സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടുമൊരു മരണം കൂടി. കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് യുവതിയാണ് മരണപ്പെട്ടത്. കാസർകോട് തലക്ലായിൽ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. ഹോട്ടലിൽ നിന്ന് ഓൺലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് ശാരീരിക അസ്വസ്ഥകൾ നേരിട്ടത്.
പിന്നാലെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിനിയാണ് അഞ്ജുശ്രീ പാർവ്വതി. ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ പുതുവത്സരത്തലേന്നാണ് ഓൺലൈനായി കുഴിമന്തി ഓർഡർ ചെയ്തത്. വീട്ടിൽവെച്ച് കുടുംബത്തിനൊപ്പം ഭക്ഷണം കഴിച്ചവർക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു.
അഞ്ജുശ്രീ പാർവതിയുടെ നില ഗുരുതരമായി. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവരും. ഇവിടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പരിയാരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റമോർട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കേരളത്തിൽ ലീഗിന്റെ അംഗത്വ വിതരണം കഴിഞ്ഞ 31നാണ് അവസാനിച്ചത്. പിന്നാലെയാണ് പാർട്ടിയെ താരസാന്നിധ്യം വെളിപ്പെട്ടത്. വീടുകൾതോറും കയറിയിറങ്ങി അംഗത്വ വിതരണം നടത്താനാണു സംസ്ഥാന നേതൃത്വം നിർദേശം നൽകിയിരുന്നത്.
നേമം മണ്ഡലത്തിൽ കളിപ്പാൻകുളം വാർഡിൽനിന്ന് മുസ്ലിം ലീഗ് അംഗത്വ പട്ടികയിൽ വൻ താരനിര, ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മുതൽ നടി മിയ ഖലീഫയുടെയും വരെ പേരുകളാണ് അംഗത്വം സ്വീകരിച്ചവരുടെ ലിസ്റ്റിലുള്ളത്.
ഇത്തരത്തിൽ അംഗങ്ങളാകുന്നവർ ഓൺലൈനിൽ പേരും ആധാർ നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ് നമ്പറും ഫോൺ നമ്പറും അപ്ലോഡ് ചെയ്യണം. ഓരോ വാർഡിനും ഓരോ പാസ്വേഡും നൽകി. കോഴിക്കോട്ടുള്ള ഐടി കോ ഓർഡിനേറ്റർക്കേ പിന്നീട് ഇതു തുറന്നു പരിശോധിക്കാൻ കഴിയൂ. ഇത്തരത്തിൽ ഓൺലൈൻ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ചപ്പോഴാണ് നേതൃത്വത്തെ പോലും അമ്പരപ്പിച്ചുകൊണ്ടുള്ള താരസാന്നിധ്യം കണ്ടത്.
സാധാരണ പാർട്ടി അംഗങ്ങൾ തന്നെയാണ് അംഗത്വവിതരണം നടത്തുന്നത്. ആൾബലമില്ലാത്ത സ്ഥലത്ത് കംപ്യൂട്ടർ സെന്ററുകളെ എൽപിച്ചവരുണ്ടെന്ന് ഒരുവിഭാഗം ആക്ഷേപവുമായി രംഗത്ത് വന്നു. അത്തരത്തിൽ എന്തെങ്കിലും പാകപിഴവ് സംഭവിച്ചതാണോ എന്ന് അന്വേഷിച്ചു വരികയാണ്.
അംഗത്വവിതരണം പൂർത്തിയായപ്പോൾ തലസ്ഥാനത്ത് 59551 ആണ് പാർട്ടി അംഗങ്ങൾ. സംസ്ഥാനത്ത് ലീഗിന്റെ അംഗസംഖ്യ 24.33 ലക്ഷം ആയെന്നാണു കണക്ക്. 2016നെക്കാൾ 2.33 ലക്ഷം അംഗങ്ങളുടെ വർധന. അംഗങ്ങളിൽ പകുതിയിലേറെ സ്ത്രീകൾ. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.ബാവ ഹാജിയാണു തിരുവനന്തപുരം ജില്ലയിലെ റിട്ടേണിങ് ഓഫിസർ. സംഭവം ശ്രദ്ധയിൽപെട്ടെന്നും അന്വേഷണത്തിനു നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
പാറശാലയില്‍ വിദ്യാര്‍ത്ഥിയായ ഷാരോണ്‍ വധിക്കപ്പെട്ട കേസില്‍ കുറ്റപത്രം തയാറായി. ഷാരോണിനെ കൂട്ടുകാരി ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയത് പത്ത് മാസത്തെ ആസൂത്രണത്തിന് ഒടുവിലാണ് എന്ന് കണ്ടെത്തിയിരുന്നു.
ഇടയ്ക്കിടെ ജ്യൂസ് ചലഞ്ച് നടത്തിയത് ഷാരോണിന്റെത് സ്വാഭാവിക മരണമെന്ന് വരുത്തി തീര്‍ക്കാനാണെന്നും ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തില്‍ തുല്യപങ്കെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കൊലയില്‍ നേരിട്ട് പങ്കില്ലെങ്കിലും അമ്മാവനും അമ്മയ്ക്കും കൊലപാതകം നടക്കാന്‍ പോകുന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാമായിരുന്നതിനാല്‍ തുല്യപങ്കെന്നാണ് പോലീസ് പറയുന്നത്.
അടുത്തയാഴ്ച കുറ്റപത്രം കോടതിയില്‍ നല്‍കും. പ്രണയനിയെ ജീവനേറെ സ്‌നേഹിച്ച ഷാരോണ്‍. പ്രണയം ആയുധമാക്കി ഷാരോണിനെ കൊന്ന ഗ്രീഷ്മ എന്നൊക്കെയാണ് സിനിമാക്കഥ പോലെ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്.ഡിവൈഎസ്പി എജെ ജോണ്‍സണിന്റെ നേതൃത്വത്തിലാണ് പോലീസ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടുകാരനായ സൈനികന്റെ വിവാഹാലോചന വന്നതോടെ ഒന്നര വര്‍ഷത്തിലേറെ പ്രണയിച്ച ഷാരോണിനെ ഒഴിവാക്കാനാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തുയിട്ടുണ്ട്.
ജാതി വ്യത്യാസം മുതല്‍ ഭര്‍ത്താവ് മരിക്കുമെന്ന ജാതകദോഷം വരെയുള്ള നുണക്കഥകള്‍ പയറ്റിയിട്ടും ഷാരോണ്‍ പിന്‍മാറാതിരുന്നതോടെ 2021 ജനുവരി അവസാനം മുതല്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
വിവിധ മാര്‍ഗങ്ങളിലൂടെ അഞ്ച് വധശ്രമങ്ങള്‍ നടത്തി, ഇതെല്ലാം പരാജയപ്പെട്ടതോടെയാണ് ജ്യൂസ് ചലഞ്ച് കണ്ടെത്തിയത്. ആയിരത്തിലേറെ തവണ ഗൂഗിളില്‍ സേര്‍ച്ച് ചെയ്താണ് കഷായത്തിലോ ജ്യൂസിലോ കളനാശിനി കലര്‍ത്തുകയെന്ന ആശയത്തിലേക്ക് ഗ്രീഷ്മയെത്തിയത്.
