India

കുര്‍നൂല്‍: അമ്മയുടെ അഗ്രഹപ്രകാരം ഇരുപത്തിമൂന്നുകാരിയെ വിവാഹം കഴിച്ച പതിമൂന്നുകാരന്‍ വെട്ടിലായി. ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയിലെ ഉപ്പറഹള്‍ ഗ്രാമത്തിലായിരുന്നു വിചിത്രസംഭവം അരങ്ങേറിയത്. വിവാഹത്തിന്റെ ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്. ഇതോടെ വരനും വധുവും ഉള്‍പ്പെടെ അടുത്ത ബന്ധുക്കളും ഒളിവിലാണ്. രണ്ട് ആണ്‍മക്കളും രണ്ടു പെണ്‍മക്കളും ഉള്‍പ്പെടുന്നതാണ് വരന്റെ കുടുംബം 13 വയസുകാരനായ മൂത്ത ആണ്‍കുട്ടിയെക്കൊണ്ട് രോഗിയായ അമ്മ കുടുംബം നോക്കിനടത്താന്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ വേണമെന്ന ആഗ്രഹത്തില്‍ വിവാഹം കഴിപ്പിക്കുകയായിരുന്നു.

ഭര്‍ത്താവ് മദ്യപാനികൂടി ആയതോടെ തന്റെ മരണശേഷം കുടുംബം നോക്കി നടത്താനാണ് വിവാഹം നടത്തിയത്. കര്‍ണാടകയിലെ ബെല്ലാരിയിലെ ചണിക്കണനൂര്‍ ഗ്രാമത്തില്‍ നിന്നാണ് വധു. ഏപ്രില്‍ 23 നു ആരംഭിച്ച വിവാഹകര്‍മ്മങ്ങള്‍ ഏപ്രില്‍ 27 നു പുലര്‍ച്ചെയാണ് അവസാനിച്ചത്. സംഭവം പുറത്തായതോടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഇരുകൂട്ടരും ഒളിവിലാണ്. രണ്ടുദിവസത്തിനകം വരനെയും വധുവിനെയും അധികൃതരുടെ മുമ്പില്‍ ഹാജരാക്കിയില്ലെങ്കില്‍ ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് തഹസില്‍ദാര്‍ വ്യക്തമാക്കി. എന്തായാലും ഓടിച്ചാടി നടക്കേണ്ട പ്രായത്തില്‍ വിവാഹം കഴിച്ചതിന്റെ ഞെട്ടലിലാണ് പതിമൂന്നുകാരന്‍.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കൊച്ചിയില്‍ പോസ്റ്ററുകള്‍. കര്‍ദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ പളളികള്‍ക്ക് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

ആര്‍ച്ച് ഡയോസിയന്‍ മൂവ്‌മെന്റിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഭൂമി കുംഭകോണം നടത്തിയ കര്‍ദിനാള്‍ സ്ഥാനമൊഴിയണമെന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്. പളളികള്‍ക്ക് മുന്നിലും പൊതു ഇടങ്ങളിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഭൂമിയിടപാടില്‍ ക്രിമിനല്‍ ഗൂഢാലോചന, സാമ്പത്തിക തിരിമറി, വിശ്വാസ വഞ്ചന എന്നിവ നടന്നുവെന്നും പോസ്റ്റര്‍ ആരോപിക്കുന്നു.

കെസിബിസിയുടെ നേതൃത്വത്തില്‍ വിശുദ്ധ വാരാചരണത്തില്‍ വിമത വിഭാഗവമായി സമവായ നീക്കം നടത്തിയിരുന്നു. വിമത വിഭാഗത്തിന് ഒരു വിഭാഗം വൈദികരുടെ പിന്തുണയുമുണ്ട്. കോട്ടപ്പടി ഭൂമി വില്‍പ്പനയെ ചൊല്ലി സീറോ മലബാര്‍ സഭവൈദികര്‍ക്കിടയില്‍ വീണ്ടും ഭിന്നത ഉടലെടുത്തിരുന്നു. വൈദിക സമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വൈദികര്‍ സഭാ സിനഡിന് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് വിശ്വാസികളുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

മലപ്പുറം: സിനിമ തിയേറ്ററിനുള്ളിലെ ബാലപീഡനത്തില്‍ പൊലീസ് ചോദ്യം ചെയ്ത കുട്ടിയുടെ അമ്മയുടെ മൊഴി പുറത്ത്. മകളെ മൊയ്തീന്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കുന്നത് താന്‍ അറിഞ്ഞിട്ടില്ലെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.

മൊയ്തീന്‍കുട്ടിയെ  പരിചയമുണ്ടെന്നും എന്നാല്‍ തങ്ങള്‍ ഒന്നിച്ചല്ല സിനിമ കാണാന്‍ വന്നതെന്നുമായിരുന്നു പെണ്‍കുട്ടിയുടെ അമ്മ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ അമ്മയുടെ അറിവോടെയാണ് കുട്ടിക്ക് നേരേ പീഡനം ഉണ്ടായതെന്നും കേസില്‍ അമ്മയേയും പ്രതി ചേര്‍ക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അടക്കമുള്ളവര്‍ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഈ വിഷയത്തില്‍ അമ്മയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. പീഡനത്തിന് കൂട്ടു നിന്ന കേസിലാണ് കേസെടുത്തതെന്നാണ്പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

അതേസമയം ആരോപണങ്ങള്‍ നിഷേധിക്കുന്ന അമ്മയുടെ മൊഴി വിശ്വസനീയമല്ലെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിന് ഇരയായ കുട്ടിയും കുടുംബവും കഴിഞ്ഞത് പ്രതി മൊയ്തീന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.കുട്ടിയെ പ്രതി ഇതിനുമുമ്പും പീഡനത്തിന് ഇരയാക്കിയതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയെ ഇപ്പോള്‍ റസ്‌ക്യൂ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

ന്യൂദല്‍ഹി: അയോധ്യക്കേസില്‍ സുപ്രീം കോടതി വിധി എതിരായാലും രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുക്കള്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് വി.എച്ച്.പി നേതാവിന്റെ ഭീഷണി. വിശ്വ ഹിന്ദു പരിഷത്തിന്റെ പുതിയ പ്രസിഡന്റായ വി.എസ് കോക്‌ജെയാണ് ഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നത്.കോടതി വിധി വിശ്വാസത്തിന് എതിരായാല്‍ നിയമം നിര്‍മ്മിക്കാനായി ഹിന്ദുക്കള്‍ പ്രാദേശിക എം.പിമാര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹരിദ്വാര്‍ സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യ വിഷയത്തില്‍ ആറേഴ് മാസത്തിനുള്ളില്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി നാലുവര്‍ഷത്തിനിടെ എന്തുകൊണ്ടാണ് ഇത്തരമൊരു നിയമം ഉണ്ടാക്കാതിരുന്നത് എന്ന ചോദ്യത്തിന് എല്ലാ ശ്രമങ്ങളും സര്‍ക്കാറിന് എടുക്കാന്‍ കഴിയില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘ പതുക്കെയാണെങ്കിലും ആവശ്യമായ നടപടികള്‍ എടുക്കും. കുറഞ്ഞത് കാവി ഭീകരതയുടെ പേരില്‍ പാവപ്പെട്ട ഹിന്ദു യുവാക്കള്‍ക്കുമേല്‍ അതിക്രമങ്ങളെങ്കിലും നടക്കാതിരിക്കണം.’

അയോധ്യക്കേസില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിയ്‌ക്കെതിരെയുള്ള അപ്പീലുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മെയ് 15നാണ് കോടതിയില്‍ ഈ ഹര്‍ജിയിന്മേല്‍ അടുത്ത വാദം നടക്കുക. ഈ സാഹചര്യത്തിലാണ് വി.എച്ച്.പി നേതാവിന്റെ പ്രതികരണം വന്നിരിക്കുന്നത്.

