സംസ്ഥാനത്ത് നടക്കുന്ന വാഹനാപകടങ്ങളില്‍ അധികവും രാത്രിസമയത്ത്. ഇതില്‍ ഏറെയും വൈകുന്നേരം ആറിനും രാത്രി 10 നുമിടയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് നടക്കുന്ന അപകടങ്ങളുടെ 30 ശതമാനത്തോളം ഈ സമയത്താണെന്നാണു കേരള പോലീസിന്റെ വെബ്സെറ്റില്‍നിന്നുള്ള വിവരം.
വർഷംതോറും അപകടങ്ങളുടെ എണ്ണവും മരണസംഖ്യയും വർധിച്ചുവരികയാണ്. അപകടങ്ങളില്‍ ഏറെയും മദ്യപിച്ചുള്ള ഡ്രൈവിംഗ് മൂലമാണെന്ന് അന്വേഷണ റിപ്പോർട്ടുകളില്‍നിന്നു വ്യക്തമാകുന്നതായി പോലീസ് പറയുന്നു. കഴിഞ്ഞ വർഷം നടന്ന അപകടങ്ങളില്‍ ജീവൻ പൊലിഞ്ഞത് 4010 പേർക്കായിരുന്നുവെങ്കില്‍ 2019ല്‍ 4440 പേരുടേയും 2022ല്‍ 4317 പേരുടേയും ജീവൻ പൊലിഞ്ഞു. ഇതില്‍ സർക്കാർ വാഹനങ്ങളും ഉള്‍പ്പെടുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 2020 ല്‍ ആണ് ഏറ്റവും കുറവ് അപകടമരണം. 2979 പേരാണ് ആ വർഷം അപകടത്തില്‍പെട്ടു മരിച്ചത്.
വൈകുന്നേരം ആറിനും രാത്രി പത്തിനും ഇടയില്‍ ജീവൻ നഷ്ടപ്പെട്ടവർ 2019ല്‍ 898, 2020ല്‍ 651, 2021ല്‍ 789,2022ല്‍ 923, 2023 ല്‍ 901 എന്നിങ്ങനെയാണ്. റോഡ് അപകടങ്ങള്‍ ഏറെയും നടന്നത് 2023ലാണ്. 48141 അപകടങ്ങള്‍. 2020 ല്‍ അപകടങ്ങള്‍ കുറയാൻകാരണം കോവിഡ് കാലമായതിനാല്‍ മദ്യലഭ്യത കുറഞ്ഞതാണെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് വരുന്നത് അതിശക്തമായ മഴ. അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കി. വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം നാളെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട്. നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഓറഞ്ച് അലർട്ട് മൂന്ന് ജില്ലകളിലും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം ഇന്ന് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് മുന്നറിയിപ്പും പിൻവലിച്ചു.24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നത്. വടക്കൻ കർണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതും കോമറിൻ മേഖലയിൽ കേരളത്തിനും തമിഴ്നാടിനു മുകളിലൂടെ 1.5 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതുമാണ് കേരളത്തിൽ അതിശക്ത മഴ തുടരാൻ കാരണം.