വിഷം ഉള്ളില്‍ ചെല്ലുന്ന ഒരാളുടെ ആന്തരികാവയവങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് വരെ മനസിലാക്കിയ ശേഷമായിരുന്നു ഷാരോണിനെ വിളിച്ചുവരുത്തി വിഷം കുടിപ്പിച്ചത്. സ്വാഭാവിക മരണം പോലെ തോന്നുമെന്ന ചിന്തയാണ് ഈ മാര്‍ഗം തിരഞ്ഞെടുക്കാന്‍ കാരണമായത്.
കേസില്‍ തെളിവായി ഇരുവരുടെയും രണ്ട് വര്‍ഷത്തെ ചാറ്റുകളും ഡിലീറ്റ് ചെയ്ത ദൃശ്യങ്ങളും ശബ്ദങ്ങളും ഉള്‍പ്പെടെ ആയിരത്തിലേറെ ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തിട്ടുണ്ട്. കേസില്‍ ഗ്രീഷ്മയുടെ പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ 68 സാക്ഷികളുമുണ്ട്.
ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ കൂട്ടുകെട്ട് മറ്റൊരു എക്സ്ട്രാ ഓർഡിനറി കഥയുമായി വീണ്ടും എത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ടായ സുഗീതും, നിഷാദ് കോയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു.. ‘ആനക്കട്ടിയിലെ ആനവണ്ടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയാണ്.
ഓർഡിനറി, മധുരനാരങ്ങ, ശിക്കാരി ശംഭു തുടങ്ങിയ എന്റർറ്റെയ്നറുകൾ മലയാളസിനിമയ്ക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ടിൽ നിന്നും മറ്റൊരു എന്റെർറ്റൈനെർ ആണെന്ന് ഉറപ്പാക്കുന്ന പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.. ഹിറ്റ് ചിത്രം ഓർഡിനറിയുമായി സാമ്യത തോന്നിക്കുന്ന തരത്തിൽ ആണ് ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ. എന്നാൽ ഇത് ഓർഡിനറിയുടെ രണ്ടാം പതിപ്പ് ആണോ എന്ന കാര്യത്തിൽ വ്യക്തതയില്ല… ഇതിനെപറ്റി ചോദിച്ചപ്പോൾ അണിയറപ്രവർത്തകരുടെ പ്രതികരണം ഇപ്രകാരമായിരുന്നു ; “ഓർഡിനറി എന്ന ചിത്രം ഗവിയും ആ ഒരു ഭൂമികയും ഒക്കെ വച്ച് സംഭവിച്ച ഒരു സിനിമയാണ്.. അതിനൊരു രണ്ടാം ഭാഗം എന്നത് സാധ്യമല്ല, പക്ഷെ അതിലെ കഥാപാത്രങ്ങൾക്ക് ചിലപ്പോൾ ഒരു തുടർച്ചയുണ്ടായേക്കാമല്ലോ എന്ന് ചിന്തിച്ചപ്പോഴാണ് ഈ കഥയിലേക്ക് എത്തപ്പെട്ടത്”..
ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത് ജനാർദ്ദനൻ, ഛായാഗ്രാഹകൻ ഫൈസൽ അലി.ഇക്കൊല്ലം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. പാപ്പൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം റാഫി മതിര നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. പുതിയ മികച്ച പ്രൊജെക്ടുകളുമായി 2023 – ൽ ഇഫാർ മീഡിയ മലയാളസിനിമാ നിർമാണ രംഗത്ത് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. താരനിർണയം പുരോഗമിക്കുന്ന ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും എന്ന് അണിയറക്കാർ അറിയിച്ചു.
നമ്മുടെ നാടിന്‍റെ മനോഹാരിത വാക്കുകളില്‍ ആവാഹിച്ച കുട്ടനാടന്‍ പാട്ടെഴുത്തുകാരന് വിട. ഇന്നലെ അന്തരിച്ച ബീയാര്‍ പ്രസാദിന്‍റെ മൃതദേഹം സ്വന്തം ആലപ്പുഴ മങ്കൊമ്പില്‍ എത്തിക്കും. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് സംസ്കാരം.
ജീവിതംകൊണ്ട് നാട്ടുകാരനായിരുന്നു ബീയാർ പ്രസാദ്. നഗരങ്ങളെക്കാൾ കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ ചെളിവരമ്പുകളിലും നാട്ടുവഴികളിലും നടക്കാനായിരുന്ന ബിയാറിന് ഇഷ്ടം. നാട്ടിലുള്ളപ്പോള്‍ സായാഹ്നങ്ങളില്‍ മങ്കൊമ്പിലെ നാട്ടുകവലകളിൽ പ്രസാദ് സജീവ സാന്നിധ്യമായിരുന്നു.
മങ്കൊമ്പിലെ വയലോരത്തെ വീടും നെൽപാടവും തോടുകളും വള്ളംകളിയുമൊക്കെ ബീയാർ ജീവിതത്തോട് ചേർത്തു വച്ചിരുന്നു. വെള്ളപ്പൊക്ക ദുരിതം സഹിക്കാനാകാതെ പലരും നാടുവിട്ടപ്പോൾ ബിയാർ ഇവിടെ തുടർന്നത് കുട്ടനാടിനോടുള്ള സ്നേഹം കൊണ്ടായിരുന്നു. വെള്ളത്തിൽ വീടും പരിസരവും മുങ്ങുമ്പോൾ തനി കുട്ടനാട്ടുകാരനായി ചിരിച്ചു കൊണ്ട് അതിനെ നേരിട്ടു.
പൊൻവേലി വാക്കൽ പാടശേഖരത്തിന്റെ വക്കിലാണ് ബീയാറിന്റെ വീട്. വർഷങ്ങളായി തരിശു കിടക്കുന്ന പാടത്തു നിന്ന് ചെറിയ വേലിയേറ്റത്തിലും വെള്ളം വഴിയിലും വീട്ടുമുറ്റത്തും കയറും. വെള്ളക്കെട്ടിലൂടെ നടന്നാണ് ബിയാർ റോഡിലേക്കെത്തിയിരുന്നത്. തനിക്കിഷ്ടമായിരുന്ന ഇടത്തേക്ക് ചേതനയറ്റ ശരീരമായി ബിയാർ വീണ്ടുമെത്തുകയാണ്.
