India

പുതുവത്സരത്തില്‍ ‘ഷൈലോക്ക്’ന്റെ രണ്ടാം ടീസറുമായി മമ്മൂട്ടി. മാസ്റ്റര്‍ പീസിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിന്റെ ആദ്യ ടീസര്‍ യൂട്യൂബ് ട്രെന്റിംഗില്‍ ഒന്നാമതെത്തിയിരുന്നു.

ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ‘തിയാമേ’ എന്ന ഗാനത്തിന് ചുവട് വെയ്ക്കുന്ന പൊലീസുകാരും മമ്മൂട്ടിയുമാണ് ടീസറിന്റെ ഹൈലൈറ്റ്.ഗുഡ്വില്‍ എന്റെര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ തമിഴ് നടന്‍ രാജ് കിരണ്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മീനയാണ് ചിത്രത്തിലെ നായിക.

നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ‘കുബേരന്‍’ എന്ന പേരില്‍ മലയാളത്തിന് പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.കലാഭവന്‍ ഷാജോണ്‍, ബൈജു, ബിബിന്‍ ജോര്‍ജ്, ഹരീഷ് കണാരന്‍, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

കൊച്ചി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ഇന്ന് സംയുക്ത പ്രതിഷേധ റാലി. പൗരത്വ രജിസ്റ്ററും, പൗരത്വ ഭേദഗതി നിയമവും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലി മറൈന്‍ ഡ്രൈവില്‍ നടക്കും.

വൈകിട്ട് മൂന്ന് മണിയോടെ നെഹ്‌റു സ്റ്റേഡിയം പരിസരത്ത് നിന്ന് തുടങ്ങുന്ന ചെറുജാഥകള്‍ സമ്മേളന നഗരിയിലേക്ക് പുറപ്പെടും. മുസ്ലീം സംഘടന നേതാക്കളും, മതനേതാക്കളുമടക്കം നിരവധി പേരാണ് സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്.

ഇന്‍ഡോര്‍: ന്യൂ ഇയര്‍ പാര്‍ട്ടിക്കിടെ ഫാം ഹൗസിന്റെ ലിഫ്റ്റ് തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് ദാരുണാന്ത്യ. ഒരാള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. മധ്യപ്രദേശ് ഇന്‍ഡോറിലെ പടല്‍പാനി മേഖലയിലാണ് സംഭവം.

പ്രമുഖ ബിസിനസ് കുടുംബാംഗങ്ങളായ പുനീത് അഗര്‍വാളും കുടുംബവുമാണ് അപകടത്തില്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം ഹൗസ്. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു ശേഷം താഴേയ്ക്ക് ഇറങ്ങുന്നതിനിടെയാണ് ലിഫ്റ്റ് തകര്‍ന്നു വീണതെന്ന് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ധര്‍മ്മരാജ് മീന പറഞ്ഞു.

ലിഫ്റ്റ് തകര്‍ന്ന് വീഴുന്ന ശബ്ദം കേട്ട് ഓടികൂടിയവര്‍ പരിക്കേറ്റവരെ പുറത്തെടുത്ത് സമീപമുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിധി അഗര്‍വാള്‍(40) എന്ന ബന്ധു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കവിയൂരിലെ കൂട്ടമരണകേസ് അന്വേഷണത്തില്‍ സിബിഐക്ക് വീണ്ടും തിരിച്ചടി. മരണം ആത്മഹത്യയാണെന്ന സി.ബിഐയുടെ നാലാമത്തെ റിപ്പോര്‍ട്ടും കോടതി തള്ളുകയായിരുന്നു. തിരുവനന്തപുരം സി.ബി.ഐ കോടതിയുടേതാണ് നടപടി. കേസില്‍ തുടരന്വേഷണം നടത്തണമെന്ന് കോടതി സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കി. മരണം ആത്മഹത്യയാണെന്ന് ചൂണ്ടിക്കാണിച്ച് നാലാമത്തെ റിപ്പോര്‍ട്ടാണ് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിക്കുന്നത്.

