India

ഭാഗ്യദേവത തേടിയെത്തിയ സന്തോഷത്തിലാണ് ഒഞ്ചിയം വെള്ളികുളങ്ങര സ്വദേശി ദിവാകരൻ. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് നിർമാണ തൊഴിലാളിയായ ദിവാകരനെ തേടിയെത്തിയത്.

രണ്ടാഴ്ചയ്ക്കിടെ മൂന്ന് തവണ ദിവാകരന് ലോട്ടറിയടിച്ചിരുന്നു. അയ്യായിരം രൂപ വീതം രണ്ട് തവണ അടിച്ചു. ശേഷം ഈ പണം ചെലവഴിച്ച് വാങ്ങിച്ച പത്ത് ടിക്കറ്റുകളിലൊന്നിന് ആയിരം രൂപയും അടിച്ചിരുന്നു. വലിയ ഭാഗ്യം തൊട്ടടുത്തുണ്ടെന്ന് ബന്ധുക്കളും പരിചയക്കാരുമൊക്കെ ദിവാകരനോട് പറഞ്ഞിരുന്നു.

കഴിഞ്ഞ ഞായറാഴ്ച സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ കയറി ചായ കുടിക്കുമ്പോൾ ഒരു ലോട്ടറിക്കച്ചവടക്കാരൻ അവിടെ വരികയായിരുന്നു. ഈ സമയം ദിവാകരന്റെ കൈയിൽ പണമുണ്ടായിരുന്നില്ല. തുടർന്ന് സുഹൃത്ത് വെള്ളുക്കുളങ്ങരയിലെ തോട്ടക്കണ്ടിത്താഴകുനി ചന്ദ്രനോട് 50 രൂപ കടം വാങ്ങിയാണ് ടിക്കറ്റെടുത്തത്. ഞായറാഴ്ച മൂന്ന് മണിയോടെ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നെങ്കിലും പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ് സമ്മാനമടിച്ച കാര്യം അറിയുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ ആയ എച്ച്.ആര്‍.ഡി.എസ്. പാലക്കാട് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്‌നയ്ക്ക് നിയമനം നല്‍കിയത്.

സ്വപ്‌നയ്‌ക്കെതിരായ അന്വേഷണ സ്ഥാപനത്തെ ബാധിക്കുന്നതായിട്ടാണ് എച്ച്ആര്‍ഡിഎസ് നല്‍കുന്ന വിശദീകരണം. സ്വപ്‌നയുടെ കൂടി താത്പര്യം മാനിച്ചതാണ് നടപടിയെന്നും അവര്‍ വ്യക്തമാക്കുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12-നാണ് സ്വപ്‌നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമന ഉത്തരവ് നല്‍കിയത്. 43000 രൂപ ശമ്പളത്തിലായിരുന്നു നിയമനം.

ഇതിന് ശേഷം മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ എച്ച്ആര്‍ഡിഎസാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. സ്വപ്‌നയ്ക്ക് നിയമസഹായമടക്കം എച്ച്ആര്‍ഡിഎസ് ഒരുക്കി നല്‍കുകയും ചെയ്തിരുന്നു.

നാല് മാസത്തോളം പാലക്കാട് ജോലി ചെയ്തിരുന്ന സ്വപ്‌ന കഴിഞ്ഞ ആഴ്ച മുതല്‍ കൊച്ചിയിലേക്ക് താമസം മാറിയിരുന്നു. വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ എച്ചആര്‍ഡിഎസില്‍ ജോലി ചെയ്യുന്നു എന്നായിരുന്നു അറിയിച്ചിരുന്നത്.

ഭരണഘടനയെ അവഹേളിച്ചു സംസാരിച്ച വിവാദത്തില്‍ രാജിവയ്ക്കില്ലെന്ന് ഉറപ്പിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. താന്‍ എന്തിന് രാജിവയ്ക്കണം? ഇന്നലെ എല്ലാം വിശദമായി നിയമസഭയില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്ന് ഇറങ്ങിവന്ന മന്ത്രിയുടെ മാധ്യമങ്ങളോടുള്ള പ്രതികരണം.

