തിരുവനന്തപുരം: ഷുഹൈബ് വധക്കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്. അന്വേഷണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച ജസ്റ്റിസ് കെമാല്‍ പാഷ കേസില്‍ കേരള പോലീസ് ഇനി ഒന്നും ചെയ്യേണ്ടെന്ന് പറഞ്ഞിരുന്നു. കേസ് സിബിഐക്ക് വിടേണ്ടെന്ന സര്‍ക്കാര്‍ വാദത്തെയും കോടതി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ എതിര്‍വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി.

വാദത്തിനിടെ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ ഗൂഢാലോചന പുറത്തുവന്ന ചരിത്രമുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഷുഹൈബ് വധത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നായിരുന്നു സര്‍ക്കാര്‍ ബോധിപ്പിച്ചത്.

സംഭവം നടന്ന് ഒരു മാസത്തിനുള്ളില്‍ സിബിഐയെ അന്വേഷണം ഏല്‍പ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞ കോടതി ഇനി ഒഴികഴിവുകള്‍ക്ക് സ്ഥാനമില്ലെന്നും വ്യക്തമാക്കി. ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയത് യുഎപിഎ ചുമത്താന്‍ കഴിയുന്ന കുറ്റമാണെന്നും കോടതി പറഞ്ഞു. കേസിന്റെ ഫയലുകള്‍ ഉടന്‍ തന്നെ സിബിഐക്ക് കൈമാറണമെന്നും ആവശ്യമാണെങ്കില്‍ അന്വേഷണം ആദ്യം മുതല്‍ തുടങ്ങാമെന്നും ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി.