India

പയ്യോളി: അര്‍ദ്ധരാത്രി ഒറ്റയ്ക്ക് യാത്രചെയ്ത വിദ്യാര്‍ഥിനിയെ ഇറക്കാതെപോയ കെ.എസ്.ആര്‍.ടി.സി. മിന്നല്‍ബസ് ജീവനക്കാരുടെ പെരുമാറ്റത്തെപ്പറ്റി തിങ്കളാഴ്ച പെണ്‍കുട്ടി പ്രതികരിച്ചു. രണ്ടുദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിനി ശനിയാഴ്ച രാത്രിയിലെ ഭയപ്പാടില്‍നിന്ന് മുക്തമായിട്ടില്ല.

പയ്യോളിയില്‍ ബസ് നിര്‍ത്തില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞതോടെ അക്കാര്യം വിദ്യാര്‍ഥിനി പിതാവിനോട് വിളിച്ചുപറഞ്ഞിരുന്നു. തുടര്‍ന്ന് പിതാവ് പള്ളിക്കര കെ.സി. അബ്ദുള്‍അസീസ് പയ്യോളി പോലീസിന്റെ സഹായം തേടി. സ്റ്റേഷനുമുന്നില്‍ പോലീസുകാരനും ബാപ്പയും ബസിന് കൈകാണിക്കുന്നത് ദൂരേനിന്ന് കണ്ടപ്പോള്‍ പെണ്‍കുട്ടി ഡ്രൈവറുടെ അടുത്തുവന്നു പറഞ്ഞു, ‘എന്നെ ഇറക്കാന്‍ വേണ്ടിയാണ് പോലീസ് കൈകാണിക്കുന്നത്. അടുത്തുനില്‍ക്കുന്നത് ബാപ്പയാണ്’. ഡ്രൈവര്‍ ഉടന്‍ പറഞ്ഞത് കണ്ടക്ടറോട് പറയാനാണ്. കണ്ടക്ടറുടെ അടുത്തേക്ക് തിരിഞ്ഞപ്പോഴുള്ള പ്രതികരണം അസഹനീയമായിരുന്നു- ‘ഇതൊക്കെ ഏത് കാട്ടില്‍നിന്നാണ് ഇറങ്ങിവരുന്നത്’. അപ്പോഴേക്കും ബസ് പയ്യോളി ടൗണ്‍ വിട്ടു.

ചില യാത്രക്കാരെ കൂട്ടുപിടിച്ച് കണ്ടക്ടര്‍ കളിയാക്കി സംസാരിച്ചെങ്കിലും യാത്രക്കാരില്‍ നല്ലവരുമുണ്ടായിരുന്നതായി വിദ്യാര്‍ഥിനി പറഞ്ഞു. അര്‍ധരാത്രിയായതിനാല്‍ കൂടുതല്‍ പേരും ഉറക്കത്തിലായിരുന്നു.

കോഴിക്കോട് സ്റ്റാന്‍ഡ് വിട്ടപ്പോള്‍ പയ്യോളി നിര്‍ത്തില്ലെന്ന് പറഞ്ഞ കണ്ടക്ടര്‍ മാവൂര്‍റോഡില്‍ ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ ആരും പ്രതികരിച്ചില്ല. അപ്പോള്‍, സമയം രണ്ടുമണിയായിരുന്നു. ബസ് പയ്യോളിയില്‍ നിര്‍ത്താതെ പോയപ്പോള്‍ ബാപ്പ വിളിച്ചു. മൂരാട് പാലത്തിന് മുന്നില്‍നിന്ന് പോലീസ് കൈകാണിച്ചിട്ടും ബസ് നിര്‍ത്താത്തപ്പോള്‍ മാനസികമായി പിരിമുറുക്കത്തിലായെന്നും ചോമ്പാലില്‍ പോലീസ് ജീപ്പ് റോഡില്‍ കുറുകെയിട്ടത് കണ്ടപ്പോഴാണ് ആശ്വാസം കിട്ടിയതെന്നും വിദ്യാര്‍ഥിനി പറഞ്ഞു.

