മക്കളോടും കൊച്ചുമക്കളോടുമുള്ള ഇഷ്ടത്തിന് അടിവരയിടുകയാണ് ഇൗ അപൂർവ വിഡിയോ. കൊച്ചുമക്കൾക്കൊപ്പം വീടിനുള്ളിൽ ഫുട്ബോൾ കളിക്കുന്ന വിഡിയോ ഒട്ടേറെ കൗതുകം ഉണർത്തുന്നതാണ്.
കുട്ടികൾക്കൊപ്പം അവരുടെ അപ്പൂപ്പനായി കളിച്ചുചിരിക്കുന്ന കെ.എം.മാണി രാഷ്ട്രീയകേരളത്തിന് പുതിയ മുഖമാണ്. ‘എടാ അത് സെൽഫ് ഗോളല്ലെടാ’ എന്നു കൊച്ചുമക്കളോട് തർക്കിക്കുന്ന മാണിയെ വിഡിയോയിൽ കാണാം. ആദ്യ കിക്കിൽ പന്തിനെക്കാൾ മുൻപെ അദ്ദേഹത്തിന്റെ ചെരുപ്പ് തെറിച്ചു പോയപ്പോൾ പൊട്ടിചിരിച്ച് കൊണ്ട് അത് ആസ്വദിക്കുകയാണ് അദ്ദേഹം. വിഡിയോ കാണാം.
റഫാല്‍ രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി. രേഖകള്‍ക്ക് വിശേഷാധികാരമില്ല. പുതിയ രേഖകള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. പ്രതിരോധ രേഖകള്‍ തെളിവാക്കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രവാദം. റഫാല്‍ ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്നാണ് മുഖ്യവെളിപ്പെടുത്തല്‍. മോഷ്ടിച്ച രേഖകള്‍ പരിഗണിക്കരുതെന്ന അറ്റോര്‍ണി ജനറലിന്റെ വാദവും തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ വിധി ഏകകണ്ഠമാണ്.
റഫാല്‍ രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്നും പുന:പരിശോധനാഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കരുതെന്നുമുളള കേന്ദ്രസര്‍ക്കാര്‍ വാദത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. മൂന്നംഗബെഞ്ചിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിയും ജസ്റ്റിസ് കെ.എം.ജോസഫും പ്രത്യേക വിധിയാണ് പറഞ്ഞത്. പ്രതിരോധരേഖകള്‍ക്ക് ഔദ്യോഗികരഹസ്യനിയമത്തിന്‍റെ പരിരക്ഷയുണ്ടെന്നായിരുന്നു കേന്ദ്രത്തിന്‍റെ മുഖ്യവാദം.
ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവര്‍ ഹാജരാക്കിയ റഫാല്‍ രേഖകളുടെ പകര്‍പ്പ് കോടതി പരിഗണിക്കരുതെന്നും പുനഃപരിശോധനാ ഹർജികളിൽ നിന്ന് രേഖകൾ നീക്കം ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. ഔദ്യോഗികരഹസ്യനിയമം, വിവരാവകാശനിയമം, തെളിവുനിയമം എന്നിവയിലെ വകുപ്പുകള്‍ പ്രതിരോധരേഖകള്‍ക്ക് സവിശേഷാധികാരം നല്‍കുന്നുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖകൾ അതിന്റെ സൂക്ഷിപ്പുക്കാരനായ ഉദ്യോഗസ്ഥന്‍റെ അനുമതിയില്ലാതെ കോടതിക്ക് പരിഗണിക്കാനാകില്ല.
കൊച്ചി: അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിക്കെതിരെ അവഹേളന പരാമര്‍ശവുമായി സിപി സുഗതന്‍. രാഷ്ട്രീയ-സാംസ്‌കാരി-സാമൂഹിക രംഗത്ത് നിന്നുള്ള നിരവധി പേര്‍ മാണിക്ക് അനുശോചനം രേഖപ്പെടുത്തി രംഗത്തുവന്നപ്പോള്‍ ‘ദുഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞ് കിട്ടിയെന്ന് ചിന്തിക്കുന്ന മകന്‍’ എന്നാണ് സുഗതന്‍ കുറിച്ചത്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട വനിതാ മതിലിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് സുഗതന്‍.