2004 സെപ്തംബര്‍ 28നാണ് കവിയൂരില്‍ ഒരു ക്ഷേത്രപൂജാരിയേയും ഭാര്യയും മൂന്നുമക്കളെയുമാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. മരിച്ചതില്‍ ഒരു പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായിരുന്നു. മകള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ മനോവിഷമമാണ് കുടംബത്തിന്റെ ആത്മഹത്യക്ക് കാരണമെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാത്രമല്ല, കിളിരൂര്‍ കേസിലെ മുഖ്യപ്രതി ലതാ നായര്‍ക്ക് താമസസൗകര്യം നല്‍കിയത് പുറംലോകം അറിഞ്ഞതിലുള്ള അപവാദം ഭയന്നാണ് ആത്മഹത്യയെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത് തള്ളണണെന്നാവശ്യപ്പെട്ട് പൂജാരിയുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് വാദം പൂര്‍ത്തിയായത്. എന്നാല്‍, ആരാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്താന്‍ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്നാണ് സി.ബി.ഐയുടെ ആദ്യ മൂന്ന് റിപോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍, അച്ഛന്‍ പീഡിപ്പിച്ചതിന് തെളിവില്ലെന്നായിരുന്നു നാലാമെത്ത റിപ്പോര്‍ട്ട്. സി.ബി.ഐയുടെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമെന്നാണ് ബന്ധുക്കളുടെ ഹര്‍ജി.

നികുതി വെട്ടിക്കുന്നതിനായി പുതുച്ചേരിയിൽ വാഹന രജിസ്‌ട്രേഷന്‍ നടത്തിയെന്ന കേസിൽ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലാണ് സുരേഷ് ഗോപി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നും വ്യാജ താമസരേഖകള്‍ നിര്‍മിച്ചുവെന്നും സ്ഥിരീകരിക്കുന്നത്.

കാറിന്റെ പുതുച്ചേരി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് 19.60 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരെയുള്ള കേസ്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. പുതുച്ചേരിയില്‍ റജിസ്ട്രേഷന്‍ ചെയ്തതെന്നതിനായി വ്യാജ മേല്‍വിലാസവും സീലും ഉപയോഗിച്ചെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സ്ഥിരീകരിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ മറ്റൊരു വാഹനത്തിന്റെ നികുതി വെട്ടിപ്പിലും ക്രൈംബ്രാഞ്ച് സംഘം ഉടന്‍തന്നെ കുറ്റപത്രം സമര്‍പ്പിക്കും

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാൻ പുതുച്ചേരിയില്‍ താമസിച്ചുവെന്നതിന് വ്യാജരേഖകളും നിര്‍മിച്ചു. സുരേഷ് ഗോപി ഹാജരാക്കിയ വാടക കരാര്‍, ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമാണെന്നാണ് കണ്ടെത്തല്‍. 2010 ജനുവരി 27 നാണ് സുരേഷ് ഗോപിയുടെ PY 01 BA 999 എന്ന നമ്പറിലുള്ള ഔഡി കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്.

കുറ്റപത്രത്തിന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഡിവൈഎസ്‌പി ജോസി ചെറിയാന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. നേരത്തെ സമാനമായ കേസില്‍ ഉള്‍പ്പെട്ട നടന്‍ ഫഹദ് ഫാസില്‍ പിഴത്തുക ഒടുക്കി കേസ് ഒത്തുതീര്‍ത്തിരുന്നു.

ആഘോഷത്തിമിർപ്പിൽ 2020നെ വരവേറ്റ് കൊച്ചിയും. പതിവുപോലെ ഫോർട്ട്‌കൊച്ചിയിൽ പുതുവർഷത്തെ വരവേൽക്കാൻ ആയിരങ്ങൾ ഒത്തുചേർന്നു. ഹരിത പ്രോട്ടോകോൾ പാലിച്ച് ഒരുക്കിയ പച്ച പാപ്പാഞ്ഞി പുതുവർഷം പിറന്നപ്പോൾ കത്തിയമർന്നു

കിടുവാണ് പൊളിയാണ് അന്ന്യായമാണ്. പാട്ടിനൊപ്പം ചടുലനൃത്തമാടിയ ആയിരങ്ങൾക്ക് പറയാൻ മറിച്ചൊന്നുമില്ലായിരുന്നു …വൈകീട്ട് അഞ്ചുമണി മുതലങ്ങോട്ട് മിനിറ്റ് വച്ചാണ് ഫോർട്ട്‌ കൊച്ചിയിലെ കാർണിവൽ മൈതാനം ജനങ്ങളാൽ നിറഞ്ഞത്.

