India

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടയില്‍ മംഗലാപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത് വ്യാജ മാധ്യമ പ്രവര്‍ത്തകരെയാണെന്ന് വാര്‍ത്ത നല്‍കി ജനം ടി വി. കാര്‍ണ്ണാടകയില്‍ നിന്നുള്ള ബിഗ് ന്യൂസെന്ന ഇംഗ്ലീഷ് ചാനലിന് പിന്നാലെയാണ് ജനം ടി വി ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഏഷ്യാനെറ്റ്, മീഡിയ വണ്‍, മാതൃഭൂമി ന്യൂസ്, 24 ന്യൂസ് എന്നിവയുടെ റിപ്പോര്‍ട്ടര്‍മാരേയും കാമറാമാന്മാരേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് ഇവര്‍ വ്യാജ മാധ്യമ പ്രവര്‍ത്തകരാണെന്നാണ് ജനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമ്പതോളം വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായെന്നും ഇവരുടെ കൈയ്യില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തെന്നും ജനം ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.

മംഗളൂരുവില്‍ ( വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന ആശുപത്രിക്ക് മുന്നിലെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് റിപ്പോര്‍ട്ടിംഗ് അനുവദിക്കാതെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിലെ ഗേറ്റിന് പുറത്ത് നിന്ന് പോലും റിപ്പോര്‍ട്ടിംഗ് നടത്താന്‍ മാധ്യമപ്രവര്‍ത്തകരെ പൊലീസ് അനുവദിച്ചില്ല. ക്യാമറ അടക്കമുള്ളവയും പോലീസ് പിടിച്ചെടുത്തിരുന്നു. ജനം ടിവിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം അറിയിച്ചുകൊണ്ട് പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

ഒടുവിൽ നീണ്ട സമ്മർദ്ദത്തെ തുടർന്ന് ഏഴു മണിക്കുറുകൾ ശേഷം മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. മാധ്യമപ്രവര്‍ത്തകര്‍ തലപ്പാടിയിലെത്തിച്ചശേഷം കേരള പൊലീസിന് കൈമാറി. ഏഴുമണിക്കൂര്‍ തടഞ്ഞുവച്ചശേഷം വന്‍ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇവരെ വിട്ടയച്ചത്. മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചെങ്കിലും വാഹനങ്ങള്‍ വിട്ടുനല്‍കിയിട്ടില്ല.

പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ട രണ്ടുപേരുടെ പോസ്റ്റ് മോര്‍ട്ടം അടക്കമുളള നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തല്‍സമയ റിപ്പോര്‍ട്ടിങ്ങിനിടെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ ഡോ.പി.എസ് ഹര്‍ഷ പൊലീസ് സംഘവുമായി ഇടപെട്ടത്. കമ്മിഷണര്‍ക്കൊപ്പമുണ്ടായിരുന്ന പൊലീസുകാര്‍ റിപ്പോര്‍ട്ടിങ് തടസപ്പെടുത്തുകയും ചെയ്തു.

റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരും അടക്കം പത്തുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ തിരിച്ചറിയല്‍ രേഖകളില്ലാത്തവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വിശദീകരണക്കുറിപ്പിറക്കി. അംഗീകൃത തിരിച്ചറിയില്‍ കാര്‍ഡ് ഇല്ലാത്തവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് കമ്മിഷണറുടെ വിശദീകരണം.

മുന്‍മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു. പിണറായി മന്ത്രിസഭയിലെ അംഗമായിരുന്നു. കുട്ടനാട് എംഎല്‍എ ആയിരുന്നു. ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 72 വയസ്സാണ്. കൊച്ചിയിലെ വീട്ടില്‍വെച്ചാണ് അന്ത്യം.

അര്‍ബുദരോഗ ചികിത്സയിലായിരുന്നു തോമസ് ചാണ്ടി.കേരള രാഷ്ട്രീയത്തില്‍ എല്ലാ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു തോമസ് ചാണ്ടി. എന്‍സിപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രധാന പങ്കുവെച്ച നേതാവാണ്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിൽ മത വിദ്വേഷ കമന്റ് പോസ്റ്റ് ചെയ്ത ജീവനക്കാരനെ ലുലു ഗ്രൂപ്പ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഷാർജയിലെ മൈസലൂൺ ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണൻ പനയമ്പള്ളിയെ ആണു ജോലിയിൽ നിന്നും പിരിച്ചുവിട്ടതെന്നു ലുലു അധികൃതർ അറിയിച്ചു. പുരുഷന്മാരുടെ സെക്ഷനിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