ബിയാറിന്റെ കലാജീവിതത്തിന്റെ തുടക്കം മങ്കൊമ്പ് ഗ്രന്ഥശാലയുമായി ബന്ധപ്പെട്ടായിരുന്നു .മങ്കൊമ്പിൽ നിന്ന് ബിയാറിനെപ്പോലാരാൾ ഇനിയുണ്ടാകുമോ എന്ന ചോദ്യമാണ് ഇവരുടെയെല്ലാം മനസിൽ.
എന്നും ഓർക്കുന്ന ഒരുപിടി നല്ല ഗാനങ്ങൾ ബാക്കിയാക്കിയാണ് പ്രിയ പാട്ടുകാരന്റെ യാത്ര. കേരളത്തെയും കുട്ടനാടിനെയും ഓരോ വർണ്ണനയിലും കണ്മുന്നിലെത്തിക്കുന്നതാണ് ജലോത്സവത്തിലെ ‘കേരനിരകളാടും’ എന്ന ഗാനം. സിബി മലയിൽ തന്നെക്കൊണ്ട് ആ പാട്ടെഴുതിച്ചതിനേക്കുറിച്ച് പ്രസാദ് പറഞ്ഞത് ഇങ്ങനെയാണ്.
സിബി മലയിലിന്റെ സംവിധാനത്തിൽ 2004-ൽ റിലീസിനെത്തിയ ചിത്രമാണ് ജലോത്സവം. നന്നായെഴുതിയാൽ കുട്ടനാട്ടുകാരനായതുകൊണ്ട് നന്നായെന്നും, മോശമായാൽ കുട്ടനാട്ടുകാരനായിട്ടും നന്നായില്ല എന്നുമാകും ആളുകൾ പറയുകയെന്ന് സിബി പറഞ്ഞു. അത് വാശിയായി എടുത്താണ് പാട്ടെഴുതിയതെന്നാണ് ബീയാർ പ്രസാദ് പറഞ്ഞത്.
“കേരനിരകളാടും എന്ന പാട്ടെഴുതാന്‍ വിളിച്ചപ്പോള്‍ സംവിധായകന്‍ സിബി മലയില്‍ പറഞ്ഞത്, കുട്ടനാടാണ് കഥ നടക്കുന്നത് . കുട്ടനാടിന്റെ സൗന്ദര്യത്തെക്കുറിച്ചു കുട്ടനാടുകാരനായ താങ്കള്‍ എങ്ങനെ പറയും. നന്നായി എഴുതിയാല്‍ താങ്കള്‍ കുട്ടനാട്ടുകാരനാണ്, കുട്ടനാടിനെക്കുറിച്ചു നല്ലൊരു പാട്ടെഴുതി എന്ന് ആളുകൾ പറയും. മോശമായി എഴുതിയാല്‍ താങ്കള്‍ കുട്ടനാട്ടുകാരനായിട്ടും നല്ലൊരു പാട്ടെഴുതാന്‍ കഴിഞ്ഞില്ല എന്നും പറയും. അത് എനിക്കൊരു വാശിയായിരുന്നു. നല്ലൊരു പാട്ടെഴുതണമെന്ന് ഉദ്ദേശിച്ച് ബുദ്ധിമുട്ടി തന്നെയാണ് ആ പാട്ട് എഴുതിയിട്ടുള്ളത്.”
സിനിമയിൽ പൂർണ്ണമായും പാട്ട് ഉപയോഗിക്കാത്തതിനാൽ അവാർഡുകൾക്ക് പരിഗണിക്കില്ല. പാട്ടിന് പൂർണ്ണമായ ദൃശ്യാവിഷ്കാരവും സിനിമയിൽ ഇല്ല. പല ആളുകളും ടെലിവിഷൻ ചാനലുകളും സിനിമയിലെയും അല്ലാതെയും ദൃശ്യങ്ങൾ ചേർത്ത് പാട്ട് ഏഡിറ്റ് ചെയ്ത് ഉപയോഗിച്ചു. മലയാളി ഉള്ളിടത്തൊക്കെ കേരനിരകളാടും എന്ന പാട്ടും ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
“കേരനിരകളാടും എന്ന പാട്ട് വളരെ അഭിനന്ദനങ്ങള്‍ നേടിത്തന്നു. അത് എന്റെ കൈ വിട്ടു പോയി എന്നു പറയുന്ന അവസ്ഥയാണ്. ടൈറ്റില്‍ സോങ്ങായാണ് ‘ജലോത്സവം’ എന്ന സിനിമയില്‍ പാട്ട് ഉപയോഗിച്ചത്. സംഗീതസംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് ഒമ്പതോളം ഈണങ്ങള്‍ കേള്‍പ്പിച്ചിരുന്നു. സംവിധായകന്‍ സിബി മലയില്‍ സെലക്ട് ചെയ്ത ട്യൂണാണിത്. എനിക്കും ഇഷ്ടം തോന്നിയ ട്യൂണ്‍ ഇതു തന്നെയായിരുന്നു. പാട്ട് സിനിമയില്‍ ചിത്രീകരിച്ചിട്ടില്ല. പാട്ടിന്റെ പകുതി മാത്രമേ സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളൂ.
പകുതി മാത്രം സിനിമയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അവാര്‍ഡിന് പോലും പരിഗണിക്കില്ല. പാട്ടിനു വേറെ ദൃശ്യങ്ങള്‍ ആളുകള്‍ ഷൂട്ട് ചെയ്തു ചേര്‍ത്തു. സിനിമയിലെ ദൃശ്യങ്ങള്‍ തന്നെ ഉപയോഗിച്ച് പല ചാനലുകളിലും വന്നു. മലയാളികളുള്ളിടത്തൊക്കെ കേരളീയ നൃത്തത്തിന്റെ അകമ്പടിയോടെ രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ കേരളപ്പിറവി ദിനങ്ങളിലും മലയാളത്തിലുണ്ടായിട്ടുള്ള പത്തു പാട്ടുകളിലൊന്നായി തിരഞ്ഞെടുക്കപ്പെടാറുണ്ട്.
കുട്ടനാട് പാക്കേജിന്റെ ഉദ്ഘാടനം അന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദൻ നിര്‍വ്വഹിക്കുമ്പോള്‍ പശ്ചാചത്തലത്തില്‍ ഇട്ടിരുന്നത് ഈ ഗാനമാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സത്യപ്രതിജഞക്ക് തൊട്ടുമുമ്പ് കേള്‍പ്പിച്ചതും ഈ ഗാനമാണ്. അങ്ങനെ കേരളത്തിന്റെ ഒരു ഐക്കണായി ഈ ഗാനം മാറി…..
കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദിന്റെ വിയോഗ വേദനയിലാണ് മലയാള സിനിമാലോകം. നിരവധി പേരാണ് അദ്ദേഹത്തിന്റെ ഓർമ്മകളുമായി രംഗത്തെത്തുന്നത്. ഈ അവസരത്തിൽ വിനീത് ശ്രീനിവാസൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. പിന്നണി ഗായകനായി താൻ ആദ്യം പാടിയ ‘കസവിന്റെ തട്ടമിട്ട്’ എന്ന ഗാനം എഴുതിയത് ബീയാര്‍ പ്രസാദ് ആണെന്ന് വിനീത് കുറിക്കുന്നു.
“ബീയാർ പ്രസാദ്. പിന്നണി ഗായകനായി ഞാൻ ആദ്യം പാടിയ ‘കസവിന്റെ തട്ടമിട്ട്’ എന്ന പാട്ട് പ്രസാദേട്ടൻ എഴുതിയതാണ്. ഗാനരചയിതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നു കിളിച്ചുണ്ടൻ മാമ്പഴം. ‘കൂന്താലിപ്പുഴ’ എന്നത് അദ്ദേഹത്തിന്റെ സാങ്കല്പികസൃഷ്‌ടിയാണ്.പ്രസാദേട്ടനെ സ്നേഹപൂർവ്വം,ആദരപൂർവ്വം ഓർക്കുന്നു.കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു”, എന്നായിരുന്നു വിനീത് ശ്രീനിവാസന്റെ വാക്കുകൾ.
കവിത പാടുന്ന കുട്ടനാടന്‍ കാറ്റിന്റെ തലോടല്‍ ആ പാട്ടുകളിലെല്ലാമുണ്ട്. കിളിച്ചുണ്ടന്‍ മാമ്പഴം പോലെ മധുരമുള്ള പാട്ടുകള്‍ മലയാളിക്ക് പകര്‍ന്നുതന്ന്, മഴത്തുള്ളികള്‍ പൊഴിഞ്ഞ നാടന്‍ വഴികളിലൂടെ ബീയാര്‍ പ്രസാദ് നമ്മെ കൈപിടിച്ചു കൊണ്ടുപോയത് പാട്ടിന്റെ പച്ചത്തുരുത്തിലേക്കായിരുന്നു. അവിടെ കേരനിരകളും ഒന്നാംകിളി പൊന്നാണ്‍കിളിയും കസവിന്റെ തട്ടമിട്ട മൊഞ്ചത്തിയുമൊക്കെ ചേര്‍ന്ന് നമ്മെ സ്വീകരിച്ചു. പൊന്നോടു പൂവായതും മാന്‍ചുനപോല്‍ പൊള്ളുന്നതുമായ പാട്ടുകള്‍ നമുക്കായി എഴുതി. ജലം പുഷ്പതീർഥമായ് തളിക്കുവാന്‍ നദികള്‍ മത്സരിച്ചപോല്‍ ബീയാര്‍ പ്രസാദിന്റെ പാട്ടുകള്‍ ആസ്വാദകരുടെ ഉള്ളില്‍ ഏതാണ് പ്രിയപ്പെട്ടതെന്നറിയാതെ മത്സരിച്ചു നിന്നു.
മങ്കൊമ്പിലെ മേളവാദ്യ കലാകാരനായ അച്ഛന്‍ ബാലകൃഷ്ണപ്പണിക്കരുടെ താള ബോധം കുട്ടിക്കാലത്തു തന്നെ മകനിലേക്കും പകര്‍ന്നു കിട്ടി. ബീയാറിന്റെ മൂന്നാം വയസിലാണ് അമ്മ കല്യാണിക്കുട്ടിയമ്മയെ അച്ഛന്‍ മലയാളം വിദ്വാന്‍ പഠിക്കുവാന്‍ അയക്കുന്നത്. അമ്മയ്‌ക്കൊപ്പം മിക്ക ദിവസവും ക്ലാസുകളില്‍ മകനെയും കൂട്ടി. അതോടെ കുട്ടിക്കാലത്തു തന്നെ സാഹിത്യ സ്‌നേഹവും വന്നു ചേര്‍ന്നു. വായനയിലേക്ക് അതിവേഗത്തില്‍ കടക്കുവാന്‍ അത് സഹായകമായി. യൗവനകാലത്ത് സജീവ നാടക പ്രവര്‍ത്തകനായിരുന്നു. അഭിനയത്തില്‍ നിന്ന് സംവിധാനത്തിലേക്കും നാടക രചനയിലേക്കും എത്തി. പിന്നെ കവിതയും പാട്ടെഴുത്തുമൊക്കെയായി. കോളജ് പഠനകാലത്ത് തന്നെ ട്യൂട്ടോറിയല്‍ കോളജില്‍ മലയാളം അധ്യാപകനുമായി.
എഴുത്തും നാടകപ്രവര്‍ത്തനവുമായി നീങ്ങുന്നതിന് ഇടയിലാണ് സിനിമാപ്രവേശം. 1993ല്‍ പുറത്തിറങ്ങിയ ജോണി എന്ന ചിത്രത്തിന്റെ രചന നടത്തിയെങ്കിലും ബീയാര്‍ പ്രസാദ് ഗാനരചയിതാവാകുന്നത് പിന്നെയും പത്തു വര്‍ഷങ്ങള്‍ക്കു ശേഷം. തിരക്കഥാകൃത്തായി അറിയപ്പെടേണ്ടിയിരുന്ന ബീയാര്‍ പ്രസാദിനെ ഇന്ന് സിനിമ ആസ്വാദകര്‍ക്ക് കൂടുതല്‍ പരിചയം ഗാനരചയിതാവായാണ്. പ്രിയദര്‍ശനുമായുള്ള കൂടിക്കാഴ്ചയാണ് സിനിമാ ഗാനരചനയിലേക്ക് എത്തിക്കുന്നത്. ബീയാര്‍ പ്രസാദിന്റെ, ദേവദാസി സമ്പ്രദായത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു കഥ, ഒരിക്കല്‍ ഒരു മാഗസിനില്‍ പ്രസിദ്ധീകരിച്ചു. കഥ കണ്ട് നിര്‍മാതാവായ ഗുഡ്‌നൈറ്റ് മോഹന്‍ വിളിക്കുന്നു. ‘ഈ കഥ നമുക്ക് പ്രിയദര്‍ശനെക്കൊണ്ട് സിനിമയാക്കിയാലോ?’ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ബീയാര്‍ സമ്മതംമൂളി. പ്രിയദര്‍ശനെ കണ്ട് കഥ സംസാരിച്ചെങ്കിലും ഇത് വലിയൊരു ക്യാന്‍വാസില്‍ ഹിന്ദിയിലോ ഇംഗ്‌ളീഷിലോ ചെയ്യേണ്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കഥാ ചര്‍ച്ചയ്ക്ക് ശേഷം ബീയാറും പ്രിയദര്‍ശനും തമ്മില്‍ സാഹിത്യം സംസാരിക്കുവാന്‍ തുടങ്ങി. വയലാറിന്റെയും പി. ഭാസ്‌ക്കരന്റെയും ഒ.എന്‍.വിയുടെയുമൊക്കെ കവിതകള്‍ വിഷയമായി. അവരുടെ കവിതകള്‍ അക്കമിട്ട് ബിയാര്‍ ചൊല്ലിയതോടെ പ്രിയദര്‍ശനും അതിശയം. പാട്ടെഴുത്തും വശമുണ്ടെന്ന് മനസ്സിലാക്കിയ പ്രിയദര്‍ശന്‍ എന്റെ അടുത്ത പടത്തില്‍ പാട്ടെഴുതാന്‍ നിങ്ങളെ വിളിച്ചിരിക്കുമെന്ന് പറഞ്ഞെങ്കിലും ബീയാര്‍ അതൊരു വെറും പറച്ചിലായി മാത്രം കണ്ടു.