മൈതാനത്തോട് ചേർന്നാണ് 50 അടിയോളം ഉയരത്തിൽ പപ്പാഞ്ഞിയെ ഒരുക്കിയത്. ഹരിത പ്രോട്ടോകോൾ പാലിച്ഛ് പച്ചയുടുപ്പും പച്ച പാന്റുംമൊക്കെയണിഞ്ഞാണ് പപ്പാഞ്ഞി തലയുയർത്തി നിന്നത്. വന്നവരെല്ലാം പപ്പാഞ്ഞിയെ കണ്ട് വണങ്ങി, സെൽഫിയെടുത്തു, രാത്രിയോടെ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ളവർ ഫോർട്ട്‌ കൊച്ചിയിലെത്തി. ഒരു ദശാബ്ദത്തിന് അന്ത്യം കുറിച്ച് 2020 പിറന്നു ..പപ്പാഞ്ഞി എരിഞ്ഞടങ്ങി

സിനിമ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെകുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിനിമാ മേഖലയിലെ പല നടീ നടന്മാരും അപ്രഖ്യാപിത വിലക്കിന് ഇരയാകുന്നു. ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ലോബികളാണ്. ആര് അഭിനയിക്കണം ആര് അഭിനയിക്കരുതെന്ന് തീരുമാനിക്കുന്നത് ഇവരാണെന്നും, പ്രമുഖരായ പല നടീ നടന്മാരും ഇപ്പോഴും വിലക്ക് നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിനിമയില്‍ അവസരം ലഭിക്കാനായി നടിമാര്‍ കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. സിനിമ ലൊക്കേഷനുകളില്‍ മദ്യം-മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചലച്ചിത്ര മേഖലയിലെ പരാതി പരിഗണിക്കാന്‍ ട്രൈബ്യൂണല്‍ വേണമെന്നും, ശക്തമായ നിയമത്തിലൂടെ മാത്രമേ ഈ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുകയുള്ളുവെന്നും കമ്മിഷന്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിനൊപ്പം ഓഡിയോ വീഡിയോ പതിപ്പുകളും സമര്‍പ്പിച്ചിട്ടുണ്ട്.

അജ്മാനിൽ ചികിത്സപ്പിഴവുകാരണം മലയാളി യുവാവ് മരിക്കാനിടയായ സംഭവത്തിൽ ഏകദേശം രണ്ടു കോടിയോളം രൂപ നഷ്ടപരിഹാരമായി ലഭിക്കും.. സംഭവത്തിൽ 10 ലക്ഷം ദിർഹം അതായത് 1.94 കോടി രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതിവിധി.

കൊല്ലം സ്വദേശിയായ അലോഷ്യസ് മെൻഡസ് ആണ് ശരിയായ ചികിത്സ ലഭിക്കാതെ അജ്മാനിൽ വെച്ച് മരണമടഞ്ഞത് .ദുബായിലെ ഒരു കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർവൈസറായി ജോലിചെയ്യുകയായിരുന്നു അദ്ദേഹം  കഴിഞ്ഞ ദിവസം കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അലോഷ്യസ് അജ്മാനിൽ മലയാളി ഡോക്ടർമാർ നടത്തുന്ന ഒരു മെഡിക്കൽ സെന്ററിൽ പോയത് . എന്നാൽ ശരിയായ രീതിയിൽ രോഗനിർണയം നടത്താൻ വേണ്ട ടെസ്റ്റുകളൊന്നും നടത്താതെ പ്രാഥമിക നിഗമനത്തിന്റെയടിസ്ഥാനത്തിൽ രോഗിക്ക് മരുന്ന് നൽകി മടക്കി അയക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു…..കടുത്ത നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്നവർ കാര്യമാക്കിയില്ല എന്ന് പരാതിയിൽ പറയുന്നു.

അലോഷ്യസ് വീട്ടിലെത്തി നാല് മണിക്കൂർ കഴിഞ്ഞപ്പോൾ കുഴഞ്ഞുവീണു. പെട്ടെന്നുതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഈ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു…….

ഇതിനെത്തുടർന്നാണ് അലോഷ്യസ് ആദ്യം ചെന്ന ഹോസ്പിറ്റലിനെതിരെ ബന്ധുക്കൾ കേസ് കൊടുത്തത് . ആശുപത്രിക്കെതിരേ ആരോഗ്യവകുപ്പിൽ പരാതി നൽകിയിട്ടുണ്ട്. സഹിക്കാനാകാത്ത നെഞ്ച് വേദദനയുണ്ടെന്നു രോഗി പറഞ്ഞിട്ടും ചികിത്സയിൽ അലംഭാവം കാണിച്ചു എന്നായിരുന്നു കേസ് , കൃത്യസമയത്തു വേണ്ട ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഒരു പക്ഷെ അലോഷ്യസിന്റെ ജീവൻ തിരിച്ചു പിടിക്കാമായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ മെഡിക്കൽ സെന്ററിന്റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ച ബോധ്യപ്പെട്ടു.. അലോഷ്യസിന്റെ ബന്ധുക്കൾ ദുബായ് അൽ കബ്ബാൻ അഡ്വക്കേറ്റ്‌സിലെ സീനിയർ ലീഗൽ കൺസൾട്ടന്റായ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അജ്മാൻ കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസിന്റെ വിചാരണവേളയിൽ കോടതി അന്വേഷണത്തിനായി ഉന്നത മെഡിക്കൽ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആ കമ്മിറ്റിയുടെ റിപ്പോർട്ടിലും മെഡിക്കൽ സെന്ററിന്റെ വീഴ്ച സ്ഥിരീകരിച്ചു. തുടർന്നായിരുന്നു 10 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതിവിധി ഉണ്ടായത്

വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിൽ പക്ഷിയിടിച്ചു. യന്ത്രം തകരാറിലായി. അടിയന്തരമായി വിമാനം തിരിച്ചിറക്കി. ഒഴിവായത് വൻ ദുരന്തം. തിരുവനന്തപുരം അന്താരാഷ്‍ട്ര വിമാനത്താവളത്തിലാണ് ഞായറാഴ്‌ച രാത്രി സംഭവം നടന്നത് .

169 യാത്രക്കാരുമായി സിംഗപ്പൂരിലേക്ക് പറന്നുയര്‍ന്ന ഫ്ളൈ സ്‌കൂട്ടിന്റെ ടി ആര്‍ 531 എന്ന വിമാനത്തിലായിരുന്നു പക്ഷിയിടിച്ചത്. തുടര്‍ന്ന് വിമാനം യന്ത്രത്തകരാറിലായി. ഉടൻ തിരിച്ചിറക്കാന്‍ അനുമതി തേടി പൈലറ്റ് എയർട്രാഫിക് കണ്‍ട്രോള്‍ ടവറിലേക്ക് സന്ദേശം അയക്കുകയായിരുന്നു . ലാന്‍ഡിങ് നടത്താന്‍ അനുമതി കിട്ടിയതോടെ വിമാനം അടിയന്തിരമായി തിരിച്ചിറക്കി .

തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി ഹോട്ടലുകളിലേക്ക് മാറ്റുകയായിരുന്നു. വിമാനം തകരാര്‍ പരിഹരിച്ച ശേഷം തിങ്കളാഴ്‌ച രാത്രി എട്ടോടെ യാത്രക്കാരുമായി വീണ്ടും സിംഗപ്പൂരിലേക്ക് പറക്കുകയായിരുന്നു . തിരുവനന്തപുരം വിമാനത്താവളത്തില്‍ പക്ഷിയിടിച്ചുള്ള അപകടങ്ങളെ തുടര്‍ന്ന് വിമാനങ്ങള്‍ തിരിച്ചിറക്കുക പതിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിമാനം ലാന്‍ഡിങ് നടത്തുമ്പോഴും പറന്നുയരുമ്പോഴുമാണ് പക്ഷി ശല്യം രൂക്ഷമാകുകയാണ് .

കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജനെ വധിക്കാന്‍ ദാവൂദ് ഇബ്രാഹീം നേതൃത്വം നല്കുന്ന ഡി കമ്പനി പദ്ധതി തയ്യാറാക്കിക്കഴിഞ്ഞുവെന്ന വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. അധോലോക കുറ്റവാളിയായ ഛോട്ടാ രാജനെസൂപ്പര്‍ ഹൈ സെക്യൂരിറ്റി ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇയാളെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താനുള്ള നീക്കം സംബന്ധിച്ച ഫോണ്‍ സംഭാഷണം അന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്.

ഇതേതുടര്‍ന്ന് ഛോട്ടാരാജനെ പാര്‍പ്പിച്ചിട്ടുള്ള തിഹാര്‍ ജയിലിലെ പ്രത്യേക മേഖലയിലെ സുരക്ഷ അധികൃതര്‍ വീണ്ടും വര്‍ധിപ്പിച്ചു. ജയിലിലെ സുരക്ഷ വീണ്ടും ശക്തമാക്കിയെന്ന് ഡല്‍ഹി പ്രിസണ്‍സ് ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇതിനു പിന്നിലെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താനാണ് നീക്കമെന്ന് വ്യക്തമായതോടെ രാജന് നല്‍കുന്ന ജയില്‍ ഭക്ഷണം കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുമുണ്ട്. കൂടാതെ ജയിലിലെ മൂന്ന് പാചകക്കാരെയും മാറ്റിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved