കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും അന്യസംസ്ഥാന തൊഴിലാളികളാണ് അൺസ്കില്ഡ് ജോലികൾ ചെയ്യുന്നത്. പക്ഷേ അവർ ജീവിക്കുന്ന സാഹചര്യങ്ങളും മറ്റും സർക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട കാര്യങ്ങളാണ്. പായിപ്പാട് ലോക് ഡൗൺ ലംഘിച്ച് തടിച്ചുകൂടിയ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ നൽകുന്ന സന്ദേശം അത്ര ശുഭസൂചന അല്ല.

പായിപ്പാട്ടെ ജനസംഖ്യയുടെ 50 ശതമാനവും അതിഥി തൊഴിലാളികളാണ്. തൊഴില്‍ സേവകരായ ഇവരുടെ ക്ഷേമവും നാട്ടുകാരുടെ സുരക്ഷയും ഉറപ്പാക്കാന്‍ സര്‍ക്കാരിന്‍റെ സാമൂഹിക ഇടപെടല്‍ അനിവാര്യമെന്നു തെളിയിച്ചിരിക്കയാണ് കഴിഞ്ഞ ദിവസത്തെ രോഷപ്രകടനം. ഓരോ തൊഴിലാളിയെയും തിരിച്ചറിയല്‍ സംവിധാനങ്ങളിലൂടെ രേഖപ്പെടുത്തി ജനങ്ങളുടെ ആശങ്ക അകറ്റാനും കഴിയണം.

കോട്ടയം – പത്തനംതിട്ട ജില്ലകളുടെ അതിരിലാണ് 21,000 മാത്രം ജനസംഖ്യയും 15 വാര്‍ഡുകളുമുള്ള പായിപ്പാട് പഞ്ചായത്ത്. 3 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു ചെറിയ കവലയില്‍ ഏകദേശം പതിനായിരത്തോളം ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന ഒരു പക്ഷേ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശം. നിര്‍മാണം, ഹോട്ടല്‍, കട, കൂലിപ്പണി, മത്സ്യ-മാംസം തുടങ്ങിയ മേഖലകളിലായി ജോലി ചെയ്യുന്ന ഇവരുടെ താമസത്തിനായി ചെറിയ ചെറിയ ഇടങ്ങള്‍ മിക്ക വീടുകളോടും ചേര്‍ന്നു കാണാം. വാടക പലര്‍ക്കും വരുമാനമാര്‍ഗമാണ്. പലയിടങ്ങളിലായി സൗകര്യം ഒരുക്കി നല്ലതുക വാടക ലഭിക്കുന്നവരുമുണ്ട്.

 ഗള്‍ഫില്‍ ജോലി തേടി പോകുന്ന മലയാളികള്‍ക്ക് അത്യാവശ്യം ലേബര്‍ ക്യാംപുകളുണ്ടെങ്കില്‍ അതിഥി തൊഴിലാളികള്‍ക്ക് ഇതെല്ലാം സ്വപ്നം മാത്രം. പത്തുപേര്‍ വരെ ഒരു മുറിയില്‍ താമസിക്കുന്നു. ഒരു മൂലയ്ക്ക് പാചകം. മറ്റൊരു മൂലയ്ക്ക് ശൗചാലയം. ക്യൂ നിന്ന് കാര്യം കാണേണ്ട സ്ഥിതി. പകര്‍ച്ചവ്യാധികളുള്ളവരും കൂട്ടത്തിലുണ്ട്. പിഎഫ്, ഇഎസ്ഐ തുടങ്ങി തൊഴിലാളി ക്ഷേമത്തിനുള്ള നടപടികളൊന്നുമില്ല. ഏതാനും വര്‍ഷം മുമ്പ് ഗാര്‍ഹിക മാലിന്യം റോഡില്‍ തള്ളിയതിനെ തുടര്‍ന്നുണ്ടായ നേരിയ സംഘര്‍ഷം ഇവിടത്തുകാരുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്.

രാവിലെയും വൈകുന്നേരവും പായിപ്പാട് വഴി പോകുന്ന ഒരു ബസിലും കയറാനാവില്ല. അത്രയ്ക്കാണ് തിരക്ക്. കവലയില്‍ സാധനം വാങ്ങാനും മൊബൈല്‍ ചാര്‍ജ് ചെയ്യാനും എത്തുന്നവരുടെ കൂട്ടപ്പൊരിച്ചില്‍. നിന്നു തിരിയാന്‍ ഇടമില്ലാത്ത വിധം എപ്പോഴും ഒരു മേളയ്ക്കുള്ള ആള്‍ക്കൂട്ടം. കോട്ടയം ജില്ലയുടെ തെക്കേ അതിരും പത്തനംതിട്ടയുടെ വടക്കു പടിഞ്ഞാറന്‍ അതിരും സംഗമിക്കുന്ന കവല. അധികൃതരുടെ കണ്ണിലെ കരടോ പാടോ ആണ് പായിപ്പാട്. പൊലീസ് സ്റ്റേഷന്‍ പോലും 8 കിമീ അകലെ തൃക്കൊടിത്താനത്ത്. രാവിലെയും വൈകുന്നേരവും പായിപ്പാടൊരു കടലാണ്. ബംഗാളിയും ഹിന്ദിയും ഒഡിയയും മണിപ്പൂരിയും ഭോജ്പുരിയും അസമീസും എല്ലാം അലയടിക്കുന്ന തീരം. ബംഗാളിലെ ഗ്രാമങ്ങളില്‍ നിന്ന് പായിപ്പാട്ടേക്കു തൊഴിലാളികള്‍ വന്നുതുടങ്ങിയത് 2005 നു ശേഷമാണ്. നിര്‍മാണ ജോലികള്‍ക്കും മറ്റും തമിഴ്നാട്ടുകാരെ കിട്ടാതായപ്പോഴാണ് ഇവിടെ ബംഗാളില്‍ നിന്നുള്ള ആദ്യ സംഘങ്ങളെ കരാറുകാര്‍ എത്തിച്ചു തുടങ്ങുന്നത്. പാടം നികത്തി കേരളം കെട്ടിട നിര്‍മാണത്തിലേക്കു മാറിയ സമയത്തായിരുന്നു അത്. പിന്നീട് ഒരു പ്രവാഹമായിരുന്നു. ഗുവഹത്തി, ഹൗറ ട്രെയിനുകളില്‍ സീറ്റ് കിട്ടില്ലെന്ന സ്ഥിതിയായി. പ്രതിവർഷം 30-40 കോടിയോളം രൂപയാണ് പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് അയക്കുന്നതെന്നാണ് ഏകദേശ കണക്ക്.