സമൂഹ മാധ്യമത്തിൽ ഉണ്ണി പുതിയേടത്ത് എന്ന പേരുള്ള അക്കൗണ്ടായിരുന്നു ഉപയോഗിച്ചിരുന്നത്. അപകീർത്തിപരമായ കമന്റാണ് ഇദ്ദേഹത്തിന്റേതെന്നും ഇത്തരം പെരുമാറ്റങ്ങൾ ആരുടെ ഭാഗത്തു നിന്നും ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ലെന്നും ലുലു അധികൃതർ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയവുമായി ബന്ധപ്പെട്ട സമൂഹ മാധ്യമത്തിലെ ഒരു പോസ്റ്റിനു കീഴെയാണ് ഉണ്ണികൃഷ്ണൻ അപകീർത്തികരമായ കമന്റ് പോസ്റ്റ് ചെയ്തത്. ഈ കമന്റ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുകയും നിരവധി ആളുകൾ പ്രതിഷേധവുമായി‌‌ രംഗത്തെത്തുകയും ചെയ്തിരുന്നു.

താങ്കളെ ജോലിയിൽ നിന്നും നീക്കം ചെയ്യാൻ മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ടെന്നും മറ്റു നടപടികൾക്ക് എച്ച്ആർ വിഭാഗവുമായി ബന്ധപ്പെടാനുമാണ് ലുലു ഗ്രൂപ്പ് ഉണ്ണികൃഷ്ണനെ അറിയിച്ചത്.

 

സ്വന്തം ലേഖകൻ 

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ ട്രെയിനിന് കല്ലെറിഞ്ഞ ലുങ്കിയും തൊപ്പിയും ധരിച്ച ആറ് പേര്‍ അറസ്റ്റിലായി. സ്ഥലത്തെ ബിജെപി പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍. ഈ സംഘം ഫേക് വീഡിയോ റെക്കോഡ് ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തി.നേരത്തെ, വേഷം കണ്ട് പ്രതിഷേധിക്കുന്നവരെ തിരിച്ചറിയാമെന്നുള്ള വിവാദ പ്രസ്താവനയുമായി മോദി രംഗത്തെത്തിയിരുന്നു.

മുസ്ലിം വേഷം ധരിച്ച് ട്രെയിനിന് കല്ലെറിയുകയായിരുന്നു ഇവര്‍. ബിജെപി പ്രവര്‍ത്തകനായ അഭിഷേക് സര്‍ക്കാര്‍ എന്നയാളുള്‍പ്പെടെയാണ് അറസ്റ്റിലായത്. യു ടൂബ് ചാനലിനു വേണ്ടിയാണ് മുസ്ലിം വേഷം ധരിച്ച് വീഡിയോ ഉണ്ടാക്കിയതെന്ന് അറസ്റ്റിലായ യുവാക്കള്‍ പറഞ്ഞതായി ജില്ലാ പൊലീസ് മേധാവി മുകേഷ് പറഞ്ഞു. രാജ്യത്തുടനീളം ബിജെപി പ്രവര്‍ത്തകര്‍ ഫേക്ക് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സ്ഥിരം കാഴ്ച്ചയായി മാറിയിരിക്കുകയാണ്. ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നയാളും ബിജെപി പ്രവര്‍ത്തകനാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബിജെപിക്കാര്‍ തൊപ്പികള്‍ വാങ്ങുന്നത് ഒരു സമുദായത്തെ ഉപദ്രവിക്കാനുള്ള ആയുധമാക്കാനാണെന്ന് സംഭവത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത പ്രതികരിച്ചിരുന്നു.

അതിനിടെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമാകെ പ്രതിഷേധക്കാറ്റ് അലയടിക്കുമ്പോള്‍ ഹിതപരിശോധന ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ഹിതപരിശോധനയില്‍ പരാജയപ്പെടുകയാണെങ്കില്‍ മോദി സര്‍ക്കാര്‍ രാജിവച്ചൊഴിയണമെന്നും മമത പറഞ്ഞു. ഐക്യരാഷ്ട്രസഭ അല്ലെങ്കില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പോലുള്ള നിഷ്പക്ഷ സംഘടന വേണം ഹിതപരിശോധന നടത്താന്‍. അപ്പോള്‍ എത്രപേര്‍ ഈ നിയമത്തെ അനുകൂലിക്കുന്നുണ്ടെന്ന് മനസിലാക്കാമെന്നും മമത കൂട്ടിച്ചേര്‍ത്തു.

