ലോകസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് സർക്കാർ രൂപീകരിക്കാനുള്ള കേവലഭൂരിപക്ഷം ലഭിക്കില്ലെങ്കിലും തെരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യങ്ങളിലൂടെ സർക്കാർ രൂപീകരിക്കാനാകുമെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് നടത്തിയ സർവ്വേ.
ഉത്തർപ്രദേശിൽ മഹാസഖ്യം നടപ്പാകാത്ത സാഹചര്യത്തിൽ എൻഡിഎക്ക് മുന്നൂറിലധികം സീറ്റുകൾ കിട്ടാനുള്ള സാധ്യതയുണ്ടെന്നും ഐഎഎൻഎസ് സര്‍വ്വേ പറയുന്നു. വാർത്താ ഏജൻസിക്കു വേണ്ടി ഈ സർവ്വേ നടത്തിയത് സിവോട്ടർ ആണ്. ‘പാകിസ്താനിലെ ജെയ്ഷെ മൊഹമ്മദ് ഭീകര ക്യാമ്പിനു നേരെ വ്യോമാക്രമണം നടത്താൻ നരേന്ദ്രമോദി നയിക്കുന്ന സർക്കാർ ധീരമായ തീരുമാനമെടുത്ത സമയത്താണ് സർവ്വേ നടത്തിയതെ’ന്ന് ഐഎഎൻഎസ് പറയുന്നു. രാജ്യത്തെമ്പാടും ദേശീയതയുടെ ഒരു പുതിയ തരംഗം ഈ വ്യോമാക്രമണത്തിലൂടെ മോദിക്ക് സൃഷ്ടിക്കാനായെന്നും ഐഎഎൻഎസ് റിപ്പോർട്ട് അവകാശപ്പെട്ടു. ഈ തരംഗം ഉപയോഗപ്പെടുത്തി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തെ തറപറ്റിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷയെന്നും റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്.
എൻഡിഎ സഖ്യം ആകെ 264 സീറ്റുകൾ നേടുമെന്നാണ് ഐഎഎൻഎസ് പ്രതീക്ഷിക്കുന്നത്. യുപിഎക്ക് 241 സീറ്റുകളിൽ വിജയിക്കാനാകും. മറ്റു പാർട്ടികൾക്കെല്ലാം ചേർന്ന് 138 സീറ്റുകളും നേടാനാകും. ഉത്തർപ്രദേശിൽ മഹാസഖ്യം നടപ്പായില്ലെങ്കിൽ എൻഡിഎക്ക് 307 സീറ്റിൽ വിജയിക്കാൻ കഴിയുമെന്നും, യുപിഎ 139 സീറ്റും മറ്റു പാർട്ടികൾ 97 സീറ്റും നേടുമെന്നും ഐഎഎൻഎസ് പറയുന്നു.
ബിജെപി ഒറ്റയ്ക്ക് 220 സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷ. സഖ്യകക്ഷികൾക്ക് 44 സീറ്റുകളും നേടാനാകും. തെരഞ്ഞെടുപ്പിനു ശേഷം ചില പ്രാദേശിക കക്ഷികളുമായി സഖ്യം ചേരാനാകുമെന്ന ഉറപ്പ് ബിജെപിക്കുണ്ട്. വൈഎസ്ആർ കോൺഗ്രസ്സ്, മിസോ നാഷണൽ ഫ്രോണ്ട്, ബിജു ജനതാദൾ, തെലങ്കാന രാഷ്ട്രസമിതി തുടങ്ങിയ കക്ഷികളിലാണ് ബിജെപിക്ക് പ്രതീക്ഷ. നിലവിലുള്ള കക്ഷികളെയും ചേർത്ത് 301 സീറ്റുകൾ ബിജെപിക്ക് സംഘടിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
യുപിഎക്ക് തെരഞ്ഞെടുപ്പിനു ശേഷം എൽഡിഎഫ്, എഐയുഡിഎഫ്, യുപിയിൽ കോൺഗ്രസ്സ് ചേരാൻ വിസമ്മതിച്ച പ്രതിപക്ഷ സഖ്യം, തൃണമൂൽ കോൺഗ്രസ്സ് എന്നിവരുമായി സഖ്യത്തിലേർപ്പെടാൻ കഴിഞ്ഞാലും ആകെ 226 സീറ്റുകളിലേക്ക് മാത്രമേ എത്തുകയുള്ളൂ. യുപിയിൽ മഹാസഖ്യം സാധ്യമായാലും 29 സീറ്റുകൾ ബിജെപിക്കുണ്ടാകുമെന്നും ഐഎഎൻഎസ് സർവ്വേ പറയുന്നു. 2014 തെരഞ്ഞെടുപ്പിൽ നേടിയ 72 സീറ്റുകളെന്ന മാർജിനിലേക്ക് എത്താൻ കഴിയില്ലെന്നുമാത്രം.