കോഴിക്കോട്, മലപ്പുറം ഉള്‍പ്പെടെയുള്ള മലബാറിലെ ജില്ലകളില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. എലത്തൂര്‍ സ്വദേശി പൂക്കാട്ട് വീട്ടില്‍ നവനീത്(25), കാരപ്പറമ്പ് സ്വദേശി പട്ടോത്ത് വീട്ടില്‍ അക്ഷയ്(29) എന്നിവരെയാണ് വാക്കാട് വെച്ച് 12.64 ഗ്രാം എം.ഡി.എം.എയുമായി പോലീസ് പിടികൂടിയത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘവും തിരൂര്‍ പോലീസും ശനിയാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ മയക്കുമരുന്നുമായി വാക്കാട് ഭാഗത്ത് വെച്ച് മോട്ടോര്‍സൈക്കിളില്‍ പിടിയിലായത്. തിരൂര്‍ -താനൂര്‍ ഭാഗങ്ങളില്‍ വിതരണത്തിന് കൊണ്ടുവന്നതാണ് മയക്കു മരുന്നെന്ന് പ്രതികളില്‍ നിന്നും വിവരം ലഭിച്ചു. ഈ ഭാഗങ്ങളില്‍ നിന്നുള്ള പ്രതികളുടെ കൂട്ടാളികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
തിരൂര്‍ ഡി.വൈ.എസ്.പി കെ.എം ബിജു, ഇന്‍സ്‌പെക്ടര്‍ കെ.ജെ ജിനേഷ്, എസ്.ഐ സുജിത്ത് ആര്‍.പി, എ.എസ്.ഐ ദിനേശന്‍, സി.പി.ഓ മാരായ വിവേക്, അരുണ്‍, ധനീഷ് കുമാര്‍, നിതീഷ് എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കണ്ണൂർ കേളകത്ത് ബീവറേജ് ഔട്ട്ലെറ്റിൽ വൻ മോഷണം. ബീവറേജ് ഔട്ട്ലെറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ജനൽ ചില്ല് തകർത്ത് 23 മദ്യക്കുപ്പികളാണ് കള്ളൻ കൊണ്ടുപോയത്. മോഷ്ടാവിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. കേളകം പൊലീസിന്റെ പട്രോളിംങിനിടെയാണ് മോഷണ വിവരം ശ്രദ്ധയിൽപെട്ടത്. ബീവറേജ് ഔട്ട്ലെറ്റിന്റെ പുറകുവശത്തെ ജനൽചില്ല് തകർത്തായിരുന്നു മോഷണം. ജനലിന് സമീപത്തായി പെട്ടിയിൽ സൂക്ഷിച്ച അര ലിറ്ററിന്റെ 23 മദ്യക്കുപ്പികളാണ് നഷ്ടപ്പെട്ടത്.
പിന്നീടുള്ള തെരച്ചിലിലാണ് കെട്ടിടത്തിന് സമീപത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ 17 മദ്യക്കുപ്പികൾ കണ്ടെത്തിയത്. ബീവറേജ് ഔട്ട്ലെറ്റിന് സമീപത്തെ കടകളിലെയടക്കം സി സി ടി വി ക്യാമറകൾ കടലാസ് ഉപയോഗിച്ച് മറച്ചിട്ടുണ്ട്. മോഷ്ടാക്കളെ കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.
ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം ചട്ടുകം ഉപയോഗിച്ച് അടിച്ചു തകര്‍ത്ത് യുവതി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവമുണ്ടായത്. അനില്‍ സത്യനാരായണന്‍ എന്ന മുപ്പതുകാരനാണ് ആശുപത്രിയില്‍ ചികിത്സയിലുളളത്. വീടിന് സമീപത്ത് താമസിക്കുന്ന യുവതിയുടെ വീട്ടില്‍ കയറിയാ ഇയാള്‍ അതിക്രമത്തിന് ശ്രമിച്ചത്.
വീട്ടിനുള്ളില്‍ കടന്ന് യുവതിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയുമായിരുന്നു. യുവതി ഇതിനെ എതിര്‍ത്തതോടെ ബലമായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ഇവിടെ നിന്നും രക്ഷിപ്പെട്ട് ആടുക്കള ഭാഗത്തേക്ക് ഓടിയ യുവതിയെ പിന്‍തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചു. ഈ സമയത്താണ് കൈയ്യില്‍കിട്ടിയ ചട്ടുകം ഉപയോഗിച്ച് യുവതി പ്രതിരോധിച്ചത്.
ജനനേന്ദ്രിയത്തില്‍ സാരമായി പരിക്കേറ്റ അനില്‍ സത്യനാരായണന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് തീരുമാനം.