യോഗത്തിനു ശേഷം എകെജി സെന്ററില്‍ നിന്നും ഇറങ്ങിവന്ന മറ്റ് മന്ത്രിമാര്‍ ആരും തന്നെ വിഷയത്തില്‍ പ്രതികരിക്കാനും തയ്യാറായില്ല.

വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അവയ്‌ലബിള്‍ സിപിഎം സെക്രട്ടേറിയറ്റിലേക്ക് വൈകിയെത്തിയ മന്ത്രി പ്രതികരിക്കാതെയാണ് എകെജി സെന്ററിലേക്ക് പോയത്. അരമണിക്കൂറിനുള്ളില്‍ മന്ത്രി തിരിച്ചിറങ്ങിവന്നത് സന്തോഷവാനായിരുന്നു.

നിയമപരമായ വശങ്ങള്‍ കൂടി പരിശോധിച്ച് രാജിയെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്ന നിലപാടിലാണ് പാര്‍ട്ടി. എ.ജി അടക്കമുള്ളവരില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. പോലീസ് കേസെടുത്താല്‍ മാത്രം രാജിയെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടി തീരുമാനം. പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പ്രതിപക്ഷം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടില്ല. കോടതിയിലും പരാതി എത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ രാജി ആവശ്യപ്പെടേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.

മന്ത്രിക്കെതിരെ നല്‍കിയിരിക്കുന്ന പരാതികളില്‍ തിരക്കിട്ട് കേസെടുക്കേണ്ടെന്നാണ് പോലീസിന്റെയും നിലപാട്. പ്രസംഗത്തിന്റെ വീഡിയോ ശാസ്ത്രീയമായി പരിശോധിക്കണം. യോഗത്തില്‍ പങ്കെടുത്ത റാന്നി, തിരുവല്ല എം.എല്‍.എമാരില്‍ നിന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ നിന്നും മൊഴിയെടുത്ത ശേഷമായിരിക്കും തുടര്‍ നടപടി.

തിരുവല്ല ഡിവൈഎസ്പിക്കും പത്തനംതിട്ട എസ്പിക്കും ഡിജിപിക്കുമടക്കം ഏഴ് പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം മല്ലപ്പള്ളി ഏരിയ യോഗത്തില്‍ മന്ത്രി നടത്തിയ പ്രസംഗമാണ് വിവാദമായത്. സിപിഎം തന്നെ ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത പ്രസംഗത്തിലാണ് വിവാദ പരാമര്‍ശം.

അതേസമയം, പ്രസംഗം ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന ആവശ്യവും സിപിഎമ്മില്‍ ഉയര്‍ന്നിട്ടുണ്ട്.

തങ്കം ആശുപത്രിക്ക് എതിരെ വീണ്ടും ആരോപണം. പ്രസവ ചികിൽസയ്ക്കിടെ കഴിഞ്ഞദിവസം അമ്മയും കുഞ്ഞും മരിച്ച സംഭവം ആശുപത്രിയിലെ ചികിത്സാ പിഴവാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നൽകിയ ഭിന്നശേഷിക്കാരിയായ യുവതി മരിച്ചത്. അനസ്‌തേഷ്യ നൽകിയതിൽ പിഴവുണ്ടായെന്നും ഡോക്ടർമാർ വിവരം പുറത്ത് പറയാൻ വൈകിയെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

പാലക്കാട് യാക്കര തങ്കം ആശുപത്രിയെ കൂടുതൽ വിവാദത്തിലാക്കിയാണ് വീണ്ടും ചികിൽസാ പിഴവ് കാരണം യുവതി മരിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. ഭിന്നശേഷിക്കാരിയായ കോങ്ങാട് സ്വദേശിനി കാർത്തികയാണ് ഓപ്പറേഷന് വേണ്ടി അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ ഹൃദയാഘാതം മൂലം മരിച്ചത്.

കാർത്തികയ്ക്ക് അനസ്‌തേഷ്യ നൽകിയതിൽ പിഴവുണ്ടായെന്നും മരണ വിവരം അറിയിക്കാൻ വൈകിയെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഇരുകാലുകൾക്കും തളർച്ച ബാധിച്ച കാർത്തികയെ ശസ്ത്രക്രിയയ്ക്കായി ഈ മാസം രണ്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു കാലിൽ ഇന്നലെയും ഒരു മാസത്തിനു ശേഷം അടുത്ത കാലിലും ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയായിരുന്നു.