ബിജെപിക്ക് നേട്ടമുണ്ടാകാനിടയുള്ള സംസ്ഥാനങ്ങൾ
ബിഹാറിൽ 22ൽ നിന്ന് 36 സീറ്റിലേക്ക് ബിജെപി വളരുമെന്ന് ഐഎഎൻഎസ് സർവ്വേ പറയുന്നു. ഗുജറാത്തിൽ രണ്ട് സീറ്റ് നഷ്ടപ്പെടുമെങ്കിലും 24 സീറ്റിൽ ആധിപത്യം നേടും. കർണാടകത്തിൽ ഒരു സീറ്റ് നഷ്ടം വന്ന് 16 സീറ്റ് നേടും. മധ്യപ്രദേശിൽ 26 സീറ്റിൽ നിന്ന് 24 സീറ്റിലേക്കെത്തും. മഹാരാഷ്ട്രയിൽ 13 സീറ്റ് കൂടുതൽ നേടി 36 സീറ്റിലേക്കെത്തും. ഒഡിഷയിൽ വെറും ഒരു സീറ്റ് മാത്രമാണ് കഴിഞ്ഞവട്ടം ലഭിച്ചിരുന്നതെങ്കിൽ ഇത്തവണയത് 12 സീറ്റായി വർധിക്കും. രാജസ്ഥാനിൽ നാല് സീറ്റ് നഷ്ടം വന്ന് 20 സീറ്റ് നേടും.
കോൺഗ്രസ്സ് നേട്ടമുണ്ടാക്കുക ഇവിടങ്ങളിൽ
അസമിലെ മുഴുവൻ സീറ്റുകളും നേടാൻ കോൺഗ്രസ്സിന് സാധിക്കും. കഴിഞ്ഞ തവണ 3 സീറ്റ് നേടിയ സ്ഥാനത്ത് ഇത്തവണ 7 സീറ്റായി ഉയരും. ഛത്തീസ്ഗഢില്‍ 1 സീറ്റിൽ നിന്ന് 5 സീറ്റിലേക്ക് കോൺഗ്രസ്സ് വളരും. കേരളത്തിൽ കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് രണ്ട് സീറ്റ് കൂടുതൽ നേടും. 14 സീറ്റുകളാണ് യുഡിഎഫ് ഇത്തവണ നേടുക. കർണാടകത്തിൽ ആകെയുള്ള 9 സീറ്റും കോൺഗ്രസ്സ് നേടുമെന്നാണ് പ്രവചനം. തമിഴ്നാട്ടിൽ പുതിയ സഖ്യങ്ങൾ ഉപയോഗപ്പെടുത്തി 4 സീറ്റുകൾ നേടുമെന്നും ഐഎഎൻഎസ് പറയുന്നു.
വോട്ടുവിഹിതം: എൻഡിഎ – 31.1 ശതമാനം. യുപിഎ – 30.9 ശതമാനം. മറ്റു കക്ഷികൾ – 28 ശതമാനം.