കുണ്ടറ പടപ്പക്കരയില്‍ വീട്ടിനുള്ളില്‍ വീട്ടമ്മയെ മരിച്ചനിലയിലും ഇവരുടെ അച്ഛനെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റനിലയിലും കണ്ടെത്തി. സെന്റ് ജോസഫ് പള്ളിക്കുസമീപം പുഷ്പവിലാസത്തില്‍ പുഷ്പലതയാണ് മരിച്ചത്. പുഷ്പലതയുടെ അച്ഛന്‍ ആന്റണിയെ തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പുഷ്പലതയുടെ മകന്‍ അഖിലിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
പുഷ്പലതയുടെ വീടിന് സമീപം താമസിക്കുന്ന ബന്ധുവാണ് ശനിയാഴ്ച രാവിലെ 11.30-ഓടെ വീട്ടിനുള്ളില്‍ ഇരുവരെയും പരിക്കേറ്റനിലയില്‍ കണ്ടെത്തിയത്. പുഷ്പലതയുടെ മകള്‍ അഖില കേരളത്തിന് പുറത്താണ് പഠിക്കുന്നത്. രാവിലെ അമ്മയെ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല. സംശയം തോന്നിയ മകള്‍ സമീപത്തെ വീട്ടില്‍ വിളിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചാണ് പുഷ്പലതയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കരുതുന്നു. തലയ്ക്ക് മുറിവേറ്റ് ചോരവാര്‍ന്ന നിലയിലായിരുന്ന ആന്റണി അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രി വെന്റിലേറ്ററിലാണ്.
പുഷ്പലതയുടെ മകൻ അഖിൽ ലഹരിക്കയ്‌യായിരുന്നുവെന്നും കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നാണ് വിവരം. മകന്റെ ആക്രമണത്തില്‍ സഹികെട്ട് ഇവര്‍ കുണ്ടറ പോലിസില്‍ പലതവണ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ചയും പുഷ്പലത പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതി നല്‍കി. പോലിസ് എത്തി അഖിലിനെ താക്കീത് ചെയ്ത് വിട്ടയച്ചെന്നും പറയുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
ആഗോള വിപണികളിലെ മുന്നേറ്റം നേട്ടമാക്കി രാജ്യത്തെ സൂചികകള്‍. സെന്‍സെക്സ് 1000 പോയന്റ് ഉയര്‍ന്നു. യുഎസിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളാണ് വിപണിക്ക് തുണയായത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികയായ യുഎസിലെ മാന്ദ്യഭീതി അകന്നതോടെയാണ് വിപണികള്‍ നേട്ടം തിരികെപിടിച്ചത്.
വിപണി കുതിച്ചതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം മൂല്യം 4.15 ലക്ഷം കോടി ഉയര്‍ന്ന് 448.44 ലക്ഷം കോടിയിലെത്തി. സെന്‍സെക്സ് 1000 പോയന്റ് ഉയര്‍ന്ന് 80,117ലും നിഫ്റ്റി 274 പോയന്റ് നേട്ടത്തില്‍ 24,418ലുമെത്തി.
സെന്‍സെക്സ് ഓഹരികളില്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎല്‍ ടെക് തുടങ്ങിയവ മൂന്ന് ശതമാനത്തോളം ഉയര്‍ന്നു. ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവയും നേട്ടത്തിലാണ്. യുഎസിലെ ആശ്വാസം നേട്ടമാക്കി രാജ്യത്തെ ഐടി ഓഹരികള്‍ അഞ്ച് ശതമാനം വരെ ഉയര്‍ന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് നാളെ പുറത്തുവിടുന്നതിൽ അനിശ്ചിതത്വം. അന്തിമ തീരുമാനം നാളെ രാവിലെ മാത്രമേ ഉണ്ടാകൂ. നടി രഞ്ജിനിയുടെ ഹർജി കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് പുനരാലോചന. താൻ കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. തിങ്കാഴ്ച ഹർജി കോടതി പരിഗണിക്കും. ഇത് കണക്കിലെടുത്താണ് റിപ്പോർട്ട് പുറത്തുവിടുന്നതിൽ അന്തിമ തീരുമാനം നാളെ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം റിപ്പോർട്ടിനായി അപേക്ഷിച്ച മാധ്യമപ്രവർത്തകരോട് നാളെ 11 മണിക്ക് ഹാജരാകാൻ ആണ് നിർദ്ദേശം നൽകിയിരുന്നത്. റിപ്പോർട്ട് നൽകുമോയെന്ന കാര്യത്തിൽ തീരുമാനം അപ്പോഴോ അതിന് മുമ്പോ അറിയിക്കും.
വിവരാവകാശ നിയമപ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ എഡിറ്റഡ് രൂപം സംസ്ഥാന സർക്കാർ നാളെ പുറത്ത് വിടാനിരിക്കെയാണ് ഹൈക്കോടതിയിൽ പുതിയ ഹർജി എത്തിയത്. കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയവരിൽ ഒരാളായ രഞ്ജിനിയാണ് ഹർജി നൽകിയത്. മൊഴി നൽകിയതിന് ശേഷം ഹേമ കമ്മിറ്റി ഇത് വരെ ബന്ധപ്പെട്ടിട്ടില്ല. സ്വകാര്യത ഉറപ്പാക്കുമെന്ന ധാരണയിലാണ് കമ്മിറ്റിക്ക് മുൻപാകെ താനടക്കമുള്ളവർ മൊഴി നൽകിയത്. എന്നാൽ പറഞ്ഞ കാര്യങ്ങൾ എങ്ങനെ റിപ്പോർട്ടായി പുറത്ത് വരുമെന്നതിൽ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. വനിത കമ്മീഷൻ പോലും ഇക്കാര്യത്തിൽ ഇടപെടൽ നടത്താത്തതിൽ നിരാശയുണ്ടെന്നും രജ്ഞിനി പറഞ്ഞു.
ഹർജി നാളെ കോടതി പരിഗണിക്കും. ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് നാലര വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്ത് വിട്ടിരുന്നില്ല. ഒടുവിൽ റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങൾ പുറത്തുവിടാൻ മുഖ്യവിവരാവകാശ കമ്മീഷണർ ഉത്തരവിട്ടതോടെയാണ് ഹൈക്കോടതിയിൽ നിർമ്മാതാവ് സജിമോൻ പാറയിൽ ഹർജിയുമായി എത്തിയത്. ഹർജിയിലെ പൊതുതാൽപര്യം വ്യക്തമാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് കണ്ടെത്തി ഹൈക്കോടതി കഴിഞ്ഞ ദിവസം ഈ ഹർജി തള്ളിയിരുന്നു. വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കാനുള്ള നിർദേശങ്ങൾ വിവരാവകാശ കമ്മീഷൻ ഉത്തരവിലുണ്ടെന്ന പരാമർശത്തോടെയായിരുന്നു കോടതി തീരുമാനം.
കൊൽക്കത്തയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഉത്തരാഖണ്ഡിലും സമാനമായ കൊലപാതകം. ഉത്തരാഖണ്ഡിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന 33-കാരിയായ നഴ്സ് ആണ് ജോലി കഴിഞ്ഞ് മടങ്ങവെ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്.