രാത്രി 12 മണിമുതല്‍ ചോമ്പാലില്‍നിന്ന് മകളെ വീട്ടില്‍ എത്തിക്കാന്‍ പുലര്‍ച്ചെവരെ റോഡില്‍ ബൈക്കുമായി അലഞ്ഞ അബ്ദുള്‍അസീസിന് ഞായറാഴ്ച രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ആസ്​പത്രിയില്‍ കിടക്കേണ്ടിയും വന്നു. ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അസീസ് പറഞ്ഞു.

കോഴിക്കോട് സ്റ്റാന്‍ഡില്‍നിന്ന്, ഇത് മിന്നല്‍ബസാണെന്നും ഇനി കണ്ണൂരിലാണ് നിര്‍ത്തുകയുള്ളൂവെന്ന് അറിയിച്ചിരുന്നതായും കണ്ടക്ടര്‍ കോട്ടയം സ്വദേശി അജേഷ് പറഞ്ഞു. പോലീസ് കൈകാണിച്ചാലും ബസ് നിര്‍ത്തേണ്ടതില്ലെന്ന് മുന്‍ എം.ഡി. രാജമാണിക്യത്തിന്റെ നിര്‍ദേശമുണ്ടെന്നും കണ്ടക്ടര്‍ പറഞ്ഞു.

ഇതിനിടെ പോലീസ് കൈകാണിച്ചിട്ട് നിര്‍ത്താതെ പോയതിന് പയ്യോളി പോലീസ് പെറ്റി കേസെടുത്തിട്ടുണ്ട്. പയ്യോളി, ചോമ്പാല പോലീസ് വടകര ഡിവൈ.എസ്.പി.ക്കും കെ.എസ്.ആര്‍.ടി.സി. ഉന്നത ഉദ്യോഗസ്ഥര്‍ക്കും സംഭവത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ചോമ്പാല പോലീസ് ബസ് ജീവനക്കാരെ വിളിപ്പിച്ചിട്ടുമുണ്ട്.

 

ഹരിയാന: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഇയാളുടെ അനുയായികള്‍ നടത്തിയ കലാപത്തില്‍ ഹരിയാന സര്‍ക്കാരിന് നഷ്ടം 126 കോടി രൂപ. കഴിഞ്ഞ ഓഗസ്റ്റ് 25നാണ് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി ഗുര്‍മീതിന് 20വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. തുടര്‍ന്ന് ഇയാളുടെ അനുയായികള്‍ എന്നവകാശപ്പെടുന്ന ആയുധധാരികളായ ആള്‍ക്കൂട്ടം നടത്തിയ കലാപത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കണക്ക് അനുസരിച്ച് ഹരിയാന സര്‍ക്കാരിനുണ്ടായ നഷ്ടം 1,26,68,71,700 രൂപയാണ്. അക്രമബാധിത ജില്ലകളില്‍ അംബാലയിലാണ് ഏറെ നാശനഷ്ടമുണ്ടായിരിക്കുന്നത്. 46.84 കോടി രൂപയാണ് ഇവിടുത്തെ നഷ്ടം. 14.87 കോടി രൂപയുടെ നഷ്ടമാണു ഫത്തേഹാബാദിനുണ്ടായത്. ഗുര്‍മീതിന്റെ ആശ്രമത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സിര്‍സയില്‍ 13.57 കോടി രൂപയുടെ നാശനഷ്ടമാണുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട പഞ്ച്കുളയില്‍ നാശനഷ്ടം 10.57 കോടിയാണ്.

നാശനഷ്ട കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഹരിയാന അഡ്വക്കേറ്റ് ജനറല്‍ പഞ്ചാബ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍, കതിരൂര്‍ മനോജ് വധക്കേസുകളിലെ പ്രതികള്‍ക്ക് ആയുര്‍വേദ ആശുപത്രിയില്‍ സുഖ ചികിത്സയെന്ന് ആരോപണം. രണ്ട് കേസുകളിലും സി.പി.ഐ.എം പ്രവര്‍ത്തകരാണ് പ്രതികള്‍. ഇവര്‍ക്ക് സുഖ ചികിത്സ ഒരുക്കുന്നത് പൊലീസിലെ ചിലരുടെ ഒത്താശയോടെയാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. പ്രതികളില്‍ ചിലര്‍ ചികിത്സക്കിടെ വീടുകളില്‍ പോയിരുന്നതായും ആരോപണം ഉയരുന്നു.