എന്നാൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ കാർത്തികയുടെ ആരോഗ്യസ്ഥിതി വഷളാവുകയും ഹൃദയാഘാതം കാരണം രാത്രി ഒൻപത് മണിയോടെ കാർത്തിക മരണപ്പെടുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ ചികിത്സാപിഴവ് ആരോപിച്ച് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. ടൗൺ സൗത്ത് പോലീസെത്തിയാണ് ബന്ധുക്കളെ അനുനയിപ്പിച്ച് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.

കാർത്തികയുടെ മരണത്തിൽ ചികിൽസാപ്പിഴവ് ഉണ്ടായെന്ന് ചൂണ്ടിക്കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ശ്രീകൃഷ്ണപുരം കുലുക്കിലിയാട് സഹകരണ ബാങ്ക് ജീവനക്കാരിയാണ് കാർത്തിക. അവിവാഹിതയാണ്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യും.

അതേസമയം, കഴിഞ്ഞദിവസമാണ് ചിറ്റൂർ തത്തമംഗലം സ്വദേശിനി ഐശ്വര്യയും നവജാത ശിശുവും പ്രസവ ചികിൽസയ്ക്കിടെ തങ്കം ആശുപത്രിയിൽ മരിച്ചത്. ചികിൽസാപ്പിഴവെന്ന നാട്ടുകാരുൾപ്പടെ ആശുപത്രി ഉപരോധിക്കുകയും ചെയ്തിരുന്നു. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവിൽ ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കാർത്തികയുടെയും മരണം.

ഗർഭസ്ഥ ശിശുക്കളെ ഇല്ലാതാക്കാനായി മരുന്ന് നൽകി അണുബാധയേറ്റ് ഗർഭിണി മരിച്ച സംഭവത്തിൽ ഭർത്താവിന് എതിരെ കുടുംബാംഗങ്ങൾ. മരിച്ച കോഴഞ്ചേരി സ്വദേശി അനിതയെ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു. രണ്ട് മുറി വീട്ടിൽ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അനിതയും ഭർത്താവും കഴിഞ്ഞിരുന്നത്. മകളെ ജ്യോതിഷ് ഉപദ്രവിച്ചിരുന്നത് വളരെ വൈകിയാണ് മാതാപിതാക്കൾ അറിഞ്ഞത്.

മകൾ രണ്ടാമതും ഗർഭിണിയായത് പുറത്തറിയിക്കാതിരിക്കാൻ ജ്യോതിഷ് ശാരീരികമായി നിരന്തരം പീഡിപ്പിച്ചിരുന്നു. മർദ്ദിക്കുന്നത് പുറത്തറിയാതിരിക്കാൻ വായിൽ തുണി തിരുകിയായിരുന്നു പീഡനം. 35 പവൻ സ്വർണവും കാറും നൽകിയാണ് താൻ മകളെ വിവാഹം കഴിപ്പിച്ചതെന്ന് മോഹനൻ പറയുന്നു. പക്ഷേ അതെല്ലാം ജ്യോതിഷ് വിറ്റ് തുലക്കുകയായിരുന്നു. മദ്യപാനിയായിരുന്നു ജ്യോതിഷെന്നും ഇവർ പറയുന്നു.

മരുമകൻ ഡ്രൈവറാണ് എന്ന് അറിഞ്ഞപ്പോൾ കാർ ഓടിച്ചായാലും ജീവിക്കുമല്ലോ എന്ന പ്രതീക്ഷയിലാണ് വണ്ടി വാങ്ങി നൽകിയത്. എന്നാൽ ഓട്ടം കിട്ടിയാൽ മറ്റ് ഡ്രൈവർമാർക്ക് നൽകിയും ലഭിക്കുന്ന വരുമാനം കൊണ്ട് മദ്യപിക്കുകയുമാണ് ഇയാൾ ചെയ്ത് വന്നിരുന്നതെന്നും അനിതയുടെ വീട്ടുകാർ പറയുന്നു.

ജ്യോതിഷ് ഒരു ജോലിക്കും പോകാതെ കൂട്ടുകാരുമൊത്ത് കറങ്ങി നടക്കുമ്പോഴും വീട്ടുചെലവുകൾക്കും മകളുടെയും മരുമകന്റെയും ആവശ്യങ്ങളും നിറവേറ്റിയിരുന്നത് അനിതയുടെ വീട്ടുകാരായിരുന്നു.

അനിത അണുബാധയേറ്റ് മരിച്ച കേസിൽ ഭർത്താവ് ജ്യോതിഷിനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 28നാണ് അനിത മരിച്ചത്. ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ചിട്ടും നീക്കം ചെയ്യാതെയിരുന്നതാണ് അനിതയുടെ മരണത്തിന് കാരണമായത്. ഗർഭിണിയാണെന്ന വിവരം ദമ്പതികൾ മറ്റാരെയും അറിയിക്കാത്തതാണ് തിരിച്ചടിയായത്.

സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ മകള്‍ ഗൗരി കൃഷ്ണകുമാര്‍ വിവാഹിതയായി. തിങ്കളാഴ്ച മണ്ണന്തല ക്ഷേത്രത്തില്‍വെച്ച് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി ആനന്ദാണ് ഭര്‍ത്താവ്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. അതേസമയം, സ്വപ്ന ചടങ്ങില്‍ പങ്കെടുത്തില്ല.

പാലക്കാട് സ്വപ്നയ്‌ക്കൊപ്പമുണ്ടായിരുന്ന മകള്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റെ അടുത്തേക്ക് എത്തിയത്. സ്വപ്നയുടെ ആദ്യവിവാഹത്തിലെ മകളാണിത്. ഭര്‍ത്താവ് കൃഷ്ണകുമാറാണ് വിവാഹം നടത്തിയത്.

സ്വര്‍ണക്കടത്ത് കേസിന് മുന്‍പേ ഗൗരിയും ആനന്ദും പ്രണയത്തിലായിരുന്നു. മകളുടെ വിവാഹത്തിന് കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടാതിരിക്കാനാണ് സ്വപ്ന എത്താതിരുന്നതെന്നാണ് സൂചന.

അതേസമയം, അടുത്തിടെ സ്വപ്ന സുരേഷ് പാലക്കാട് നിന്ന് കൊച്ചിയിലേക്ക് താമസം മാറിയിരുന്നു. ഇടപ്പള്ളിയ്ക്കടുത്ത് കൂനമ്മാവിലെ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്താണ് താമസം മാറിയത്.

നിലവില്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ വീട് മാറല്‍. കേസുമായി ബന്ധപ്പെട്ടുള്ള നടപടികളുടെ ഭാഗമായി കൂടുതല്‍ സൗകര്യം വേണമെന്നതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലേക്ക് മാറിയതെന്ന് സ്വപ്നയോട് ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

താര സംഘടനയായ ‘അമ്മ’യില്‍ നിന്ന് അവധിയെടുക്കാനൊരുങ്ങി ജനറല്‍ സെക്രട്ടറിയായ നടന്‍ ഇടവേള ബാബു. സംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഇടവേള ബാബു താത്കാലികമായി അവധി എടുക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ പ്രസിഡന്റ് മോഹന്‍ലാലും എക്‌സിക്യൂട്ടീവ് അംഗങ്ങളും അത്തരമൊരു തീരുമാനത്തിന്റെ ആവശ്യമില്ലെന്ന് അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറല്‍ ബോഡിയില്‍ വിജയ് ബാബു പങ്കെടുത്തത് പല അംഗങ്ങളിലും വലിയ തോതില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു. വിജയ് ബാബു യോഗത്തിലേക്ക് വരുന്ന വീഡിയോ വിജയ് ബാബുവിന്റെ മാസ് എന്‍ട്രി എന്ന തലക്കെട്ടോടെയാണ് അമ്മയുടെ യൂട്യൂബ് ചാനലില്‍ പുറത്തുവിട്ടത്.

ഇതില്‍ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്നവരെ മോഹന്‍ലാല്‍ വിളിച്ചുവരുത്തി യോഗത്തില്‍ ശകാരിക്കുകയും ചെയ്തു. ഇതിന് ആരാണ് അധികാരം നല്‍കിയത് എന്ന ചോദ്യവും ഉയര്‍ന്നു. ഇടവേള ബാബുവും ചേര്‍ന്നുകൊണ്ടാണ് ഇത്തരമൊരു നടപടി ഉണ്ടായത് എന്ന ആരോപണവും ഉണ്ടായി. ഇതിന് പിന്നാലെയാണ് ഇടവേള ബാബു അവധിയെടുക്കാന്‍ ഒരുങ്ങിയത്.