നൈനിത്താളിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ജോലി ചെയ്തിരുന്നത്. ബിലാസ്പുർ കോളനിയിൽ പതിനൊന്ന് വയസുള്ള മകളുമായി വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു ഇവർ. ജൂലായ് 30-ന് വൈകുന്നേരം ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് ഓട്ടോ റിക്ഷയിൽ വീട്ടിലേക്ക് മടങ്ങിയ യുവതി വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് സഹോദരി ജൂലൈ 31-ാം തീയതി രുദ്രാപുർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ഓഗസ്റ്റ് 8-ന് യുവതിയുടെ മൃതദേഹം ഉത്തർപ്രദേശിലെ ദിബ്ദിബ പ്രദേശത്ത് നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
രാജസ്ഥാനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. യുവതിയുടെ കാണാതായ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് പോലീസ് എത്തിച്ചേർന്നത്. ഉത്തർപ്രദേശിലെ ബറേലിയിൽ ദിവസവേതനത്തിന് ജോലി ചെയ്തിരുന്ന ധർമേന്ദ്ര എന്നയാളാണ് അറസ്റ്റിലായത്. ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ പിന്തുടർന്ന ധർമേന്ദ്ര വിജനമായ സ്ഥലത്തെത്തിയപ്പോൾ ഇവരെ കുറ്റിക്കാട്ടിലേക്ക് ബലമായി വലിച്ചിഴക്കുകയും ക്രൂരബലാത്സംഗത്തിനിരയാക്കിയ ശേഷം സ്കാർഫ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊലപാതകത്തിന് ശേഷം യുവതിയുടെ പക്കൽ ഉണ്ടായിരുന്ന 3000 രൂപയും ഫോണും സ്വർണവും മോഷ്ടിച്ചതായും പോലീസ് വ്യക്തമാക്കുന്നു.
ദേശീയപതാക താഴ്ത്തുന്നതിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി കമ്പിയിലേക്ക് മറിഞ്ഞുവീണ് ഷോക്കേറ്റ് വൈദികന്‍ മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി തലശ്ശേരി അതിരൂപതാംഗം ഇരിട്ടി എടൂര്‍ കുടിലില്‍ വീട്ടില്‍ ഫാ. മാത്യു കുടിലില്‍(ഷിന്‍സ് അഗസ്റ്റിന്‍-29) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ആറു മണിക്കാണ് അപകടമുണ്ടായത്. ഉടന്‍ മുള്ളേരിയയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സഹ വികാരി മുള്ളേരിയ ബെല്ലി സ്വദേശി സെബിന്‍ ജോസഫിനെ (28) പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശീയ പതാക താഴ്ത്തവേ പതാക, കെട്ടിയ കയറില്‍ കുരുങ്ങി. പതാക അഴിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇരുമ്പ് കൊടിമരം പൊക്കി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാരം മൂലം മറിയുകയും സമീപത്തുണ്ടായിരുന്ന എച്ച്.ടി. വൈദ്യുതി കമ്പിയില്‍ തട്ടുകയുമായിരുന്നു.
ഒന്നരവര്‍ഷം മുമ്പാണ് ഫാദര്‍ ഷിന്‍സ് മുള്ളേരിയ ചര്‍ച്ചിലെ വികാരിയായി ചുമതല ഏറ്റത്. 2020 ഡിസംബറിലാണ് വൈദിക പട്ടം ലഭിച്ചത്. തുടര്‍ന്ന് ചെമ്പന്‍തൊട്ടി, നെല്ലിക്കമ്പോയില്‍ എന്നിവിടങ്ങളില്‍ സഹവികാരിയായി ജോലി ചെയ്തിരുന്നു. മുള്ളേരിയയില്‍ ചുമതലയേറ്റ ശേഷം പുത്തൂര്‍ സെന്റ് ഫിലോമിന കോളേജില്‍ എം.എസ്.ഡബ്ലിയുവിന് ചേര്‍ന്നിരുന്നു. കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമാണ്.
ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരം അറിഞ്ഞ് മോണ്‍സിഞ്ഞോര്‍ മാത്യു ഇളംതുരുത്തി പടവില്‍, വിവിധ ഇടവകളിലെ വികാരിമാര്‍, വിവിധ മഠങ്ങളില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ എന്നിവരും സ്ഥലത്തെത്തി. അച്ഛന്‍: പരേതനായ അഗസ്റ്റിന്‍. അമ്മ: ലിസി. സഹോദരങ്ങള്‍: ലിന്റോ അഗസ്റ്റിന്‍, ബിന്റോ അഗസ്റ്റിന്‍.