India

ലോകശക്തിയെന്ന പദവിയിലേക്കുള്ള പാതയിലാണ് ഇന്ത്യ നീങ്ങുന്നതെന്ന് പെന്റഗണ്‍ ഇന്റലിജന്‍സ് തലവന്‍. ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ ഡയറക്ടറായ ലഫ്റ്റനന്റ് ജനറല്‍ റോബര്‍ട്ട് ആഷ്‌ലിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അമേരിക്കന്‍ സെനറ്റിന്റെ ആംഡ് സര്‍വീസസ് കമ്മിറ്റിക്കു മൂന്നില്‍ മുന്നറിയിപ്പിന്റെ രൂപത്തിലാണ് ആഷ്‌ലി ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ സൈനികശേഷി ഈ പദവിയിലേക്കുള്ള യാത്രയില്‍ നിര്‍ണ്ണായകമാണെന്ന് ന്യൂഡല്‍ഹിക്ക് വ്യക്തമായി അറിയാമെന്ന് ആഷ്‌ലി പറയുന്നു. സൈന്യത്തിന്റെ ആധുനികവല്‍ക്കരണം ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഇന്ത്യ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ആഭ്യന്തരമായി നിര്‍മിച്ച ആദ്യത്തെ ആണവ മുങ്ങിക്കപ്പല്‍ ഐഎന്‍എസ് അരിഹന്ത് കമ്മീഷന്‍ ചെയ്തുകഴിഞ്ഞു. ഈ ശ്രേണിയിലെ രണ്ടാമത്തെ മുങ്ങിക്കപ്പലായ ഐഎന്‍എസ് അരിഘാത് ഈ വര്‍ഷം നാവികസേനയ്ക്ക് സ്വന്തമാകും. ഏഷ്യയിലെമ്പാടുമുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സംരക്ഷിക്കുന്നതിനുള്ള വലിയ ശ്രമങ്ങളും ഇന്ത്യ നടത്തി വരികയാണെന്നും ആഷ്‌ലി വ്യക്തമാക്കി.

നിയന്ത്രണ രേഖയില്‍ പാകിസ്ഥാനുമായുള്ള സംഘര്‍ഷങ്ങള്‍ സാവധാനം വര്‍ദ്ധിച്ചു വരികയാണ്. ഡോക്ലാം അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ ചൈനയുമായുള്ള ബന്ധത്തിലും പ്രതിസന്ധികളുണ്ടാക്കിയിട്ടുണ്ട്. ഇത് ഇരു വശത്തെയും സൈനിക സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണ് നയിച്ചിരിക്കുന്നത്. ഈ സംഘര്‍ഷങ്ങള്‍ 2018ലും തുടരുമെന്നും ആഷ്‌ലി വ്യക്തമാക്കി.

തിരുവനന്തപുരം: ഷുഹൈബ് വധക്കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്. അന്വേഷണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച ജസ്റ്റിസ് കെമാല്‍ പാഷ കേസില്‍ കേരള പോലീസ് ഇനി ഒന്നും ചെയ്യേണ്ടെന്ന് പറഞ്ഞിരുന്നു. കേസ് സിബിഐക്ക് വിടേണ്ടെന്ന സര്‍ക്കാര്‍ വാദത്തെയും കോടതി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ എതിര്‍വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി.

വാദത്തിനിടെ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ ഗൂഢാലോചന പുറത്തുവന്ന ചരിത്രമുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഷുഹൈബ് വധത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നായിരുന്നു സര്‍ക്കാര്‍ ബോധിപ്പിച്ചത്.

സംഭവം നടന്ന് ഒരു മാസത്തിനുള്ളില്‍ സിബിഐയെ അന്വേഷണം ഏല്‍പ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞ കോടതി ഇനി ഒഴികഴിവുകള്‍ക്ക് സ്ഥാനമില്ലെന്നും വ്യക്തമാക്കി. ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയത് യുഎപിഎ ചുമത്താന്‍ കഴിയുന്ന കുറ്റമാണെന്നും കോടതി പറഞ്ഞു. കേസിന്റെ ഫയലുകള്‍ ഉടന്‍ തന്നെ സിബിഐക്ക് കൈമാറണമെന്നും ആവശ്യമാണെങ്കില്‍ അന്വേഷണം ആദ്യം മുതല്‍ തുടങ്ങാമെന്നും ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി.

തിരുവനന്തപുരം: അഭയ കേസില്‍ രണ്ടാം പ്രതിയായ ഫാ. ജോസ് പൂതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. പ്രത്യേക സിബിഐ കോടതിയാണ് പൂതൃക്കയിലിനെ ഒഴിവാക്കി ഉത്തരവിട്ടത്. അതേസമയം ഒന്നാം പ്രതി ഫാ. തോമസ് എം.കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.

പുതൃക്കയിലിനെതിരെ തെളിവുകളില്ല എന്ന നീരീക്ഷണം ശരിവെച്ചാണ് കോടതിയുടെ നടപടി. മറ്റു പ്രതികള്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ മാര്‍ച്ച് 14ന് ആരംഭിക്കും. 2008 നവംബറിലാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്. 2009 ജൂലൈയില്‍ ഇവര്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു.