ലോക് സഭ പ്രചരണത്തിന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല വിലക്ക്. ജീര്‍ണിക്കുന്ന വസ്തുക്കള്‍ മാത്രമേ പ്രചരണത്തിനായി ഉപയോഗിക്കാവൂ എന്നാണ് ഉത്തരവില്‍ പറയുന്നത്. പ്ലാസ്റ്റിക് ഫ്‌ളക്‌സ് ബോഡുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിന്‍ മേലാണ് കോടതിയുടെ ഉത്തരവ്. പ്ലാസ്റ്റിക് ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റും ഉപയോഗിക്കുകയാണെങ്കില്‍ കര്‍ശന നടപടിയെടുക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുകള്‍ കൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണം നടത്തരുതെന്ന് നേരത്തെ ഇലക്ഷന്‍ കമ്മിഷന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബഞ്ചിന്റെ ഈ ഇടക്കാല ഉത്തരവ്.
എത്യോപ്യന്‍ എയര്‍ലൈസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട നാല് ഇന്ത്യക്കാരില്‍ എന്‍വയോണ്‍മെന്റ് മിനിസ്ട്രീ കണ്‍സള്‍ട്ടന്റുമുണ്ടായിരുന്നുവെന്നത് സ്ഥിരീകരിച്ചു. ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥകൂടിയായ ശിഖ ഗാര്‍ഗിയാണ് മരണപ്പെട്ട ഇന്ത്യക്കാരില്‍ ഒരാളെന്ന് വിദേശകാര്യമന്ത്രി സുഷമാസ്വരാജ് അറിയിച്ചിരുന്നു. ശിഖ ഗാര്‍ഗിനെ കൂടാതെ വൈദ്യ പന്നഗേഷ് ഭാസ്‌ക്കര്‍, വൈദ്യ ഹന്‍സിന്‍ അന്നഗേഷ്, നുക്കവരപു മനീഷ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
നയ്‌റോബിയിലെ യുഎന്നിന്റെ പരിസ്ഥിതി പരിപാടിയില്‍ (യുഎന്‍ഇപി സമ്മേളനം) പങ്കെടുക്കാനാണ് ശിഖ ഗാര്‍ഗി എത്യോപ്യന്‍ വിമാനത്തില്‍ യാത്ര ചെയ്തത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ശിഖ ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥയുമാണ്. പരിസ്ഥിതി വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യന്‍ കണ്‍സള്‍ട്ടന്റാണ് ശിഖ.
എത്യോപ്യന്‍ എയര്‍ലൈസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യാക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സുഷമാസ്വരാജ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയില്‍ നിന്ന് കെനിയന്‍ തലസ്ഥാനമായ നയ്റോബിയിലേയ്ക്ക് പോയ എത്യോപ്യന്‍ എയര്‍ലൈന്‍സ് ബോയിംഗ് 737 – ഇ ടി 302 വിമാനം തകര്‍ന്ന് 157 പേരാണ് മരിച്ചത്. എത്യോപ്യന്‍ സര്‍ക്കാരും മധ്യമങ്ങളും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ആഡിസ് അബാബയില്‍ നിന്ന് 62 കിലോമീറ്റര്‍ അകലെ ബിഷോഫ്റ്റുവിലാണ് ഫ്ളൈറ്റ് ഇ.ടി.302 തകര്‍ന്നുവീണത്.
149 യാത്രക്കാരും പൈലറ്റുമാരടക്കം എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ 8.38ന് (പ്രാദേശിക സമയം) പുറപ്പെട്ട വിമാനവുമായി കണ്‍ട്രോള്‍ ടവറിനുള്ള ബന്ധം 8.44ഓടെ നഷ്ടമാവുകയായിരുന്നു. ആഫ്രിക്കയിലെ തന്നെ ഏറ്റവുമധികം സര്‍വീസുകള്‍ നടത്തുന്ന കമ്പനികളിലൊന്നാണ് എത്യോപ്യന്‍ എയര്‍ലൈന്‍സ്. 32 രാജ്യങ്ങളില്‍ നിന്നുള്ള യാത്രകാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
My colleague Dr.Harshvardhan has confirmed that Ms.Shikha Garg is a Consultant with Ministry of Environment and Forests. She was travelling to attend UNEP meeting in Nairobi. I am trying to reach the families of other Indian nationals. PL RT and help. @IndiaInEthiopia /3
— Sushma Swaraj (@SushmaSwaraj) March 10, 2019
സിപിഎം സ്ഥനാർഥി പട്ടിക പ്രഖ്യാപിച്ച് പ്രചാരണത്തിലും മുന്നേറ്റം തുടങ്ങിക്കഴിഞ്ഞു. ഒൗദ്യോഗികപ്രഖ്യാപനം നടന്നിട്ടില്ലെങ്കിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയവും അവസാനഘട്ടത്തിലാണ്. ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധനേടുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. പാലക്കാട് ആരെ സ്ഥാനാർഥിയാക്കണമെന്ന ചോദ്യം ഏറെ ആശങ്കയിലൂടെയും ചർച്ചകളിലൂടെയും കടന്നുപോവുകയാണ്. കോൺഗ്രസ് പ്രവർത്തകർക്കായി രാഹുൽ ഗാന്ധി അവതരിപ്പിച്ച ശക്തി മൊബൈൽ ആപ്പ് വഴി നടത്തിയ സർവ്വേയിൽ ഏറ്റവും കൂടുതൽ പേർ പിന്തുണച്ചത് ഷാഫി പറമ്പിൽ എംഎൽഎയാണ്.
എം.ബി രാജേഷിനെ പോലെ കരുത്താനായ എതിരാളിയെ നേരിടാൻ പോന്നതാരെന്ന ചോദ്യത്തിലാണ് കോൺഗ്രസ്. എന്നാൽ മണ്ഡലത്തിലേക്ക് പരിഗണിക്കാൻ യോഗ്യരായ നിരവധി പേർ പാർട്ടിയിലുണ്ടെന്നും നിലവിലെ എംഎൽഎയായിരിക്കെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ഫാഫി പറമ്പിലിന്റെ നിലപാട്. ഇക്കാര്യത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം നിർണായകമാണ്. ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്റെ പേരാണ് പാലക്കാട് സീറ്റിലേക്ക് കെപിസിസി പ്രഥമപരിഗണന നൽകി സമർപ്പിച്ചിട്ടുള്ളത്.
ഇപ്പോള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്ന ചര്‍ച്ചകളില്‍ സംഭവിക്കുന്നത് ഇതാണ്: കണ്ണൂരില്‍ കെ.സുധാകരന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും. ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കണമോ എന്ന കാര്യത്തിൽ തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ടു. കേരളത്തിലെ സ്ഥാനാർഥി പട്ടിക തീരുമാനിക്കുന്നതിനുള്ള കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി യോഗം ഡൽഹിയിൽ പുരോഗമിക്കുന്നു.
മുതിർന്ന നേതാക്കൾ മത്സര രംഗത്ത് ഇറങ്ങണമെന്ന പൊതു വികാരാമുയർന്ന പശ്ചാത്തലത്തിലാണ് ഉമ്മൻ ചാണ്ടിയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും സ്ഥാനാർത്ഥിത്വം ഡൽഹിയിൽ ചർച്ച ആയത്. നിർണായക തീരുമാനം കോൺഗ്രസ് അധ്യക്ഷന് വിടാൻ സ്ക്രീനിങ് കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.
ശാരീരിക അസ്വാസ്ഥ്യം മൂലം വിട്ടു നിൽക്കാൻ അനുവദിക്കണമെന്ന് അഭ്യര്ഥിച്ചെങ്കിലും മത്സരിക്കണമെന്ന ഹൈക്കമാൻഡ് നിർദേശം കെ സുധാകരൻ അംഗീകരിക്കുകയായിരുന്നു എന്നാണ് സൂചന. വയനാട്ടിൽ ഷാനിമോൾ ഉസ്മാന്റെ പേരിനാണ് പ്രഥമ പരിഗണന. പത്തനംതിട്ടയിൽ ആന്റോ ആന്റണി തന്നെയാകും സ്ഥാനാർഥി. ആലപ്പുഴയിൽ അടൂർ പ്രകാശിന്റെ പേര് പരിഗണനയിൽ ഉണ്ടെങ്കിലും ആറ്റിങ്ങൽ വിട്ട് മത്സരിക്കാൻ അദ്ദേഹം തയ്യാറായേക്കില്ല. കാസർകോഡ് പി സി വിഷ്ണുനാഥിന്റെ പേരും പരിഗണനയിലുണ്ട്. എം.എൽ. എ മാരെ മത്സരിപ്പിക്കുന്ന കാര്യത്തിൽ അഭിപ്രായ സമന്വയത്തിൽ എത്താൻ പാർട്ടിക്കായിട്ടില്ല.
ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ, മുകുൾ വാസ്നിക് എന്നിവരാണ് സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നത്.
വിവാഹ ദിനത്തിൽ വരൻ മദ്യപിച്ചെത്തിയതിനാൽ വിവാഹമേ വേണ്ടെന്നു വച്ച് ബീഹാർ സ്വദേശിനി. ബീഹാറിലെ പാറ്റ്നയിലാണ് സംഭവം. വരൻ നന്നായി മദ്യപിച്ചാണ് പന്തലിലെത്തിയതെന്നു മനസിലാക്കിയതിനു പിന്നാലെ വധുവായ കുമാരി എന്ന പെൺകുട്ടി പന്തലിൽ നിന്നിറങ്ങിപ്പോയി.
താലിചാർത്താനെത്തിയ വരന് പന്തലിൽ നിൽക്കാൻപോലുമാകുമായിരുന്നില്ലെന്നും അതിനാലാണ് മകൾ വിവാഹം വേണ്ടെന്നുവച്ചതെന്നും പെൺകുട്ടിയുടെ പിതാവ് ത്രിഭുവൻ ഷാ പറഞ്ഞു. കുമാരിയെ സമ്മർദം ചെലുത്തി പന്തലിൽ തിരികെയെത്തിക്കുന്നതിന് വരന്റെയും വധുവിന്റെയും ബന്ധുക്കൾ ശ്രമിച്ചെങ്കിലും ഉറച്ച നിലപാടിയിരുന്നു കുട്ടി.
അതേസമയം, കുമാരി പന്തലിൽ നിന്ന് മടങ്ങിയെങ്കിലും വരനെ സ്ത്രീധനമായി നൽകിയ സ്വർണവും പണവും തിരികെ ഏൽപിച്ചതിനു ശേഷമാണ് ബന്ധുക്കൾ പോകാൻ അനുവദിച്ചത്.
ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് അമ്മയും രണ്ടു പെണ്‍മക്കളും വെന്തുമരിച്ചു. കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവും ഒരു മകളും രക്ഷപ്പെട്ടു. അഞ്ജന മിശ്ര (34), മക്കളായ രിഥി (2), നിക്കി (5) എന്നിവരാണ് മരിച്ചത്. കാറില്‍ തീപടര്‍ന്നയുടന്‍ ഭര്‍ത്താവ് ഉപേന്ദര്‍ മിശ്ര മുന്‍സീറ്റിലുണ്ടായിരുന്ന മകളെയും കൊണ്ട് പുറത്തുചാടി. ബാക്കിയുള്ളവരെ രക്ഷിക്കാന്‍ ഉപേന്ദര്‍ ശ്രമിച്ചെങ്കിലും പെട്ടെന്നു തീ പടരുകയായിരുന്നു. പിന്‍സീറ്റില്‍ ഇരുന്ന മൂന്നു പേരുടെയും ശരീരം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞുപോയി.
കിഴക്കന്‍ ഡല്‍ഹിയിലെ അക്ഷര്‍ധാം മേല്‍പ്പാലത്തില്‍ ഞായറാഴ്ച വൈകിട്ട് 6.30-നായിരുന്നു സംഭവം. അക്ഷര്‍ധാം ക്ഷേത്രത്തിന്റെ ഭാഗത്തേക്കു പോകുമ്പോഴാണ് കാറിനു തീപിടിച്ചത്. കാറിലുണ്ടായിരുന്ന സിഎന്‍ജി ചോര്‍ന്നതാണ് തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ബോണറ്റില്‍നിന്ന് ചെറിയ തീപ്പൊരി വന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഉപേന്ദര്‍ കാര്‍ നിര്‍ത്തി പരിശോധിക്കാനായി റോഡരികിലേക്ക് മാറ്റി. എന്നാല്‍ കാര്‍ നിര്‍ത്തുന്നതിനു മുമ്പു തന്നെ പിന്നില്‍നിന്നു തീപടരുകയായിരുന്നു.
പെട്ടെന്നു തന്നെ മുന്‍സീറ്റില്‍ ഇരുന്ന മൂന്നുവയസുകാരിയായ സിദ്ധിയെയും വാരിയെടുത്ത് ഉപേന്ദര്‍ പുറത്തുചാടി. എന്നാല്‍ അഞ്ജനയ്ക്കു ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ല. അവരും രണ്ടു കുട്ടികളും കാറിനുള്ളില്‍ കുടുങ്ങി അഗ്നിക്കിരയായി. ഡോറിന്റെ ചില്ലു പൊട്ടിച്ച് ഭാര്യയെയും മക്കളെയും പുറത്തെടുക്കാന്‍ ഉപേന്ദര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
അതിവേഗത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന മേല്‍പ്പാലത്തില്‍ കുടുംബത്തിന്റെ ജീവന്‍ രക്ഷിക്കാനായി ഉപേന്ദര്‍ അലറിവിളിച്ചെങ്കിലും ഒരാള്‍ പോലും വാഹനം നിര്‍ത്താന്‍ തയാറായില്ല. പിന്നീടെത്തിയ ചിലര്‍ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നിരുന്നു. അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ അഞ്ജനയും മക്കളും അഗ്നിക്കിരയായിരുന്നു.
ഗാസിയാബാദിലെ ലോണിയില്‍ താമസിക്കുന്ന കുടുംബം കല്‍ക്കാജി ക്ഷേത്രത്തിലേക്കു പോയതാണ്. തിരിച്ചുവരുമ്പോള്‍ അക്ഷര്‍ധാം ക്ഷേത്രം കാണണമെന്നു കുട്ടികള്‍ വാശിപിടിച്ചു. പെട്ടെന്ന് കാര്‍ തിരിച്ച് അവിടേയ്ക്കു പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് ഉപേന്ദര്‍ പറഞ്ഞു. കണ്‍മുന്നില്‍ ഭാര്യയും കുഞ്ഞുങ്ങളും വെന്തെരിയുന്നത് നിസ്സഹായനായി നോക്കിനില്‍ക്കേണ്ടിവന്നതിന്റെ ഞെട്ടലില്‍നിന്ന് ഉപേന്ദര്‍ മുക്തനായിട്ടില്ല.
കൊച്ചി കാക്കനാടിന് അടുത്ത് പാലച്ചുവടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം സദാചാര കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ഏഴുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സുഹൃത്തായ യുവതിയെ കാണാൻ രാത്രിയെത്തിയ യുവാവ് ജിബിൻ വർഗീസിനെയാണ് ഒരുസംഘം ആളുകൾ തടഞ്ഞുവച്ച് മർദ്ദിച്ചത്.
മൂന്നു മണിക്കൂറിലേറെ നീണ്ട മർദനത്തിനൊടുവിൽ ജിബിൻ മരിച്ചപ്പോൾ മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു. യുവതിയുടെ ഭർത്താവും പിതാവും അടക്കമുള്ളവർ കൊലക്കേസിൽ പ്രതികളായി.
പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എസ്.സുരേന്ദ്രന്‍ അറിയിച്ചു. അറസ്റ്റിലായ ഏഴുപ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വാഴക്കാല സ്വദേശി അസീസിന്റെ നേതൃത്വത്തില്‍ ചക്കരപ്പറമ്പ് സ്വദേശിയായ ജിബിന്‍ വര്‍ഗീസിനെ വീടിന്റെ ഏണിപ്പടിയില്‍ കെട്ടിയിട്ട് രണ്ട് മണിക്കൂറിലേറെ മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപ്പെടുത്തിയശേഷം വാഹനാപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ജിബിനെ പ്രതികള്‍ തന്ത്രപൂര്‍വം വാഴക്കാലയിലെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം ആസൂത്രിതമാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പൊലീസ് അറിയിച്ചു.