ടി.പി വധക്കേസിലെ പ്രധാന പ്രതിയായ സി.പി.ഐ.എം പ്രവര്‍ത്തകന്‍ കെ.സി രാമചന്ദ്രന്‍ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്. ആശുപത്രിയിലെ 211-ാം നമ്പര്‍ മുറിയിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ചികിത്സയൊരുക്കുമ്പോള്‍ പൊലീസ് സുരക്ഷയുള്ള സെല്ലുകള്‍ ആശുപത്രിയില്‍ വേണമെന്നാണ് ചട്ടം. ഇത്തരം സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയില്‍ മാത്രമേ പ്രതികള്‍ക്ക് ചികിത്സ നല്‍കാവുയെന്ന നിയമം കാറ്റില്‍ പറത്തിയാണ് കെ.സി രാമചന്ദ്രനെ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.

ആശുപത്രിയില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ സി.പി.എം അനുഭാവികളാണെന്നും ഇവരാണ് പ്രതികള്‍ക്കാവശ്യമായ കാര്യങ്ങള്‍ നിറവേറ്റുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളില്‍ ചിലര്‍ ഇതേ ആശുപത്രിയില്‍ 45 ദിവസത്തെ സുഖവാസത്തിനു എത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ന്യൂഡല്‍ഹി: ലൈംഗിക ചൂഷണം നടത്തുന്ന കേന്ദ്രങ്ങള്‍ക്കെതിരെയും മനുഷ്യക്കടത്തിനെതിരെയും ഇന്ത്യയില്‍ ശക്തമായ നിയമം നിലവിലുണ്ട്. എന്നാല്‍ വേശ്യാലയങ്ങളില്‍ എത്തുന്ന ഇടപാടുകാരെ കുടുക്കുന്ന നിയമം നിലവില്ല. പക്ഷേ ആന്ധ്രയില്‍ നിലവില്‍ വന്നിരിക്കുന്ന പുതിയ നിയമ ഭേദഗതിയില്‍ ഇടപാടുകാരും ഇടനിലക്കാരും തുടങ്ങി കൃത്യത്തില്‍ പങ്കെടുക്കുന്ന എല്ലാവരും കുറ്റക്കാരാകും. ഇടനിലക്കാരോടൊപ്പം ഇടപാടുകാരും നിയമത്തിന് മുന്നിലെത്തുന്നതോടെ വേശ്യാലയം നടത്തിപ്പ് കേന്ദ്രങ്ങള്‍ നിയന്ത്രിക്കാനാവുമെന്നാണ് ആന്ധ്ര സര്‍ക്കാരിന്റെ പ്രതീക്ഷ.

വേശ്യാലയങ്ങള്‍ വഴി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ലൈംഗിക ചൂഷണത്തിനിരയാകുന്നതായുള്ള വാര്‍ത്തകള്‍ രാജ്യത്ത് ധാരാളമാണ്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ചൂഷണങ്ങളും കുറയുമെന്നാണ് പ്രതീക്ഷയെന്ന് ആന്ധ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചു. ഇത്തരമൊരു നടപടിക്കൊരുങ്ങുന്ന ആദ്യ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.

ആന്ധ്ര സര്‍ക്കാര്‍ നിയോഗിച്ച നിയമ വിദഗ്ദ്ധരടങ്ങിയ സംഘമാണ് പുതിയ നിയമത്തിന്റെ സാധുത പരിശോധിച്ചത്. മനുഷ്യക്കടത്ത് നിരോധന നിയമത്തിന്റെ പരിധിയില്‍ പുതിയ തീരുമാനത്തെ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്ന് തീര്‍ച്ചപ്പെടുത്താനും 60 ദിവസത്തിനകം ശുപാര്‍ശകള്‍ നല്‍കാനുമാണ് സര്‍ക്കാര്‍ നിര്‍ദേശം.

2013ല്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലാകെ രണ്ട് കോടിയോളം വരുന്ന ലൈംഗിക തൊഴിലാളികളുണ്ടെന്നും ഇതില്‍ ഒന്നരലക്ഷത്തിലധികം വരുന്ന സ്ത്രീകളും കുട്ടികളും കടുത്ത ലൈംഗിക ചൂഷണത്തിനിരകളാവുന്നുണ്ടെന്നും പറയുന്നു.

ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടര്‍ക്ക് നല്‍കി വന്നിരുന്ന സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച പുതിയ ഹജ്ജ് നയത്തിന്റെ ഭാഗമായാണ് നടപടി. നിലവില്‍ എഴുനൂറ് കോടി രൂപയാണ് കേന്ദ്രം ഹജ്ജ് സബ്സിഡിക്കായി നീക്കിവെച്ചിരുന്നത്. നിര്‍ത്തലാക്കിയ സബ്സിഡി ന്യൂനപക്ഷ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

2022ഓടെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്‍കി വരുന്ന സബ്സിഡി ഘട്ടം ഘട്ടമായി നിര്‍ത്താലാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ചെറുപട്ടണങ്ങളിലെ തീര്‍ഥാടകരുടെ അസൗകര്യങ്ങള്‍ പരിഗണിച്ച് ഘട്ടംഘട്ടമായി മാത്രമേ സബ്സിഡി നിര്‍ത്തലാക്കാവൂ എന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ഉത്തരവ് നടപ്പിലാക്കാന്‍ നാല് വര്‍ഷം ബാക്കിയിരിക്കെയാണ് ഒറ്റയടിക്ക് കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നിര്‍ത്തലാക്കിയത്. വിമാന യാത്രയ്ക്കും മറ്റു ചെലവുകള്‍ക്കുമാണ് നിലവില്‍ സബ്സിഡി അനുവദിച്ചു നല്‍കിയിരുന്നത്.

സര്‍ക്കാരിന്റെ ഉദ്ദേശ്യം ന്യൂനപക്ഷ പ്രീണനമല്ല മറിച്ച് അവരെ ശക്തിപ്പെടുത്തലാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു. പതിവിലും കൂടുതലായി ഇത്തവണ 1,75,000 പേരാണ് ഹജ്ജ് തീര്‍ഥാടനത്തിനായി ഇന്ത്യയില്‍ നിന്നും പോകുന്നത്. നാല് ലക്ഷം പേര്‍ നല്‍കിയ അപേക്ഷകളില്‍ നിന്ന് 1,75,000 പേരെ തെരെഞ്ഞെടുക്കുകയായിരുന്നു

കൊല്ലം: ശ്രീജിത്തിന്റെ സമരം മുതലെടുക്കാന്‍ ശ്രമിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡിന്റെ വീടിന് നേരെ കല്ലേറ്. ഇക്കാര്യം ആന്‍ഡേഴ്‌സണ്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. തന്റെ വീട്ടുകാരെ ഉപദ്രവിക്കരുതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ആന്‍ഡേഴ്‌സണ്‍ പറയുന്നു.

നേരത്തെ രമേശ് ചെന്നിത്തല സമരപ്പന്തലിലെത്തി ശ്രീജിത്തിനെ കാണുകയും നിയമ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സമരത്തിന് മുന്‍പ് ചെന്നിത്തലയെ ശ്രീജിത്തിനൊപ്പം പോയി കണ്ടെതായി ആന്‍ഡേഴ്‌സണ്‍ പറയുന്നു. അന്ന് തങ്ങളെ പരിഹസിക്കുകയാണ് ചെന്നിത്തല ചെയ്തതെന്നും ആന്‍ഡേഴ്‌സണ്‍ ആരോപിച്ചു. ശ്രീജിത്തിന്റെ കാര്യം സംസാരിക്കാന്‍ നിങ്ങളാരാണെന്ന് ചോദിച്ച ചെന്നിത്തലയോട് ഞാന്‍ പൊതുജനമാണെന്ന് മറുപടി പറഞ്ഞ ആന്‍ഡേഴ്‌സണിന്റെ വാക്കുകള്‍ക്ക് നവ മാധ്യമങ്ങളില്‍ വന്‍ അംഗീകാരമാണ് ലഭിച്ചത്.