എന്നാല്‍, തന്റെ സിനിമകള്‍പോലെ അതൊരു കോമഡിയായിരുന്നില്ല പ്രിയദര്‍ശന്. അദ്ദേഹം വാക്കു പാലിച്ചു. ആറു മാസങ്ങള്‍ക്കു ശേഷം ഒരു ദിവസം പ്രിയദര്‍ശന്‍ വിളിച്ചു, ‘എന്റെ പുതിയ പടം തുടങ്ങുന്നു. ബീയാര്‍ വേണം പാട്ടുകളെഴുതാന്‍.’
മുസ്‌ലിം പശ്ചാത്തലത്തിലുള്ള പാട്ടുകളാണ് ചിത്രത്തിലെന്ന് അറിഞ്ഞതോടെ മുസ്‌ലിം ഗ്രന്ഥങ്ങളും മാപ്പിളപ്പാട്ടുകളുമൊക്കെ കണ്ടെത്തി പദസമ്പത്തുകള്‍ പരിചയപ്പെടാന്‍ തുടങ്ങി. ഇസ്‌ലാമിക ദര്‍ശനമടക്കമുള്ള ഗ്രന്ഥങ്ങള്‍ വായിച്ച ബലത്തില്‍ പ്രിയദര്‍ശന്‍ ചിത്രത്തിലെ പാട്ടെഴുതാന്‍ ബിയാര്‍ ചെന്നൈയ്ക്കു വണ്ടി കയറി.
പാട്ടൊക്കെ എഴുതാന്‍ അറിയുമോ എന്നൊന്നു നോക്കണമല്ലോ, മുസ്‌ലിം പശ്ചാത്തലത്തില്‍ പ്രണയം ആവിഷ്‌ക്കരിക്കുന്നൊരു ഗാനം എഴുതാന്‍ പ്രിയദര്‍ശന്‍ ബിയാറിനോട് ആവശ്യപ്പെട്ടു. പഠിച്ചെടുത്ത പദസമ്പത്തുക്കള്‍ നിരത്തി നിമിഷം നേരം കൊണ്ടൊരു പാട്ടെഴുതി. പ്രിയദര്‍ശന്‍ പാട്ട് ശ്രദ്ധിച്ചു വായിച്ചു, ആകെ നിരാശന്‍. ‘അയ്യോ നമുക്കിത്രയും കട്ടിയുള്ള അറബി വാക്കുകളൊന്നും വേണ്ട, വല്ല മൊഞ്ചത്തിയോ മൊഹബത്തോ ചേര്‍ത്തൊരു സാധനം മതി.’ അതോടെ ബീയാറിനും ആശ്വാസമായി. തനിക്കും കൂടുതല്‍ വഴങ്ങുന്നത് അതു തന്നെ.
ഒന്നാംകിളി പൊന്നാണ്‍കിളി വണ്ണാംകിളി മാവിന്‍മേല്‍
രണ്ടാംകിളികണ്ടു കൊതികൊണ്ടുവരവുണ്ടപ്പോള്‍
മൂന്നാംകിളി നാലാംകിളി എണ്ണാതതിലേറെക്കിളി
അങ്ങൊടുകൊത്തിങ്ങൊടുകൊത്തായ്….
‘കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍’ വിദ്യാസാഗറിന്റെ സംഗീതത്തില്‍ പിറന്ന ഈ ഗാനമാണ് ബീയാറിനെ ആസ്വാദകര്‍ക്കിടയില്‍ പ്രിയങ്കരനാക്കുന്നത്. പുതിയ ഗാനരചയിതാവാണെന്നു കണ്ടതോടെ വിദ്യാസാഗറിന് ആകെ സംശയം. ശരിയാകുമോ എന്ന ചോദ്യത്തിന് പ്രിയദര്‍ശന്‍തന്നെ ഗ്യാരന്റി പറഞ്ഞു. വിദ്യാസാഗര്‍ ഒന്നാം കിളിയുടെ ട്യൂണ്‍ മൂളി. തേന്‍പുരളും മുള്ളുപോലെ ബിയാര്‍ പ്രസാദ് കേട്ടിരുന്നു. എവിടെ പിടിക്കണമെന്ന് ഒരു പിടിയും ഇല്ല. അത്രത്തോളം വേഗത്തിലുള്ള ട്യൂണ്‍. ഇടയ്ക്ക് ഒരു ഭാഗത്തു ചേര്‍ക്കാന്‍ ‘കിളിച്ചുണ്ടന്‍ മാമ്പഴമേ’ എന്നു മാത്രം കിട്ടി. പിന്നെ അതില്‍ കയറി പിടിച്ചു. എഴുതിക്കഴിഞ്ഞപ്പോഴേക്കും എണ്ണാതതിലേറെ കിളികള്‍ പാട്ടിലൂടെ പറന്നുയര്‍ന്നു.
കല്യാണ ശേഷവും ഭര്‍ത്താവിന് വഴങ്ങി കൊടുക്കാത്ത ഭാര്യ. ഇപ്പോഴും അവളുടെ മനസ്സില്‍ പഴയ കാമുകനാണ്. കിളിച്ചുണ്ടന്‍ മാമ്പഴംപോലെ സുന്ദരിയായ അവള്‍ കാത്തിരുന്നതും അവനു വേണ്ടിത്തന്നെ. ഒരു കിളിയും ഇന്നു വരെ കൊത്താത്ത തേന്‍പഴമാണ് അവള്‍. പല കിളികളും അവളാകുന്ന മാമ്പഴത്തെ കൊതിച്ച് കൊത്തുവാന്‍ വന്നെങ്കിലും അവള്‍ക്ക് പ്രിയപ്പെട്ടത് പഴയ കാമുകനാകുന്ന ഒന്നാം കിളിയാണ്. അതാകട്ടെ പൊന്നാണ്‍കിളിയുമാണ്. അതിനു ശേഷം രണ്ടാം കിളി കണ്ടു, കൊതികൊണ്ടതല്ലാതെ കിട്ടിയില്ല. മൂന്നാം കിളിയും നാലാംകിളിയുമടക്കം എണ്ണാതതിലേറെക്കിളികള്‍ അവളെ കണ്ടു മോഹിച്ചു. അവരെല്ലാം പരസ്പരം കൊത്തിയതല്ലാതെ മാമ്പഴത്തില്‍ മാത്രം കൊത്തിയില്ല. വരികളെഴുതി കണ്ടതോടെ പ്രിയദര്‍ശനും പ്രതീക്ഷിച്ചത് കിട്ടി. വിദ്യാസാഗറിനാകട്ടെ ബീയാറില്‍ വിശ്വാസവുമായി.
