഇസ്രയേലിൽ വംശീയ ആക്രമണം. ജറുസലേമിൽ വച്ച് 20 കാരനാണ് രണ്ടു പേരുടെ ആക്രമണത്തിനിരയായത്. മണിപ്പൂരിൽ വേരുകളുള്ള അംശാലോം സിങ്സണെന്ന യുവാവിനെ രണ്ടുപേർ ചൈനാക്കാരൻ എന്ന് വിളിക്കുകയും കൊറോണ എന്ന് പരിഹസിച്ച് മർദ്ദിക്കുകയുമായിരുന്നു. നെഞ്ചിൽ സാരമായ പരിക്കേറ്റ യുവാവ് ഇപ്പോൾ ആശുപത്രിയിലാണ്.

താൻ ചൈനാക്കരൻ അല്ലെന്നും കോവിഡ് ബാധിതനല്ലെന്നും വിശദീകരിച്ചെങ്കിലും ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് സിങ്സൺ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.മൂന്ന് വർഷം മുൻപാണ് സിങ്സണിന്റെ കുടുംബം മണിപ്പൂരിൽ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയത്. കുറ്റക്കാരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കൊറോണ വൈറസ് കോവിഡ് 19 രോഗം വരാതിരിക്കാൻ ഗോമൂത്രം ഉപയോഗിച്ചാൽ മതിയെന്ന തരത്തിൽ വൻപ്രചാരണമാണ് ഹിന്ദുമഹാ സഭ നടത്തുന്നത്. ഇതിന്റെ മുന്നോടിയായി അവർ പല പരിപാടികളും നടപ്പാക്കുന്നതിന്റെ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതുവരെ ഒരു ശാസ്ത്രീയ ബലവും ഇല്ലാത്ത ഇത്തരം നീക്കങ്ങൾ സജീവമായിട്ടും ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ് ഹൈബി ഇൗഡൻ എംപി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എറണാകുളം ഡി.സി.സി. ജനറൽ സെക്രട്ടറി കൂടിയായ രാജു പി.നായർക്ക് ഉണ്ടായ അനുഭവവും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുന്നു. മുംബൈയിൽ എത്തിയ അദ്ദേഹത്തിന് സുരക്ഷാ പരിശോധനയിൽ സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ കൈയിൽ ഗോമൂത്രം സ്പ്രേ ചെയ്തതായും ഹൈബി പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ലോകം കോവിഡ് 19 എന്ന മഹാമാരിയുടെ ദുരിതത്തിലൂടെ കടന്നു പോവുമ്പോൾ ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത അന്ധവിശ്വാസം ജനങ്ങളിലേക്ക് പകർന്ന് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ പോരാട്ടത്തെ പിന്നോട്ടടിക്കുകയാണ് കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ അനുയായികൾ ചെയ്യുന്നത്. വൈറസ് പടരാതിരിക്കാൻ സോപ്പ് ഉപയോഗിച്ച് കൈകൾ നിരന്തരമായി വൃത്തിയാക്കുവാനും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചീകരിക്കുന്നും അധികൃതർ ആവശ്യപ്പെടുമ്പോൾ, ഇതിന് ബദലായി ഗോമൂത്രം ഉപയോഗിച്ചാൽ വൈറസ് ഇല്ലാതെയാവുമെന്നാണ് ഇവർ ജനങ്ങളെ തെറ്റിദ്ധരിപിക്കുന്നത്. ഇത് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പ്രോട്ടോകോളിൻ്റെ ലംഘനവുമാണ്. എറണാകുളം ഡി.സി.സി. ജനറൽ സെക്രട്ടറി കൂടിയായ രാജു പി.നായർക്ക് ഇന്നലെ മുംബൈയിൽ ഇസ്കോണിന്റെ അധീനതയിലുള്ള ഒരു റസ്റ്ററ്ററസ്റ്റിൽ പോയപ്പോൾ സുരക്ഷാ പരിശോധനയിൽ സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ കൈയിൽ ഗോമൂത്രം സ്പ്രേ ചെയ്ത സംഭവം ഇതിന്റെ ഉദാഹരണമാണ്.

ഈ രോഗം പടരാതിരിക്കാനുള്ള മുൻ കരുതലെടുക്കുവാനുള്ള ജാഗ്രത കാണിക്കേണ്ടപ്പോഴും തങ്ങളുടെ അന്ധവിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയാണ് ഇവർ. ഇത് ഗുരുതരമായ പ്രത്യാഘാതം രാജ്യത്ത് ഉണ്ടാക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നടപടികൾക്കും നിരുത്തരവാദപരമായി ഇതിനെ ന്യായീകരിച്ച് പ്രസ്താവന നടത്തുന്ന മന്ത്രിമാരുൾപ്പടെയുള്ള ഭരണകക്ഷി നേതാക്കൻമാരോടും ഈ സർക്കാരിൻ്റെ സമീപനം എന്താണെന്ന് വ്യക്തമാക്കണം. ഇവർ ഈ രാജ്യത്തെ കൊണ്ടു പോവുന്നത് ഇരുണ്ട യുഗത്തിലേക്കാണ്. ഈ വിഷയം ഉന്നയിച്ച് അടിയന്തിര പ്രമേയത്തിന് ഇന്ന് നോട്ടീസ് നൽകി.

വീട്ടമ്മ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചെറുമകന്‍ പൊലീസ് കസ്റ്റഡിയില്‍. ഐസിഎ വട്ടംപാടത്ത് തൊഴുകാട്ടില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ റുഖിയ (72) ആണ് മരിച്ചത്. റുഖിയയുടെ മകള്‍ ഫൗസിയയുടെ മകന്‍ സവാദ് (27) ആണ് കസ്റ്റഡിയിലുള്ളത്. ലഹരിക്ക് അടിമയായ സവാദ് വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് പതിവാണ്. വഴക്കു പറഞ്ഞ വിരോധത്തില്‍ സവാദ് നടത്തിയ ആക്രമണം മരണത്തിന് കാരണമായെന്നാണ് പൊലീസ് നി​ഗമനം. ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ താമസിക്കുന്ന സവാദിന്റെ ഉമ്മ ഫൗസിയ ഉപദ്രവം ഭയന്നാണ് മകനൊപ്പം താമസിക്കാത്തത്. റുഖിയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും സയന്റിഫിക് വിഭാഗം ശേഖരിച്ച ശാസ്ത്രീയ തെളിവുകളും ചേര്‍ത്ത് പരിശോധിച്ചാലേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. സ്വഭാവ ദൂഷ്യത്തെകുറിച്ച്‌ വഴക്കിട്ട ദേഷ്യത്തില്‍ സവാദ് റുഖിയയെ കഴുത്തു ഞെരിച്ച്‌ തള്ളുകയായിരുന്നു.

ചുമരില്‍ ഇടിച്ച്‌ വീണ റുഖിയ ബഹളം വച്ചപ്പോള്‍ ചെവിയില്‍ ശക്തിയായി അടിച്ചു. ബോധരഹിതയായി വീണ് അല്‍പസമയത്തിനകം മരണം സംഭവിച്ചതായാണു നിഗമനം. റുഖിയ മരിച്ചുവെന്ന് മനസ്സിലായപ്പോള്‍ സവാദ് പൊലീസ് സ്റ്റേഷനില്‍ വിളിച്ച്‌ വിവരം അറിയിക്കുകയും സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു.

സ്പെയിനിൽ നിന്ന് മടങ്ങിയെത്തിയ യുവ ഡോക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ കടുത്ത പ്രതിസന്ധി. ആശുപത്രി അണുവിമുക്തമാക്കിയെന്ന് അധികൃതർ വ്യക്തമാക്കി. രോഗികളുടെ തുടർ പരിശോധന നിർത്തി. അടിയന്തിര ശസ്ത്രക്രികൾ അടക്കമുള്ളവ തടസ്സപ്പെടാതെ ബാക്കിയെല്ലാ സേവനങ്ങളും വെട്ടിച്ചുരുക്കും. ഡോക്ടറുമായി സമ്പർക്കം പുലർത്തിയ 43 ഡോക്ടർമാർ അടക്കം 76 പേരെ നിരീക്ഷണത്തിലേക്ക് മാറ്റി.

വിദഗ്ധ ഡോക്ടർമാരടക്കം ജീവനക്കാർ ഒറ്റയടിക്ക് പോവുന്നതോടെ വലിയ പ്രതിസന്ധിയാണുണ്ടാകുക. അടിയന്തിര ശസ്ത്രക്രിയകൾ മാത്രമേ നടക്കൂ. തുടർ പരിശോധനകൾ നിർത്തി. ഒപിയിൽ അടിയന്തിര പരിശോധനകൾ മാത്രമേ നടക്കൂ. തുടർ പരിശോധനകൾ ഉണ്ടാകില്ല. അടിയന്തര സാഹചര്യമില്ലാത്ത രോഗികളെ ഡിസ്ചാർജ് ചെയ്ത് തുടങ്ങിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.

സ്പെയിനിൽ നിന്നെത്തിയ മാർച്ച് 1 മുതൽ 11 ദിവസം ഡോക്ടർ നിരീക്ഷണത്തിലിരിക്കാതെ ആശുപത്രിയിലെ സുപ്രധാന യോഗങ്ങളിൽ വരെ പങ്കെടുത്തു. 10-നും 11-നും രോഗികളെ പരിശോധിച്ചു. ഇതോടെയാണ് സമ്പർക്ക പട്ടിക വലുതായത്. 5 വകുപ്പ് മേധാവികളടക്കം 43 ഡോക്ടർമാർ. ഇതിൽ 26 പേരുടേതും ഹൈ റിസ്ക് സമ്പർക്കം.

നിലവിൽ പുറത്തുവിട്ട പട്ടികയിൽ രോഗികളില്ല. രണ്ട് ദിവസം ഡോക്ടർ ഒപിയിൽ രോഗികളെ പരിശോധിച്ചിരുന്നുവെന്നാണ് വിവരം.നിലവിൽ 18 നഴ്സുമാരും 13 ടെക്നിക്കൽ സ്റ്റാഫും പട്ടികയിലുണ്ട്. ഇവരുടെ കുടുംബങ്ങൾ കൂടി രണ്ടാംഘട്ട സമ്പർക്ക പട്ടികയിൽ വരുന്നതോടെ എണ്ണം ഇനിയും കൂടും. ഇത്തരത്തിൽ വിശദമായ സമ്പർക്ക പട്ടിക ഇനിയും പുറത്തിറക്കേണ്ടതുണ്ട്.

RECENT POSTS
Copyright © . All rights reserved