കല്ലുകള്‍ എറിയുന്നവരുടെ ശ്രദ്ധയ്ക്ക് നിങ്ങള്‍ എന്നെ എറിയുക, ഇരുട്ടിന്റെ മറവില്‍ വീടിനും വീട്ടുകാര്‍ക്കും എതിരേ എറിയുന്നത് ഭീരുത്വമാണെന്ന് ആന്‍ഡേഴ്‌സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. കെഎസ്യു പ്രവര്‍ത്തകന്‍ ശ്രീദേവ് സോമന്‍ ഫേസ്ബുക്കില്‍ ‘കുന്നത്തൂരിലെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ആന്‍ഡേഴ്‌സണെ രാഷ്ട്രീയമായി നേരിടും’ എന്ന് ആഹ്വാനം ചെയ്തതിന് ശേഷമാണ് ആന്‍ഡേഴ്‌സന്റെ വീടിനുനേരെ കല്ലേറുണ്ടായിരിക്കുന്നത്. തന്റെ അനുജന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയേറ്റ് പടിക്കല്‍ ആരംഭിച്ച സമരം 767 ദിവസങ്ങള്‍ പിന്നിട്ടു.

വി​ദ്യാ​ർ​ഥി​യു​ടെ സെ​ൽ​ഫി​ഭ്ര​മ​ത്തിന്റെ ​ അ​മി​താ​വേ​ശം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ചൊ​ടി​പ്പി​ച്ചു. തന്റെ പ്ര​തി​ക​ര​ണ​ത്തി​ൽ ഭ​യ​ന്നു​പോ​യ വി​ദ്യാ​ർ​ഥി​യെ ആ​ശ്വ​സി​പ്പി​ച്ച്​ ഫോട്ടോയും എ​ടു​പ്പി​ച്ച്​ മ​ട​ക്കി അ​യ​ച്ചു. സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി ഒാ​ഫി​സി​ന്​ മു​ന്നി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​വി​ല​ത്തെ ഫോട്ടോ​സെ​ഷ​നാ​ണ്​ പ്ര​ശ്​​ന​മാ​യ​ത്. പു​തി​യ സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും സം​സ്​​ഥാ​ന സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളു​ടെ​യും പാ​ന​ൽ ത​യാ​റാ​ക്കി​യ ജി​ല്ല ക​മ്മി​റ്റി​ക്കു​ശേ​ഷം പു​റ​ത്തേ​ക്ക്​ വ​രു​േ​മ്പാ​ഴാ​ണ്​ സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​തോ​ടെ ഒ​പ്പം​നി​ന്ന്​ ഫോ​േ​ട്ടാ എ​ടു​ക്കാ​ൻ സ​മീ​പ​ത്തെ ഗ​വ. ​​ബോ​യ്​​സ്​ സ്​​കൂ​ളി​ലെ പ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളും എ​ത്തി​യി​രു​ന്നു. ചി​രി​ച്ച മു​ഖ​ത്തോ​ടെ​യാ​ണ്​ മു​ഖ്യ​മ​ന്ത്രി, കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​നും മ​റ്റു നേ​താ​ക്ക​ളുമൊത്തു പുറത്തേക്കു ​ ഇ​റ​ങ്ങി​വ​ന്ന​ത്. ആ​ദ്യം നേ​താ​ക്ക​ൾ​ക്കൊ​പ്പം ഫോട്ടോ എ​ടു​ത്തു. ഇ​തി​ന്​ ശേ​ഷം ​‘ബോ​യ്​​സ്​ സ്​​കൂ​ളി​ലെ ബോ​യ്​​സ്​’ വ​രാ​ൻ ചി​രി​യോ​ടെ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ഇൗ ​സ​മ​യ​ത്താ​ണ്​ വി​ദ്യാ​ർ​ഥി അ​പ്ര​തീ​ക്ഷി​ത​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ കൈ​യി​ൽ ക​ട​ന്നു​പി​ടി​ച്ച്​ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ആ​ഞ്ഞ​ത്.

pinarayi-selfie-2
ഇ​തോ​ടെ മു​ഖ​ഭാ​വം മാ​റി​യ മു​ഖ്യ​മ​ന്ത്രി ഗൗ​ര​വ​ത്തി​ൽ കൈ ​ത​ട്ടി​മാ​റ്റി ഒ​ഴി​വാ​ക്കി. വീ​ണ്ടും ഫോട്ടോ​യെ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെയെ​ല്ലാ​മാ​യി വി​ളി​ച്ച​പ്പോ​ഴും സെ​ൽ​ഫി​യെ​ടു​ക്കാ​ൻ തു​നി​ഞ്ഞ​ത്​ അ​നി​ഷ്​​ട​ത്തി​നി​ട​യാ​ക്കി. തു​ട​ർ​ന്ന്​ വി​ദ്യാ​ർ​ഥി​യു​ടെ കൈ​വ​ശ​മി​രു​ന്ന ഫോ​ൺ മ​റ്റൊ​രാ​ൾ​ക്ക്​ ന​ൽ​കി ഫോട്ടോ എ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. ഫോ​ണി​ന്റെ ലോ​ക്ക്​ ഒ​ഴി​വാ​ക്കി ഫോട്ടോ​യെ​ടു​ക്കാ​ൻ സ​മ​യ​വും ന​ൽ​കി. ടെ​ൻ​ഷ​ൻ ഒ​ഴി​വാ​ക്കി ചി​രി​ച്ച മു​ഖ​ത്തോ​ടെ​ ​പോ​സ്​ ചെ​യ്യാ​നും ആ​വ​ശ്യ​പ്പെ​ട്ടു. പ​ക​ർ​ത്തി​യ ചി​ത്രം പ​രി​ശോ​ധി​ച്ച​പ്പോ​ൾ ‘ആ​യി​ല്ലേ, ഐ​ശ്വ​ര്യ​മാ​യി​ട്ട്​ പോ​യി വ​രു’ എ​ന്ന ചി​രി​യോ​ടെ​യു​ള്ള ആ​ശ്വ​സി​പ്പി​ക്ക​ലോ​ടെ​യാ​ണ്​ വി​ദ്യാ​ർ​ഥി​യെ പ​റ​ഞ്ഞ​യ​ച്ച​ത്.

ബഹറൈന്‍: പത്തനാപുരത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കാലുവാരിയെന്ന് ഭീമന്‍ രഘു. ബിജെപി പ്രവര്‍ത്തകര്‍ കാലുവാരിയത് കാരണമാണ് തോറ്റത്. തെരെഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിലെ പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ തനിക്ക് മുന്‍തൂക്കമുണ്ടായിരുന്നു. പ്രചരണത്തിനായി കൂടെ നിന്നവര്‍ പിന്നീട് എത്തിയില്ലെന്നും അവര്‍ കാലു വാരുകയായിരുന്നെന്നും ഭീമന്‍ രഘു ആരോപിക്കുന്നു. ഇനി പാര്‍ട്ടി നേതാവായി തുടരാനില്ലെന്നും രഘു വ്യക്തമാക്കി.

ബഹ്‌റൈനില്‍ ബന്ധുവിന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ഭീമന്‍ രഘു രംഗത്തു വന്നത്. തെരഞ്ഞെടുപ്പ് അടുത്ത് വരുന്തോറും പാര്‍ട്ടിയും പാര്‍ട്ടിക്കാരും ഇല്ലാത്ത അവസ്ഥയായി. മറ്റുവല്ല സ്വാധീനത്തിന്റെ ഫലമായിരിക്കും ഈ രീതിയില്‍ തന്നോട് പെരുമാറിയതെന്നും പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചതെന്ന് തോന്നിയിരുന്നതായും അദ്ദേഹം പറഞ്ഞു. തന്റെ കാലുവാരിയവരില്‍ സുരേഷ് ഗോപിയും ഉള്‍പ്പെടുമെന്ന് ഭീമന്‍ രഘു പരോക്ഷമായി സൂചിപ്പിച്ചു.

തെരെഞ്ഞെടുപ്പ് പ്രചരണത്തിനായി പലതവണ സുരേഷ് ഗോപിയെ ക്ഷണിച്ചെങ്കിലും അദ്ദേഹം എത്തിയില്ല. ഒരു ദിവസം മാത്രം 10 തവണ താന്‍ ഫോണില്‍ വിളിച്ചിട്ടും വരാത്തപ്പോള്‍ വിഷമം തോന്നി. ഫലം വന്നപ്പോള്‍ തനിക്ക് വോട്ട് കിട്ടിയതില്‍ കൂടുതലും മുസ്ലിം സുഹൃത്തുക്കളുടേതായിരുന്നെന്നും ഭീമന്‍ രഘു അവകാശപ്പെട്ടു.