കസവിന്റെ തട്ടമിട്ട് വെള്ളിയരഞ്ഞാണമിട്ട്
പൊന്നിന്റെ കൊലുസുമിട്ടൊരു മൊഞ്ചത്തി
കൂന്താലിപ്പുഴയൊരു വമ്പത്തി…
വിനീത് ശ്രീനിവാസന്‍ എന്ന ഗായകന്റെ ശബ്ദം മലയാളികള്‍ ആദ്യമായി കേട്ടത് ഈ പാട്ടിലൂടെയായിരുന്നു. ‘കിളിച്ചുണ്ടന്‍ മാമ്പഴ’ത്തിലെ ടൈറ്റില്‍ ഗാനം ശ്രദ്ധിക്കപ്പെടുമ്പോഴും എല്ലാവരുടെയും സംശയം ഈ ‘കൂന്താലിപ്പുഴ’ എവിടെയാണെന്നാണ്. ‘കഥ നടക്കുന്നത് ഒരു സാങ്കല്‍പ്പിക ഗ്രാമത്തിലാണ്. ഞാനത് എന്റെ ഭാവനയില്‍ മെനഞ്ഞെടുത്തു. അവിടെയൊരു പുഴയുണ്ടാകും, ‘കൂന്താലിപ്പുഴ’ എന്ന് പേരുമിട്ടു. ‘കൂന്താലിപ്പുഴ കണ്ടെത്തിയ കഥ ബീയാര്‍ പ്രസാദ് പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്. പിന്നീട് സിനിമയിലും കൂന്താലിപ്പുഴ എന്ന പേര് നിറഞ്ഞു നിന്നു.
മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്നനാള്‍
കാറ്റാലെ നിന്‍ ഈറന്‍മുടി ചേരുന്നിതെന്‍ മേലാകവേ
നീളുന്നൊരീ മണ്‍പാതയില്‍ തോളോടു തോള്‍ പോയീല്ലയോ…
പ്രണയത്തിന്റെ കണ്ണുനീര്‍തുളളി പോല്‍ എത്രയോ ഹൃദയങ്ങളെ ഈ ഗാനം മുറിവേല്‍പ്പിച്ചിട്ടുണ്ടാകും. തോരാത്തൊരു മഴ പോലെ പ്രണയം പെയ്തിറങ്ങിയിരുന്നെങ്കില്‍ എന്ന് ഈ ഗാനം കേട്ടാല്‍ കൊതിച്ചു പോയേക്കാം. ബേണി ഇഗ്നേഷ്യസിന്റെ സംഗീതത്തില്‍ പുറത്തു വന്ന ‘വെട്ട’-ത്തിലെ തെളിച്ചമുള്ള പാട്ടുകളില്‍ ഒന്നായിരുന്നു ‘മഴത്തുള്ളികളും.’ ‘നമുക്കൊരു കഥ പറയണം ഈ പാട്ടിലൂടെ, വളരെ ലളിതമായ വരികളും ആയിരിക്കണം.’ പ്രിയദര്‍ശന്‍ സന്ദര്‍ഭം പറഞ്ഞതോടെ ബിയാര്‍ സഞ്ചരിച്ചത് പാട്ടിന്റെ മഴത്തുള്ളികള്‍ വീണ നാടന്‍ വഴികളിലൂടെയായിരുന്നു.
ബേണി ഇഗ്നേഷ്യസ് നല്‍കിയ ട്യൂണുമായി ബീയാര്‍ പ്രസാദ് തന്റെ വീട്ടിലേക്ക് മടങ്ങി. നൊമ്പരപ്പെടുത്തുന്ന ഒരീണം കേട്ടപ്പോള്‍ തന്നെ ബീയാറിനും ഹിറ്റു മണത്തു. മഴതോര്‍ന്നൊരു പകലില്‍ മങ്കൊമ്പിലെ നാട്ടുവഴികളിലൂടെ സഞ്ചരിച്ചപ്പോള്‍ അറിയാതെ ആ വരികളെത്തി. ടമഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍വഴി….’ അടുത്ത ദിവസം തന്നെ ഫോണിലൂടെ ഈ വരികള്‍ എം. ജി. ശ്രീകുമാറിന് പറഞ്ഞു കൊടുക്കുകയും ചെയ്തു.
പാട്ട് തയാറായതോടെ ‘വെട്ട’ത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു ഈ ഗാനത്തിലേക്ക് എത്തുന്ന രംഗം. ‘വഴിയില്‍ വെച്ച് ഒരു മഴയത്ത് എന്റെ കുടക്കീഴിലേക്ക് ഓടി കയറിയ ഒരാളാ താന്‍, മഴ തീര്‍ന്നപ്പോള്‍ ഒക്കെ, ബൈ, താങ്ക്‌സ് എന്നൊക്കെ പറഞ്ഞ് ഒറ്റപ്പോക്കാ അല്ലേടോ…’ ദിലീപ് അവതരിപ്പിച്ച നായക കഥാപാത്രം ഗോപാലകൃഷ്ണന്‍ പറയുന്ന സംഭാഷണത്തിലേക്ക് എത്തിയതു പോലും ഈ പാട്ടിന്റെ വരികളിലൂടെയായിരുന്നു.
ഒരു കാതിലോല ഞാന്‍ കണ്ടീലാ…
തിരുതാളി വെച്ചതും കണ്ടീലാ
കളവാണിയാം കിളിയേ ഓര്‍ത്തീല അകലേ….
വെട്ടത്തിലെ പാട്ടുകളുടെ ചര്‍ച്ചകള്‍ക്കിടയിലാണ് ബീയാര്‍ പ്രസാദ് തന്റെ ‘ഒരു കാതിലോല ഞാന്‍ കണ്ടീലാ തിരുതാളി വെച്ചതും കണ്ടീലാ’ എന്ന ഓണപ്പാട്ട് പ്രിയദര്‍ശനെ പാടി കേള്‍പ്പിക്കുന്നത്. എം. ജി. ശ്രീകുമാറായിരുന്നു ഈ ഗാനത്തിന്റെ സംഗീതം. പാട്ടു കേട്ടതോടെ ഈ വരികള്‍ തനിക്കു വേണമെന്നായി പ്രിയദര്‍ശന്‍. മറ്റൊരു പാട്ട് എഴുതാം എന്ന് ബീയാര്‍ പറഞ്ഞിട്ടും പ്രിയദര്‍ശന് ആ വരികളോടുള്ള ഇഷ്ടം മാറിയില്ല. ‘ എന്തായാലും തുടക്കം എനിക്കിതു തന്നെ വേണം’ എന്ന് തീര്‍ത്തു പറഞ്ഞു. പിന്നീട് ആ വരികളില്‍ ചെറിയ മാറ്റങ്ങള്‍ മാത്രം വരുത്തുകയായിരുന്നു ബീയാര്‍.
‘കേരനിരകളാടും ഒരു ഹരിത ചാരു തീരം
പുഴയോരം കള മേളം കവിത പാടും തീരം’
കുട്ടനാടിന്റെ കഥ പറഞ്ഞ ‘ജലോത്സവ’ത്തിലെ ഈ ഗാനത്തിലൂടെ കുട്ടനാടാണ് ബീയാര്‍ അവതരിപ്പിച്ചതെങ്കിലും നിറഞ്ഞു നിന്നത് കേരളം തന്നെ. അല്‍ഫോണ്‍സ് സംഗീതം നല്‍കിയ ഗാനത്തില്‍ കുട്ടനാടന്‍ ചേറിന്റെ മണവും ചേര്‍ന്നതോടെ ആസ്വാദകര്‍ക്ക് ആ മണ്ണില്‍ ചവിട്ടിയ സുഖവും. ‘കുട്ടനാടിനെക്കുറിച്ച് നമുക്കൊരു പാട്ടു വേണം. കുട്ടനാട്ടുകാരന്‍ എഴുതുമ്പോള്‍ അത് ഏറ്റവും നന്നാകുമെന്നാണ് എന്റെ പ്രതീക്ഷ’ കുട്ടനാട്ടുകാരന്‍ ബീയാറിനോട് സിബിമലയില്‍ പറഞ്ഞത് ഇത്രമാത്രമാണ്. എന്നാല്‍ അതിലൊരു കുഞ്ഞു പ്രകോപനമില്ലേ. ബിയാറിനും തോന്നിയത് അതുതന്നെ. കുട്ടനാടന്‍ പ്രകൃതിയും മണ്ണും കാറ്റും സ്വര്‍ണമണി നിറമുള്ള പൊന്നാര്യന്‍ കതിരുമൊക്കെ മനസ്സിലേക്ക് ആവാഹിച്ച് എഴുതി തുടങ്ങി.
കന്നോടു തരിയുഴും മണ്ണുതിരും മണമോ
പെണ്ണിനു വിയര്‍പ്പാലേ മധുമണമോ
ഞാറ്റോല പച്ചവള പൊന്നുംതെളി കൊലുസ്
പെണ്ണിവള്‍ കള മാറ്റും കളമൊഴിയായ്…
കറുത്ത് സുന്ദരിയായ പെണ്‍കുട്ടി. കയ്യില്‍ നിറയെ വളകളും കിലുങ്ങുന്ന കൊലുസുമൊക്കെയിട്ട് അവള്‍ ക്ലാസിലേക്ക് ഓടി വരും. ആരെങ്കിലുമൊരു പാട്ടുപാടാന്‍ പറഞ്ഞാല്‍ ആദ്യം ചാടി എഴുന്നേല്‍ക്കും. പാരലല്‍ കോളജിലെ തന്റെ പ്രിയപ്പെട്ട ശിഷ്യരില്‍ ഒരാളായിരുന്നു ബീയാര്‍ പ്രസാദിന് അവളും.
കാലവും സാഹചര്യവുമൊക്കെ അവളെയും മാറ്റി എടുത്തു. തന്റെ പ്രിയപ്പെട്ട ശിഷ്യയെ വര്‍ഷങ്ങള്‍ക്കു ശേഷം ഗുരുനാഥന്‍ കണ്ടത് ഒരു കൊയ്ത്തുകാലത്തായിരുന്നു. പാടത്തു പണി കഴിഞ്ഞു വരുന്ന ആ സുന്ദരിയ്ക്ക് ഇന്ന് കൈയില്‍ വളകളും കാലില്‍ കൊലുസുമില്ല. ചേറു പുരണ്ട ചിരി മാഞ്ഞു തുടങ്ങി. ബീയാറിന്റെ ഉള്ളില്‍ ഒരു കണ്ണീര്‍ചിത്രമായി അവള്‍ അസ്വസ്ഥതപ്പെടുത്തി കുടിയിരുന്നു. ‘കേരനിരകളാടും’ എന്ന ഗാനമെഴുതുമ്പോള്‍ കുട്ടനാടന്‍ സുന്ദരികളില്‍ ബീയാറിന്റെ ഓര്‍മകളില്‍ ആദ്യം തെളിഞ്ഞ മുഖം അവളുടേതായിരുന്നു. മണ്ണിന്റെ മണമുള്ള അവളുടെ വിയര്‍പ്പിനു മധുമണമല്ലേ. കാലിലെന്തിനാണ് തങ്കവള, ഞാറ്റോല പച്ചവളയില്ലേ. പൊന്നും തെളി കൊലുസവള്‍ക്ക് കുട്ടനാട്ടിലെ മണ്ണുതന്നെ തീര്‍ക്കുന്നില്ലേ. കള മാറ്റുമ്പോഴും അവള്‍ കളമൊഴിയാള്‍ തന്നെയാണ്. ബിയാര്‍ പ്രിയ ശിഷ്യയെ, ആ കുട്ടനാട്ടുകാരിയെ പാട്ടിലൂടെ നമുക്കും പരിചയപ്പെടുത്തി.
ശ്രീനിവാസിന്റെ സംഗീതത്തില്‍ സീതാകല്യാണം, ശരത്തിനൊപ്പം തല്‍സമയം ഒരു പെണ്‍കുട്ടി (”പൊന്നോടു പൂവായ്,’ ‘ഓ തിങ്കള്‍പക്ഷി’) ദീപാങ്കുരനൊപ്പം തട്ടുംപുറത്ത് അച്യുതനിലെ മുത്തുമണി രാധേ തുടങ്ങിയവയാണ് മറ്റ് പ്രധാന ഗാനങ്ങള്‍.
ബാല്യകാല സൗഹൃദത്തെപ്പറ്റി പാട്ടിലെഴുതിയ ബീയാർ പ്രസാദിന് ഉടൽ തന്നെ പകുത്തു കൊടുത്തിട്ടുണ്ട് സ്കൂൾ കാലം മുതലേ അറിയുന്ന ഒരു ഇളയ കൂട്ടുകാരൻ. ചലച്ചിത്ര ഗാനരചയിതാവും ടിവി അവതാരകനുമായ ബീയാർ പ്രസാദിന് വൃക്ക നൽകിയ സുഹൃത്ത് ഇന്നും അജ്ഞാതനായി തുടരുകയാണ്. കൂട്ടുകാരന്റെ വൃക്കയില്‍ ബീയാർ മൂന്ന് വർഷത്തിലേറെ ജീവിച്ചു.