ഇന്ന് നടന്ന ‘അമ്മ’യുടെ ജനറല്‍ബോഡി യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തതില്‍ മോഹന്‍ലാല്‍ അതൃപ്തി അറിയിച്ചു. വിജയ് ബാബു യോഗത്തില്‍ വരുമെന്ന് പറഞ്ഞപ്പോള്‍ മാറിനില്‍ക്കാന്‍ പറയാമായിരുന്നു എന്ന് മോഹന്‍ലാല്‍ പറഞ്ഞു. വിജയ് ബാബുവിനെ യോഗത്തില്‍ എത്തിച്ചതാണ് ഏറ്റവും അധികം വിമര്‍ശനത്തിന് ഇടയായത് എന്നും ഇന്ന് നടന്ന എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. യുട്യൂബ് ഉള്ളടക്ക നിയന്ത്രണ ചുമതല ബാബുരാജ് അടങ്ങുന്ന വര്‍ക്കിങ്ങ് കമ്മിറ്റിക്ക് കൈമാറി.

യുവതികൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ ശബരിമല കയറി വാർത്തകളിൽ നിറഞ്ഞ സാമൂഹിക പ്രവർത്തക കനകദുർഗയും മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടിയും വിവാഹിതരായി. ഭാര്യ ഭര്‍തൃ ബന്ധം എന്നതിലുപരി പരസ്പരം സഖാക്കളായി ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിക്കുകയും പിന്നാലെ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇരുവരും ഇന്ന് വിവാഹം റജിസ്റ്റർ ചെയ്യുകയുമായിരുന്നു.

‘രണ്ട് പേരും ഒറ്റയ്ക്ക് ജീവിക്കുന്നവരാണ്. ആക്ടിവിസ്റ്റുകളാണ്. ഐക്യത്തോടെ ജീവിക്കാമെന്ന് തീരുമാനിച്ചു. കഴിഞ്ഞ മേയ് മാസം മുതലുള്ള പരിചയമാണ്. വിവാഹിതരായെങ്കിലും ഒരാൾ ഒരാൾക്ക് മുകളിലെന്ന ചിന്തയില്ല. അവരുടെ പ്രവർത്തനങ്ങൾ അവരും തന്റേത് താനും തുടരുമെന്നും വിളയോടി ശിവൻകുട്ടി വ്യക്തമാക്കുന്നു. ഈയടുത്ത് പുറത്തിറങ്ങിയ ചലച്ചിത്രം ‘പട’യിലെ യഥാർഥ സമരനായകനാണ് വിളയോടി ശിവൻകുട്ടി.

ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. തൊഴിലാളി ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും ജനത്തെ കൊള്ളയടിക്കാൻ പറ്റിയ രീതിയിലാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി വിമർശിച്ചു. ജനാധിപത്യം മതേതരത്വം കുന്തം കുടച്ചക്രം എന്നൊക്കെ പേരിനു എഴുതി വച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ വിമർശനം.

”മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് ഞാൻ പറയും. ബ്രിട്ടീഷുകാർ തയാറാക്കിക്കൊടുത്തൊരു ഭരണഘടന ഇന്ത്യക്കാർ എഴുതിവച്ചു. അതിന്റെ ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ആരു പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. അതിൽ കുറച്ച് മുക്കിലും മൂലയിലുമൊക്കെയായി ഇച്ചിരി ഗുണങ്ങളൊക്കെ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തവും കൊടച്ചക്രവുമൊക്കെ അതിന്റെ മൂലയിൽ എഴുതിവച്ചിട്ടുണ്ട്. പക്ഷെ, കൃത്യമായി കൊള്ളയടിക്കാൻ പറ്റിയതാണ്ഭരണഘടന അതുകൊണ്ടാണ് അംബാനിയും അദാനിയും ഒക്കെ വളർന്നു വരുന്നത്.” സജി ചെറിയാന്‍ പറഞ്ഞു.