ജിബിന് (34) ക്രൂര മർദനമേറ്റതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു. തലയ്ക്കു ക്ഷതമേറ്റിട്ടുണ്ട്. എറണാകുളം മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻ നടത്തിയ പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിവരങ്ങളാണ് പൊലീസിനു ലഭിച്ചത്.
വാഴക്കാല കുണ്ടുവേലിയിലെ മർദനം നടന്ന വീട് പൊലീസ് വിശദമായി പരിശോധിച്ചു. വീട്ടിലെ സ്ത്രീകൾ സംഭവം വിശദീകരിച്ചതിന്റെ ശബ്ദരേഖ പൊലീസ് റെക്കോർഡ് ചെയ്തിട്ടുണ്ട്. ജിബിനെ കെട്ടിയിട്ടു മർദിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം. കുണ്ടുവേലിയിലെ വീട്ടിലേക്ക് അർധരാത്രി ജിബിൻ പോകുന്നതു കണ്ട് അവിടെ നിന്നിരുന്നവർ ജിബിനെ പിന്തുടർന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇവരിൽ ചിലരും മർദനത്തിൽ പങ്കാളികളായി. ഇവരും കേസിൽ പ്രതികളാകും. ഏതാനും പേർ ഒളിവിലാണ്.
മർദനം നടന്ന വീട്ടിലുള്ളവരുടെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ 7 പേർ കസ്റ്റഡിയിലുണ്ട്. വാഴക്കാലയിൽ താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ വഴിയാണ് രണ്ടു പ്രതികൾ ഇന്നലെ രാവിലെ തൃക്കാക്കര പൊലീസ് സ്‌റ്റേഷനിൽ ഹാജരായത്. മറ്റൊരു പ്രതി ഉച്ചയ്ക്കും ഹാജരായി. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 6 പേരെക്കൂടി പൊലീസ് തിരയുന്നുണ്ട്.
ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. ഇവർ തങ്ങളുമായി ബന്ധപ്പെടുന്നില്ലെന്നാണ് കുടുംബാംഗങ്ങൾ പൊലീസിനോടു പറയുന്നത്. ഇന്നോ നാളെയോ ഇവർ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകുമെന്ന സൂചനയുമുണ്ട്. ശനിയാഴ്ച പുലർച്ചെ നാലിനാണ് ജിബിനെ മരിച്ച നിലയിൽ റോഡരികിൽ കണ്ടെത്തിയത്. ജിബിൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മൃതദേഹത്തിനു സമീപം മറിഞ്ഞു കിടപ്പുണ്ടായിരുന്നു. റോഡപകടമെന്ന് ആദ്യം കരുതിയെങ്കിലും കൊലപാതകമാണെന്ന സൂചന ലഭിച്ചതോടെ പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു.
ജിബിന്റെ സുഹൃത്തുക്കളിൽ നിന്നു ലഭിച്ച വിവരമാണ് അന്വേഷണം എളുപ്പമാകാൻ പൊലീസിനു സഹായകരമായത്. വീട്ടുകാരും മറ്റു ചിലരും ചേർന്നു മർദിച്ചവശനാക്കിയ ജിബിനെ ഓട്ടോറിക്ഷയിൽ കയറ്റി പാലച്ചുവട് പാലത്തിനു സമീപം വഴിയരികിൽ തള്ളിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. സ്കൂട്ടറും ഇവിടെ കൊണ്ടുവന്നു മറിച്ചിട്ടു. ജിബിനെ റോഡിൽ തള്ളാൻ കൊണ്ടുപോയ ഓട്ടോറിക്ഷ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയും ഒട്ടേറെ പേരെ പൊലീസ് ചോദ്യം ചെയ്തു.
പത്തനംതിട്ട: ഉത്സവ-മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങള്‍ ഏതാണ്ട് കെട്ടടിങ്ങിയതായിട്ടാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അക്രമസാധ്യതകള്‍ ഇല്ലാത്തതിനാല്‍ തന്നെ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടെന്ന് നിലപാടിലാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ്. ഇത്തവണ 300 പോലീസുകാര്‍ മാത്രമാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സുരക്ഷയൊരുക്കുക.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്ക് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയധികം കുറവ് സുരക്ഷാ ക്രമീകരണങ്ങളുമായി ശബരിമല തുറക്കുന്നത്. കഴിഞ്ഞ മാസം പൂജകള്‍ക്കായി നട തുറന്ന സമയത്ത് ഏതാണ്ട് 1500 പോലീസുകാരാണ് സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്നത്. മണ്ഡലകാലത്ത് 3000ത്തിലധികം പോലീസുകാരും ഐ.ജി നേതൃത്വത്തിലുള്ള ഉന്നത സംഘവുമാണ് സുരക്ഷയൊരുക്കിയിരുന്നത്. എന്നാല്‍ ഇത്തവണ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പോലീസുകാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിരിക്കെ ശബരിമലയില്‍ അനിഷ്ട സംഭവങ്ങളൊന്നും സൃഷ്ടിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ മുതിര്‍ന്നേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉത്സവ,മീനമാസ പൂജകള്‍ക്കായി പതിനൊന്ന് ദിവസത്തേക്കാണ് ശബരിമല തുറന്നിരിക്കുന്നത്. സ്ത്രീപ്രവേശന വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറയാത്തതിനാല്‍ തന്നെ യുവതികളും ദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവതികളെത്തിയാല്‍ തടയുമെന്ന നിലപാടിലാണ് ശബരിമല കര്‍മ്മ സമിതി ഉള്‍പ്പെടെയുള്ള സംഘടനകള്‍.
തിരുവനന്തപുരം: തെരെഞ്ഞടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന് രാഹുല്‍ ഗാന്ധി രണ്ടു ദിവസത്തെ പര്യടനത്തിനായി മാര്‍ച്ച് 13ന് കേരളത്തിലെത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. 14ന് രാവിലെ 10ന് രാഹുല്‍ ഗാന്ധി തൃശൂര്‍ തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ ഫിഷര്‍മാന്‍ പാര്‍ലമെന്റില്‍ സംബന്ധിക്കും. തുടര്‍ന്ന് പുല്‍വാമയില്‍ വീരമൃത്യുവഹിച്ച വയനാട് സ്വദേശിയായ വീരസൈനികന് വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. അതിനുശേഷം രാഹുല്‍ഗാന്ധി പെരിയയില്‍ സിപിഎം അക്രമികള്‍ കൊലപ്പെടുത്തിയ കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിനു കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മലബാര്‍ജില്ലകളുടെ ജനമഹാറാലിയെ രാഹുല്‍ഗാന്ധി അഭിസംബോധന ചെയ്യും. കോഴിക്കോട്, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് ഡിസിസി അധ്യക്ഷന്മാരുടെ മേല്‍നോട്ടത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. കെപിസിസി പ്രസിഡന്റ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി,എഐസിസി ജനറല്‍ സെക്രട്ടിമാരായ മുകുള്‍ വാസനിക്, ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അഡിസ് അബാബ: തകര്‍ന്നുവീണ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരില്‍ നാല് ഇന്ത്യക്കാരും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. 149 യാത്രക്കാരും എട്ടു ജീവനക്കാരും ഉള്‍പ്പെടെ 157 പേരാണ് അപകട സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായി എത്യോപ്യയിലെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.
എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയില്‍നിന്ന് കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലേക്കു തിരിച്ച ഇ ടി 302 വിമാനമാണ് പറയന്നുയര്‍ന്ന് കുറച്ചുസമയത്തിനുള്ളില്‍ തകര്‍ന്നുവീണത്. ബിഷോപ്ടു നഗരത്തിനു സമീപത്തെ ടുളു ഫരയിലാണ് വിമാനം തകര്‍ന്നുവീണത്. ഇന്ത്യ ഉള്‍പ്പെടെ 32 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച രാവിലെ 8.44 (പ്രാദേശിക സമയം) ഓടെയായിരുന്നു അപകടം. ബോയിങ് 737-800 മാക്സ് വിമാനമാണ് അപകടത്തില്‍പെട്ടത്. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ എത്യോപ്യന്‍ പ്രസിഡന്റ് അനുശോചനം അറിയിച്ചിട്ടുണ്ട്.