2019 ഡിസംബറിലാണ് ബീയാർ പ്രസാദിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. 2018 ജനുവരിയിലാണ് പ്രസാദിനു വൃക്കരോഗം കണ്ടെത്തിയത്. ആഴ്ചയിൽ 2 ഡയാലിസിസ് നടത്തിക്കൊണ്ടിരുന്നു. വൃക്ക മാറ്റിവയ്ക്കലാണു സ്ഥായിയായ പോംവഴിയെന്നു ഡോക്ടർമാർ പറഞ്ഞു. അങ്ങനെ സ്വന്തം വൃക്ക നൽകാമെന്നു പറഞ്ഞു സുഹൃത്തു മുന്നോട്ടു വരികയായിരുന്നു. പ്രസാദ് വിലക്കിയിട്ടും പിന്നോട്ടില്ല. ‘തനിക്കു വേണ്ടെങ്കിൽ മറ്റാർക്കെങ്കിലും കൊടുക്കും’ എന്ന മട്ടിൽ നിർബന്ധമായി. പരിശോധിച്ചപ്പോൾ പ്രസാദിനു ചേരും. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൃക്ക മാറ്റിവയ്ക്കൽ നടത്തി.
സ്കൂളിൽ പ്രസാദിന്റെ ജൂനിയറായിരുന്നു വൃക്ക നൽകിയ സുഹൃത്ത്. പിന്നീട് കുറച്ചു കാലം ഒന്നിച്ചു ജോലി ചെയ്തു. കുട്ടിക്കാലം മുതലേ അറിയുമെങ്കിലും ഗാഢബന്ധമില്ലായിരുന്നെന്നു പ്രസാദ് പറഞ്ഞിട്ടുണ്ട്. വൃക്ക നൽകുമ്പോൾ കൂട്ടുകാരൻ ഒന്നേ പറഞ്ഞുള്ളൂ: ഇതു രഹസ്യമായിരിക്കണം. അന്ന് കൂട്ടുകാരനു കൊടുത്ത വാക്ക് ബീയാർ പ്രസാദ് മരണം വരെ കാത്തുസൂക്ഷിച്ചു. ഇന്നും അജ്ഞാതനായി തുടരുകയാണ് ബീയാറിന്റെ ആ ബാല്യകാല സുഹൃത്ത്!
പ്രമുഖ അവതാരകനും നടനുമായ ഗോവിന്ദൻ കുട്ടിക്കെതിരെ വീണ്ടും ബലാത്സംഗത്തിന് പോലീസ് കേസെടുത്തു. തന്നെ മൂന്നു പ്രാവശ്യം ബലാൽസംഗം ചെയ്തു എന്ന പെൺകുട്ടിയുടെ പരാതിയിന്‍ മേലാണ് എറണാകുളം നോർത്ത് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ മാസമാണ് ഗോവിന്ദൻ കുട്ടിയുടെ യൂ ട്യൂബ് ചാനലിലെ അവതാരകമായ പെൺകുട്ടി തന്നെ പീഡിപ്പിച്ചു എന്ന പരാതിയുമായി രംഗത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട് എറണാകുളം പോലീസ് ഇയാൾക്കെതിരെ അന്വേഷണം നടത്തുന്നതിനിടയാണ് പുതിയ പരാതിയുമായി മറ്റൊരു പെൺകുട്ടി രംഗത്ത് വന്നത്.
നേരത്തെ ഗോവിന്ദൻകുട്ടി തന്നെ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചുവെന്നും ചലച്ചിത്രമേഖലയുള്ളവരെ പോലും തന്നെ സ്വാധീനിക്കാൻ ഉപയോഗിച്ചതായും ആദ്യം ഇയല്‍ക്കെതിരെ പരാതി നല്കിയ പെണ്‍കുട്ടി ആരോപിച്ചിരുന്നു. ഗോവിന്ദന്‍ കുട്ടി തന്നെ വിവാഹം കഴിക്കാം എന്ന് പറഞ്ഞു വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി അന്ന് നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളത്. ഈ കേസിൽ എറണാകുളം സെഷൻസ് കോടതി ഗോവിന്ദൻകുട്ടിക്ക് മുൻകൂർ ജാമ്യം അനുവദിച്ച നടപടി തിരുത്തണമെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. അന്ന് കേസ് അന്വേഷിച്ച പോലീസിന്റെ ഭാഗത്ത് വീഴ്ച്ച സംഭവിച്ച് എന്നു ചൂണ്ടി ക്കാട്ടിയാണ് പെണ്കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
2022 മെയ് 14ന് എറണാകുളം പോണേക്കര റോഡിലുള്ള ഫ്ലാറ്റിൽ വെച്ച് ആദ്യം ബലാത്സംഗം ചെയ്തുവെന്നും പിന്നീട് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനം ആവർത്തിച്ചു എന്നും വിവാഹക്കാര്യം ചോദിച്ചതോടെ ക്രൂരമായി മർദ്ദിച്ചതായും പീഡനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി സമർപ്പിച്ച പരാതിയിൽ പറയുന്നു.
തിരുവനന്തപുരം കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറ്റ് മുക്ക് കാർത്തിക വീട്ടിൽ രമേശൻ(48), ഭാര്യ സുലജ കുമാരി(46), മകൾ രേഷ്മ(23) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് നിഗമനം. ഇന്നലെയാണ് രമേശൻ ഗൾഫിൽ നിന്നും മടങ്ങിയെത്തിയത്
കിടപ്പുമുറിയിലാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടത്. രാത്രി പന്ത്രണ്ട് മണിയോടെ ജനൽച്ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് മുറിക്കുള്ളിൽ നിന്ന് തീ ആളിക്കത്തുന്നത് കണ്ടത്. മുൻവാതിൽ തകർത്ത് അയൽവാസികൾ അകത്ത് കടന്നെങ്കിലും കിടപ്പുമുറിയുടെ വാതിൽ തുറക്കാതിരിക്കാൻ അലമാരയും മറ്റും ചേർത്ത് വെച്ചിരുന്നു
പുറത്തെ ജനലിലൂടെ അകത്തേക്ക് വെള്ളമൊഴിച്ചെങ്കിലും മൂന്ന് പേരെയും മരണം സംഭവിച്ചിരുന്നു. ഇവർക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഒരു മകനുള്ളത് തമിഴ്‌നാട്ടിൽ ചെണ്ടമേളത്തിന് പോയിരിക്കുകയായിരുന്നു.