ഹിമാചല്‍ മുന്‍ പ്രദേശ് ഗവര്‍ണറും മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജിയുമായ കോക്‌ജെ കഴിഞ്ഞമാസമാണ് വി.എച്ച്.പി ഇന്റര്‍നാഷണല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

മാമനെങ്കിലും പറയണം എന്തിനാണ് എന്റെ അച്ഛനെ കഴുത്തറുത്തു കൊന്നത്? അച്ഛന്‍ എന്തു തെറ്റാ ചെയ്തത്? ബി ജെ പി നേതാവ് കൃഷ്ണദാസിന് കൊല്ലപ്പെട്ട് ബാബുവിന്റെ മകളുടെ കത്ത്. ഇത് അച്ഛന്‍ നഷ്ട്ടപ്പെട്ട ഒരു മകളുടെ വിലാപം. കൊല്ലപ്പെട്ട സി പി എം പ്രവര്‍ത്തകന്‍ ബാബുവിന്റെ മകള്‍ അനാമികയാണ് ബി ജെ പി നേതാവ് കൃഷ്ണദാസിന് കത്ത് എഴുതിയത്. എന്തിനാണ് എന്റെ അച്ഛനെ കഴുത്തറുത്തു കൊന്നത്, മാമന്‍ എങ്കിലും പറയണം എന്തിനാണ് ഞങ്ങളുടെ കുഞ്ഞു സന്തോഷങ്ങള്‍ ഇല്ലാതാക്കി എന്ന് എന്നും കത്തിലൂടെ അനാമിക ചോദിക്കുന്നു.

കത്തിന്‍റെ പൂര്‍ണ്ണരൂപം. 

ഇവിടെ ഒരു ചില്ലലമാരയുടെ മുന്നിലിരുന്നാണ് ഞാനീ കത്തെഴുതുന്നത്. ആ അലമാരിക്കകത്ത് അന്ന് മാമന്‍ തന്ന ഒരു സമ്മാനമുണ്ട്. മികച്ച പൊതുപ്രവര്‍ത്തകനുള്ള അംഗീകാരത്തിന് അച്ഛന് നല്‍കിയ സമ്മാനം. അതിന് ഇന്ന് അച്ഛന്റെ മണമില്ല. അതിന് ചോരയുടെ മണമാണ്. ഞാനിതുവരെ അനുഭവിച്ചിട്ടില്ലാത്ത മണം. നന്ദൂട്ടന്(എന്റെ കുഞ്ഞനിയന്‍) പുതിയ യൂണിഫോം തുണി വാങ്ങാന്‍ ഞങ്ങളൊരുമിച്ചാണ് പോയത്. തിരികെ ഞങ്ങളെ വീട്ടിലാക്കി ഇപ്പോ വരാന്നു പറഞ്ഞ് പോയതാണ് അച്ഛന്‍… രാത്രി വൈകുവോളം കാത്തിരിന്നിട്ടും വന്നില്ല. പിറ്റേന്ന് വൈകിട്ടാണ് ഞങ്ങളുടെ അച്ഛന്‍ വന്നത്. ചുവന്ന തുണിയില്‍പൊതിഞ്ഞ്. വീട്ടിലേക്കുള്ള വഴിയില്‍, ഒരു വിളിപ്പാടകലെ അച്ഛന്റെ പ്രാണന്‍ പിടയുമ്പോള്‍ ഞങ്ങള്‍ ഇവിടെ വീട്ടില്‍ ഒന്നുമറിയാതെ, പുതിയ കുപ്പായത്തെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും പറഞ്ഞ് കളിച്ച് ചിരിച്ച്… എന്തിനായിരുന്നു ഞങ്ങളുടെ ഈ കൊച്ചു സന്തോഷം നിങ്ങള്‍ തല്ലിക്കെടുത്തിയത്.