നേരത്തെ, പൗരത്വബില്ലിനെതിരെ നടക്കുന്ന പ്രതിഷേധ സംഭവങ്ങളില്‍ അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്ന മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മമത രംഗത്ത് വന്നിരുന്നു. ‘രാജ്യം മുഴുവനും കത്തുന്ന അവസ്ഥയിലാണ്. അപ്പോഴാണ് അവര്‍ വസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നത്. ഞാന്‍ ആരാണെന്ന് എന്റെ വസ്ത്രം നോക്കി തീരുമാനിക്കാന്‍ അവര്‍ക്ക് സാധിക്കുമോ?’ മമത ബാനര്‍ജി രോഷത്തോടെ ചോദിച്ചു.

അതേസമയം, മമത ബാനര്‍ജിയുടെ റാലികള്‍ സത്യപ്രതിജ്ഞ ലംഘനമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഗാര്‍ അഭിപ്രായപ്പെട്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന പ്രതിഷേധ റാലികള്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലായികൂടി മാറുകയാണ്. ഗവര്‍ണറെ തള്ളി ഹൗറ മൈതാനിയില്‍ നിന്ന് ധര്‍മലത വരെ ഇന്നും മമതയുടെ കൂറ്റന്‍ റാലി നടന്നു. രാജ്യത്തെ സര്‍വ്വനാശത്തിലേക്ക് കൊണ്ടുപോവുകയാണ് പ്രധാനമന്ത്രിയെന്നായിരുന്നു മമതയുടെ ആരോപണം.

ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരു നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം ഭരണഘടന വിരുദ്ധമാണെന്നാണ് ഗവര്‍ണറുടെ വാദം. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയുംവിളിച്ചുവരുത്തിയ ഗവര്‍ണര്‍ മൂര്‍ഷിദാബാദ്, മാള്‍ഡ മേഖലകളില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ ആശങ്കയും അറിയിച്ചു.

ഉന്നാവോ ബലാത്സംഗക്കേസില്‍ ഡല്‍ഹി തീസ് ഹസാരി കോടതിയുടെ നിര്‍ണായക വിധി. മുഖ്യപ്രതി കുല്‍ദീപ് സിംഗ് സെന്‍ഗറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജീവിതാവസാനം വരെ ജയിലില്‍ കഴിയാം. 25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

പിഴയില്‍ 10 ലക്ഷം രൂപ ഇരയുടെ കുടുംബത്തിന് നല്‍കണം. 2017 ജൂണ്‍ നാലിനാണ് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ 16കാരിയെ ബിജെപി എംഎല്‍എ സെന്‍ഗര്‍ പീഡിപ്പിച്ചത്. ഇരയുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇരയ്ക്കും കുടുംബത്തിനും പ്രത്യേക സംരക്ഷണം നല്‍കണം. ഓരോ മൂന്ന് മാസവും സുരക്ഷ വിലയിരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കൊച്ചി; പൗരത്വ നിയമ ഭേദഗതിയില്‍ കേരളത്തിലെ ഒരു മുസ്ലീം സഹോദരനെങ്കിലും പോറലേറ്റാല്‍ അവര്‍ക്കായി വാദിക്കാന്‍ താന്‍ മുന്നിലുണ്ടാകുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മുസ്ലീങ്ങളുടെ പൗരത്വം ചോദ്യം ചെയ്യും , നിലനില്‍പ്പ് അപകടത്തിലാവും , അവര്‍ക്ക് കേരളത്തില്‍ താമസിക്കാന്‍ കഴിയാത്ത സ്ഥിതിവരും തുടങ്ങിയ പ്രചരണങ്ങള്‍ യാഥാര്‍ത്ഥ്യമെങ്കില്‍ അവര്‍ക്കുവേണ്ടി പൊരുതുമെന്നാണ് കുമ്മനം പറയുന്നത്.