ചെറുപ്പകാലം മുതല്‍ക്കെ ആര്‍എസ്എസിനോടുള്ള താല്‍പര്യവും നരേന്ദ്ര മോഡിയെന്ന വ്യക്തിയോടുള്ള ഇഷ്ടവുമാണ് തന്നെ സ്ഥാനാര്‍ഥിയാക്കിയത്. അതേസമയം സ്ഥാനാര്‍ഥിയായതിന്റെ പേരില്‍ തനിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞുവെന്നും രഘു പറയുന്നു.

ബി.ജെ.പി സര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി വി.എച്ച്.പി ദേശിയ വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. രാജസ്ഥാന്‍ ഗുജറാത്ത് പൊലീസ് വിഭാഗങ്ങള്‍ തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നതായും പൊലീസ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങെരുതെന്നും കരഞ്ഞ് കൊണ്ട് തൊഗാഡിയ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ മുതല്‍ തൊഗാഡിയയെ കാണാനില്ലെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അനുയായികള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. കാണാതായി എന്ന വാര്‍ത്തയ്ക്ക് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ അദ്ദേഹത്തെ ഒരു പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തൊഗാഡിയയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു.

പത്തുവര്‍ഷം മുന്‍പ് തൊഗാഡിക്കെതിരെ രാജസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പൊലീസെത്തിയിരുന്നു. തുടര്‍ന്നാണ് കാണാതാകല്‍ നാടകം അരങ്ങേറിയത്. കാണാതായതുമായി ബന്ധപ്പെട്ട് നഗരത്തില്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. അദ്ദേഹത്തെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റുചെയ്തുവെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

ന്യൂസ് ഡെസ്ക്

ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള കാറ്റഗറിയിൽ വരുന്ന ഇന്ത്യാക്കാരുടെ പാസ്പോർട്ടിന് ഓറഞ്ച് നിറം നല്കാനുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നോട്ടു വച്ച നിർദ്ദേശത്തിനെതിരെ കനത്ത വിമർശനമുയരുന്നു. ഇമിഗ്രേഷൻ ക്ലിയറൻസ് വേണ്ടാത്തവർക്ക് നിലവിലുള്ള നീല പാസ്പോർട്ട് തന്നെ തുടരും. വിദേശ രാജ്യങ്ങളിൽ ജോലിക്കായി പോകുന്നവരെ തൊഴിൽ ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇവർക്ക് പ്രത്യേക നിറമുള്ള പാസ്പോർട്ട് നല്കുന്നതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇത് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുമെന്ന് പ്രവാസികളടക്കമുള്ളവർ പറയുന്നു.

ഓറഞ്ച് പാസ്പോർട്ട് ഉള്ളവർ അടിസ്ഥാന വിദ്യാഭ്യാസമില്ലാത്തവർ, ആണെന്നതിന്റെ പരസ്യപ്പെടുത്തലാണെന്നും അതിനാൽ തന്നെ അങ്ങനെയുള്ളവർ വിദേശ രാജ്യങ്ങളിൽ കൂടുതൽ വിവേചനത്തിന് ഇരയാകുമെന്നും വിമർശനം ഉയർന്നിട്ടുണ്ട്. ഓറഞ്ച് പാസ്പോർട്ടിൽ അവസാന പേജിൽ യാതൊരു വിവരങ്ങളും രേഖപ്പെടുത്തില്ല എന്ന് പുതിയ നിർദ്ദേശത്തിൽ പറയുന്നു. ഓറഞ്ച് പാസ്പോർട്ടിൽ അഡ്രസും ഇമിഗ്രേഷൻ സ്റ്റാറ്റസും ഉണ്ടാവില്ല. 18 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഇപ്പോൾ ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളത്. ഇനി മുതൽ ഇമിഗ്രേഷൻ ക്ലിയറൻസ് സ്റ്റാമ്പ് ചെയ്യുന്നതിനു പകരം ആ കാറ്റഗറിയിൽ വരുന്നവർക്ക് ഓറഞ്ച് പാസ്പോർട്ടായിരിക്കും നല്കുക. നിലവിൽ ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള ബ്ളു പാസ്പോർട്ട് ഹോൾഡേഴ്സിന് അത് കാലാവധി കഴിഞ്ഞ് പുതുക്കുന്ന സമയത്ത് ഓറഞ്ച് പാസ്പോർട്ടായിരിക്കും നല്കുക.

ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ വിദേശങ്ങളിൽ ജോലി ചെയ്യുന്നത്. 69 ബില്യൺ ഡോളറാണ് 2015ലെ കണക്കനുസരിച്ച് വിദേശ ഇന്ത്യൻ തൊഴിലാളികൾ മാതൃരാജ്യത്തേയ്ക്ക് അയച്ചത്. മൈഗ്രൻറ് വർക്കേഴ്സിൽ 20 ൽ ഒരാൾ ഇന്ത്യാക്കാരനാണ്. വിദേശത്ത് നടക്കുന്നതിനേക്കാൾ ഏറെ തൊഴിൽ ചൂഷണം രാജ്യത്ത് തൊഴിലാളികൾക്ക് നേരിടേണ്ടി വരുന്നുണ്ട്. ഇന്ത്യയിൽ വേണ്ടത്ര തൊഴിലവസരങ്ങളും ശമ്പളവും ലഭിക്കാതെ വരുമ്പോൾ, ഒരു പാസ്പോർട്ട് സംഘടിപ്പിച്ച് വിദേശ രാജ്യങ്ങളിൽ ചേക്കേറാൻ ശ്രമിക്കുന്ന അവിദഗ്ദ തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായി മുദ്രകുത്തുന്ന നടപടിയാണ് വിദേശ മന്ത്രാലയത്തിന്റേത് എന്നാണ് കടുത്ത വിമർശനം ഉയരുന്നത്. പ്രവാസി സംഘടകളും തൊഴിലാളി യൂണിയനുകളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും അതിശക്തമായ ഭാഷയിലാണ് പുതിയ പാസ്പോർട്ട് പരിഷ്കാരത്തിനെതിരെ പ്രതികരിച്ചത്. ഈ പരിഷ്കാരം പിൻവലിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

57 ശതകോടീശ്വരന്മാരാണ് ഇന്ത്യയിലെ സമ്പത്തിന്റെ 70 ശതമാനം കൈകാര്യം ചെയ്യുന്നതെന്ന് ഓക്സ്ഫാം ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഈയിടെ പ്രസ്താവിച്ചിരുന്നു. പുതിയ പാസ്പോർട്ട് പരിഷ്കാര നിർദ്ദേശം സമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂട്ടാനും വിവേചനം വർദ്ധിപ്പിക്കാനും മാത്രമേ ഉപകരിക്കൂ എന്ന് രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പറയുന്നു. ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പറ്റാത്ത ഭരണകൂടം വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന ഇന്ത്യാക്കാരനിൽ ഓറഞ്ച് പാസ്പോർട്ട് അടിച്ചേൽപ്പിക്കുന്നതിന്റെ ധാർമ്മികത മനസിലാകുന്നില്ലെന്ന് ഇവർ പറയുന്നു. രാജ്യത്തെ ജനങ്ങൾക്കാവശ്യമായ വിദ്യാഭ്യാസവും ആരോഗ്യ പരിപാലന സൗകര്യങ്ങളും ഭക്ഷണവും താമസ സൗകര്യങ്ങും നല്കാനാവാത്ത ഗവൺമെന്റിന് പൗരന്മാരെ അതിന്റെ പേരിൽ തന്നെ വേർതിരിക്കാൻ എന്തവകാശമാണ് ഉള്ളതെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. വരും ദിവസങ്ങളിൽ ഈ വിഷയം ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ ചൂടുപിടിച്ച ചർച്ചകൾക്ക് വഴിമരുന്നിടുമെന്ന് ഉറപ്പാണ്.  നാസിക്കിലെ സെക്യൂരിറ്റി പ്രസിലാണ് പുതിയ പാസ്പോർട്ട് പ്രിൻറ് തയ്യാറാക്കുന്നത്.

RECENT POSTS
Copyright © . All rights reserved