ജിദ്ദ ഇന്ത്യന്‍ തീരത്തു നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെയോ അവരുടെ മൃതദേഹങ്ങളോ സൗദി സമുദ്ര മേഖലയിലോ തീരത്തോ കണ്ടെത്താനായിട്ടില്ലെന്ന് സൗദി തീരദേശസുരക്ഷാ അധികൃതര്‍ അറിയിച്ചതായി റിയാദിലെ ഇന്ത്യന്‍ എംബസി ക്ഷേമവിഭാഗം കോണ്‍സല്‍ അനില്‍ നോട്ടിയാല്‍. കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചതനുസരിച്ചു റിയാദിലെ എംബസി സൗദി അധികൃതരുടെ സഹായം തേടുകയായിരുന്നു. അതിനുള്ള മറുപടിയിലാണ് സൗദി കോസ്റ്റല്‍ ഗാര്‍ഡ് ഇതുവരെയുള്ള സ്ഥിതി എംബസിയെ അറിയിച്ചത്.
തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമായിരുന്നു സൗദി സമുദ്ര മേഖലയിലും തീരത്തും കൂടി ഓഖി ഇരകളെ കണ്ടെത്തുന്നതില്‍ എംബസി മുഖേന സൗദി അധികൃതരുടെ സഹകരണം വിദേശകാര്യ മന്ത്രാലയം തേടിയത്. ദമാം, അല്‍ഖോബാര്‍, അല്‍ഖഫ്ജി, ജുബൈല്‍ എന്നീ സൗദി തീരങ്ങളിലെ അധികൃതരുടെ സഹകരണം എംബസി തേടിയതായും അവിടങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങളനുസരിച് അത്തരം യാതൊരു മൃതദേഹവും സൗദി കടലില്‍നിന്നോ തീരത്തുനിന്നോ കണ്ടെത്താനായിട്ടില്ലെന്നാണ് കോസ്റ്റല്‍ ഗാര്‍ഡ് അറിയിച്ചതെന്നും കോണ്‍സല്‍ നോട്ടിയാല്‍ പറഞ്ഞു.
ഇനിയും ഓഖി ഇരകളായ നിരവധി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയോ അവരുടെ മൃതദേഹങ്ങളോ കണ്ടുകിട്ടാനുണ്ട്. മാത്രമല്ല, ചുഴലിക്കാറ്റ് ആഞ്ഞുവീശിയപ്പോള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലുണ്ടായിരുന്ന മല്‍സ്യബന്ധന ബോട്ടുകള്‍ നിയന്ത്രണം വിട്ട് ഗള്‍ഫ് തീരങ്ങളിലേയ്ക്കു നീങ്ങിപ്പോകാനും മൃതദേഹങ്ങള്‍ അവിടങ്ങളിലെ കരയ്ക്കണയാനുമുള്ള സാധ്യത നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടൊപ്പം, സൗദി തീരങ്ങളില്‍ ഏതാനും മൃതദേഹങ്ങള്‍ ഒഴുകിയെത്തിയതായും അവ ഓഖി ഇരകളുടേതാണെന്നുമുള്ള വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു.
ഇതിനെ തുടര്‍ന്നായിരുന്നു സൗദി തീര്‍ത്ത് തിരച്ചില്‍ നടത്തേണ്ടതിന്റെ ആവശ്യകത തമിഴ്‌നാട് സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ഇന്ത്യന്‍ എംബസി സൗദി അധികൃതരുമായി ബന്ധപ്പെട്ട് വ്യക്തത തേടിയതും. ഓഖി ഇരകള്‍ക്കായുള്ള സൗദി തീര്‍ത്തെ തിരച്ചിലും ഇക്കാര്യത്തില്‍ സൗദി കോസ്റ്റ് ഗാര്‍ഡുമായുള്ള തുടര്‍ നടപടികളും അവരില്‍ നിന്നുള്ള വിവര ശേഖരണവും എല്ലാ ദിവസവും തുടരുന്നതായും ഇന്ത്യന്‍ കോണ്‍സല്‍ പറഞ്ഞു.
മലയാളം സിനിമയ്ക്ക് യുകെ യൂറോപ്പ് മേഖലകളില്‍ വ്യവസായ പ്രചാരണത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്നതിനുള്ള ഇന്ത്യവുഡ്‌സ് ഫിലിം കാര്‍ണിവല്‍ അച്ചീവ്‌മെന്റ് അവാര്‍ഡിന് ആര്‍എഫ്ടി ഫിലിംസ് ഡയറക്ടര്‍ റൊണാള്‍ഡ് തൊണ്ടിക്കല്‍ അര്‍ഹനായി. ഇന്ത്യന്‍ സിനിമകളെ ലോകോത്തര വ്യവസായങ്ങളുമായി കോര്‍ത്തിണക്കുക എന്ന ലക്ഷ്യത്തോടെ ഡിസംബര്‍ 1 മുതല്‍ 4 വരെ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ നടന്ന ഫിലിം കാര്‍ണിവലില്‍ വെച്ച് യാഷ് ചോപ്ര ഫിലിം കമ്പനി സിഇഒ അവാര്‍ഡ് സമ്മാനിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയെ യുകെ യൂറോപ്പ് മേഖലകളില്‍ വിതരണം ചെയ്യുന്നതില്‍ ആര്‍എഫ്ടി ഫിലിംസ് മുഖ്യ പങ്ക് വഹിക്കുന്നു. പുലിമുരുകന്‍, ചാര്‍ലി, ടു കണ്‍ട്രീസ്, ഉദാഹരണം സുജാത എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ യുകെ മലയാളികള്‍ക്ക് മുന്നില്‍ എത്തിച്ച് ആര്‍എഫ്ടി ഫിലിംസ് ക്രിസ്തുമസ് ന്യൂഇയര്‍ റിലീസ് ആയി ഒരുപിടി നല്ല ചിത്രങ്ങള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. വരും നാളുകളില്‍ മലയാള സിനിമ യുകെയില്‍ എല്ലാ സ്ഥലങ്ങളിലും എത്തിക്കുന്നതിനോടൊപ്പം യുകെയിലെ സിനിമാ അഭിനയ പ്രേമികള്‍ക്കായി മലയാള സിനിമയിലെ പ്രമുഖരെ ഉള്‍പ്പെടുത്തി സിനിമ വര്‍ക്ക്‌ഷോപ്പ് നടത്തുന്നതിനായി ആലോചിക്കുന്നതായും അവാര്‍ഡിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ റൊണാള്‍ഡ് തൊണ്ടിക്കല്‍ പറഞ്ഞു.
മലയാള സിനിമയെ സ്‌നേഹിക്കുന്ന യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം മറ്റൊരു പൊന്‍തൂവലാണ് ഈ അവാര്‍ഡ്. മറ്റു ബിസിനസുകളോടൊപ്പം സിനിമാ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന റൊണാള്‍ഡ് തൊണ്ടിക്കല്‍ പാലാ കടപ്ലാമറ്റം സ്വദേശിയാണ്. യുകെയില്‍ ലിവര്‍പൂളില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നു.
ചെന്നൈ: ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ടിടിവി ദിനകരന് വമ്പന്‍ ലീഡ്. എഐഎഡിഎംകെ, ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പിന്തള്ളി പതിനായിരത്തിലേറെ വോട്ടുകളുടെ ലീഡാണ് ദിനകരന്‍ നേടിയത്. ലീഡ് നിലയില്‍ നോട്ടക്കും പിന്നിലായി ബിജെപിയും സ്ഥാനം പിടിച്ചിട്ടുണ്ട്.
എണ്ണിയ വോട്ടുകളില്‍ 20298 വോട്ടുകള്‍ ദിനകരന് ലഭിച്ചു. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി മധുസൂദനന് 9672 വോട്ടുകളും ഡിഎംകെ സ്ഥാനാര്‍ത്ഥി മരുത് ഗണേഷിന് 5091 വോട്ടുകളുമാണ് ലഭിച്ചത്. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ എഐഎഡിഎംകെ പ്രവര്‍ത്തകരും ദിനകരന്‍ അനുകൂലികളുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വോട്ടെണ്ണല്‍ അരമണിക്കൂറോളം നിര്‍ത്തിവെച്ചു. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.
ഹോസ്റ്റലില്‍ പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തില്‍ ദളിത് ഗവേഷണ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആര്‍ത്തവ പരിഹാസങ്ങള്‍ വരെ ഉപയോഗിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്നും സര്‍വകാലശാല മാറണം. വിദ്യാര്‍ത്തിനികളുടെ സമരം സന്ദര്‍ശിച്ച ആം ആദ്മി പാര്‍ട്ടി സംസ്ഥാന കന്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ കുറ്റക്കാര്‍ക്കെതിരെ പട്ടിക ജാതി/പട്ടിക വര്‍ഗ പീഡനം, സ്ത്രീ പീഡനം എന്നീ നിയമ പ്രകാരം കേസെടുക്കാന്‍ സര്‍വകലാശാല തന്നെ മുന്‍കയ്യെടുത്ത് ആറു ദിവസമായി നിരാഹാരം തുടരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
ഇടതുപക്ഷമാണ് ഭരണത്തില്‍ എന്ന ധാര്‍ഷ്ട്യത്തിലാണ് എസ്.എഫ്.ഐ ഇത്തരത്തില്‍ ആക്രമണത്തിനു മുതിരുന്നത്. കാമ്പസുകളില്‍ ജനാധിപത്യം വേണമെന്ന കോടിയേരിയുടെ ഉപദേശം കേവലം രാഷ്ട്രീയ കസര്‍ത്ത് മാത്രമാണെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ തെളിയിക്കുന്നു. ജനകീയ സമരങ്ങളെയും, ദളിത് ന്യൂനപക്ഷങ്ങളെയും അടിച്ചമര്‍ത്തുന്ന സി.പി.എം അജണ്ട ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പോലെയുള്ള യുവ സംഘടനകളിലൂടെയും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അതിന്റെ ഫലമാണ് കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരിടേണ്ടി വന്നത്.
വിദ്യാര്‍ത്ഥികളില്‍ പോലും വളരുന്ന ഈ ഫാസിസ്റ്റ് മനോഭാവം ചെറുക്കേണ്ടത് അനിവാര്യമാണ്. നിരാഹാരമിരിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യവും നീതിയും സര്‍വകലാശാലയുടെ മാത്രം ഉത്തരവാദിത്വമല്ല, സര്‍ക്കാരിന്റെ കൂടിയാണ്.
കോഴിക്കോട് : പാക് പോലീസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മലയാളി ഹാക്കിങ് കൂട്ടായ്മയായ ‘മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്’. കഴിഞ്ഞ ഓഗസ്റ്റ് 14 ന് നിരവധി പാക് സൈറ്റുകള്‍ ഹാക്ക് ചെയ്ത കൂട്ടത്തിലാണ് കറാച്ചി പോലീസിന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്തത്. എന്നാല്‍, സ്വന്തം വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട കാര്യം അഞ്ചു മാസം പിന്നിട്ടിട്ടും കറാച്ചി പോലീസ് അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം.
നാളുകള്‍ക്ക് ശേഷം പാകിസ്ഥാനിലെ പ്രമുഖ മാധ്യമമായ ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കറാച്ചി പോലീസ് വിവരം അറിഞ്ഞത്. കറാച്ചി പോലീസിന്റെ ക്രിമിനല്‍ ലിസ്റ്റ് താറുമാറാക്കിയ ഹാക്കര്‍മാര്‍ മലയാള സിനിമയിലെ വിവിധ കലാപാത്രങ്ങളെ കുറ്റവാളികള്‍ക്ക് പകരം നിറച്ചുവെച്ചു. സിഐഡി മൂസയിലെ സലീംകുമാര്‍, നന്ദനത്തിലെ ജഗതി, ത്രീ കിങ്‌സിലെ സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് കറാച്ചി പോലീസ് ക്രിമിനല്‍ ലിസ്റ്റില്‍ ഇടം പിടിച്ചത്.
ഇതോടെ പാക് ഇന്റലിജന്‍സിന്റെ വന്‍ പരാജയത്തെ കുറിച്ച് അവിടുത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാക് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ ഒരുമേജറടക്കം അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. രജൗറി ജില്ലയിലെ കെറി സെക്ടറിലാണ് പ്രകോപനമില്ലാതെ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. വലിയ ആക്രമണമാണ് പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മരിച്ചവരില്‍ മേജര്‍ മൊഹര്‍കര്‍ പ്രഫുല്ല അംബാദാസ്, ലാന്‍സ് നായിക് ഗുര്‍മെയില്‍ സിങ്, ശിപായി പ്രഗത് സിങ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള സൈനികരാണ് ഇവര്‍. പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് രണ്ട് സൈനികര്‍ ചികിത്സയിലാണ്.
പ്രകോപനത്തെ തുടര്‍ന്ന് പാക് സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കി ഇന്ത്യന്‍ സൈനികര്‍ ശക്തമായി തിരിച്ചടിച്ചു. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് സൈന്യം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നിയന്ത്രണരേഖയിലെ ഇന്ത്യയുടെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ അടുത്തിടെ പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പതിവാകുകയാണ്. നവംബര്‍ 16 നാണ് ഇതുനുമുമ്പ് വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്താന്‍ ലംഘിച്ചത്.
ഉത്തര കേരളത്തിലെ കമ്മാടം ഭവതി ക്ഷേത്രത്തിലെ ലക്ഷം ദീപം സമര്‍പ്പണത്തിനാണ് മണ്ഡപം സെന്റ് ജോസഫ് പള്ളിവികാരി ഫാദര്‍ ജോണ്‍ മുല്ലക്കര ക്ഷേത്ര നടയിലെ കല്‍വിളക്കില്‍ ദീപം കൊളുത്തി ക്ഷേത്രാങ്കണം മത സൗഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃകയാക്കിയത്. കാസര്‍കോട് കിഴക്കന്‍ മലയോരത്തെ കമ്മാടം ക്ഷേത്രത്തില്‍ നാടിന്റെ ഐശ്വര്യത്തിനും ലോകശാന്തിക്കും വേണ്ടിയാണ് ക്ഷേത്ര ചരിത്രത്തില്‍ ആദ്യമായി ലക്ഷം ദീപം തെളിയിക്കല്‍ ചടങ്ങ് നടന്നത്.
ഒരുനാടിന്റെ ഉത്സവമായ ചടങ്ങില്‍ വ്രത ശുദ്ധിയില്‍ സ്ത്രീകളും കുട്ടികളും അമ്മമാരും ദീപം തെളിച്ചു കൊണ്ടിരിക്കെയാണ് പുരോഹിത വേഷമണിഞ്ഞ് കയ്യില്‍ ദീപവുമായി ഫാ.ജോണ്‍ മുല്ലക്കരയും ക്ഷേത്ര നടയില്‍ നിലകൊണ്ടത്. മണിക്കൂറുകള്‍ നീണ്ട ക്ഷേത്ര ചടങ്ങുകളെല്ലാം കഴിഞ്ഞാണ് ഇടവക വികാരി മടങ്ങിയത്. ലക്ഷം ദീപം സമര്‍പ്പണ ചടങ്ങിലേക്ക് ക്ഷേത്ര ഭാരവാഹികള്‍ ഇടവക വികാരിയെയും ക്ഷണിച്ചിരുന്നു.
ക്ഷണിക്കാനെത്തിയവരോട് ലക്ഷം ദീപം സമര്‍പ്പിക്കുന്ന ചടങ്ങിനെ കുറിച്ച് ചോദിച്ചറിഞ്ഞ ജോണ്‍ മുല്ലക്കരയച്ചന്‍ അന്നേദിവസം നേരത്തെ തന്നെ കമ്മാടം ക്ഷേത്രത്തിലെത്തി. ഭാരവാഹികള്‍ സ്വീകരിച്ചിരുത്തിയ വികാരിയോട് പൗരാണിക ക്ഷേത്രത്തിലെ കല്‍വിളക്ക് തന്നെ തിരിയിട്ട് തെളിയിക്കാന്‍ അവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്ര മുറ്റം ഒരു ലക്ഷം ദീപം തെളിയുന്നത് വരെ ഫാ.ജോണ്‍ മുല്ലക്കര, കമ്മാടം ഭവതിയുടെ മുന്നിലായിരുന്നു. തിരിച്ചും സഹകരണം അഭ്യര്‍ത്ഥിച്ചാണ് ഇടവക വികാരി മടങ്ങിയത്.
പാലക്കാട്ടെ ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണിലേക്ക് പുറത്തുനിന്ന് മദ്യം എത്തുന്നത് പതിവാണ്. എന്നാല്‍, കഴിഞ്ഞ ദിവസം അവിടെ ഒരു ലോഡ് മദ്യവുമായി എത്തിയ ലോറി നാട്ടിലെങ്ങും പെട്ടെന്ന് ചര്‍ച്ചാ വിഷയമായി. ലോറിയല്ല, ലോറി ഡ്രൈവറായിരുന്നു വാര്‍ത്താ കേന്ദ്രം. 45 വയസ്സു പ്രായമുള്ള യോഗിത രഘുവംശി എന്ന സ്ത്രീ. രാജ്യത്തെ ആദ്യ വനിതാ ട്രക്ക് ഡ്രൈവര്‍. 14 ടയറുകളുള്ള ലോറിയില്‍ ആയിരക്കണക്കിന് കിലോ മീറ്ററുകള്‍ താണ്ടിയാണ് യോഗിത കൂളായി പാലക്കാട്ടെത്തിയത്.
വഴി നീളെ അപകടങ്ങള്‍ പതിയിരിക്കുന്ന, ആണുങ്ങള്‍ക്ക് മാത്രം പറ്റിയതെന്നു കാലാകാലങ്ങളായി പറഞ്ഞു വരുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ ജീവിതത്തിലേക്ക് യോഗിത എത്തിയത് 2000ലാണ്. ഭര്‍ത്താവിന്റെ മരണ ശേഷം, അര്‍ഹതപ്പെട്ട സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തപ്പോഴാണ്, രണ്ട് മക്കളെ പോറ്റുന്നതിന് അവര്‍ ഈ ദുര്‍ഘടം പിടിച്ച ജോലി തെരഞ്ഞെടുത്തത്. അതിനു ശേഷം അഞ്ചര ലക്ഷത്തിലേറെ കിലോ മീറ്ററുകള്‍ അവര്‍ ഈ വണ്ടിയോടിച്ചു. ആദ്യമൊന്നും സ്ത്രീകള്‍ കടന്നു വരാത്ത ഈ വഴിയിലേക്ക് പിന്നെ ചിലരൊക്കെ വന്നു. എങ്കിലും ഇപ്പോഴും സ്ത്രീകള്‍ക്ക് അന്യമായ ഒന്നായാണ് ഈ ജോലിയെ കണക്കാക്കുന്നതെന്ന് ഹിന്ദു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ യോഗിത പറയുന്നു.

ചില്ലറക്കാരിയല്ല യോഗിത. ഉത്തര്‍പ്രദേശില്‍ പിറന്ന് മഹാരാഷ്ട്രയില്‍ വളര്‍ന്ന ഈ യുവതിക്ക് കൊമേഴസിലും നിയമത്തിലുമായി രണ്ട് ബിരുദങ്ങളുണ്ട്. അഭിഭാഷകയാവാനായിരുന്നു മോഹം. അങ്ങിനെയാണ് അഭിഭാഷകനായ ഭോപ്പാല്‍ സ്വദേശിയുടെ വിവാഹാലോചന സ്വീകരിച്ചത്. വിവാഹം കഴിഞ്ഞ് ചെന്നപ്പോഴാണ് അറിഞ്ഞത് അയാള്‍ അഭിഭാഷകനല്ല. ട്രക്ക് ഡ്രൈവറായിരുന്ന ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ രണ്ട് മക്കളെ പോറ്റുന്ന കാര്യം യോഗിതയുടെ ചുമലില്‍ വന്നു. ഭര്‍ത്താവിന്റെ സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തതിനാല്‍ ദുരിതം പിന്നെയും കൂടി. ആരുടെയെങ്കിലും ജൂനിയര്‍ ആയി അഭിഭാഷക വൃത്തി ചെയ്യാം. എന്നാല്‍, രണ്ടു മക്കളെ വളര്‍ത്താന്‍ അതൊന്നും പോരാ. അതിനാല്‍, ട്രക്കിന്റെ വളയം പിടിക്കാന്‍ യോഗിത തീരുമാനിച്ചു. മക്കള്‍ ഇപ്പോള്‍ മുതിര്‍ന്നു. മകള്‍ യാഷിക എഞ്ചിനീയറിംഗ് പഠിച്ചു. മകന്‍ യശ്വിന്‍ പ്ലസ് ടു വിദ്യാര്‍ത്ഥി. ഇനിയും ഇതേ ജോലി തുടരണമെന്നാണ് യോഗിതയുടെ ആഗ്രഹം.

യോഗിതയുടെ മാതൃകയെ ഉശിരനൊരു ട്രക്ക് നല്‍കിയാണ് മഹീന്ദ്ര കമ്പനി ആദരിച്ചത്. ആദ്യമൊക്കെ തുറിച്ചു നോട്ടവും മോശം കമന്റുകളുമെല്ലാം നേരിടേണ്ടി വന്നിരുന്നുവെന്ന് യോഗിത പറയുന്നു. വൈകാതെതന്നെ ആണുങ്ങളുടെ മാത്രമായിരുന്ന ഈ ജോലിയെ വരുതിയിലാക്കാന്‍ താന്‍ പഠിച്ചതായും യോഗിത പറയുന്നു.
കലബുറഗി: ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നു നവജാത ശിശുക്കള്‍ മാറിയതായി പരാതി. രക്തപരിശോധനയിലൂടെ കുട്ടികളുടെ രക്ഷിതാക്കളെ തിരിച്ചറിഞ്ഞെങ്കിലും ബന്ധുക്കള്‍ ആണ്‍കുഞ്ഞിനുവേണ്ടി വഴക്കിട്ടതോടെ സംഭവം പൊല്ലാപ്പായി. പെണ്‍കുഞ്ഞിനെ മുലയൂട്ടാനോ പരിപാലിക്കാനോ അമ്മ തയാറുമല്ല.
രക്ഷിതാക്കളുടെ മനസ്സലിയുന്നതും കാത്ത് ആശുപത്രി അധികൃതര്‍ ആറുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. യാദ്ഗിര്‍ ജില്ലയില്‍നിന്നുള്ള നന്ദമ്മയെയും നസ്മ ബേഗത്തെയും ഈ കഴിഞ്ഞ ആഴ്ചയാണു പ്രസവത്തിനായി കലബുറഗി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരും ഒരേസമയത്ത് കുഞ്ഞിനു ജന്മം നല്‍കി. പക്ഷേ ആശുപത്രി ജീവനക്കാര്‍ കുഞ്ഞിനെ പരസ്പരം മാറിയാണു ബന്ധുക്കള്‍ക്കു നല്‍കിയത്.
അബദ്ധം സംഭവിച്ച ജീവനക്കാര്‍ ഇതു വെളിപ്പെടുത്തിയെങ്കിലും ആണ്‍കുഞ്ഞ് പിറന്നുവെന്നു വിശ്വസിച്ച നന്ദമ്മയും ബന്ധുക്കളും പെണ്‍കുഞ്ഞിനെ സ്വീകരിക്കാന്‍ വിസമ്മതിച്ചു. കുഞ്ഞിനെ മുലയൂട്ടാന്‍ വിസമ്മതിച്ച ഇവര്‍ ഡിഎന്‍എ പരിശോധന വേണമെന്നും ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനായി ആശുപത്രി അധികൃതര്‍ കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും രക്തപരിശോധന നടത്തി. ആണ്‍കുഞ്ഞിന്റെ രക്തം ബി പോസിറ്റീവും പെണ്‍കുഞ്ഞിന്റേത് എ പോസിറ്റീവും ആണെന്നു കണ്ടെത്തി. പെണ്‍കുഞ്ഞിന്റെ രക്തം നന്ദമ്മ–സിദ്ധപ്പ ദമ്പതികളുടെതുമായും ആണ്‍കുഞ്ഞിന്റേതു നസ്മ–ലാല്‍ മുഹമ്മദ് ദമ്പതികളുടേതുമായും യോജിക്കുന്നുവെന്നു ഡോക്ടര്‍മാരും വ്യക്തമാക്കി. എന്നാല്‍ പെണ്‍കുഞ്ഞിനെ വേണ്ടെന്ന നിലപാടിലാണു നന്ദമ്മയുടെ ബന്ധുക്കള്‍.
ജില്ലാ ആശുപത്രി സര്‍ജന്‍ ഡോ. ജോഷിയും കലബുറഗി എസ്പി ശശികുമാറും ഇവരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഡിഎന്‍എ പരിശോധന വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ഇവര്‍ കുഞ്ഞിനെ കൈമാറ്റം ചെയ്തതില്‍ ഗൂഢാലോചന ഉണ്ടെന്നാരോപിച്ചു പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ഇവരുടെ ആവശ്യപ്രകാരം രക്ത സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിക്കുംവരെ കുഞ്ഞിനെ പരിപാലിക്കാനും മുലയൂട്ടാനും നിര്‍ദേശിച്ചെങ്കിലും നന്ദമ്മ ഇതിനും വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണു കുഞ്ഞിനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയത്.
തിരുവനന്തപുരം പള്ളിവളപ്പിൽ കടന്നു ബൈക്ക് യാത്രികരെ പിടികൂടാനെത്തിയ പൊലീസിനെ ഒരു മണിക്കൂറോളം പൂട്ടിയിട്ടു. ഇന്നലെ രാത്രി 9.00നു ചെരുവാരക്കോണത്താണു സംഭവം. പ്രതിഷേധത്തെ തുടർന്നു രാത്രി 10.30ഒാടെ ചർച്ചകൾക്കു ശേഷം മാപ്പു പറഞ്ഞു പുറത്തേക്കിറങ്ങിയ എസ്ഐ സഞ്ചരിച്ചിരുന്ന ജീപ്പ് ആക്രമിക്കാൻ ശ്രമിച്ചതു ലാത്തിചാർജിന് ഇടയാക്കി.
മൂന്നുപേരുമായെത്തിയ ബൈക്കിനെ പിടികൂടാൻ പട്രോളിങ്ങിനു പോകുകയായിരുന്ന പൊലീസ് ശ്രമിക്കവെ ഒരാൾ പള്ളിവളപ്പിലേക്ക് ഒാടിക്കയറിയതാണു സംഭവങ്ങൾക്കു തുടക്കം. പിന്തുടർന്നെത്തിയ എസ്ഐയും സംഘവും പള്ളിവളപ്പിൽ കയറി പിടികൂടാൻ ശ്രമിച്ചു. ക്രിസ്മസ് പരിപാടികൾക്കായി പള്ളിവളപ്പിൽ പുൽക്കൂട് ഒരുക്കുകയായിരുന്ന യുവാക്കളാണു ബൈക്കിൽ പോയതെന്ന് അറിയിച്ചെങ്കിലും വിടാൻ പൊലീസ് തയാറായില്ല.
ഇതിനിടെ പള്ളിവളപ്പിൽ അകാരണമായി പൊലീസ് കടന്നതിനെ വന്നുകൂടിയവർ ചോദ്യം ചെയ്തു. സംഭവം വഷളാകുന്നതു കണ്ടു വൈദികർ പൊലീസുകാരെ കമ്മിറ്റിഒാഫിസിലേക്ക് എത്തിച്ചതോടെ പിന്തുടർന്നെത്തിയ ജനക്കൂട്ടം ഒാഫിസ് വളഞ്ഞതു സ്ഥിതിഗതികൾ രൂക്ഷമാക്കി. വൈദികരും, ഇടവക ഭാരവാഹികളും ഇടപെട്ടെങ്കിലും പിരിഞ്ഞു പോകാൻ ആരും തയാറായില്ല.
പാറശാല സിഐ സ്ഥലത്തെത്തി പള്ളി വളപ്പിൽ പൊലീസ് കടക്കില്ലെന്ന് എഴുതി നല്കിയെങ്കിലും എസ്ഐ മാപ്പു പറയാതെ വിടില്ലെന്ന നിലപാടിലായിരുന്നു വിശ്വാസികൾ. രാത്രി 10.30ഒാടെ എസ്ഐ മാപ്പു പറയാൻ തയ്യാറായതിനെ തുടർന്നാണു രംഗം ശാന്തമായത്.
കൂടുതൽ പൊലീസെത്തി എസ്ഐയെ ജീപ്പിലെത്തിച്ചു റോഡിലേക്ക് ഇറങ്ങവേ ജിപ്പിനു നേരെ കല്ലേറുണ്ടായി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം ലാത്തി ചാർജ് നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശവാസികളായ ചില യുവാക്കളെ കഞ്ചാവു വിൽപന നടത്തുവെന്ന് ആരോപിച്ചു പൊലീസ് പിടികൂടി മർദിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.