അതേസമയം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പൗരത്വനിയമം സംബന്ധിച്ച്‌ പരസ്യ സംവാദത്തിന് തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സിപിഎമ്മും കോണ്‍ഗ്രസും മതപരമായ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു

ജിബിൻ ആഞ്ഞിലിമൂട്ടിൽ

എന്താണ് പൗരത്വനിയമം? പൗരത്വ ഭേദഗതി ബിൽ എന്ത്? ആരാണ് നിയമവിരുദ്ധ കുടിയേറ്റക്കാരൻ എന്ന് വ്യക്തമാക്കുന്ന നിയമമാണ് പൗരത്വ നിയമം. നിയമ വിരുദ്ധ കുടിയേറ്റക്കാരന് ഇന്ത്യൻ പൗരത്വം നൽകുന്നതിനെ ഈ നിയമം വിലക്കുന്നു.1955 ലെ ഈ നിയമം 2015 സെപ്റ്റംബർ 7 ന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ചട്ട ഭേദഗതിയിലൂടെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്,എന്നീ രാജ്യങ്ങളിലെന്യൂനപക്ഷ മതങ്ങളായ ഹിന്ദു, സിഖ്,ബുദ്ധ, ജൈനപാഴ്സി, ക്രിസ്ത്യൻ എന്നി വിഭാഗങ്ങളിലെ മനുഷ്യർക്ക് അവരുടെ രാജ്യത്ത് മത ഭീതി നേരിടുന്നതിനാൽ ഇന്ത്യയെ അഭയകേന്ദ്രമായി കാണേണ്ട അവസ്ഥ ഉള്ളതിനാൽ 2014 ഡിസംബർ 31 ന് മുൻപ് ഇന്ത്യയിൽ വന്നവർക്ക് പാസ്പോർട്ട് നിയമം,വിദേശി നിയമം പ്രകാരം ശിക്ഷ നേരിടേണ്ടി വരില്ല.2016 ജൂലൈ8 ന് കൊണ്ടു വന്ന ചട്ടഭേദഗതിയിലൂടെ അഫ്ഗാനിസ്ഥാനും ഇളവ് പ്രഖ്യാപിച്ചു.അവർക്ക് ഇന്ത്യൻ പൗരത്വത്തിന് ഇപ്പോൾ കൊണ്ടുവന്ന പൗരത്വ ബില്ലിലൂടെ ഇന്ത്യൻ പൗരത്വം ലഭിക്കും.2014 ഡിസംബർ31നു മുമ്പ് വന്ന രേഖ കാണിച്ചാൽ അവർക്ക് പൗരത്വം ലഭിക്കും. എന്നാൽ
‘പ്രവാസി ഇന്ത്യൻ പൗരന്മാർ’ എന്ന പരിഗണന ലഭിക്കുന്നവർക്ക് ഇന്ത്യയിൽ സഞ്ചരിക്കുകയും, താമസിച്ച് ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യാനും വ്യവസ്ഥയുണ്ട്. ഇത് ലഭിക്കാൻ, മാതാപിതാക്കളിൽ ആരെങ്കിലും ഇന്ത്യയിൽ ജനിച്ചവരോ, ഇന്ത്യയിൽ ജനിച്ചയാളെ പങ്കാളിയാക്കിയ ആളോ ആയിരിക്കണം. എന്നാൽ ഭേദഗതിയോടെ, കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്യുന്ന ഏതെങ്കിലും നിയമം ലംഘിക്കുന്നവർക്ക് ഈ ഇളവ് റദ്ദാക്കപ്പെടും. അപ്രകാരം റദ്ദാക്കുംമുൻപ് ആ ആൾക്ക് പറയാനുള്ളത് കേൾക്കും. ഏത് നിയമം ലംഘിച്ചാലാണ് റദ്ദാക്കുക എന്നു പിന്നീട് പറയും.

11 വർഷമായി ഇന്ത്യയിൽ തുടരുന്ന നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് പൗരത്വത്തിനു അപേക്ഷിക്കാം. എന്നാൽ മേൽപറഞ്ഞ 3 രാജ്യങ്ങളിലെ 5 മതവിഭാഗങ്ങൾക്ക് 5 വർഷം ആയാൽത്തന്നെ പൗരത്വത്തിനു അപേക്ഷിക്കാം.ഈ ആനുകൂല്യങ്ങൾ മുസ്ലിം വിഭാഗത്തിന് ലഭിക്കില്ല എന്നതാണ് ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾക്ക് അടിസ്ഥാനം. ഇത് ആർട്ടിക്കിൾ 14 ന്റെ ലംഘമെന്ന് പ്രതിപക്ഷം പറയുമ്പോൾ ആർട്ടിക്കിൾ 17 അനുച്ഛേദം വച്ചാണ് കേന്ദ്രം ഇതിനെ നേരിടുന്നത്.നിയമത്തെ എതിർത്തും അനുകൂലിച്ചും ഉള്ള പ്രസ്താവനകൾ ഈ ദിവസങ്ങളിൽ കൂടുതലായി നാം കണ്ടുകൊണ്ടിരിക്കുന്നു.എന്തു തന്നെയായാലും മതേതര സംസ്ക്കാരവും പൈതൃകങ്ങളും ഭാരതഭൂവിൽ അണയാതിരിക്കട്ടെ… നമുക്കോരോരുത്തർക്കും അതിനു വേണ്ടി ഒരുമിച്ചു പ്രവർത്തിക്കാം….