പോസ്റ്റിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ വാക്കുകള്‍ പിന്‍വലിച്ച് സുഗതന്‍ തടയൂരിയെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നവോത്ഥാനമൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറഞ്ഞ സുഗതന്‍ തനിരൂപം വെളിപ്പെടുത്തുന്ന പോസ്റ്റാണിതെന്നാണ് പലരും പ്രതികരിച്ചത്. കെ.എം മാണിയുടെ വിയോഗം നികത്താനാകാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
ധനകാര്യത്തില്‍ മുതല്‍ നിയമകാര്യത്തില്‍ വരെ വൈദഗ്ധ്യമുണ്ടായിരുന്ന കെ.എം. മാണി, ആ വൈദഗ്ധ്യമൊക്കെ നിയമസഭയുടെ ഉള്ളടക്കത്തിന്റെ നിലവാരം കൂട്ടുന്നതിനു തുടര്‍ച്ചയായി പ്രയോജനപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സുഗതനെപ്പോലുള്ളവര്‍ സിപിഎമ്മിന് നാണക്കേടുണ്ടാക്കുമെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചു. പോസ്റ്റ് പിന്‍വലിച്ചെങ്കിലും സുഗതനെതിരെ വലിയ ക്യാംപെയ്‌നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
കേരള രാഷ്ട്രീയത്തിൽ മറ്റാർക്കും അവകാശപ്പെടാനാകാത്ത നേട്ടങ്ങൾ സ്വന്തം പേരിൽ കുറിച്ചാണ് കെ.എം മാണി വിടവാങ്ങിയത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി അനുശോചന പ്രവാഹമാണ് എല്ലായിടത്തും. എന്നാൽ അക്കൂട്ടത്തിൽ സൈബർ ഇടങ്ങളിൽ വൻരോഷം ഉയർത്തുകയാണ് സി പി സുഗതന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കെ.എം മാണിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് വിവാദമായ പോസ്റ്റിട്ടത്. ‘ദുഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞ് കിട്ടിയെന്ന് ചിന്തിക്കുന്ന മകൻ’ എന്നാണ് സുഗതൻ കുറിച്ചത്.
ഇൗ പോസ്റ്റിന് പിന്നാലെ വൻരോഷമാണ് ഉയർന്നത്. അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അതു പ്രകടിപ്പിക്കേണ്ട സമയം ഇതല്ലെന്ന് പലരും കുറിച്ചു. ഇതോടെ പോസ്റ്റ് പിൻവലിച്ച് സുഗതൻ തലയൂരി. എന്നാൽ ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സിപിഎമ്മിന്റെ വനിതാ മതിലിന്റെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു സി പി സുഗതൻ. നവോത്ഥാനമൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരാളിൽ നിന്നും ഇത്തരം പോസ്റ്റുകൾ പ്രതീക്ഷിച്ചില്ലെന്ന് കുറിച്ചവരും ഏറെയാണ്.
ലക്നോ: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും. 14 വർഷമായി രാഹുൽ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് ശക്തികേന്ദ്രമാണ് അമേഠി. രാഹുൽ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നതു സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങൾ തുടരവെയാണ് അദ്ദേഹം പത്രിക സമർപ്പിക്കുന്നത്. നേരത്തെ അദ്ദേഹം വയനാട്ടിലും പത്രിക സമർപ്പിച്ചിരുന്നു. പത്രിക സമർപ്പിക്കുന്നതിനോട് അനുബന്ധിച്ച് അമേഠിയുടെ ഭരണകേന്ദ്രമായ ഗൗരിഗഞ്ചിൽ രാഹുൽ റോഡ് ഷോ നടത്തും.
കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടാകും. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുലിനൊപ്പം ചേർന്നേക്കുമെന്നാണു റിപ്പോർട്ടുകൾ. ബിജെപിയുടെ സ്മൃതി ഇറാനിയാണ് തുടർച്ചയായ രണ്ടാം തവണയും രാഹുലിനെതിരേ മത്സരിക്കുന്നത്. ഇവർ വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണു റിപ്പോർട്ടുകൾ. കഴിഞ്ഞ തവണ രാഹുലിനോടു പരാജയപ്പെട്ടെങ്കിലും 2019 തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സ്മൃതി ഇറാനി തുടർച്ചയായി മണ്ഡലത്തിൽ സന്ദർശനം നടത്തിയിരുന്നു.
ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ മാവോയിസ്റ്റുകളുടെ ആക്രമണത്തിനിരയായ ബിജെപി നേതാവിന്റെ ബുള്ളറ്റ് പ്രൂഫ് വാഹനം രണ്ടായി പിളർന്നു. റായ്പൂരിൽനിന്ന് 350 കിലോമീറ്റർ അകലെയുള്ള വനമേഖലയായ ശ്യാമഗിരി ഹിൽസിലേക്കു പോകുന്പോഴായിരുന്നു ആക്രമണം. വചേലിയിൽനിന്നു കുവാകോണ്ടയിലേക്കു പോകുകയായിരുന്നു എംഎൽഎയും സംഘവും. ആക്രമണത്തിൽ ബിജെപി എംഎൽഎ ഭീമ മണ്ഡാവിയും നാലു പോലീസുകാരും കൊല്ലപ്പെട്ടു. മൂന്നു വാഹനങ്ങളാണു വ്യൂഹത്തിലുണ്ടായിരുന്നത്. സ്ഫോടനത്തിൽ മണ്ഡാവി സഞ്ചരിച്ച ബുള്ളറ്റ് പ്രൂഫ് എസ് യുവി ആകാശത്തേക്ക് ഉയർന്നശേഷം രണ്ടായി പിളർന്നാണു നിലംപതിച്ചത്. മാരക പ്രഹരശേഷിയുള്ള ഐഇഡി ഉപയോഗിച്ചായിരുന്നു മാവോയിസ്റ്റുകൾ സ്ഫോടനം നടത്തിയത്. 20 കിലോഗ്രാം സ്ഫോടക വസ്തുക്കൾ ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് പ്രദേശവാസി എൻഡിടിവിയോടു പ്രതികരിച്ചു.
ബോംബ് സ്ഥാപിക്കുന്നതിനായി മാവോയിസ്റ്റുകൾ റോഡിനനടിയിൽ ടണൽ കുഴിച്ചിരുന്നു. സ്ഫോടനത്തിനു പിന്നാലെ മാവോയിസ്റ്റുകൾ വാഹനവ്യൂഹത്തിനു നേരെ നിറയൊഴിക്കുകയും ചെയ്തു. വെടിവയ്പ് അരമണിക്കൂർ നീണ്ടു. കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങളുമായാണ് മാവോയിസ്റ്റുകൾ കടന്നത്. ദന്തേവാഡ ഉൾപ്പെടുന്ന ബസ്തർ ലോക്സഭാ മണ്ഡലത്തിൽ വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ്. 2013 മേയിൽ ബസ്തറിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ മുതിർന്ന കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര കർമ, മുൻ കേന്ദ്രമന്ത്രി വി.സി. ശുക്ല എന്നിവർ ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ടിരുന്നു.
ബീഫ് കൈവശം വച്ചെന്നും വിറ്റുവെന്നും ആരോപിച്ച് ആസാമിൽ ഷൗക്കത്ത് അലിയെ(48)ആൾക്കൂട്ടം മർദിച്ചു. ഇദ്ദേഹത്തെ ബലമായി പന്നിയിറച്ചി തീറ്റിക്കാനും അക്രമികൾ ശ്രമിച്ചു. അലബിശ്വനാഥ് ജില്ലയിലെ മധുപുർ ആഴ്ചച്ചന്തയിൽ ഞായറാഴ്ചയാണു സംഭവം. ഫുഡ് സ്റ്റാൾ ഉടമയാണു ഷൗക്കത്ത് അലി. താൻ മാർക്കറ്റിൽ മൂന്നു ദശാബ്ദത്തിലേറെയായി ബീഫ് വിറ്റുവരികയാണെന്നും ഇത്തരം സംഭവം ആദ്യമാണെന്നും അലി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് മാവേലിക്കരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുറന്ന വാഹനത്തിൽപ്രചരണം നടത്തുന്നതിനിടെയായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
വാഹനം ബ്രേക്ക് ചെയ്തതിനെ തുടർന്ന് നെഞ്ച് വാഹനത്തിന്റെ കമ്പിയിൽ ഇടിച്ചതു മൂലമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങൾ ആദ്യഘട്ടത്തിൽ പോളിങ് ബൂത്തിലെത്തും. ബിജെപിക്കെതിരായ മഹാഗഡ്ബന്ധന്റെ ആദ്യ പരീക്ഷണശാലയാണ് ഈ മണ്ഡലങ്ങൾ. ജാതി വോട്ടുകളിലാണ് എല്ലാ പാർട്ടികളുടെയും കണ്ണ്.
2014ലെ മോദി പ്രഭാവത്തിൽ ബിജെപി തൂത്തുവാരിയ മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ പോളിങ് ബൂത്തിലെത്തുന്നത്. കാർഷിക വ്യാവസായിക മേഖലകൾ ഏറെയുള്ള പടിഞ്ഞാറൻ യുപിയിൽ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ല ബിജെപിക്ക്. വിലത്തകർച്ചയും നോട്ടു നിരോധനമുണ്ടാക്കിയ തിരിച്ചടിയും മോദി പ്രഭാവത്തിന് മങ്ങലേൽപ്പിച്ചു. എസ്പി ബിഎസ്പി ആർ എൽ ഡി മഹാസഖ്യം വൻ വെല്ലുവിളിയാണ് പാർട്ടിക്ക്. കഴിഞ്ഞ തവണ ബിജെപിക്കൊപ്പം നിന്ന ജാട്ട് വോട്ടുകളിൽ നല്ല ശതമാനം മഹാ സഖ്യം കൊണ്ടു പോയേക്കും . മുസ്ലിം, ദളിത് വോട്ടുകളും അഖിലേഷ് മായാവതി സഖ്യം പിടിക്കും. പക്ഷേ സവർണവോട്ടുകൾ ഇത്തവണയും ബിജെപിക്ക് തന്നെ.
കോൺഗ്രസിന് കാര്യമായ പ്രതീക്ഷയില്ലെങ്കിലും പ്രിയങ്ക ഗാന്ധിയെ പ്രചാരണത്തിനിറക്കി സവർണവോട്ട് ബാങ്കിൽ ഭിന്നിപ്പുണ്ടാക്കാനാണ് പാർട്ടി ശ്രമിച്ചത്. മുസാഫർനഗർ, ഭാഗ്പത്, കൈരാന ,സഹരൻപൂർ, ഗാസിയാബാദ്, മീററ്റ്, ബിൻ ജോർ, ഗൗതം ബുദ്ധനഗർ എന്നീ മണ്ഡലങ്ങളാണ് വ്യാഴാഴ്ച ബൂത്തിലെത്തുക.
കെ.എം.മാണിയുടെ മൃതദേഹം ഇന്ന് വിലാപയാത്രയായി കൊച്ചിയില്‍നിന്ന് കോട്ടയത്തേക്ക് കൊണ്ടു പോകും. രാവിലെ ഒന്‍പതരയോടെ കൊച്ചിയിലെ ആശുപത്രിയില്‍നിന്ന് കൊണ്ടുപോകുന്ന ഭൗതികദേഹം 12 മണിയോടെ കോട്ടയം പാര്‍ട്ടി ഓഫിസില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. തുടര്‍ന്ന് കോട്ടയം തിരുനക്കര മൈതാനത്തും പൊതുദര്‍ശനമുണ്ടാകും.
പിന്നീട് സ്വദേശമായ മരങ്ങാട്ടുപള്ളിയിലും പാല മുന്‍സിപ്പല്‍ ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനുവയ്ക്കും. ഇതിനുശേഷം മൃതദേഹം പാലായിലെ വീട്ടിലെത്തിക്കും. നാളെ വൈകിട്ട് 3ന് പാല കത്തീഡ്രല്‍ പള്ളിയിലാണ് സംസ്കാരം.
കെ.എം.മാണി എന്ന അതികായനായ രാഷ്ട്രീയക്കാരനപ്പുറം അയാൾക്കെല്ലാം കുട്ടിയമ്മയും പാലാ മണ്ഡലവുമായിരുന്നു. എല്ലാം എന്റെ പാലയ്ക്ക് എന്ന് കൗതുകവും ആരാധനയും ഒളിപ്പിച്ച് വിമർശകർ തന്നെ പലകുറി പറഞ്ഞിട്ടുണ്ട്. അവസാനനിമിഷം കുട്ടിയമ്മയുടെ കൈ മുറുകെപ്പിടിച്ച് തന്നെയാണ് അദ്ദേഹം വിടവാങ്ങിയതും. കൈ ചേർത്ത് പിടിച്ച് കുട്ടിയമ്മ ആ കിടക്കയ്ക്ക് സമീപം ഉണ്ടായിരുന്നു. മരണവിവരം പുറത്തുവിട്ട ഡോക്ടർമാർ തന്നെയാണ് ഇൗ അവസാനനിമിഷത്തെ പറ്റിയും വെളിപ്പെടുത്തിയത്.
60 വർഷത്തിലേറെയായി കെ.എം മാണി എന്ന മനുഷ്യന്റെ നിഴലായി കുട്ടിയമ്മയുണ്ട്. ‘എന്റെ രാഷ്ട്രീയത്തിലെ ഉയർച്ചയ്ക്കു കുട്ടിയമ്മയാണ് കാരണം. ഞാൻ വീട്ടുകാര്യം ഒന്നും നോക്കാറില്ലായിരുന്നു. കൃഷിയും കുട്ടികളുടെ വിദ്യാഭ്യാസവും എല്ലാം കുട്ടിയമ്മയാണ് നോക്കിയത്. അത്തരം ടെൻഷൻ ഇല്ലാതെ പൊതുരംഗത്തു നിൽക്കാൻ പറ്റി. അതിൽ കൂടുതൽ ഭാഗ്യം എന്തുവേണം.’ വിവാഹത്തിന്റെ 60–ാം വാർഷികം ആഘോഷിക്കുമ്പോൾ നിറഞ്ഞചിരിയോടെ മാണി പറഞ്ഞ വാക്കുകളായിരുന്നു.
വേദനയോടെ പിജെ ജോസഫ് ഇന്നലെ രാവിലെ 11നാണ് മാണി സാറിനെ അവസാനമായി കണ്ടത്. എറണാകുളം ലേക്‌ഷോർ ആശുപത്രിയിലെ മുറിയിൽ വച്ച് കൈയിൽപിടിച്ച് മാണി സാറേ എന്നു വിളിച്ചു. മാണി സാർ ചെറുതായി മൂളി. സ്നേഹിക്കാൻ മാത്രമേ മാണി സാറിന് അറിയൂ…
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, പി.ജെ.ജോസഫ് , കെ.ബാബു തുടങ്ങി ഒട്ടേറെ പ്രമുഖർ ആശുപത്രിയിലെത്തി അന്ത്യോപചാരമർപ്പിച്ചു
കെ.എം. മാണിയുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സോണിയാ ഗാന്ധിയും അനുശോചനം അറിയിച്ചു. ജോസ് കെ മാണിയെ ഫോണില്‍ വിളിച്ചാണ് ഇരുവരും അനുശോചനം അറിയിച്ചത്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും അനുശോചിച്ചു