മാമന് ഓര്‍മയുണ്ടോ, ബാബുവിന്റെ നേതൃത്വത്തില്‍ ബൈപാസ് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്നല്ലേ അന്ന് ഞങ്ങളുടെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മാമന്‍ പറഞ്ഞത്. അച്ഛനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും പറഞ്ഞില്ലേ? ഞാനും അമ്മയും അനിയത്തിയും അനിയനും അമ്മമ്മയുമെല്ലാം അന്ന് അവിടെ വന്നിരുന്നു. എത്ര സന്തോഷത്തോടെയാണ് ഞങ്ങള്‍ അന്നു മടങ്ങിയത്. എന്റെ അച്ഛന്‍ എല്ലാ പാര്‍ടിക്കാരെയും ഒരുപോലെയല്ലേ കണ്ടിരുന്നത്. എന്നിട്ടുമെന്തിനാണ് മാമാ എന്റെ അച്ഛനെ നിങ്ങളുടെ കൂട്ടര്‍ കൊന്നത്? അച്ഛന്‍ ഇനിയില്ലെന്ന് എനിക്കറിയാം. പക്ഷേ എന്റെ കുഞ്ഞനിയനോ..? അവന് അച്ഛന്‍ മരിച്ചെന്നോ, അച്ഛന്‍ ഇനിയൊരിക്കലും വരില്ലെന്നോ ഒന്നുമറിയില്ല. അതുകൊണ്ടാവണം അച്ഛന്‍ എപ്പോ വരുമെന്ന് അവന്‍ ഇടക്കിടെ ചോദിക്കുന്നത്. മാമനെങ്കിലും പറയണം എന്തിനാണ് എന്റെ അച്ഛനെ കഴുത്തുറുത്തുകൊന്നതെന്ന്..? അച്ഛന്‍ എന്തു തെറ്റാ ചെയ്തതെന്ന്..?

 

മുഖ്യമന്ത്രി പങ്കെടുത്ത പൗരപ്രമുഖരുടെ കൂടിക്കാഴ്ച യോഗത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു. എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നാണ് മുഖ്യമന്ത്രിപിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം മാധ്യമപ്രര്‍വര്‍ത്തകരെ ഇറക്കിവിട്ടത്.

മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷ പ്രസംഗം നടത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഹാളിലുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കൂ എന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അധ്യക്ഷനായ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മൈക്കിലൂടെ അറിയച്ചു. എഴുന്നേറ്റു പോകാന്‍ തയ്യാറാവാത്ത മാധ്യമപ്രവര്‍ത്തകരോട് തുടര്‍ന്ന് ഇറങ്ങിപ്പോകാന്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശനും ആവശ്യപ്പെട്ടു.

ഇരുവരും വേദിയില്‍ നിന്ന്ഇറങ്ങി വന്ന് മാധ്യമപ്രവര്‍ത്തകരോട് ഹാളില്‍ നിന്നും പുറത്തിറങ്ങണമെന്നു ആവശ്യപെടുകയായിരുന്നു. ഹാളിനു പുറത്തിറങ്ങിയ മാധ്യമ പ്രവര്‍ത്തകരെ ചില നേതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമം നടത്തി. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി.

പ്രണയം നിര്‍വചനങ്ങളില്ലാത്ത വിസ്മയം. പ്രണയം പോലെ ജീവിതത്തില്‍ മധുരതരമായ മറ്റൊന്നില്ലെന്ന് ചിലര്‍ പറയാറുണ്ട്.  മിക്കവാറും കൗമാരപ്രായത്തിലോ യൗവ്വനാരംഭത്തിലോ ആയിരിക്കും ആദ്യ പ്രണയം. ഇക്കാലത്ത് ആ പ്രണയത്തിന് വേണ്ടി സര്‍വ്വവും മറ്റിവെക്കുന്ന അവസ്ഥയിലായിരിക്കും. അത്രയേറെ മനസില്‍ ആഴ്ന്നിറങ്ങിയ പ്രണയാനുഭവമായിരിക്കും അത്. ഈ തീവ്രതയാകാം പ്രണയത്തിന് അവിസ്മരണീയതയേകുന്നത്. ഏതു സങ്കല്‍പ്പ കഥകളെയും തോല്‍പ്പിക്കുന്ന തരത്തിലാകും യഥാര്‍ത്ഥ ജീവിതത്തില്‍ പ്രണയത്തിന്റ ഇടപെടലുകള്‍. മനുഷ്യനുണ്ടായ കാലം മുതല്‍ ഇത്തരം പ്രണയ കഥകളുമുണ്ട്. അവയുടെ നോവും നിനവും ആനന്ദവുമുണ്ട്. വിനുവിന്റെയും ലിനിഷയുടെയും ജീവിതം അതിനെ ഒരിക്കല്‍ കൂടി അടിവരയിട്ടുറപ്പിക്കുന്നു. പ്രിയപ്പെട്ടവള്‍ക്കു വേണ്ടിയുള്ള വിനുവിന്റെ കാത്തിരിപ്പും ത്യാഗവും ആരുടെയും കണ്ണു നനയിക്കും. ചങ്കു നോവിക്കും. ആ കഥ ഇങ്ങനെ:

എറണാകുളം പരവൂര്‍ പുത്തന്‍ വേലിക്കരക്കാരന്‍ വിനു. കല്‍പ്പണിയാണ് തൊഴില്‍. ദിവസക്കൂലിക്കു പണിയെടുക്കുന്ന സാധാരണ തൊഴിലാളി. വിനുവിന്റെ കാമുകി ലിനിഷ കഴിഞ്ഞ രണ്ടര വര്‍ഷമായി ഒരപകടത്തെത്തുടര്‍ന്ന് കോമാ സ്‌റ്റേജിലാണ്. പക്ഷേ ഒരു ദിവസം അവള്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങി വരുമെന്നും തന്റെ ജീവിത സഖിയാകുമെന്നും വിനു പ്രതീക്ഷിക്കുന്നു. അതിനുള്ള സാധ്യത തീരെ കുറവെന്നു ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും മറിച്ചു ചിന്തിക്കാന്‍ ഈ ചെറുപ്പക്കാരന്‍ തയ്യാറല്ല. തനിക്കു കിട്ടുന്ന ചെറിയ വരുമാനത്തില്‍ നിന്നും ലിനിഷയുടെ ചികിത്സയും ഇരു കുടുംബങ്ങളുടെ ചിലവുമൊക്കെ സ്വന്തം ചുമലിലേറ്റി അയാള്‍ പറയുന്നു :

”മറ്റൊരു വിവാഹത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. ഒരു ദിവസം അവള്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങി വരുമെന്നു തന്നയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.”– പ്രണയത്തിലാകുമ്പോള്‍ വിനുവിന് പ്രായം ഇരുപത്തിയഞ്ച്. ലിനിഷയ്ക്ക് പതിന്നാറും. ഈ ബന്ധത്തില്‍ ലിനിഷയുടെ വീട്ടുകാര്‍ക്ക് തുടക്കം മുതലേ എതിര്‍പ്പായിരുന്നു. എങ്കിലും പിന്‍മാറാന്‍ ഇരുവരും തയ്യാരായിരുന്നില്ല. പതിനൊന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ രണ്ടായിരത്തി പതിനഞ്ചില്‍ സുഹൃത്തുക്കളോടൊപ്പം വിനു ലിനിഷയുടെ വീട്ടിലെത്തി വിവാഹമാലോചിച്ചു. അപ്പോഴും വീട്ടുകാര്‍ വഴങ്ങിയില്ല. വീണ്ടും പ്രതിസന്ധിയുടെ നാളുകള്‍.

ഒടുവില്‍ 2016 മേയില്‍ വീട്ടുകാര്‍ വിവാഹത്തിനു സമ്മതിച്ചു. ഓഗസ്റ്റ് 28ന് വിവാഹം തീരുമാനിച്ച് നിശ്ചയവും നടത്തി. എന്നാല്‍ ആ സന്തോഷത്തിനു ദിവസങ്ങളുടെ ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളൂ. വിവാഹ നിശ്ചയം കഴിഞ്ഞ് നേര്‍ച്ചയുടെ ഭാഗമായി വേളാങ്കണ്ണിയിലേക്കു പോയ ലിനിഷയും മാതാപിതാക്കളും ദിണ്ടിഗലില്‍ വച്ച് ഒരു അപകടത്തില്‍ പെട്ടു. ഗുരുതരമായി പരുക്കേറ്റ ലിനിഷ കോമാ സ്റ്റേജിലായി. അച്ഛനമ്മമാര്‍ക്കും സാരമായി പരുക്കേറ്റു. അപകട വിവരമറിഞ്ഞ് ആശുപത്രിയിലേക്കോടിയെത്തിയതു മുതല്‍ വിനു ലിനിഷയ്‌ക്കൊപ്പമുണ്ട്. ഇപ്പോള്‍ രണ്ടര വര്‍ഷം.

ഒരു ദിവസം തന്റെ ‘ ചക്കര ‘ (അങ്ങനെയാണ് വിനു ലിനിഷയെ വിളിക്കുക) ജീവിതത്തിലേക്കു മടങ്ങി വരുമെന്നും താനവളുടെ കഴുത്തില്‍ താലി ചാര്‍ത്തുമെന്നും വിനു വിശ്വസിക്കുന്നു. ഇപ്പോള്‍ എല്ലാ ദിവസവും രാവിലെ ആറരയോടെയാണ് വിനുവിന്റെ ഒരു ദിവസം ആരംഭിക്കുക. ഉണര്‍ന്നാലുടന്‍ നേരെ ലിനിഷയുടെ വീട്ടിലേക്കു പോകും. ഒരു മണിക്കൂര്‍ പ്രിയപ്പെട്ടവളോടു വര്‍ത്തമാനം പറയും. അവളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കും. ഏഴരയോടെ പണിക്കു പോകും. വൈകുന്നേരവും ഇങ്ങനെ തന്നെ.

പലരും മറ്റൊരു വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടങ്കിലും വിനു തയ്യാറല്ല. ജീവിക്കുന്നെങ്കില്‍ അതു ലിനിഷയ്‌ക്കൊപ്പം. അത് വിനു തീരുമാനിച്ചതാണ്. വിനുവിന്റെയും ലിനിഷയുടെയും കുടുംബങ്ങളും ലിനിഷയുടെ ചികിത്സാച്ചിലവുകളുമൊക്കെ വിനുവിന്റെ ചെറിയ വരുമാനത്തിലാണ് കഴിഞ്ഞു പോകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഞെരുക്കുന്നുണ്ടങ്കിലും വിനു പതറുന്നില്ല. ”എല്ലാം ശരിയാകും. അവള്‍ ഉണര്‍ന്നു കഴിഞ്ഞ് ഞങ്ങള്‍ ഒരിക്കല്‍ കൂടി വേളാങ്കണ്ണിക്കു പോകും. പാതി മുടങ്ങിയ യാത്ര പൂര്‍ത്തിയാക്കും.”– ഈ ചെറുപ്പക്കാരന്‍ ശുഭാക്തി വിശ്വാസത്തിലാണ്. വിനുവിന്റെ ആഗ്രഹം പൂർത്തീകരിക്കാൻ സാധിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം…

ബംഗളുരു: കര്‍ണാടക വോട്ടെടുപ്പ് പുരോഗമിക്കവെ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ച് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പ. മെയ് 17 ന് താന്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് യെദ്യൂരപ്പ് മാധ്യമങ്ങളോട് പറഞ്ഞത്.

ശിക്കാരിപുരയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് യെദ്യൂരപ്പ. ‘തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ 15ന് തന്നെ ഞാന്‍ ദല്‍ഹിയില്‍ പ്രധാനമന്ത്രിയെ കാണാന്‍ പോകും. 17ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഞാന്‍ അദ്ദേഹത്തേയും മറ്റുള്ളവരേയും ക്ഷണിക്കും.’ എന്നാണ് യെദ്യൂരപ്പ പറഞ്ഞത്.

224 അംഗ നിയമസഭയില്‍ 145 മുതല്‍ 150 സീറ്റുകള്‍ വരെ തങ്ങള്‍ നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘സംസ്ഥാനം മുഴുവന്‍ മൂന്നുതവണ ഞാന്‍ പര്യടനം നടത്തി. വലിയ മാര്‍ജിനില്‍ വിജയിക്കുമെന്ന് 100% വിശ്വാസമുണ്ട്. ഈ വൈകുന്നേരം തന്നെ എക്‌സിറ്റ് പോള്‍ എന്തു പറയുന്നുവെന്ന് നിങ്ങള്‍ക്ക് കാണാം’ എന്നും അദ്ദേഹം പറഞ്ഞു.

2008ല്‍ കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലെത്തിയ സമയത്ത് 75കാരനായ യെദ്യൂരപ്പയായിരുന്നു മുഖ്യമന്ത്രി. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് 2011ലാണ് അദ്ദേഹം രാജിവെച്ചത്.

ഇന്നു രാവിലെയാണ് കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ രാഷ്ട്രീയത്തിന്റെ ഗതി പ്രവചിക്കാന്‍ വഴിയൊരുക്കുന്നതാകും ഈ തെരഞ്ഞെടുപ്പ്.

രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വച്ചതിനാല്‍ 222 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ഒരു നാമനിര്‍ദേശ സീറ്റ് ഉള്‍പ്പെടെ 225 സീറ്റുകളാണ് കര്‍ണാടകയിലുള്ളത്. ബെംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നു തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്ന് ആര്‍.ആര്‍ നഗറിലെ വോട്ടെടുപ്പ് 28ലേക്കു മാറ്റി, ഇവിടെ 31നാണു വോട്ടെണ്ണല്‍. ജയനഗര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രചാരണത്തിനിടെ മരിച്ചതിനാല്‍ അവിടെയും തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

4.96 കോടിയിലേറെ വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. ഇതില്‍ 2.52 കോടി പുരുഷ വോട്ടര്‍മാരും 2.44 കോടി സ്ത്രീ വോട്ടര്‍മാരുമാണ്. 4552 പേര്‍ ട്രാന്‍സ്‌ജെന്ററുകളുമാണ്.

55600ലേറെ വോട്ടിങ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയുടെ വൈദിക സമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സിനഡിന് വൈദികരുടെ കത്ത്. സുതാര്യമായ തെരഞ്ഞെടുപ്പല്ല നടന്നതെന്നും ചട്ടങ്ങളും മര്യാദകളും ലംഘിച്ചാണ് സമിതി പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചാണ് വൈദികര്‍ സിനഡിന് പരാതി നല്‍കിയത്.

‘ചുമതലപ്പെടുത്താത്ത കാര്യങ്ങളിലുള്‍പ്പെടെ വൈദിക സമിതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ പ്രസ്താവനകള്‍ നടത്തുകയും വൈദിക സമിതിയുടെ പേരില്‍ പരാതി നല്‍കുകയും ചെയ്യുന്നുണ്ട്. ഇതിന് സമിതിയുടെ മുഴുവന്‍ പിന്തുണയില്ല.’

സീറോ മലബാര്‍ സഭാ ഭൂമിയിടപാടിനെക്കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്. അതിരൂപതയുടെ കടം വീട്ടുന്നതിനായി എല്ലാ വൈദികരും ഒരു മാസത്തെ അലവന്‍സ് സംഭാവന ചെയ്യണമെന്ന് സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അറിയിച്ചിരുന്നു. ഈ നിര്‍ദേശം ഭൂമി ഇടപാട് പ്രശ്നം ഒരിക്കലും അവസാനിക്കാതിരിക്കാനും അതുവഴി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അപമാനിക്കാനുമാണെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഭൂമി ഇടപാടിനെ തുടര്‍ന്ന് ഇടനിലക്കാരനായി സാജു വര്‍ഗീസ് കോടികളാണ് സഭയ്ക്ക് നല്‍കാനുള്ളത്. ഇത് ലഭിക്കാതെ വന്നപ്പോള്‍ സാജുവിന്റെ പേരില്‍ കോട്ടപ്പടിയിലുള്ള ഭൂമി സഭ ഈടായി വാങ്ങിയിരുന്നു. ഉടന്‍ തന്നെ ഈ ഭൂമി വിറ്റ് സഭയുടെ കടങ്ങള്‍ തീര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും മുതിര്‍ന്ന വൈദികര്‍ സിനഡിന് നല്‍കിയ കത്തില്‍ പറയുന്നുണ്ട്.

നേരത്തെ അങ്കമാലി ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിവാദത്തിലായ സീറോ മലബാര്‍സഭ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ബഹിഷ്‌കരിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന വൈദികരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

ആലഞ്ചേരി പങ്കെടുക്കുന്ന യോഗങ്ങള്‍ ബഹിഷ്‌കരിക്കാനാണ് തീരുമാനമായിരിക്കുന്നത്. കര്‍ദ്ദിനാള്‍ ഇടപെട്ട ഭൂമിയിടപാട് കേസില്‍ അന്തിമപരിഹാരമാകുന്നതുവരെ ബഹിഷ്‌കരണം തുടരുമെന്നാണ് വൈദികരുടെ യോഗം തീരുമാനിച്ചിരിക്കുന്നത്.

ഭാവന ബിജെപിയില്‍ ചേര്‍ന്നത് അറിഞ്ഞതോടെ ചിലര്‍ താരത്തെ തെറിവിളിക്കാന്‍ തുടങ്ങി. മറ്റ് ചിലര്‍ പിന്തുണ പ്രഖ്യാപിച്ചു. പക്ഷേ ഏതു ഭാവനയാണെന്ന് നോക്കാതെയാണ് എല്ലാം നടന്നത്. കന്നട നടി ഭാവന രാമണ്ണയാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ തെറി മുഴുവന്‍ ലഭിച്ചത് മലയാളി നടി ഭാവനയ്ക്കും.

മലയാളി നടി ഭാവന പാര്‍ട്ടിയില്‍ അംഗമായെന്ന് അറിഞ്ഞതോടെ സംഭവം കേട്ടപാതി കേള്‍ക്കാത്തപാതി ഒരൂ കൂട്ടം പേര്‍ ഭാവനയുടെ ഫെയ്‌സ്ബുക്ക് വാളിലേക്ക് വച്ചുപിടിച്ചു. പിന്നെ കമന്റുകളുടെ പൂരമായിരുന്നു.

‘നാണമുണ്ടോ സംഘികളുടെ കൂടെ വോട്ട് തെണ്ടാന്‍? നിന്റെയൊക്കെ ഒറ്റ പടം ഇന്ത്യയില്‍ ഇറക്കാന്‍ വിടില്ല, വര്‍ഗ്ഗീയ ഫാസിസ്റ്റുകളായ ബിജെപിയോടൊപ്പം കൂടിയ ഭാവന മലയാളികള്‍ക്ക് ആകെ അപമാനമാണ്’ എന്നിങ്ങനെ പോയി കമന്റുകള്‍. ഭാവനയുടെ അക്കൗണ്ടില്‍ തെറിവിളിച്ചവരും അക്കൗണ്ട് കിട്ടാത്തവര്‍ ഭര്‍ത്താവ് നവീനിന്റെ അക്കൗണ്ടിലും രൂക്ഷമായ കമന്റുകളുമായെത്തി. നടിയുടെ വ്യക്തിജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ വരെ കൂട്ടിക്കുഴച്ച് അശ്ലീലം പറഞ്ഞവരും കുറവല്ല.

ഇതിനിടെ നടി മാറിപ്പോയെന്ന് മനസിലാക്കിയ ചിലര്‍ കമന്റുകള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും സംഭവം കൈവിട്ടു പോയിരുന്നു.

Copyright © . All rights reserved