ജിബിൻ എ.എ.

കുമളി ആനവിലാസം ആണ് സ്വദേശം.കുമളി സഹ്യജോതി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്നും ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം. പൊളിറ്റിക്ക്സ് ഇഷ്ട വിഷയം. ആഞ്ഞിലിമൂട്ടിൽ അച്ചൻകുഞ്ഞിന്റെയും അന്നമ്മയുടെയും ഇളയ മകനാണ്.

 

 

നിര്‍മാതാക്കളെ മനോരോഗികളെന്ന് അധിക്ഷേപിച്ച ഷെയ്ന്‍ നിഗം പരസ്യമായി മാധ്യമങ്ങള്‍ക്കു മുന്നില്‍ മാപ്പു പറയണമെന്ന് നിര്‍മാതാക്കളുടെ സംഘടന. ഷെയ്നുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ല. ഷെയ്ന്റെ കാര്യത്തില്‍ താരസംഘടനയാ അമ്മ ഉത്തരവാദിത്തം ഏല്‍ക്കണം, ഒരു വിട്ടുവീഴ്ചയക്കും തല്‍ക്കാലും തയാറല്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹിയായ ജി.സിരേഷ് കുമാര്‍ പറഞ്ഞു.

എന്നാൽ നിര്‍മാതാക്കളെ മനോരോഗികളെന്ന് വിളിച്ചതിന് ക്ഷമാപണം നടത്തി നടന്‍ ഷെയിന്‍ നിഗം രംഗത്തുവന്നിരുന്നു. തന്റെ പരമാര്‍ശം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ക്ഷമിക്കണമെന്നുമാണ് ഫെയ്സ്ബുക് പോസ്റ്റ്. എന്നിരുന്നാലും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് ആവർത്തിക്കുകയായിരുന്നു ഇന്ന് നിർമാതാക്കളുടെ സംഘടന.

ബ്രിട്ടീഷ് പൊതുതിരഞ്ഞെടുപ്പിലെ ലേബര്‍ പാര്‍ട്ടിയുടെ വന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സ്വന്തം പാര്‍ട്ടി നേതാവായ ജെറിമി കോര്‍ബിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രിയും ലേബര്‍ നേതാവുമായ ടോണി ബ്ലെയര്‍. കോര്‍ബിന്റെ ഭ്രാന്തന്‍ വിപ്ലവ സോഷ്യലിസമൊന്നും യുകെയില്‍ നടക്കില്ല എന്ന് ടോണി ബ്ലെയര്‍ പറഞ്ഞു. 1930ന് ശേഷം ലേബര്‍ പാര്‍ട്ടി നേരിട്ട ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം കോര്‍ബിന്റെ ഇടതുപക്ഷ ആശയങ്ങളാണ് എന്ന് പറഞ്ഞാണ് ബ്ലെയറിന്റെ കുറ്റപ്പെടുത്തല്‍.

സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കുന്നതും ദേശസാത്കരണം പ്രോത്സാഹിപ്പിക്കുന്നതുമായി പ്രകടന പത്രികയാണ് കോര്‍ബിന്‍ തിരഞ്ഞെടുപ്പില്‍ മുന്നോട്ടുവച്ചത്. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് രണ്ടാം തവണ ഹിതപരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമെന്നും കോര്‍ബിന്‍ പറഞ്ഞിരുന്നു. ശക്തമായ നേതൃത്വം വാഗ്ദാനം ചെയ്യാന്‍ കോര്‍ബിന് കഴിയാത്തതാണ് ലേബറിന്റെ പരാജയത്തിന് കാരണമെന്ന് ലണ്ടനില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കവേ ബ്ലെയര്‍ അഭിപ്പായപ്പെട്ടു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ലേബര്‍ പാര്‍ട്ടി നേതൃ സ്ഥാനമൊഴിഞ്ഞ കോര്‍ബിന്‍ ഇനി മത്സരരംഗത്തുണ്ടാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ലേബര്‍ നേതൃസ്ഥാനത്തേയ്ക്ക് കോര്‍ബിന്റെ പിന്‍ഗാമിക്കായുള്ള തിരഞ്ഞെടുപ്പ് ഉടന്‍ നടക്കും.