മന്ത്രിയുടെ പരാമർശം ഇതിനകം വിവാദമായി മാറിയിട്ടുണ്ട്. ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാൻ സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മന്ത്രി രാജിവയ്ക്കണം അല്ലെങ്കിൽ പുറത്താക്കണമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ അതിന് തയാറായില്ലെങ്കിൽ മന്ത്രിക്കെതിരെ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മന്ത്രിയുടെ പ്രസംഗം ഭരണഘടനാ ശിൽപികളെ അപമാനിക്കുന്നതാണ് വി ഡി സതീശൻ പറഞ്ഞു. ജനാധിപത്യം,മതേതരത്വം എന്നീ വാക്കുകളെ പോലും മന്ത്രി അപമാനിച്ചു. അത്രയും മോശമായാണ് മന്ത്രിയുടെ പരാമർശമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിഞ്ജാ ലംഘനമാണെന്നും മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാൾക്ക് മന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാണ് സജി ചെറിയാൻ. ഭരണഘടനയെ സംരക്ഷിക്കേണ്ട ചുമതലയുള്ളയാളാണ് മുഖ്യമന്ത്രി. കമ്മ്യൂണിസ്റ്റുകാരുടെ ഇന്ത്യൻ ഭരണഘടനയോടുള്ള അനാദരവാണ് സജി ചെറിയാന്റെ വാക്കുകളിലൂടെ പുറത്തുവന്നത്. ഒരു കമ്മ്യൂണിസ്റ്റുകാരൻ മാത്രമല്ല കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയാണ് താനെന്ന് പിണറായി വിജയൻ മനസിലാക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, വിവാദ പ്രസംഗത്തിൽ മുഖ്യമന്ത്രി മന്ത്രി സജി ചെറിയാനോട് വിശദീകരണം തേടി. പരാമർശം വിവാദമായതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. എന്നാൽ ഭരണകൂടം നടത്തുന്ന ഇടപെടലിനെയാണ് വിമര്‍ശിച്ചതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസംഗം പരിശോധിക്കുമെന്ന് പരിശോധിക്കുമെന്ന് സിപിഎമ്മും വ്യക്തമാക്കി. സജി ചെറിയാന്റെ പ്രതികരണം കണ്ടശേഷം മറുപടി പറയാമെന്നായിരുന്നു എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍ പ്രതികരണം. അതിനിടെ, വിവാദപ്രസംഗത്തിൽ രാജ്ഭവനും വിശദാംശങ്ങള്‍ തേടിയെന്നാണ് വിവരം.

മലയാളി ക്രിക്കറ്റ് താരവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കളിക്കാരനുമായ ബേസില്‍ തമ്പി വിവാഹിതനായി. മുടക്കുഴ പ്രളയക്കാട് റോയ് ഡേവിഡിന്റെയും ജെസിയുടെയും മകള്‍ സ്‌നേഹ റോയിയാണ് വധു. പെരുമ്പാവൂർ സ്വദേശിയായ ബേസിൽ മുല്ലമംഗലം എം എം തമ്പിയുടെയും ലിസിയുടെയും മകനാണ്.

കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കേരള ടീമിലെ സഹതാരങ്ങളും പങ്കെടുത്തിരുന്നു. കേരള രഞ്ജി ട്രോഫി ടീം പരിശീലകന്‍ ടിനു യോഹന്നാനും ക്യാപ്റ്റൻ സച്ചിൻ ബേബിയും വിവാഹത്തിനെത്തി.

ഫാസ്റ്റ് ബൗളറായ ബേസിൽ 2014-15 സീസണിലാണ് രഞ്ജി ട്രോഫിയില്‍ കേരളത്തിനായി അരങ്ങേറുന്നത്. 2017 ല്‍ ഗുജറാത്ത് ലയണ്‍സിലൂടെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിച്ച ബേസിലിനെ ഇക്കഴിഞ്ഞ താര ലേലത്തിലാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കുന്നത്.

38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 90 വിക്കറ്റും 69 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 72 വിക്കറ്റും ബേസിൽ സ്വന്തമാക്കിയിട്ടുണ്ട്.

 

 

View this post on Instagram

 

A post shared by Sachin Babyy (@sachin.baby11)

 

RECENT POSTS
Copyright © . All rights reserved