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണങ്ങള്‍ എത്തിച്ചേര്‍ന്നത്. ക്രൈംബ്രാഞ്ച് കേസ് അട്ടിമറിച്ചെന്നാരോപിച്ച് ഹൈക്കോടതിയില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി കേസില്‍ വിചാരണ നടപടികള്‍ നടന്നിരുന്നില്ല. 2011 മാര്‍ച്ച് 16-ന് മൂന്നുപ്രതികളും പ്രത്യേക സി.ബി.ഐ. കോടതിയില്‍ വിടുതല്‍ഹര്‍ജി ഫയല്‍ ചെയ്തു. കഴിഞ്ഞ മാസം കോടതി മുന്‍ ക്രൈംബ്രാഞ്ച് എസ്.പി. കെ.ടി. മൈക്കിളിനെ നാലാംപ്രതിയാക്കി ചേര്‍ത്തിരുന്നു. തെളിവു നശിപ്പിച്ചു എന്ന കുറ്റമാണ് മൈക്കിളിനെതിരെ ചുമത്തിയിരിക്കുന്നത്. സിബിഐ പട്ടികയില്‍ മൈക്കിള്‍ ഉള്‍പ്പെട്ടിരുന്നില്ല.

ആഭ്യന്തര ട്വന്റി 20 മത്സരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യാറെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. അടുത്തമാസം കൊല്‍ക്കത്തയില്‍ നടക്കുന്ന ഐസിസി എക്‌സിക്യൂട്ടീവില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണയോടെയാണ് ഈ നീക്കം. ആഭ്യന്തര ട്വന്റി 20 മത്സരങ്ങളുടെ എണ്ണക്കൂടുതല്‍ ടെസ്റ്റ് ക്രിക്കറ്റിനേയും കളിക്കാരേയും ബാധിക്കുന്നുണ്ട്. കളിക്കാര്‍ക്ക് പണം കിട്ടുന്നുണ്ട് എങ്കിലും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ധാരാളമായി വരുന്നുണ്ട്. മാത്രമല്ല ചെറിയ ഫോര്‍മാറ്റിനോടാണ് കാണികള്‍ക്കും താല്‍പര്യം. ഇത് ടെസ്റ്റ് ക്രിക്കറ്റിനെ കാര്യമായി ബാധിക്കുന്നു. ഇതെല്ലാം മുന്നില്‍ കണ്ടാണ് ഐസിസി നിയന്ത്രണം കൊണ്ടുവരുന്നത്. ഇതിനായി ചില നിര്‍ദേശങ്ങള്‍ കൗണ്‍സില്‍ തയ്യാറാക്കിയിട്ടുണ്ട്.

32 വയസിന് താഴെയുള്ള കളിക്കാര്‍ വര്‍ഷത്തില്‍ മൂന്ന് ആഭ്യന്തര ടീ20 ലീഗില്‍ കൂടുതല്‍ കളിക്കരുത്, 2023 മുതല്‍ ആറ് മാസം അന്താരാഷ്ട്ര ക്രിക്കറ്റിന് വേണ്ടി ആഭ്യന്തര ലീഗുകള്‍ക്ക് സമയം ഒഴിച്ചിടണം, കളിക്കാരുടെ നിയമനത്തുകയുടെ 20 ശതമാനം അവരുടെ രാജ്യത്തിന്റെ ബോര്‍ഡുകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുക, ആഭ്യന്തര ലീഗിലെ വിദേശ കളിക്കാരുടെ എണ്ണം നിജപ്പെടുത്തുക, കളിക്കാനുള്ള സാഹചര്യത്തിന്റേയും വേതനത്തിന്റേയും നിലവാരം ഏകീകരിക്കുക തുടങ്ങിയവയാ്ണ് നിര്‍ദേശങ്ങള്‍.

ആഭ്യന്തര ട്വന്റി 20 ലീഗുകള്‍ കാര്യമായി ബാധിച്ചിട്ടുള്ളത് വെസ്റ്റീന്റീസിനെയാണ്. അതിനാല്‍ തന്നെ വിന്റീസ് ബോര്‍ഡാണ് ഈ വിഷയത്തില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. എന്നാല്‍ പുതിയ നിബന്ധനകള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ കാര്യമായി ബാധിക്കില്ല. നിലവില്‍ ഐപിഎല്‍ ബോര്‍ഡിന് 20 ശതമാനം നഷ്ടപരിഹാരം നല്‍കുന്നുണ്ട്. ഇന്ത്യന്‍ കളിക്കാരെ ബിസിസിഐ മറ്റ് രാജ്യത്തെ ആഭ്യന്തര ലീഗുകള്‍ക്ക് വിടാറുമില്ല.

എന്തിനും ഏതിനും സമരം ചെയ്യുന്ന യൂണിയനുകൾ ഏറ്റവും കൂടുതൽ ഉള്ള ഒരു സംസ്ഥാനമാണ് കേരളം. എന്നാൽ യൂണിയൻ ഒന്നും ഇല്ലാത്ത  ഒരു വിഭാഗം ജീവനക്കാരുടെ ദുരിത ജീവിതം എന്തെന്നറിയുക. ശരീരം തുറക്കാനും തുന്നി ചേര്‍ക്കാനും ഡോക്ടര്‍മാരെ സഹായിക്കുന്ന മോര്‍ച്ചറി അറ്റന്‍ഡര്‍മാരുടെ ദുരിതജീവിതം വിവരിച്ച് ഫോറന്‍സിക് മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനി എഴുതിയ ഫെയ്‌സ്ബുക് കുറിപ്പ് ചര്‍ച്ചയാകുന്നു. ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ഓരോ മോര്‍ച്ചറി അറ്റന്‍ഡര്‍മാരും ജോലി ചെയ്യുന്നത്. ഒരു മൃതശരീരം പരിശോധനയ്ക്ക് ഡോക്ടര്‍ക്ക് 1000 രൂപ വരെ ലഭിക്കുമ്പോള്‍ വെറും 75 രൂപ മാത്രമാണ് ഒരു അറ്റന്‍ഡര്‍ക്ക് ലഭിക്കുന്നത്.

മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ ഫെയ്‌സ്ബുക് കുറിപ്പ് ഇങ്ങനെ;

ഞാൻ Dr Veena JS
Forensic medicineൽ PG വിദ്യാർത്ഥിനി.

വർഷങ്ങളായി എനിക്ക് നേരിട്ട് അറിയുന്ന ചില മോർച്ചറി അറ്റൻഡർമാരുടെ ബുദ്ധിമുട്ടുകളെകുറിച്ചാണ് ഞാൻ എഴുതാൻ പോകുന്നത്. ഇതിലെ ഓരോ സംഭവങ്ങളും സത്യമാണ്. ദയവു ചെയ്തു അന്വേഷിക്കുക. ഡോക്ടർമാർ അന്വേഷണഅംഗങ്ങൾ ആയിട്ട് യാതൊരു കാര്യവും ഇല്ലാ. ഗവണ്മെന്റ് നേരിട്ട് നടത്തുന്ന അന്വേഷണത്തിൽ മാത്രമേ അറ്റൻഡർമാർ തങ്ങളുടെ ബുദ്ധിമുട്ടുകൾ തുറന്നു പറയുള്ളൂ. ദീർഘനാളുകളായി തങ്ങളുടെ അടിസ്ഥാനമനുഷ്യാവകാശങ്ങളും, തൊഴിലിടങ്ങളിലെ അവകാശങ്ങളും ഹനിക്കപ്പെടുകയും, അവകാശങ്ങൾക്കുവേണ്ടി ശബ്ദിക്കുന്ന ഓരോ നിമിഷവും ശകാരവർഷങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യേണ്ടിവരുന്ന അവസ്ഥയായതിനാൽ, ഗവണ്മെന്റ് നേരിട്ട് നടത്തുന്ന അന്വേഷണമല്ലാതെ മറ്റൊന്നും ഇവർക്ക് സ്വീകാര്യമല്ല എന്ന് വേണം മനസ്സിലാക്കാൻ. അധികാരത്തിലിരിക്കുന്ന ഒരാളെയും ബുദ്ധിമുട്ടിക്കാൻ വേണ്ടിയല്ല ഇതെഴുതുന്നത്. ഒരു മാറ്റം ഉണ്ടാവണം ഇവരുടെ ജീവിതത്തിനു. അതിനുവേണ്ടി മാത്രമാണ്.

പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ദശാബ്ദങ്ങളായി കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഫോറൻസിക് മെഡിസിൻ വിഭാഗം പ്രവർത്തിക്കുന്നു. എന്നിട്ടും ഇതുവരെ മോർച്ചറി അറ്റൻഡർ എന്നൊരു പോസ്റ്റ്‌ സൃഷ്ട്ടിക്കാൻ ആയിട്ടില്ല ! ( താല്പര്യപൂർവം മാത്രം ചെയ്യേണ്ട ജോലിയാണ് മോർച്ചറിയിലേത് !)

ഗ്രേഡ് ll അറ്റൻഡർ തസ്തികയിലുള്ളവരെ ഈ വിഭാഗത്തിലോട്ട് മാറ്റിയാണ് മോർച്ചറി കൊണ്ടുപോകുന്നത്. എന്നാൽ, ഇത്രയും ഗൗരവതരമായ, അപകടകരമായ ഈ ജോലിചെയ്യാൻ ഉള്ള യാതൊരു വിധ ട്രെയിനിങ്ങും ഇന്നേ വരെ ഇവർക്ക് ലഭിച്ചിട്ടില്ല. പലരും വർഷങ്ങളായി മോർച്ചറിയിൽ തുടരുന്നു. അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾകൊണ്ട് മുറിവേറ്റാൽ എന്തുചെയ്യണമെന്നും എന്തൊക്കെ സേവനങ്ങൾ ലഭ്യമാക്കണമെന്നും കൃത്യമായ പ്രോട്ടോകോൾ ഉള്ള മെഡിക്കൽ കോളേജുകളിൽ മോർച്ചറി അറ്റന്ററായി പ്രവർത്തിക്കുന്നവർക്ക് മാത്രം യാതൊരുവിധ ട്രെയിനിങ്ങും സഹായവും ലഭിക്കുന്നില്ല. പലരും വാക്‌സിനേഷൻ പോലും എടുത്തിട്ടില്ല ! അതിന് പോലും ഒരു പ്രോട്ടോകോൾ ഇവിടെയില്ലേ ? ആരാണ് ഇതേക്കുറിച്ചു ബോധവൽക്കരണം നടത്തി, വാക്‌സിനേഷൻ നിർബന്ധിതമാക്കേണ്ടത് ?? വർഷങ്ങളായുള്ള വഞ്ചനയല്ലേ ഇത് ? ഇതേപ്പറ്റി ചോദിച്ചപ്പോൾ മോർച്ചറിയിൽ അറ്റൻഡറായ ഒരാളുടെ ഉത്തരം ഇങ്ങനെ ! “ഇവിടെ ജീവിക്കാൻ വലിയ പാടാണ് ! സ്ഥലം മാറ്റം പോലും കിട്ടുന്നില്ല”
മോർച്ചറിയിൽ എന്തൊക്കെ ജോലികൾ അറ്റൻഡർ ചെയ്യുന്നു ? ഭാരമുള്ള മൃതദേഹം കോൾഡ് ചേംബറിൽ നിന്നും പുറത്തെടുത്തു ട്രോളിയിൽ വെക്കുക, അതു വലിച്ചുകൊണ്ടുവന്ന് തൂക്കം നോക്കുന്ന തട്ടിലേക്ക് മാറ്റുക , അവിടെ നിന്നും വീണ്ടും ട്രോളിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം പരിശോധന നടക്കുന്ന ടേബിളിലോട്ട് വെക്കുക , ശരീരം തുറക്കാൻ ഡോക്ടറെ സഹായിക്കുക, പിടിപോലും ഇല്ലാത്ത വാൾ കൊണ്ട് തലയോട്ടി പൊട്ടിക്കുക , ശേഷം സൂചികൊണ്ട് അപകടകരമായ തുന്നൽ പ്രക്രിയ, ശരീരം കുളിപ്പിച്ച് വൃത്തിയാക്കി മുണ്ടുടുപ്പിച്ചു പുതപ്പിച്ചു വീണ്ടും ട്രോളിയിലോട്ട് എടുത്തുമാറ്റി ബന്ധുക്കൾക്ക് കൊടുക്കുക. ഒരു മൃതദേഹത്തിന് ചെയ്യുന്ന ഇതിനെല്ലാത്തിനും കൂടെ ഇവർക്ക് കിട്ടുന്ന കൂലി 75രൂപ  ( ഒരു മൃതശരീരപരിശോധനക്ക് മെഡിക്കൽ കോളേജിലെ ഫോറൻസിക് ഡോക്ടർക്ക് 600രൂപയും, മറ്റു സർക്കാർ ആശുപത്രികളിൽ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടർമാർക്ക് 1000 രൂപയും ലഭിക്കുമ്പോൾ അതിന്റെ മൂന്നിൽ ഒന്ന് പോലും ഇവർക്ക് കിട്ടുന്നില്ല  )
ഈ തുക കൂട്ടാൻ എണ്ണമില്ലാത്തത്ര അവസരങ്ങളിൽ അധികാരികളോട് ഇവർ ആവശ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു !
കോട്ടൺ ഏപ്രണിന്റെ മുകളിൽ പ്ലാസ്റ്റിക് ഏപ്രൺ ഇടാറുണ്ട്. പക്ഷേ, അത്‌ കൈകൾ ഇല്ലാത്തതാണ് ! മൃതദേഹത്തിനുള്ളിലൊക്കെ കൈ ഇടുമ്പോഴേക്കും കോട്ടൺ ഏപ്രൺ രക്തത്തിൽ നനയും 
നിരന്തരമായ ട്രൈനിംഗുകളുടെ അഭാവം/അതുണ്ടാക്കുന്ന പ്രോല്സാഹനം ഇല്ലായ്മ എന്നിവ സുരക്ഷിതമാർഗങ്ങൾ സ്വീകരിക്കുന്നതിനുള്ള വിമുഖതയിലേക്ക് നയിക്കുന്നു ! ടിബി വന്ന ജോലിക്കാരും ഉണ്ട് 
ഇതിനെല്ലാം പുറമേ, മോർച്ചറി മുഴുവൻ വൃത്തിയാക്കുക, ഡോക്ടർമാർ ഇരിക്കുന്ന മോർച്ചറിയിലെ റൂമും ടോയ്‌ലെറ്റുകളും വൃത്തിയാക്കുക, അലക്കാനുള്ള ഏപ്രണുകൾ അതിനുവേണ്ടിയുള്ള സ്ഥലത്തെത്തിക്കുക, അലക്കിയ തുണികൾ തിരിച്ചെടുക്കുക. ചില ദിവസങ്ങളിൽ ഡിപ്പാർട്മെന്റ് ഡ്യൂട്ടി.

നാട്ടിലൊരു ഡെങ്കിപനി മരണം സ്ഥിരീകരിച്ചാൽ ഉടനെ നാലുപാടേക്കും പടകളെ അയക്കുന്ന COMMUNITY MEDICINE വിഭാഗവും, MICROBIOLOGY വിഭാഗവും മോർച്ചറിയിൽ മാത്രം ഇന്നേ വരെ ഒരു പഠനം പോലും നടത്തിയിട്ടില്ല.
മോർച്ചറി അറ്റൻഡർമാർക്കു ഗവണ്മെന്റ് ആകെ നൽകുന്ന ആനുകൂല്യം വർഷത്തിൽ ഒരിക്കൽ നൽകുന്ന ഒരുജോഡി റബ്ബർ സ്ലിപ്പർ ചെരിപ്പുകളാണ്. ഏത് രാജ്യത്തേക്കു വിദേശയാത്ര പോകാനാണോ എന്തോ ഈ ചെരിപ്പുകൾ !! ബൂട്ടുകൾ ആണ് അവർക്കു വേണ്ടത്. മുട്ടുവരെ മൂടുന്ന ബൂട്ടുകൾ കൊടുക്കണം അവർക്ക്‌. അവ വൃത്തിയാക്കാനുള്ള സാഹചര്യം ഉണ്ടാവണം. (പുതിയ മോർച്ചറി തുടങ്ങുമ്പോൾ എല്ലാം ശെരിയാവും എന്ന പല്ലവി കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഹേ !)
പോസ്റ്റ്മോർട്ടം കഴിഞ്ഞശേഷം ശരീരം തുന്നാൻ ഇന്നും അവർക്കു ലഭിക്കുന്നത് അരിവാള്പോലെ വളഞ്ഞ സൂചി ! Suturing പഠിച്ചവരോ ട്രെയിനിങ് കിട്ടിയവരോ അല്ലാത്ത സാഹചര്യത്തിൽ, ഈ സൂചി മെറ്റൽകൊണ്ട് അടിച്ചു നിവർത്തി നേരെയാക്കിയാണ് അവർ മൃതശരീരങ്ങൾ ഇന്നും തുന്നിക്കൊണ്ടിരിക്കുന്നത് !
രക്തവും വെള്ളവും കലർന്ന വെള്ളം കൃത്യമായ ഇടവേളകളിൽ കഴുകി മാറ്റാൻ നാളിതുവരെ ആയിട്ടും ഒരു machine ഇല്ലാ മോർച്ചറികളിൽ ! ചൂലുകൊണ്ടും കൈകൊണ്ടും ഒക്കെയാണ് എല്ലാ ജോലിയും ! പലപ്പോഴും ഈ വെള്ളത്തിൽ തെന്നിവീണ്, ഭാഗ്യത്തിന് രക്ഷപ്പെട്ടവർ അനവധി. ലഭ്യമാകുന്ന അണുനശീകരണ ലായനികളും സോപ്പുകളും ആവശ്യത്തിന് തികയുന്നുമില്ല. 

ആകെ നാലോ അഞ്ചോ അറ്റൻഡർമാരെ വെച്ചാണ് മെഡിക്കൽ കോളേജുകളിൽ മോർച്ചറി നടത്തുന്നത്. വർഷം മൂവായിരത്തിലധികം കേസുകൾ വരെ വരുന്ന അവസ്ഥയിലാണിത് ! മോർച്ചറി അറ്റൻഡർമാർക്കു വർഷം ഇരുപത് casual ലീവുകൾ മാത്രമേ ഉള്ളൂ. ഇരുപത്തിരണ്ട് compensatory ഓഫുകൾ കൂടെ ആവാം. പക്ഷേ, അഞ്ചുപേർ മാത്രം ഉള്ള സാഹചര്യം വരുമ്പോൾ ലഭ്യമായ ഈ ലീവുകൾ പോലും എടുക്കാൻ കഴിയാതെ വരുന്നു ! മോർച്ചറിയിൽ ജോലി ചെയ്യുന്നവർക്ക് “നിർബന്ധിത ഒഴിവു ദിനങ്ങൾ” ലഭ്യമാക്കേണ്ടത് സ്റ്റേറ്റിന്റെ കടമയാണ്. പല രാജ്യങ്ങളും ഇത് നടപ്പിലാക്കുന്നുണ്ട് !

പത്രപ്രവർത്തകർക്കാണെങ്കിൽ, മോർച്ചറി ജീവനക്കാരുടെ “മനക്കരുത്തിനെ” അല്ലെങ്കിൽ “മാനസികവ്യാപാരങ്ങൾ” സംബന്ധിച്ച പഠനങ്ങൾ മാത്രം മതീത്രെ ! നാടിനെ കൊടുമ്പിരി കൊള്ളിച്ച കേസുകൾ റിപ്പോർട്ട്‌ ചെയ്യാൻ മോർച്ചറിയിൽ വരുമ്പോഴെങ്കിലും, നിങ്ങളിൽ ആരെങ്കിലും ഇവരുടെ uniform ഒന്നു ശ്രദ്ധിച്ചിട്ടുണ്ടോ ? കീറിപ്പറിഞ്ഞ ഏപ്രണും, ആ ഏപ്രണിന്റെ കൈഭാഗത്തു പറ്റിപ്പിടിച്ച രക്തവും, പിന്നെ ചെരിപ്പുകളും എന്നെങ്കിലും നിങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടോ ? ഇനിയും വൈകരുത് !

മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് കേസെടുക്കേണ്ട കാര്യമാണിത് !, ഒരു കോപ്പി അങ്ങോട്ടയക്കുന്നു.

എന്തുകൊണ്ട് ഇവർ സമരങ്ങൾ നടത്തുന്നില്ല ?
അതിനും ഉണ്ട് അവർക്കുത്തരം. കണ്ണ് നിറയും കേട്ടാൽ !
“സമരം ചെയ്യേണ്ടത് ആവശ്യമാണ്. പക്ഷേ, മരണം നടന്ന ആളിന്റെ ബന്ധുക്കൾക്ക് ബുദ്ധിമുട്ടാവില്ലേ ? കുറച്ച് നേരം വൈകിയാൽ അവർ അനുഭവിക്കുന്ന വിഷമത്തിന്റെ ആഴം കൂടും ! നമ്മൾ കാരണം എന്തിനാ മരിച്ചവരുടെ ആളുകളെ വീണ്ടും ബുദ്ധിമുട്ടിക്കുന്നത് ????”

ത്രിപുരയില്‍ ബിജെപി അനുകൂലികള്‍ നടത്തുന്ന അക്രമത്തെ പ്രതിരോധിക്കുമെന്ന് മുന്നറിയിപ്പുമായി പിണറായി വിജയന്‍. മരണ ഭയമുള്ളവരല്ല കമ്യൂണിസ്റ്റുകാരെന്നും എന്തു വിലകൊടുത്തും അക്രമങ്ങളെ പ്രതിരോധിക്കുമെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കമ്മ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കാനുള്ള ആര്‍ എസ് എസിന്റെ അതിമോഹമാണ് ത്രിപുരയില്‍ അഴിഞ്ഞാടുന്നത്. കമ്യൂണിസ്റ്റുകാരെ തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി ദേശീയ നേതാക്കള്‍ തന്നെ അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് ദേശീയതല ഗൂഢാലോചനയുടെ ഭാഗമാണ് പിണറായി പറയുന്നു.

ആര്‍ എസ് എസ് ആക്രമണങ്ങളില്‍ 500 ല്‍ അധികം പ്രവര്‍ത്തകര്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. 1500 ല്‍ അധികം വീടുകള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. അക്രമം പുറം ലോകത്തോട് വിളിച്ചു പറഞ്ഞ പെണ്‍കുട്ടിയ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി. 25 വര്‍ഷം കൊണ്ട് ത്രിപുരയിലെ ജനത നേടിയ നേട്ടങ്ങള്‍ ഒരു രാത്രി കൊണ്ട് ചുട്ടെരിക്കപ്പെട്ടു. മഹാനായ ലെനിന്റെ പ്രതിമയെ പോലും ഭയന്ന്, ആര്‍ എസ് എസ് സംഘം അത് തകര്‍ക്കുകയും ആനന്ദനൃത്തം ചവിട്ടുകയും ചെയ്യുന്നു. ജനാധിപത്യ ഇന്ത്യയുടെ മുഖം വികൃതമാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. ഇത് രാജ്യത്തിനുള്ള മുന്നറിയിപ്പാണ്. പണം, അധികാരം, അക്രമം എന്നിവ കൂട്ടിക്കലര്‍ത്തി ജനാധിപത്യത്തിന് പുതിയ നിര്‍വ്വചനം നല്‍കാനാണ് ആര്‍ എസ് എസ് ശ്രമമെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.

പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം;

കമ്മ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കാനുള്ള ആര്‍ എസ് എസിന്റെ അതിമോഹമാണ് ത്രിപുരയില്‍ അഴിഞ്ഞാടുന്നത്. കമ്യൂണിസ്റ്റുകാരെ തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ച് ബി ജെ പി ദേശീയ നേതാക്കള്‍ തന്നെ അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് ദേശീയതല ഗൂഢാലോചനയുടെ ഭാഗമാണ്. ത്രിപുരയില്‍ ആര്‍ എസ് എസ് ആക്രമണങ്ങളില്‍ 500 ല്‍ അധികം പ്രവര്‍ത്തകര്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. 1500 ല്‍ അധികം വീടുകള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. അക്രമം പുറം ലോകത്തോട് വിളിച്ചു പറഞ്ഞ പെണ്‍കുട്ടിയ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി.

25 വര്‍ഷം കൊണ്ട് ത്രിപുരയിലെ ജനത നേടിയ നേട്ടങ്ങള്‍ ഒരു രാത്രി കൊണ്ട് ചുട്ടെരിക്കപ്പെട്ടു. മഹാനായ ലെനിന്റെ പ്രതിമയെ പോലും ഭയന്ന്, ആര്‍ എസ് എസ് സംഘം അത് തകര്‍ക്കുകയും ആനന്ദനൃത്തം ചവിട്ടുകയും ചെയ്യുന്നു. ജനാധിപത്യ ഇന്ത്യയുടെ മുഖം വികൃതമാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. ഇത് രാജ്യത്തിനുള്ള മുന്നറിയിപ്പാണ്. പണം, അധികാരം, അക്രമം എന്നിവ കൂട്ടിക്കലര്‍ത്തി ജനാധിപത്യത്തിന് പുതിയ നിര്‍വ്വചനം നല്‍കാനാണ് ആര്‍ എസ് എസ് ശ്രമം.

ഭരണകൂടത്തിന്റെ കിരാതവാഴ്ചകളെ എതിരിട്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്ത് വളര്‍ന്നത്. ഫാസിസ്റ്റ് തേര്‍വാഴ്ചകള്‍ക്കു മുന്നില്‍ നെഞ്ച് വിരിച്ച് നിന്ന് രക്തസാക്ഷിത്വം വരിച്ച ധീരന്‍മാരുടെ മണ്ണാണിത്. അടിച്ചമര്‍ത്തിയാലും കുഴിച്ചുമൂടാന്‍ വന്നാലും പ്രതിരോധിക്കാനും തിരിച്ചുവരാനും ശേഷിയുള്ളവരാണ് കമ്മ്യുണിസ്റ്റുകാര്‍. ത്രിപുരയിലെ ജനങ്ങളെ ആകെ അണിനിരത്തി ഈ ഫാസിസ്റ്റ് നീക്കങ്ങളെ ചെറുക്കേണ്ടതുണ്ട്. പൊരുതുന്ന ത്രിപുരയിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ജനാധിപത്യത്തെ പണാധിപത്യമാക്കിയും അട്ടിമറിച്ചും നേടിയ വിജയത്തിന്റെ ലഹരിയില്‍ ഫാസിസ്റ്റ് വ്യാമോഹം എണ്ണയൊഴിച്ച് കത്തിക്കാമെന്ന് സംഘ പരിവാര്‍ കരുതരുത്. അങ്ങനെ കരുതിയവര്‍ക്കും അഹങ്കരിച്ചവര്‍ക്കും ദയനീയ അന്ത്യമാണ് എക്കാലത്തും സംഭവിച്ചത്.

കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യാമെന്നത് വെറും വ്യാമോഹമാണ്. മതനിരപേക്ഷത പുലരാനും സമാധാനം സംരക്ഷിക്കാനും സ്വജീവന്‍ ബലിയര്‍പ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തവരാണ് കമ്മ്യൂണിസ്റ്റുകാര്‍; അതാണ് പാരമ്പര്യം. വര്‍ഗീയതയുടെയും പണക്കൊഴുപ്പിന്റെയും വിവേകശൂന്യതയുടെയും ചേരുവകള്‍ കൊണ്ട് ഫാസിസ്റ്റ് മോഹങ്ങള്‍ നട്ടു വളര്‍ത്തുന്ന ആര്‍ എസ് എസ് ബുദ്ധികേന്ദ്രങ്ങള്‍ ഇന്നാട്ടിന്റെ സമര പാരമ്പര്യങ്ങളെക്കുറിച്ച് അജ്ഞരാണ്. അതു കൊണ്ടാണ് നാലു പ്രതിമ തകര്‍ത്താല്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇല്ലാതായിപ്പോകുമെന്ന് അവര്‍ ധരിക്കുന്നത്.

കൊച്ചി: അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടില്‍ സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. ഇടപാടുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. വിവാദമായ ഭൂമിയിടപാടില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം നടക്കുന്നുണ്ടെന്നും അതിനാല്‍ പോലീസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു കര്‍ദിനാളിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അത് തള്ളുകയായിരുന്നു.

പോലീസ് അന്വേഷണത്തിന് മജിസ്‌ട്രേറ്റ് തല അന്വേഷണം തടസമല്ലെന്ന് കോടതി വ്യക്തമാക്കി. കര്‍ദിനാളിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. രാജ്യത്തെ നിയമ വ്യവസ്ഥകള്‍ക്ക് വിധേയനാണ് കര്‍ദിനാളെന്ന് പറഞ്ഞ കോടതി കര്‍ദിനാള്‍ രാജാവല്ലെന്നും വ്യക്തമാക്കി. സ്വത്തുക്കള്‍ രൂപതയുടേതാണ്. രൂപതയ്ക്ക് വേണ്ടി ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധി മാത്രമാണ് കര്‍ദിനാള്‍. സഭയുടെ സര്‍വ്വാധിപനാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന എന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

കര്‍ദിനാള്‍ പരമാധികാരിയാണെങ്കില്‍ കൂടിയാലോചന വേണ്ടല്ലോ എന്നും കോടതി ചോദിച്ചു. കാനോന്‍ നിയമത്തില്‍ പോലും കര്‍ദിനാള്‍ സര്‍വാധികാരിയല്ല. മറ്റ് സമിതികളുമായി കൂടിയാലോചന നടത്തിയെന്ന് ബോധിപ്പിച്ചിട്ടുണ്ട്. സഭയുടെ സ്വത്തുക്കളുടെ വെറും കൈകാര്യക്കാര്‍ മാത്രമാണ് വൈദികരും കര്‍ദിനാളുമൊക്കെ. നിയമം എല്ലാവര്‍ക്കും മുകളിലാണ്, അതിന് മുന്നില്‍ എല്ലാവരും തുല്യരാണ്. രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ കാനോന്‍ നിയമത്തിന് പ്രസക്തിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി. രാജ്യത്തെ നിയമ വ്യവസ്ഥകള്‍ക്ക് വിധേയനാണ് കര്‍ദിനാളെന്ന് പറഞ്ഞ കോടതി കര്‍ദിനാള്‍ രാജാവല്ലെന്നും വ്യക്തമാക്കി. രൂപതയ്ക്ക് വേണ്ടി ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധി മാത്രമാണ് കര്‍ദിനാള്‍. സ്വത്തുക്കള്‍ രൂപതയുടേതാണ്. കര്‍ദിനാളിന്റെയോ വൈദികരുടേയോ അല്ല. സഭയുടെ സര്‍വ്വാധിപനാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന എന്ന വാദം അംഗീകരിക്കാനാകില്ല.

കാനോന്‍ നിയമത്തില്‍ പോലും കര്‍ദിനാള്‍ സര്‍വാധികാരിയല്ല. കര്‍ദിനാള്‍ പരമാധികാരിയാണെങ്കില്‍ കൂടിയാലോചന വേണ്ടല്ലോ. മറ്റ് സമിതികളുമായി കൂടിയാലോചന നടത്തിയെന്ന് ബോധിപ്പിച്ചിട്ടുണ്ട്. സ്വന്തം താത്പര്യപ്രകാരം സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ കര്‍ദിനാളിന് കഴിയില്ല. നിയമം എല്ലാവര്‍ക്കും മുകളിലാണ്, അതിന് മുന്നില്‍ എല്ലാവരും തുല്യരാണ്. സഭയുടെ സ്വത്തുക്കളുടെ വെറും കൈകാര്യക്കാര്‍ മാത്രമാണ് വൈദികരും കര്‍ദിനാളുമൊക്കെ.

പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസമില്ല. സ്വത്തുക്കള്‍ വിറ്റഴിക്കാന്‍ കൂരിയയുടെ അനുമതി വേണം. രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ കാനോന്‍ നിയമത്തിന് പ്രസക്തിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഭൂമിയിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ ഈ പരാമര്‍ശങ്ങള്‍. ഹര്‍ജിയില്‍ ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും.

സിപിഎമ്മിനെതിരെ ത്രിപുരയില്‍ അട്ടിമറി വിജയം സ്വന്തമാക്കിയതിനു ശേഷം സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ട് ബിജെപി. സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെയും പാര്‍ട്ടി ഓഫീസുകളും വ്യാപകമായി അക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ബിജെപി അനുകൂലികള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. എന്നാല്‍ അക്രമത്തിന്റെ ഉത്തരവാദിത്വം ബിജെപി നിഷേധിച്ചു.

ത്രിപുരയിലെ സിപിഎം ദുര്‍ഭരണത്തില്‍ നിന്നുണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് അക്രമങ്ങള്‍ നടക്കുന്നതെന്നാണ് ബിജെപിയുടെ വാദം. അതേസമയം സിപിഎം ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളില്‍ അക്രമികള്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നത് വ്യക്തമായി കേള്‍ക്കാം. അക്രമത്തെ സിപിഎം കേന്ദ്രങ്ങള്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. നേരത്തെ ലെനിന്റെ പ്രതിമ തകര്‍ത്ത ബുള്‍ഡോസര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

അക്രമം നടത്തിയവരില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 60 അംഗ നിയമസഭയിലെ 59 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 43 സീറ്റുകള്‍ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി-പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി) സഖ്യം സംസ്ഥാന ഭരണം പിടിച്ചത്. 2013ല്‍ 49 സീറ്റ് നേടിയ സി.പി.ഐ.എമ്മിന് 16 സീറ്റ് മാത്രമേ നേടാനായുള്ളൂ.

 

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി സന്ദേശം. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഫോണിലേക്കാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന കോള്‍ വന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മെബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോള്‍ വിളിച്ചയാള തിരിച്ചറിഞ്ഞിട്ടുണ്ട്.

ഭീഷണി കോള്‍ ചെയ്ത കണ്ണൂര്‍ പഴയങ്ങാടി സ്വദേശി വിജേഷ് കുമാറിനെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യുമെന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് അറിയിച്ചു. ഇയാള്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഭീഷണി സന്ദേശം ലഭിച്ചയുടന്‍ പി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനെയും അറിയിച്ചിരുന്നു. ഈ സമയം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രിയുടെ സുരക്ഷ പോലീസ് ശക്തമാക്കിയിട്ടുണ്ട്.

കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതി വിജേഷ് കുമാര്‍ എത്രയും പെട്ടന്ന് അറസ്റ്റിലായേക്കുമെന്ന് സൂചനകള്‍. വിജേഷ് കുമാറിനെ അന്വേഷിച്ച് ഇന്നലെ പോലീസ് ഇയാളുടെ വസതിയിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

RECENT POSTS
Copyright © . All rights reserved