ലേബര്‍ പാര്‍ട്ടിയെ തന്റെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഭ്രാന്തന്‍ വിപ്ലവ സോഷ്യലിസത്തിന്റേയും തീവ്ര ഇടതുപക്ഷ സാമ്പത്തിക ആശയങ്ങളുടേയും മിശ്രിത ബ്രാന്‍ഡ് ആണ് കോര്‍ബിന്‍ അവതരിപ്പിച്ചത്. ഇത് ബ്രിട്ടനും പാശ്ചാത്യരാജ്യങ്ങളും മൗലികമായി തന്നെ എക്കാലവും എതിര്‍ത്തുപോരുന്ന ആശയങ്ങളാണ്. ജനങ്ങൾ ഇത് അംഗീകരിച്ചില്ല. പാശ്ചാത്യ വിദേശനയത്തോട് വലിയ ശത്രുത പുലര്‍ത്തുന്ന സമീപനമാണ് കോര്‍ബിന്‍ കാണിച്ചത്. ഇത് പരമ്പരാഗത ലേബര്‍ വോട്ടര്‍മാരെ അകറ്റാനിടയാക്കി – ബ്ലെയർ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിന് മുമ്പ് യൂഗോവ് നടത്തിയ അഭിപ്രായ സര്‍വേയില്‍ കോര്‍ബിനെക്കുറിച്ച് മോശം അഭിപ്രായമാണ് 60 ശതമാനം പേരും രേഖപ്പെടുത്തി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെക്കുറിച്ച് മോശം അഭിപ്രായമുണ്ടായിരുന്നത് 47 ശതമാനം പേര്‍ക്കാണ്.

1983 മുതല്‍ ഐലിംഗ്ടണ്‍ നോര്‍ത്തില്‍ നിന്ന് തുടര്‍ച്ചയായി ഹൗസ് ഓഫ് കോമണ്‍സിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കോര്‍ബിന്‍ ബ്രിട്ടന്റെ സൈനിക നടപടികളെ ശക്തമായി എതിര്‍ത്തുപോന്ന നേതാവാണ്. ഇറാഖ് യുദ്ധത്തിനെതിരെ തുടര്‍ച്ചയായി പാര്‍ലമെന്റില്‍ വോട്ട് ചെയ്ത വ്യക്തി. 1997-2007 കാലത്ത് യുകെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറിന്റെ ജനപ്രീതി, വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഇറാഖ് യുദ്ധത്തിന് സൈന്യത്തെ അയച്ചതോടെ ഇടിഞ്ഞിരുന്നു.

തുമ്പോളി ഇരട്ടക്കൊലക്കേസില്‍ ആറുപ്രതികള്‍ പൊലീസ് പിടിയിലായി. രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തി.

തുമ്പോളി സ്വദേശികളായ ഡെറിക് മാര്‍ട്ടിന്‍ ആന്‍റപ്പനെന്ന ആന്റണി എന്നിവരെയാണ് കോടതി റിമാന്‍ഡ് െചയ്തത്. ഒളിവില്‍പോയെങ്കിലും ഇവരെ കൊലപാതകം നടന്ന ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. മറ്റ് പ്രതികളായ ശരത്, ജോ‍ർജ്ജ്, കണ്ണൻ, ചാൾസ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. ചേർത്തലയിൽ നിന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് നാലു പ്രതികളെ പിടികൂടുന്നത്. ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്.

കഴിഞ്ഞ ഞായറാഴ്ച അപതിനൊന്നു മണിയോടെയായിരുന്നു കേസിനാസ്പദമായ കൊലപാതകം നടന്നത്. തുമ്പോളി സാബു കൊലക്കേസിലെ പ്രതികളായ വികാസ്, ജസ്റ്റിൻ എന്നിവരാണ് കൊലപ്പട്ടത്. സാബുവിനെ വകവരുത്തിയതിന്‍റെ പ്രതികാരമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. കൂടുതൽ പേർക്ക് കൊലാതകത്തിൽ പങ്ക് ഉണ്ടോ എന്ന കാര്യവും പൊലീസ് അന്വോഷിക്കുന്നുണ്ട്

RECENT POSTS
Copyright © . All rights reserved